കൊയ്ലോയുടെ വചനം ഹരിശ്രീ അശോകന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്

127

മലയാള സിനിമയിൽ ഹാസ്യനടനായി നിറഞ്ഞു നിന്ന ഹരിശ്രീ ആശിക്കാനേ കുറിച്ച് Sunil Waynz എഴുതിയത് . കടപ്പാട് മൂവി സ്ട്രീറ്റ് ഗ്രൂപ്പ്

1990കളുടെ മധ്യപകുതി ഗോഡ് ഫാദർ പോലുള്ള സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ അഭിനയിച്ച് ഹരിശ്രീ അശോകൻ എന്ന നടൻ മലയാളസിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന കാലം.അന്ന് ടെലികോം ഡിപ്പാർട്ട്‌മെന്റിൽ ജോലിയുണ്ട് അശോകന്.താരതമ്യേനെ ചെറിയ ഓഫറുകൾ മാത്രം കിട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ സിനിമയിൽ മുഴുനീളവേഷം അഭിനയിക്കാൻ അശോകന് അവസരം ലഭിക്കുന്നത്.മദ്രാസിൽ ഷൂട്ട് ചെയ്യുന്ന അത്യാവശ്യം വലിയൊരു സിനിമയായിരുന്നു അത്.എറണാകുളം സ്വദേശിയായ ഒരു വ്യക്തിയായിരുന്നു ആ സിനിമ നിർമ്മിക്കുന്നത്.അന്ന് വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്ത് നടന്നിരുന്ന അശോകനെ പോലും സ്തംഭിപ്പിച്ച് കൊണ്ടാണ് സിനിമയുടെ നിർമാതാവ് ഒരു ദിവസം ഫോണിൽ വിളിച്ച് അശോകനോട് ഇങ്ങനെ പറയുന്നത്
“അശോകാ..എനിക്ക് തന്റെ ഡേറ്റ് വേണം..എന്റെ സിനിമയിൽ മുഴുനീളവേഷമാണ് തനിക്ക്..ഒരു പത്ത് മുപ്പത് ദിവസത്തെ ഡേറ്റ് താൻ എനിക്ക് വേണ്ടി തരേണ്ടി വരും”കേട്ടതും അശോകന്,സന്തോഷം കൊണ്ട് തന്റെ ശബ്ദം പുറത്തേക്ക് എടുക്കാനാകാത്ത അവസ്ഥ
“തരാം സാർ” വിനീതനായി അശോകൻ മറുപടി പറഞ്ഞു

ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അന്ന് അശോകൻ മസ്ദൂർ ആയി ജോലി ചെയ്യുന്ന സമയമാണ്.നേരെ ഓഫീസിൽ ചെന്ന് മുപ്പത് ദിവസത്തെ ലീവ് എടുത്തു.അഭിനയിക്കാൻ വേണ്ടിയാണ് ലീവ് എടുക്കുന്നതെന്ന കാര്യം അറിഞ്ഞപ്പോൾ ഓഫീസിലുള്ള എല്ലാവർക്കും അത്ഭുതം
“സിനിമയിൽ ചാൻസ് കിട്ടിയില്ലേ,അപ്പോ ഇനി അശോകന് കോളടിച്ചല്ലോ..ഇനി മദ്രാസിലോട്ട് താമസം മാറ്റുമല്ലേ..വലിയ ആളാകുമ്പോൾ നമ്മളെ ഒന്നും മറക്കരുത് കേട്ടോ..ചുറ്റിനും അഭിനന്ദന ശരങ്ങളും പ്രോത്സാഹനവർഷങ്ങളും മാത്രം..!!ഇടക്ക് പരിഭ്രമം കൂടുമ്പോൾ നിർമാതാവിനെ വിളിച്ച്,വീണ്ടും വീണ്ടും അന്വേഷിക്കും
‘സാർ…എല്ലാം ഓക്കെ ആണല്ലോ..അല്ലേ”
ഒന്നും പേടിക്കാനില്ലെന്ന നിർമാതാവിന്റെ ഉറപ്പുള്ള മറുപടി
ഉറ്റസുഹൃത്തുക്കളായ സിദ്ധിക്ക്-ലാൽ മാരോടാണ് ഈ വാർത്ത ആദ്യം പറഞ്ഞത്..സംഗതിയറിഞ്ഞതും അവർ പറഞ്ഞത്,ഇത്ര മാത്രം
“എടാ..നിന്റെ പേര് ആ സിനിമയുടെ ഷോ കാർഡിൽ ഒക്കെ വന്നിട്ടുണ്ട്..ഈ സിനിമ പുറത്തിറങ്ങട്ടെ..നീ രക്ഷപ്പെടും..ഞങ്ങൾക്ക് ഉറപ്പാ”
ആ വിശ്വാസത്തെ ഒരിക്കൽ കൂടി മനസ്സിലിട്ട് ഊട്ടിയുറപ്പിച്ചു..
“അതേ..രക്ഷപ്പെടും..ഞാൻ രക്ഷപ്പെടും”

May be an image of 11 people, beard and textപക്ഷേ പ്രശ്നങ്ങൾ നിരവധിയായിരുന്നു.മദ്രാസിലേക്ക് പോകാനുള്ള യാത്രാചെലവ് സംഘടിപ്പിക്കൽ ആയിരുന്നു അതിൽ ഏറ്റവും പ്രധാനം.അന്നത്തെ കാലത്ത് മദ്രാസ് പോലൊരു സ്ഥലത്തേക്ക് പോക്കുവരവിന് തന്നെ നല്ലൊരു തുക വേണ്ടി വരുമായിരുന്നു.കാശ് സംഘടിപ്പിക്കാൻ ഒരു രക്ഷയും ഇല്ലെന്ന് കണ്ടപ്പോൾ സഹോദരിയെ പറഞ്ഞയച്ച് പരിചയക്കാരിൽ നിന്നെല്ലാം കടം വാങ്ങിച്ചു.പുതിയ ഒരു ഒരു സ്യൂട്ട്കേസ് വാങ്ങിച്ചു.കൂട്ടുകാരന്റെ അടുക്കൽ നിന്ന് രണ്ട് ഷർട്ട് കടം വാങ്ങിച്ചു.ഒരു സെക്കൻഡ് ഹാൻഡ് ഷൂവും വാങ്ങിച്ചു.ഡിപ്പാർട്ട്‌മെന്റിലെ സഹൃദയരായ സഹപ്രവർത്തകരും ഓഫീസർമാരും ഇതിനെല്ലാം വലിയ പിന്തുണയാണ് നൽകിയത്

