Sunil Waynz
മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി പത്മിനിയുടേയും അവരുടെ അമ്മയുടേയും ക്രൂരമായ കൊലപാതകം.80കളുടെ അവസാനം തെന്നിന്ത്യൻ സിനിമയിലെ താരറാണിയായിരുന്ന റാണി പത്മിനി എന്ന നടിയുടെ വളർച്ചയും തളർച്ചയും സിനിമയെ വെല്ലുന്ന കാഴ്ചവട്ടമാണ്.കത്തിക്കാളുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയും കൊണ്ട് കുറഞ്ഞ കാലയളവില് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായി മാറിയ അഭിനേത്രിയായായിരുന്നു റാണി പത്മിനി.
പറങ്കിമല,ശരം,കിളിക്കൊഞ്ചല്,സംഘര്ഷം,തേനും വയമ്പും,നസീമ തുടങ്ങിയ ചിത്രങ്ങളാണ് റാണിയെ മലയാളികളുടെ പ്രിയനടിയാക്കി മാറ്റിയത്.1986 ഒക്ടോബറിലാണ് റാണി കൊല്ലപ്പെടുന്നത്.റാണിയുടെ ഡ്രൈവര് ജബ്ബരാജ്,വാച്ചര് ലക്ഷ്മീനരസിംഹൻ,കുശിനിക്കാരന് ഗണേശന് എന്നിവരെ റാണിയെയും,അമ്മ ഇന്ദിരയേയും കൊലപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തു.റാണിയുടെ അക്കൗണ്ടിലെ 15ലക്ഷം രൂപയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയെതെന്നായിരുന്നു പ്രതികളുടെ മൊഴി.എന്നാൽ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അവരുടെ പല ആരാധകരും വിശ്വസിച്ചു.പോലീസിന്റെ ഇടപെടലാണ് സഹായികളുടെ മേല് മാത്രം കുറ്റം ആരോപിക്കാന് ഇടയാക്കിയതെന്നും പിൽക്കാലത്ത് ആരോപണം ഉണ്ടായി.
മാസ്മരികത സമ്മാനിക്കുന്നതിൽ ഇന്ന് സിനിമയോളം വലിയ മാധ്യമം ലോകത്ത് വേറെയില്ല.ഉപമകളിൽ മാത്രമായി ഒതുക്കാൻ കഴിയാത്ത പ്രശസ്തി..ആവശ്യത്തിനും അനാവശ്യത്തിനും പണം.“ഇന്ത്യൻ സിനിമയിലെ സ്ത്രീ എന്നാൽ ഭോഗവസ്തു മാത്രമാണ്,പുരുഷൻമാർക്ക് സ്വന്തം സ്വപ്നങ്ങളിലെ കാമനകൾ പൂർത്തീകരിക്കാനുളള വിഗ്രഹങ്ങളെന്ന് അടുത്തിടെ അഭിപ്രായപ്പെട്ടത് നടിയും നാടകപ്രവർത്തകയുമായ മിതാ വസിഷ്ഠാണ്.അവരുടെ വാക്കുകൾക്കൊപ്പം സഞ്ചരിച്ചാൽ വെളളിത്തിരയുടെ തിളക്കത്തിലേക്ക് ആകർഷിക്കപ്പെട്ട് ഒടുക്കം അലിഞ്ഞലിഞ്ഞ് ഇല്ലാതായവരുടെ ഉൾപ്പൊരുൾ വായിച്ചെടുക്കാനാകും.എല്ലാം ഉണ്ടെന്ന് സ്വയം കരുതി ഒടുവിൽ ഒന്നുമില്ലാതെയായി മാറുന്ന ദയനീയമായ കാഴ്ച.സിനിമ ചിലർക്ക് സമ്മാനിക്കുന്നത് ഇത്തരത്തിൽ ചില ബാക്കിപത്രങ്ങൾ കൂടിയാണ്.അത്തരമൊരു ദുരന്തത്തിന്റെ നേർസാക്ഷ്യമാണ് റാണി പത്മിനി എന്ന നടിയുടേത്..!!
റാണിപത്മിനിയുടെ അമ്മ ഇന്ദിര തിരുവനന്തപുരത്തെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു.അവരുടെ അച്ഛൻ പരുത്തിക്കാട്ട് ഗോപാലൻ നായരാകട്ടെ ദേവസ്വം കമ്മീഷണറായി വിരമിച്ച വ്യക്തിയും.ഇന്ദിരയുടെ മനസ്സിൽ,ചെറുപ്പത്തിൽ തന്നെ അഭിനയ മോഹം കടന്നുകൂടിയിരുന്നു.അമ്പതുകളുടെ തുടക്കത്തിൽ ഹിന്ദി സിനിമകളും മറ്റും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രദർശിപ്പിച്ചിരുന്നപ്പോൾ അതിൽ നായികക്കും പ്രധാന സ്ത്രീകഥാപാത്രങ്ങൾക്കുമൊക്കെ ശബ്ദം നൽകിയിരുന്നത് ഇന്ദിര ബി.എസ്.സി എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഈ ഇന്ദിരയായിരുന്നു.സിനിമയെന്ന താൽപര്യം ഇന്ദിരയിലേക്ക് കൂടുതൽ ആകർഷിച്ചത് ഇങ്ങനെയായിരുന്നു.തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകളിൽ അഭിനയിച്ച് വലിയ താരമാകണമെന്നും കുറേയേറെ കാശുണ്ടാക്കണമെന്നുമായിരുന്നു അവരുടെ മോഹം.അത് സാക്ഷാത്കരിക്കുന്നതിന്റെ പടിവാതിൽ വരെ അവർ എത്തിയതുമായിരുന്നു.അവർക്ക് അഭിനയിക്കാൻ അവസരം കിട്ടിയ ആദ്യ സിനിമയാകട്ടെ,മലയാള സിനിമയുടെ രണ്ടു ചരിത്രനായകന്മാരുടെയും ആദ്യത്തെ സിനിമ കൂടിയായിരുന്നു.സത്യന്റേയും പ്രേംനസീറിന്റെയും ‘ത്യാഗസീമ’ എന്ന ആദ്യചിത്രം.!!
