ബോട്സ്വാനയിലാണ് താമസം എങ്കിലും “ന്തെങ്കിലും ആവിശ്യം ണ്ടേൽ ന്നെ വിളിച്ചോള്ളൂ ട്ടാ…”

310

Sunil Waynz ന്റെ പോസ്റ്റ്

വർഷങ്ങൾക്ക് മുൻപ് തൃശൂരിനടുത്ത മൂർക്കനിക്കരയിലെ കടുത്ത യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ.പഠിക്കുന്ന കാലത്ത് കലാ-കായിക മത്സരങ്ങളിലും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു ആ യുവാവ്.നാട്ടിലെ പ്രാദേശിക കലാസമിതിയുടെ നാടകവേദികളിൽ സജീവസാന്നിദ്ധ്യമായിരുന്നു അയാൾ.അഭിനയമെന്നാൽ ചെറുപ്പം മുതൽക്കേ വല്ലാത്തൊരു അഭിനിവേശമായിരുന്നു ആ ചെറുപ്പക്കാരന്.സിനിമയും അഭിനയവുമായിരുന്നു അയാളെ എക്കാലവും അടക്കി ഭരിച്ച വികാരം.കലാ-കായിക മത്സരങ്ങളിൽ സജീവമായ കാലത്തും പഠനത്തിലും മികവ് പുലർത്തിയിരുന്നു ആ ചെറുപ്പക്കാരൻ

തൃശ്ശൂർ എൻ‌ജിനീയറിംഗ് കോളേജിലും കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലുമായി എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം പൂർത്തിയാക്കി.1969 ൽ മെക്കാനിക്കൽ എൻ‌ജിനീയറിംഗിൽ ബിരുദവും നേടി.ഇതിനൊപ്പം അക്കാലത്ത് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടകങ്ങളിലും സ്ഥിരമായി അഭിനയിച്ചു വന്നിരുന്നു.കൂടാതെ ഫുട്‌ബോൾ,ഹോക്കി എന്നീ കായിക ഇനങ്ങളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട്

പഠനം കഴിഞ്ഞ് തൃശ്ശൂർ ആകാശവാണിയിൽ താൽക്കാലികജോലി ചെയ്യുന്ന സമയത്താണ് പ്രശസ്ത സാഹിത്യകാരൻ തിക്കോടിയനെ അയാൾ കണ്ടുമുട്ടുന്നത്.തിക്കോടിയനൊപ്പം ചെലവഴിച്ച കാലഘട്ടമാണ് അയാൾക്ക് ചലച്ചിത്ര ലോകത്തേക്ക് ജീവിതം പറിച്ചു നടാൻ നിമിത്തമായത്.തൃശൂർ ആകാശവാണിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കേ ആദ്യകാലത്ത് ചെറിയ നാടകങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരുന്നു അദ്ദേഹം.അതിനിടയിലാണ് തിക്കോടിയൻ ആ യുവാവിനെ സംവിധായകൻ അരവിന്ദന് പരിചയപ്പെടുത്തുന്നത്.സിനിമയിൽ അവസരം വല്ലതുമുണ്ടെങ്കിൽ താൻ അറിയിക്കാമെന്ന് അരവിന്ദൻ അയാളോട് പറയുകയും ചെയ്തു. ഒരു സുപ്രഭാതത്തിൽ തിക്കോടിയൻ ഫോൺ വിളിക്കുന്നു

