മ്മടെ ബാബ്വേട്ടന്റെ വരവ്…ഒരു വരവ് തന്നെ ആയിരുന്നു

0
157

Sunil Waynz

1990കളുടെ തുടക്കം മുതൽ മലയാള സിനിമയിൽ ആവർത്തിച്ചു കണ്ടിരുന്നൊരു ക്ലീഷേ ഐറ്റം ഉണ്ട്
പരമ്പരാഗതമായി ശത്രുത നിലനിൽക്കുന്ന രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ..ശത്രുക്കൾ എന്ന് പറഞ്ഞാൽ പോരാ,എല്ലാ അർത്ഥത്തിലും ശത്രുക്കൾ.എല്ലാം കൊണ്ടും വിരുദ്ധചേരിയിൽ നിൽക്കുന്നവർ..
നാട്ടിൽ പള്ളിപെരുന്നാൾ വന്നാലോ,മറ്റെന്ത് ആഘോഷപരിപാടികൾ വന്നാലോ,അത് ഏറ്റെടുത്ത് നടത്താൻ ഇരുകൂട്ടരും എന്നും പോർവിളിയാണ്. എന്ത് കാര്യത്തിൽ ആണെങ്കിലും പരസ്പരം പോരടിക്കുക/വെല്ലുവിളി നടത്തുക/ചീറിയടുക്കുക/വാഗ്വാദങ്ങളിൽ ഏർപ്പെടുക. ഇതൊക്കെയാണ് കാലാകാലങ്ങളായി ഇക്കൂട്ടർ ആചരിച്ചു വരുന്ന അനുഷ്ഠാന കലകൾ വർഷങ്ങൾക്ക് മുമ്പ് ഏതെങ്കിലും കോടതിവിധി ഒരു കുടുംബത്തിന് അനുകൂലമായതിനെ തുടർന്നോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു കുടുംബത്തിലെ പെൺകുട്ടി മറുകുടുംബത്തിലെ ആൺകുട്ടിയോടൊപ്പം ഇറങ്ങിപ്പോയതിനെ തുടർന്നോ ആയിരിക്കും മിക്കവാറും സിനിമകളിലും ഈ കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക ഉടലെടുത്തിട്ടുണ്ടാവുക.
ഇതിനിടെ പുട്ടിന് പീര പോലെ,എല്ലാ സിനിമകളിലും മധ്യസ്ഥം പറയാൻ പരമസാധുവായ ഒരു പള്ളീലച്ചൻ കാണും..

Babu Antony Biography | Veethiഅപ്പുറത്തെ വിവരങ്ങൾ ഇപ്പുറത്തെ വീട്ടിലേക്ക് ചോർത്തി കൊടുക്കാനും ഇപ്പുറത്തെ വിവരങ്ങൾ അപ്പുറത്തെ വീട്ടിലേക്ക് ചോർത്തി കൊടുക്കാനും സർവദാ സന്നദ്ധരായ വേലക്കാരും കാണും..
