ജയനെ ആരാധിച്ചിരുന്ന, നടനാകാൻ ആഗ്രഹിച്ചിരുന്ന ജോണിയെന്ന ജോണി ആന്റണിയുടെ സംഭവബഹുലമായ കഥ

0
381

Sunil Waynz

രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളിൽ അറിവും അവഗാഹവുമുള്ളൊരു വ്യക്തിയോട് 1980ൽ എന്ത് സംഭവിച്ചു എന്നൊരു ചോദ്യം ചോദിച്ചാൽ അയാൾക്ക് പറയാൻ മറുപടികൾ,പലത് കാണും
ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയതും ഇന്ദിരാഗാന്ധി അധികാരത്തിൽ വന്നതും സഞ്ജയ് ഗാന്ധി അപകടത്തിൽ കൊല്ലപ്പെട്ടതുമുൾപ്പടെ നിരവധി കാര്യങ്ങൾ അയാൾക്ക് 1980 എന്ന വർഷത്തെ മാത്രം മുൻനിർത്തി പറയാൻ കാണുമായിരിക്കും

Johny Antony Profile | CineBee Appഎന്നാൽ ആ ചോദ്യം ഒരു ശരാശരി മലയാളിയോട്..കറ തീർന്നൊരു സിനിമാപ്രേമിയോടാണ് ചോദിക്കുന്നതെങ്കിൽ അന്നും ഇന്നും ആ ചോദ്യത്തിന്
ഒരൊറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ
ജയൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട നടന്റെ ദേഹവിയോഗം
1980 നവംബർ 16നാണ് ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകരെ ഞെട്ടിച്ച് ജയൻ എന്ന കൃഷ്ണൻനായർ അകാലമൃത്യുവടഞ്ഞത്.തമിഴ്നാട്ടിലെ ഷോളാവാരത്ത് ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ച ആ ദുരന്തം അരങ്ങേറിയത്.

മരണമടയുമ്പോൾ കേവലം 41 വയസ്സ് മാത്രമേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ.സാഹസികരംഗങ്ങൾ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിൽ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന മലയാളത്തിലെ ഏകനടൻ കൂടിയായിരുന്നു അന്ന് ജയൻ.ഈ ധീരതയും അതിസാഹസികതയും തന്നെയാണ് ജയന്റെ അപ്രതീക്ഷിതവിയോഗത്തിനും വഴിവച്ചത്..ഒരിക്കൽ ചിത്രീകരിച്ച്/സംവിധായകൻ Okey പറഞ്ഞ രംഗം ജയന് തൃപ്‌തി വരാത്തതിനെ തുടർന്ന് വീണ്ടും ചിത്രീകരിക്കുകയും തുടർന്നുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജയന് ജീവഹാനി സംഭവിക്കുകയുമായിരുന്നു

സിനിമയിൽ പ്രതിനായകകഥാപാത്രത്തെ അവതരിപ്പിച്ച ബാലൻ.കെ.നായരുടെ കഥാപാത്രം ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ജയന്റെ കഥാപാത്രം ജയന്റെ സഹോദരനായി അഭിനയിച്ച സുകുമാരന്റെ ബൈക്കിൽ കയറി നിന്ന് ബാലൻസ് ചെയ്ത് ബാലൻ കെ.നായരെ ഹെലികോപ്റ്ററിൽ നിന്ന് താഴെയിറക്കുന്ന രംഗമാണ് അന്നവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്.കോളിളക്കം എന്ന ആ സിനിമയുടെ ക്ലൈമാക്സ് രംഗം കൂടിയായിരുന്നു അത്.എന്നാൽ തൂങ്ങിപ്പിടിച്ച ജയന്റെ ശരീരഭാരം ഹെലികോപ്റ്ററിന്റെ സഞ്ചാരദിശയിൽ കാര്യമായ പ്രശ്നം ഉണ്ടാക്കി.ഹെലികോപ്റ്ററിന് ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ അപകടത്തിലാണ് ജയന് അപകടം സംഭവിക്കുന്നതും അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുന്നതും

Johny Antony - Google Searchമലയാള സിനിമയെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും ഒരു പോലെ വേദനയും ഞെട്ടലും ഉളവാക്കിയ സംഭവമാണ് ജയന്റെ ഈ അകാലമൃത്യു.മറ്റൊരു മലയാള നടന്റെ മരണവും അതിന് മുമ്പ് മലയാളിപ്രേക്ഷകരെ ഇത്ര കണ്ട് വേദനിപ്പിച്ചിട്ടില്ല.പ്രശസ്തിയുടെ പടവുകൾ അതിവേഗം പിന്നിട്ടു കൊണ്ടിരിക്കുമ്പോഴാണ് ജയൻ ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.ജീവിച്ചിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങൾ ആ മനുഷ്യൻ കീഴടക്കിയേനെയെന്ന് അന്നും ഇന്നും അദ്ദേഹത്തിന്റെ ആരാധകരും അഭ്യുദയാകാംക്ഷികളും അടിയുറച്ച് വിശ്വസിക്കുന്നു

