Spoiler Alert ഉണ്ട്
Sunil Waynz
ടീച്ചറായ അമ്മയുടെയും മിലിട്ടറി മാനായ അച്ഛന്റെയും ഏക മകനാണ് അൻപ്.(ഹരീഷ് കല്യാൺ).അമ്മയും അച്ഛനും അവന് ദൈവങ്ങളെ പോലെയാണ്.എല്ലാ ആൺകുട്ടികളെയും പോലെ അവന്റെ ഹീറോയും അച്ഛനാണ്.അൻപിന് ഓർമയുറയ്ക്കും മുൻപേ ആർമിയിൽ ജോലി ചെയ്യുന്ന ആളാണ് അവന്റെ അച്ഛൻ.അമ്മ ടീച്ചറായി ജോലി ചെയ്യുന്ന അതേ സ്കൂളിലാണ് അൻപും പഠിക്കുന്നത്.പഠനത്തിൽ സ്കൂളിൽ തന്നെ മുൻപന്തിയിലാണ് അൻപ്.ആയിടെയാണ് അസ്സാമിൽ നടന്നൊരു ഭീകരാക്രമണത്തിൽ അൻപിന്റെ അച്ഛന് ഗുരുതരമായ പരിക്ക് പറ്റുന്നത്.കാലിന് വലിയ പരിക്ക് പറ്റിയതോടെ അയാൾക്ക് നാട്ടിലേക്ക് മടങ്ങി വരേണ്ടതായി വന്നു.മിലിട്ടറിമാൻ ആയ അൻപിന്റെ അച്ഛൻ അങ്ങനെ VRS എടുത്ത് നാട്ടിലേക്ക് തിരികെ വരികയാണ്.18 വർഷം ആർമിയിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച അയാൾ ശിഷ്ടകാലം ഭാര്യക്കും മകനുമൊപ്പം കഴിയാം എന്ന ആഗ്രഹം കൊണ്ട് കൂടിയാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്.ആർമിയിലെ സേവനമികവ് കണക്കിലെടുത്ത് അൻപിന്റെ അച്ഛന് സർക്കാർ കുറച്ച് ഭൂമി നൽകിയിരുന്നു.ആ ഭൂമിയിൽ പുതിയൊരു വീട് വച്ച് അവന്റെ കുടുംബം അങ്ങോട്ട് മാറി.
പ്രകൃതിരമണീയമായ സ്ഥലമായിരുന്നു അവിടം.വീടിന്റെ തൊട്ടടുത്ത് കടലുമുണ്ടായിരുന്നു
പഠിക്കാൻ മികവ് പുലർത്തിയത് കൊണ്ട് തന്നെ സ്കൂളിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു അൻപ്.അൻപിന്റെ അതേ ക്ലാസിലാണ് സുന്ദരി(അമല പോൾ)എന്ന പെൺകുട്ടിയും പഠിക്കുന്നത്.പഠിക്കുന്നത് ഒരേ ക്ലാസിൽ ആണെങ്കിലും പ്രായം കൊണ്ട് അൻപിനേക്കാൾ മൂന്ന് വയസിന്റെ മൂപ്പ് അവൾക്കുണ്ട്.പഠിക്കാൻ മോശമായ സുന്ദരി ഒരു ക്ലാസിൽ തന്നെ നാലും അഞ്ചും തവണ തോറ്റിട്ടുണ്ട്.പഠനത്തിൽ മുൻപിലുള്ള അൻപിനോട് അവൾക്ക് ഭയങ്കര അസൂയയാണ്.കലഹത്തിൽ നിന്നായിരുന്നു അവരിരുവരുടേയും ബന്ധം ആരംഭിച്ചത് .കലഹം പതിയെ സൗഹൃദത്തിലേക്ക് വഴി മാറി..
സൗഹൃദം പിന്നെ പ്രണയത്തിലേക്കും..