ഇതിനിടയിലെപ്പോഴോ ആണ് കഥയിലെ ഏറ്റവും മർമപ്രധാനമായ ട്വിസ്റ്റുകളിൽ ഒന്ന് അരങ്ങേറുന്നത്
ഏതെങ്കിലും കുടുംബത്തിലെ ഇളയ പുരുഷപ്രജക്ക് മറുകുടുംബത്തിലെ പെൺകുട്ടിയോട് ഉടലെടുക്കുന്ന അഗാധമായ പ്രണയം..മിക്കവാറും ഇരുവരും ഒരു കോളേജിൽ ആയിരിക്കും പഠിക്കുന്നുണ്ടാവുക
നടൻ ബൈജുവിനാണ് സാധാരണ ഇത്തരം റോളുകൾ ചെയ്യാനുള്ള നിയോഗം മിക്കവാറും സിനിമകളിൽ അന്ന് സ്ഥിരമായി സിദ്ധിച്ചിരുന്നത്. ബന്ധത്തിൽ നിന്നൊഴിയാൻ പെൺകുട്ടി ഒരു കാരണവശാലും തയ്യാറല്ല എന്നറിയുമ്പോഴാണ് കാമുകൻ ചെക്കനെ ശാരീരികമായി ഉപദ്രവിക്കാനോ അതുമല്ലെങ്കിൽ അവനെ വകവരുത്താനോ പെൺകുട്ടിയുടെ വീട്ടുകാർ തീരുമാനിക്കുന്നത്. അങ്ങനെ ആറ്റുനോറ്റ് ഒരു സുദിനം കണ്ടെത്തി കാമുകൻ ചെക്കന്റെ കഴുത്തിൽ കത്തി കയറ്റാൻ ഒരുങ്ങുന്ന നേരത്താണ് അത്ര നേരം കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന,പ്രേക്ഷകന്റെ കാത്തിരിപ്പിന് അറുതി വരുന്നത്

May be an image of 1 person and standingനായകന്റെ വരവ്
മ്മടെ ബാബ്വേട്ടന്റെ വരവ് 🔥
ബാബു ആന്റണിയുടെ വരവ് 🔥
വരവെന്ന് പറഞ്ഞ അതങ്ങനെയൊരു വെറും വരവല്ല
ഒരൊന്നൊന്നര വരവാണ് 💥👌👌
ഡെനിം ജീൻസിട്ട്..
കഴുത്തിൽ ഒരു മാലയിട്ട്..
പിറകിലോട്ട് നീട്ടി വളർത്തിയ സമൃദ്ധമായ മുടി കാണിച്ച്..
ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടൺസുകൾ ഇടാതെ..നെഞ്ചാംകൂട്ടിലെ രോമകൂപങ്ങൾ മുഴുവൻ പുറത്തേക്ക് കാണിച്ച്..
ഘട ഘട ശബ്ദത്തോടെ ബുള്ളറ്റിൽ പ്രത്യക്ഷപ്പെടുന്ന രാജകീയമായൊരു എൻട്രി
ഈ ഒരൊറ്റ ഇൻട്രോ സീനിൽ തന്നെ മൊത്തം രോമാഞ്ജിഫിക്കേഷൻ ഇങ്ങോട്ടിറങ്ങി വരും
പിന്നെ എല്ലാം Predictabl ആണ്
കാമുകൻ ചെക്കനെ ബാബുവേട്ടൻ രക്ഷിക്കുന്നു..ഒപ്പം കാമുകിയെയും
സംഘട്ടനത്തിനിടെ പുറപ്പെടുന്ന പ്രത്യേക ശബ്ദങ്ങൾ..സംഘട്ടനത്തിനിടെ പ്രയോഗിക്കുന്ന പ്രത്യേക പഞ്ചുകൾ..അങ്ങനെ പുള്ളിയുടെ ഫൈറ്റിന് സവിശേഷതകൾ വേറെയുമുണ്ട്
ഒടുക്കം ഗുണ്ടകളെല്ലാറ്റിനേം തല്ലിമെതിച്ച്…
ചെക്കനേം പെണ്ണിനേം കൂടി സ്വന്തം വീട്ടിലേക്ക് ഒരു വരവുണ്ട്
അവിടെ
ഒരു രാജകീയ സ്വീകരണം
പണ്ട് പഠിക്കാൻ നാട് വിട്ട് പോയ..അതുമല്ലെങ്കിൽ മൈസൂരോ ഊട്ടിയിലോ ഫാം ഹൗസിൽ സ്വസ്ഥമായി വിഹരിക്കുന്ന ബാബു ആന്റണിയുടെ കഥ അവിടെയുള്ള ഏതെങ്കിലും കഥാപാത്രങ്ങളിൽ നിന്നായിരിക്കും പിന്നീട് ചുരുളഴിയുന്നത്
😊😊
Babu Antony | Indian Movie Action Starഏറിയും കുറഞ്ഞും ഇത്തരം ഫോർമാറ്റിൽ 90കളുടെ ആദ്യം മുതൽക്ക് നിരവധി സിനിമകൾ പുറത്ത് വന്നു..നടീനടന്മാരും കഥയും കഥാപശ്ചാത്തലവും ചെറുതായി മാറുന്നുവെന്നതൊഴിച്ചു നിർത്തിയാൽ ഇത്തരം പശ്‌ചാത്തലത്തിൽ അക്കാലത്ത് വന്ന ഭൂരിഭാഗം സിനിമകളുടെയും ആകെത്തുക ഏതാണ്ട് ഇതൊക്കെ തന്നെ ആയിരുന്നു..