ജയന്റെ അകാലമരണം കേരളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ അന്ന് വേദനയിലാഴ്ത്തി.യുവാക്കളും കുട്ടികളും അത്ര കണ്ട് ജയനിൽ/അദ്ദേഹത്തിന്റെ സിനിമകളിൽ ആകർഷണീയത കണ്ടെത്തിയിരുന്നു.മലയാളി യുവതയെ ജയന്റെ സിനിമകൾ അക്കാലത്ത് അത്രയേറെ ഹരം കൊള്ളിച്ചിരുന്നു.ജയൻ മരിച്ചുവെന്ന വാർത്തയറിഞ്ഞപ്പോൾ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും പ്രായഭേദമെന്യേ ഒരുപോലെ വേദനിച്ചു
അക്കൂട്ടത്തിൽ ഒരുവൻ ആയിരുന്നു കോട്ടയം ജില്ലയിലെ ചങ്ങാനാശേരിക്ക് അടുത്ത് മാമ്മൂട് എന്ന സ്ഥലത്ത് താമസിച്ചിരുന്ന ജോണി എന്ന പയ്യൻ
ജോണി ആന്റണി എന്നായിരുന്നു ആ കുട്ടിയുടെ മുഴുവൻ പേര്

കുട്ടിക്കാലം മുതൽക്കേ ഒരു നടനായി തീരണമെന്ന അവന്റെ ആഗ്രഹത്തിന് ഊടും പാവും നെയ്തത് ജയൻ അഭിനയിച്ച സിനിമകളായിരുന്നു.നടനായിത്തീരണമെന്ന അവന്റെ ചിരകാലാഭിലാഷത്തെ ഊട്ടിയുറപ്പിച്ചത് മാമ്മൂട്ടിലെ പ്രശസ്തമായ ബോബി തീയേറ്ററിൽ പോയി കണ്ട ജയൻ സിനിമകൾ ആയിരുന്നു..ആവേശവും ലൗ ഇൻ സിംഗപ്പൂറും കരിമ്പനയും ശക്തിയും ശരപഞ്ജരവും മൂർഖനുമെല്ലാം ഒന്നൊഴിയാതെ കണ്ട് തീർത്ത്..കോരിത്തരിച്ച ബാല്യമായിരുന്നു അവന്റേത്..!!!
സന്ധ്യാ പ്രാർത്ഥനകളിൽ അവൻ പ്രാർത്ഥിച്ചു..ജയനെ പോലൊരു വലിയ നടനായി തീരാൻ തനിക്ക് സാധിക്കണേയെന്ന്..!!!

നൂറും ഇരുനൂറും പേജുള്ള നോട്ടുപുസ്തകങ്ങൾ മുഴുവൻ അവൻ ജയന്റെ സിനിമാപോസ്റ്ററുകളാൽ അലങ്കരിച്ചു…ജയനെക്കുറിച്ച് വന്ന പത്രവാർത്തകളും ജയന്റെ ബഹുവർണചിത്രങ്ങളും അവന്റെ നോട്ടുബുക്കിനെ സമ്പന്നമാക്കി..അത്രക്ക് അവന്റെ ബാല്യത്തിന് നിറപ്പകിട്ട് സമ്മാനിച്ചിരുന്നു ജയൻ അഭിനയിച്ച സിനിമകൾ
ജയന് സംഭവിച്ച അകാലമൃത്യുവിൽ ആ ബാലൻ വല്ലാതെ വേദനിച്ചു.സ്വന്തം കുടുംബത്തിൽ ആർക്കോ സംഭവിച്ചത് പോലൊരു വേർപാട് പോൽ ആയിരുന്നു ആ ബാലനെ സംബന്ധിച്ചിടത്തോളം ജയന്റെ മരണം.ജയന്റെ ദേഹവിയോഗം അവന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു
ഓർമയുറച്ച കാലം മുതൽക്ക് ജോണിയെന്ന ജോണി ആന്റണിക്ക് ജീവനും ജീവിതവുമെല്ലാം സിനിമ തന്നെ ആയിരുന്നു

സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാത്ത കുടുംബമായിരുന്നിട്ട് പോലും അപ്പൻ ആന്റണിയും അമ്മ ലിഡിയയും മകൻ ജോണിയുടെ സിനിമാ പ്രേമത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു.ആ പ്രോത്സാഹനം കൊണ്ട് തന്നെ മാമ്മൂട്ടിലെ ബോബി തീയേറ്ററിൽ വരുന്ന സിനിമകൾ എല്ലാം തന്നെയും ഒന്നൊഴിയാതെ അവൻ കണ്ടു തീർത്തു.ജയൻ എന്ന നടൻ അവന്റെ ആരാധനമൂർത്തിയായി മാറിയത് ഇവിടെ വച്ച് കണ്ട സിനിമകളുടെ പിൻബലത്തിൽ കൂടിയായിരുന്നു..സിനിമ കാണാനുള്ള കാശ് അന്ന് അവന് നൽകിക്കൊണ്ടിരുന്നത് അമ്മ ലിഡിയയായിരുന്നു

താമസിയാതെ ബോബി തീയേറ്ററിന്റെ പേരിലുള്ള ആ റെക്കോർഡും ജോണി സ്വന്തം പേരിൽ കുറിച്ചു
ബോബി തീയേറ്ററിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ കണ്ട ആൾ എന്ന റെക്കോർഡ്..!!!!
സ്‌കൂൾ വിട്ട് ഒരു ദിവസം വീട്ടിൽ വന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ആ വാർത്ത ജോണിക്ക് മേൽ വന്നു പതിച്ചത്
ബോബി തീയേറ്റർ പൂട്ടിയെത്രേ..!!
തന്റെ സിനിമ കാണൽ എന്നന്നേക്കുമായി അവസാനിച്ചുവെത്രേ..!!
സിനിമയെന്ന ആ ബാലന്റെ സ്വപ്നത്തിന് അതോടെ താൽക്കാലിക അറുതിയായി
എന്ത് ചെയ്യണം എന്നറിയില്ല

