എഴുതിയത് Sunil Waynz
കടപ്പാട് : Malayalam Movie & Music DataBase (m3db)

“വില്ലനാവാൻ പറ്റ്വോ”
“ആവാം”
“നായികയുടെ അച്ഛൻ വേഷം ആയാലോ”
“ആവാം”
“ഇച്ചിരി കോമഡി ആയാലോ”
“അതും ആവാം”
“സ്വൽപം വില്ലത്തരം”
“നോക്കാം”
“സീരിയസ് റോൾ ആയാലോ””
“അതും നോക്കാം”
“കുറച്ച് സെന്റിമെന്റ്‌സ് ഉള്ള റോളാണെങ്കിലോ”
“നോക്കാം ന്നേ
❤️ നന്ദു എന്ന നന്ദുലാൽ കൃഷ്ണമൂർത്തി❤️

എന്താണ് റോൾ എന്നൊരു ചോദ്യം നന്ദു എന്ന നടനെ സംബന്ധിച്ചിടത്തോളം അജണ്ടയിലേ ഇല്ല…കാരണം ഇവിടെ എന്തും പോകും..മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും Versatile ആയൊരു അഭിനേതാവാണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി ഏതാണ്ട് മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് മലയാളസിനിമയിൽ ഈ നടന്..എന്ത് റോളും ചെയ്യാനുള്ള Commitment/വലിപ്പചെറുപ്പമില്ലാതെ തേടി വരുന്ന വേഷങ്ങൾ എന്ത് തന്നെയായാലും അത് ഏറ്റവും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാനുള്ള സിദ്ധി,മൂന്ന് പതിറ്റാണ്ടിനിപ്പുറവും നന്ദുവെന്ന നടൻ മലയാളസിനിമയിൽ സജീവമായി നിൽക്കുന്നതിന് വേറെ കാരണങ്ങൾ ഒന്നും തൽക്കാലം ചികയേണ്ട കാര്യമില്ല..ചെയ്ത ഒരു റോൾ പോലും മോശമാക്കിയതായി ഓർമയിലില്ല..എല്ലാ സിനിമകളിലും തന്റെ ഏറ്റവും മികച്ച Output മാത്രം നൽകി വരുന്ന അഭിനേതാവ്..അതാണ് നന്ദു..

