പിരിഞ്ഞ് വർഷങ്ങളായിട്ടും അവർക്കെങ്ങനെയാണ് ഇപ്പോഴും ഇത്ര അഗാധമായി സ്നേഹിക്കാൻ കഴിയുന്നത് ?

774

Sunil Waynz

ജോലി സംബന്ധമായി കുറച്ച് കാലം മുൻപ് തൃശൂരിൽ ഉണ്ടായിരുന്ന കാലം.ഇടക്കെപ്പോഴോ ഒരു ദിവസം സുഹൃത്ത് നേരിൽ കാണാൻ വരുന്നുണ്ട് എന്നറിഞ്ഞ് അവനെ കാത്ത് ഒരു വൈകുന്നേരം ടൗണിൽ പോയി നിന്നു.അവൻ,വരാൻ അല്പം താമസം ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു ചൂടുചായ കുടിക്കാൻ നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചെറിയൊരു കടയിൽ കയറി. ചായക്ക് പറഞ്ഞ് ചുമ്മാ തല വെട്ടിച്ചു നോക്കിയപ്പോഴാണ് അവിടെ സൈഡിൽ ഓണാക്കി വച്ചിരുന്ന ടി.വിയിലേക്ക് നോട്ടം പോയത്.

റിമി ടോമി അവതാരികയായ ‘ഒന്നും ഒന്നും മൂന്ന്’ എന്ന ചാറ്റ് ഷോ ആയിരുന്നു അതിൽ അപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്. വൈശാലി എന്ന സിനിമ വഴി മലയാളികൾക്ക് സുപരിചിതനായ നടൻ സഞ്ജയ് മിത്ര ആയിരുന്നു അന്ന് ആ പരിപാടിയിൽ അതിഥിയായി വന്നത്.ഇടക്ക് ചില സിനിമകളിൽ മലയാളത്തിൽ കണ്ടെങ്കിലും പിന്നീട് അപ്രത്യക്ഷനായി പോയ അദ്ദേഹത്തെ തീർത്തും ആകസ്‌മികമായി കണ്ടത് കൊണ്ട് തന്നെ,കുറച്ച് നേരം ഷോയും കണ്ടങ്ങിരുന്നു പോയി. സമയമായപ്പോൾ മനസ്സില്ലാഞ്ഞിട്ടും അവിടെ നിന്നിറങ്ങി വരേണ്ടി വന്നു.പിന്നീട് യൂട്യൂബിലാണ് ആ പരിപാടി കണ്ടത്

Vaishali Movie Climax Scene | Suparna Anand | Sanjay Mitra - YouTubeഇതിന് ശേഷം സഞ്ജയ് യും അദ്ദേഹത്തിന്റെ ആദ്യഭാര്യയും അഭിനേത്രിയുമായ സുപർണ ആനന്ദും ഒരുമിച്ച് പങ്കെടുത്ത ആ പരിപാടിയുടെ മറ്റൊരു അധ്യായം കൂടി ഈയിടെ കാണാൻ ഇടയായി..സത്യം പറഞ്ഞാൽ Youtubeൽ ഈ വീഡിയോയുടെ Thumbnail ആയിട്ട് അലങ്കരിച്ച ചിത്രത്തിന്റെ മനോഹാരിത കൊണ്ട് കൂടിയാണ് ആ പരിപാടി കാണാനുള്ള മോഹം എന്നിൽ ജനിച്ചത്.കാരണം.സുപർണയുടെ തോളിൽ കയ്യിട്ട്..അവരെ ചേർത്ത് പിടിച്ച് വേദിയിലേക്ക് ആനയിച്ച് കൊണ്ട് വരുന്ന സഞ്ജയ് യുടെ ചിത്രമാണ് യൂട്യുബിൽ ഈ വീഡിയോ കാണാൻ പോകുന്ന ആസ്വാദകരെ വരവേൽക്കുന്നത്(ഈ ചിത്രമാണ് അതിന്റെ Thumbnail ആയി വച്ചിരിക്കുന്നത്)
🙂
പിരിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടും ഇരുവരേയും ഒരുമിച്ച്..ഒരേ വേദിയിൽ കണ്ടപ്പോൾ വലിയ ആഹ്ലാദം തോന്നി. സഞ്ജയ് മാത്രം പങ്കെടുത്ത ആദ്യ എപ്പിസോഡിൽ സുപർണയെ പരിപാടിയിൽ പങ്കെടുക്കാൻ താൻ വിളിച്ചിരുന്നുവെങ്കിലും എന്തോ ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കാരണം അവർക്ക് വരാൻ കഴിയില്ല എന്നദ്ദേഹം പറഞ്ഞത് കണ്ടിരുന്നു.അത് കൊണ്ട് തന്നെ രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോൾ,സത്യം പറഞ്ഞാൽ ഇരട്ടിമധുരമായിരുന്നു.റിമി ടോമിയുടെ സ്വതസിദ്ധമായ എനർജി ലെവലിൽ പരിപാടി അങ്ങനെ മുന്നോട്ടു പോവുകയായിരുന്നു. ഇടക്കെപ്പോഴോ ചിരി ചിലമ്പുന്ന തന്റെ ശബ്ദത്തിൽ..ബാലാരിഷ്ടത വിട്ടു മാറാത്ത/ന്യൂനതകൾ ആവോളം പേറുന്ന തന്റെ ഹിന്ദിയിൽ റിമി ടോമി സുപർണയോട് ഒരു ചോദ്യം ചോദിച്ചു

