ആക്സിഡന്റിൽ പരിക്കേറ്റ് മുടന്തി നടന്നിട്ടും രാജൻ പി ദേവിനെ കാർലോസ് ആക്കാൻ കാരണമുണ്ടായിരുന്നു

0
249

Sunil Waynz

ഡെന്നിസ് ജോസഫ് പറയുന്നു
👇👇👇

കോട്ടയത്തിനടുത്ത ഏറ്റുമാനൂരാണ് എന്റെ സ്വദേശം..ഞാൻ കുറവിലങ്ങാട് ദേവമാത കോളേജിലാണ് പ്രീ ഡിഗ്രി മുതൽ ഡിഗ്രി വരെ 5 വർഷം പഠിച്ചത്..കുറവിലങ്ങാട് അന്ന് വെറുമൊരു ഗ്രാമമാണ്..ഒരു പള്ളിയും ഈ കോളേജുമാണ് അവിടത്തെ പ്രധാന കാര്യങ്ങൾ..ഒരു കാർഷിക ഗ്രാമമാണ് അവിടം..പക്ഷേ നാടൻ രീതിയിൽ സംസാരിക്കുന്ന ഒരുപാട് ടിപ്പിക്കൽ കഥാപാത്രങ്ങൾ പിൽക്കാലത്ത് എനിക്ക് എന്റെ സിനിമകളിലേക്ക് കിട്ടിയത് ഇവിടെ നിന്നാണ്..സംഘം,കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകൾ പിൽക്കാലത്ത് ഞാൻ എഴുതിയപ്പോൾ ഒരുപാട് നാടൻ കഥാപാത്രങ്ങളേയും ഒരുപാട് ശൈലികളെയും എനിക്ക് കുറവിലങ്ങാട് നിന്നും ഏറ്റുമാനൂരിൽ നിന്നും കിട്ടിയിട്ടുണ്ട്

Rajan P. Devകുറവിലങ്ങാട് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാളുണ്ട്.. കെന്നഡി എന്നാണ് അദ്ദേഹത്തിന്റെ പേര്..അപ്പച്ചൻ എന്നാണ് അദ്ദേഹത്തെ നാട്ടുകാർ വിളിച്ചിരുന്നത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല..4-5 വർഷം മുൻപ് അദ്ദേഹം മരിച്ചു..അദ്ദേഹത്തിന്റെ മരണാനന്തരചടങ്ങുകൾക്ക് ഞാനും ഭാര്യയുമെല്ലാം പോയിരുന്നു.അദ്ദേഹം കല്യാണം കഴിച്ചിട്ടില്ല. കുറവിലങ്ങാട്ടെ പള്ളിക്ക് മുൻവശത്ത് ആയിരുന്നു അദ്ദേഹത്തിന്റെ വീട്. നാടകബുക്കിങ് ആയിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. എനിക്കാണെങ്കിൽ അന്നും ഇന്നും നാടകത്തെ കുറിച്ച് പറയത്തക്ക അറിവോ ധാരണയോ ഇല്ല. ഞാൻ നാടകവുമായി അടുത്ത് ഇടപഴകിയിട്ടുള്ള ആളുമല്ല. കെന്നഡിയിൽ നിന്നാണ് എനിക്ക് നാടകത്തെ കുറിച്ചുള്ള അറിവുകൾ പ്രധാനമായും ലഭിച്ചിരുന്നത്

കെന്നഡി അതിഭയങ്കരമായ തമാശകൾ പറയുന്ന ആളാണ്..കെന്നഡിയിലെ പല കാര്യങ്ങളും ഞാൻ ‘സംഘം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.  ഞാൻ കുറവിലങ്ങാട് നിന്ന് മാറി,സിനിമയിലേക്ക് വന്നപ്പോഴും കെന്നഡി എന്നെ വിളിക്കും..ഞാൻ എറണാകുളത്ത് താമസിക്കുന്ന കാലത്ത് ഇടക്കിടക്ക് എന്നെ കാണാൻ വേണ്ടി കെന്നഡി വരും.എന്നെ കാണാൻ വരുമ്പോഴെല്ലാം എപ്പോഴും ഒരു നടനെ കെന്നഡി എന്റെ അടുത്ത് Recommend ചെയ്യും