“ഡോ…തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞില്ലേ”
അതെയെന്ന് വിനീതമായ മറുപടി
“ആ..എന്നാ നാളെ രാവിലെ കൊയിലാണ്ടിക്ക് നേരെ വണ്ടി പിടിച്ചോ”
പിറ്റേന്ന് കൊയിലാണ്ടിയിൽ എത്തിയപ്പോഴാണ് അറിയാൻ സാധിച്ചത്,സംവിധായകൻ അരവിന്ദന്റെ ഉത്തരായണം എന്ന സിനിമയിലാണ് അഭിനയിക്കാൻ അവസരം കൈവന്നിരിക്കുന്നതെന്ന്!!
അങ്ങനെ അരവിന്ദൻ സംവിധാനം ചെയ്ത ‘ഉത്തരായണം’ എന്ന ചിത്രത്തിലൂടെ ആ 30 വയസ്സുകാരൻ ആദ്യമായി ചലച്ചിത്രരംഗത്തെത്തി
ഉത്തരായണം റിലീസ് ആകുന്നതിന് മുൻപേ ഭ്രഷ്ട് എന്ന സിനിമയിൽ ഇരട്ടവേഷങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ആ സിനിമ പല കാരണങ്ങളാൽ പുറത്തിറങ്ങിയിരുന്നില്ല
ഉത്തരായണത്തിൽ അഭിനയിച്ചതോടെ സിനിമാ കമ്പം അതിന്റെ മൂർധന്യാവസ്ഥ പ്രാപിച്ചു.സിനിമമോഹമുണ്ട്,എന്നാൽ അഭിനയിക്കാൻ അവസരമില്ല താനും.അങ്ങനെ സിനിമാക്കമ്പം അടക്കവയ്യാതെ വന്നപ്പോൾ അയാളുടെ സമപ്രായക്കാർ ആരും ധൈര്യപ്പെടാത്ത ഒരു അറ്റകൈ പ്രയോഗം നടത്താൻ ആ ചെറുപ്പക്കാരൻ തീരുമാനിച്ചു
സ്വന്തമായി കാശ് മുടക്കി ഒരു സിനിമ നിർമിക്കുക!!
അങ്ങനെ തന്റെ സഹോദരന്റെ സഹായത്തോടെ ആദ്യമായി ഒരു സിനിമ നിർമിച്ചു.സിനിമയുടെ ടൈറ്റിൽ കാർഡിലെ അഭിനേതാക്കളുടെ കൂട്ടത്തിൽ അയാളുടെ പേരും തെളിഞ്ഞുകണ്ടു.വീട്ടുകാർ ഇട്ട ടി.ജി.രവീന്ദ്രനാഥൻ എന്ന പേര്,സിനിമക്കായി ടി.ജി.രവി എന്ന പേരിൽ ചുരുക്കിയായിരുന്നു സിനിമയിലേക്കുള്ള വരവ്.#പാദസരം എന്ന പേരിട്ട ആ സിനിമയിൽ അഭിനയിക്കുമ്പോൾ അയാൾക്ക് മറ്റൊരു വിശേഷണം കൂടി ലഭിച്ചു.എൻജിനീയറിങ് ബിരുദമുള്ള മലയാളസിനിമയിലെ ആദ്യത്തെ ചലച്ചിത്രനടൻ എന്ന ബഹുമതി!!
എ.എൻ.തമ്പിയായിരുന്നു പാദസരമെന്ന ആ ചിത്രത്തിന്റെ സംവിധായകൻ

വലിയ പ്രതീക്ഷയോടെയാണ് സിനിമ നിർമിച്ചതെങ്കിലും സിനിമ സാമ്പത്തികമായി വൻ തോതിൽ നഷ്ടമുണ്ടാക്കി.പക്ഷേ അക്കാരണം കൊണ്ട് തന്നെ,തന്റെ സിനിമാസ്വപ്നങ്ങൾ അപ്പാടെ ചാമ്പലാക്കാൻ അയാൾ തയ്യാറായിരുന്നില്ല.ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ നേരെ പോയത് ജി.ഗോപാലകൃഷ്ണൻ എന്ന താരതമ്യേനെ നവാഗതനായ സംവിധായകന്റെ അടുത്തേക്കാണ്.തുടർന്നാണ് #ചോരചുവന്നചോര എന്ന പേരിൽ ഒരു സിനിമ നിർമിക്കുന്നത്..ഒരു ടിപ്പിക്കൽ വാണിജ്യസിനിമക്ക് വേണ്ട സകലമാനചേരുവകളും ആറ്റിക്കുറുക്കിയെടുത്ത ഒന്നായിരുന്നു ആ സിനിമ.എന്നാൽ ആ സിനിമയും പ്രതീക്ഷിച്ച പോലൊരു വിജയം അദ്ദേഹത്തിന് നേടിക്കൊടുത്തില്ല,എങ്കിലും നിർമാതാവ് എന്ന നിലയിൽ കാര്യമായി കൈപൊള്ളിച്ചില്ല ആ സിനിമ.