“സുപർണ ജി..ആപ് ജിത് നാ ഹീറോസ് കേ സാത്ത് കാം കിയാ..ആപ് മമ്മൂക്ക കേ സാത്ത് കാം കിയാ…ജയറാമേട്ടൻ കേ സാത്ത് കാം കിയാ..സഞ്ജയ് ജി കേ സാത്ത് കാം കിയാ ഓർ നിതീഷ് ഭരദ്വാജ് കെ സാത്ത് കാം കിയാ..ആപ് കാ മോസ്റ്റ് ഫേവറിറ്റ് ഹീറോ കോൻ ഹേ”??
ചിരിയായിരുന്നു സുപർണയുടെ ആദ്യമറുപടി
ശേഷം,സംശയത്തിന് ലവലേശം പോലും അവസരം നൽകാതെയുള്ള അവരുടെ മറുപടി
👇👇
“മേരാ..മോസ്റ്റ് ഫേവറിറ്റ് ഹീറോ,തോ സഞ്ജയ് ജി ഥേ”
അരികിലിരുന്ന സഞ്ജയ് മിത്രയെ നോക്കിയാണ് അവരത് പറഞ്ഞത്
കേട്ടതും അദ്ദേഹത്തിന്റെ മുഖത്തും ചിരി
വെറും ചിരിയല്ല
ഹൃദയം നിറഞ്ഞ പുഞ്ചിരി
ഇതേ ചോദ്യം റിമി തിരിച്ച് സഞ്ജയ് മിത്രയോടും ഇതിന് ശേഷം ചോദിക്കുന്നുണ്ട്
തങ്ങൾ ഒരുമിച്ച് അഭിനയിച്ച ഒരു പഴയ ബംഗാളി സിനിമയുടെ ഓർമകൾ അയവിറക്കിയ ശേഷം തന്റെ ഇഷ്ടനായികയായി അദ്ദേഹം പറഞ്ഞതും തന്റെ പഴയ പ്രേയസിയുടെ പേര് തന്നെയായിരുന്നു..!!!
കൂടാതെ..
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ ഓർത്തെടുക്കാൻ പറഞ്ഞപ്പോൾ രണ്ടു പേരും പറഞ്ഞത് തങ്ങളുടെ മകന്റെ ജനനദിവസം..
തങ്ങളുടെ ആദ്യ മലയാള സിനിമയായ വൈശാലിയുടെ റിലീസിംഗ് ഡേ..
അങ്ങനെയങ്ങനെ..
🙂🙂
1969-ൽ ഡൽഹിയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച സുപർണ ആനന്ദ് എന്ന നടി സംവിധായകൻ ഭരതന്റെ കണ്ടെത്തലാണ്.തന്റെ പതിനാറാം പിറന്നാൾ ആഘോഷത്തിന്റെ തലേദിവസമാണ് ഭരതൻ,വൈശാലിയിൽ അഭിനയിക്കാൻ വേണ്ടി ക്ഷണിക്കുന്നതിന് സുപർണയെ കാണാൻ അവരുടെ ഫ്ലാറ്റിലേക്ക് വരുന്നത്. അപരിചിതമായ ദേശം അപരിചിതരായ ആളുകൾ
അപരിചിതമായ ഇൻഡസ്‌ട്രി..ഇക്കാരണങ്ങൾ കൊണ്ട് തന്നെ സുപർണ ആദ്യം തന്നെ നോ പറഞ്ഞു