നിർഭാഗ്യവശാൽ ഈ ചിത്രം പൂർത്തിയായില്ല.ഇതോടെ ഇന്ദിരയുടെ അഭിനയമോഹത്തിന് തുടക്കത്തിലേ കല്ലു കടിച്ചു.ആ നിരാശ അധികകാലം നീണ്ട് നിന്നില്ല.നടൻ തിക്കുറിശ്ശിയുടെ പ്രഥമ സംവിധാന സംരംഭമായ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കാൻ ഒരു പരിചയക്കാരൻ വഴി ഇന്ദിരയ്ക്ക് അവസരം ലഭിച്ചു.തിക്കുറിശ്ശിക്ക് ഇന്ദിരയെ ബോധിച്ചെങ്കിലും സ്ക്രീൻ ടെസ്റ്റിൽ അവർ പരാജയപ്പെട്ടു.അതോടെ ആ റോൾ കുമാരി തങ്കം എന്ന നടി ചെയ്തു.പക്ഷേ തോറ്റു കൊടുക്കാൻ ഇന്ദിര തയ്യാറായിരുന്നില്ല.ഏറെ നാളത്തെ അലച്ചിലിനൊടുവിൽ ഇന്ദിരക്ക് വീണ്ടുമൊരു സിനിമയിൽ അവസരം കിട്ടി.രാമു കാര്യാട്ടിന്റെ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയിലെ അപ്രധാനമായ ഒരു ചെറിയ കഥാപാത്രം.പക്ഷേ ആ ചിത്രം വൻ പരാജയമായതോടു കൂടി ഇന്ദിരയെ തേടി പിന്നീട് പുതിയ സിനിമകളൊന്നും വന്നില്ല.അതോടെ സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുവാൻ വേണ്ടി മദിരാശിയിലേക്കു ചേക്കേറാൻ അവർ നിർബന്ധിതയായി.അവിടെ അവർക്ക് കൂട്ടിന് സഹോദരൻ ചന്ദ്രശേഖരനും ഉണ്ടായിരുന്നു.സ്വഭാവദൂഷ്യം കൊണ്ട് അക്കാലത്ത് മദ്രാസിൽ ഏറെ ദുഷ്പേര് കേൾപ്പിച്ച വ്യക്തിയായിരുന്നു റാണിയുടെ സഹോദരൻ ചന്ദ്രശേഖരൻ.മദിരാശിയിൽ വന്നിട്ടും ഇന്ദിരയ്ക്ക് കൂടുതൽ സിനിമകളോ അവസരങ്ങളോ ലഭിച്ചില്ല.ഒടുവിൽ ചൗധരിയെന്ന ഹിന്ദിക്കാരനെ അർധമനസ്സോടെ വിവാഹം കഴിച്ച് ഇന്ദിര മദിരാശി വിട്ടു,,ഒപ്പം തന്റെ സിനിമാമോഹവും അവർ പാതിവഴിയിൽ ഉപേക്ഷിച്ചു.!!
വർഷങ്ങൾ കടന്നുപോയി1970ന്റെ തുടക്കത്തിൽ ഇന്ദിര വീണ്ടും മദിരാശിയിൽ കാലുകുത്തി.ഇത്തവണ അവർ ഒറ്റക്കായിരുന്നില്ല,കൂടെ മകൾ റാണി പത്മിനിയും ഉണ്ടായിരുന്നു.മദിരാശിയിൽ വന്നിറങ്ങിയ ഉടനെ അവർ,മകൾക്കൊപ്പം സഹോദരൻ ചന്ദ്രശേഖരനെ ചെന്നു കണ്ടു.ഭർത്താവ് ചൗധരിയുമായുള്ള വിവാഹബന്ധം താൻ വേർപ്പെടുത്തിയെന്നും തന്റെ മകളെ അറിയപ്പെടുന്ന ഒരു നടിയാക്കാൻ സഹായിക്കണമെന്നും സഹോദരനോട് ഇന്ദിര അഭ്യർത്ഥിച്ചു.തനിക്ക് സാധിക്കാതെ പോയത് തന്റെ മകളിലൂടെ നേടണമെന്ന വാശിയായിരുന്നു അവർക്ക്.ബാലികയായിരുന്ന സമയത്ത് അവരുടെ മകൾ റാണി പത്മിനി ഏതാനും തമിഴ് സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ടായിരുന്നു.കുറേക്കൂടി വളർന്നപ്പോൾ അഭിനയം പഠിക്കാൻ റാണിയെ ഇന്ദിര മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുചെന്നാക്കി.അമ്മാവന് തമിഴ് സിനിമാലോകത്ത് ഉണ്ടായിരുന്ന വിപുലമായ സ്വാധീനവലയത്താൽ തമിഴ് സിനിമയിൽ എളുപ്പത്തിൽ ചാൻസ് ലഭിക്കുമായിരുന്നു റാണിക്ക്.എന്നാൽ ബുദ്ധിമതിയായ റാണിയുടെ അമ്മ മകൾക്കായി തിരഞ്ഞെടുത്തത് മലയാളം ഇൻഡസ്ട്രിയാണ്.ലത,കെ.ആർ.വിജയ,ഉണ്ണിമേരി(ഉണ്ണിമേരി തമിഴിൽ ദീപ എന്ന പേരിലാണ് അഭിനയിച്ചിരുന്നത്)തുടങ്ങിയ സീനിയർ നടികളും അംബികയും, ശശികലയും, അർച്ചനയും,മാധവിയുമടങ്ങുന്ന പുതുമുഖങ്ങളും നിറഞ്ഞുനിൽക്കുന്ന തമിഴ് സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കുക വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇന്ദിര അന്നേ തിരിച്ചറിഞ്ഞിരുന്നു.