സിനിമയല്ലാതെ വേറെ ഒരു സന്തോഷവും അവന് അന്നുണ്ടായിരുന്നില്ല
ആയിടെയാണ് ജീവിതം വഴി തിരിച്ചു വിട്ട മറ്റൊരു സംഗതി അരങ്ങേറിയത്
ജോണിയുടെ മൂത്ത സഹോദരിയെ ചങ്ങനാശേരിയിലേക്കും ഇളയ സഹോദരിയെ കറുകച്ചാലിലേക്കും കല്യാണം കഴിച്ചയച്ചു
നഷ്ടപ്പെട്ടുവെന്ന് കരുതിയ സിനിമയുടെ പുതുവസന്തം ആ ബാലനെ സഹോദരിമാരുടെ രൂപത്തിൽ വന്ന് വീണ്ടും ആശീർവദിച്ചു
എല്ലാ ആഴ്ചയുടേയും അവസാനദിവസം അപ്പന്റെ കയ്യിൽ നിന്നോ അമ്മയുടെ കയ്യിൽ നിന്നോ കാശ് വാങ്ങിക്കും..എന്നിട്ട് രണ്ട് സഹോദരിമാരെയും കാണാൻ പോകും
കൂടെ ചങ്ങാനാശ്ശേരിയിലും കറുകച്ചാലിലുമുള്ള തീയേറ്ററിൽ പോയി മുടങ്ങാതെ സിനിമകളും കാണും
അന്ന് ജോണിയുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം അന്ന് ഏറ്റവും വേണ്ടപ്പെട്ട കുടുംബസുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു ചാണ്ടി എന്ന പാലാക്കുന്നേൽ ചാണ്ടിപ്പൻ.ചാണ്ടിപ്പന്റെ വീട്ടിലായിരുന്നു ജോണി തന്റെ ബാല്യത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്.ചാണ്ടിച്ചന്റെ മൂത്ത മകൻ കുര്യച്ചൻ,ജോണിയുടെ ഉറ്റ സുഹൃത്തും കളിക്കൂട്ടുകാരനും ആയിരുന്നു.കുര്യച്ചന് ഒരു ജ്യേഷ്‌ഠസഹോദരൻ കൂടി ഉണ്ടായിരുന്നു.
ജോക്കുട്ടൻ

ചെറുപ്പം മുതൽക്കേ ജോക്കുട്ടനോട്,ജോണിക്ക് വല്ലാത്തൊരു ആരാധന തോന്നിയിരുന്നു..അതിനൊരു പ്രത്യേക കാരണം കൂടിയുണ്ട്
ജോണിയുടെ നാട്ടിലെ ആദ്യ സിനിമാക്കാരൻ ജോക്കുട്ടൻ ആയിരുന്നു
1980ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമക്ക് വേണ്ടി കാശ് മുടക്കിയത് ജോക്കുട്ടനായിരുന്നു..എന്നാൽ ആ സിനിമ സാമ്പത്തികമായി വൻ പരാജയമാവുകയും ജോക്കുട്ടൻ പിൽക്കാലത്ത് നാട് വിടുകയും സിംഗപ്പൂരിൽ ചെന്ന് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു
വളരെ വർഷങ്ങൾക്ക് ശേഷം ഒരു ക്രിസ്മസ് രാത്രിയിൽ ആകസ്മികമായി ജോണി ആന്റണി,ജോക്കുട്ടനെ പള്ളിയിൽ വച്ച് കണ്ടു
കണ്ട് കഴിഞ്ഞതും ജോക്കുട്ടൻ ഓടി വന്നു സംസാരിച്ചു
“നീയങ്ങ് വലിയ ആൾ ആയല്ലോടാ”
എന്ന് ജോക്കുട്ടൻ
പിന്നീട് ജോക്കുട്ടനെ കാണുമ്പോഴെല്ലാം ജോണിയുടെ സംസാരം സിനിമയെ കുറിച്ചായി
കണ്ട സിനിമകളെ കുറിച്ചും തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം ജോക്കുട്ടനോട് ജോണി പങ്ക് വച്ചു കൊണ്ടിരുന്നു

ജോണിയുടെ സിനിമയോടുള്ള അദമ്യമായ ആവേശം കണ്ടപ്പോൾ ജോക്കുട്ടനും ഉറപ്പായിരുന്നു,ജോണി സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന്
നടനായി തീരണം എന്ന ജോണിയുടെ ആഗ്രഹത്തെ,അക്ഷരാർത്ഥത്തിൽ വഴി തിരിച്ചു വിട്ട ആ വാചകങ്ങൾ ഇടക്കെപ്പോഴോ ജോക്കുട്ടൻ പറഞ്ഞു
“നിനക്ക് സിനിമയിൽ ഭാവിയുണ്ട്..നീ ഒരു സംവിധായകനാകണം”
ജോണി ആന്റണി എന്ന ഇന്നത്തെ സൂപ്പർഹിറ്റ് സംവിധായകന്റെ/നടന്റെ ആരംഭം അക്ഷരാർത്ഥത്തിൽ അവിടെ നിന്നാണ് ആരംഭിക്കുന്നത്.