*****
ആർമി ജീവിതത്തോട് വിട പറഞ്ഞ് നാട്ടിൽ വന്ന അൻപിന്റെ അച്ഛൻ,ഭാര്യക്കും മകനുമൊപ്പം പുതിയ വീട്ടിൽ സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയായിരുന്നു.അപ്പോഴാണ് അധികം വൈകാതെ വലിയൊരു ദുരന്തം ആ വീട്ടിൽ അരങ്ങേറിയത്.പാതിരാത്രിയിൽ അൻപിന്റെ അമ്മക്ക് ആകസ്മികമായി പാമ്പ് കടിയേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി തന്നെ അവർ മരിക്കുകയും ചെയ്തു
അമ്മയുടെ അകാലമരണത്തോടെ അച്ഛനും മകനും ആ വലിയ വീട്ടിൽ തനിച്ചായി. അൻപിന് സുന്ദരിയോട് താൽപര്യം ഉണ്ടെന്ന് മുൻപേ അറിയാവുന്ന അൻപിന്റെ അച്ഛൻ എത്രയും പെട്ടെന്ന് അവരുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചു.സ്ത്രീകൾ ആരുമില്ലാത്ത വീട് എന്ന തോന്നൽ ആർക്കും ഉണ്ടാകേണ്ട എന്ന തീരുമാനം കൊണ്ട് കൂടിയായിരുന്നു അത്.എന്നാൽ 18 വയസ്സ് മാത്രം പ്രായമുള്ള തനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്നും അമ്മയെ പോലെ തനിക്കും ഒരു ടീച്ചർ ആകണമെന്നും അതിന് ശേഷം മാത്രമേ താൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമുള്ളൂവെന്ന വാദമായിരുന്നു അൻപിന്റേത്.എന്നാൽ സ്ത്രീജനങ്ങൾ ആരുമില്ലാത്ത വീടാണ് തങ്ങളുടേത് എന്ന ചിന്തയും ഒപ്പം താൻ പഠിക്കാൻ പോയിക്കഴിഞ്ഞാൽ അച്ഛൻ വീട്ടിൽ പൂർണമായും തനിച്ചാണല്ലോ എന്ന ചിന്തയും അവനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു
മറ്റ് വഴികളില്ലാതെ അൻപിന് അവന്റെ അച്ഛന്റെ തീരുമാനത്തിന് മുൻപിൽ അയയേണ്ടി വന്നു.അങ്ങനെ ഏറെ താമസിയാതെ അൻപിന്റേയും സുന്ദരിയുടേയും വിവാഹം ഇരുകുടുംബങ്ങളുടേയും ആശീർവാദത്തോടെ ഭംഗിയായി നടന്നു. നഷ്ടപ്പെട്ടു പോയ സന്തോഷത്തിന്റെ ദിനങ്ങൾ ആ കുടുംബത്തിലേക്ക് പതിയെ തിരികെ വരികയായിരുന്നു. അൻപിന്റെ അമ്മയുടെ വലിയ ആഗ്രഹം സ്വന്തം മകനെ ഒരു അധ്യാപകനായി കാണണം എന്നതായിരുന്നു.മരിച്ചു പോയ അമ്മയുടെ ആഗ്രഹം ഏത് വിധേനെയും സാധിച്ചു കൊടുക്കണമെന്ന വാശി അൻപിനും ഉണ്ടായിരുന്നു.അതിനായി കല്യാണം കഴിക്കുന്നതിന് മുൻപ് തന്നെ ഒരു ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ,അൻപ് ടീച്ചിങ് പഠനത്തിനായി ജോയിൻ ചെയ്തിരുന്നു.അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി മധുവിധു തീരും മുൻപേ പ്രിയപത്നിയെ വേർപിരിഞ്ഞ് തിരിച്ച് ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അവന് മടങ്ങിപ്പോകേണ്ടതായി വന്നു
തന്റെ പ്രിയ പത്നി,അച്ഛന്റെ സംരക്ഷണതയിൽ സുരക്ഷിതയായിരിക്കും എന്ന വലിയ ബോധ്യത്തോടെയും ഉറച്ച വിശ്വാസത്തോടെയുമായിരുന്നു അൻപ് തന്റെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തിരിച്ച് പോയത്
പക്ഷേ….!!!!!!
??
??
??
??
??
??
??
??