മലയാളത്തിലാകട്ടെ മോഹന്റെയും പത്മരാജനേയും ഭരതന്റേയും കെ.ജി.ജോർജിന്റെയും നേതൃത്വത്തിൽ സമാന്തരസിനിമകൾ വിപ്ലവം സൃഷ്ടിക്കുന്ന കാലമായിരുന്നു അത്.അഭിനയശേഷിയും സൗന്ദര്യവും ഒത്തിണങ്ങിയ പുതുമുഖനടികൾക്കുള്ള പ്രധാന തട്ടകം അന്ന് മലയാള സിനിമ തന്നെയായിരുന്നു.
1981 റിലീസ് ചെയ്ത മോഹന്റെ ‘കഥയറിയാതെ’ എന്ന ചിത്രത്തിലെ ഉഷ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് റാണി പത്മിനി മലയാളസിനിമയിൽ പ്രവേശിക്കുന്നത്.എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ ആ സിനിമയുടെ ചിത്രീകരണം അവിചാരിതമായി നീണ്ടുപോയി.റാണി അഭിനയിച്ച് ആദ്യമായി റിലീസ് ചെയ്ത ചിത്രം പി.ജി.വിശ്വംഭരൻ ഒരുക്കിയ ‘സംഘർഷം’ എന്ന സിനിമയായിരുന്നു.ജയനെ നായകനാക്കി ഐ.വി.ശശി ചെയ്യാനിരുന്ന “തുഷാരം” എന്ന സിനിമ ജയന്റെ മരണത്തിന് ശേഷം രതീഷിനെ നായകനാക്കി വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ,ആ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലേക്ക് ഐ.വി.ശശി റാണിയെ ക്ഷണിച്ചു.ആ രണ്ട് ചിത്രങ്ങളും അങ്ങനെ ഒരേ വർഷം റിലീസായതോടെ മലയാളസിനിമയിൽ റാണിയുടെ നല്ല കാലം ആരംഭിച്ചു.അതേ വർഷം തന്നെ ഭരതന്റെ പറങ്കിമല,അശോക് കുമാറിന്റെ തേനും വയമ്പും എന്നീ ചിത്രങ്ങളിലും അവർ ശ്രദ്ധേയവേഷങ്ങൾ ചെയ്തു.1982 ൽ അഗസ്റ്റിൻ പ്രകാശ് സംവിധാനം ചെയ്ത ‘ആശ’ എന്ന സിനിമയിലൂടെ കരിയറിലാദ്യമായി അവർ ടൈറ്റിൽ റോളിലും അഭിനയിച്ചു.
.ഇനിയെങ്കിലും,ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെ തേടി, കിളിക്കൊഞ്ചൽ, നസീമ,ഉയിർത്തെഴുന്നേൽപ്പ്,മരുപ്പച്ച എന്നിവയായിരുന്നു മലയാളത്തിൽ റാണി അഭിനയിച്ച മറ്റ് പ്രധാനചിത്രങ്ങൾ.സ്വതസിദ്ധമായ അഭിനയശേഷി തനിക്കുണ്ടെന്ന് ‘കഥയറിയാതെ’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ റാണി തെളിയിച്ചെങ്കിലും ഗ്ലാമർ വേഷങ്ങളാണ് അവർക്ക് ഏറെയും ലഭിച്ചത്.പ്രത്യേകിച്ചും പി.ജി.വിശ്വംഭരന്റെ ‘സംഘർഷം’ എന്ന ചിത്രം റാണിയുടെ സെക്സി ഇമേജിനെ നന്നായി ചൂഷണം ചെയ്ത സിനിമകളായിരുന്നു.രാജസ്ഥാന്റെ പശ്ചാത്തലത്തിൽ പ്രേംനസീർ,സുകുമാരൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച സംഘർഷം എന്ന ആ സിനിമയിൽ തന്നെ,നഗ്നതാപ്രദർശനം കൊണ്ട് ഏറെ വിവാദങ്ങൾ റാണി ക്ഷണിച്ചു വരുത്തി.ഈ സിനിമയിൽ ബാലൻ.കെ.നായർക്കൊപ്പം അടിവസ്ത്രം മാത്രം ധരിച്ചഭിനയിച്ച റാണിയുടെ ഒരു കുപ്രസിദ്ധബലാത്സംഗരംഗം അവരുടെ ഇമേജിനെ പിൽക്കാലത്ത് നന്നായി ബാധിച്ചു.അതിന്റെ പരിണിതഫലമെന്ന വണ്ണം പിന്നീടവർക്ക് ലഭിച്ച വേഷങ്ങളെല്ലാം തന്നെയും ഏകദേശം ഒരേ അച്ചിൽ വാർത്തവയായിരുന്നു.റാണിയുടെ അഭിനയശേഷിയേക്കാൾ റാണിയുടെ മാംസളശരീരത്തെ സിനിമയിൽ ഉപയോഗിക്കാനായിരുന്നു അക്കാലത്തെ മിക്ക സംവിധായകർക്കും താൽപര്യം ഉണ്ടായിരുന്നത്.റാണിയുടെ അമ്മ ഇന്ദിരയാകട്ടെ,മകളെ മികച്ച അഭിനേത്രിയാക്കുക എന്നതിലുപരി കാശ് കൂടുതൽ കിട്ടുന്ന സിനിമകളിൽ അഭിനയിപ്പിക്കുക എന്ന നയമായിരുന്നു പിന്തുടർന്നത്.അക്കാരണം കൊണ്ട് തന്നെ പിന്നീടുള്ള നാലഞ്ച് വർഷക്കാലം മലയാളത്തിലും തമിഴിലും വിശ്രമമില്ലാതെ റാണി ഓടിനടന്നഭിനയിച്ചു.
