Sunil Waynz

The Cueവുമായുള്ള അഭിമുഖസംഭാഷണത്തിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാർ താൻ സംവിധാനസഹായിയായി പ്രവർത്തിച്ച ‘ദേവാസുരം’ എന്ന സിനിമയുമായി ബന്ധപ്പെട്ടൊരു സംഭവവികാസം ഓർത്തെടുക്കുന്നുണ്ട്.അതിങ്ങനെയാണ് 👇👇

ദേവാസുരത്തിന്റെ ക്ലൈമാക്സും ഓപ്പണിങ് സീക്വൻസും ഏതാണ്ട് ഒരു പോലെയാണ്. ഉത്സവമാണ് നടക്കുന്നത്..ചെർപ്പുളശ്ശേരിക്കടുത്തുള്ള ശ്രീകൃഷ്ണപുരത്തെ ഒരു അമ്പലത്തിലാണ് ഉത്സവം നടക്കുന്നത്..നമ്മുടെ കയ്യിൽ 10-30 ജൂനിയർ ആർട്ടിസ്റ്റുകളേ ഉള്ളൂ,ബാക്കി നമുക്ക് Crowdനെ തന്നെ കിട്ടണം,ആളെ വേണ്ടത് കൊണ്ട് നമ്മള് നേരത്തേ പരസ്യം ചെയ്തിരുന്നു..നോട്ടീസ് അടിച്ചു..ഷൂട്ടിംഗ് ഉണ്ട്,മോഹൻലാൽ വരുന്നുണ്ട്,എല്ലാവരും ഷൂട്ടിന് വരണം എന്നൊക്കെ പറഞ്ഞ് പോസ്റ്റർ ഒട്ടിച്ചു..രാത്രിയാണ് ഷൂട്ട്..ഒരു ആറു ദിവസം Continuous നൈറ്റ് ഷൂട്ടാണ്..അന്ന് വൈകിട്ട് ഷൂട്ടിംഗിനായി ഒരു നാല്-നാലര മണിക്ക് ഞങ്ങൾ ലൊക്കേഷനിൽ എത്തുമ്പോൾ കാണുന്ന കാഴ്‌ച അമ്പലത്തിന്റെ ഒരു രണ്ട്-രണ്ടര കിലോമീറ്റർ തൊട്ടങ്ങോട്ട് അകത്തേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയാണ്,അത്രക്ക് ജനമാണ്..നമുക്കാർക്കും അങ്ങോട്ട് കയറിച്ചെല്ലാൻ നിവർത്തിയില്ല…മോഹൻലാൽ വന്നിട്ട് പുള്ളിക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും പറ്റുന്നില്ല..അവിടെ അത്രക്ക് പോലീസ്കാർ പോലുമില്ല,ആകെ രണ്ടോ മൂന്നോ പോലീസുകാരെ ഉള്ളൂ.. ഷാജൂൺ കാര്യാൽ ആയിരുന്നു അതിനകത്ത് അസോസിയേറ്റ് ഡയറക്ടർ.. ഞാൻ ഫസ്റ്റ് അസിസ്റ്റന്റ്..പിന്നെയുള്ളത് പീതാംബരൻ എന്ന് പറയുന്ന ഒരു അസിസ്റ്റന്റ് ആണ്..പീതാംബരന്റെ ആദ്യത്തെ സിനിമയാണ് ദേവാസുരം, പുള്ളി ക്ലാപ്പ് അടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..ഞങ്ങള് മൂന്ന് പേർ മാത്രമേ അസിസ്റ്റന്റുകൾ ആയിട്ടുള്ളൂ.. അന്ന് സിനിമയുടെ ഷൂട്ട് നടക്കില്ല എന്നാണ് ഞാൻ വിചാരിച്ചത്..ഐ.വി.ശശി അല്ലായിരുന്നുവെങ്കിൽ ആ സിനിമ അന്ന് പാക്കപ്പ് ആണ്,കാരണം പുള്ളിയുടെ ഒരു മനസ്സാന്നിദ്ധ്യം..പുള്ളി ഇവരെ ആരെയും മൈൻഡ് ചെയ്യുന്നില്ല..പുള്ളി നേരെ വരുന്നു..വണ്ടിയിൽ നിന്നിറങ്ങുന്നു..ക്യാമറ കൊണ്ട് വരാൻ പറയുന്നു,ക്യാമറ ഫിറ്റ് ചെയ്യുന്നു..ആനകളെ കൊണ്ട് വരാൻ പറയുന്നു,ആനകളെ സെറ്റപ്പ് ചെയ്യുന്നു..25 ചെണ്ടക്കാർ ഉണ്ടായിരുന്നു..അവരെ നിരയ്ക്ക് നിർത്തുന്നു..അവിടെ ഒറ്റയടിക്ക് ഷൂട്ട് തുടങ്ങുവാണ്..ക്രെയിൻ അവിടെ സെറ്റപ്പ് ചെയ്യുന്നു..ഒരു ക്യാമറ അവിടെ വയ്ക്കുന്നു,വേറൊരു ക്യാമറ ഇവിടെ വയ്ക്കുന്നു..ഷൂട്ട് തുടങ്ങുന്നു..തുടങ്ങിക്കഴിഞ്ഞപ്പോ പിന്നെല്ലാം അങ്ങ് തുടങ്ങി..പെട്ടെന്ന് കാര്യങ്ങളൊക്കെ ക്ലിയർ ആയി..അദ്ദേഹത്തെ പോലൊരു ഡയറക്ടറെ,,ഒരു ടെക്‌നീഷ്യനെ കണ്ടെത്തുക എന്ന് പറയുന്നത് ഇന്ന് വലിയ ബുദ്ധിമുട്ടാണ്
👆👆

ഐ.വി.ശശിയെന്ന അതികായന്റെ പ്രഭാവം മനസ്സിലാക്കാൻ ഈയൊരു സംഭാഷണശകലം ധാരാളമാണ്.സിനിമയെന്ന മാധ്യമത്തെ അക്ഷരാർത്ഥത്തിൽ ജീവവായുവായി കണ്ട സംവിധായകനായിരുന്നു ഐ.വി.ശശി.അടിസ്ഥാനവർഗത്തിന്റെയും ആൾക്കൂട്ടത്തിന്റെയും കഥകളായിരുന്നു ഐ.വി.ശശിയുടെ മിക്കസിനിമകളുടേയും പ്രമേയം.അവരുടെ പകയും പ്രതികാരവും വിയര്‍പ്പും വികാരങ്ങളും സ്വപ്‌നങ്ങളും ഉയിർപ്പുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളിലും നിഴലിച്ചത്.കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ ഇരുപ്പം വീട് ശശിയെന്ന ഐ.വി.ശശിക്ക് ചെറുപ്പം മുതൽക്കേ സിനിമയോട് താൽപ്പര്യം ഉണ്ടായിരുന്നു.ആകസ്മികമായാണ് നാട്ടുകാരൻ കൂടിയായ അക്കാലത്തെ പ്രശസ്ത കലാസംവിധായകൻ എസ്. കൊന്നനാട്ടിനെ,ശശി പരിചയപ്പെടുന്നത്.സിനിമയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന് കൊന്നനാട്ടിനോട് പറഞ്ഞെങ്കിലും വിദ്യാർത്ഥിയായ ശശിയോട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൊന്നനാട്ട് നിർദേശിച്ചത്.