ജോക്കുട്ടൻ അന്ന് സാമ്പത്തികമായി നല്ല നിലയിലാണ്,മാത്രമല്ല മദ്രാസിൽ ജോക്കുട്ടന് ലെതറിന്റെ ബിസിനസ്സുമുണ്ട്..ഇതറിഞ്ഞ് കൊണ്ട് തന്നെ മദ്രാസിൽ പോയി തന്റെ സിനിമ സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ ജോണി തീരുമാനിച്ചു..ആരുടെയെങ്കിലും കീഴിൽ സംവിധാനം പഠിച്ച് പിന്നീട് സ്വതന്ത്രസംവിധായകൻ ആയാൽ മതിയെന്ന് ജോണിയെ ഉപദേശിച്ചതും ജോക്കുട്ടനാണ്..മാത്രമല്ല ജോണി എന്നെങ്കിലും സ്വതന്ത്ര സംവിധായകനായി തീർന്നാൽ ജോണിയുടെ ആദ്യ ചിത്രം താൻ പ്രൊഡ്യൂസ് ചെയ്യാം എന്നൊരു ഓഫറും ജോണിക്ക്,ജോക്കുട്ടൻ നൽകി

(NB : ജോക്കുട്ടനെ മലയാളികൾക്ക് പരിചയം വർണപ്പകിട്ട് എന്ന സിനിമ വഴിയാണ്..ഐ.വി.ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന മോഹൻലാൽ സിനിമ നിർമിച്ചത് ജോക്കുട്ടനാണ്..സിംഗപ്പൂരിൽ വച്ച് ചിത്രീകരിച്ച സിനിമ പ്രേക്ഷകസ്വീകാര്യത നേടിയെടുത്തെങ്കിലും സിനിമയുടെ വൻ ബജറ്റ് ജോക്കുട്ടനെ സാമ്പത്തികമായി തളർത്തുകയാണ് ഉണ്ടായത്..അദ്ദേഹം ഈയിടെയാണ് നിര്യാതനായത്)
ജോക്കുട്ടന്റെ വാക്കുകൾ മനസ്സാൽ ഉരുവിട്ട് സകല ദൈവങ്ങളേയും ധ്യാനിച്ച് എല്ലാ സിനിമാപ്രേമികളും അക്കാലത്ത് സ്ഥിരമായി ചെയ്ത് വന്നിരുന്നൊരു കടുംകൈ ജോണി ആന്റണിയും ചെയ്തു
മദ്രാസിലേക്ക് വണ്ടി കയറി

മദ്രാസിൽ വച്ച് മോഹൻ എന്നൊരു അസോസിയേറ്റ് സംവിധായകനെ ജോണി പരിചയപ്പെട്ടു.മോഹൻ അന്ന് കെ.ജി.രാജശേഖരൻ എന്ന മലയാള സിനിമസംവിധായകന്റെ സംവിധാനസഹായിയായി പ്രവർത്തിക്കുകയാണ്.സുരേഷ് ഗോപി അഭിനയിക്കുന്ന ‘സിംഹധ്വനി’ എന്ന സിനിമയിൽ ആണ് അന്ന് മോഹൻ സഹകരിച്ചിരുന്നത്
മദ്രാസിൽ ഒന്നുമില്ലായ്‌മയിലും വറുതിയിലും ജോണി പതിയെ തന്റെ ജീവിതം ആരംഭിച്ചു..വറുതിയുടെ കാലത്തും ജോക്കുട്ടൻ തന്നെ ആയിരുന്നു ജോണിക്ക് ആശ്രയം..ജോക്കുട്ടൻ തന്നിരുന്ന കാശ് മാത്രമായിരുന്നു അക്കാലത്ത് ഇടക്കാലാശ്വാസമായി തീർന്നത്..അത് കൊണ്ടും പക്ഷേ വഴിയില്ലായിരുന്നു.ജീവിതത്തിൽ അന്നോളം പട്ടിണി കിടന്നിട്ടില്ലാത്ത ജോണിക്ക് പക്ഷേ സിനിമയോടുള്ള അഭിനിവേശം കാരണം ഇടക്കെപ്പോഴോ പട്ടിണിക്കാരനായി മാറേണ്ടി വന്നു

മോഹനൊപ്പം താമസിച്ചിരുന്ന ആ റൂമിൽ രണ്ട് പേർ കൂടി സഹമുറിയന്മാരായി ഉണ്ടായിരുന്നു
മേക്കപ്പ് ആർട്ടിസ്റ്റായ ഒരു ജയമോഹനും പിന്നെ അക്കാലത്ത് തമിഴ്/തെലുങ്ക്/മലയാളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്ന ഭരതൻ എന്നൊരാളും..ഇരുവരും ആ റൂമിൽ തന്നെ ആയിരുന്നു താമസം
ഇങ്ങനെ പോയാൽ അധികനാൾ തള്ളി നീക്കാനാവില്ല എന്ന തിരിച്ചറിവ് അന്ന് ജോണിക്കുണ്ടായി.സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി മദ്രാസിൽ വന്ന് ഒടുക്കം ഒന്നുമില്ലായ്മയിലേക്ക് ഇറങ്ങിചെല്ലേണ്ടി വന്ന അവസ്ഥ
സിനിമയെ കുറിച്ചുള്ള ചിന്ത തൽക്കാലം മാറ്റി വച്ച് ഉപജീവനത്തിനായി ഒരു ജോലിയെക്കുറിച്ചുള്ള അന്വേഷണമായി ആദ്യം