അധികം വൈകാതെ റാണിയുടെ മാർക്കറ്റിന് ഇടിവ് സംഭവിച്ചു.അതിന് പ്രധാനകാരണം അവരുടെ ഹിന്ദി സിനിമാമോഹമായിരുന്നു.ഹിന്ദിയിൽ ആദ്യമായി അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ റാണി കുറച്ചുനാൾ ബോംബെയിൽ താമസമാക്കി.റാണിയുടെ റിലീസായ ആദ്യ ഹിന്ദി ചിത്രം BUD-NASEEB എന്ന ചിത്രമായിരുന്നു.മലയാളികൾക്കും സുപരിചിതരായ ശാരി,കുയിലി,അശ്വിനി എന്നീ ദക്ഷിണേന്ത്യൻ നടികളായിരുന്നു ചിത്രത്തിലെ മറ്റ് നായികമാർ.ഇതിനിടെ മറ്റ് ചില ചെറിയ സിനിമകൾ കൂടി ഹിന്ദിയിൽ ലഭിച്ചെങ്കിലും അവയിൽ പലതും ചിത്രീകരണം പൂർത്തിയാക്കിയില്ല.റിലീസ് ആയവയാകട്ടെ പരാജയപ്പെടുകയും ചെയ്തു.അങ്ങനെ ഹിന്ദിസിനിമ മോഹം പാതിവഴിയിൽ ഉപേക്ഷിച്ച് റാണിയും അമ്മയും മദിരാശിയിലേക്ക് മടങ്ങിയെത്തി.അവിടെനിന്നായിരുന്നു റാണിയുടെ കഷ്ടകാലം ആരംഭിച്ചത്.ബോംബെയിൽ നിന്നും റാണി മടങ്ങിയത് ആപ്പിളിന്റെ നിറമുള്ള നിസ്സാൻ കാറിലായിരുന്നു.തൃശൂർ സ്വദേശിയായ ബിസിനസ്സ്കാരൻ വിശ്വംഭരനിൽ നിന്നും മൂന്നര ലക്ഷം രൂപ കാശായും,കൂടാതെ റാണിയുടെ മാരുതി കാറും കൊടുത്തിട്ടായിരുന്നു പൊന്നുംവിലക്ക് ആ കാർ റാണി സ്വന്തമാക്കിയത്.
മദിരാശിയിൽ വന്നെത്തിയ ഉടനെ,വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ വലിയൊരു ബംഗ്ലാവ് റാണി വാടകയ്ക്കെടുത്തു.അന്ന് പ്രതിമാസം 4500 രൂപയായിരുന്നു റാണി ആ വീടിന് കൊടുത്തിരുന്ന വാടക ബംഗ്ലാവിൽ താമസമാരംഭിച്ച ഉടനെ,പുതിയ വാച്ച്മാൻ,അടുക്കളക്കാരൻ,ഡ്രൈവർ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച് റാണി പത്രപരസ്യം നൽകി(റാണിക്ക് അടുക്കളക്കാരിയായി മേരി എന്നൊരു സ്ത്രീയുണ്ടായിരുന്നു.അവരെ റാണി വിളിച്ചില്ല.6 മാസത്തിൽ കൂടുതൽ ആരെയും വീട്ടിൽ ജോലിയ്ക്കു നിർത്തുന്ന പതിവ് റാണിക്കും അമ്മയ്ക്കും ഇല്ലായിരുന്നുവെത്രേ)
ഡ്രൈവറെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടാണ് റാണിയുടെ വീട്ടിലേക്ക് ജോലി തേടി ജബ്ബരാജ്(പിന്നീട് റാണിയുടെ ഘാതകനായ വ്യക്തി)എന്ന ആൾ എത്തുന്നത്.അതിനോടകം ഡ്രൈവർ വാക്കൻസിയിലേക്ക് വന്ന പലരെയും റാണിയും അമ്മയും മടക്കിയയച്ചെങ്കിലും ജബ്ബരാജിനോട് അങ്ങനെ ചെയ്യാൻ അവർക്ക് തോന്നിയില്ല.കാഴ്ചയിൽ നിഷ്കളങ്കനായിരുന്ന ജബ്ബരാജ് അങ്ങനെ റാണിയുടെ ഡ്രൈവറായി.കരുത്തനായ ജബ്ബരാജിൽ തങ്ങൾക്ക് പറ്റിയ അംഗരക്ഷകനെയാണ് അമ്മയും മകളും കണ്ടെത്തിയത്.ജബ്ബരാജ് ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ വന്നു.കാർ മോഷണക്കേസിൽ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ജബ്ബരാജ് എന്നും,അതിലുപരി ജബ്ബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും റാണിക്കും അമ്മക്കും അജ്ഞാതമായ രഹസ്യമായിരുന്നു.ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.സിനിമയുടെ മായാലോകത്ത് മിന്നിത്തിളങ്ങുന്ന കാലത്ത് പരിസരവാസികളുമായോ പുറംലോകവുമായോ കാര്യമായ ബന്ധങ്ങളില്ലാതെയാണ് റാണിയും അമ്മയും കഴിഞ്ഞിരുന്നത്.
റാണിയുടെ തീക്ഷ്ണമായ സൗന്ദര്യവും ഒപ്പം അവരുടെ നിസ്സാൻ കാറും ജബ്ബരാജിനെ തുടക്കം മുതൽക്കേ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു.ഒരിക്കൽ അവസരം കിട്ടിയപ്പോൾ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജബ്ബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതാണ് റാണിയെ കൊല്ലുക ആ ക്രൂരകൃത്യം ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത്.ഇതിനിടെ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന ബംഗ്ലാവ് സ്വന്തമായി വാങ്ങാൻ റാണിക്കും അമ്മയ്ക്കും പദ്ധതി ഉണ്ടായിരുന്നു.അതിനായി റാണിയുടെ പരിചയത്തിലുള്ള പ്രസാദ് എന്ന ഇടനിലക്കാരനോട് അമ്മയും മകളും സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ കൈ മാറാമെന്ന് പറയുകയുമുണ്ടായി.ഈ വിവരമറിഞ്ഞ ജബ്ബരാജ്,അത് കൊണ്ട് തന്നെ റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു.ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല എന്നതിനാൽ റാണിയുടെ വീട്ടിലെ വാച്ച്മാനെയും അടുക്കളക്കാരനെയും കൃത്യനിർവഹണത്തിനായി തന്ത്രപൂർവ്വം അയാൾ കൂട്ടുപിടിച്ചു.
