Sunil Waynz

വീട്ടിൽ പോയിട്ട് എന്തേ ഇത്ര വേഗം തിരിച്ചു വന്നതെന്ന് മാള അരവിന്ദന്റെ വേലുഭായ്‌ എന്ന കഥാപാത്രം കന്മദമെന്ന സിനിമയിൽ മോഹൻലാലിന്റെ വിശ്വനാഥനോട് ചോദിക്കുമ്പോൾ അർത്ഥഗർഭമായൊരു മൗനമാണ് വിശ്വനാഥന്റെ മറുപടി വേലുഭായിയോട് എന്ത് പറയണമെന്ന് ആലോചിച്ച് നിൽക്കുന്ന ഒരു പരമസാധുവിന്റെ ഭാവഭേദമായിരുന്നു അയാൾക്കപ്പോൾ വിശ്വന്റെ പിന്നീടുള്ള വാക്കുകളിൽ, അങ്ങേയറ്റം ആത്മതാപമാണ് അനുഭവപ്പെടുന്നത്

“അമ്മ..എന്റെ അമ്മ”
വാക്കുകൾ പാതിയിൽ മുറിഞ്ഞു പോകുന്നു
ഇടറുന്നു..
തനിക്കേറ്റവും പ്രിയപ്പെട്ട അമ്മ സമ്മാനിച്ച അകൽച്ചയുടെ വ്യഥയും വലിയ ദുഃഖഭാരവുമാണ് അയാളുടെ മനസ്സിനെ അപ്പോഴും അടക്കി ഭരിക്കുന്നത്
വിശ്വന്റെ ആ ഇടർച്ചയെ ഖണ്ഡിക്കുന്നത് അയാളുടെ സുഹൃത്ത് ജോണിയാണ് (ലാൽ)
അയാളുടെ ചോദ്യമാണ്
“ചത്തോ…നിന്റെ അമ്മ ചത്തോ??
(വന്യമായൊരു ചിരി)
വിശ്വന്റെ മുഖത്ത് നോക്കി,ജോണി വീണ്ടും ആവർത്തിക്കുന്നു
“നിന്റെ അമ്മക്ക് ഒരു രണ്ടാം പാപ്പാൻ ഉണ്ടായിരുന്നില്ല്യേ ?? ഹ്..ഹ്..അയാളും ചത്തോ ??? നന്നായി..ഇനീപ്പോ അമ്മാ,കിമ്മാ ന്നൊന്നും പറഞ്ഞ് ബോറടിപ്പിക്കുന്ന വർത്താനൊന്നും നീ പറയില്ല്യല്ലോ..വേലുഭായ്‌ (മാള അരവിന്ദനെ ചൂണ്ടിക്കൊണ്ട്) ഇവനൊരു വിചാരണ്ട്..ഇവന് അമ്മയുണ്ട്,അമ്മേടെ നായരുണ്ട്..സ്വന്തബന്ധങ്ങള്ണ്ട്..അവർക്കൊക്കെ ഇവൻ തേനാണ്,പാലാണ്..മണ്ണാംങ്കട്ട..വെറുതെ..ഒക്കെ തട്ടിപ്പാന്നേ..കള്ളത്തരം..ത്ഫൂ”

അത്രയും കാലം ജോണിയുടെ ഉള്ളിൽ പുകഞ്ഞു കത്തിയിരുന്ന വന്യതയും മൃഗീയതയുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട്/ഒരൊറ്റ ഷോട്ട് കൊണ്ട് വെളിവാകുകയാണ്..അത്രയും നേരം അവിടെ നിന്നിരുന്ന വേലുഭായ്‌ പോലും ജോണിയുടെ പെട്ടെന്നുള്ള പകർന്നാട്ടം കണ്ട് തരിച്ചു പോകുന്നുണ്ട്..ഉള്ളു കത്തി നിൽക്കുന്ന ഒരു മനുഷ്യനെ ഇതിൽ കൂടുതൽ നോവിപ്പിക്കാൻ ഒരു സുഹൃത്തിനും കഴിയില്ല എന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം,ജോണിയുടെ സംഭാഷണശകലം കേട്ടയുടൻ വിശ്വൻ ഒരക്ഷരം പറയാതെ തല കുമ്പിട്ട് സ്ഥലമൊഴിഞ്ഞു പോകുന്നുണ്ട്