ആയിടക്കാണ് കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ശശിയുടെ പേരും വരുന്നത്.സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും വീട്ടുകാരെ കൊണ്ട് വന്ന് മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് കോളേജ് അധികൃതർ ശശിയോട് പറഞ്ഞു. അച്ഛൻ ഇക്കാര്യം അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് തൽക്കാലം തൃശൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ അഭയം തേടാൻ ശശി തീരുമാനിച്ചു. അങ്ങനെ തൃശ്ശൂരിലേക്ക് പോകാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോമിൽ കിടക്കുന്ന മംഗളൂർ- മദ്രാസ് ട്രെയിൻ അദ്ദേഹം കാണുന്നത്.തൃശ്ശൂരിലേക്ക് പോകാതെ സിനിമാസ്വപ്നങ്ങളുമായി ശശി നേരെ വണ്ടി കയറിയത് മദ്രാസിലോട്ട്. കൊന്നനാട്ടിനെ അന്വേഷിച്ച് മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെയതാ വലിയൊരു ആൾക്കൂട്ടം.നോക്കുമ്പോൾ NTR അഭിനയിക്കുന്ന ഒരു തെലുങ്ക് സിനിമയുടെ ഷൂട്ട് നടക്കുന്നു.ആൾക്കൂട്ടത്തിൽ ഒരാളായി ശശിയും അതിൽ അഭിനയിച്ചു, അതിന് 2 രൂപ പ്രതിഫലവും ലഭിച്ചു. സിനിമയിൽ നിന്ന് ശശിക്ക് ലഭിച്ച ആദ്യപ്രതിഫലം അതായിരുന്നു. കൊന്നനാട്ടിനെ അന്വേഷിച്ച് കുറേ അലഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.ശശിയുടെ അവസ്ഥ കണ്ട് അലിവ് തോന്നിയ ഒരു തമിഴ് സ്ത്രീ അവരുടെ വീട്ടിൽ അദ്ദേഹത്തിന് അഭയം നൽകി.

ഇതിനിടെ ഒരിക്കൽ ശശി,കൊന്നനാട്ടിനെ കണ്ടുപിടിക്കുകയും സിനിമയിൽ പ്രവർത്തിക്കാനുള്ള തന്റെ ഇംഗിതം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു..അങ്ങനെ കൊന്നനാട്ട് ശശിയെ കൂടെക്കൂട്ടി..കൊന്നനാട്ടിനൊപ്പം സഹായിയായി പോകുമ്പോഴാണ് സുഹൃത്ത് കൂടിയായ ഹരിഹരനെ ശശി കണ്ടുമുട്ടുന്നത്..ഹരിഹരൻ അന്ന് സംവിധായകൻ എ.ബി.രാജിന്റെ സഹായിയായി പ്രവർത്തിക്കുകയാണ്. ഹരിഹരൻ,ഐ.വി.ശശിയെ എ.ബി.രാജിനെ പരിചയപ്പെടുത്തി. അങ്ങനെ എ.ബി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമ വഴി ഐ.വി.ശശി കലാസംവിധായകന്റെ മേലങ്കിയണിഞ്ഞു.കലാസംവിധായകൻ ആയിട്ടാണ് സിനിമാജീവിതം തുടങ്ങിയതെങ്കിലും സംവിധാനത്തോടായിരുന്നു ശശിക്ക് എക്കാലവും താൽപര്യം

ആയിടെയാണ് വിജയനിർമല എന്ന തെലുങ്ക് നടി ‘കാറ്റ് വിതച്ചവൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ വരുന്നത്.സിനിമാപ്രേമിയും സുവിശേഷപ്രസംഗകനുമായ ഫാദർ സുവിശേഷമുത്തു എന്ന സുവിയാണ് ചിത്രത്തിന്റെ സംവിധായകൻ.എന്നാൽ സംവിധാനത്തിൽ അത്ര പരിചയം പോരാത്ത സുവി,സംവിധാനത്തിൽ അവഗാഹമുള്ള ആരെയെങ്കിലും അയച്ച്,തന്നെ സഹായിക്കണമെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഷെരീഫിനോട് അഭ്യർത്ഥിച്ചു.ഷെരീഫാണ് ഉറ്റസുഹൃത്തായ ഐ.വി.ശശിയുടെ പേര് സിനിമയിലേക്ക് നിർദേശിച്ചത്.അങ്ങനെ സുവിക്ക് വേണ്ടി ശശി ആ സിനിമ സംവിധാനം ചെയ്തു.ടൈറ്റിലിൽ സംവിധായകന്റെ സ്ഥാനത്ത് ഫാദർ സുവിയുടെ പേരാണ് തെളിഞ്ഞതെങ്കിലും സത്യത്തിൽ ആ സിനിമ സംവിധാനം ചെയ്‌തത് ഐ.വി.ശശി ഒറ്റക്കായിരുന്നു..!!!!

ശശിയുടെ ഊർജ്ജസ്വലത നേരിട്ട് കണ്ട് മനസ്സിലായ നായിക വിജയനിർമല തനിക്ക് വേണ്ടിയും ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യാൻ സഹായിച്ചു കൂടെയെന്ന് ശശിയോട് ചോദിച്ചു,അഭിനയമായിരുന്നു തട്ടകമെങ്കിലും സംവിധാനത്തോട് ആന്ധ്ര സ്വദേശിനിയായ വിജയനിർമലക്ക് എക്കാലവും താൽപര്യം ഉണ്ടായിരുന്നു.മലയാളത്തിൽ ഒരു വനിതാസംവിധായിക വന്നിട്ടില്ല എന്നുള്ളതും തെലുങ്കിൽ ചെയ്യുന്നതിന്റെ പകുതി കാശ് മതി മലയാളത്തിൽ സിനിമ ചെയ്യാമെന്നുള്ളതും വിജയനിർമലക്ക് അറിയാമായിരുന്നു..സംവിധാനത്തിൽ തന്നെ സഹായിച്ചാൽ പ്രതിഫലത്തിന് പുറമേ നിർമാതാവിന്റെ സ്ഥാനത്ത് താൻ ശശിയുടെ പേര് വയ്ക്കാമെന്നൊരു വാഗ്ദാനം കൂടി വിജയനിർമല മുന്നോട്ടു വച്ചു..ഏത് വിധേനെയും സംവിധായകനാകാൻ മോഹിച്ചു നടന്ന ഐ.വി.ശശി ഈ ഓഫർ സ്വീകരിച്ചു.അങ്ങനെ 4 ലക്ഷം രൂപ ചിലവിൽ കവിത എന്ന ആ സിനിമ പുറത്തിറങ്ങി..ഈ സിനിമ വഴി മലയാളത്തിലെ ആദ്യത്തെ വനിതാസംവിധായിക എന്ന വിശേഷണവും വിജയനിർമലക്ക് ലഭിക്കുകയുണ്ടായി.