ജബ്ബരാജും ലക്ഷ്മി നരസിംഹനും ചേർന്നാണ് ഇന്ദിരയേയും റാണി പത്മിനിയും കൊലപ്പെടുത്തിയത്. രാത്രിയിൽ അമിതമായി മദ്യപിക്കുന്ന ശീലം അമ്മയ്ക്കും മകൾക്കും ഉണ്ടായിരുന്നു.ആ സമയത്ത് ഇരുവരെയും വധിക്കാനുള്ള മാസ്റ്റർപ്ലാൻ കൊലയാളികൾ തയ്യാറാക്കി.1986 ഒക്ടോബർ 15നായിരുന്നു ആ ദുരന്തം.പതിവുപോലെ അമ്മയും മകളും രാത്രിയിൽ നന്നായി മദ്യപിച്ചു.സ്നാക്സ് എടുക്കാൻ റാണിപത്മിനി അടുക്കളയിലേക്ക് പോയ സമയത്ത് ഡൈനിങ് റൂമിൽ കടന്ന നരസിംഹൻ ഇന്ദിരാകുമാരിയെ കഠാരകൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.തിരിച്ചെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്.അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ പാചകക്കാരൻ തടഞ്ഞു.മരണവുമായി മല്ലടിക്കുന്ന ഇന്ദിരയുടെ മുന്നിലിട്ട് റാണിയെ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു,ശേഷം ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.അമ്മയുടെയും മകളുടെയും ശരീരത്തിൽ കുത്തേറ്റ് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.അക്രമത്തിന്റെ കാഠിന്യത്താൽ റാണിയുടെ കുടൽമാല പൂർണമായും പുറത്തു ചാടിയ നിലയിൽ ആയിരുന്നു..!!!!!
കൊലപാതകത്തിന് ശേഷം 15 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളും,അലമാര തുറന്ന് 10,000 രൂപയും കവർച്ച ചെയ്ത് മൂന്നായി ഭാഗം വച്ച് പ്രതികൾ 3 വഴിക്ക് മുങ്ങി.ജബ്ബരാജിന്റെ നിർദ്ദേശപ്രകാരം റാണിയുടേയും അമ്മയുടെയും ജഡങ്ങൾ മറ്റുള്ളവർ കുളിമുറിയിലേക്ക് വലിച്ചിട്ടു.എന്നിട്ട് കൃത്യം നടന്ന സ്ഥലങ്ങളിലെ തറയിലെ രക്തക്കറകൾ മുഴുവൻ കഴുകിക്കളഞ്ഞു.വൈകുന്നേരമായപ്പോൾ പത്മ എന്നൊരു അഭിസാരികക്കൊപ്പം ജബ്ബരാജ് ആ വീട്ടിൽ മടങ്ങിയെത്തി.രാത്രി മുഴുവൻ മദ്യവും നീലച്ചിത്രങ്ങളും പത്മയുമായി ജബ്ബരാജ് റാണിയുടെ ആ വലിയ ബംഗ്ലാവിൽ കഴിച്ചുകൂട്ടി.പിറ്റേന്ന് വീട് അരിച്ചുപെറുക്കിയിട്ടും താൻ പ്രതീക്ഷിച്ച വലിയ തുക കാണാതെ വന്നപ്പോൾ റാണിയുടെ നിസ്സാൻ കാറെടുത്തു ജബ്ബരാജ് സ്ഥലംവിട്ടു.മറ്റു രണ്ടു പ്രതികളും അന്നേരം ആ വീടുപേക്ഷിച്ചു പോയി.
ഒക്ടോബർ ഇരുപതാം തിയതി പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാനും,തുക വാങ്ങാനുമായി ബ്രോക്കർ പ്രസാദ്,റാണിയുടെ വീട്ടിലെത്തി.ഏകദേശം 25–30 സെന്റിൽ സ്ഥിതി ചെയ്യുന്ന ആ വീടിനു ചുറ്റും അയൽക്കാർ കുറവായിരുന്നു.കാർപോർച്ചിൽ റാണിയുടെ കാർ കാണാതെ വന്നപ്പോൾ അവരവിടെ ഉണ്ടാകില്ലേ എന്ന് പ്രസാദ് ന്യായമായും സംശയിച്ചു.പക്ഷേ അകത്തു കയറാൻ നേരം ആ വലിയ ഗേറ്റ് വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം പ്രസാദ് ഓർത്തു.റാണി വരുമെന്ന പ്രതീക്ഷയിൽ പ്രസാദ് അവിടെ പുറത്ത് കാത്തുനിന്നു.അപ്പോഴാണ് വല്ലാത്ത ഒരു ദുർഗന്ധം വീടിനകത്ത് നിന്ന് പ്രസരിക്കുന്നത് പ്രസാദിന്റെ ശ്രദ്ധയിൽ പെട്ടത്.ഓക്കാനം വരുന്ന ആ മണം അയാളെ വല്ലാതെ അസ്വസ്ഥനാക്കിയപ്പോൾ പ്രസാദ് കോളിംഗ് ബെൽ അടിച്ചു.ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടാകുമെന്ന് സ്വാഭാവികമായും അയാൾ കരുതി.ബെല്ലടിച്ചിട്ടും ആരെയും കാണാതെ വന്നപ്പോൾ വീടിന് ചുറ്റും പ്രസാദ് നടന്നു.പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി.മേലെയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നതോടെ പ്രസാദ് ഭയന്നു.ഈച്ചകളുടെ പ്രഭവകേന്ദ്രം അന്വേഷിച്ച് പ്രസാദ് എത്തപ്പെട്ടത് ഒരു കുളിമുറിയിലായിരുന്നു.അവിടെയതാ ചത്തുവീർത്തു കിടക്കുന്നു,രണ്ട് ശവശരീരങ്ങൾ…!!!!