പക്ഷേ കേരളത്തിൽ നിന്ന് കാതങ്ങൾ താണ്ടി ഈയൊരു ആവശ്യത്തിന് വേണ്ടി മാത്രം തങ്ങളെ കാണാൻ വന്ന സംവിധായകനെ കണ്ടപ്പോൾ അവരുടെ അച്ഛന് ദീനാനുകമ്പ തോന്നി.കഥ എന്താണെങ്കിലും ഒന്ന് കേട്ടു നോക്കാൻ അദ്ദേഹം മകളോട് പറഞ്ഞു.അതിൻ പ്രകാരം കഥ ഇരുന്ന് മുഴുവനായും കേട്ടു.കഥ കേട്ടപ്പോൾ നന്നായി തോന്നി.എങ്കിലും ഇത്രയും ദൂരെ വന്ന് അഭിനയിക്കണമല്ലോ എന്നോർത്തപ്പോൾ വീണ്ടും ഒരു വൈക്ലബ്യം.അത് ഒഴിവാക്കാൻ വേണ്ടി താൻ ആവശ്യപ്പെടുന്ന കാശ് വേണമെന്ന് സുപർണ ഭരതനോട് പറഞ്ഞു. ആ ആവശ്യം അദ്ദേഹത്തിന് സ്വീകാര്യമല്ലാതെ വരും എന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ ആ വ്യവസ്ഥയും ഭരതൻ അംഗീകരിച്ചതോടെ സുപർണയുടെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് കളമൊരുങ്ങി

ഉത്തരം,നഗരങ്ങളിൽചെന്ന്രാപ്പാർക്കാം, ഞാൻ_ഗന്ധർവൻ എന്നിങ്ങനെ നാല് സിനിമകളാണ് സുപർണക്ക് മലയാളത്തിൽ സ്വന്തമായി ഉള്ളത്. മാധുരി ദീക്ഷിത് നായികയായ തേസാബ് ഉൾപ്പെടെയുള്ള ഹിന്ദി സിനിമകൾ വേറെയുമുണ്ട്.1997ൽ പുറത്തിറങ്ങിയ ‘ആസ്ത : ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ ആനന്ദ് അവസാനമായി അഭിനയിച്ച ചിത്രം. മുംബൈ സ്വദേശിയായ സഞ്ജയ് മിത്രയും വൈശാലിയിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. നടൻ വിനീതിന് വേണ്ടി ഒരുക്കി വച്ച റോൾ ആയിരുന്നു, വിനീതിന്റെ തിരക്ക് കാരണം സഞ്ജയ് യിലേക്ക് വന്നത്. അക്കാലത്ത്‌ പരസ്യചിത്രങ്ങൾക്ക് മോഡലായിരുന്ന സഞ്ജയ് യുടെ ആകാരം കണ്ടിഷ്ടപ്പെട്ടിട്ടായിരുന്നു ഭരതൻ സഞ്ജയ് യെ വൈശാലിയിലെ ഋഷ്യശ്ര്യംഗന്റെ റോളിലേക്ക് വിളിക്കുന്നത്.സിനിമയിൽ അഭിനയിക്കുമ്പോൾ കേവലം 22 വയസ്സ് മാത്രമായിരുന്നു അയാൾക്ക് പ്രായം.ആ സിനിമക്ക് ശേഷം പൂനിലാമഴ,സ്മാർട്ട് സിറ്റി പോലുള്ള ചില സിനിമകളും പിൽക്കാലത്ത് സഞ്ജയ് മലയാളത്തിൽ ചെയ്തു.എങ്കിലും ബിസിനസ്സിൽ ആയിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഇടക്ക് ചെറിയ ചില ചെറിയ സിനിമകളിൽ അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല

25th wedding anniversary of Actress Radha! - YouTube 2021 - 2020‘ആനന്ദനികേതൻ’ എന്ന ബംഗാളി സിനിമയിൽ ഒരുമിച്ച് അഭിനയിക്കവേ പ്രണയബദ്ധരായ ഇരുവരും അധികം വൈകാതെ തന്നെ വിവാഹിതരാവുകയായിരുന്നു.1998ൽ വിവാഹിതരായ ഇരുവരും 2008ൽ വിവാഹമോചനം നേടുകയായിരുന്നു.വിവാഹമോചനം നേടിയ ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു.

ഈ പരിപാടി ആദ്യന്തം മുഴുവനായും ഇരുന്ന് കണ്ടിട്ടും ഒറ്റ ചോദ്യത്തിന് മാത്രമേ,എനിക്ക് ഉത്തരം കിട്ടാതിരുന്നുള്ളൂ. വേർപിരിഞ്ഞ് വർഷങ്ങളായിട്ടും അവർ രണ്ട് പേർക്കും എങ്ങനെയാണ് ഇപ്പോഴും ഇത്ര അഗാധമായി സ്നേഹിക്കാൻ കഴിയുന്നത്..കഷ്ടി 10 വർഷം മാത്രമേ,അവരുടെ ദാമ്പത്യജീവിതം നീണ്ടു നിന്നുള്ളൂ പോലും,എന്നിട്ടും ഓരോ നോട്ടത്തിലും വാക്കിലും അവർക്ക് ഇനിയുമെത്രയോ പറയാനുള്ളത് പോലെ.ഇനിയുമേറെ സ്നേഹിക്കാനുള്ളത് പോലെ…!!

പരിപാടിയിലുടനീളം യാതൊരു ഇൻഹിബിഷനുകളുമില്ലാത്ത..ഏച്ചുകെട്ടലുകളില്ലാത്ത സംഭാഷണശൈലിയായിരുന്നു ഇരുവരുടേയും ഒളിഞ്ഞും തളിഞ്ഞും,, പൊതുഇടങ്ങളും സംവാദവേദികളിളും ചെളി വാരിയെറിയാനും താൻപോരിമ പറഞ്ഞ് വെല്ലുവിളിക്കാനും ഒരുപാട് ദമ്പതികൾ മത്സരിക്കുന്ന ഇക്കാലത്ത്.. അതിന്റെ അമിതാധിക്യത്തിനിടയിലാണ് ഇങ്ങനെ രണ്ട് വ്യക്തികൾ അവരെ Address ചെയ്യുന്നത് എന്നതാണ് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയ വസ്തുത..!!ഒത്തു പോകാനാവില്ല എന്ന് പരസ്പരം തിരിച്ചറിഞ്ഞതിനെ തുടർന്ന് സംയുക്തമായി എടുത്ത തീരുമാനത്തെ തുടർന്നാണ് തങ്ങൾ വേർപിരിഞ്ഞത് എന്ന് അദ്ദേഹം ആദ്യ എപ്പിസോഡിൽ തന്നെ പറയുന്നുണ്ട്
എന്നിട്ടുപോലും.!!ഓരോ വാക്കിലും നോക്കിലും ഇപ്പോഴും പരസ്പരം കാത്തുസൂക്ഷിക്കുന്ന ബഹുമാനം. വിശ്വാസം..എല്ലാം ഒരേ അളവിൽ..ഒരേ അനുപാതത്തിൽ..ഏറ്റക്കുറച്ചിലുകളേതുമില്ലാതെ ഇരുവരും ഇപ്പോഴും സൂക്ഷിക്കുന്നു