പക്ഷേ ഒന്നുണ്ട്…
ആ എൻട്രി.
ആ മരണമാസ്സ് എൻട്രി
അത് ബാബു ആന്റണിയിൽ മാത്രം നിക്ഷിപ്‌തമായ ഒന്നായിരുന്നു ❣️😌


എനിക്കുറപ്പുണ്ട്..ഒരു ശരാശരി 90’s ബോയ്സിന്റെ ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്ന് തീർച്ചയായും ബാബു ആന്റണിയുടെ അടിപ്പടങ്ങൾ ആണ്
വീട്ടുകാരുടെ കയ്യും കാലും പിടിച്ച് അപ്പുറത്തെ വീട്ടിൽ എവിടെയാണോ ടിവിയുള്ളത്..അങ്ങോട്ട് സിനിമ തുടങ്ങും മുൻപ് ഓടിച്ചെന്ന്,,കോലായത്തിണ്ണയിലോ..ഉമ്മറത്തോ അതിവേഗത്തിൽ സീറ്റുറപ്പിച്ച് ഇത്തരം ജനുസ്സിൽപെട്ട സിനിമകൾ ഒന്നൊഴിയാതെ ഇരുന്നുകണ്ട നിറമുള്ള പഴയ ഓർമകൾ
ബാബുവേട്ടന്റെ സിനിമയുടെ കാസറ്റ് ആണ് വീ.സീ.ആറിൽ ഇടുന്നതെന്ന് അറിഞ്ഞാൽ പിന്നെയൊരു ആഘോഷരാവാണ്..പേരറിയാത്ത ഏതെങ്കിലും സിനിമയുടെ കാസറ്റ് വീ.സി.ആറിലോട്ട് ഇറങ്ങിപ്പോകുമ്പോൾ..ടി വിയിൽ മൊത്തത്തിൽ ഒരു നീലക്കളർ പ്രസരിക്കുമ്പോൾ..സിനിമയുടെ പേര് അധികം വൈകാതെ സ്‌ക്രീനിൽ തെളിയുമ്പോൾ..ഏറെ താമസിയാതെ ബാബുവേട്ടന്റെ ഇൻട്രോ ടിവിയിൽ കാണുമ്പോൾ..അന്ന് ഉണ്ടായിരുന്ന ആ ആകാംക്ഷയും,ആവേശവും,രോമാഞ്ചവും..
ഹോ
ഇപ്പോഴും ഓർക്കുമ്പോൾ തന്നെ
രോമാഞ്ചം 🔥🔥😌😌😌
പുകൾപെറ്റ നടന്മാരായി അന്ന് മമ്മൂക്കയും ലാലേട്ടനുമൊക്കെയുണ്ടെങ്കിൽ പോലും കുട്ടിക്കാലത്ത് ഒരു ഹീറോയുടെ സിനിമ കാണാൻ അത്രമേൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ/അത്രക്ക് കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് ബാബു ആന്റണിയുടെ സിനിമകൾ കാണാൻ വേണ്ടി മാത്രമാണ്..ദൂരദർശൻ നാല്മണി സിനിമകളുടെ നൊസ്റ്റാൾജിയയിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത പേര് കൂടിയാണ് ബാബു ആന്റണിയുടേത്. അന്ന് സിനിമ കാണാൻ കാത്തിരിക്കുന്നവർക്കിടയിൽ ഇങ്ങേരുടെ ഇൻട്രോക്ക് ലഭിക്കുന്ന സ്വീകാര്യതയൊക്കെ കണ്ട് ശരിക്കും അന്തം വിട്ട് നിന്നിട്ടുണ്ട്..ഒരു തരം Over Whelming Impact ആയിരുന്നു പുള്ളിയുടെ മാസ്സ് അപ്പീലുള്ള സിനിമകൾക്ക്..അതിലുപരി പുള്ളിയുടെ ഇൻട്രോ സീനുകൾക്ക്.