ആ സിനിമ കൂടി നിർമിച്ചു കഴിഞ്ഞപ്പോൾ ശരിക്കും വാശിയായി..ഒരു വിജയസിനിമ എടുത്ത് കാണിക്കണമെന്ന് വാശി..വാശി എന്ന വികാരം എക്കാലവും ടി.ജി രവി എന്ന മനുഷ്യന്റെ കൂടപ്പിറപ്പായിരുന്നു.പിൽക്കാലത്ത് വ്യവസായലോകത്ത് വ്യാപൃതനാകാനും റബ്ബർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൺ‌ടെക് ടയേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വലിയൊരു സ്ഥാപനം തുടങ്ങി വയ്ക്കാനും നിമിത്തമായത് അയാളുടെ ഇതേ വാശി തന്നെയായിരുന്നു

എനിക്ക് ആകെ ഉണ്ടായിരുന്ന മാളു പോയ് ...!! | TG Ravi | Old Malayalam Movie  Scene - YouTubeഒരു ഹിറ്റ് സിനിമക്കായി,അങ്ങനെ അന്നത്തെ പ്രശസ്ത സംവിധായകരെയെല്ലാം സമീപിച്ചു.അക്കൂട്ടത്തിലാണ് അന്ന് മലയാളസിനിമയിൽ സജീവമായ പ്രമുഖ സംവിധായകൻ പി.ജി.വിശ്വംഭരനെ കണ്ടു മുട്ടുന്നത്.മമ്മൂട്ടി അടക്കമുള്ള നടന്മാർ അക്കാലത്ത് അഭിനയിക്കാൻ ആഗ്രഹിച്ച് സ്ഥിരം സമീപിച്ചിരുന്ന സംവിധായകരിൽ ഒരാൾ ആയിരുന്നു പി.ജി.വിശ്വംഭരൻ.സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ട്..കയ്യിലൊരു കഥയുണ്ട്..ഇറക്കാൻ പണവുമുണ്ട്..അഭിനയിക്കാൻ ഒരു വേഷം മാത്രം വേണം
കാര്യം മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ സംവിധായകനും ചെറിയ ആശയക്കുഴപ്പം.പ്രശ്‌നം മറ്റൊന്നുമായിരുന്നില്ല,രവിയുടെ ആകാരത്തിന് തക്ക നല്ല വേഷമൊന്നും #ചാകര എന്ന് പേരിട്ട ആ സിനിമയിൽ ഉണ്ടായിരുന്നില്ല.സിനിമയിലെ,സുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് ജയനും സുകുമാരനുമാണ്.ഇരുവരും അക്കാലത്ത് പൊന്നും വിലയുള്ള അഭിനേതാക്കൾ..പിന്നെ ബാക്കിയുള്ളത് ഷാജി എന്ന വില്ലന്റെ വേഷമാണ്.മറിച്ചൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.വില്ലനെങ്കിൽ വില്ലൻ..ഒന്നും ആലോചിച്ചില്ല..രണ്ടും കല്പിച്ചങ്ങ് കേറി അഭിനയിച്ചു..ജയൻ നിര്യാതനായ 1980ൽ/ജയൻ കൊല്ലപ്പെടുന്നതിനും ഒരു മാസം മുൻപ് റിലീസായ സിനിമ എന്നാൽ കൊട്ടകകളിൽ ആളെ നിറച്ചു.1980 ഒക്ടോബറിൽ പുറത്തിറങ്ങിയ സിനിമ വമ്പൻ ഹിറ്റ്..കൊമ്പൻ മീശയും ശുഭ്ര വസ്ത്രധാരിയുമായ ഷാജി എന്ന ടി.ജി.രവിയുടെ വില്ലനായിരുന്നു ആ സിനിമയുടെ വിജയഫോർമുലയുടെ അവിഭാജ്യഘടകങ്ങളിൽ ഒന്ന്
ഒരു തലമുറയെ ഭയാശങ്കകളാൽ മുഖരിതമാക്കിയ ടി.ജി.രവീന്ദ്രനാഥൻ എന്ന ടി.ജി.രവിയുടെ മലയാളസിനിമയിലെ തേരോട്ടം അവിടെ നിന്നാരംഭിക്കുന്നു