പരിപാടി കണ്ട് കഴിഞ്ഞപ്പോൾ,പിന്നെയും പിന്നെയും പല കാര്യങ്ങളും ഓർമയിലേക്ക് തള്ളിത്തികട്ടി വന്നു..!!!!സർവശക്തനായ ദൈവം,അവർ രണ്ട് പേർക്കുമിടയില്‍ ഇപ്പോഴും എന്തോ അദൃശ്യബന്ധം തീർത്തിരിക്കുന്ന പോലെ..ഇഴപിരിയാത്ത നൂലു പോൽ,അവരിരുവരും പരസ്പരം കൂട്ടിയിണക്കപ്പെട്ട പോലെ..അകന്നിട്ടും അകലാതെ ജീവിക്കുന്ന അവരെ കണ്ടപ്പോൾ..പ്രണയവും സൗഹൃദവുമെല്ലാം അതിലെ ജീവനദിയായി വിരാജിക്കുന്നത് കണ്ടപ്പോൾ ഒരുവേള ഞാൻ ഓർത്തു പോവുകയായിരുന്നു
👇👇
ചുറ്റിപ്പിണയാനും പിണങ്ങിയകലാനും നിമിഷാർധങ്ങൾ മാത്രം മതിയാകുന്ന ഈ ഭൂമികയിൽ കൊച്ചുവർത്തമാനങ്ങൾ പറയാനും ആശ്വാസവാക്കുകൾ പങ്ക് വയ്ക്കാനും,പിരിഞ്ഞ് 10 വർഷങ്ങൾക്കപ്പുറവും കഴിഞ്ഞിട്ടും അവർക്കാകുന്നുവല്ലോ എന്ന്!! നമ്മളിൽ പലർക്ക് സാധിക്കാത്തതും അത് തന്നെയാണല്ലോ
✌️✌️
കാലം പോലും എത്ര ആശ്ചര്യത്തോടെയാണ് അവരെ,രണ്ടാളെയും നോക്കി നിന്നു പോകുന്നത്
🙂
കൊണ്ടും കൊടുത്തും കലഹിക്കുന്നിടത്ത്..ഹൃദയവികാരങ്ങൾ പരസ്പരം പങ്കുവയ്ക്കേണ്ടിടത്ത് വെറുത്തും സഹിച്ചും കഴിഞ്ഞു കൂടുന്നിടത്ത്..പൊരുത്തക്കേടുകൾ നിറഞ്ഞ് ദാമ്പത്യത്തിൽ പുഴുക്കുത്തുകൾ ആവോളം സംഭവിക്കുന്നിടത്ത്..പകയും വിദ്വേഷവും കനലെരിയുന്നിടത്ത്..വേർപിരിഞ്ഞു ജീവിക്കുന്ന രണ്ട് പേർ പരസ്പരബഹുമാനം കൊണ്ടും വിശ്വാസം കൊണ്ടും ആദരം പിടിച്ചു പറ്റുന്ന മനോഹരമായ കാഴ്ച..അതിങ്ങനെ മുഴുവനായും കണ്ടു കഴിഞ്ഞപ്പോൾ എങ്ങനെയാണ്,രണ്ട് വാക്ക് ഇവിടെ കുറിക്കാതിരിക്കാനാവുക. ഓർത്തെടുത്ത വാക്കുകൾ..ഒന്നിച്ചു പങ്കിട്ട ഓർമകൾ..എല്ലാം ഓരോന്നായി എണ്ണിപ്പെറുക്കുന്ന നേരത്തും അവരിരുവരും തങ്ങളുടെ നഷ്ടപ്രണയത്തിന്റെ സുഗന്ധം ഇന്നും അത്രമേൽ ഉന്മാദദായികളായി ആസ്വദിക്കുന്നുണ്ടെന്ന് തോന്നി
❣️അവർ❣️
❣️അത്രമേൽ പ്രിയപ്പെട്ടവർ❣️
❣️വറ്റാത്ത പ്രണയം കൊണ്ടും,നിലക്കാത്ത സ്നേഹം കൊണ്ടും അജയ്യരായവര്‍❣️


പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും ചിന്തിച്ചുപോയി
അവർക്ക് ശരിക്കും പിരിയാതിരിക്കാമായിരുന്നില്ലേ..??
🙂