ഓരോ ദിവസവും രാത്രി കിടന്നുറങ്ങുമ്പോൾ,മനസ്സ് കൊണ്ട് മദ്രാസ് എന്ന മഹാനഗരത്തെ പുൽകി
ഷൂട്ടിങ് തുടങ്ങിയ ഉടൻ വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള യാത്രയയപ്പായിരുന്നു ലഭിച്ചത്..കാരണവന്മാരുടെ അനുഗ്രഹം വാങ്ങിച്ചു,അവരുടെ കാൽ തൊട്ട് വന്ദിച്ചു..ഓഫീസിൽ ചെന്ന് സീനിയർ ഉദ്യോഗസ്ഥരുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി.ഭാര്യവീടിന് തൊട്ടടുത്തുള്ള അമ്പലത്തിൽ വഴിപാടുകൾ നേർന്നു.നാട്ടുകാരും സുഹൃത്തുകളും സഹപ്രവർത്തകരുമെല്ലാം വലിയ യാത്രയയപ്പാണ് നൽകിയത്

സകല ഈശ്വരൻമാരെയും മനസ്സിൽ ധ്യാനിച്ച് മദ്രാസിലേക്ക് വണ്ടി കയറി
മദ്രാസിൽ ചെന്ന് വണ്ടിയിറങ്ങി.ഏതാണ്ട് മുക്കാൽ മണിക്കൂറോളം റെയിൽവേ സ്റ്റേഷനിൽ തന്നെ കുത്തിയിരുന്നു.ആരെയും കാണാനില്ല.കുറേ നേരം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് കാര്യം ചോദിച്ചു.കാര്യം അറിഞ്ഞപ്പോൾ അയാൾ തമിഴ് വശമുള്ള ഒരു ഡ്രൈവറെ അശോകന് പരിചയപ്പെടുത്തി കൊടുത്തു.ഡ്രൈവർ അശോകനേയും കൊണ്ട് മദ്രാസിലെ പ്രശസ്തമായ ഉമാ ലോഡ്ജിലേക്ക് ചെന്നു.അശോകൻ അവിടെ ചെന്നിരുന്നു. വൈകുന്നേരം വരെ കാത്തിരുന്നിട്ടും ആരും വരുന്നില്ല..ആരും വിളിക്കുന്നില്ല..ആരെയും കാണാനുമില്ല..അവിടെയുള്ള ആരെയും അശോകന് പരിചയവുമില്ല

എന്ത് ചെയ്യണമെന്നറിയാതെ അയാൾ റൂമിനുള്ളിൽ തന്നെ ഇരുന്നു.കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ തോന്നി.വിശപ്പ് അമിതാധിക്യത്താൽ വന്ന് അനുനിമിഷം മാടി വിളിക്കുകയാണ്.കയ്യിൽ കരുതിയ കാശ് കൊണ്ട് അശോകൻ താഴെയുള്ള ഒരു ചെറിയ തട്ടുകടയുടെ മുന്നിലേക്ക് നടന്നു ചെന്നു.വിശപ്പ് സഹിക്ക വയ്യാതെ അവിടെ നിന്ന് രണ്ട്..മൂന്ന് ദോശയും ബോണ്ടയും വാങ്ങിക്കഴിച്ചു.ധാരാളം വെള്ളവും കുടിച്ചു.അതിനോടകം അയാൾ ക്ഷീണിച്ച് അവശനായിക്കഴിഞ്ഞിരുന്നു.നേരെ ചെന്ന് റൂമിൽ ഇരുന്നു.അധികം വൈകിയില്ല.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ അശോകന്റെ അരികിൽ വന്നു..വരൂ,നമുക്ക് ലൊക്കേഷനിലേക്ക് പോകാം,അയാൾ പറഞ്ഞു. സാധനസാമഗ്രികൾ എല്ലാം എടുത്ത് അശോകൻ അയാളെ അനുഗമിച്ചു.ഒരു അംബാസിഡർ കാറിൽ കയറി നേരെ സിനിമയുടെ ലൊക്കേഷനിലേക്ക്..അവിടെ സിനിമയുടെ പ്രൊഡ്യൂസർ ഉണ്ട്.മൂന്ന്/നാല് വീടുകൾ ഒരുമിച്ച് അടങ്ങിയ വലിയൊരു സമുച്ചയം ആയിരുന്നു ആ സിനിമയുടെ ലൊക്കേഷൻ.അതിന് തൊട്ടപ്പുറത്തായി തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങും തകൃതിയായി നടക്കുന്നുണ്ട്.
സിനിമയുടെ പ്രൊഡ്യൂസർ അതിനിടെ,അശോകനെ സമീപിച്ചു.എന്നിട്ട് പതുക്കെ പറഞ്ഞു
“അശോകാ..നായകന്റെ കൂട്ടുകാരായി മൂന്ന് പേരുണ്ട്..നീയും അവരോടൊപ്പം ഒരാളായി കൂടിക്കോ.എന്നിട്ട് കുറച്ച് കോമഡിയൊക്കെ ഉണ്ടാക്കിക്കോ”