ആയിടെയാണ് താമസസ്ഥലത്ത് താമസിച്ചിരുന്ന നാണു എന്ന മലയാളിയായൊരു പരിചയക്കാരൻ അടുത്തൊരു ഷോപ്പിൽ ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട് എന്ന് ജോണിയെ അറിയിക്കുന്നത്.അങ്ങനെയാണ് താമസസ്ഥലത്തിന് തൊട്ടടുത്ത്/ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലേക്ക് ജോലി തേടി ജോണി പോകുന്നത്
അതൊരു സൂപ്പർ വൈറ്റ് ഷോപ്പ് ആയിരുന്നു
ഒരു ഡസൻ സൂപ്പർ വൈറ്റ് വിറ്റാൽ ആറു രൂപ പ്രതിഫലമായി കിട്ടും
സിനിമയോടുള്ള അടങ്ങാത്ത പ്രേമം ജോണിയെ അങ്ങനെ,അയാൾ ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത മറ്റൊരു ജോലിയിലേക്ക് ആനയിച്ചു
സൂപ്പർവൈറ്റ്,തന്റെ സൈക്കിളിന്റ പിറകിൽ വച്ചു കെട്ടി മദ്രാസ് എന്ന മഹാനഗരത്തിലെ ഊടുവഴികളിലൂടെ മുഴുവൻ ആ യുവാവ് വലംവച്ചു

മലയാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിലേക്ക് ജോണി തന്റെ സൈക്കിളിൽ വച്ച് പിടിക്കും..അവിടെ നല്ല കച്ചവടം ഉണ്ടാകുമെന്ന വിശ്വാസം കൊണ്ടായിരുന്നു അത്.ജോണിയിൽ നിന്ന് സാധനം വാങ്ങിച്ച ഭൂരിഭാഗം പേരും അത് വാങ്ങിച്ചത് സാധനത്തിന്റെ ക്വാളിറ്റി കണ്ടിട്ടല്ലായിരുന്നു,മറിച്ച് കൊടുംചൂടിൽ മദ്രാസെന്ന മഹാനഗരം വലം വച്ച് തളർന്ന് പോയ ജോണിയെന്ന ആ ചെറുപ്പക്കാരന്റെ ദൈന്യത കണ്ട് സഹതാപം തോന്നി മാത്രമായിരുന്നു അവർ ജോണിയുടെ പക്കൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചിരുന്നത്..അത് ജോണിക്കും അറിയാമായിരുന്നു..!!

ജോണി സൈക്കിളിൽ സൂപ്പർ വൈറ്റ് വിൽക്കുന്നത് യാദൃച്ഛികമായി കണ്ട ജോക്കുട്ടൻ,ജോണിയെ തന്റെ വാഹനത്തിൽ പിന്തുടരുകയും പിടികൂടുകയും ചെയ്തു.സിനിമ സ്വപ്നങ്ങളുമായി വന്ന ജോണി പക്ഷേ മദ്രാസിൽ ഇക്കോലത്തിൽ ചുറ്റിതിരിയുന്നത് കണ്ടപ്പോൾ ജോക്കുട്ടന് സഹിച്ചില്ല.
ജോക്കുട്ടൻ കലി കൊണ്ടുറഞ്ഞു തുള്ളി..ജോണിയെ കുറേയേറെ ചീത്തയും പറഞ്ഞു
“നിനക്ക് പണത്തിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ”
സിനിമയോടുള്ള കമ്പം മൂത്ത് മദ്രാസിൽ നട്ടം തിരിയുന്ന ജോണിയെ കണ്ട് സഹമുറിയൻ ജയമോന് സഹതാപം തോന്നി
“ജോണീ..അവസരങ്ങൾ നിന്നെ തേടി വരില്ല..നീ സിനിമക്ക് വേണ്ടിയല്ലേ മദ്രാസിൽ വന്നത്..ഇവിടെ ഒരുപാട് സംവിധായകരുണ്ട്..സമയം കിട്ടുമ്പോൾ നീ അവരെയെല്ലാം പോയി കാണ്”
ഇടക്കെപ്പോഴോ ജയമോഹൻ സ്നേഹപൂർവം ജോണിയെ ഉപദേശിച്ചു
ആ ഉപദേശം മനസ്സാൽ സ്വീകരിച്ചു കൊണ്ട് സിനിമക്കായുള്ള അടുത്ത യാത്ര ജോണി ആരംഭിച്ചു
ആദ്യം പോയി കണ്ടത് അക്കാലത്തെ മലയാളസിനിമയിലെ
മുടിചൂടാമന്നൻ സാക്ഷാൽ ഐ.വി.ശശിയെ ആയിരുന്നു
പിന്നീട് മലയാള സിനിമയിലെ പല പ്രമുഖരോടും പോയി അവസരം ചോദിച്ചു
ജോഷി..
ബാലചന്ദ്രമേനോൻ..
ഹരിഹരൻ തുടങ്ങി അക്കാലത്തെ ഒട്ടുമിക്ക സംവിധായകർക്ക് മുന്നിലും സംവിധാനസഹായിയായി പ്രവർത്തിക്കാൻ അവസരത്തിനായി അഭ്യർത്ഥിച്ചു
ആരും കനിഞ്ഞില്ല…ഒരു ശ്രമവും ഫലവത്തായില്ല