ഈ മികവ് തന്നെയാണ് 3 ദശാബ്ദത്തിനിപ്പുറവും നന്ദു എന്ന നടനെ മലയാള സിനിമാപ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി തീർക്കുന്നത് നന്ദുവിന്റെ പിതാവ് കൃഷ്ണമൂർത്തി തമിഴിൽ നിരവധി സിനിമകളിൽ നായകനായി അഭിനയിച്ച വ്യക്തിയാണ്.തമിഴ് സിനിമയുടെ ആരംഭകാലത്തായിരുന്നു അദ്ദേഹം നായകനോ കേന്ദ്രകഥാപാത്രമായോ അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും പുറത്തു വന്നത്,അതും 1932 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ..അന്ന് തമിഴ് സിനിമ അതിന്റെ ശൈശവദശയിൽ സഞ്ചരിച്ചിരുന്ന കാലഘട്ടമായിരുന്നു.കൃഷ്ണമൂർത്തി അഭിനയിച്ച എൻ മകൻ,ത്യാഗി എന്നീ തമിഴ് സിനിമകൾ അക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.അഭിനേത്രിയും എം.ജി.ആറിന്റെ ഭാര്യയായും പിൽക്കാലത്ത് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായും പേരെടുത്ത ജാനകി Aka ജാനകി രാമചന്ദ്രൻ ആദ്യം അടുപ്പത്തിലായത് കൃഷ്ണമൂർത്തിയുമായിട്ടാണ്.കടുത്ത പ്രണയത്തിലായിരുന്നു അവരിരുവരും.എന്നാൽ അവർ തമ്മിലുള്ള ബന്ധത്തിൽ കാര്യമായ ഉലച്ചിൽ സംഭവിച്ചതിന് ശേഷമാണ് ജാനകി മറ്റൊരു വിവാഹം കഴിക്കുന്നത്.ആ വിവാഹം പരാജയത്തിൽ കലാശിച്ചതിനെ തുടർന്നാണ് പിൽക്കാലത്ത് ജാനകി,എം.ജി.ആറുമായി അടുക്കുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതും
സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു നന്ദുവിന്റെ പിതാവ് കൃഷ്ണമൂർത്തിയുടെ പ്രാഗത്ഭ്യം.മദിരാശിയിലെ അറിയപ്പെടുന്ന ബില്യാർഡ്‌സ് & ടേബിൾ ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.മദിരാശിയിൽ വച്ച് തന്നെയാണ് വച്ചാണ് അദ്ദേഹം നന്ദുവിന്റെ മാതാവ് സുകുമാരിയെ കണ്ടുമുട്ടുന്നത്.സ്വാതി തിരുനാൾ സംഗീതഅക്കാദമിയിൽ അധ്യാപികയായിരുന്നു നന്ദുവിന്റെ മാതാവ് സുകുമാരി.തിക്കുറിശ്ശി നായകനായ സ്ത്രീ എന്ന മലയാളസിനിമയിൽ 4ഓളം പാട്ടുകളും പാടിയിട്ടുണ്ടവർ.ആ ബന്ധം അങ്ങനെ വിവാഹത്തിൽ ചെന്ന് കലാശിച്ചു.എന്നാൽ അമ്മയുടെ സ്നേഹം അധികനാൾ അനുഭവിക്കാനുള്ള യോഗം നന്ദുവിന് ഉണ്ടായിരുന്നില്ല.ജനിച്ച് കൃത്യം 60 ദിവസം കഴിഞ്ഞപ്പോഴേക്കും നന്ദുവിന്റെ അമ്മ ഇഹലോകവാസം വെടിഞ്ഞു.സഹോദരി വിജയലക്ഷ്മിയുടെ കയ്യിൽ നന്ദുവിനെ ഏൽപിച്ച ശേഷമായിരുന്നു നന്ദുവിന്റെ മാതാവ് നിര്യാതയാകുന്നത്.പിന്നീടുള്ള കാലം ചിറ്റയുടേയും ഒപ്പം ചിറ്റപ്പൻ കരുണാകരക്കുറുപ്പിന്റെയും സംരക്ഷണതയിലാണ് നന്ദു തന്റെ ബാല്യം ചിലവഴിച്ചത്