കേട്ടതും അശോകന്റെ ഉള്ളിൽ ഒരാന്തൽ
“സർ..ഞാൻ എങ്ങനെയാണ് കോമഡിയുണ്ടാക്കേണ്ടത്..അതും സ്ക്രിപ്റ്റിൽ എന്റെ കഥാപാത്രം ഉണ്ടോ ഇല്ലയോ എന്ന് പോലുമറിയാതെ”
“കഥാപാത്രമൊക്കെ നമുക്ക് ഉണ്ടാക്കാം,അതോർത്ത് ഇയാള് ടെൻഷൻ അടിക്കേണ്ട..സ്‌ക്രിപ്റ്റ് റൈറ്ററോട് ഞാൻ പറഞ്ഞോളാം”
അന്ന് വൈകുന്നേരം അശോകൻ റൂമിലേക്ക് കയറി ചെന്നത് വല്ലാത്ത ഞെട്ടലോടെയാണ്.. കിടന്നിട്ടാണെങ്കിൽ ഉറക്കം വരുന്നില്ല. രാത്രിയോട് അടുത്തപ്പോഴേക്കും കയ്യിലെ കാശ് മുഴുവൻ തീർന്നിരുന്നു.അപ്പോഴാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,അശോകന്റെ അടുത്തേക്ക് വരുന്നത്
വല്ലതും കഴിച്ചോ എന്നയാൾ ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..
“എന്റെ ഭക്ഷണം അവിടെയുണ്ട്..പട്ടിണി കിടക്കണ്ട..പോയി എടുത്ത് കഴിച്ചോളൂ
അങ്ങനെ ആ ഭക്ഷണം കഴിച്ചു

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്രയും വിഭവസമൃദ്ധമായ ആഹാരം അശോകൻ കഴിക്കുന്നത്
പിറ്റേ ദിവസം ലൊക്കേഷനിൽ എത്തി.സിനിമയുടെ സംവിധായകനെ പ്രൊഡ്യൂസർ പരിചയപ്പെടുത്തി.
“ഇത് അശോകൻ..മിമിക്രി ആർട്ടിസ്റ്റാണ്..സംവിധായകൻ ഒന്ന് നോക്കി..ഒരു വരണ്ട ചിരി പാസ്സാക്കി..പിന്നെ സീൻ എടുക്കുന്നത് തുടർന്നു.

അപ്പോഴാണ് നടൻ സൈനുദ്ദീൻ അവിടേക്ക് വരുന്നത്.”നീ ഇവിടെ നിൽക്കുകയാണോ” എന്ന് പറഞ്ഞു അശോകനെ,സൈനുദീൻ കയ്യോടെ കൂട്ടിക്കൊണ്ട് പോയി.എന്നിട് സിനിമയിൽ നായകനായി അഭിനയിക്കുന്ന സൂപ്പർ താരത്തിന് അശോകനെ പരിചയപ്പെടുത്തി കൊടുത്തു
സൂപ്പർ താരം ഉടൻ അശോകനോട് ഇങ്ങനെ പറഞ്ഞു
“എനിക്ക് അശോകനെ അറിയാം..അശോകന് എന്നെ അറിയുമോ എന്നറിയില്ല”.??
“അയ്യോ..അങ്ങനെ പറയല്ലേ സാർ,സാറിനെ അറിയാത്തവരായി ആരുണ്ട്” എന്ന് അശോകൻ..അന്ന് അവിടെ സെറ്റിൽ മലയാള സിനിമയിലെ പല പ്രമുഖരും ഉണ്ട്..രാജൻ.പി.ദേവ്.ജഗദീഷ്,എം.ജി.സോമൻ..അങ്ങനെ അന്നത്തെ കാലത്തെ പ്രശസ്ത നടന്മാരിൽ പലരും..!!

അന്ന് വൈകുന്നേരം റൂമിൽ ചെന്ന അശോകൻ നേരെ പോയി രാജൻ.പി.ദേവിനെ ചെന്ന് കണ്ടു..രാജൻ.പി.ദേവിനെ മിമിക്രിയിൽ സജീവമായ കാലം മുതൽക്കേ അശോകന് അറിയാം.തനിക്ക് ചുറ്റും നടന്ന/നടക്കുന്ന സംഗതികൾ എല്ലാം രാജൻ.പി.യോട് അശോകൻ തുറന്ന് പറഞ്ഞു.സ്ക്രീനിൽ ക്രൂരതയുടെ പര്യായമായി വിരാജിക്കുന്ന കാലത്തും ഒരു പച്ചമനുഷ്യന്റെ മനസ്സലിവും ഹൃദയവിശാലതയും എക്കാലവും കൈമുതലായിട്ടുള്ള അഭിനേതാവായിരുന്നു രാജൻ.പി.ദേവ്.അശോകന്റെ കഥ മുഴുവൻ കേട്ടതും രാജൻ.പി.ക്ക് വല്ലാത്ത വിഷമം.അദ്ദേഹം അശോകനോടായി പറഞ്ഞു
“എടാ..സിനിമയുടെ അവസ്ഥ പലപ്പോഴും ഇതാണ്..നീ ഇനി ഒട്ടും അമാന്തിക്കണ്ട..വേഗം നാട്ടിലേക്ക് വച്ചു പിടിച്ചോ..ഇനി ഇവിടെ നിന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകാനേ സാധ്യതയുള്ളൂ”
അശോകൻ വേഗം പോയി പ്രൊഡ്യൂസറെ കണ്ടു..നാട്ടിലേക്ക് ഒരു ടിക്കറ്റ് ഒപ്പിച്ചു തരണം എന്ന് മാത്രം പറഞ്ഞു. അന്ന് രാത്രി,രാജൻ.പി.ദേവും എം.ജി.സോമനും സൈനുദീനും അശോകന്റെ റൂമിലേക്ക് വന്നു. എല്ലാവരെയും രാജൻ.പി.ദേവ് തന്നെ പോയി നേരിട്ട് വിളിച്ചു കൊണ്ട് വന്നതാണ്