തൊട്ടാൽ പൊള്ളുന്നൊരു കഥാതന്തു കൊണ്ട് അക്ഷരാർത്ഥത്തിൽ
തമിഴ് സിനിമയെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു സാമിയുടെ സംവിധാനത്തിൽ പുറത്ത് വന്ന ‘സിന്ധു സമവേലി’ എന്ന തമിഴ് സിനിമ.2010ൽ റിലീസായ ഈ സിനിമയിൽ തെന്നിന്ത്യൻ സിനിമയിലെ ഇപ്പോഴത്തെ മിന്നും താരങ്ങളായ ഹരീഷ് കല്യാണും അമല പോളുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഹരീഷ് കല്യാണിന്റെ കരിയറിലെ ആദ്യ സിനിമ കൂടിയാണ് ഇത്.സാമിയുടെ മുൻ സിനിമയായ മിരുഗത്തിൽ ഒരു ചെറിയ വേഷം ചെയ്ത ഗജിനി എന്ന നടനാണ് ഹരീഷിന്റെ അച്ഛന്റെ വേഷത്തിൽ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇവാൻ ടുർഗനേവിന്റെ ഒരു ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാമി ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ആദ്യ പകുതി പൂർണ്ണമായും ഒരു ഫാമിലി ഡ്രാമ സ്വഭാവത്തോട് നീതി പുലർത്തി സഞ്ചരിക്കുന്ന ഈ സിനിമ എന്നാൽ രണ്ടാം പകുതിയിലാണ് അതിന്റെ ട്രാക്ക് പൂർണമായും മാറ്റുന്നത്
****
വിവാദകൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിൽ തമിഴിൽ എന്നും മുൻപന്തിയിൽ ഉള്ള സംവിധായകനാണ് സാമി.
തമിഴ് സൂപ്പർതാരം വിജയ് ടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖരന്റെ കീഴിലാണ് സാമി സംവിധാനം പഠിക്കുന്നത്.2001ൽ ശരത് കുമാറിനെയും രഘുവരനേയും നായകനാക്കി ചന്ദ്രശേഖർ സംവിധാനം ചെയ്ത ദോസ്ത് എന്ന സൂപ്പർഹിറ്റ് സിനിമക്ക് സംഭാഷണം രചിച്ചത് സാമിയാണ്.പക്ഷേ 2019ൽ സാമി വിജയ് ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നു.ഓടുന്ന ഒരു വാഹനത്തിൽ ലൈവ് വന്നിട്ടാണ് സാമി സൂപ്പർതാരത്തിനെതിരെ ആഞ്ഞടിച്ചത്
👇👇👇
“വിജയ് സാർ..നമസ്കാരം..നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല,കാരണം ആകെ നാല് തവണ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ.നമ്മുടെ ഒരു മീറ്റിംഗിൽ, ‘അൻഡ്രിൽ പറവൈ’ എന്ന പേരുള്ള എന്റെ ഒരു കഥ സിനിമയാക്കണം എന്ന ഉദ്ദേശ്യത്തോടെ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്.അത് എന്നാൽ നടക്കാതെ പോയി.ഇത് ഏകദേശം 2000കളിൽ എവിടെയോ ആണ് നടക്കുന്നത്..എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം..എന്റെ പേര് സാമി..ഞാൻ ഒരു സംവിധായകനാണ്..ഉയിർ, മിരുഗം,സിന്ധു സമവേലി,കംഗാരു എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഞാൻ..പ്രിയപ്പെട്ട വിജയ് സാർ..രജനി സാറിനെ പോലെ നിങ്ങളുടെ ജോലി മാത്രം ചെയ്യുന്നതാണ് നിങ്ങൾക്ക് ഇപ്പോൾ നല്ലത്..ദയവായി പൊതുവേദിയിൽ കയറി പ്രസംഗിക്കരുത്..കാരണം അത് ചെയ്യുന്നത് വഴി നിങ്ങൾ സ്വയം ഉപദ്രവിക്കുകയാണ്”