എല്ലാ അർത്ഥത്തിലും വല്ലാത്തൊരു വീരാരാധന ആയിരുന്നു ഇങ്ങേരോട്..ജീൻസ് പാന്റിടാൻ കൊതിച്ച..മുടിയൊക്കെ ബാക്കിലേക്ക് നീട്ടി വളർത്താൻ കൊതിച്ചിരുന്ന ബാല്യകാലം..അടിപ്പടങ്ങൾ കണ്ട് ആരാധന മൂത്ത് പണ്ട് നാട്ടിൽ പൂരത്തിന് പോകുന്ന സമയത്ത് ഇങ്ങേരുടെ വിവിധ സ്റ്റൈലുകളാലും പോസുകളാലും അലങ്കരിച്ച പോസ്റ്ററുകൾ വാങ്ങാൻ ആവേശം പൂണ്ട ബാല്യം എനിക്കുമുണ്ടായിരുന്നു…പൂമുഖത്ത് അലങ്കരിച്ചിരുന്ന വിവിധ പോസുകളിൽ ഉള്ള ബാബു ആന്റണിയുടെ ചിത്രങ്ങൾ…എല്ലാം ഇന്നും കൊതിപ്പിക്കുന്ന ഓർമകളാണ്

അടിയായിരുന്നു എന്നും ബാബു ആന്റണി സിനിമകളിലെ മെയിൻ..എണ്ണമെടുത്തിട്ടില്ലെങ്കിലും കടൽ,ചന്ത തുടങ്ങിയ അന്നത്തെ തട്ടുപൊളിപ്പൻ ബാബു ആന്റണി സിനിമകളിൽ അഞ്ചിൽ കൂടുതൽ സംഘട്ടനരംഗങ്ങൾ ഉണ്ടായിരുന്നു.സോമൻ പണ്ട് ലേലം സിനിമയിൽ പറഞ്ഞ പോലെ ഇപ്പോഴും എന്റെ കണ്ണിന്റെ മുന്നേൽ ഇങ്ങനെ തെളിഞ്ഞോണ്ട് നിൽക്കുവാ തിരുമേനി
ബാബ്വേട്ടന്റെ ആ Swag ⚡⚡
ആ Energy ⚡⚡
ആ Perfomance ⚡⚡
ഹോ..അതൊരു ഒന്നൊന്നര കാലം തന്നെയായിരുന്നു
ആളുടെ സിനിമയുടെ പേരുകൾ കേട്ടാൽ തന്നെ മൊത്തത്തിൽ ഒരു വെടിക്കെട്ട് Mode ആയിരുന്നു
ദാദ 💥
ചന്ത 💥
സ്ട്രീറ്റ് 💥
ബോക്‌സർ 💥
കമ്പോളം 💥
നെപ്പോളിയൻ💥
ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് 💥
സ്‌പെഷ്യൽ സ്‌ക്വാഡ് 💥
ഭരണകൂടം 💥
ഉപ്പുകണ്ടം ബ്രദേഴ്‌സ് 💥

പേരുകളും അതിനൊത്ത് തന്നെ..ജിമ്മി,സുൽത്താൻ,ഡാനി,വിഷ്ണു . പൂവിന് പുതിയ പൂന്തെന്നലിൽ ബേബി സുജിതയുടെ കഥാപാത്രത്തെ ബാബു ആന്റണിയുടെ കഥാപാത്രം നോക്കുന്ന ഒരു നോട്ടമുണ്ട്..ആദ്യമായി ഞാൻ ആ സിനിമ കണ്ടപ്പോൾ ആ നോട്ടം കണ്ട്/ബാബു ആന്റണിയുടെ കണ്ണുകളിലെ ക്രൂരത കണ്ട് ഒരുപാട് പേടിച്ചിട്ടുണ്ട്.അതിന് ശേഷം ദൗത്യത്തിലും ന്യൂസിലും കാർണിവലിലും ന്യൂ ഇയറിലും മാഫിയയിലും വ്യൂഹത്തിലും നാടോടിയിലുമെല്ലാം ആവോളം പേടിപ്പിച്ച ബാബു ആന്റണിയേയും എന്റെ ബാല്യത്തിന് നല്ല പരിചയമുണ്ട്.അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബാബുവേട്ടൻ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച സിനിമ കൂടിക്കാഴ്ചയാണ്.ജയറാം നായകനായ കൂടിക്കാഴ്ച എന്ന ആ സിനിമയിൽ ഒരു രംഗമുണ്ട്..ജയറാമും ജഗദീഷും വണ്ടി ഓടിച്ചു പോകുന്നു..അവർ ഓടിക്കുന്ന വണ്ടിക്ക് പിറകെ ഹെൽമറ്റ്ധാരിയായ ബാബു ആന്റണിയുടെ കഥാപാത്രം ബൈക്കിൽ അവരെ പിന്തുടരുന്നു..ആരാണ് തങ്ങളെ പിന്തുടരുന്നത് എന്നറിയാതെ പരിഭ്രാന്തരായി ജയറാമും ജഗദീഷും തങ്ങളുടെ വണ്ടി ആവോളം വേഗത്തിൽ പറപ്പിച്ചു വിടുകയാണ്..ഒരു ടെറർ BGM ആണ് ആ സിനിമയിൽ അപ്പോൾ ആ രംഗത്ത് നൽകിയിരിക്കുന്നത്.ജയറാമിന്റെ വണ്ടിയുടെ അതേ വേഗതയിൽ തന്നെ ആ ബൈക്കും പിറകിൽ വരുന്നുണ്ട്..ഏറെ താമസിയാതെ ജയറാമിന്റെ വണ്ടിക്ക് കുറുകെ ബൈക്ക് നിർത്തി അതിൽ നിന്നിറങ്ങി ഹെൽമറ്റ് ഊരി ജയറാമിനോട് കുശലന്വേഷണം നടത്തുമ്പോഴാണ് ആ വ്യക്തി തന്റെ പഴയ സുഹൃത്ത് വില്യംസ് ആണെന്ന് ജയറാമിന്റെ കഥാപാത്രം തിരിച്ചറിയുന്നത്..ആ നിമിഷത്തിലാണ് ബാബു ആന്റണിയുടേയും ജയറാമിന്റേയും കഥാപാത്രങ്ങൾ കൂട്ടുകാരാണെന്ന് ജയറാമിന്റെ അടുത്തിരിക്കുന്ന ജഗദീഷും ഒപ്പം ആ സിനിമ കാണുന്ന പ്രേക്ഷകരും തിരിച്ചറിയുന്നത്..അന്ന് ആ സിനിമയിൽ ജഗദീഷിന് തോന്നിയ ആ ആശ്വാസം ഉണ്ടല്ലോ,ആ ആശ്വാസം തന്നെയായിരുന്നു പിന്നീടങ്ങോട്ട് ഞാനടക്കമുള്ള കാണികൾക്ക് ലഭിച്ചിരുന്ന ആശ്വാസം..ആശ്വാസമെന്നല്ല സന്തോഷം എന്ന് തന്നെ പറയണം..കാരണം സിനിമയിൽ നായകന്റെ സൈഡ് ആണ് ഈ ചെങ്ങായി എന്നറിയുമ്പോൾ അന്ന് തോന്നിയിരുന്ന സന്തോഷം ചെറുതൊന്നുമല്ല ഇന്നും ആവർത്തിച്ചു കേൾക്കുന്ന തമാശ തന്നെയാണത്..
എന്നാലും ഒരിക്കൽ കൂടി പറയട്ടെ,ബാബു ആന്റണിയും വിജയരാഘവനുമൊക്കെ നായകന്റെ കൂടെയാണെന്ന് അറിഞ്ഞാൽ അന്ന് ഉണ്ടാകുന്ന സന്തോഷം…അതൊരു സന്തോഷം തന്നെയായിരുന്നു
പരമമായ സന്തോഷം. ഞങ്ങൾ 90s Kids ആവോളം അനുഭവിച്ചറിഞ്ഞ സന്തോഷം
ഹോ..എന്തൊരു കാലമായിരുന്നു അതൊക്കെ
Yes…ONCE Upon A Time,This MAN Was An EMOTION
❤️ Babu Antony ❤️