ജോക്കുട്ടൻ ഇക്കാര്യം അറിഞ്ഞത് ആയിടെയാണ്
ജോക്കുട്ടന്റെ ഉറ്റ സുഹൃത്താണ് അക്കാലത്തെ പ്രശസ്തസംവിധായകൻ തുളസിദാസ്‌
അങ്ങനെ ജോക്കുട്ടൻ പറഞ്ഞതിൻ പ്രകാരം തുളസിദാസിനെ ജോണി ആന്റണി പോയിക്കണ്ടു.തുളസിദാസ് അന്ന് താരമൂല്യം താരതമ്യേന കുറവുള്ള ജഗദീഷ്,സിദ്ധിഖ് തുടങ്ങിയ നടന്മാരെ വച്ചും ഒപ്പം ജയറാം,മുകേഷ് പോലുള്ള നടന്മാരെ വച്ചും ലോ-ബജറ്റ് ഫോർമാറ്റിൽ ഒരു പോലെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന കാലമാണ്
അങ്ങനെ ജോക്കുട്ടന്റെ ശുപാർശയിൽ തുളസിദാസിന്റെ പുതിയ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ജോണിക്ക് അവസരം ലഭിച്ചു
സിനിമയെന്ന,തന്റെ വലിയ സ്വപ്നത്തിന്റെ ആദ്യപടി അവിടെ നിന്ന് ജോണി ആന്റണി എന്ന സംവിധായകൻ ആരംഭിച്ചു

1991ൽ പുറത്തിറങ്ങിയ ചാഞ്ചാട്ടമായിരുന്നു തുളസിദാസിനൊപ്പം ജോണി സഹകരിച്ച ആദ്യത്തെ സിനിമ.എസ്.എൻ.സ്വാമി തിരക്കഥയെഴുതിയ ഈ സിനിമ കോമഡി ട്രാക്കിലായിരുന്നു സഞ്ചരിച്ചത്.അക്കാലത്തെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാം നായകനായ ഈ സിനിമയിൽ ഉർവശിയായിരുന്നു നായിക.മനോജ്.കെ ജയൻ,സിദ്ധിഖ്,ജഗതി എന്നിവരും മുഖ്യവേഷങ്ങളിൽ എത്തിയ ഈ ചിത്രം താരപ്പകിട്ട് കൊണ്ട് സമ്പന്നമായിരുന്നു.എന്നാൽ ഈ താരബഹുല്യമൊന്നും സിനിമയെ സഹായിച്ചില്ല..വമ്പൻ പ്രതീക്ഷകളുമായി വന്ന സിനിമ പക്ഷേ ബോക്‌സ് ഓഫീസിൽ നിലംപതിച്ചു
പക്ഷേ
തുളസിദാസ് ജോണിയെ കൈവെടിഞ്ഞില്ല
പിൽക്കാലത്ത് തുളസിദാസ്‌ എടുത്ത മിക്കസിനിമകളിലും ജോണിയേയും സഹകരിപ്പിച്ചു.അസോസിയേറ്റ് ആയും അസിസ്റ്റന്റ് ആയുമെല്ലാം ഏതാണ്ട് 13ഓളം തുളസിദാസ് സിനിമകളിൽ ജോണി ആന്റണി തുടർച്ചയായി സഹകരിച്ചു
മുകേഷ്,സിദ്ധിക്കുമാർ അഭിനയിച്ച പൂച്ചക്കാര് മണികെട്ടും..മലപ്പുറം ഹാജി മഹാനായ ജോജി
ജയറാം-കനക ടീമിന്റെ ഏഴരപ്പൊന്നാന
സിദ്ധിഖിന്റെ കൺഗ്രാജുലേഷൻ മിസ് അനിതാ മേനോൻ.
മുകേഷ് നായകനായ ശുദ്ധമദ്ദളം
… മാണിക്ക്യചെമ്പഴുക്ക
… സുന്ദരി നീയും സുന്ദരൻ ഞാനും
… മന്ത്രികുമാരൻ
ജയറാം നായകനായ മിന്നാമിനുങ്ങിനും മിന്നുകെട്ട്
… സൂര്യപുത്രൻ
മമ്മൂട്ടി നായകനായ ആയിരം നാവുകൾ അനന്തൻ
ദിലീപ് നായകനായ മായപൊന്മാൻ
തുടങ്ങിയ തുളസിദാസ്‌ സിനിമകളിൽ ജോണി ആന്റണി സഹകരിച്ചു

തുളസീദാസിന്റെ മാത്രമല്ല,മറ്റ് സംവിധായകരുടെ കീഴിലും ജോണി ആന്റണി അസോസിയേറ്റ് ഡയറക്ടർ ആയും അസിസ്റ്റന്റ് ഡയറക്ടറായുമെല്ലാം സഹകരിച്ചിട്ടുണ്ട്
ജോസ് തോമസ്(ഉദയപുരം സുൽത്താൻ,സുന്ദരപുരുഷൻ,സ്നേഹിതൻ)
അശ്വതി ഗോപിനാഥ് (തിരുവിതാംകൂർ തിരുമനസ്സ്)
നിസ്സാർ (സുദിനം)
കെ കെ.ഹരിദാസ് (പഞ്ചപാണ്ഡവർ)
താഹ(ഈ പറക്കും തളിക)തുടങ്ങിയവർ അവരിൽ ചിലരാണ്
സംവിധായകസഹായിയായി പ്രവർത്തിക്കുന്ന കാലത്തും ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് ജോണി..ഇതിൽ ഏറ്റവും ശ്രദ്ധേയമായതും,ആളുകൾ ഇന്നും ഓർത്തിരിക്കുന്നതുമായ വേഷം ഈ പറക്കും തളികയിലെ നാടോടിക്കഥാപാത്രമാണ്..പറക്കുംതളിക കണ്ടവരാരും ജോണി അവതരിപ്പിച്ച ആ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല.ഉദയപുരം സുൽത്താൻ,സുന്ദരി നീയും,സുന്ദരൻ ഞാനും,മലപ്പുറം ഹാജി മഹാനായ ജോജി തുടങ്ങിയ സിനിമകളിലും ചെറിയ ചില വേഷങ്ങളിൽ ജോണി അഭിനയിച്ചിട്ടുണ്ട്