യഥാർത്ഥസംവിധായകനായ ഐ.വി ശശിയുടെ പേര് ടൈറ്റിലിൽ നിർമാതാവിന്റെ സ്ഥാനത്തും വന്നു (സംവിധായകൻ എന്ന നിലയിൽ ഏറെ പ്രശസ്തനായ ശേഷം പിൽക്കാലത്ത് ഐ.വി ശശി തന്നെയാണ് ഈ രഹസ്യം പുറത്ത് വിട്ടത്)1975ലാണ് ഐ.വി.ശശി സ്വതന്ത്രസംവിധായകനാകുന്നത്. ഉത്സവം എന്നായിരുന്നു സിനിമയുടെ പേര്.ശശിയുടെ സുഹൃത്ത് രാമചന്ദ്രൻ ആയിരുന്നു നിർമാതാവ്.പ്രേം നസീറിന്റെ ഡേറ്റ് കിട്ടാൻ നിർമാതാക്കൾ പരക്കം പായുന്ന കാലത്ത് ഐ.വി.ശശി തന്റെ ആദ്യസിനിമയിൽ നായകനാക്കിയത് അക്കാലത്ത് വില്ലൻ വേഷങ്ങളിലും സ്വഭാവവേഷങ്ങളിലും അഭിനയിച്ച് വന്നിരുന്ന കെ.പി.ഉമ്മറിനെ. തന്നെ നായകനാക്കാൻ വന്ന ശശിയെ ഉമ്മർ നിരുത്സാഹപ്പെടുത്തിയെങ്കിലും ഒടുവിൽ ശശിയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം സിനിമ ചെയ്യുകയാണുണ്ടായത്.റിസർവോയർ നിർമാണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ വരുന്ന എൻജിനീയറെ ഒരു യുവതി പ്രേമിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ഉത്സവത്തിന്റെ പ്രമേയം. താരമൂല്യമില്ലാത്ത സിനിമയായത് കൊണ്ട് ചിത്രത്തിന് വിതരണക്കാരെ കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടു.ആദ്യ ദിവസങ്ങളിൽ തണുപ്പൻ പ്രതികരണം നേടിയ സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റി വഴി കൂടുതൽ ആളുകളിലേക്ക് എത്തുകയും സാമ്പത്തികവിജയം നേടുകയും ചെയ്തു

1976ൽ ഐ.വി.ശശിയുടേതായി നാലു സിനിമകൾ പുറത്ത് വന്നു..1977ൽ 12 സിനിമകളും 1978ൽ 9 സിനിമകളും ഐ.വി.ശശിയുടേതായി ഇറങ്ങി.അതായത് ഈ രണ്ട് വർഷങ്ങളിൽ മാത്രം ശരാശരി 10/11 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്..!!!..അവളുടെ രാവുകൾ,ഈറ്റ,ഇതാ ഇവിടെ വരെ,വാടകക്ക് ഒരു ഹൃദയം പോലുള്ള ജനപ്രിയചിത്രങ്ങൾ ഈ കാലയളവിൽ റിലീസായ ഐ.വി.ശശിച്ചിത്രങ്ങളാണ്.പ്രേം നസീർ,കമലഹാസൻ,രവി കുമാർ പോലുള്ള നടന്മാരുമായി ഐ.വി.ശശി സഹകരിക്കുന്നതും ഈ കാലത്താണ് പത്മരാജന്റെ തിരക്കഥയിൽ ഒരുങ്ങിയ ഇതാ ഇവിടെ വരെയും ഷെരീഫ് എഴുതിയ അവളുടെ രാവുകളും മലയാളസിനിമയുടെ ജാതകം മാറ്റിമറിച്ച ചിത്രങ്ങളാണ്..കുടുംബം നശിപ്പിച്ചയാളോട് പ്രതികാരം ചെയ്യാൻ വന്നവന്റെ കഥയായിരുന്നു ഇതാ ഇവിടെ വരെ.സോമൻ നായകനും മധു വില്ലനുമായ സിനിമ വലിയ ചർച്ചാവിഷയമായി.പിൽക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ അടിവാരം,ഇത് പാതിരാമണൽ പോലുള്ള സിനിമകളെല്ലാം ഈ സിനിമയിൽ നിന്ന് Inspired ആയവയായിരുന്നു

മലയാളസിനിമ കളർ കാലഘട്ടത്തിൽ വിഹരിക്കുന്ന കാലത്താണ് അവളുടെ രാവുകൾ പോലൊരു ബ്ലാക്ക് & വൈറ്റ് സിനിമ ഐ.വി.ശശി സംവിധാനം ചെയ്യുന്നത്. മദിരാശിയിൽ വച്ച് സിനിമയുടെ പ്രിവ്യൂ കണ്ട പലരും സിനിമയെ കുറിച്ച് മോശം അഭിപ്രായമായിരുന്നു പറഞ്ഞത്.മാറ്റിനി ഫുള്ളല്ലായിരുന്നു,ഫസ്റ്റ് ഷോക്ക് കുറച്ച് ആളുണ്ട്.എന്നാൽ സെക്കന്‍ഡ് ഷോയുടെ വിധിയറിയിച്ചു കൊണ്ട് ഐ.വി.ശശിക്ക് മുൻപിൽ ഫോണ്‍ബെല്‍ മുഴങ്ങി.മലബാറിലെ തീയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ ആൾക്കൂട്ടം.ആലപ്പുഴയില്‍ തിരക്കില്‍ ടിക്കറ്റ് കൗണ്ടര്‍ ഇടിഞ്ഞുവീണു. ഒരു തലമുറ,ഒന്നടങ്കം ഒരു സിനിമയെ ആരാധിച്ചു തുടങ്ങിയതിന്റെ നിശ്ശബ്ദസൂചനകളായിരുന്നു അതെല്ലാം. റിലീസ് വേളയിൽ ‘സെക്‌സ് സിനിമ’ എന്ന ലേബൽ പതിച്ചു കിട്ടിയ സിനിമ കാലക്രമേണേ ഗൗരവകരമായ ചർച്ചകൾക്ക് വിധേയമായി.മലയാളസിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷസിനിമകളിലൊന്ന് എന്ന ഖ്യാതിയും ഈ സിനിമ നേടിയെടുത്തു. സ്ത്രീജീവിതത്തിൽ അന്തർലീനമായിരിക്കുന്ന ദുരിതപർവ്വങ്ങളുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന സിനിമയായിരുന്നു അവളുടെ രാവുകൾ. പിന്നീടങ്ങോട്ട് ഐ.വി.ശശിയുടെ തേരോട്ടമാണ് മലയാളസിനിമ കണ്ടത്

1980ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ ജയൻ നായകനായ നാല് സിനിമകളാണ് ഇറങ്ങിയത്..മീൻ/അങ്ങാടി/കരിമ്പന/കാന്തവലയം..ഇതിൽ അങ്ങാടി അന്നോളമുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ചു.കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ വൻ ഹിറ്റായി..ജയന്റെ സംഭാഷണശകലങ്ങളും ശ്യാം ഈണമിട്ട ഗാനങ്ങളും കേരളത്തിൽ തരംഗം സൃഷ്ടിച്ചു..ഇന്ത്യൻ സിനിമയുടെ 100ആം വാർഷികത്തോടനുബന്ധിച്ച് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സിനിമാ ഡയലോഗുകൾ കണ്ടെത്താൻ CNN IBN നടത്തിയ സർവേയിൽ ഈ സിനിമയിൽ ജയൻ പറയുന്ന ‘What Did You Say..Beggars’ എന്ന ഡയലോഗും ഉൾപ്പെട്ടിരുന്നു