I am not a villain in real life: Sreejith Ravi | Sreejith Ravi| arts|  culture and entertainment| crime| law and justiceവലിപ്പചെറുപ്പം നോക്കാതെ…തേടി വരുന്ന സിനിമകളിലൂടെ സ്വഭാവവൈജാത്യം കണക്കിലെടുക്കാതെ..തന്റെ കഥാപാത്രത്തെ മാത്രം പരിഗണിച്ച് അഭിനയിച്ച ഒരുപിടി സിനിമകൾ
80കളുടെ മധ്യപകുതിയിൽ ടി.ജി രവി എന്ന നടൻ സിനിമയിൽ ഉണ്ടെങ്കിൽ മിക്കവാറും പ്രേക്ഷകരുടെ ചോര തിളക്കുന്ന ഒരു ബലാത്സംഗരംഗം കൂടി സിനിമയിൽ ഉണ്ടാകുമായിരുന്നു.അതിക്രൂരമായ ബലാത്സംഗരംഗങ്ങൾ ചെയ്ത് സ്ത്രീ പ്രേക്ഷകരുടെ പേടിസ്വപ്നമായി തീർന്ന പറവൂർ ഭരതൻ,ബാലൻ.കെ.നായർ തുടങ്ങിയ മുൻഗാമികളുടെ വഴി തന്നെയായിരുന്നു ടി.ജി.രവിയുടേതും.ഇക്കാരണം കൊണ്ട് തന്നെ ആ കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ ലോ-ബജറ്റ് മസാല സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യംകൂടിയായിരുന്നു അദ്ദേഹം.രതീഷ്,ഭീമൻ രഘു,ക്യാപ്റ്റൻ രാജു തുടങ്ങിയവർക്കൊപ്പം അക്കാലത്ത് ഇത്തരം സിനിമകളുടെ അവിഭാജ്യഘടകമായി തീർന്നു ഈ നടൻ.ഇവർക്ക് പുറമേ നായികമാരായി ജയമാലിനി,അനുരാധ,മാധുരി,ഉണ്ണിമേരി,സിൽക്ക് സ്മിത പോലുള്ള മാദക നടികളും കൂടി ഇത്തരം സിനിമകളിൽ പങ്കാളികളായതോടെ ഈ ഗണത്തിൽ പെട്ട മസാല സിനിമകൾ കൊട്ടകകളിൽ വൻതോതിൽ ആളെ നിറച്ചു.
വില്ലൻ വേഷങ്ങൾ സ്ഥിരമായി കയ്യാളിയിരുന്ന നടൻ എന്നതിലുപരി ടി.ജി.രവിയുടെ ശരീരഭാഷയാണ് അക്കാലത്ത് പ്രേക്ഷകരിൽ ഉൾക്കിടിലം തീർത്തത്

story of tg ravi mechanical engineer in mollywoodചുരുണ്ട മുടി
കൊമ്പൻ മീശ
ചുവപ്പ് നിറമുള്ള കണ്ണുകൾ
ദിഗ്വന്തം ഉലക്കുമാറുള്ള വലിയ അട്ടഹാസം