“നീ വിഷമിക്കാതിരിയെടാ..വാ..നമുക്ക് രണ്ട് സ്മോളടിക്കാം”രാജൻ.പി ദേവ് പറഞ്ഞു
കേട്ടതും മൂവരും തന്നെ സാന്ത്വനിപ്പിക്കാൻ റൂമിലേക്ക് വന്നതാണെന്ന് അശോകന് മനസ്സിലായി
വിഷമങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് അശോകൻ അവരുടെ മുന്നിൽ അലമുറയിട്ട് കരഞ്ഞു..
അശോകന്റെ കഥ മുഴുവൻ കേട്ടതും എം.ജി.സോമൻ കരഞ്ഞു..
രാജൻ.പി.ദേവ് കരഞ്ഞു..
സൈനുദീൻ കരഞ്ഞു..
സോമൻ പറഞ്ഞു..”അശോകാ..നീ വിഷമിക്കണ്ട..എല്ലാം നല്ലതിനാണെന്ന് മാത്രം കരുതുക”
അശോകൻ ഉടൻ അവരോടായി പറഞ്ഞു..എങ്ങനെയാണ് ചേട്ടാ..നാട്ടിൽ നിന്ന് എത്ര പേരുടെ കാശ് കടം വാങ്ങിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നതെന്ന് ചേട്ടന് അറിയാമോ”
പിറ്റേന്ന് തന്നെ അശോകൻ നാട്ടിലേക്ക് തിരിച്ചുപോയി..നാട്ടിലേക്ക് പോകണ്ട എന്നാണ് ആദ്യം കരുതിയത്.മൂന്നാഴ്ച എവിടെയെങ്കിലും തങ്ങി പിന്നെ പതിയെ നാട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു ആദ്യം ചിന്തിച്ചത്
ആ ചിന്ത മനസ്സിലിട്ടുറപ്പിച്ചാണ് റെയിൽവേ സ്റ്റേഷനിലെ കോയിൻ ബോക്‌സിൽ നിന്ന് കോയിനിട്ട് നാട്ടിലെ കൂട്ടുകാരനെ വിളിക്കുന്നത്.ശേഷം മദ്രാസിൽ വച്ചുണ്ടായ സംഭവവികാസങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവനോട് പറഞ്ഞു
“എനിക്ക് ഇനി വയ്യെടാ..നാട്ടുകാരുടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും.തൽക്കാലം ഒന്ന് മാറി നിൽക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു”

ഉടൻ കൂട്ടുകാരൻ പറഞ്ഞു “നീയെന്ത് മണ്ടത്തരമാണ് ഈ പറയുന്നത്..നീ എവിടെയും പോകണ്ട..ഇങ്ങ് പോര്..ആ സിനിമ നടന്നില്ലെന്ന് പറഞ്ഞാൽ മതി” ബാക്കിയെല്ലാം നമുക്ക് ശരിയാക്കാം..കൂട്ടുകാരൻ പറഞ്ഞു
അങ്ങനെ നാട്ടിലേക്ക് തിരിച്ചു വന്നു
വന്നതും എല്ലാവർക്കും അറിയേണ്ടത് ഒറ്റക്കാര്യം
ആ സിനിമക്ക് എന്ത് സംഭവിച്ചു
ആ സിനിമ നടന്നില്ലെന്ന് അശോകൻ അവരോടെല്ലാമായി പറഞ്ഞു
സാരമില്ല..അശോകന്റെ സമയം വരുമെന്ന് പറഞ്ഞവർ എല്ലാവരും അശോകനെ സമാധാനിപ്പിച്ചു
ആ സംഭവത്തോടെ അയാൾ ഒന്നുറപ്പിച്ചു..എല്ലാവരാലും അറിയപ്പെടുന്ന നല്ലൊരു നടനായി തീരണമെന്ന്..അയാൾക്കൊപ്പം അയാളിലെ വാശിയും അതിവേഗം ഉണർന്നു.മലയാള സിനിമയിലെ അറിയപ്പെടുന്നൊരു നടനായി തീരണമെന്ന അടങ്ങാത്ത..അദമ്യമായ ആ വാശിയാണ് അശോകൻ എന്ന ഹരിശ്രീ അശോകനെ മലയാളസിനിമയിലെ വിശാലമായ മേച്ചിൽപുറങ്ങളിലേക്ക് നയിച്ചത്