വലിയ വിജയം നേടാനായില്ലെങ്കിലും വ്യത്യസ്തമായൊരു പ്രമേയമായിരുന്നു കാന്തവലയം എന്ന സിനിമയും പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് അത് ചെയ്‌തയാളോട് തോന്നുന്ന അടുപ്പവും ആരാധനയുമായിരുന്നു ഈ സിനിമയുടെ പ്രമേയം..മലയാളസിനിമയിൽ ഇങ്ങനെയൊരു പ്രമേയം ആദ്യമായിട്ടായിരുന്നു വന്നത്. സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് വിളിപ്പേരുള്ള ഈ സ്ഥിതിവിശേഷം ചോല ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ഈയടുത്ത് പ്രേക്ഷകർ കണ്ടു.ജയന് നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു സിനിമയിലുടനീളം. മാത്രമല്ല,ജയന്റെ കഥാപാത്രത്തിന് സിനിമയിൽ പേരില്ല എന്നതും ശ്രദ്ധേയം.എന്താണ് നിങ്ങളുടെ പേരെന്ന് നായിക സീമ,ജയനോട് സിനിമയിൽ ചോദിക്കുമ്പോൾ ജയൻ പറയുന്ന മറുപടി ‘മനുഷ്യൻ’ എന്നാണ്..!!!!

ജയന്റെ അപ്രതീക്ഷിതമരണത്തോടെ ജയനെ വച്ച് ചെയ്യാനിരുന്ന പല പടങ്ങളിലേക്കും മറ്റ്‌ നടന്മാരെ ആലോചിക്കേണ്ടി വന്നു ഐ.വി.ശശിക്ക്..ജയനെ വച്ച് ചെയ്യാനിരുന്ന തുഷാരം എന്ന സിനിമയിൽ രതീഷ് നായകനായതും പിന്നീട് രതീഷിന്റെ തന്നെ ശുപാർശയിൽ തൃഷ്ണ എന്ന സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി എന്ന പുതുമുഖനടൻ വരുന്നതുമെല്ലാം ഈ കാലയളവിൽ സംഭവിച്ച സംഗതികളാണ്
80കളുടെ ആദ്യപകുതി മുതൽ മമ്മൂട്ടി,മോഹൻലാൽ യുഗത്തിലേക്ക് മലയാളസിനിമ കളം മാറ്റി ചവിട്ടിയപ്പോൾ ശശി ഇരുവരേയും തന്റെ സിനിമകൾക്കായി കൂടുതൽ ആശ്രയിച്ചു തുടങ്ങി..ശശിയുടെ സ്ഥിരം നടന്മാർക്ക് നായകവേഷങ്ങൾ കുറഞ്ഞതും പലരും സ്വഭാവവേഷങ്ങളിലേക്ക് ചുരുങ്ങിയതും ശശിയുടെ ഈ തീരുമാനത്തിന് നിദാനമായി വന്ന് ഭവിച്ചു.ആദ്യമായൊരു ഐ.വി.ശശി ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത് 1981ൽ ഇറങ്ങിയ അഹിംസയിലാണ്(കൗതുകകരമായ കാര്യം അഹിംസ റിലീസാകുന്നതിനും 2 ആഴ്ച മുന്നേ ഇറങ്ങിയ ‘ഊതിക്കാച്ചിയ പൊന്ന്’ എന്ന സിനിമക്ക് വേണ്ടിയാണ് കരിയറിൽ ആദ്യമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചത്)

തന്റെ 13 സിനിമകളിൽ ഐ.വി.ശശി ഇരുവരേയും ഒന്നിപ്പിച്ചു.സിന്ദൂരസന്ധ്യയ്ക്ക് മൗനം,ഇനിയെങ്കിലും,നാണയം,അതിരാത്രം,ലക്ഷ്മണരേഖ,ആൾക്കൂട്ടത്തിൽ തനിയേ,അടിയൊഴുക്കുകൾ,അനുബന്ധം,അങ്ങാടിക്കപ്പുറത്ത്,ഇടനിലങ്ങൾ,കരിമ്പിൻപൂവിനക്കരെ,വാർത്ത,അടിമകൾ ഉടമകൾ എന്നിവയായിരുന്നു പ്രസ്തുത സിനിമകൾ. രണ്ടു പേർക്കും മറക്കാൻ കഴിയാത്ത ഒരുപാട് വേഷങ്ങൾ ഐ.വി.ശശി സമ്മാനിച്ചു.അഭിനേതാവെന്ന നിലക്ക് മമ്മൂട്ടി വളരുന്നതും ക്രമാനുഗതമായി ചുവടുറപ്പിക്കുന്നതും ഐ.വി.ശശിയുടെയും ജോഷിയുടേയും സിനിമകൾ വഴിയാണ്.ഇക്കാരണം കൊണ്ട് തന്നെ ജോഷിയും ഐ.വി.ശശിയുമാണ് മലയാളസിനിമയിൽ മമ്മൂട്ടിയുടെ മൂലസ്ഥാനം അരക്കിട്ടുറപ്പിച്ചത് എന്ന് പറയുന്നതിലും തെറ്റില്ല

വിഷയവൈവിധ്യം ആയിരുന്നു എന്നും ഐ.വി.ശശി സിനിമകളുടെ പ്രത്യേകത..അതിന് അദ്ദേഹത്തെ സഹായിച്ചതാകട്ടെ മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരും..പ്രതാപകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഐ.വി.ശശിക്ക് വേണ്ടി തിരക്കഥകൾ എഴുതി.ഇതിൽ എം.ടി,ടി.ദാമോദരൻ,ആലപ്പി ഷെറീഫ്,പത്മരാജൻ,ലോഹിതദാസ് എന്നിവരെ എടുത്ത് പറയണം.ആദ്യ ചിത്രമായ ഉത്സവം തൊട്ട് ആലപ്പി ഷെരീഫ് ഐ.വി.ശശിയുടെ കൂടെയുണ്ട്. ശശിക്ക് ആദ്യ കാലത്ത് ലഭിച്ച മിക്ക ഹിറ്റുകളും ഷെരീഫിന്റെ തൂലികയിലാണ് പിറന്നത്.എന്നാൽ ഇടക്കാലത്ത് മറ്റ് തിരക്കഥാകൃത്തുകളുമായി ഐ.വി.ശശിക്ക് സഹകരിക്കേണ്ടി വന്നപ്പോൾ ഈ കൂട്ടുകെട്ട് ഇല്ലാതായി(ദീർഘമായൊരു ഇടവേളക്ക് ശേഷം ഇരുവരും ഒരുമിച്ച അനുരാഗിയെന്ന മോഹൻലാൽ സിനിമയാകട്ടെ ബോക്‌സ് ഓഫീസിൽ വേണ്ടത്ര ശോഭിച്ചുമില്ല).ഷെരീഫിന് ശേഷമാണ് എം.ടിയും ടി.ദാമോദരനും പത്മരാജനുമെല്ലാം ലോഹിയുമെല്ലാം ഐ.വി.ശശി സിനിമകളിലേക്ക് വരുന്നത്