പഠിക്കാൻ അത്ര മിടുക്കൻ ഒന്നുമായിരുന്നില്ല നന്ദു.ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം.പഠിക്കുന്ന കാലത്ത് പക്ഷേ തീവണ്ടി ഓടിക്കുന്ന ആൾ ആകണം എന്നത് മാത്രമായിരുന്നു നന്ദുവിന്റെ വലിയ ആശ..കാലക്രമേണ അത് പൈലറ്റ് എന്ന ആഗ്രഹത്തിലേക്ക് വഴി മാറി..എന്നാൽ സിനിമയുടെ മായികലോകത്തിലേക്ക് നന്ദു കടന്ന് വന്നത് തീർത്തും ആകസ്മികമായിട്ടായിരുന്നു
1987ൽ വേണു നാഗവള്ളിയുടെ സംവിധാനത്തിൽ പുറത്ത് വന്ന ‘സർവകലാശാല’ എന്ന മോഹൻലാൽ സിനിമയിലൂടെയാണ് നന്ദുവിന്റെ സിനിമാലോകത്തേക്കുള്ള പ്രവേശനം.അന്ന് ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു നന്ദു.അക്കാലത്ത് പ്രശസ്ത സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ അയൽവാസിയും ഒപ്പം അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകനുമായിരുന്നു നന്ദു.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പാട്ട് എന്നും നന്ദുവിന്റെ ജീവവായുവായിരുന്നു.എം.ജി.രാധാകൃഷ്ണൻ ഈണമിട്ട പല ഗാനങ്ങൾക്കും നന്ദു കോറസ് പാടിയിട്ടുണ്ട് എന്നത് ഇത് വായിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും പുതിയ അറിവായിരിക്കും.ഇത്തരത്തിൽ എല്ലാം കൊണ്ടും എം.ജി.രാധാകൃഷ്ണന്റെ ശിങ്കിടി തന്നെയായിരുന്നു അക്കാലത്ത് നന്ദു..എം.ജി.രാധാകൃഷ്ണന്റെ സുഹൃത്ത് കൂടിയായ കൊച്ചു രാജനാണ് എം.ജി.രാധാകൃഷ്ണന്റെ സ്വാധീനം ഉപയോഗിച്ച് സിനിമയിൽ എന്തെങ്കിലും വേഷം തരപ്പെടുത്തി കൂടെ എന്ന ചോദ്യം നന്ദുവിനോട് ആദ്യം ചോദിക്കുന്നത്.ആലോചിച്ചപ്പോൾ അത് കൊള്ളാമെന്ന് നന്ദുവിനും തോന്നി.അങ്ങനെയാണ് എം.ജി.രാധാകൃഷ്ണനോട് ഒരു അവസരം വാങ്ങിച്ചു തരാൻ അദ്ദേഹം അഭ്യർത്ഥിക്കുന്നത്.ആ അപേക്ഷ കേട്ടിട്ടാണ് തന്റെ അടുപ്പക്കാരനായ സംവിധായകൻ പ്രിയദർശനോട് എം.ജി.രാധാകൃഷ്ണൻ നന്ദുവിന്റെ കാര്യം സൂചിപ്പിക്കുന്നത്.പ്രിയൻ അന്ന് മോഹൻലാൽ നായകനായ ‘ചെപ്പ്’ എന്ന സിനിമയുടെ മിനുക്കുപണികളിൽ ആയിരുന്നു.അങ്ങനെ എം.ജി രാധാകൃഷ്ണന്റെ ശുപാർശയോടെ ‘ചെപ്പ്’ എന്ന സിനിമയിൽ തരക്കേടില്ലാത്തൊരു വേഷം പ്രിയദർശൻ നന്ദുവിനായി മാറ്റി വച്ചു.ചെന്നൈയിൽ പാട്ട് റെക്കോർഡ് ചെയ്യാൻ വന്ന എം.ജി.രാധാകൃഷ്ണന്റെ സഹോദരനും പ്രശസ്ത പിന്നണി ഗായകനുമായ എം.ജി.ശ്രീകുമാറാണ് ചെപ്പിലെ വേഷത്തെ കുറിച്ച് ആദ്യമായി നന്ദുവിനോട് സൂചിപ്പിച്ചത്
എം.ജി.ശ്രീകുമാറിൽ നിന്ന് കാര്യമറിഞ്ഞതും നന്ദുവിന് വലിയ സന്തോഷം എന്നാൽ തൊട്ടടുത്ത ദിവസങ്ങളിലെപ്പോഴോ ആണ് ഇടിത്തീ പോലെ ആ വാർത്ത നന്ദുവിൽ വന്ന് പതിച്ചത്
ഡിഗ്രീ പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റിരിക്കുന്നു..!!!

സിനിമയുടെ കാര്യം ഇതിനിടെ വീട്ടിൽ പറഞ്ഞപ്പോൾ ചിറ്റപ്പൻ ആദ്യം പറഞ്ഞത് ‘ഡിഗ്രിക്ക് ഒരു വിഷയം നിനക്ക് കിട്ടാനില്ലേ..അത് എഴുതിയെടുത്തിട്ട് ഇനി സിനിമയിൽ പോയി അഭിനയിച്ചാൽ മതി’ എന്നാണ്
പഠിത്തത്തിൽ വലിയ കേമൻ ഒന്നുമല്ലെങ്കിലും എല്ലാ വിഷയത്തിലും അത് വരെ അത്യാവശ്യം നല്ല മാർക്കുമായി പാസ്സ് ആയി പോയിരുന്ന നന്ദു പക്ഷേ ആദ്യമായിട്ടായിരുന്നു ഒരു വിഷയത്തിന് തോൽക്കുന്നത്.ആ വാർത്ത അയാളിൽ സൃഷ്ടിച്ച മാനസികാഘാതം ചെറുതല്ലായിരുന്നു
പരീക്ഷ എഴുതി പാസ്സ് ആകാതെ ഒരു സിനിമാഭിനയവും വേണ്ടെന്ന വാശിയിൽ ഉറച്ച് തന്നെയായിരുന്നു ചിറ്റപ്പനും ചിറ്റയും അങ്ങനെ നേരെ ടെലിഫോൺ ബൂത്തിൽ ചെന്ന് പ്രിയദർശനെ വിളിച്ച് കാര്യം പറഞ്ഞു
കാര്യമറിഞ്ഞതും പ്രിയൻ പറഞ്ഞു