ദാരിദ്ര്യം അതിന്റെ എല്ലാ ഭീകരതയോടും കൂടിയാണ് അശോകൻ എന്ന ഇന്ന് നാമറിയുന്ന ഹരിശ്രീ അശോകനെ ബാല്യത്തിൽ വന്ന് പുൽകിയത്.പട്ടിണിയും ദാരിദ്ര്യവും മാത്രം കൈമുതലായുള്ള കുട്ടിക്കാലം.പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം‌.എ‌.എച്ച്‌.എസിൽ നിന്ന് പൂർത്തിയാക്കിയ അശോകന് പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോട് വലിയ താൽപര്യമുണ്ടായിരുന്നു.സ്‌കൂളിൽ പഠിക്കുമ്പോള്‍ തന്നെ സംസ്ഥാന യുവജനോത്സവത്തില്‍ മോണോ ആക്ടിന് അശോകന്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്
എല്ലാ ആഴ്‌ചകളിലെയും തിങ്കളാഴ്ച ദിവസം ഒരമ്പത് പൈസ കൊണ്ടും രണ്ട് കീറിയ സഞ്ചികളുമായും അശോകനും സഹോദരിയും മരച്ചീനിയുമായി വരുന്ന ലോറികളേയും കാത്ത് ചന്തയിൽ പോയി നിൽക്കും.അവിടെ നിന്ന് കിട്ടുന്ന മുറിഞ്ഞ മരച്ചീനിക്കഷണങ്ങൾ തൂക്കി വിൽക്കും,മിച്ചം വരുന്നത് വീട്ടിലേക്ക് കൊണ്ട് വന്ന് വേവിച്ചു തിന്നും,എന്നിട്ടാണ് സ്കൂളിൽ പോകുന്നത്.എന്നിട്ടും മിക്ക ദിവസവും പട്ടിണിയായിരുന്നു.ഉച്ചഭക്ഷണമെന്നത് അന്ന് അജണ്ടയിലേ ഇല്ലായിരുന്നു.1977ലാണ് അശോകൻ SSLC പാസ്സാകുന്നത്.SSLC കഴിഞ്ഞതും കോളേജിൽ ചേരാനുള്ള ആഗ്രഹമുദിച്ചു,അത് പഠിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല.യൂണിവേഴ്‌സിറ്റി യൂത്ത്ഫെസ്റ്റിവലിൽ മിമിക്രിക്ക് ഒന്നാം സമ്മാനം നേടണം എന്ന അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് മാത്രമായിരുന്നു,കാരണം അന്ന് കേരളത്തിൽ മിമിക്രി പ്രതിഭകളായി വിരാജിച്ചവർ എല്ലാം യൂണിവേഴ്സിറ്റി വിന്നേഴ്‌സ് ആയിരുന്നു.യൂണിവേഴ്‌സിറ്റി മിമിക്രി വിന്നർ എന്നാൽ എല്ലാം തികഞ്ഞ കലാകാരൻമാരായി എന്നായിരുന്നു അന്നത്തെ പൊതുവേയുള്ള മിഥ്യാ ധാരണ.പക്ഷേ കോളേജിൽ പോയി പഠിക്കണം എന്ന ആഗ്രഹം അശോകന് മുളയിലേ നുള്ളേണ്ടി വന്നു.ഒമ്പത് മക്കളും പട്ടിണിയും മാത്രമുള്ള ഒരു വീട്ടിൽ നിന്ന് കോളേജിൽ പോയി പഠിക്കണമെന്ന ആഗ്രഹം തന്നെ ആ യുവാവിനെ സംബന്ധിച്ചിടത്തോളം അത്യാഗ്രഹമായിരുന്നു.പണം തന്നെയായിരുന്നു പ്രധാന പ്രശ്നം.അടങ്ങാത്ത ആഗ്രഹത്തിൻ പുറത്ത് സഹോദരന്റെ സുഹൃത്തുക്കളെയെല്ലാം സമീപിച്ചെങ്കിലും അത്രയൊന്നും തുക മുടക്കാനുള്ള സാമ്പത്തികശേഷിയുള്ള ആരും അദ്ദേഹത്തിന്റെയും സൗഹൃദവലയത്തിൽ ഇല്ലായിരുന്നു

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ചേട്ടൻ വന്ന് പറയുന്നത്
“എടാ..ടെലികോം ഡിപ്പാർട്മെന്റിൽ മസ്ദൂർ ആയി പോയാൽ നിനക്ക് ഒരു തൽക്കാലം ജോലി ഉണ്ടാകും”
അത് കേട്ടപ്പോൾ അശോകന് വലിയ സങ്കടം.കോളേജിൽ പോകേണ്ടതിന് പകരം പിക്കാസ് കയ്യിലെടുക്കേണ്ടി വരുന്ന ദുര്യോഗത്തെ കുറിച്ച് ഓർത്തായിരുന്നു സങ്കടം..വേറെ വഴിയില്ല എന്ന ഉറച്ച ബോധ്യം കൈവന്നത് കൊണ്ട് മനസ്സില്ലാമനസ്സോടെ പിക്കാസ് കയ്യിലെടുത്തു
അങ്ങനെ എറണാകുളത്തേക്ക്..
എറണാകുളത്തെ പഴയ വോൾഗ ഹോട്ടലിന് മുന്നിൽ റോഡ് വെട്ടിപ്പൊളിച്ച് കേബിളിടുന്നത് ആയിരുന്നു ആദ്യ ജോലി..എന്നും രാവിലെ 9 മണിയാകുമ്പോൾ കൂടെ പഠിച്ച ആൺകുട്ടികളും പെൺകുട്ടികളും കോളേജിലേക്ക് പോകും.അവരെ കൊതിയോടെ നോക്കി നിൽക്കും.പോകുന്ന വഴി,അവർ തന്നെ കാണുമല്ലോ എന്ന നാണക്കേട് ഭയന്ന് അവരാരും കാണാതിരിക്കാൻ വേണ്ടി മുഖം തോർത്തുമുണ്ട് ഉപയോഗിച്ച് മൂടിക്കെട്ടും..തലയിൽ പ്ലാസ്റ്റിക് തൊപ്പി വയ്ക്കും..അയാളുടെ കണ്ണ് മാത്രം പുറത്ത്
കാണും