എം.ടിക്ക് വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന സംവിധായകനായിരുന്നു ശശി.എം.ടിയുടെ തിരക്കഥ ആര് സിനിമയാക്കണമെന്ന് നിർമാതാക്കൾ ആരാഞ്ഞപ്പോൾ എം.ടി.തന്നെയാണ് ഐ.വി.ശശിയുടെ പേര് നിർദേശിച്ചത്.ഹരിഹരൻ കഴിഞ്ഞാൽ എം.ടിയുടെ കൂടുതൽ തിരക്കഥകൾ അഭ്രപാളിയിൽ പകർത്താൻ അവസരം ലഭിച്ചതും ഐ.വി.ശശിക്കാണ്. എം.ടിയുടെ 10 തിരക്കഥകൾക്കാണ് ഐ.വി.ശശി ചലച്ചിത്രഭാഷ്യം ചമച്ചത്.തൃഷ്ണ(1981) എന്ന സിനിമയിലാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒരുമിച്ചത്. പിന്നീട് ആരൂഢം,ഉയരങ്ങളിൽ,ആൾക്കൂട്ടത്തിൽ തനിയേ,അടിയൊഴുക്കുകൾ,അക്ഷരങ്ങൾ,രംഗം,അഭയം തേടി,ഇടനിലങ്ങൾ,മിഥ്യ തുടങ്ങിയ സിനിമകളും ഇരുവരും ചേർന്നൊരുക്കി..1984ൽ മാത്രം എം.ടി.യുടെ 4 തിരക്കഥകളാണ് ഐ.വി.ശശി സിനിമയാക്കിയത്(ആൾക്കൂട്ടത്തിൽ തനിയേ,അടിയൊഴുക്കുകൾ,അക്ഷരങ്ങൾ,ഉയരങ്ങളിൽ) എം.ടിക്ക് ശശിയുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു

എം.ടിയും ഷെരീഫും മാത്രമല്ല,ടി.ദാമോദരൻ,ലോഹിതദാസ്,പത്മരാജൻ,ജോൺപോൾ,എസ്.എൽ
പുരം,തോപ്പിൽ ഭാസി,രഞ്ജിത്,രഘുനാഥ് പലേരി,എസ്.എൻ.സ്വാമി,കലൂർ ഡെന്നിസ്,ബാബു ജനാർദ്ദനൻ,ശ്രീകുമാരൻ തമ്പി തുടങ്ങി മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പമുള്ള അനുഭവസമ്പത്ത് ഐ.വി.ശശിയെ പോലെ ചുരുക്കം സംവിധായകർക്ക് അവകാശപ്പെടാവുന്ന ഒന്നാണ്.ഡെന്നിസ് ജോസഫും ശ്രീനിവാസനും രഞ്ജി പണിക്കരും ഒഴിച്ചു നിർത്തിയാൽ തന്റെ സമകാലികരായ ഒട്ടുമിക്ക എഴുത്തുകാരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്ന പ്രത്യേകതയും ഐ.വി.ശശിക്കുണ്ട്..ശശിക്ക് വേണ്ടി ഏറ്റവും കൂടുതൽ സിനിമകൾ എഴുതിയതും ഏറ്റവുമധികം സാമ്പത്തികവിജയങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചതുമായ തിരക്കഥാകൃത്ത് ടി.ദാമോദരനാണ്.അങ്ങാടി,വാർത്ത,ആവനാഴി,ഇൻസ്‌പെക്ടർ ബൽറാം..തീയേറ്ററുകൾ പൂരപ്പറമ്പുകളാക്കിയ എത്രയോ സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു

ഇൻഡസ്ട്രിയിൽ അരങ്ങേറി അധികകാലമാകുന്നതിന് മുൻപേ രഞ്ജിത്തിന്റെയും ലോഹിതദാസിന്റെയും പ്രതിഭ തിരിച്ചറിഞ്ഞ് അവരുടെ പൊട്ടൻഷ്യൽ വേണ്ടവിധത്തിൽ ഉപയോഗിച്ച സംവിധായകൻ കൂടിയാണ് ഐ.വി.ശശി..മൃഗയ എന്ന സിനിമ ലോഹിതദാസിന്റെയും ഐ.വി.ശശിയുടെയും കരിയറിൽ ഏറെ നിർണായകമായ ചിത്രമായിരുന്നു.രഞ്ജിത്തും ഐ.വി.ശശിയും ആദ്യമായി ഒന്നിച്ചത് നീലഗിരി എന്ന സിനിമക്ക് വേണ്ടിയാണ്.നീലഗിരി വൻ പരാജയമായപ്പോൾ ഇതേ കൂട്ടുകെട്ട് രണ്ടു വർഷം കഴിഞ്ഞൊരുമിച്ച ദേവാസുരം വമ്പൻ ജനപ്രീതിയും സാമ്പത്തികവിജയവും നേടി
ഐ.വി.ശശിയുടെ Legacyയെ കുറിച്ച് പറയാൻ കുറേയേറെ കഥകളുണ്ട്. വിലാസിനി എന്ന തൂലികാനാമത്തിൽ നോവലുകൾ എഴുതിയിരുന്ന യശ്ശ:ശരീരനായ എം.കെ.മേനോൻ എന്ന എഴുത്തുകാരനെ പലർക്കും അറിയാമായിരിക്കും. വിലാസിനി എഴുതിയ അവകാശികൾ എന്ന നോവൽ മലയാളസാഹിത്യചരിത്രത്തിൽ ഇടം പിടിച്ച പുസ്തകമാണ്,മറ്റൊന്നും കൊണ്ടല്ല,മലയാളത്തിലെ ഏറ്റവും സുദീർഘമായ നോവൽ എന്ന ഖ്യാതി ഈ പുസ്തകത്തിന് അവകാശപ്പെട്ടതാണ്.സാഹിത്യലോകത്ത് ശ്രദ്ധേയനായ വിലാസിനി എന്നാൽ എക്കാലവും സിനിമയോട് മുഖം തിരിഞ്ഞു നടക്കുകയാണ് ചെയ്‌തിട്ടുള്ളത്‌.ഇതിനിടയിലാണ് മധുവിനെയും ലക്ഷ്മിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.ആർ.പ്രൊഡക്സിന്റെ ബാനറിൽ ഐ.വി.ശശി സംവിധാനം ചെയ്യാനിരുന്ന പുതിയ സിനിമയുടെ രചന നിർവഹിക്കാൻ അണിയറപ്രവർത്തർ വിലാസിനിയെ ബന്ധപ്പെട്ടത്.അണിയറപ്രവർത്തകർ വിലാസിനിയോട് തിരക്കഥ എഴുതി തരണമെന്ന് അഭ്യർത്ഥിച്ചപ്പോൾ വിലാസിനി താല്പര്യമില്ലെന്ന് അറിയിച്ചു. അണിയറപ്രവർത്തകർ വീണ്ടും നിർബന്ധിച്ചപ്പോൾ അദ്ദേഹം ഒന്നയഞ്ഞു.സംവിധായകന്റെ മുൻ സിനിമകൾ കണ്ട ശേഷം തീരുമാനം അറിയിക്കാമെന്നായി മറുപടി.അങ്ങനെ അദ്ദേഹം ശശിയുടെ സിനിമകൾ കാണുകയും സിനിമകളുടെ ക്വാളിറ്റിയിൽ ആകൃഷ്ടനായ അദ്ദേഹം ശശിയുടെ ‘ഒരിക്കൽ കൂടി’ എന്ന സിനിമക്ക് തിരക്കഥ എഴുതി നൽകുകയും ചെയ്‌തു