ജീവിതം വഴി തിരിച്ചു വിട്ട മറ്റൊരു സൗഹൃദത്തിന് ആകസ്മികമായി നാന്ദി കുറിക്കുന്നതും തുളസിദാസിന്റെ കൂടെ സംവിധായക സഹായി ആയി പ്രവർത്തിക്കുമ്പോഴാണ്.തുളസീദാസിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന സമയത്താണ് കമലിന്റെ അസിസ്റ്റന്റ് ആയി വന്ന ഗോപാലകൃഷ്ണൻ എന്ന യുവാവിനെ ജോണി പരിചയപ്പെടുന്നത് ഇരുവരുടെയും പരിചയം പിന്നീട് സൗഹൃദമായി..ഗോപാലകൃഷ്ണൻ എന്ന ആ യുവാവ് പിന്നീട് ദിലീപ് എന്ന പേര് സ്വീകരിക്കുന്നതും മലയാള സിനിമയിലെ മൂല്യമുള്ള നായക നടനായി പരിണമിക്കുന്നതുമെല്ലാം ചുരുങ്ങിയ കാലം കൊണ്ടാണ്.പിൽക്കാലത്ത് ദിലീപ് നായകനായ നിരവധി സിനിമകളുടെ ഭാഗമാകാൻ ജോണിക്ക് അവസരം സിദ്ധിച്ചു
തുളസിദാസ്‌ ഒരുക്കിയ മായപ്പൊന്മാൻ
ജോസ് തോമസിന്റെ ഉദയപുരം സുൽത്താൻ
താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക
ശശിശങ്കർ ഒരുക്കിയ കുഞ്ഞിക്കൂനൻ എന്നീ സിനിമകളുടെ അണിയറയിൽ ജോണിയും ഉണ്ടായിരുന്നു.ദിലീപിനൊപ്പം ജോണി ആന്റണി സഹകരിച്ച സിനിമകളിൽ ഭൂരിഭാഗം സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നുവെന്ന സവിശേഷത കൂടിയുണ്ട്
ദിലീപ് നായകനിരയിൽ ശക്തനായി മുന്നേറി കൊണ്ടിരിക്കുന്ന കാലത്താണ് ‘ഉദയപുരം സുൽത്താൻ’ എന്നൊരു സിനിമ ചെയ്യുന്നത്..ജോസ് തോമസ് ഒരുക്കിയ ആ സിനിമയിൽ ചീഫ് അസോസിയേറ്റ് ആയി ജോണിയും പ്രവർത്തിച്ചിട്ടുണ്ട്. ഉദയപുരം സുൽത്താന്റെ ഷൂട്ടിങ്ങിനിടെ വീണ് കിട്ടിയ അവസരങ്ങളിൽ എപ്പോഴോ ദിലീപ്,ജോണിയോട് ചോദിച്ചു

“സംവിധാനം പഠിക്കാൻ വന്ന എല്ലാവരും സംവിധായകൻ ആയി..നിനക്ക് സംവിധായകൻ ആകണ്ടേ” ?
“നിങ്ങളൊക്കെ ഡേറ്റ് തരേണ്ടേ” എന്നായിരുന്നു ജോണിയുടെ മറുചോദ്യം
“ഡേറ്റൊക്കെ ഞാൻ തരാം..നീ ആദ്യം നല്ലൊരു സബ്ജെക്ട് കണ്ടെത്ത്..എന്നിട്ട് എന്റെ അടുത്തേക്ക് വാ”
ദിലീപിന്റെ ഈ മറുപടി ജോണിക്ക് വലിയ ആത്മവിശ്വാസം സമ്മാനിച്ചു
ദിലീപ് തന്നെ ഇടപെട്ടിട്ടാണ് തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി.കെ.തോമസുമാരെ ജോണിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്
അങ്ങനെ ഇടക്കെപ്പോഴോ ഉദയകൃഷ്ണ-സിബി.കെ.തോമസുമാർ ഒരു കഥ ജോണിയോട് പറഞ്ഞു
ഒരു ഡോഗ് ട്രെയ്നറുടെ കഥ
കഥ കേട്ടതും ജോണിക്ക് വളരെ ഇഷ്ടമായി
ദിലീപിനോട് കാര്യം പറഞ്ഞപ്പോൾ ദിലീപിനും കഥ ഇഷ്ടമായി..ധൈര്യമായി മുന്നോട്ട് പോകാൻ ദിലീപിന്റെ പിന്തുണ
അടുത്ത കടമ്പയായിരുന്നു പ്രശ്നം..പടം.പ്രൊഡ്യൂസ് ചെയ്യാൻ ആളെ കിട്ടുന്നില്ല..
ജോണിയിൽ നിന്ന് കാര്യമറിഞ്ഞ ദിലീപ് വീണ്ടും സഹായഹസ്തവുമായി മുന്നോട്ട് വന്നു
താൻ ഈ സിനിമ നിർമിച്ചോളാം എന്ന ഉറപ്പ് ദിലീപ്,ജോണിക്ക് നൽകി
ഒരു പുതുമുഖസംവിധായകനെ സംബന്ധിച്ചിടത്തോളം അങ്ങനെ സ്വപ്നതുല്യമായ തുടക്കം ജോണി ആന്റണിക്ക് മലയാളസിനിമയിൽ ലഭിച്ചു

