മനസികസമ്മർദ്ദമുണ്ടോ ? യുട്യൂബിലേക്കു നോക്കുക, മലയാളി ഉപയോഗിക്കാൻ മറന്ന ഒരാളുടെ സിനിമകൾ കാണുക

65
Sunil Waynz
ഏതെങ്കിലും വിധത്തിലുള്ള മാനസിക സമ്മർദ്ദം മൂലം രാത്രി ഉറക്കംവരാതിരിക്കുമ്പോഴോ സ്ട്രെസ്സോ, സംഗതികളോ വന്ന്, ഉറക്കം നഷ്ടപ്പെടുമ്പോഴോ Malayalam 90s Comedy Movies എന്ന് യൂട്യൂബിൽ ചെന്ന് ചുമ്മാതങ്ങ് ടൈപ്പ് ചെയ്ത് നോക്കണം. അവിടെ മലയാളി ഇടക്കെപ്പോഴോ ഉപയോഗിക്കാൻ മറന്നുപോയ ഒരു നടന്റെ മുഖം കാണാം. ഉണ്ടക്കണ്ണും ചമ്മി നാശമായ അയാളുടെ വിവിധങ്ങളായ മുഖഭാവങ്ങൾ വച്ച് അലങ്കരിച്ചതുമായ കുറേയേറെ സിനിമകളുടെ Thumbnails കാണാം . അതിൽ നിന്നൊരെണ്ണമെടുത്ത് ചുമ്മാതങ്ങിരുന്നു കാണണം. ആഹാസമയം പോകുന്ന വഴി അറിയില്ല ജഗദീഷ് എന്ന നടൻ മൂന്ന് പതിറ്റാണ്ടിനിപ്പുറവും പ്രിയപ്പെട്ടവനാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്
❤️
ഇതെന്റെ മാത്രം അനുഭവമല്ല,എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.Stress Reliefന് ഈ മനുഷ്യന്റെ സിനിമകൾ ആശ്വാസദായിയാണെന്ന് വിശ്വസിക്കുന്ന അനേകായിരങ്ങളിൽ ഒരാളാണ് ഞാനും!!
കഥയെന്ന് പറയാൻ മാത്രം കാര്യമായൊന്നും കാണില്ല.തൊഴിൽരഹിതനായ ഒരു ചെറുപ്പക്കാരൻ. പ്രാരാബ്ദം അയാളുടെ കൂടപ്പിറപ്പാവും.ടിയാൻ തനിച്ചായിരിക്കില്ല,കൂട്ടാളികൾ വേറെയുമുണ്ടാകും.കൂട്ടാളികൾ എന്ന് പറഞ്ഞാൽ കൂട്ടത്തിലെ കൊലകൊമ്പൻ സിദ്ധിഖ് ആയിരിക്കും.കിങ്കരന്മാരായി ഇടക്കൊക്കെ ബൈജു,സൈനുദീൻമാരും മാറി മാറി വരും.ജീവിതം അത്യാവശ്യം കുഴപ്പമില്ലാതെ കടന്നുപോവുമ്പോഴായിരിക്കും അപ്രതീക്ഷിതമായി ഏതെങ്കിലും പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അവളുമായുള്ള റൊമാൻസിലേക്ക് ജീവിതം പറിച്ചു നടുന്നതും.ഇതിനിടയിൽ സമാന്തരമായി ഏതെങ്കിലും ഏടാകൂടത്തിലും പോയി തലയിട്ടിട്ടുണ്ടാകും. പ്രശ്നങ്ങൾ അവിടെ നിന്ന് ആരംഭിക്കുകയായി . പിന്നെ
അതിൽ നിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾ
May be an image of 12 people and textഇതിനിടെ പുട്ടിന് പീര പോലെ അടിക്ക് അടി ഇടിക്ക് ഇടി ഒടുക്കം ഗോഡൗണിലോ ആളൊഴിഞ്ഞ പറമ്പിലോ വച്ച് ക്ലൈമാക്സിലൊരു കൂട്ടത്തല്ല് .പ്രശ്നങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭപര്യവസായിയായി തീരുന്നൊരു കഥാന്ത്യവും..ശുഭം. നേരം പോകുന്ന വഴി അറിയില്ല
മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമ്പോഴാണ് ജഗദീഷിനെ മുൻനിർത്തി..വിജയഫോർമുലയായി 90 കളിൽ ഇത്തരം ശ്രേണിയിലുള്ള സിനിമകൾ തുടർച്ചയായി ഉടലെടുത്തത്. മിക്ക സിനിമകളിലും സന്തതസഹചാരിയായി, കൂടെ സിദ്ധിക്കും കാണും. ബഡജറ്റ് താരതമ്യേനെ കുറവായത് കൊണ്ട് തന്നെ ഈയൊരു ഫോർമാറ്റിൽ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും അക്കാലത്ത് നിർമാതാക്കളുടെ കൈ പൊള്ളിച്ചില്ല എന്നതും ശ്രദ്ധേയമാണ്
***
നായികമാരായി സുചിത്രയും ചാർമിളയും സുനിതയും ഉർവശിയും വന്നു സംവിധായകരായി വിജി തമ്പിയും തുളസീദാസും പി.ജി.വിശ്വംഭരനും വന്നു. തിരക്കഥാകൃത്തുക്കളായി കലൂർ ഡെന്നീസും ശശിധരൻ ആറാട്ടുവഴിയും ജെ.പള്ളാശ്ശേരിയും വന്നു മാറാതെ നിന്നത് നായകൻ മാത്രമായിരുന്നു- ജഗദീഷ്
അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് അയാൾ നിർത്താതെ ചിരിപ്പിച്ചതിന്..ആവോളം സന്തോഷിപ്പിച്ചതിന് കയ്യും കണക്കുമുണ്ടായില്ല.മായിൻ കുട്ടിയും അപ്പുക്കുട്ടനും മുതൽക്ക് എത്രയോ കഥാപാത്രങ്ങൾ ആ ഒഴുക്കിൽ വന്നും പോയുമിരുന്നു. തന്റെ പുഷക്കലകാലത്ത് ജഗദീഷ് നായകനായി അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് ഒന്നെടുത്ത് നോക്കണം.ഉദാത്തമെന്ന അവകാശവാദമൊന്നുമില്ലെങ്കിലും ഇന്നും നേരംപോക്കിന് ആശ്രയിക്കുന്നവർക്ക് ഒരു മടുപ്പുമില്ലാതെ കാണാവുന്ന എത്രയോ കിടിലൻ സിനിമകൾ. Entertainer എന്ന ലേബലിനോട് നൂറു ശതമാനവും നീതി പുലർത്തുന്ന. ആവർത്തനക്കാഴ്ചയിലും മടുപ്പുളവാക്കാത്ത സിനിമകൾ
മുഖമുദ്ര
മിസ്റ്റർ & മിസ്സിസ്സ്
സിംഹവാലൻ മേനോൻ
മിമിക്‌സ് പരേഡ്
കുണുക്കിട്ട കോഴി
മാന്ത്രികചെപ്പ്
തിരുത്തൽ വാദി
നഗരത്തിൽ സംസാരവിഷയം
കള്ളൻ കപ്പലിൽ തന്നെ
കാസർകോട് കാദർ ഭായ്
അഞ്ചരക്കല്യാണം
അദ്ദേഹം എന്ന ഇദ്ദേഹം
ഗജരാജമന്ത്രം
ഇഷ്ടദാനം
ഭർത്താവുദ്യോഗം
വെൽക്കം ടു കൊടൈക്കനാൽ
ഗുരുശിഷ്യൻ
ജൂനിയർ മാൻഡ്രേക്ക്
ഉപ്പുകണ്ടം ബ്രദേഴ്‌സ്
കിണ്ണം കട്ട കള്ളൻ
ആലിബാബയും ആറരക്കള്ളന്മാരും
ഗൃഹപ്രവേശം
ഭാര്യ
ഗ്രാമപഞ്ചായത്ത്
നായകനായി അരങ്ങ് വാഴുന്ന കാലത്ത് തന്നെ നായകന്റെ ശിങ്കിടിയാകാനും റെഡി അതിനി മോഹൻലാലിനൊപ്പമാകട്ടെ…(മാന്ത്രികം,നിർണയം,ബട്ടർഫ്ളൈസ്,നമ്പർ 20 മദ്രാസ് മെയിൽ)
മമ്മൂട്ടിക്കൊപ്പമാകട്ടെ (കുട്ടേട്ടൻ,എഴുപുന്ന തരകൻ,ജാക്ക്പോട്ട്) ജയറാമിനൊപ്പം ആകട്ടെ..(സൂര്യപുത്രൻ,മിന്നാമിനുങ്ങിനും മിന്നുകെട്ട്,ഫസ്റ്റ് ബെൽ,കൂടിക്കാഴ്ച) മുകേഷിനൊപ്പമാകട്ടെ..