ഇരയെ അടുത്ത് കിട്ടുമ്പോൾ,കണ്ടു നിൽക്കുന്ന ആരുടെയും ഉള്ളുലക്കാനുതകുന്ന വൃത്തികെട്ട/വന്യമായ ചിരി
അതൊരു തുടക്കം മാത്രമായിരുന്നു. ജയഭാരതി മുതൽക്ക് സീമയും മാധുരിയും ഉണ്ണിമേരിയുൾപ്പടെ മലയാളസിനിമയെ മോഹിപ്പിച്ച നായികനടിമാരെല്ലാം തന്നെയും പിന്നീടങ്ങോട്ട് അയാളുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നു
Download Plain Memes of T.G. Ravi [Actor]ജോസ് പ്രകാശിനെ പോലെ..ബാലൻ.കെ.നായരെ പോലെ സ്ത്രീകൾക്ക് മേൽ പ്രകടിപ്പിക്കുന്ന അങ്ങേയറ്റത്തെ മൃഗീയതൃഷ്ണയും കണ്ണുകളിലെ വന്യതയും ഒരു വിഭാഗം പ്രേക്ഷകരാൽ അയാളെ വെറുക്കപ്പെട്ടവനാക്കി തീർത്തു.പൊതുസ്ഥലങ്ങളിൽ ഒറ്റക്ക് കണ്ടാൽ പോലും സ്ത്രീകൾ നിലവിളിച്ച് ഓടിയൊളിക്കുന്ന സ്ഥിതിവിശേഷവും സന്ദർഭങ്ങളും അദ്ദേഹത്തിന് നിരവധി തവണ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.തേടി വന്ന വേഷങ്ങളുടെ സ്വഭാവം മിക്കതും ഇത്തരത്തിൽ നായികമാരെ ശാരീരികമായി കീഴടക്കുന്ന/നായകനടനോട് ശക്തമായ വെല്ലുവിളിയുതിർക്കുന്ന നെഗറ്റീവ് ടച്ചുള്ള അതിക്രൂരകഥാപാത്രങ്ങൾ.ജയൻ തൊട്ട് പ്രേംനസീറും സുകുമാരനും സോമനും രതീഷും മമ്മൂട്ടിയും മോഹൻലാലും വരെ കാലാകാലങ്ങളിൽ അയാൾക്ക് എതിരാളികളായി വന്നു,എല്ലാവർക്കും മുന്നിൽ നെഞ്ച് വിരിച്ച് തന്നെ ടി.ജി.രവി നിന്നു.നെഗറ്റീവ് വേഷങ്ങൾ ആവോളം കിട്ടിയ കാലത്തും ഹാസ്യരസപ്രധാനമുള്ള ചുരുക്കം ചില വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.പി.സി.369 പോലുള്ള സിനിമകളിലെ കോമഡി കലർന്ന വേഷങ്ങൾ ഇതിന് ഉദാഹരണമായിരുന്നു
വില്ലൻ വേഷങ്ങളിൽ മറ്റൊരാളെ ചിന്തിക്കാൻ പോലും സംവിധായകരെ അനുവദിക്കാത്ത തരത്തിലുള്ള സിനിമകൾ
Download Kadathu Mp4 & 3gp | FzMoviesഒരെണ്ണം പോലും മോശമെന്ന് പറയാൻ സാധിക്കാത്ത വിധത്തിൽ അഭിനയിച്ച എല്ലാ വേഷങ്ങളും അങ്ങേയറ്റം മികവുറ്റതാക്കി
1980-90 കാലത്ത് കൈ നിറയെ സിനിമകൾ,അതും അക്കാലത്തെ ടോപ്പ് സംവിധായകർക്കൊപ്പം..ജോഷി,ശശി കുമാർ,ഐ.വി.ശശി,പി.ജി.വിശ്വംഭരൻ.1921 ലെ വാരിയംകുന്നൻ പോലുള്ള ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ
എന്നാൽ കാലക്രമേണ വില്ലൻ നടന്മാർക്ക് സംഭവിക്കുന്ന പരിണാമം ടി.ജി.രവിക്കും സംഭവിച്ചു.വില്ലൻ വേഷങ്ങളിൽ നിന്ന് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ളൊരു സ്വഭാവികമായ പറിച്ചുനടൽ.ഭീമൻ രഘു,കൊച്ചിൻ ഹനീഫ,ജനാർദ്ദനൻ എന്നിങ്ങനെ ഒരിക്കൽ വില്ലൻ വേഷങ്ങൾ കയ്യാളിയ നടന്മാർക്ക് സംഭവിച്ചത് പോലൊരു സ്വാഭാവികമായൊരു പ്രക്രിയ
1990ന്റെ ആദ്യം മുതൽക്ക് സിനിമകളുടെ എണ്ണം അദ്ദേഹം ഗണ്യമായി കുറച്ചു.