എന്നിട്ടും കൂട്ടുകാർ ഒരു ദിവസം അശോകനെ കണ്ടു പിടിച്ചു
“എടാ..നിനക്ക് ജോലി ആയി ല്ലേ” എന്നൊരുവൻ
അശോകൻ മറുപടി പറഞ്ഞു..”എടാ..എനിക്ക് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..പക്ഷേ എന്ത് ചെയ്യാനാ”??
“നീ,ഇനി എന്തിനാടാ പഠിക്കുന്നത്.നിനക്ക് ജോലി ശരിയായില്ലേ” എന്നായി അവൻ
ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് അശോകനും തോന്നി..
അതിൽ പിന്നെ തോർത്ത് മുണ്ടും തൊപ്പിയും ഉപേക്ഷിച്ചു
അന്ന് പണിക്ക് പോയാൽ കിട്ടുന്ന കൂലി ആറു രൂപ 70 പൈസ ആയിരുന്നു.അന്നത്തെ കാലത്ത് അത് വലിയ തുക ആയിരുന്നു.അതിനിടെ ചെറിയ ചില മിമിക്രി പരിപാടികൾക്കും പോയി തുടങ്ങി.പ്രോഗ്രാമിന് പോകുന്നത് അതിനിടെ ഡിപ്പാർട്ട്‌മെന്റിൽ എല്ലാവരും അറിഞ്ഞു.സൂപ്പർ വൈസർ അടക്കം എല്ലാവരും നല്ല പിന്തുണയാണ് അശോകന് നൽകിയത്.ഓഫീസിൽ എല്ലാവരും കലയോട് വലിയ അഭിനിവേശം പുലർത്തിയവരായിരുന്നു.മിമിക്രിയിൽ സ്വന്തമായി ഒരു ഐറ്റം ഉണ്ടാക്കിയാൽ ആദ്യം കാണിക്കുന്നത് സ്വന്തം സഹപ്രവർത്തകർക്ക് മുൻപിൽ ആയിരുന്നു.അവിടം ഒരു റിഹേഴ്‌സൽ ക്യാമ്പ് പോലെ ആയിരുന്നു അശോകന്.അതിനിടെയിലാണ് കൊച്ചിൻ നാടകവേദി എന്ന ട്രൂപ്പിൽ അശോകൻ ചേരുന്നത്.പിന്നെ ജോലിത്തിരക്കിനിടയിൽ നാടകവും ജോലിയും ഒരുമിച്ച് കൊണ്ട് പോകുന്നതായി ശീലം.

ജോലിയിൽ തുടരുന്ന കാലത്താണ് ആദ്യമായി ഒരു സിനിമയിലേക്ക് അശോകന് ഓഫർ വരുന്നത്.
സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിലാണ് ഹരിശ്രീ അശോകൻ ആദ്യമായി അഭിനയിക്കുന്നത്.മിമിക്രിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്ന സിദ്ധിഖ് ലാൽമാർ തിരക്കഥ എഴുതിയത് കൊണ്ട് മാത്രമായിരുന്നു ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പിൽക്കാലത്ത് മലയാളസിനിമയിലെ തിളങ്ങും താരങ്ങളായി വിരാജിച്ച സൈനുദീൻ,എൻ.എഫ്.വർഗീസ് എന്നിവരുടെയും ആദ്യ സിനിമയായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ..മോഹൻലാൽ,റഹ്മാൻ,ലിസി,ഉണ്ണിമേരി എന്നിവരെല്ലാം അഭിനയിച്ച സിനിമ പക്ഷേ ബോക്‌സ്ഓഫീസിൽ വമ്പൻ പരാജയമായി.സിനിമയിൽ അശോകന് ഒരു ജ്യോത്സ്യന്റെ വേഷമായിരുന്നു ഉണ്ടായിരുന്നത്.സുഹൃത്ത് കൂടിയായ നിർമാതാവ് ഹരീന്ദ്രൻ നിർബന്ധിച്ചപ്പോഴാണ് ആ റോൾ ചെയ്യാം എന്ന് അശോകൻ ഏറ്റത്.സെറ്റിൽ ചെന്നപ്പോഴാണ് അറിഞ്ഞത്,ജ്യോത്സ്യന്റെ വേഷം വേറെ ആരോ ആണ് ചെയ്യുന്നത് എന്ന്. അയാൾക്ക് ആണെങ്കിൽ കറകട് ലുക്ക് ആണ്,നിന്നെയാണ് ആ വേഷത്തിൽ അഭിനയിപ്പിക്കണമെങ്കിൽ മേക്കപ്പ് ചെയ്ത് വയസ്സനാക്കി മാറ്റേണ്ടി വരുമെന്ന് സിദ്ധിക്ക് പറഞ്ഞു.അന്ന് ഒരു അപകടം സംഭവിച്ച് വിശ്രമത്തിലായിരുന്നു അശോകൻ.കാലിൽ വലിയൊരു മുറിവും 7ഓളം സ്റ്റിച്ചുകളും ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ആദ്യ സിനിമയിലെ വേഷം കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടതിൽ വലിയ വിഷമമൊന്നും അയാൾക്ക് തോന്നിയില്ല.വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കുമ്പോൾ സെറ്റിൽ നിന്ന് വീണ്ടും ഒരു വിളി വരുന്നു.