“നാടകരംഗത്ത് പ്രവർത്തിക്കുന്ന ആളാണ്..ഭയങ്കര നടനാണ്..ഒന്ന് രണ്ട് സിനിമകളിൽ മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല..ആരെങ്കിലും ഒരു നല്ല വേഷം അവന് സിനിമയിൽ വാങ്ങിച്ചു കൊടുത്താൽ അവൻ രക്ഷപ്പെടും..നീ എങ്ങനേലും ഒരു നല്ല വേഷം കൊടുത്ത് അവനെ സഹായിക്കണം” എന്നൊക്കെ എപ്പോഴും എന്നോട് കെന്നഡി പറയും..നാടകത്തെ കുറിച്ച് എനിക്കത്ര അറിവില്ലാത്തത് കൊണ്ട് തന്നെ ഞാൻ അന്നത്,അത്രക്ക് സീരിയസ് ആയി എടുത്തിരുന്നില്ല..ആ സമയത്താണ് കെന്നഡി Recommend ചെയ്ത ആ നടൻ അക്കാലത്തെ ഒരു സൂപ്പർഹിറ്റ് നാടകത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്

കെന്നഡി എന്നോട് Recommend ചെയ്ത അന്നത്തെ ആ നടൻ രാജൻ.പി.ദേവ് ആയിരുന്നു. ആ സമയത്താണ് ഞാനും സംവിധായകൻ തമ്പി കണ്ണന്താനവും ‘ഇന്ദ്രജാലം’ എന്ന സിനിമയുടെ ചർച്ചകളിലേക്ക് കടന്നത്..അതിൽ ബോംബെ Based ആയ ഒരു പാലാക്കാരൻ അച്ചായൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു വില്ലൻ നടനെ ഞങ്ങൾക്ക് വേണം

‘കാർലോസ്’ എന്നാണ് സിനിമയിൽ ആ കഥാപാത്രത്തിന്റെ പേര്
ആദ്യം മുതൽക്കേ ഒരു പുതുമുഖത്തെ തന്നെയാണ് ഞങ്ങൾ ആ റോളിൽ നിശ്ചയിച്ചത്. കാർലോസ് ആയിട്ട് വേണമെങ്കിൽ ഞങ്ങൾക്ക് അന്ന് തിലകനെ അഭിനയിപ്പിക്കാം.. അതൊരു ടിപ്പിക്കൽ തിലകൻ റോൾ ആണ്. പക്ഷേ തിലകൻ ആ റോളിൽ അഭിനയിച്ചാൽ അത് മറ്റേത് തിലകൻ റോൾ പോലെയാകും. അത് കൊണ്ട് തന്നെ ഒരു പുതുമുഖത്തെ ആ റോളിൽ പരിഗണിച്ചാലോ എന്ന് ഞാനും സംവിധായകൻ തമ്പി കണ്ണന്താനവും കൂടിയാലോചിച്ചു. ആ സിനിമയുടെ Producerഉം Director ഉം തമ്പി തന്നെയാണ്. അത് കൊണ്ട് തന്നെ മറ്റ് പ്രൊഡ്യൂസർമാരുടെ പെർമിഷനൊന്നും വാങ്ങേണ്ട ആവശ്യവുമില്ല.. ഈ റോളിൽ ആരെ വേണമെന്ന് പലരോടും ഞങ്ങൾ അന്വേഷിച്ചു.. അപ്പോഴൊന്നും കെന്നഡി പറഞ്ഞ ഈ നടന്റെ കാര്യം ഞങ്ങൾ ഓർത്തില്ല