80 മുതൽ 90 വരെ ഒരുപാട് ഹിറ്റുകൾ ഐ.വി.ശശി ഒരുക്കി..ഈ നാട്,ഇണ,തടാകം,വാർത്ത,കരിമ്പിൻ പൂവിനക്കരെ,1921,ഇങ്ങനെ കുറേ സിനിമകൾ..പക്ഷേ 90കൾ തൊട്ട് ശശിയുടെ പ്രതാപത്തിന് മങ്ങലേറ്റു.എങ്കിലും ഇൻസ്‌പെക്ടർ ബൽറാമിന്റെയും(1991) ദേവാസുരത്തിന്റെയും(1993) വിജയം അദ്ദേഹത്തിന് ആശ്വാസം പകർന്നു..പക്ഷേ ദേവാസുരത്തിന് ശേഷം ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ തൃപ്തിപ്പെടുത്തിയ മറ്റൊരു ഐ.വി ശശിച്ചിത്രം ഇല്ലെന്ന് തന്നെ പറയാം.ദേവാസുരത്തിന് ശേഷം അർത്ഥന,ദി സിറ്റി,വർണപ്പകിട്ട്,അനുഭൂതി,ആയിരം മേനി,ശ്രദ്ധ,ആഭരണച്ചാർത്ത്,ഈ നാട് ഇന്നലെ വരെ,സിംഫണി,ബൽറാം Vs താരാദാസ്,വെള്ളത്തൂവൽ എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇറങ്ങിയത്.ഇതിൽ വർണപ്പകിട്ട് വിജയം നേടിയെങ്കിലും സിനിമയുടെ ഭാരിച്ച നിർമാണച്ചെലവ് നിർമാതാവ് ജോക്കുട്ടനെ ഭീമമായ കടക്കെണിയിലേക്ക് നയിച്ചു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ചെയ്‌ത ശ്രദ്ധ,ബൽറാം Vs താരാദാസ് എന്നീ സിനിമകളുടെ പരാജയവും ഐ.വി.ശശിയെ തളർത്തി
2000ത്തിന് ശേഷം ഐ.വി.ശശി ചെയ്‌ത ഒറ്റ സിനിമക്ക് പോലും വിജയം നേടാൻ സാധിച്ചില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലക്ക് എനിക്കേറെ വ്യസനമുണ്ടാക്കിയ കാര്യമാണ്..

അവസാനകാലത്ത് അദ്ദേഹം ചെയ്ത സിംഫണി പോലുള്ള സിനിമകൾ അദ്ദേഹത്തിന്റെ കരിയറിന് വലിയ ക്ഷതമേല്പിച്ചു.മകൾ അനുവിനെ സിംഫണി വഴി നായികയായി അവതരിപ്പിച്ചുവെങ്കിലും ആ തീരുമാനവും പാളി..അഭിനയം തനിക്ക് പറ്റിയ പണിയല്ല എന്ന് കേവലം 2 സിനിമകൾ കൊണ്ട് തിരിച്ചറിഞ്ഞ അനുവാകട്ടെ പിന്നീട് സിനിമയിൽ അഭിനയിച്ചതുമില്ല.ഭോജ്പുരി സിനിമകൾ തോൽക്കും വിധമുള്ള മസാലച്ചേരുവകൾ ആയിരുന്നു സിംഫണിയിൽ ഐ.വി.ശശി ഒരുക്കി വച്ചത്. ദീപക് ദേവിന്റെ പാട്ടുകൾ ഒഴിച്ചുനിർത്തിയാൽ എല്ലാ അർത്ഥത്തിലും ദുരന്തമായിരുന്നു സിനിമ..രതിയും മനുഷ്യമനസ്സിന്റെ കാമനകളും എല്ലാ കാലത്തും ഐ.വി.ശശി സിനിമകളുടെ ഭാഗമായിരുന്നു.എന്നാൽ അത്തരം രംഗങ്ങൾ എടുക്കണമെന്ന നിർബന്ധബുദ്ധി കൊണ്ട് മാത്രം പിറന്നു വീണവയായിരുന്നില്ല ആ ചിത്രങ്ങൾ,മറിച്ച് തിരക്കഥക്ക് അനുസൃതമായി സിനിമ അത്തരം രംഗങ്ങൾ ആവശ്യപ്പെടുമ്പോൾ മാത്രമാണ് പ്രസ്തുത രംഗങ്ങൾ അതത് സിനിമകളിൽ ഐ.വി.ശശി ചിത്രീകരിച്ചിരുന്നത്.സിംഫണി പരാജയപ്പെട്ടത് ഇവിടെയായിരുന്നു,ആവശ്യത്തിനും അനാവശ്യത്തിനും ഗ്ലാമർ കുത്തിക്കയറ്റിയതും അതിദുർബലമായ തിരക്കഥയും ഈ സിനിമ ബോക്‌സ് ഓഫീസിൽ തകരാൻ
കാരണമായി

ഇതിഹാസതുല്യനായ ഒരു സംവിധായകന്റെ സമ്പൂർണപതനമായിരുന്നു ഈ സിനിമ
2006ൽ ഐ.വി.ശശി സംവിധാനം ചെയ്‌ത ബൽറാം vs താരാദാസ് എന്ന സിനിമയും ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ടു..4 കോടിയോളം രൂപ മുതൽമുടക്കിൽ വന്ന സിനിമ,വെള്ളിത്തിരയിലെ ഹിറ്റ് കൂട്ടുകെട്ടായ മമ്മൂട്ടി-ഐ.വി.ശശി ടീം ഒന്നരപതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിക്കുന്നുവെന്ന കാരണം കൊണ്ടും ശശിയുടെ തന്നെ 2 സൂപ്പർഹിറ്റ് കഥാപാത്രങ്ങൾ ഒരുമിച്ച് സ്ക്രീനിൽ വരുന്നുവെന്ന കാരണം കൊണ്ടും ബോളിവുഡ് നായിക കത്രീന കൈഫിന്റെ മലയാളം അരങ്ങേറ്റം കൊണ്ടും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..ജോൺപോളിന്റെ രചനയിൽ 2009ൽ നിത്യ മേനോൻ/രജിത് മേനോൻ ജോഡിയെ നായകരാക്കി വെള്ളത്തൂവൽ എന്ന സിനിമ കൂടി ഐ.വി.ശശി ഒരുക്കിയെങ്കിലും ആ സിനിമയും വലിയ പരാജയമായി..ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്ത് വന്ന അവസാന സിനിമയും ഇതാണ്..അങ്ങനെ മൂന്നരപ്പതിറ്റാണ്ട് നീണ്ട തന്റെ സംവിധാനജീവിതത്തിന് പരാജയപരമ്പരകളോടെ ഫുൾ സ്റ്റോപ്പ് ഇടേണ്ടി വന്നു ഐ.വി.ശശിക്ക്..വിക്രവും റഹ്മാനും അഭിനയിച്ച പദവി എന്ന സിനിമയും വിമലും സിന്ധു മേനോനും നായികാനായകന്മാരായ അനുവാദമില്ലാതെ എന്ന സിനിമയും ഐ.വി.ശശിയുടെ പുറത്തിറങ്ങാത്ത സിനിമകളാണ്