എന്നാൽ തൊട്ടടുത്ത സീനിൽ അതിമനോഹരമായൊരു ദൃശ്യഭാഷ ചമച്ചു വച്ചിരിക്കുന്നു സംവിധായകൻ ലോഹിതദാസും ക്യാമറാമാൻ രാമചന്ദ്രബാബുവും ഈ സിനിമയിലെ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ട ഫ്രയിമുകളിൽ ഒന്ന്

ഒളിമങ്ങിക്കാണിച്ചു തുടങ്ങുന്ന വിശ്വന്റെ ഫ്രെയിമിലേക്ക് ഇരുളിൽ നിന്ന് പതുക്കെ നടന്നടുത്ത് വരുന്ന ജോണി..അരണ്ട വെളിച്ചത്തിൽ നിന്ന്,നിറഞ്ഞ തെളിച്ചത്തിലേക്ക് കടന്നു വരുന്ന ജോണി..
ഞൊടിയിട കൊണ്ട് ജോണിക്ക് സംഭവിച്ച…അയാളുടെ മനസ്സിന് സംഭവിച്ച പരിണാമത്തിന്റെ മുന്നൊരുക്കം കൂടിയാണ് ഈ ഷോട്ട് പറയാതെ പറയുന്നത്

വന്യതയിൽ നിന്ന്..
ക്രൗര്യത്തിൽ നിന്ന്..
തീർത്തും സാധാരണക്കാരനായൊരു മനുഷ്യനിലേക്കുള്ള ജോണിയുടെ പ്രയാണം..പരിണാമം
“വിശ്വാ..നിനക്ക് വെഷമായോ..ചിലത് കേൾക്കുമ്പോ എനിക്ക് ഭ്രാന്താ..എനിക്കില്ലാത്തതൊക്കെ നിനക്ക് ഉണ്ടെന്ന് പറയുമ്പോ എനിക്ക് കലിയാ വരാ..എറണാകുളം റെയിൽവേ സ്റ്റേഷനിൽ രണ്ട് വയസ്സുള്ള എന്നെ ഉറക്കിക്കിടത്തി സ്വന്തം കാര്യം നോക്കി പോയ ഒരുത്തിയാ എന്റെ ഓർമയില്..ആ എനിക്ക്,നിന്റെ അമ്മ ചത്തൂ ന്ന് കേട്ടാ ഒന്നും തോന്ന്ല്ല്യാ..ചിരിയാ വരാ”

വിശ്വൻ : (എഴുന്നേറ്റിരുന്ന് കണ്ണീർ തുടച്ച്) “എന്റെ അമ്മ ചത്തിട്ടൊന്നുല്ല്യാ”
ജോണി : “ഏഹ്..ഇല്ലേ”??
വിശ്വൻ : “ഇല്ല”
ജോണി : “അപ്പോ നീ പറഞ്ഞത്” ???
വിശ്വൻ : “ആര് പറഞ്ഞു??മരിച്ചു പോയിരുന്നെങ്കീ എനിക്കിത്രേം സങ്കടം വരില്ല്യാർന്നു..ഇതിപ്പോ,ന്റെ അമ്മേടെ മുന്നില് ഞാൻ ആരുമല്ലാതായി..അമ്മേടെ ജീവിതം തകർത്ത ശത്രു..ചെയ്യാൻ പാടില്ലാത്തത് ചെയ്തു പോയി,അതിന് മനസ്സ് കൊണ്ട് ഇത്രയും കാലം മാപ്പും പറഞ്ഞു..എന്നിട്ടും..വേണ്ട,ആരും വേണ്ടാ…നമുക്കീ ഭൂമിയില് ആരും വേണ്ട”
ജോണി : “നീ വെഷമിക്കാതിരി..തെരുവാ നമ്മളെ വളർത്തിയത്..ഓടയില് പന്നിക്കുഞ്ഞുങ്ങള് കഴിഞ്ഞ പോലാ നമ്മള് കഴിഞ്ഞത്..ആരും ഉണ്ടായിരുന്നില്ല..ഇനിയും ആരും വേണ്ട..എനിക്ക് നീയുണ്ടായാ മതി..നിനക്ക് ഞാനുണ്ടാവും.