അങ്ങനെ ഞങ്ങൾ നാനയിലേക്ക് വിളിച്ചു.നാനായിലേക്ക് വിളിച്ചപ്പോൾ നാനയിലെ കുമാരിയമ്മ ഞങ്ങളോട് രാജൻ.പി.ദേവിനെ തന്നെ Recommend ചെയ്തു..രാജൻ.പി.ദേവ് അഭിനയിച്ച ‘കാട്ടുകുതിര’ എന്ന ആ നാടകം കേരളം മുഴുവൻ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഞാനും തമ്പിയും ആ നാടകം കണ്ടു കാണും എന്നാണ് കുമാരിയമ്മ വിചാരിച്ചിരുന്നത്.എന്നാൽ അന്നും ഇന്നും ഞാനും സംവിധായകൻ തമ്പി കണ്ണന്താനവും കാട്ടുകുതിര എന്ന നാടകം കണ്ടിട്ടില്ല. കാട്ടുകുതിര മാത്രമല്ല രാജൻ.പി.ദേവ് അഭിനയിച്ച ഒരു നാടകം പോലും അന്നും ഇന്നും ഞങ്ങൾ കണ്ടിട്ടില്ല.

കുമാരിയമ്മ ഞങ്ങളോട് ഈ നടനെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ ഉടൻ തന്നെ വിളിച്ചത് നടൻ വിജയരാഘവനെയാണ്. ഞങ്ങളുടെയെല്ലാവരുടെയും അടുത്ത സുഹൃത്താണ് വിജയരാഘവൻ..വിജയരാഘവനെ ഞങ്ങളെല്ലാവരും ‘കുട്ടൻ’ എന്നാണ് വിളിക്കുക. വിജയരാഘവന്റെ അച്ഛൻ എൻ.എൻ.പിള്ളയുടെ നാടകട്രൂപ്പിൽ രാജൻ.പി.ദേവ് മുൻപ് അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ ഞങ്ങൾ വിജയരാഘവനോട് ചോദിക്കുന്നു, ഇങ്ങനെ ഒരു വില്ലൻ വേഷം രാജൻ.പി.ദേവിന് കൊടുത്താൽ എങ്ങനെയിരിക്കും എന്ന്..മാത്രമല്ല,വിജയരാഘവനോട് ഞങ്ങൾ Detailed ആയി ഇന്ദ്രജാലത്തിന്റെ സ്ക്രിപ്റ്റ് പറഞ്ഞു കേൾപ്പിക്കുകയും കുറേ സീനുകൾ വായിക്കാൻ കൊടുക്കുകയും ചെയ്തു.  ഈ വില്ലൻ വേഷം ഇയാളെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് മാത്രമാണ് കുട്ടനോട് ഞങ്ങൾ ചോദിക്കുന്നത്. കുട്ടൻ ഉടനേ ഞങ്ങളോട് പറഞ്ഞു

“ഈ റോളിന് ഇയാൾക്ക്, നിങ്ങൾ ഒരു അവസരം കൊടുത്താൽ..എനിക്ക് ഉറപ്പാണ്..Next To Thilakan എന്ന ലെവലിലേക്ക് ഇയാള് വരും..അതിൽ യാതൊരു സംശയവും ഇല്ല”

ഇങ്ങനെ കുട്ടനും കൂടി പറഞ്ഞതോട് കൂടി ഞങ്ങൾക്ക് ഉറപ്പായി
അപ്പോഴാണ് പത്രത്തിലൊക്കെ രാജൻ.പി.ദേവ് സിനിമയിലേക്ക് വരുന്നു എന്ന വാർത്തകൾ വരുന്നത്..പത്രത്തിൽ ഈ വാർത്ത കണ്ടതും കെന്നഡി എന്നെ ഫോണിൽ വിളിച്ച് താങ്ക്സ് പറഞ്ഞു..കെന്നഡി ധരിച്ചത് കെന്നഡിയുടെ Recommendation കൊണ്ടാണ് രാജൻ.പി.ദേവ് സിനിമയിലേക്ക് വന്നത് എന്നാണ്.