മികച്ച തിരക്കഥകൾ ലഭിക്കാതിരുന്നതും ട്രെൻഡുകൾക്ക് അനുസൃതമായി Update ചെയ്യപ്പെടാഞ്ഞതുമായിരുന്നു അവസാനകാലത്തെ ഐ.വി.ശശിയുടെ പതനത്തിന് കാരണം. ഏറെക്കുറെ ശശിയുടെ സമകാലീനനായ സംവിധായകൻ ജോഷി,ഈ പ്രതിസന്ധിയെ സമർത്ഥമായി അതിജീവിച്ച ആളാണ്. തിരക്കഥാകൃത്തുകളുടെ തലമുറ മാറ്റം സിനിമയിൽ സംഭവിച്ചപ്പോൾ ജോഷി ആ മാറ്റം ഉൾക്കൊള്ളുകയും പുതിയ എഴുത്തുകാർക്കൊപ്പം സഞ്ചരിക്കുകയും ചെയ്തു,എന്നാൽ ഐ.വി.ശശിക്കാകട്ടെ പ്രതിഭാധനരായ എഴുത്തുകാരുടെ സേവനം പലപ്പോഴും ലഭിക്കാതെ പോയി,ബാബു ജനാർദ്ദനൻ,കെ.എസ്.നൗഷാദ്,റെജി മാത്യു,മഹേഷ് മിത്ര പോലെ താരതമ്യേനെ നവാഗതരുടെ തിരക്കഥയിൽ സിനിമകൾ ചെയ്‌തെങ്കിലും അവക്കൊന്നും വേണ്ടത്ര സ്വീകാര്യത നേടാനും കഴിഞ്ഞില്ല.ഇടക്ക് ദാമോദരൻ മാഷ് ഐ.വി.ശശിക്കായി വീണ്ടും തൂലിക ചലിപ്പിച്ചെങ്കിലും ആ സിനിമകളെല്ലാം പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്(ദി സിറ്റി,ശ്രദ്ധ,ബൽറാം Vs താരദാസ്)
എന്നിരുന്നാലും കരിയറിന്റെ അവസാന കാലത്ത് ചെയ്‌ത പരാജയചിത്രങ്ങൾ ഓർക്കപ്പെടേണ്ട വ്യക്തിത്വമല്ല ഐ.വി.ശശിയുടേത്. നടീനടന്മാരെ നോക്കി കൊട്ടകയിൽ ആളു കയറിയ മലയാളിയുടെ നടപ്പുശീലത്തെ ഉടച്ചുവാർത്തയാളെന്ന ഗരിമ ഐ.വി.ശശിയെന്ന ബ്രാൻഡിനുണ്ട്

മോഹൻലാൽ,മമ്മൂട്ടി,രജനീകാന്ത്,കമലഹാസൻ,ചിരഞ്ജീവി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ 5 സൂപ്പർസ്റ്റാറുകളെ ഡയറക്ട് ചെയ്ത ഏക സംവിധായകനെന്ന ക്രെഡിറ്റും രജനിയേയും കമലഹാസനെയും ഒരുമിച്ച് മലയാളത്തിൽ അഭിനയിപ്പിച്ച ക്രെഡിറ്റും(അലാവുദീനും അത്ഭുതവിളക്കും) മലയാളസിനിമയിലെ ആദ്യത്തെ മുഴുനീള പൊളിറ്റിക്കൽ ത്രില്ലർ ഒരുക്കിയ ക്രെഡിറ്റും(ഈ നാട്) ആദ്യമായൊരു ദക്ഷിണേന്ത്യൻ സിനിമ അമേരിക്കയിൽ ചിത്രീകരിച്ചതിന്റെ ക്രെഡിറ്റുമെല്ലാം(ഏഴാം കടലിനക്കരെ) ഐ.വി.ശശിക്ക് മാത്രം സ്വന്തമാണ്

സ്വരാക്ഷരങ്ങളോടുള്ള ഐ.വി.ശശിയുടെ പ്രേമവും വളരെ ശ്രദ്ധേയമാണ്..ഐ.വി.ശശി ചെയ്ത കുറെയേറെ സിനിമകളുടെ ടൈറ്റിലുകൾ സ്വരാക്ഷരങ്ങളിൽ ആരംഭിക്കുന്നവയിരുന്നു..ആവനാഴിയുടെ ചർച്ചകൾ നടക്കവേ സിനിമക്ക് എന്ത് പേരിടുമെന്ന് ആലോചിച്ച ശശി,തന്റെ സിനിമക്ക് ‘അണ്ടകടാഹം’ എന്ന് വരെ പേരിടുമെന്ന് പറഞ്ഞു കളിയാക്കിയത് പ്രശസ്തനിർമാതാവ് സെഞ്ചുറി കൊച്ചുമോനാണ്..സിനിമക്ക് പേരാലോചിച്ചു വഴി മുട്ടിയപ്പോൾ എന്റെ ആവനാഴിയിലെ അമ്പ് തീർന്നു,ഇനി നിങ്ങള് പേര് കണ്ടുപിടിക്കെന്നും പറഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങിയ കൊച്ചുമോനോട് നമ്മുടെ സിനിമക്ക് ഇപ്പേര് മതിയെന്നും പറഞ്ഞു പുതിയ സിനിമക്ക് ആവനാഴിയെന്ന് പേരിടുകയായിരുന്നുവെത്രേ ഐ.വി.ശശി..!!!
മനോഹരമായ ഗാനങ്ങൾ ആയിരുന്നു ഐ.വി.ശശിച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത..