പക്ഷേ
അദ്ദേഹത്തിന് മാത്രം അഭിനയിക്കാൻ പറ്റുന്ന റോളുകൾ വന്നപ്പോൾ സംവിധായകർ അയാളെ തേടിപ്പിടിച്ചു കൊണ്ടു വന്നു..അഭിനയിപ്പിച്ചു..സദയമായിരുന്നു അങ്ങനെ തേടി വന്ന വേഷങ്ങളിൽ ആദ്യത്തേത്
പിന്നെ ധ്രുവത്തിലെ കാശിയും
നരസിംഹ മന്നാടിയരെയും ഹൈദർ മരക്കാരെയും മറക്കാത്ത പ്രേക്ഷകർ ആരാച്ചാർ കാശിയെയും മറന്ന് കാണാൻ വഴിയില്ല
ആളുകളെ തൂക്കി കൊല്ലണ്ത് ഒരു രസാല്ലേ എമാനെ എന്ന് കണ്ണും പൂട്ടി പറഞ്ഞ..കാശിക്കിപ്പോ വൈരത്തിന്റെ വിലയാണെന്ന് പറഞ്ഞ് ഊറ്റം കൊണ്ട..വെള്ളൊഴിച്ചാ കെടാത്ത കനാലുണ്ടോ ഏമാനെ എന്ന് ഉദാസീനനായിപറഞ്ഞ കാശിയെ,സിനിമ കണ്ട പ്രേക്ഷകർക്കും നന്നായങ്ങ് ബോധിച്ചു
വീണ്ടും സുദീർഘമായ ഒരു ഇടവേള
11 വർഷങ്ങൾക്ക് ശേഷമായിരുന്നു മലയാള സിനിമയിലേക്കുള്ള രണ്ടാംവരവ്,അതും കുടുംബചിത്രങ്ങളുടെ അമരക്കാരൻ സിബി മലയിലിന്റെ കൂടെ.അമൃതമെന്ന ആ ജയറാം സിനിമ പക്ഷേ സുനാമിയുടെ അതികാഠിന്യത്താൽ മുങ്ങി പോയെങ്കിലും ടി.ജി.രവി എന്ന അതികായന്റെ തിരിച്ചു വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടു
തുടർവർഷങ്ങളിൽ എല്ലാം തന്നെയും അത്യാവശ്യം നല്ല റോളുകൾ ലഭിച്ചു.
വില്ലൻ വേഷങ്ങളിൽ ആടിത്തിമിർത്ത കാലത്ത് പരിഗണിക്കാതിരുന്ന സത്യൻ അന്തിക്കാടിനെയും കമലിനെ പോലുള്ള കുടുംബസംവിധായകർ പോലും തിരിച്ചുവരവിൽ തങ്ങളുടെ ചിത്രങ്ങളിൽ ടി.ജി.രവിയെ സഹകരിപ്പിച്ചു.
പിന്നെ തേഞ്ഞും തെളിഞ്ഞും അയാൾ,ഇങ്ങനെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരുന്നു.രണ്ടാം വരവിന് പക്ഷേ പഴയ വില്ലന്റെ ചോരത്തിളപ്പുണ്ടായിരുന്നില്ല..വിശ്വം വിറപ്പിക്കുന്ന അട്ടഹാസം ഉണ്ടായിരുന്നില്ല..മിക്ക സിനിമകളിലും പച്ച മനുഷ്യന്റെ ശരീരഭാഷയും പ്രാരാബ്ദക്കാരന്റെ ദൈന്യതയും മാത്രം
ഒരുപിടി നല്ല വേഷങ്ങൾ
ഇരന്നു ജീവിക്കുന്നതിന്റെ വിഷമം അരി പ്രാഞ്ചി പങ്ക് വച്ചപ്പോൾ
നല്ല ഒഴുക്കുള്ള തൃശൂർ ഭാഷയിൽ പറഞ്ഞ ഉതുപ്പേട്ടന്റെ മറുപടി ഏത് പ്രേക്ഷകനാണ് മറക്കാൻ സാധിക്കുക..”ടാ..പ്രാഞ്ച്യേ..ഈ ജന്മം ഇനിയിപ്പോ എരന്നങ്ങട് അവസാനിക്കട്ടെ..പക്ഷേ ഉതുപ്പേട്ടൻ നാട്ട്കാര്ടെ മുമ്പീ കൈ നീട്ടില്ല്യാട്ടാ,നെന്റെ മുൻപില് മാത്രം..ഇനി നെനക്കും അത് ഒരു ബുദ്ധിമുട്ടായിട്ട് തോന്ന്യാ,അന്ന് ഉതുപ്പേട്ടൻ ഒരു സഡൻ ബ്രേക്കിടും..എരക്കലിന് അല്ല…ഉതുപ്പേട്ടന്റെ ലൈഫിന്”!!
2 വർഷം കഴിഞ്ഞ് വീണ്ടുമൊരു ഞെട്ടിക്കൽ
സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പേവാർഡിൽ ആംഗ്രി ബേർഡ്സിൽ കണ്ണുറപ്പിച്ചു കൊണ്ട് 22 കാരിയായ കോട്ടയത്തുകാരി ടെസ്സയോട് കൊഞ്ചുന്ന ശബ്ദത്തിൽ പറഞ്ഞ ഡയലോഗ്
“ടീ..പെണ്ണേ..നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ..നീ വേണേൽ ന്നെ കെട്ടിക്കോ”
ഓർമിക്കാൻ പാകത്തിന് ഒരുപിടി വേഷങ്ങൾ പിന്നേയും
റോമൻസ്
വർഷം
പുണ്യാളൻ
സു..സു..സുധി വാത്മീകം
ഒടുക്കം “അടിക്ക്യപ്പാ ജോസേട്ടന്റെ പാട്ട്”…പൊറിഞ്ച് മറിയം ജോസിലെ ആന്റണി വരെ
തൃശൂർ പശ്ചാത്തലമായ സിനിമകൾ വഴിയും,രഞ്ജിത് ശങ്കർ സിനിമകൾ വഴിയും ഇന്നും മലയാളസിനിമലോകത്തെ നിറസ്സാന്നിധ്യമാണ് ഈ 75 കാരൻ