എന്നാൽ രാജന്റെ വരവിൽ ശരിക്കും എല്ലാവരും Involved ആണ്..
കെന്നഡിയാണ് ആദ്യം എന്നോട് ഇങ്ങനെയൊരു നടൻ ഉണ്ടെന്നും അവസരം കൊടുത്താൽ അദ്ദേഹം രക്ഷപ്പെടുമെന്നും പറയുന്നത്..കെന്നഡി പിന്നീടും പല നടന്മാരെ കുറിച്ചും എന്നോട് പറഞ്ഞിട്ടുണ്ട്,അവർക്കൊന്നും നമുക്ക് അവസരം നൽകാൻ പറ്റിയിട്ടില്ല, എങ്കിലും രാജന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ജഡ്ജ്മെന്റ് 100 ശതമാനം ശരിയായി.

‘ഇന്ദ്രജാലം’ എന്ന സിനിമയിലൂടെ രാജൻ ക്ലിക്ക് ആയപ്പോൾ കെന്നഡിക്ക് വലിയ സന്തോഷമായി. രാജൻ അഭിനയിച്ച നാടകങ്ങളൊന്നും കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ രാജൻ ഈ സിനിമയിലെ വില്ലൻ വേഷം നന്നായി ചെയ്യുമോ എന്ന സംശയം എനിക്കും തമ്പിക്കും അപ്പോഴുമുണ്ട്. ആ സമയത്ത് ‘ഇന്ദ്രജാലം’ എന്ന ഈ സിനിമ മുഴുവനായും എഴുതി കഴിഞ്ഞ് ഞാൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന ‘ഒളിയമ്പുകൾ’ എന്ന സിനിമ ചെന്നൈയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഒളിയമ്പുകളുടെ Discussionമായി ബന്ധപ്പെട്ട് ഹരിഹരനുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് തമ്പി കണ്ണന്താനം,രാജൻ പി ദേവിനെ ചെന്നൈയിലേക്ക് വിളിക്കുന്നത്

എന്നാൽ ആ സമയത്ത് രാജൻ.പി.ദേവ് വലിയ നിരാശയിൽ ഇരിക്കുകയാണ്. രാജന്റെ ‘കാട്ടുകുതിര’ എന്ന നാടകം അന്ന് സൂപ്പർഹിറ്റ് ആയി കേരളമുടനീളം ഓടിക്കൊണ്ടിരിക്കുകയാണ്..ആയിടെ രാജൻ സ്വന്തമായി ഒരു നാടകട്രൂപ്പും തുടങ്ങി..ചേർത്തല ജൂബിലി തീയേറ്റഴ്‌സ് എന്നായിരുന്നു ആ ട്രൂപ്പിന്റെ പേര്..അതും നല്ല നിലയിൽ പോയി കൊണ്ടിരിക്കുന്നു. എന്നാൽ ആയിടെ ഒരു വാഹനപകടത്തിൽ രാജന് പരിക്കേൽക്കുകയും രാജന്റെ കാൽ ഒടിയുകയും രാജന് നടക്കാൻ ഒരു ചട്ട്(മുടന്ത്)വരികയും ചെയ്തു. പെട്ടെന്ന് നാടകവും ഇല്ല..നടക്കാൻ ഒരു ചട്ട് വരികയും ചെയ്തു..ഇത്തരത്തിൽ താൻ കലാരംഗത്ത് നിന്ന് തന്നെ സ്വയം ഔട്ടാവുമോ എന്ന് രാജൻ ഭയന്നിരുന്ന കാലമായിരുന്നു അന്ന്. എന്നാൽ ഞങ്ങൾ ഇതൊന്നും അറിയുന്നില്ല