“സിനിമയിലല്ല,മറിച്ച് യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എത്ര നല്ല നടനാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം..നിങ്ങൾ,ആരാധകരുമായി പ്രതിവാര ഫോട്ടോ സെഷൻ നടത്തുകയും അവരെ വളരെയധികം പ്രശംസിക്കുകയും ചെയ്യുന്നു..നിങ്ങൾ ആരാധകരുമായി ആശയവിനിമയം നടത്തുകയും അവരുമായി ഹസ്തദാനം നടത്തുകയും ചെയ്യുന്നു..എന്നാൽ അവർ പോയ ശേഷം നിങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാൻ വ്യക്തമായി കണ്ടിട്ടുണ്ട്..ഇതാണ് നിങ്ങളുടെ യഥാർത്ഥ അഭിനയം.ദയവായി സ്റ്റേജിൽ കയറുന്നതും അനാവശ്യമായി കമന്റ് ചെയ്യുന്നതും നിർത്തുക”
“എന്ത് ചെയ്തിട്ടാണ് വന്‍ തുക നിങ്ങൾ പ്രതിഫലമായി ചോദിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.50 കോടിയാണ് നിങ്ങൾ അവസാന സിനിമക്ക് പ്രതിഫലം വാങ്ങിയത് എന്ന് കേൾക്കുന്നു.അത് കള്ളപ്പണമാക്കിയാണ് നിങ്ങൾ ചെലവിടുന്നത്..നിങ്ങളുടെ സത്യസന്ധത എവിടെയാണ്..നിങ്ങൾക്ക് എത്രകാലം തമിഴ്നാട്ടുകാരെ ഇത്തരത്തില്‍ പറ്റിക്കാന്‍ സാധിക്കും”
“നിങ്ങളെക്കാൾ നല്ല സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നവർ ഇവിടെ നിരവധി പേരുണ്ട്.സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയം,കല തുടങ്ങിയ മേഖലകളിലും ഒരുപാട് സമുന്നതരായ വ്യക്തികൾ ഇവിടെയുണ്ട്..അവർ ചെയ്യുന്നത് നോക്കൂ,അവർ,അവരുടെ ജോലി ഭംഗിയായി ചെയ്തു നിശബ്ദത പാലിക്കുന്നു..അതുപോലെ നിങ്ങളും ചെയ്താൽ നന്നായിരിക്കും.ഒരു ദിവസം സത്യം പുറത്തുവരും,അന്ന് എല്ലാ നടന്മാരും ലജ്ജാകരമായ അവസ്ഥയെ അഭിമുഖീകരിക്കും…ഓർമയിരിക്കട്ടെ”
👆👆
ഇതായിരുന്നു സാമി അന്ന് ലൈവിൽ വന്ന് പറഞ്ഞത്
സാമിയുടെ ഈ വീഡിയോ പുറത്ത് വന്നതോടെ വിജയ് ടെ ആരാധകർ ഇളകി.അവർ സാമിയെ അസഭ്യവർഷം ചൊരിഞ്ഞു.അയാളെ ശാരീരികമായി ആക്രമിച്ചു.ഈ വിവാദം വഴിയാണ് ഏറ്റവും ഒടുവിൽ സാമി വാർത്തകളിൽ ഇടം പിടിച്ചത്..ഇടക്ക് ചിൽഡ്രൻസ് ഓഫ് ഹെവൻ എന്ന ഇറാനിയൻസിനിമയുടെ തമിഴ് റീമേക്ക് അക്കക്കുരുവി എന്ന പേരിൽ സാമി 2019ൽ ഷൂട്ടിങ് ആരംഭിച്ചെങ്കിലും സിനിമ ഇത് വരേയും പുറത്തിറക്കാൻ സാമിക്ക് സാധിച്ചിട്ടില്ല
***
Erotic Content ഉള്ള കഥാതന്തുക്കളാണ് സാമി സംവിധാനം ചെയ്ത മിക്ക സിനിമകളുടെയും മുഖമുദ്ര.2006ലാണ് സാമിയുടെ ആദ്യ സിനിമ റിലീസ് ആകുന്നത്.ഭർത്താവിന്റെ അനിയനെ പ്രാപിക്കാൻ വെമ്പുന്ന ചേട്ടത്തിയമ്മയുടെ കഥയായിരുന്നു സാമിയുടെ ആദ്യ ചിത്രമായ ‘ഉയിർ’ എന്ന സിനിമയുടെ കഥാതന്തു.നടൻ ശ്രീകാന്ത് ആയിരുന്നു സിനിമയിലെ നായകൻ.മലയാളി നടി സംവൃത സുനിൽ ആയിരുന്നു ചിത്രത്തിലെ നായിക.സംവൃതയുടെ തമിഴിലെ അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഇത്.ദീപസ്തംഭം മഹാശ്ചര്യം,എഴുപുന്ന തരകൻ,ശ്രദ്ധ,സമ്മർ ഇൻ ബാത്ലഹേം,ഇംഗ്ലീഷ് മീഡിയം,ഉത്തമൻ എന്നീ സിനിമകളിലെ ഉപനായികാ വേഷങ്ങൾ വഴി മലയാളികൾക്കും സുപരിചിതയായ നടി സംഗീത Aka രസികയായിരുന്നു ഈ സിനിമയിലെ ചേട്ടത്തിയമ്മയുടെ റോൾ ചെയ്തത്.സമ്മിശ്ര അഭിപ്രായങ്ങൾ സ്വന്തമാക്കിയ സിനിമ പക്ഷേ ബോക്സ് ഓഫീസിൽ സർപ്രൈസ് വിജയം കൊയ്തു.സംഗീതയുടെ സിനിമയിലെ വേഷം ഏറെ പ്രകീർത്തിക്കപ്പെടുകയും ചെയ്തു