സി.ഐ.ഡി മൂസ എന്ന ജോണിയുടെ ആദ്യ സിനിമയുടെ ഷൂട്ടിങ് ദ്രുതഗതിയിൽ ആരംഭിച്ചു
ഇടക്ക് ഉദ്ഘാടനം കഴിയാത്ത റോഡ് സിനിമയുടെ ഷൂട്ടിങ്ങിനായി ഉപയോഗിച്ച് വൃത്തികേട് ആക്കി എന്ന് വിവാദത്തിലും സിനിമ പെട്ടു..എന്നാൽ അതൊന്നും കാര്യമാക്കാതെ സിനിമയുടെ ചിത്രീകരണം അതിവേഗം മുന്നോട്ട് പോയി
ഒടുവിൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 2003 ജൂലായ് 4 ന് സിനിമ റിലീസായി
പടം ഇറങ്ങി അധികം വൈകാതെ തന്നെ അക്കൊല്ലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറി
സിനിമ വലിയ വിജയമായതോടെ ഒറ്റയടിക്ക് ജോണിയുടെ മൂല്യവും കുതിച്ച് കയറി
എന്നാൽ അടുത്ത സിനിമ ചെയ്യാൻ ജോണി രണ്ട് വർഷം കാത്തിരുന്നു
2005ൽ പുറത്തിറങ്ങിയ ‘കൊച്ചി രാജാവ്’ എന്ന ദിലീപ് നായകനായ സിനിമയും സൂപ്പർഹിറ്റ് ആയി
2006ൽ മമ്മൂട്ടിയെ നായകനാക്കി ചെയ്‌ത മൂന്നാം ചിത്രം തുറുപ്പുഗുലാനും സൂപ്പർഹിറ്റ്
അങ്ങനെ ചെയ്‌ത ആദ്യ മൂന്ന് സിനിമകളും ഹാട്രിക് ഹിറ്റ് കൈവരിച്ച മലയാളത്തിലെ ചുരുക്കം സംവിധായകരുടെ പട്ടികയിലേക്ക് ജോണി ആന്റണിയെന്ന സംവിധായകനും നടന്ന് കയറി
പിന്നീട്..
ഇൻസ്‌പെക്ടർ ഗരുഡ്..
സൈക്കിൾ..
ഈ പട്ടണത്തിൽ ഭൂതം..
താപ്പാന..
മാസ്റ്റേഴ്സ്..
ഭയ്യാ ഭയ്യാ..
തോപ്പിൽ ജോപ്പൻ..
എന്നിങ്ങനെ കൃത്യം 10 സിനിമകൾ
ശിക്കാരി ശംഭു എന്ന സിനിമ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ആ സിനിമയുടെ തിരക്കഥാകൃത്തും പ്രിയസുഹൃത്തുമായ നിഷാദ് കോയയുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായി ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്യുന്നത്
ഫാദർ ലൂക്കോ എന്ന ആ കഥാപാത്രവും ഒപ്പം സിനിമയും ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയിക്കാൻ നിരവധി ഓഫറുകൾ..നിരവധി സിനിമകൾ
ഹ്രസ്വമായ കാലയളവിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തു
ഡ്രാമായിലെ ആന്റോ
ജോസഫിലെ ഫാദർ
ഗാനഗന്ധർവനിലെ പ്രിൻസ്
വരനെ ആവശ്യമുണ്ട് ഡോ.ബോസ്

സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിലെ/മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറിലെ/ലവിലെ/വെള്ളത്തിലെ വേഷങ്ങൾ
അവസാനം ഓപ്പറേഷൻ ജാവയിലെ ബാബുരാജ് വരെ
കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ഖാലിപേഴ്‌സ്,ഉപചാരപൂർവ്വം ഗുണ്ടാജയൻ,സബാഷ് ചന്ദ്രബോസ്,മെമ്പർ രമേശൻ,ഖജുരാഹോ ഡ്രീംസ്,ഒറ്റക്കൊമ്പൻ,തിരിമാലി,മൈ നെയിം ഈസ് അഴകൻ,ഹോം,ഉദയ,ഒറ്റ,ആറാട്ട്,പത്രോസിന്റെ പടപ്പുകൾ,മേരി ആവാസ് സുനോയുൾപ്പടെ ഒരു ഡസനിലധികം സിനിമകൾ വേറെയും
👇👇
❤️ വിജയിക്കാൻ ഇറങ്ങിത്തിരിച്ചവൻ ❤️
👆👆
30 വർഷത്തിനിപ്പുറം മലയാളസിനിമയുടെ വിശാലമായ വാതായനത്തിൽ നിന്ന് ജോണി ആന്റണി എന്ന നടനെ..ജോണി ആന്റണി എന്ന സംവിധായകനെ വിശേഷിപ്പിക്കാൻ വേറെ വാക്കുകളൊന്നും ഓർമയിൽ വരുന്നില്ല
പ്രിയപ്പെട്ട ജോണിച്ചേട്ടന് ആശംസകൾ