“അമ്പട വീരാ അപ്പൊ ഒരു ദിവസം കൊണ്ട് നീ എന്റെ ശബ്ദം പഠിച്ചെടുത്തല്ലേ…”

0
231

Sunil Surya

കാലം 2014..പയ്യന്നൂരിൽ Ambujakshan Nambiar അംബുവേട്ടൻ ചെയ്യുന്ന ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ പ്രതീക്ഷിക്കാതെ ഒരവസരം വന്നു ചേർന്നു.. ഞാൻ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോൾ ഒരാൾക്കൂട്ടം.. കുട്ടികളും മുതിർന്നവരും ഒരു അപ്പൂപ്പനോട് കുശലം പറയുന്നു. അപ്പൂപ്പന്റെ തമാശകൾ കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നു. ആരാന്ന് നോക്കാൻ അടുത്ത് ചെന്നപ്പോൾ ആ പൊട്ടിച്ചിരി കേട്ടു… ഹായ് ഹായ് ഹോയ്… കെ ടി എസ് പടന്നയിൽ സർ .. അദ്ദേഹത്തോടൊപ്പം പ്രധാന വേഷം ആ പരസ്യത്തിൽ അഭിനയിക്കവേ നാടക ജീവിതത്തെ കുറിച്ചും, അഭിനയത്തെ കുറിച്ചും അദ്ദേഹം പറയുന്നത് ഞാൻ കേട്ടിരുന്നു… ഒടുവിൽ ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു..

“സാറിന്റെ ചിരിയും മാനറിസങ്ങളും മിമിക്രി കലാകാരൻമാർ ചെയ്യുമ്പോൾ മിമിക്രി കലാകാരന്മ്മാരോട് സന്തോഷം ആണോ അതോ “?
“പകുതി സന്തോഷം… കാരണം അവർ അനുകരിച്ചപ്പോൾ എനിക്ക് കൂടുതൽ പോപ്പുലാരിറ്റി ഉണ്ടായി.. കൂടുതൽ സിനിമകളിലേക്ക് ക്ഷണം ലഭിക്കാൻ അത് കാരണമായി സന്തോഷം.. പക്ഷെ…!!!
അദ്ദേഹം തുടർന്നു