പ്രസാദ് പിന്നെ അവിടെ നിന്നില്ല.നിലവിളിച്ചു കൊണ്ട് അയാൾ ഇറങ്ങിയോടി.ആ ഓട്ടം അവസാനിച്ചത് തിരുമംഗലം പോലീസ് സ്റ്റേഷനിലായിരുന്നു.പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി.അപ്പോഴേക്കും രണ്ട് ജഡങ്ങളും ചീഞ്ഞളിഞ്ഞിരുന്നു.ആ ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷണങ്ങളായി വേർപ്പെടാമെന്നിരിക്കെയുള്ള അവസ്ഥയിൽ പോസ്റ്റ്മോർട്ടം കുളിമുറിയിൽ തന്നെ നടത്താമെന്നു പോലീസ് സർജൻ അഭിപ്രായപ്പെട്ടു.അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അമ്മയുടെയും പോസ്റ്റ്മോർട്ടം കഴിഞ്ഞു.കാര്യമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടൻ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.പോസ്റ്റ്മോർട്ടം കഴിഞ്ഞ് തക്കസമയത്ത് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്സിയുടെ ഡിക്കിയിലാണ് ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.അവരുടെ ജഡങ്ങൾ രണ്ടും,സീറ്റിൽ വയ്ക്കാൻ പോലും അന്ന് ആ ടാക്സിഡ്രൈവർ സമ്മതിച്ചില്ലെത്രേ.രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാനാകട്ടെ,ബന്ധുക്കളായി ആരും വന്നില്ല.ഒരു കാലത്ത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിരുന്ന ഒരു നടിയുടെ തകർച്ചയുടെ പരിപൂർണ്ണമായ ബാക്കിപത്രം തന്നെ ആയിരുന്നു അത് ഒക്ടോബർ 25 നു മദിരാശിയിൽ ഒരു വിവാഹ ചടങ്ങിനിടെ നടൻ കൊച്ചിൻ ഹനീഫയും നിർമാതാവ് ടി.കെ.ബാലചന്ദ്രനും കണ്ടുമുട്ടി.ടി.കെ.ബാലചന്ദ്രൻ അന്നത്തെ സിനിമാക്കാരുടെ സംഘടനയായിരുന്ന ചലച്ചിത്രപരിഷത്തിന്റെ ഭാരവാഹി കൂടിയായിരുന്നു.
റാണിയുടേയും അമ്മയുടെയും ജഡങ്ങൾ അനാഥമായി ആശുപത്രിയിൽ കിടക്കുന്നവെന്ന വിവരം ടി.കെ.ബിയും അറിഞ്ഞിരുന്നു..അഭിനേത്രി ആയിരുന്നെങ്കിലും റാണി പരിഷത്തിലെ അംഗമായിരുന്നില്ല.എങ്കിലും സ്വന്തം നിലയിൽ ആ ജഡങ്ങൾ ഏറ്റുവാങ്ങി ദഹിപ്പിക്കാനുള്ള പരിഷത്തിന്റെ സന്നദ്ധത ടി.കെ.ബി അറിയിക്കുകയും ഈ വിവരം അദ്ദേഹം ഉടനെ അക്കാലത്തെ പ്രശസ്ത നിർമാതാവ് മഞ്ഞിലാസ് ജോസഫിനെ അറിയിയ്ക്കുകയും ചെയ്തു.അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകവേ റാണിയുടെ അമ്മയായ ഇന്ദിരയുടെ സഹോദരൻ,ബാംഗ്ലൂർ മലയാളിയായ ജി കെ നായർ സ്ഥലത്തെത്തി.ഇന്ദിരയ്ക്ക് വേറെയും സഹോദരന്മാരുണ്ടായിട്ടും അവരാരും വരാൻ തയ്യാറായില്ല.ഇന്ദിരയുടെ കൂടെ നേരത്തെ മദിരാശിയിൽ ഉണ്ടായിരുന്ന സഹോദരൻ ചന്ദ്രശേഖരൻ ഒരു വർഷം മുമ്പ് മരിച്ചതും ജി.കെ.നായർ അറിഞ്ഞിരുന്നില്ല.റാണി സിനിമയിൽ നായികയാകും മുമ്പ് ഇന്ദിരയുടെ വസതിയിൽ വ്യഭിചാരത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത കുറ്റത്തിന് 6-7വർഷങ്ങൾക്കു മുമ്പ് ഇന്ദിരയെയും ചന്ദ്രശേഖരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അന്ന് ചന്ദ്രശേഖരൻ കുറ്റമെല്ലാം ഏൽക്കുകയും ഇന്ദിര ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.അതോടെയാണ് ഇന്ദിരയുടെ സഹോദരങ്ങൾ അവരെ പൂർണ്ണമായും കയ്യൊഴിഞ്ഞത്.1986 ഒക്ടോബർ മുപ്പതിന് മോർച്ചറിയിൽ നിന്നും ജഡം ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി.പരിഷത്തിന് വേണ്ടി ജോസഫ് വച്ച റീത്ത് മാത്രമായിരുന്നു ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന റാണിയ്ക്ക് വേണ്ടി സമർപ്പിച്ച ഏക ആദരം.ജോസഫിനെക്കൂടാതെ നടന്മാരായ രവികുമാർ,മോഹൻ ശർമ്മ,ചന്ദ്രാജി എന്നിവരും അവിടെ ഉണ്ടായിരുന്നു.
അവരെ അനാഥപ്രേതങ്ങളെ പോലെ സംസ്കരിക്കരുതെന്നും കർമ്മങ്ങൾ ചെയ്യണമെന്നും രവികുമാറും മോഹനും ആവശ്യപ്പെട്ടു.അങ്ങനെ റാണിയുടെ മാതൃസഹോദരൻ ജി.കെ.നായർ ചിതയ്ക്ക് തീകൊളുത്തി.വലിയ ഒരുപിടി ആഗ്രഹങ്ങളുടെ കലവറയായിരുന്ന ഇന്ദിരയും മകൾ റാണി പത്മിനിയും മദ്രാസിലെ ഐ.ജി.ആപ്പീസിനടുത്തുള്ള ശ്മശാനത്തിൽ 1986 ഒക്ടോബർ മുപ്പതിന്(മരണത്തിന് രണ്ടാഴ്ച ശേഷം)ഒരുപിടി ചാരമായി അവശേഷിച്ചു!