ടി.ജി.രവി എന്ന അഭിനേതാവിനെക്കുറിച്ച് പരാമർശിക്കുമ്പോൾ സത്യത്തിൽ ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്നത് യശ:ശരീരയായ അദ്ദേഹത്തിന്റെ പ്രിയപത്നി ഡോ: സുഭദ്രയാണ്.സിനിമയിൽ നായികമാരെ യാതൊരു ദയാദാക്ഷണ്യവും കൂടാതെ പീഡിപ്പിക്കുന്ന വില്ലൻ,എന്നാൽ ജീവിതത്തിൽ എല്ലാം തികഞ്ഞ..ഉത്തമനായൊരു കുടുംബനാഥൻ ആയിരുന്നുവെന്ന് അദ്ദേഹത്തിന് അടുത്തറിയാവുന്നവർക്കെല്ലാം നന്നായി അറിയുന്ന യാഥാർത്ഥ്യം.സിനിമയിൽ വില്ലൻ വേഷങ്ങളിൽ ആടിത്തിമിർക്കാൻ നിയോഗിക്കപ്പെട്ട കാലത്തും എല്ലാറ്റിനും നിദാനമായത് പ്രിയപ്രേയസി സുഭദ്രയുടെ ഉറച്ച പിന്തുണയും.സിനിമയും ജീവിതവും രണ്ടായി വേർതിരിച്ചു കാണാനുള്ള വിവേകവും വകതിരിവും ആവോളം അവർക്കുണ്ടായിരുന്നു.അത് തന്നെയായിരുന്നു ആ ദാമ്പത്യവല്ലരി ആവോളം പൂവിട്ട് പന്തലിക്കാനുള്ള പ്രധാനകാരണവും
തന്റെ സഹോദരന്റെ ഭാര്യയുടെ അനുജത്തി കൂടിയായ സുഭദ്രയെ അദ്ദേഹം ആദ്യമായി നേരിൽ കാണുന്നത് ഏതാണ്ട് 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്.ഏടത്തിയമ്മയുടെ ഒപ്പം വീട്ടിലേക്ക് ആദ്യമായി വിരുന്ന് വന്ന..ബന്ധുമിത്രാദികളുടെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി പഴയ തറവാടിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു കഥാപുസ്തകവും വായിച്ചിരുന്ന 10 വയസ്സുകാരിയിൽ ആദ്യ ദർശനത്തിൽ തന്നെ രവി എന്ന അന്നത്തെ കൗമാരക്കാരൻ അനുരക്തനായി
പരിചയം പിന്നെ സൗഹൃദമായി
പ്രണയമായി
വീട്ടിൽ അറിഞ്ഞു..എല്ലാവർക്കും സമ്മതം..പക്ഷേ ഒടുക്കം ജാതകം പ്രശ്നമാകുമോ എന്ന ഭയം.ആ ചെറുപ്പക്കാരൻ വേറൊന്നും ആലോചിച്ചില്ല,നേരെ പോയി ജാതകം കത്തിച്ചു കളഞ്ഞു.അതായിരുന്നു ജീവിതത്തിൽ കാണിച്ച ആദ്യത്തെ കട്ടഹീറോയിസം
തീർന്നില്ല
കല്യാണം കഴിഞ്ഞ്..സിനിമയിൽ അത്യാവശ്യം പ്രശസ്തനായ ശേഷം ഒരിക്കൽ ഒരു സിനിമ കാണാൻ വേണ്ടി കുന്നംകുളത്തെ തീയേറ്ററിൽ പോയതായിരുന്നു ആ ദമ്പതികൾ.പെട്ടെന്ന് സിനിമയിലെ ഒരു ബെഡ് റൂം സീനിൽ താൻ അഭിനയിക്കാത്ത ഒരു ബിറ്റ് സംവിധായകൻ കയറ്റിചേർത്തത് തെല്ല് ഞെട്ടലോടെ മാത്രമേ അദ്ദേഹത്തിനും പത്നിക്കും കാണാൻ സാധിച്ചുള്ളൂ.യഥാർത്ഥ സിനിമയിൽ ഉപയോഗിച്ച ബെഡ് ഷീറ്റ് പൊതിഞ്ഞെടുത്ത് മറ്റെവിടെയോ കൊണ്ട് പോയി ചില അശ്ലീല രംഗങ്ങൾ ഷൂട്ട് ചെയ്ത് സിനിമയിൽ കൂട്ടി ചേർത്തതായിരുന്നു സംവിധായകൻ.അഭിനയിച്ചിരിക്കുന്ന വ്യക്തികളുടെ മുഖം വ്യക്തമായി കാണാത്തത് കൊണ്ട് തന്നെ അന്ന് പ്രേക്ഷകർക്ക് ഈ തട്ടിപ്പ് പിടി കിട്ടിയതുമില്ല.തീയേറ്ററിൽ ഈ സംഭവം നേരിട്ട് കണ്ടത് അദ്ദേഹത്തിനും ഭാര്യക്കും വലിയ മനപ്രയാസമുണ്ടാക്കി.കാലം കുറേ കടന്ന് പോയി.ഒരിക്കൽ ഇതേ സിനിമയുടെ സംവിധായകനെ മദ്രാസിൽ വച്ച് അപ്രതീക്ഷിതമായി ടി.ജി.രവി കണ്ടുമുട്ടി.കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് സൗകര്യപൂർവ്വം കൂട്ടിക്കൊണ്ട് പോയി.ശേഷം കരണം പുകഞ്ഞു പോകുന്ന തരത്തിൽ നാലഞ്ചെണ്ണം തുടരെ തുടരെ പൊട്ടിച്ചു..എന്നിട്ട് നല്ല ഒന്നാന്തരം തൃശൂർ ഭാഷയിൽ ഒരു മാസ്സ് ഡയലോഗും
“അതേ..ദ് പ്പോ തൽക്കാലം മ്മള് രണ്ടാളും അറിഞ്ഞാ മതി”!!!
തന്റെ സഹധർമിണിയോട് മരണം വരെയും അത്രക്ക് വിശ്വാസ്യതയും അടുപ്പവും പുലർത്തിയിരുന്നു ഓൺസ്ക്രീനിലെ ഈ ക്രൂരനായ മനുഷ്യൻ

ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്രയുടെ മരണവും കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ എത്തിക്സ് അനുവാദം നല്‍കാത്തതായിരുന്നു അവരുടെ മരണകാരണം.അമൃത ഹോസ്പിറ്റലിലായിരുന്നു അവരുടെ സര്‍ജറി തീരുമാനിച്ചിരുന്നത്.ഡോണറിന്റെ കരളും ശരിയായി.എന്നാല്‍ മെഡിക്കല്‍ എത്തിക്സ് കമ്മറ്റിയുടെ മുന്നിലെത്തിയപ്പോള്‍ പുറത്തുനിന്നുള്ള ഡോണറുടെ ലിവര്‍ ശരിയാവില്ലെന്ന് പറയുകയും അതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ അവര്‍ മരണപ്പെടുകയുമായിരുന്നു
തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന പഴയ നോക്കിയ ഫോൺ തന്നെയാണ് അദ്ദേഹം അവരുടെ മരണശേഷവും ഉപയോഗിച്ചിരുന്നത്.തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആ ഫോൺ,കാണാതെ പോയപ്പോൾ അദ്ദേഹം അനുഭവിച്ച വേദന താൻ നേരിൽ കണ്ടതാണെന്ന് നടനും മകനുമായ ശ്രീജിത്ത് രവി ഒരിക്കൽ പറയുകയുണ്ടായി.ഫോൺ തിരിച്ചു കിട്ടിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെ പൊട്ടിപൊട്ടിക്കരയുകയായിരുന്നത്രെ ഈ കരുത്തനായ മനുഷ്യൻ

4 പതിറ്റാണ്ട്
350ൽ അധികം സിനിമകൾ
അരവിന്ദൻ മുതൽ രാജേഷ് മോഹൻ വരെയുള്ള സംവിധായകർ
ന്യൂ ജെൻ സിനിമക്കും ഓൾഡ് ജെൻ സിനിമക്കും അന്നും ഇന്നും ഒരേ പോലെ സ്വീകാര്യൻ

ആ സ്വീകാര്യത തന്നെയാണ് ഇന്നും ടി.ജി.രവി എന്ന നടന്റെ ഏറ്റവും വലിയ വിജയവും☺️
മൂത്ത മകന്‍ രഞ്ജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമായി ബോട്സ്വാനയിലാണ് ഇപ്പോൾ അദ്ദേഹം താമസം.എങ്കിലും “ന്തെങ്കിലും ആവിശ്യം ണ്ടേൽ ന്നെ വിളിച്ചോള്ളൂ ട്ടാ” ന്ന് പ്രാഞ്ചിയേട്ടനിൽ ഈ മനുഷ്യൻ കൊഞ്ചിപ്പറയുന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തോട് മാത്രമല്ല,മലയാളസിനിമ ലോകത്തോട് കൂടിയാണ്