“പക്ഷെ അവർ കാരണം എനിക്ക് അഭിനയിച്ചപ്പോൾ കിട്ടേണ്ട പൈസ കുറയാൻ കാരണം ഉണ്ടായിട്ടുണ്ട് “!!!
“എങ്ങനെ”? ഞാൻ ചോദിച്ചു
“പല സിനിമകളിലും പ്രാധാന്യമുള്ളതാണെങ്കിലും കുറച്ചു സീനുകളെ കാണു .. പറഞ്ഞ തുകയുടെ ഒരു ഭാഗം ഷൂട്ടിംഗ് കഴിഞ്ഞു കിട്ടും.. ബാക്കി ഡബ്ബിങ് സമയത്താണ് നൽകുക.. പക്ഷെ പല സിനിമകളിലും എന്നെ ഡബ്ബിങ് നു വിളിച്ചിരുന്നില്ല.. പക്ഷെ എന്റെ ശബ്ദം അതെ പോലെ തന്നെ ഉണ്ടാകുകയും ചെയ്യും.. എന്റെ ശബ്ദം നന്നായി അനുകരിക്കുന്ന ഈ പറഞ്ഞ ഏതെങ്കിലും മിടുക്കന്മ്മാരായ മിമിക്രി ആർട്ടിസ്റ്റുകളെ വെച്ച് അത് അവർ ചെയ്തെടുക്കും , അപ്പോൾ എനിക്ക് നൽകേണ്ട ബാക്കി തുക കിട്ടാതെ ആകും.. അവർക്ക് അത്ര തുക കൊടുക്കണ്ടല്ലോ… അങ്ങനെ കുറെ സിനിമകൾ ഉണ്ട് 😔പിന്നെ ഇപ്പൊ പടങ്ങൾ കുറവാണ്, പണ്ടൊരു ചെറിയ മുറുക്കാൻ കട ആരാഭിച്ചത് കൊണ്ട് കൊണ്ട് നേരം പോകും ഒരു ജോലിയും ആയി …നെടുവീർപ്പോടെ ആ കലാകാരൻ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ നിന്നു..
“എന്താടോ താനും എന്റെ ശബ്ദം അനുകരിക്കുമോ?പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല…
മിമിക്രി അത്യാവശ്യം ചെയ്യുമെങ്കിലും എനിക്ക് അദ്ദേത്തിന്റെ ശബ്ദം ചെയ്യാൻ അറിയില്ലായിരുന്നു…
“അത്യാവശ്യം അനുകരിക്കും, പക്ഷെ സാറ് പേടിക്കണ്ട എനിക്ക് സാറിന്റെ ശബ്ദം അറിയില്ല “ഞാൻ സത്യസന്ധമായി മറുപടി പറഞ്ഞു..ആ മറുപടി ഇഷ്ട്ടമായി എന്ന പോലെ
“ഹായ് ഹായ് ഹോയ് ” എന്ന കെ ടി എസ് ബ്രാൻഡ് ചിരി മുഴക്കി അദ്ദേഹം പറഞ്ഞു..
“ഇന്ന് ഷൂട്ട്‌ കഴിയും വരെ എന്റെ കൂടെ തന്നെ നിന്ന് പഠിച്ചോ “😊 അങ്ങനെ ചിരിയും ചിന്തയയും നിറഞ്ഞ കുറെ വർത്തമാനങ്ങൾ..
ഷൂട്ട്‌ കഴിഞ്ഞു ഡബ്ബിങ് നു കാണാം എന്ന് പറഞ്ഞു അദ്ദേഹം പോയി..
മൂന്നു ദിവസങ്ങൾ കഴിഞ്ഞു സംവിധായകൻ എന്നെ വിളിച്ചു
“നീ കണ്ണൂർ ഫൈനൽ കട്ട് സ്റ്റുഡിയോയിലേക്ക് വരണം,
നാളെ ഡബ്ബിങ് ആണ്”
ഞാൻ പറഞ്ഞ സമയത്ത് എത്തി. എന്റെ ഭാഗം ഡബ്ബ് ചെയ്തു.. സംവിധായകൻ അമ്പുവേട്ടൻ ചോദിച്ചു “നിനക്ക് കെ ടി എസ് സാറിന്റെ ശബ്ദം ചെയ്യാൻ അറിയാമോ “?
“ഇല്ല “.. ഞാൻ മറുപടി നൽകി.
“ഒന്ന് ശ്രമിച്ചു നോക്കു.. അദ്ദേഹത്തിന് തീരെ വയ്യ.. ഡ്ഡുബ്ബിങ് നു കുറച്ചു ദിവസം കഴിഞ്ഞേ വരാനാകു. ക്‌ളയിന്റിന് ആണെങ്കിൽ വർക്ക് പറഞ്ഞ ദിവസം തന്നെ കിട്ടണം”..അമ്പുവേട്ടൻ കെ ടി എസ് സാറിനു പേയ്‌മെന്റ് മുഴുവൻ നൽകിയാണ് യാത്രയാക്കിയത്..
“അങ്ങനെ അന്ന് വരെ ചെയ്യാത്ത ആ ശബ്ദം ഞാൻ അനുകരിക്കാൻ ശ്രമിച്ചു… ഹായ് ഹായ് ഹോയ് എന്ന ചിരിയോടെ… അമ്പുവേട്ടൻ എന്നെ നോക്കി, സൗണ്ട് എഞ്ചിനീയർ Charan Vinayik ന്റെ കണ്ണിലും ഒരു തിളക്കം..
“പെർഫെക്ട്!!! ബാക്കി കൂടി ചെയ്തിടു.. പടന്നയിൽ സാറിനോട് ഞാൻ സംസാരിക്കാം വയ്യാതെ ആയതോണ്ടല്ലേ.. സാരമില്ല..
പരസ്യം ഇറങ്ങി കുറെ കാലം കഴിഞ്ഞ് ഞാൻ ഒരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ ഈ കാര്യം ഞാൻ സംസാരിച്ചു…
“അമ്പട വീരാ അപ്പൊ ഒരു ദിവസം കൊണ്ട് നീ എന്റെ ശബ്ദം പഠിച്ചെടുത്തല്ലേ… മിടുക്കൻ ആ ചിരി വീണ്ടും ഉയർന്നു… 😊ഇപ്പോഴും മനസ്സിൽ ആ ചിരി മുഴങ്ങുന്നു..😔 ആദരാഞ്ജലികൾ കെ ടി എസ് പടന്നയിൽ സർ