Sunil Titto എഴുതുന്നു
നാദാപുരത്തെ (പയന്തോങ്ങിലെ) സർവീസ് സ്റ്റേഷൻ – ആന്തൂരിന്റെ മറവിൽ മനോരമയുടെ മറ്റൊരു കെട്ടുകഥ -ചില യാഥാർഥ്യങ്ങൾ ;

“ഇനിയുള്ള യുദ്ധങ്ങൾ കുടിവെള്ളത്തിനു വേണ്ടിയായിരിക്കും”
ആന്തൂരിലെ പ്രവാസി സംരഭകന്റെ ആത്മഹത്യ കേരള സമൂഹം മുഴുവൻ ഞെട്ടലോടെയാണ് കേട്ടത്. ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങളുടെ വേദനകളിലേക്ക് തുറന്നു പിടിച്ച ഒരു കണ്ണാടികൂടിയായി മാറിയത് ..

ഇതിനിടയിൽ, പുര കത്തുമ്പോൾ വാഴ വെട്ടുക, ഓണത്തിനിടയിൽ പൂട്ട് കച്ചവടം തുടങ്ങിയ കലാപരിപാടികളുമായി ചില ചെന്നായ്ക്കൾ അവരുടെ താന്തോന്നിത്തരത്തിൽ , ഒരു നാടിന്റെ കുടിവെള്ളം മുട്ടിച്ചു തുടങ്ങാനിരുന്ന സംരംഭത്തിന്റെ കള്ളക്കളികൾക്ക് മറയിടാൻ, പ്രാവാസിയുടെ ആത്മഹത്യയും, അംഗവൈകല്യത്തിന്റെ സഹതാപ കഥകളും കൊണ്ട് ആർക്കാനും വേണ്ടി അച്ചാരം വാങ്ങി കൂലിയെഴുത്തു നടത്തുന്ന മനോരമ പ്രാദേശിക ലേഖകനെയും കൂട്ടു പിടിച്ചു നടത്തുന്ന നട്ടാൽ മുളയ്ക്കാത്ത നുണകളുടെ സത്യാവസ്ഥ പറയാതിരിക്കാൻ വയ്യ.
മനോരമ കൂലിയെഴുത്തുകാരൻ ,പേര് വെക്കാതെ പറഞ്ഞിരിക്കുന്ന സീ പീ ഐ എം നേതാവിന്റെ വീടിനോടു ചേർന്ന് തന്നെയാണ് എന്റെ വീടും. അതുകൊണ്ടു തന്നെ , എന്നെ കൂടി വ്യക്തിപരമായി ബാധിക്കുന്ന ഒരു പ്രശ്നമാണിത്
1 ഒന്നാമത്തെ കള്ളം – ഈ സ്ഥാപനം പണി തുടങ്ങുന്നതിനും മുൻപ് , സർവീസ് സ്റ്റേഷൻ തുടങ്ങുമെന്ന അറിയിപ്പ് വന്നപ്പോൾ തന്നെ എതിർപ്പുകളും ജല മലിനീകരണ പ്രശ്നങ്ങളും ഉന്നയിച്ചിരുന്നതാണ്. അതിനു പുല്ലു വില കൽപ്പിച്ചു ബിൽഡിങ് പണി പൂർത്തിയാക്കി. ഒടുവിൽ പ്രദേശവാസികൾ മലിനീകരണ ബോർഡിന് പരാതി കൊടുത്തപ്പോൾ അയ്യോ, പാവം പറയുന്നു- കുഴലൂതാൻ മനോരമ ലേഖകനും
2 രണ്ടാമത്തെ മറച്ചു വെച്ച കാര്യം : ഇത്രയും വിപുലമായ സർവീസ് സ്റ്റേഷനോ വർക് ഷോപ്പോ തുടങ്ങുമ്പോൾ പാലിക്കേണ്ട പ്രാഥമികമായ കാര്യങ്ങൾ പോലും പാലിച്ചിട്ടില്ല . തൊട്ടടുത്ത ജലാശയം ഞങ്ങളുടെ അയല്പക്കകാരനായ റമീസിന്റെയാണ് , ആ വീട്ടിലെ കിണറുമായി വെറും ഏഴു മീറ്റർ മാത്രമാണ് അകലം. കൂടാതെ തൊട്ടടുത്ത പറമ്പിൽ, സംരക്ഷിച്ചു വരുന്ന കുളം ഞങ്ങളുടെ വീടുകളിലെ കിണറുകൾ ഏതൊരു വേനലിലും വറ്റാതെ കാത്തു സൂക്ഷിച്ചു പോരുന്ന ജല സ്രോതസ്സാണ് . ഈ കുളവും സർവീസ് സ്റ്റഷനും തമ്മിൽ കേവലം മീറ്ററുകൾ മാത്രമാണ് അകലം. ഫോട്ടോകൾ ഇതോടൊപ്പം ചേർക്കുന്നു
3 ജനവാസ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള വലിയ സർവീസ് സ്റ്റേഷനുകളും , വർക് ഷോപ്പുകളും ഉണ്ടാക്കുന്ന മലിനീകരണവും, അവ ജല സ്രോതസ്സുകളിലേക്ക് ആണ്ടിറങ്ങി മലിനമാക്കിയാൽ ഉണ്ടാകുന്ന ജലക്ഷമവും കണക്കിലെടുത്തു, ബാംഗ്ലൂർ, മുംബൈ പോലെയുള്ള സിറ്റികളിൽ ഡീലര്ഷിപ്പുകളിൽ നിന്ന് വാട്ടർ സർവീസുകൾ വരെ ഒഴിവാക്കിയാണ് സമീപ കാലങ്ങളിലായി ചെയ്യുന്നത്. വാട്ടർ സർവീസുകൾ ആൾപാർപ്പുള്ള , തൊട്ടടുത്തു ദൈനംദിനാവശ്യങ്ങൾക്കായി ജലസ്രോതസ്സുകൾ ഉപയോഗിക്കുന്ന സ്ഥലത്തായിരിക്കരുത് . ഇത്തരം കാര്യങ്ങൾ ഇവിടെ പാലിച്ചിട്ടേയില്ല എന്ന് മാത്രമല്ല , ഈ സ്ഥാപനം ഞങ്ങളുടെ കുടിവെള്ളം തന്നെ മുട്ടിക്കും
4 . ഷോറൂം & സെയില്സ് തുടങ്ങുന്നതിന് ആരും തന്നെ എതിര് നിന്നിട്ടില്ല. ആ ഷോറൂം അവിടെ പ്രവർത്തനം നടത്തുന്നുണ്ട് . ജലമോ വായുവോ മണ്ണോ മലിനമാക്കാത്ത ഒരു സംരംഭത്തിനും ഞങ്ങൾ എതിരല്ല . ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങണമെന്ന് ആർക്കാണ് ഇത്ര വാശി ?