“ഒരു വേഷം ശരിയായിട്ടുണ്ട്..ഭജന സംഘത്തിന്റെ
നേതാവിന്റെ റോളാണ്”
ആദ്യമായി കിട്ടിയ റോളല്ലേ എന്ന് വിചാരിച്ച് പോയി അഭിനയിച്ചു.അഭിനയം തുടങ്ങിയപ്പോൾ മൂന്ന് ദിവസത്തിനകം ശരീരത്തിലെ സ്റ്റിച്ച് പൂർണമായും വിട്ട് പോയി.ഒരാഴ്ച കൊണ്ട് ഉണങ്ങേണ്ട മുറിവ് പിന്നീട് ഉണങ്ങിയത് 2 മാസം കൊണ്ട്.അരങ്ങേറ്റ സിനിമയുടെ ഒരിക്കലും മറക്കാത്ത ഓർമയ്ക്ക് ആ പാട് ഇപ്പോഴും അശോകന്റെ കാലിലുണ്ട്.പക്ഷേ സിനിമ റിലീസ് ആയത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും അശോകന് ഉണ്ടായില്ല
കൊച്ചിൻ നാടകവേദി കഴിഞ്ഞ് നേരെ ചെന്ന് കയറിയത് കലാഭവനിൽ.കലാഭവനിൽ സിദ്ധിഖ് പോയ ഗ്യാപ്പിൽ അവരുടെ മിമിക്‌സ് പരേഡിൽ അശോകനും ഒരിടം കിട്ടി.പിന്നീട് സിദ്ധിഖ്-ലാൽ-ഗോകുൽ-കോട്ടയം ജോസഫ്-എൻ.എഫ്.വർഗീസ് എന്നിവർ ചേർന്ന് ഹരിശ്രീ എന്ന ട്രൂപ്പ് തുടങ്ങി.ട്രൂപ്പ് തുടങ്ങിയ വർഷം തന്നെ സിദ്ധിഖ്-ലാൽമാർ സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ്സ് ആയി സിനിമയിലേക്ക് പോയി..പോകുന്നതിന് മുൻപ് അവർ അശോകനോട് ഇങ്ങനെ പറഞ്ഞു
“സിനിമയിൽ ഞങ്ങൾ വിജയിച്ചില്ലെങ്കിൽ ഇങ്ങോട്ട് തന്നെ തിരിച്ചു വരും..പരിപാടിക്ക് പോകുന്ന ആ മാറ്റഡോർ വണ്ടിയില്ലേ,അതിലെ ഒരു സീറ്റ് ഞങ്ങൾക്കായി എപ്പോഴും മാറ്റിയിടണം”
എന്നാൽ അവർക്ക് പിന്നീട് തിരിച്ചു വരേണ്ടി വന്നതേയില്ല എന്നത് കാലം കാത്തുവച്ചൊരു കാവ്യനീതി..!!!
സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സിദ്ധിഖും ലാലും അശോകനെ മറന്നില്ല
റാംജിറാവുവിൽ ഒരു ചെറിയ വേഷം ലഭിച്ചു.ഗോഡ്ഫാദറിലും
റാംജി റാവുവിനും ഗോഡ് ഫാദറിനും ശേഷം വേറെയും സിനിമകളിൽ അഭിനയിച്ചു.ഷെവലിയർ മിഖായേൽ,ഫസ്റ്റ്ബെൽ,അമ്മയാണെ സത്യം,

പൊരുത്തം,കുടുംബവിശേഷം,സാക്ഷാൽ ശ്രീമാൻ ചത്തുണ്ണി,വക്കീൽ വാസുദേവ് അങ്ങനെ അത്യാവശ്യം ചില സിനിമകൾ..മിക്കതിലും തീരെ ചെറിയ/പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ.
ഒരു നടൻ എന്ന നിലക്ക് ഹരിശ്രീ അശോകൻ എന്ന നടന് ബ്രേക്ക് നൽകിയ സിനിമ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത് മുകേഷ് നായകനായ പാർവ്വതി പരിണയം എന്ന സിനിമയാണ്..ആ സിനിമയിൽ അശോകന് ആകെ മൂന്ന് സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..പക്ഷേ ആ സിനിമ കൊണ്ട് ഏറ്റവുമധികം ഗുണം ലഭിച്ച അഭിനേതാവ് ഹരിശ്രീ അശോകനായിരുന്നു.അന്ന് കെ.കെ.ഹരിദാസ് സംവിധാനം ചെയ്യുന്ന ‘കൊക്കരക്കോ’ എന്ന കോമഡി സിനിമയിൽ അശോകൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു.അപ്പോഴാണ് പാർവ്വതീ പരിണയത്തിൽ അഭിനയിക്കാനുള്ള ഓഫർ അശോകനെ തേടി വരുന്നത്.ആ സിനിമക്ക് തിരക്കഥ എഴുതുന്നത് ഗാനരചയിതാവ് കൂടിയായ ഷിബു ചക്രവർത്തിയാണ്.ഷിബുവിന്റെ അടുത്ത സുഹൃത്തായിരുന്നു നടൻ ദിലീപ്.ദിലീപ് വഴിയാണ് ആ സിനിമയിലെ ഭിക്ഷക്കാരന്റെ റോളിലേക്ക് അശോകൻ വരുന്നത്.സിനിമയിൽ ഭിക്ഷക്കാരന്റെ റോളിലേക്ക് ആദ്യം പരിഗണിച്ചത് കലാഭവൻ നാരായണൻ കുട്ടിയെ ആയിരുന്നു സമീപിച്ചത്.അപ്പോഴാണ് ദിലീപ്,അശോകനെ നേരിട്ട് വിളിക്കുന്നതും ആ റോൾ അശോകേട്ടൻ തന്നെ ചെയ്യണമെന്ന് നിർബന്ധം പറയുകയും ചെയ്യുന്നത്
പടത്തിൽ ആകെ മൂന്ന് സീനുകൾ മാത്രമേ ഉള്ളൂ.പക്ഷേ അശോകൻ ചേട്ടൻ തന്നെ വന്നു ചെയ്യണമെന്നായിരുന്നു ദിലീപ് എടുത്ത് പറഞ്ഞത്
കേട്ടതും അശോകൻ ചോദിച്ചു
“മൂന്ന് സീനോ”?
“അതെ.പക്ഷേ മൂന്ന് സീൻ മാത്രേ ഉള്ളുവെങ്കിലും സൂപ്പർ സീനാണ്..അശോകേട്ടൻ തന്നെ വന്ന് ചെയ്യണം..അശോകേട്ടന് കലക്കാൻ പറ്റിയ റോളാണ്”
കൂടുതൽ ഒന്നും ചിന്തിച്ചില്ല..നേരെ സെറ്റിൽ ചെന്നു..മേക്കപ്പ് ഇട്ടു
കോസ്റ്റ്യൂമർ ഡ്രസ്സ് തന്നു..സീൻ വിശദീകരിച്ചു
👇👇