ഉയിരിന് ശേഷം സാമി സംവിധാനം ചെയ്ത സിനിമ മിറുഗമായിരുന്നു.ആദി പിന്നിഷെട്ടിയും പത്മപ്രിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു മിറുഗം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൃഗതുല്യമായൊരു ജീവിതം നയിക്കുന്ന നായകകഥാപാത്രമായിരുന്നു ഈ സിനിമയിൽ ആദിയുടേത്.Erotic Content ഉള്ള ഈ സിനിമ എന്നാൽ വിവാദത്തിൽ പെട്ടത് മറ്റൊരു കാരണം കൊണ്ടാണ്.സിനിമയുടെ ചിത്രീകരണത്തിനിടെ നായിക പത്മപ്രിയയെ,സാമി തല്ലിയത് തെന്നിന്ത്യൻ സിനിമയിൽ അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു.തെന്നിന്ത്യൻ സിനിമ കൗൺസിൽ സ്വാമിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി.പിന്നീട് വിലക്ക് ആറു മാസമായി ചുരുക്കി.വിലക്കിന് ശേഷം തിരികെ ഇൻഡസ്ട്രിയിലേക്ക് വന്ന സാമി പിന്നീട് ചെയ്ത സിനിമയായിരുന്നു ‘സിന്ധു സമവേലി’
മുൻ സിനിമകളേക്കാൾ വീര്യം കൂടിയ ഇനമായിരുന്നു ഇക്കുറി സാമി,തമിഴിന് സമ്മാനിച്ചത്..തങ്ങളുടെ സംസ്കാരത്തെ എക്കാലവും മുറുകെ പിടിച്ച് ജീവിക്കുന്ന തമിഴ് പോലൊരു ജനതക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തൊരു കഥതന്തുവായിരുന്നു സിന്ധു സമവേലിയുടേത്..സാമിയുടെ മുൻ സിനിമകളെ പോലെ Adults Only സർട്ടിഫിക്കറ്റാണ് ഈ സിനിമക്കും ലഭിച്ചത്.
തമിഴ് സിനിമയിലെന്നല്ല,തെന്നിന്ത്യൻ സിനിമയിൽ തന്നെ അതിന് മുൻപോ പിൻപോ ആരും പറയാത്തൊരു വിചിത്രമായൊരു കഥയാണ് ഈ സിനിമയിലൂടെ സാമി പറഞ്ഞത്.റിലീസായ ഉടൻ തന്നെ സിനിമക്ക് നേരെ വൻവിമർശനങ്ങൾ ഉയർന്നു.സിനിമക്ക് റേറ്റിങ് ഇടാൻ പോലും പല നിരൂപകരും മടിച്ചു.വമ്പൻ പ്രതിഷേധമാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്.അതിന് മുൻപ് തമിഴിൽ ഒരു സിനിമക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങൾ ഈ സിനിമക്ക് നേരെ ഉയർന്നു.സാമിക്ക് നേരെയും പ്രതിഷേധക്കടൽ വീശിയടിച്ചു.സാമിയുടെ ചെന്നൈയിലെ വീടിന് നേരെ അജ്ഞാതർ കല്ലേറ് നടത്തി.സാമിയെ പൊതുസ്ഥലത്ത് വച്ച് മർദ്ദിക്കാനും ശ്രമം ഉണ്ടായി.ഗത്യന്തരമില്ലാതെ സാമിക്ക് കെ.കെ.നഗർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കേണ്ടതായി വരെ വന്നു.ഇത്രയൊക്കെ വിവാദങ്ങൾ പിന്നണിയിൽ തകൃതിയായി അരങ്ങേറിയിട്ടും ഈ സിനിമ ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി എന്നതാണ് ശ്രദ്ധേയം.ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുന്ന അമല പോൾ,ഹരീഷ് കല്യാൺ എന്നീ താരങ്ങളെ ഇൻഡസ്ട്രിക്ക് സമ്മാനിച്ചു എന്നതാണ് ഈ സിനിമ കൊണ്ടുണ്ടായ ഏക നേട്ടം.