ദേവരാജൻ,ശ്യാം,എ.ടി.ഉമ്മർ എന്നിവർ ആയിരുന്നു ആദ്യ കാലത്തെ ഭൂരിഭാഗം ഐ.വി.ശശി സിനിമകൾക്കും സംഗീതം നിർവഹിച്ചത്.ഒരു മധുരക്കിനാവിൻ ലഹരിയിൽ,മേടപ്പൊന്നണിയും,ഹൃദയം കൊണ്ടെഴുതുന്ന കവിത..etc..മലയാളി ഇഷ്ടത്തോടെ കേട്ട ഒരുപാട് ഹിറ്റ് പാട്ടുകൾ ഐ.വി.ശശിച്ചിത്രങ്ങളിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് 2017 ഒക്ടോബർ 24ന് ആയിരുന്നു ഐ.വി.ശശിയുടെ ആകസ്മികവിയോഗം..പൂർത്തിയാക്കാൻ ഒരുപാട് സിനിമകൾ ബാക്കി വച്ച് ഇതിഹാസസംവിധായകൻ സിനിമാപ്രേമികളെ ദുഃഖത്തിലാഴ്ത്തി നിത്യനിദ്രയിലേക്ക് വഴുതി വീണു
മലയാളസിനിമക്ക് നൽകിയ സംഭാവനകൾ മാനിച്ച് സംസ്ഥാനസർക്കാർ അദ്ദേഹത്തെ 2014ൽ ജെ.സി.ഡാനിയൽ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി.മികച്ച സംവിധായകനുള്ള സംസ്ഥാനപുരസ്‌കാരം 1989ൽ മൃഗയ വഴിയും മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം 1976ൽ അനുഭവം എന്ന സിനിമ വഴിയും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആരൂഢം എന്ന അദ്ദേഹത്തിന്റെ സിനിമക്ക് ലഭിച്ചു. 1984 ൽ ആൾക്കൂട്ടത്തിൽ തനിയേ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.തന്റെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച നടി സീമയെ 1980ലാണ് അദ്ദേഹം വിവാഹം കഴിച്ചത്.അനു,അനി എന്നിങ്ങനെ 2 മക്കളാണ് അദ്ദേഹത്തിന് ഉള്ളത്
__________________________________
ആനന്ദം പരമാനന്ദം പോലൊരു കോമഡി സിനിമ…
ഉയരങ്ങളിൽ പോലൊരു പക്കാ ത്രില്ലർ…
അക്ഷരത്തെറ്റ് പോലൊരു ഇറോട്ടിക് ത്രില്ലർ…
ഈ നാട് പോലത്തെ പൊളിറ്റിക്കൽ ത്രില്ലർ…
ആവനാഴി പോലുള്ള ആക്ഷൻ ത്രില്ലറുകൾ…
ദേവാസുരം പോലത്തൊരു Cult Classic…
അനുബന്ധം പോലെ വളരെ Intensed ആയൊരു Family മൂവി.
ആൾക്കൂട്ടത്തിൽ തനിയെ പോലുള്ള ഡ്രാമകൾ…
ഒരിക്കൽ കൂടി,ഇണ പോലത്തെ Pure പ്രണയകഥകൾ…
1921 പോലത്തെ ഹിസ്റ്റോറിക്കൽ സിനിമകൾ..
അലാവുദീനും അത്ഭുതവിളക്കും പോലുള്ള ഫാന്റസി സിനിമകൾ
സത്യൻ ഒഴിച്ചു നിർത്തിയാൽ പ്രേം നസീർ,മധു,വിൻസെന്റ്,കെ.പി.ഉമ്മർ,ജയൻ,ജോസ്,സോമൻ,സുകുമാരൻ,കമലഹാസൻ,രവികുമാർ,രവീന്ദ്രൻ,മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തൊട്ട് മുരളിയും മനോജ്.കെ.ജയൻ ശരത് ദാസും രജത് മേനോനും വരെയുള്ള നായകനടന്മാർ..നടിമാരുടെ കാര്യമാണെങ്കിൽ ഷീല,ശ്രീവിദ്യ,ജയഭാരതി,ശാരദ,കെ.ആർ.വിജയ,സുഹാസിനി,ഉർവ്വശി,ശോഭന,സീമ,ലക്ഷ്മി,രേവതി,രാധിക,ശ്രീദേവി,ഉണ്ണിമേരി,ഗീത,സുമലത,മീന പോലുള്ള മലയാളസിനിമയുടെ(ഇന്ത്യൻ സിനിമയുടെ)ചരിത്രത്തിലെ തന്നെ മികച്ച നായികനടിമാർ..പലർക്കും നായകന്റെ നിഴൽരൂപമല്ലാത്ത..വ്യക്തവും ശക്തവുമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങൾ..
തീരുന്നില്ല…
സിനിമയുടെ മൂലകഥക്ക് അനുബന്ധമായി സഞ്ചരിക്കുന്ന ഉപകഥകൾ..അതിനെ ക്ലൈമാക്സ് വരെ സമാന്തരമായി Blend ചെയ്ത് കൊണ്ട് പോകാനുള്ള അനിതരസാധാരണമായ മികവ്..
മലയാളം കൂടാതെ ഹിന്ദിയിലും തമിഴിലും സിനിമകൾ ചെയ്ത വൈഭവം..തമിഴിൽ 7ഉം ഹിന്ദിയിലും 4ഉം തെലുങ്കിൽ 3ഉം സിനിമകൾ സംവിധാനം ചെയ്‌ത അനുഭവസമ്പത്ത്..തമിഴിൽ ചെയ്ത ഗുരുവെന്ന കമലഹാസൻ സിനിമ ഓടിയത് ഒരു കൊല്ലത്തോളം കാലം…!!!!കാണാമറയത്ത്..അവളുടെ രാവുകൾ പോലുള്ള സിനിമകളുടെ ഹിന്ദി റീമേക്കുകളും ആലിംഗനത്തിന്റെയും ഏഴാം കടലിനക്കരെയുടേയും തമിഴ് റീമേക്കുകളും ശശി തന്നെയാണ് സംവിധാനം ചെയ്തത്
സംവിധാനരംഗത്ത് 34 വർഷത്തെ അനുഭവസമ്പത്ത്..ഇതിൽ മലയാളത്തിൽ മാത്രം 100ലേറെ സിനിമകൾ…
മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഡയറക്ടർ..ആദ്യ ബ്രാൻഡ് ഡയറക്ടർ❣️
ക്ലാസിന് നല്ല ക്ലാസ് പടങ്ങളും,മാസിന് നല്ല ഇടിക്കട്ട മാസ്സ് പടങ്ങളും ⚡⚡
അവസാനം ചെയ്ത കുറേയേറെ മോശം സിനിമകൾ കൊണ്ട് പെട്ടന്നങ്ങ് ഇല്ലാതാവുന്നതല്ല ഐ.വി.ശശി എന്ന അതികായൻ മലയാളസിനിമക്ക് നൽകിയ സംഭാവനകൾ
🙂🙂
ചിലർക്ക് കെ.ജി.ജോർജ്ജ് ആകാം…
ചിലർക്ക് അടൂരാകാം..അരവിന്ദനാകാം…
മറ്റ് ചിലർക്ക് ഭരതനോ പത്മരാജനോ ആകാം..
വേറെ ചിലർക്ക് പ്രിയദർശനോ സത്യൻ അന്തിക്കാടോ ആകാം…
ഇതൊന്നുമല്ലാത്തവരുടെ ഓപ്‌ഷൻ ലിജോ ജോസ് പെല്ലിശ്ശേരിയോ ദിലീഷ് പോത്തനോ ആകാം..
എനിക്ക് അന്നും ഇന്നും എന്നും ഈ മനുഷ്യനാണ്
ഐ.വി.ശശി ❣️

You May Also Like

“നല്ലൊരു ഭർത്താവായതിന് നന്ദി”, കാജൽ പ്രിയതമനെഴുതിയ സ്നേഹക്കുറിപ്പ്

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാൾ. ആദ്യമായി അമ്മയാകുന്നതിന്റെ ത്രില്ലിൽ ആണ് താരം . തന്റെ…

സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ സിനിമയാകുമേ ?

സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ സിനിമയാകുമേ ? Faizal Jithuu Jithuu ഏറെ വിവാദം സൃഷ്ടിച്ച…

അമിതാബച്ചന്റെ ആദ്യചിത്രമായ സാത്ത് ഹിന്ദുസ്ഥാനി (1969)യിൽ സഹനടനായി വന്ന മലയാളം സൂപ്പർതാരം ആര് ?

ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച് 1969-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സാത്ത് ഹിന്ദുസ്ഥാനി…

നിങ്ങളൊരു ലോകോത്തര വാർ സിനിമ തിരയുന്ന ഒരാളാണോ… ?

Jithin Vipanjikayil നിങ്ങളൊരു ലോകോത്തര വാർ സിനിമ തിരയുന്ന ഒരാളാണോ… എങ്കിലിതാ നിങ്ങൾക്കായി ഒരു മികച്ച…