“കുഴപ്പമില്ലടാ..നമുക്ക് ഇനി അടുത്ത പടത്തിൽ നോക്കാം”
വീട്ടിലേക്ക് തിരിച്ചു വന്നു
അടുത്ത ആയുധം ഉടനേ പ്രയോഗിച്ചു
നിരാഹാരം
ജലപാനം പോലുമില്ലാതെയുള്ള ആ ഇരിപ്പ് കണ്ടപ്പോൾ ചിറ്റയുടേയും ചിറ്റപ്പന്റെയും മനസ്സലിഞ്ഞു
തോറ്റ വിഷയം പരീക്ഷ എഴുതി പാസ്സ് ആകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം,പോയി അഭിനയിച്ചോളാൻ ചിറ്റപ്പൻ പറഞ്ഞു
ആ ആവശ്യം അംഗീകരിച്ചയുടൻ ആവേശഭരിതനായി നേരെ ടെലിഫോൺ ബൂത്തിലേക്ക് ഓടി ചെന്നു..എന്നിട്ട് പ്രിയദർശനെ വിളിച്ചു
പക്ഷേ പ്രിയനിൽ നിന്ന് കേട്ട മറുപടി അത്യന്തം ഹൃദയഭേദകമായ ഒന്നായിരുന്നു

“ആ റോളിന് ഞങ്ങൾ അരമണിക്കൂർ മുൻപ് വേറെ ഒരാളെ Cast ചെയ്തു പോയല്ലോടാ”
കേട്ട് കഴിഞ്ഞപ്പോൾ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല..കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ആദ്യ സിനിമയുടെ ദുര്യോഗം ഓർത്ത് സ്വയം വ്യസനിക്കുകയല്ലാതെ..!!
ഇതിനിടെയിലാണ് വേണു നാഗവള്ളിയുടെ സഹോദരനും അന്ന് പ്രിയൻ സിനിമകളിൽ അസോസിയേറ്റ് സംവിധായകൻ ആയി പ്രവർത്തിച്ചു വരികയും ചെയ്തിരുന്ന മുരളി നാഗവള്ളിയെ,നന്ദു ആകസ്മികമായി പരിചയപ്പെടുന്നത്
മുരളിയുമായുള്ള പരിചയമായിരുന്നു പിന്നീട് ‘സർവകലാശാല’ എന്ന വേണു നാഗവള്ളി സിനിമയിലേക്ക് വഴി തുറന്നത്

പിന്നീട് ശ്രദ്ധിക്കപ്പെട്ടതും ശ്രദ്ധിക്കപ്പെടാത്തതുമായ ഒട്ടനവധി സിനിമകൾ പുറത്ത് വന്നു
ആൾക്കൂട്ടത്തിലും അല്ലാതെയും എത്രയോ സിനിമകളിൽ നന്ദു മുഖം കാണിച്ചു
കൗതുകകരമായ സംഗതിയെന്തെന്നാൽ കയ്യെത്തും ദൂരത്ത് നഷ്ടമായ ആദ്യ സിനിമയുടെ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ പിന്നീട് നന്ദുവിന് അവസരം ലഭിച്ചു..ചെറുതെങ്കിലും നല്ല വേഷങ്ങൾ ആയിരുന്നു അതിൽ മിക്കവയും
പ്രിയൻ അന്യഭാഷയിൽ സജീവമായപ്പോഴും നന്ദുവിനെ മറന്നില്ല..പ്രിയന്റെ 5ഓളം ഹിന്ദി സിനിമകളിൽ നല്ല വേഷങ്ങൾ ആയിരുന്നു നന്ദുവിന് ലഭിച്ചത്