5. , “നൂറു പേരുടെ തൊഴിലവസരം” എന്ന കള്ള പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും കൊണ്ടു പിടിച്ചു നടക്കുന്നുണ്ട് .. കേരളം സംസ്ഥാനത്തെ മൊത്തം വാഹനങ്ങൾ കഴുകുന്ന സർവീസ് സെന്റർ ആണോ ഇവിടെ തുടങ്ങാൻ പോകുന്നത് ?? എന്നാൽ സ്ഥിതി വീണ്ടും ഗുരുതരമാണ്
പ്രവാസ ജീവിത്തിന്റെ അവശേഷിപ്പുകളിൽ വെള്ളത്തിന്റെ കാഠിന്യത്തിൽ ജട പിടിച്ച മുടികളും, തൊലിപ്പുറത്തുണ്ടാകുന്ന രോഗാവസ്ഥകളും, വീട്ടിലെ കിണറ്റിൽ നിന്നും കോരിയൊഴിച്ച ഒരു കുടം വെള്ളത്തിന്റെ തണുപ്പിൽ അലിഞ്ഞില്ലാണ്ടാകുന്ന ആ സുഖം, കുളിർമ – അതൊക്കെ ഇല്ലാതാക്കാൻ കോടികളുടെ മണികിലുക്കത്തിൽ പടച്ച കള്ള വാർത്തകളിൽ , അവസരം പാർത്തിരിക്കുന്ന ചെന്നായ്ക്കളെ – ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ .. ഞങ്ങളുടെ മണ്ണും വെള്ളവും ഞങ്ങൾക്ക് തന്നെ തരൂ
ഒരേ പേജിൽ കുടിവെള്ള ക്ഷാമത്താൽ പൊറുതി മുട്ടുന്ന വാർത്തയും, , അടുത്ത തലക്കെട്ടിൽ സർവീസ് സ്റ്റേഷൻ അനുകൂലിച്ചു വെള്ളംകുടി മുട്ടിക്കുന്ന വാർത്തയും കൊടുക്കുന്ന മനോരമയുടെ പത്ര പ്രവർത്തന തൊലിക്കട്ടി അപാരം തന്നെ . അംഗ പരിമിതനെ പറ്റിയുള്ള വർണ്ണനകളും , പൊടിപ്പും തൊങ്ങലുകാലും വെച്ചുള്ള പൈങ്കിളി റിപ്പോർട്ടിങ്ങിനെയും പറ്റി , ഇപ്പോൾ ഒന്നും പറയുന്നില്ല – ആരൊക്കെയാണ് ഈ സ്ഥാപനത്തിന് പണം മുടക്കിയിരിക്കുന്നതെന്നും , അവരൊക്കെ ഇപ്പോൾ എവിടെയാണെന്നും , ഈ വാർത്തകൾ തുടർന്നും പടച്ചു വിട്ടാൽ പുറത്തു പറയേണ്ടി വരും എന്ന് വിനീതമായി ഓർമിപ്പിച്ചു കൊള്ളുന്നു. ഇതൊരു മുന്നറിയിപ്പല്ല – -കുടിവെള്ളത്തിനായി പൊരുതുമ്പോളുണ്ടാകുന്ന ദുരവസ്ഥയാണ്
ഇപ്പോൾ കിട്ടിയത് : ചില രാഷ്ട്രീയ പാർട്ടികൾ ഈ പ്രശ്നം ഏറ്റെടുത്തത്രെ .. പ്രാദേശിക വാർത്തകളുടെയും ആന്തൂരിലെ പ്രശ്നത്തിന്റെയും മറവിൽ , ആ ചെലവിൽ ഏതെങ്കിലും രാഷ്ട്രീയയ പാർട്ടികൾ മുതലെടുപ്പിന് ശ്രമിച്ചാൽ , ഞങ്ങൾ ശക്തമായി, ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് വിനീതമായി പറഞ്ഞവസാനിപ്പിക്കട്ടെ