(ഗാനമേള,ഗോഡ്ഫാദർ,ചെപ്പ് കിലുക്കണ ചങ്ങാതി,മക്കൾ മഹാത്മ്യം)..കിട്ടിയ റോൾ എന്താണോ,ഈ മനുഷ്യൻ നല്ല വെടിപ്പായി ചെയ്തിരിക്കും. മാറുന്ന മലയാള സിനിമയിൽ ഇടക്കെപ്പോഴോ അനിവാര്യനല്ലെന്ന തിരിച്ചറിവ് സ്വയം തോന്നിയത് കൊണ്ടോ അതോ മാറ്റി നിർത്തപ്പെട്ടത് കൊണ്ടോ,,ഇടക്കാലത്ത് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോൾ ഞാനും കാര്യമായി ആലോചിച്ചിരുന്നു..ഇയാൾ ഇതെവിടെ പോയെന്ന്..??
ഇടക്ക് മിന്നാലാട്ടം പോൽ ചില സിനിമകൾ. 2015ൽ ലീല എന്നൊരു സിനിമ കണ്ട് കഴിഞ്ഞപ്പോൾ പൂർണബോധ്യമായി..ഇല്ല..അയാൾക്കും അയാളിലെ നടനവൈഭവത്തിനും അന്നും ഇന്നും ഒരു ഉടവും സംഭവിച്ചിട്ടില്ലെന്ന്..!! കൂടെയഭിനയിച്ച സിദ്ധിക്കൊക്കെ,ഇന്ന് ഓടി നടന്ന് വ്യത്യസ്ത വേഷങ്ങൾ കയ്യാളുമ്പോൾ ഇടക്കെപ്പോഴോ ആലോചിട്ടുണ്ട്.4 പതിറ്റാണ്ട് താണ്ടാനൊരുങ്ങുന്ന അഭിനയസപര്യ സ്വന്തമായുണ്ടായിട്ടും ഈ നടനെ ഇമേജിന്റെ പേരും പറഞ്ഞും മലയാളസിനിമ,തളച്ചിടുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്ന്…!!!ഒരു മേക്ക്ഓവർ നൽകി ഈ മനുഷ്യനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ പ്രിയപ്പെട്ട സംവിധായകരിൽ ആരെങ്കിലും ഇപ്പോഴും തയ്യാറാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്..കാരണം..വീണ്ടുമൊരു അങ്കത്തിനുള്ള ബാല്യം അയാളിൽ ആവോളം ബാക്കിയുണ്ട്
പ്രിയപ്പെട്ട ജഗദീഷേട്ടാ കാത്തിരിക്കുന്നു..നല്ലൊരു തിരിച്ചുവരവിനായി ഇനിയും ഒരുപാട് അഭിനയിക്കുക
ഞങ്ങളെ ആവോളം ആനന്ദചിത്തരാക്കുക.