ജഡങ്ങൾ കണ്ടെടുത്തു അഞ്ച് ദിവസത്തിനുള്ളിൽ റാണിയുടെ ഘാതകർ എല്ലാവരേയും പോലീസ് പിടികൂടി.കൊല നടന്നതിന് ശേഷം ആ വീട്ടിലെ ജോലിക്കാരെ കാണാതായതും സംഭവസ്ഥലത്തു നിന്ന് കിട്ടിയ തെളിവുകളും അയൽക്കാരുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമായി.സംഭവം നടന്ന മുറിയിൽ നിന്നും കിട്ടിയ വിരൽപ്പാടുകൾ ഒത്തുനോക്കിയപ്പോൾ നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്ന ജബ്ബരാജിന്റെ വിരലടയാളത്തിനോട് അതിലൊരെണ്ണം യോജിച്ചതും ജബ്ബരാജിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചു. ജബ്ബരാജിന്റെ അടുത്ത സുഹൃത്തായിരുന്ന ലോറൻസിനെ പിടികൂടിയപ്പോഴാണ് കൊലപാതകത്തിന് പിന്നിലുള്ള ജബ്ബരാജിന്റെ കൈകൾ പൊലീസിന് വ്യക്തമായത്.സംഭവം നടന്ന് പിറ്റേന്ന് തന്നെ ജഡങ്ങൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ തന്നെയും കൂട്ടി ജബ്ബരാജ് അവിടെ പോയിരുന്നെന്നും ശവങ്ങൾ കത്തിക്കുമ്പോൾ അയൽക്കാർക്ക് സംശയം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലാക്കി ആ പദ്ധതി ഉപേക്ഷിയ്ക്കുകയും ജഡങ്ങൾ മറ്റൊരിടത്തേക്ക് നീക്കാനുള്ള മാർഗ്ഗം നോക്കി ജബ്ബരാജ് മടങ്ങിയതും ലോറൻസ് പോലീസിനോട് സമ്മതിച്ചു.അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നതിനിടെയാണ് പ്രസാദ് ആ വീട്ടിൽ കയറുന്നതും അങ്ങനെ ജഡങ്ങൾ കാണാനും ഇടയാകുന്നതും.അതോടെ ജബ്ബരാജ് സ്ഥലം വിടുകയായിരുന്നു.
ആദ്യം ബന്ധുവീട്ടിലെത്തിയ ജബ്ബരാജ് പോലീസ് പിന്തുടരുന്നുണ്ടെന്ന് കണ്ടതോടെ അവിടെനിന്നും തിരുപ്പതിയിലെത്തി.ശേഷം രൂപമാറ്റത്തിനായി തല മുണ്ഡനം ചെയ്തു,എങ്കിലും ജബ്ബരാജിന് രക്ഷപ്പെടാനായില്ല.കൊലക്ക് ശേഷം റാണിയുടെ വീട്ടിൽ നിന്നും ജബ്ബരാജ് അപഹരിച്ച പല സാധനങ്ങളും പലയിടങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തു.ജബ്ബരാജിന്റെ വധശിക്ഷ ഹൈക്കോടതി ശരി വയ്ക്കുകയും നരസിംഹന്റെയും ഗണേഷിനെയും ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു.ഹൈക്കോടതി വിധിക്കെതിരെ ജബ്ബരാജ് സുപ്രീംകോടതിയെ സമീപിച്ചു.കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു.
മലയാളം-തമിഴ്-കന്നഡ-ഹിന്ദി ഭാഷകളിലായി ഏകദേശം 110 സിനിമകളിൽ റാണി പത്മിനി അഭിനയിച്ചിട്ടുണ്ട്.മരിക്കുന്നതിന് മുൻപ് ആറോളം സിനിമകളിൽ അഭിനയിക്കാൻ റാണി കോൾഷീറ്റ് നൽകിയിരുന്നു.റാണിയുടെ മരണശേഷം അവയിൽ പലതും റിലീസാകാതെ പോകുകയും,പകരം വേറെ ആളെ(ഡ്യൂപ്പ്)വച്ച് റീഷൂട്ട് ചെയ്ത് ഇറക്കുകയും ചെയ്തിട്ടുണ്ട്.മോഹൻലാലിന്റെ ആദ്യകാലനായികമാരിൽ ഒരാൾ എന്നാണ് റാണിയെ കുറിച്ചോർക്കുമ്പോൾ പലരുടേയും മനസ്സിൽ തെളിയുന്ന ആദ്യവസ്തുത.റാണിയും മോഹൻലാലും ജോഡികളായി 4ഓളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
തേനും വയമ്പും,കുയിലിനെത്തേടി,നസീമ,ഇടനിലങ്ങൾ എന്നിവയാണ് ആ ചിത്രങ്ങൾ..ഇത് കൂടാതെ ആക്രോശം,ആ ദിവസം,ഹിമവാഹിനി,കിളിക്കൊഞ്ചൽ, അതിരാത്രം,ഇതാ ഇന്നുമുതൽ,അക്കരെ, ജീവന്റെ ജീവൻ എന്നിങ്ങനെ നിരവധി സിനിമകളിലും മോഹൻലാലും റാണിപത്മിനിയും ഒന്നിച്ചിട്ടുണ്ട്.(ഇവയിൽ ചില സിനിമകളിൽ റാണിയുടെ ഘാതകൻ മോഹൻലാലായിരുന്നുവെന്നതും കൗതുകം)കഥയറിയാതെ എന്ന സിനിമയല്ലാതെ റാണിപത്മിനിയിലെ അഭിനേത്രിയെ ഓർക്കാൻ ‘നസീമ’ പോലെ ചുരുക്കം സിനിമകളേ മലയാളത്തിലുള്ളൂ.ഉയിർത്തെഴുന്നേൽപ്പ്,ആക്രോശം എന്നീ ചിത്രങ്ങളിൽ പ്രേംനസീറിന്റെ മകളായി റാണി പത്മിനി അഭിനയിച്ചിട്ടുണ്ട്.റാണിയുടെ അന്ത്യയാത്രയിൽ പങ്കെടുത്ത ആകെ നാല് സിനിമക്കാരിൽ നടൻ രവികുമാറിന്റെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.സത്യന്റേയും നസീറിന്റേയും മാത്രമല്ല,രവികുമാറിന്റെ അമ്മ ഭാരതിയുടെയും റാണിയുടെ അമ്മ ഇന്ദിരയുടെയും ആദ്യചിത്രമായിരുന്നു റിലീസാകാതെ പോയ ത്യാഗസീമ എന്ന ചിത്രമെന്നത് മറ്റൊരു യാദൃച്ഛികത.!!