അങ്ങനെ അഭിനയിക്കാൻ വേണ്ടി ഞങ്ങളുടെ മുന്നിൽ വന്ന രാജൻ പക്ഷേ എന്റേയും തമ്പിയുടേയും മുന്നിൽ തന്റെ ചട്ട് മറയ്ക്കാൻ വേണ്ടി ഒരു ശ്രമം നടത്തി. ബോംബെ അധോലോകത്തെ വിറപ്പിക്കുന്ന ഒരാളായി അഭിനയിക്കേണ്ട ഒരാൾ ചട്ടുകാലൻ ആയാൽ ഒരുപക്ഷേ ഞങ്ങൾ പരിഗണിച്ചേക്കില്ല എന്നോർത്തായിരുന്നു രാജൻ അങ്ങനെ ചെയ്‍തത്..എന്നാൽ മറച്ചു വച്ചാലും സാമാന്യം നല്ല രീതിക്ക് കാണാവുന്ന മുടന്ത് അന്ന് രാജനുണ്ട്.  തമ്പി ഇത് കണ്ടുപിടിക്കുകയും ചെയ്തു.  കണ്ടുപിടിച്ച ശേഷം തമ്പി,രാജനോട് ചോദിച്ചു
“എന്താണ് ഇത്”
ഉടനേ രാജൻ പറഞ്ഞു
“ഒന്നുമില്ല സാർ..ഇത് ഞാൻ ശരിയാക്കിക്കൊള്ളാം”
അപ്പോൾ തമ്പി,രാജനോട് പറഞ്ഞു
“വേണ്ട..ഇത് ശരിയാക്കണ്ട..ഇങ്ങനെ തന്നെയങ്ങ് നടന്നാൽ മതി..നീ ഇത് ഇങ്ങനെ തന്നെയങ്ങ് ചെയ്താൽ മതി..ഇതാണ് കറക്ട്”..!!!!

ഞാൻ ആ സമയത്ത് ഹരിഹരൻ സാറിന്റെ കൂടെ ‘ഒളിയമ്പുകൾ’ എന്ന സിനിമയുടെ വർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന സമയമാണ്..തമ്പി ഇതിനിടെ രാജനെ സിനിമക്കായി ഇന്റർവ്യൂ ചെയ്യുന്നുമുണ്ട്..രാജനെ സിനിമയിലെ അത്യാവശ്യം കുറച്ച് ഡയലോഗുകൾ പഠിപ്പിച്ചു പറയാൻ നോക്കിക്കൊണ്ടിരിക്കുകയാണ്
ഇതിനിടെ ഞങ്ങളുടെ ഇടയിലേക്ക് ഹരിഹരൻ സാർ വന്ന് കയറി
ഉടനേ ഹരിഹരൻ സാറിനോട്,രാജനെ ചൂണ്ടി ഞങ്ങൾ പറഞ്ഞു..”ഇതാണ് ഞങ്ങളുടെ പുതിയ സിനിമയിലെ വില്ലൻ”

അപ്പോൾ ഉടനേ ഹരിഹരൻ എന്നോട് പറഞ്ഞു
“ആഹാ..എന്നാൽ ഒരു കാര്യം ചെയ്യാം..നമ്മൾ ഇപ്പോ ചെയ്യുന്ന പുതിയ പടത്തിൽ ഏതെങ്കിലും ഒരു നല്ല വേഷം ഞാനും കൊടുക്കാം..ഡെന്നീസേ, ഒന്ന് നോക്ക്”
അങ്ങനെ ഹരിഹരൻ സാറിന്റെ/ഞാൻ എഴുതുന്ന പുതിയ പടത്തിൽ ഒരു നല്ല വേഷം, ഞാനും ഹരൻ സാറും കൂടിയിരുന്ന് രാജന് വേണ്ടി ഫിക്സ് ചെയ്തു
രാജന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു

കാരണം,അപകടം പറ്റി നാടകരംഗത്ത് നിന്ന് ഔട്ട് ആവും എന്ന് വിചാരിച്ചിരിക്കുന്ന സമയമാണ്..ആ സമയത്താണ് ഞങ്ങളുടെ സിനിമയിൽ നല്ലൊരു വേഷം ലഭിക്കുന്നത്..രാജൻ ഞങ്ങളോട് ചാൻസ് ചോദിച്ചിട്ട് പോലുമില്ല,ഞങ്ങളാണ് രാജനെ തപ്പിപ്പിടിച്ചത്..അക്കാരണം കൊണ്ടാണ് രാജൻ ഫ്ളൈറ്റിൽ ചെന്നൈയിൽ എത്തുന്നത് പോലും..രാജൻ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഫ്ളൈറ്റിൽ കയറുന്നത്
അങ്ങനെ തമ്പിയുടെ പടത്തിലെ പ്രധാന വില്ലൻ..കൂടാതെ ഹരിഹരന്റെ പടത്തിലും പ്രധാന വേഷം

ഒരേ സമയം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പടത്തിൽ പ്രധാനവേഷങ്ങൾ കിട്ടുന്നു എന്നറിഞ്ഞപ്പോൾ രാജന് വലിയ അവിശ്വസനീയത തോന്നി..ഞങ്ങൾ ആരുമായും രാജന്,nഅതിന് മുമ്പ് ബന്ധമൊന്നും ഇല്ല..nഞാൻ മുൻപ് എഴുതിയ ഒരു പടത്തിൽ രാജൻ അഭിനയിച്ചിട്ടുണ്ട്,nഅതും തീരെ ചെറിയ ഒരു തബലിസ്റ്റിന്റെ വേഷത്തിൽ..nപക്ഷേ രാജൻ അതിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഞാൻ പോലും, പിൽക്കാലത്ത് വളരെ വൈകിയാണ് അറിയുന്നത്

അങ്ങനെ എല്ലാം പറഞ്ഞുറപ്പിച്ച ശേഷം തമ്പി കണ്ണന്താനം,രാജന് ഒരു തുക അഡ്വാൻസ് ആയി കവറിൽ ഇട്ട് നൽകി..ശേഷം തമ്പി മടങ്ങിപ്പോയി..കൂടാതെ രാജന് ഉച്ചക്ക് മടക്കടിക്കറ്റിനുള്ള ഏർപ്പാടും തമ്പി ശരിയാക്കി കൊടുത്തു.തമ്പിയുടെ മാനേജർ വന്ന് ഫ്ളൈറ്റിൽ കയറ്റി വിട്ടോളുമെന്ന്,രാജനോട് പറഞ്ഞ ശേഷം തമ്പി തിരികെപ്പോയി.  ഞാൻ അന്ന് വുഡ്ലാൻഡ്സ് ഹോട്ടലിൽ ആണ് താമസിക്കുന്നത്.എന്റെ തൊട്ടടുത്ത റൂമിലാണ് അന്ന് രാജൻ താമസിച്ചിരുന്നത്. തമ്പി,പോയി ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ രാജൻ കവറുമായി ഓടി എന്റെ അടുത്തേക്ക് വന്നു
എന്നിട്ട് എന്നോട് പറഞ്ഞു
“അയ്യോ..ഡെന്നിസേ..ഒരു അബദ്ധം പറ്റി..തമ്പി സാർ എനിക്ക് തന്ന കവർ മാറിപ്പോയി”
ഞാൻ ചോദിച്ചു
“എന്താ മാറിപ്പോയെന്ന് പറയാൻ കാരണം”
അപ്പോൾ രാജൻ പറഞ്ഞു
“അല്ല..എനിക്ക് തന്ന അഡ്വാൻസ്, എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിയ തുകയാണ്”
ഞാൻ ചോദിച്ചു
“എന്താ..എത്രയുണ്ട്”
25000 രൂപയുണ്ട്..രാജൻ പറഞ്ഞു

ഞാൻ ഈ പറഞ്ഞ സംഗതി നടക്കുന്നത് 1990കളിൽ ആണ്..അന്ന് 25000 രൂപ എന്ന് പറഞ്ഞാൽ അത് വലിയ തുകയാണ്..രാജന് പകരം ആ സിനിമയിൽ ആര് അഭിനയിച്ചാലും അയാൾക്ക് കൊടുക്കേണ്ട പ്രതിഫലം തന്നെയായിരുന്നു അത്..തമ്പി ആ തുക അഡ്വാൻസ് ആയി കൊടുത്തുവെന്ന് മാത്രം