പ്രിയനുമായുള്ള ആ ബന്ധം അന്നും ഇന്നും അതേ പോലെ നന്ദു കാത്തുസൂക്ഷിക്കുന്നു.നന്ദുവിന്റെ വരാനിരിക്കുന്ന റിലീസുകൾ ജിസ് ജോയ് ടെ ഇന്നലെ വരെ,വിഷ്ണു രാഘവന്റെ ടോവിനോ ചിത്രം വാശി എന്നിവയാണ്..പ്രിയൻ കൂടാതെ ജോഷി,സിബി മലയിൽ തുടങ്ങിയ സീനിയർ സംവിധായകർക്കും ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെ പോലുള്ള പുതുനിര സംവിധായകർക്കും ഒരു പോലെ സ്വീകാര്യനാകുന്നിടത്താണ് നന്ദു എന്ന അഭിനേതാവിന്റെ വിജയം അഹം എന്ന രാജീവ് നാഥ്‌ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് അദ്ദേഹം ജീവിതസഖിയായി കവിതയെ കണ്ടെത്തുന്നത്..1997ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്..നന്ദിതയും കൃഷനും
***
35 വർഷത്തിന് അപ്പുറം കരിയർ എടുത്ത് പരിശോധിച്ചാൽ ഒരുപിടി നല്ല വേഷങ്ങൾ..പ്രിയദർശൻ സിനിമകളിൽ മാത്രമല്ല,സംഗീത് ശിവൻ,രാജീവ് അഞ്ചൽ,ടി.കെ.രാജീവ് കുമാർ സിനിമകളിലേയും അനിഷേധ്യ സാന്നിദ്ധ്യമാണ് നന്ദു കരിയർ മാറ്റി മറിച്ച സ്പിരിറ്റിലെ പ്ലംബർ മണിയൻ എന്ന കഥാപാത്രം
തിരക്കഥയിലെ മൂർത്തി , നാല് പെണ്ണുങ്ങളിലെ നാരായണൻ, തേന്മാവിൻ കൊമ്പത്തിലെ തിമ്മയ്യൻ
ബട്ടർഫ്ലൈസിലെ പവി, ഗാന്ധർവത്തിലെ കൃഷ്ണൻ കുട്ടി, കാശ്മീരത്തിലെ സഞ്ജയ്, കാലാൾപ്പടയിലെ ഷെല്ലി
പ്രേം പൂജാരിയിലെ ഫ്രാൻസിസ്, ബ്യൂട്ടിഫുളിലെ കമലു, ആൾരൂപങ്ങളിലെ കനകൻ, ബാലേട്ടനിലെ സുകുമാരൻ ഈയടുത്ത് കാലത്തായി അഭിനയിച്ച വിശുദ്ധനിലെ കുഴിമറ്റം ജോസ് , പുലിമുരുകനിലെ ദിവാകരൻ, ഒടിയനിലെ എഴുത്തച്ചൻ , അതിരനിലെ അവിരാച്ചൻ, പൊറിഞ്ചു മറിയം ജോസിലെ ആലപ്പാട്ട് വർഗീസ്, അതിരനിലെ അവിരാച്ചൻ, ലൂസിഫറിലെ പീതാംബരൻ(ലൂസിഫറിൽ മോഹൻലാൽ ഉപയോഗിച്ച വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ നന്ദുവാണ് എന്ന കൗതുകം കൂടിയുണ്ട്)പട്ടാഭിരാമനിലെ രാമൻ നായർ,
ഡ്രൈവിംഗ് ലൈസൻസിലെ കുഞ്ഞാലി, വണ്ണിലെ കൗൺസിലർ നൂറുദ്ദീൻ, ഏറ്റവുമൊടുവിൽ ആറാട്ടിലേയും ലളിതം സുന്ദരത്തിലേയും വേഷങ്ങൾ, ടോവിനോ നായകനായ വാശിയും ജിസ് ജോയ് ഒരുക്കുന്ന ഇന്നലെ വരെ ഉൾപ്പെടെയുള്ള മറ്റ് ചിത്രങ്ങളും നന്ദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്
പ്രിയ നടന് ആശംസകൾ
❤️

Leave a Reply
You May Also Like

രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷ ചിത്രം ‘ഡെക്സ്റ്റർ’

*രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷ ചിത്രം ‘ഡെക്സ്റ്റർ’; ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി….* *ബോളിവുഡ് താരം…

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (ARM) ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങുന്നു

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണത്തിന്റെ) ടീസർ ഇന്ന് വൈകിട്ട്…

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

സൊനാലി ബെന്ദ്രേ വീണ്ടും… Ragesh 90കളുടെ പാതി മുതൽ 10 വർഷം ബോളിവുഡിൽ നിറഞ്ഞുനിന്ന സൗന്ദര്യമായിരുന്നു…

തമിഴ്, മലയാളം സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു 

തമിഴ്, മലയാളം സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു തമിഴ് സിനിമാ –…