റാണിയുടെ കൊലപാതകത്തിനെക്കുറിച്ച് അക്കാലത്ത് തന്നെ പല ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിച്ചിരുന്നു.ജബ്ബരാജ് വെറും ഡമ്മി കൊലയാളി മാത്രമാണെന്നും അതിനുപിന്നിൽ പ്രവർത്തിച്ച തലച്ചോറ് മറ്റാരുടെയോ ആയിരിക്കുമെന്നുള്ള സംശയങ്ങൾ പലയിടത്തുനിന്നും പൊട്ടിമുളച്ചു.റാണിയ്ക്കും അവരുടെ അമ്മയ്ക്കും സിനിമാമേഖലയിലെ പല പ്രമുഖരായുള്ള വഴിവിട്ട ബന്ധവും ഇതിന് നിദാനമായി പലരും എടുത്തുപറഞ്ഞു.റാണിയുടെ അമ്മാവന്റെ ഒത്താശയോടെ റാണിയും അമ്മയും പല പ്രമുഖരെയും അനാശാസ്യം വഴി അടുപ്പത്തിലാക്കിയെന്നും,അവരെ സമീപിക്കുന്നവരുടെ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതുൾപ്പടെയുള്ള പൂർവകാലചരിതങ്ങളും പിൽക്കാലത്ത് പലരും എഴുതിപ്പിടിപ്പിച്ചു.അത്തരത്തിലൊരു നീക്കം റാണിയുടെയോ അമ്മയുടേയോ ഭാഗത്തു നിന്നും വീണ്ടുമുണ്ടായപ്പോൾ ആരെങ്കിലും കരുതിക്കൂട്ടി ചെയ്യിച്ചതാണോ കൊലപാതകം എന്ന വഴിക്കും സംശയം നീണ്ടു.
റാണിക്ക് അശോകൻ എന്ന പേരിൽ ഒരു കാമുകനുണ്ടായിരുന്നെന്നും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത അശോകനുമായൊരു വൈവാഹികജീവിതം റാണി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പൊന്മുട്ടയിടുന്ന റാണിയെ അശോകന് നൽകാൻ അവരുടെ അമ്മക്ക് താല്പര്യമില്ലാത്തതിനാൽ ആ വിവാഹത്തിന് അവർ എതിരു നിന്നതും,എന്നിട്ടും റാണി അശോകനുമായുള്ള വിവാഹത്തിന് തയ്യാറെടുത്തിരുന്നതുമായ രീതിയിലുള്ള തെളിവുകൾ റാണിയുടെ വീട്ടിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.ഇതിനെ സാധൂകരിക്കുന്ന കുറെ കത്തുകളും ലഭിച്ചിരുന്നെങ്കിലും അന്വേഷണം ആ വഴിക്കും പോയില്ല.അശോകൻ എന്ന വ്യക്തി ആരാണ് എന്നത് ഇന്നും ചുരുളഴിയാരഹസ്യമായി അവശേഷിക്കുന്നു.റാണി അഭിനയിച്ച 90% ചിത്രങ്ങളിലും റാണിയുടെ കഥാപാത്രങ്ങളെല്ലാം ഇളം പ്രായത്തിൽ തന്നെ വലിച്ചുകീറി നശിപ്പിയ്ക്കപ്പെട്ടവയായിരുന്നു.വില്ലന്മാരുടെ കൈകൾകൊണ്ട് പിടഞ്ഞുതീരാനായിരുന്നു ഭൂരിഭാഗം സിനിമകളിലും റാണിയുടെ കഥാപാത്രങ്ങളുടെ വിധി.
ആ വിധി റാണിയുടെ ജീവിതത്തിലും ആവർത്തിച്ചുവന്നത് അതിഭീകരമായൊരു യാദൃച്ഛികത!!.കുത്തേറ്റ് കിടന്ന റാണിയുടെ ശരീരത്തിൽ ഏതാണ്ട് പന്ത്രണ്ടോളം മുറിവുകളുണ്ടായിരുന്നു,അതും നല്ല ആഴത്തിൽ തന്നെ.അവരുടെ അമ്മ ഇന്ദിരയുടെ ശരീരത്തിലാകട്ടെ പതിനാലോളം മുറിവുകളും.തനിയ്ക്ക് നേടാൻ സാധിക്കാതെ പോയ സ്വർഗ്ഗം തന്റെ മകളിലൂടെ സ്വന്തമാക്കാനുള്ള ഒരമ്മയുടെ വെപ്രാളമായിരുന്നു റാണിയുടെ അമ്മയുടെ ജീവിതം.1986 ഒക്ടോബർ 15ന് അവരുടെ പ്രാണൻ രക്തത്തിൽ കിടന്ന് പിടയുന്നതുവരെ ഇന്ദിരയുടെ സിരകളിൽ ആ ആസക്തി ത്രസിച്ചു നിന്നു.അതിന് പകരമായി അവർക്ക് ബലി നൽകേണ്ടി വന്നത് സ്വജീവൻ മാത്രമല്ല,24 കാരിയായ തന്റെ പ്രിയപുത്രിയുടെ ജീവൻ കൂടിയായിരുന്നു..പ്രേക്ഷകരുടെ ലൈംഗികാസക്തിയുടെ നീതിബോധത്തെ തൃപ്തിപ്പെടുത്താൻ നഗ്നമേനികൾ പരിവർത്തിപ്പിക്കുന്ന ചലച്ചിത്ര ഉൽപ്പന്നഫാക്ടറികളായി ഇന്നും റാണിയും അവരുടെ അമ്മയും ജീവിക്കുന്നുണ്ട്.പല പേരിൽ..!!പല നാട്ടിൽ..!!