ഞാൻ രാജനോട്,പറഞ്ഞു,
“തമ്പിക്ക് കവർ തെറ്റി പോയത് ഒന്നും അല്ല..നിങ്ങൾക്ക്‌ ഈ പടത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയുള്ള അഡ്വാൻസ് തന്നതാണ്..അതിനുള്ള ഒന്നാമത്തെ കാരണം നിങ്ങൾക്ക് പകരം ആര് ഈ സിനിമയിൽ അഭിനയിച്ചാലും അയാൾക്ക് നൽകുന്ന അതേ തുക തന്നെ നിങ്ങൾക്കും നൽകണം എന്ന് തമ്പിക്ക് ആഗ്രഹം ഉണ്ടായിരുന്നു..രണ്ടാമത്തെ കാര്യം നിങ്ങൾ Excellent ആയി Perform ചെയ്തുവെന്ന കാര്യത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും പൂർണമായും തൃപ്തിയുണ്ട്..തമ്പി ഈ തുക നിങ്ങൾക്ക് തന്നത് 100 ശതമാനം സന്തുഷ്ടനായിട്ട് തന്നെയാണ് എന്ന് ഞാൻ,രാജനോട് പറഞ്ഞു.  ആ മനുഷ്യൻ എന്റെ മുന്നിലിരുന്ന് കരഞ്ഞു.
ഇന്ദ്രജാലത്തിലെ കാര്‍ലോസ് ആയിരുന്നില്ല, സാക്ഷാല്‍ തൊമ്മനായിരുന്നു ഞങ്ങളുടെ  ഡാഡിച്ചന്‍' | Rajan P Dev Actor 10th death anniversary son Jubil Rajan P Dev  shares memory Movies❤️
രാജൻ പിൽക്കാലത്ത് മലയാളത്തിലെ വലിയ നടനായി…
തമിഴിലെ വലിയ നടനായി….
തെലുങ്കിലെ വലിയ നടനായി..
ഇവിടെയെല്ലാം വലിയ നടനായി
രാജൻ ആദ്യമായി നല്ലൊരു കാർ വാങ്ങിച്ചപ്പോഴും ആദ്യമായി ഒരു ബെൻസ് കാർ വാങ്ങിച്ചപ്പോഴുമെല്ലാം എന്നെയും തമ്പിയെയും കാണിക്കാൻ വേണ്ടി പുള്ളി ഞങ്ങളിരിക്കുന്ന ഇടത്തേക്ക് കഷ്ടപ്പെട്ട് വരുമായിരുന്നു
രാജന് ചിന്തിക്കാൻ പറ്റാത്തത്ര വലിയ തുക അഡ്വാൻഡ് കൊടുത്ത തമ്പിയോട് പിൽക്കാലത്ത് ഒരിക്കലും പോലും രാജൻ പ്രതിഫലം ചോദിച്ചിട്ടില്ല

രാജൻ വൻ പ്രതിഫലം പറ്റുന്ന സമയത്തും തമ്പിയോട് മാത്രം റേറ്റ് പറഞ്ഞില്ല
തമ്പി Normally കൊടുക്കുന്ന Remuneration തന്നെ രാജനും കൊടുക്കും..എങ്കിലും തമ്പിയോട് തനിക്ക് ഇത്ര കാശ് വേണമെന്ന കാര്യം ഒരിക്കൽ പോലും രാജൻ പറഞ്ഞിട്ടില്ല..അഭിനയിക്കാൻ ഒരു വേഷം കൊടുത്തതിന് എന്നോടും തമ്പിയോടും ജീവിതാവസാനം വരെയും അർഹിക്കുന്നതിന്റെ പത്തിരട്ടി നന്ദിയും സ്നേഹവും എല്ലാ തരത്തിലും തന്നിരുന്ന ആളാണ് രാജൻ
❤️
കടപ്പാട് : ചരിത്രം എന്നിലൂടെ