സൗഹൃദമെന്ന മൂന്നക്ഷരം കൊണ്ട് മലയാളസിനിമാഭൂമികയിലെ സകലമാനസൗഹൃദ്ബന്ധങ്ങളെയും കൂട്ടിക്കെട്ടാൻ തുനിഞ്ഞവർ,ഇടക്കെപ്പോഴോ മറന്നു പോയ രണ്ട് പേർ – വിശ്വനും ജോണിയും. മോഹൻലാൽ എന്ന പെർഫോമറെ കുറിച്ച് പറയുമ്പോഴോ ലോഹിതദാസ് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോഴോ എവിടെയും ആരും അങ്ങനെ കാര്യമായി എടുത്ത് പറയാത്തൊരു സിനിമയാണ് കന്മദം..ഇതിന് മുമ്പും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലാൽ എന്ന നടനിലെ സ്പാർക്ക് അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്‌ക്രീനിൽ ആദ്യമായി തെളിഞ്ഞുകണ്ടത് ഈ സിനിമയിൽആയിരുന്നിരിക്കണം.. മോഹൻലാലിനൊപ്പമുള്ള ലാലിന്റെ കോമ്പിനേഷൻ രംഗങ്ങളിൽ ആയിരുന്നിരിക്കണം

പേഴ്‌സണലി വളരെയധികം ഇഷ്ടമുള്ള..റിപ്പീറ്റ് വാല്യു തോന്നിപ്പിക്കുന്ന ഒരു സിനിമയാണ് എന്നെ സംബന്ധിച്ചിടത്തോളം കന്മദമെന്ന ഈ സിനിമ..മഞ്ജുവിന്റെ ഭാനു,ശ്രീജയയുടെ സുമ, മുത്തശ്ശി, രാജി,ദാമു,കുമാരേട്ടൻ അങ്ങനെ സ്‌ക്രീനിൽ വന്നവനും പോയവരും തൊട്ട് ഒറ്റ സീനിൽ മാത്രം വന്ന് പോയ കെ.പി.എ.സി.ലളിതക്ക് വരെ വ്യക്തമായ Space നൽകിയൊരുക്കിയ ശക്തമായ തിരക്കഥ..കൂട്ടത്തിൽ പാലക്കാടിന്റെ വന്യത മുഴുവനായും ഒപ്പിയെടുത്ത രാമചന്ദ്രബാബുവിന്റെ ക്യാമറ..രവീന്ദ്രൻ മാഷിന്റെ സംഗീതം..എസ്.പി.വെങ്കിടേഷിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തലസംഗീതം പ്രിയപ്പെട്ട ലോഹിതദാസ്.. നിങ്ങളുടെ നായകർ മനുഷ്യരായിരുന്നു..ഹൃദയമുള്ള മനുഷ്യര്‍.ഹൃദയത്തില്‍ ജീവിക്കുന്ന ഹൃദയമുള്ള മനുഷ്യർ

Leave a Reply
You May Also Like

പ്രതികാരം ഒരു പശ്ചാത്തലമായി വരുന്ന കഥ

Ash Wanth വലിയ പ്രതീക്ഷകളുള്ള ഒരു ചിത്രമായിരുന്നു തീർപ്പ്.ഏറ്റവും പ്രധാന കാരണം മുരളി ഗോപി.പുള്ളിയുടെ തിരക്കഥയ്ക്ക്…

നെഗറ്റിവ് റിവ്യൂസിലും കെജിഎഫിന്റെ ആക്രമണത്തിലും വീഴാതെ തമിഴകത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി നേടുന്ന ചിത്രമായി ബീസ്റ്റ്

കോളീവുഡിൽ മിനിമം ഗ്യാരണ്ടി നടന്മാരിൽ ഒരാളാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ സാമ്പത്തിക വിജയമോ…

ഐഡന്റിറ്റി ക്രൈസിസും പ്രേമലുവും

മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംവിധായകൻ ചിദംബരം മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കഥയുണ്ട്

ഇന്ത്യയിലെ ആദ്യത്തെ ‘ഇന്ററാക്ടീവ്’ വെബ് സീരീസ് ‘ചാർളി ചോപ്ര’

Vani Jayate · എനിക്ക് വിശാൽ ഭരദ്വാജിനെ വലിയ ഇഷ്ടമാണ്.. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഇഷ്ടമാണ്..…