അമ്മാ..വല്ലതും തരണേ എന്ന് പറഞ്ഞ് നായകൻ മുകേഷിന്റെ വീട്ടിലേക്ക് അശോകന്റെ ഭിക്ഷക്കാരനായ കഥാപാത്രം കയറിച്ചെല്ലുന്നു.മുകേഷാകട്ടെ കുളിക്കാൻ കയറിയിരിക്കുകയാണ്.തന്റെ കാമുകി തന്ന ഒരു 25 പൈസ നാണയം നിധി പോലെ സൂക്ഷിക്കുന്നുണ്ട് മുകേഷിന്റെ കഥാപാത്രം സിനിമയിൽ.ഇതൊന്നുമറിയാതെയാണ് അയാളുടെ കൂട്ടുകാരൻ(പ്രേം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം)ആ 25 പൈസ നാണയമെടുത്ത് അശോകന് ഭിക്ഷ നൽകുന്നത്.അശോകൻ അതും വാങ്ങി തിരിച്ചു പോകുമ്പോഴാണ് മുകേഷ് കുളി കഴിഞ്ഞു പുറത്തേക്ക് വരുന്നതും സംഗതി അറിയുന്നതും..തുടർന്ന് മുകേഷിന്റെ കഥാപാത്രം അശോകനെ പിന്തുടരുകയും ആ നാണയം പിടിച്ചു വാങ്ങുകയും ചെയ്യുന്നു..ഈ 25 പൈസയുടെ വില തനിക്ക് അറിയില്ലെന് പറഞ്ഞ് പകരം ഒരു 10 രൂപ അശോകന് തിരികെ കൊടുത്ത് ആ 25 പൈസാനാണയം തിരിച്ചു വാങ്ങി മുകേഷ് തിരികെ പോകുന്നതുമായിരുന്നു തിരക്കഥ പ്രകാരമുള്ള സിനിമയിലെ രംഗങ്ങൾ
ഡയലോഗോ സംഗതികളോ കാര്യമായി ഒന്നുമില്ല..ഉടൻ അശോകൻ സംവിധായകൻ പി.ജി.വിശ്വംഭരനോട് ചോദിച്ചു..ഞാനിതിൽ സ്വന്തമായി എന്തെങ്കിലും സംഗതികൾ ഇടുന്നതിൽ കുഴപ്പമുണ്ടോയെന്ന്..നീ എന്ത് വേണമെങ്കിലും ചെയ്തോ,പക്ഷേ നീ വന്ന് ഇതിന് ഡബ്ബ് ചെയ്ത് തരണമെന്ന് മാത്രമായിരുന്നു സംവിധായകൻ പി.ജി വിശ്വംഭരന്റെ മറുപടി
അങ്ങനെ ഹരിശ്രീ അശോകൻ സ്വന്തം കയ്യിൽ നിന്നെടുത്ത ഒരു ഡയലോഗാണ് പിന്നീട് സിനിമയിറങ്ങിയപ്പോൾ സൂപ്പർഹിറ്റായതും ഹരിശ്രീ അശോകൻ എന്ന നടനെ മലയാളി പ്രേക്ഷകർക്കിടയിൽ ചിരപരിചിതനാക്കിയതും
ആ ഡയലോഗ് ഇങ്ങനെ ആയിരുന്നു
👇👇
“കൈകാൽ ആവതില്ലാത്തവാനാണ് ദൈവമേ..ഈ പാവപ്പെട്ടവന് എന്തെങ്കിലും തരണേ..അമ്മാ..അമ്മാ..അമ്മാ..ഹമ്മ..ഹമ്മ…ഹമ്മ”
അന്ന് അരവിന്ദ് സ്വാമി-മനീഷ് കൊയ്‌രാള ടീമിന്റെ #ബോംബെ എന്ന തമിഴ് സിനിമ പുറത്തിറങ്ങി അതിലെ ‘ഹമ്മ’ എന്ന പാട്ട് ഇന്ത്യയെലെമ്പാടും തരംഗം സൃഷ്ടിച്ച് മുന്നേറുന്ന സമയമാണ്.അതിന്റെ ചുവട് പിടിച്ചായിരുന്നു അശോകൻ ഈ നമ്പർ സ്വന്തം കയ്യിൽ നിന്നിറക്കിയത്.അതെന്തായാലും ഏറ്റുവെന്ന് തന്നെ പറയണം
ചുറ്റുമുള്ള സകലരും ഇത് കണ്ട് നിർത്താതെ ചിരിക്കുകയായിരുന്നു
ചിരി കാരണം ശരീരം ഇളകിയത് കൊണ്ട് ക്യാമറ ഷേക്ക് ആയി പോകുന്നുവെന്നായിരുന്നു സിനിമയുടെ ക്യാമറമാൻ കെ.പി.നമ്പ്യാതിരിയുടെ പരാതി

അതെന്ത് തന്നെയായാലും,,ആ ചിരി അവിടെ നിന്നങ്ങോട്ട് ഹരിശ്രീ അശോകൻ എന്ന നടന്റെ ജീവിതം മാറ്റിമറിച്ചുവന്ന് പറയാം
ആ ചിരി സമ്മാനിച്ച കരുത്തിൽ പിന്നീടങ്ങോട്ട് ഒരുപിടി സിനിമകൾ ലഭിച്ചു
പഞ്ചാബി ഹൗസിലെ രമണൻ വരുന്നു
പറക്കും തളികയിലെ ടിജെ വരുന്നു
കുബേരനിലെ തെയ്യുണ്ണി വരുന്നു
സി.ഐ.ഡി.മൂസയിലെ തൊരപ്പൻ കൊച്ചുണ്ണി വരുന്നു
അങ്ങനെയങ്ങനെ
തീവ്രമായി നാം ഒന്ന് ആഗ്രഹിച്ചാൽ,ആ ആഗ്രഹം നിറവേറുന്നതിന് ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്ന കൊയ്ലോയുടെ വചനം ഹരിശ്രീ അശോകൻ എന്ന അഭിനേതാവിന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്
അശോകേട്ടന്റെ നല്ല വേഷങ്ങൾക്കായി ഇനിയും കാതോർത്തിരിക്കുന്നു
സ്നേഹത്തോടെ