അമലപോൾ അതിന് മുൻപേ നീലത്താമര ഉൾപ്പെടെ രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഈ സിനിമ വഴിയാണ്.ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളികളുടെ അഭിമാനതാരമായ ഇന്ദ്രൻസ് സിനിമയിൽ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ്.ഒരു ഗാനരംഗത്ത് മാത്രമാണ് സിനിമയിൽ ഇന്ദ്രൻസ് അഭിനയിച്ചിട്ടുള്ളു..സിനിമയുടെ ടൈറ്റിൽ കാർഡ് ആരംഭിക്കുന്നത് തന്നെ ഇന്ദ്രൻസിന് നന്ദി പറഞ്ഞാണ്..സിനിമ കേരളത്തിൽ വച്ചും ചിത്രീകരിച്ചിട്ടുണ്ട്
Erotic Thriller എന്ന ലേബലിലാണ് സിനിമ വന്നതെങ്കിലും ഇക്കിളി കൂട്ടുന്ന ഗ്ലാമര്‍ രംഗങ്ങൾ ഒന്നും തന്നെയും പടത്തിലില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത,എങ്കിലും അമല പോൾ അവതരിപ്പിച്ച സിനിമയിലെ നായികാകഥാപാത്രത്തിന്റെ സ്വഭാവം ആരുടെയും നെറ്റി ചുളിപ്പിയ്ക്കുന്ന ഒന്നായിരുന്നു.പിൽക്കാലത്ത് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അമല തമിഴിൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത്.അമല എന്ന പേരിലല്ല,മറിച്ച് അനഘ എന്ന പേരിലാണ് ഈ സിനിമയിൽ അവർ അഭിനയിച്ചത്.അമല എന്ന പേരിൽ അഭിനയിക്കാനായിരുന്നു അവർക്ക് താൽപര്യമുണ്ടായിരുന്നതെങ്കിലും ആ പേരിൽ ഒരു നായിക നേരത്തേ തെന്നിന്ത്യൻ സിനിമയിൽ ഉള്ളത് കൊണ്ട് സംവിധായകൻ നിർദേശിച്ച അനഘ എന്ന പേര് സിനിമക്കായി സ്വീകരിക്കുകയിരുന്നു അമല പോൾ.എന്നാൽ സിനിമ ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടതോടെ പിന്നീടുള്ള സിനിമകളിൽ തന്റെ യഥാർത്ഥ പേര് അവർ ഉപയോഗിക്കുകയിരുന്നു.ചിത്രത്തിന്റെ യൂട്യൂബ് പ്രിന്റുകളുടെ കമന്റ് ബോക്സിൽ ഇപ്പോഴും സിനിമയോടും സംവിധായകനോടുമുള്ള കടുത്ത വിയോജിപ്പുകൾ,കമന്റുകളുടെ രൂപത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും
റിലീസ് ചെയ്തപ്പോള്‍ പരാജയം രുചിച്ച സിനിമ എന്നാൽ പിൽക്കാലത്ത് വീണ്ടും പൊടി തട്ടിയെടുക്കുകയുണ്ടായി.ഈ സിനിമക്ക് ശേഷം വന്ന ‘ദൈവത്തിരുമകൾ’ എന്ന അമലയുടെ സിനിമ തമിഴിൽ ശ്രദ്ധിയ്ക്കപ്പെട്ടതോടെ പടത്തിന്റെ വിതരണക്കാര്‍ അമലയുടെ താരത്തിളക്കം മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെ ഈ സിനിമ വീണ്ടും റീ റിലീസ് ചെയ്തു.സിന്ധു എന്ന പേരിലാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്.ദൈവത്തിരുമകള്‍ റിലീസ് ചെയ്ത അതേദിവസം തന്നെയാണ് സിന്ധുവിന്റെ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തിൽ മുഴുവന്‍ പ്രത്യക്ഷപ്പെട്ടത്.സിനിമ കണ്ടിട്ടില്ലെങ്കിലും വലിയ നഷ്ടമെന്ന് പറയാനൊന്നും ഇല്ല..ഇറോട്ടിക് ത്രില്ലർ കാറ്റഗറിയിൽ പെടുന്ന സിനിമ,പ്രേക്ഷകർക്ക് ഒരു തവണ കണ്ട് മറക്കാൻ പാകത്തിനുള്ള ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്.ചിത്രത്തിന്റെ വിവിധ പ്രിന്റുകൾ യൂട്യൂബിൽ ലഭ്യമാണ്