Sunil Waynz

ഏതാണ്ട് 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നടി ശ്രീവിദ്യയുടെ വീട്ടിലേക്ക് തമിഴിലെ പ്രശസ്ത സംവിധായകനായ എ.പി.നാഗരാജൻ ആദ്യമായി വരുന്നത്. സ്‌കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്ന ശ്രീവിദ്യയെ കണ്ട് അന്ന് നാഗരാജൻ ചോദിച്ചു
“ഈ കുട്ടി ആരാണ്” ??

പ്രശസ്‌ത സംഗീതജ്ഞ എം.എൽ.വസന്തകുമാരിയുടെ മകളാണെന്നും,പേര് ശ്രീവിദ്യയെന്നാണെന്നും പറഞ്ഞ് നാഗരാജന് അവളെ പരിചയപ്പെടുത്തിയത് അയൽക്കാരിയും അക്കാലത്തെ പ്രശസ്ത നടിയുമായ പത്മിനിയാണ് (തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി ത്രയത്തിലെ രണ്ടാമത്തെയാളാണ് പത്മിനി..’നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ വേഷം വഴിയാണ് പുതുതലമുറക്ക് പത്മിനിയെ പ്രധാനമായും പരിചയം)
May be an image of 12 people and textവസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ എന്നറിഞ്ഞപ്പോൾ നാഗരാജന് അത്ഭുതം
അതിനിടയിലാണ് പത്മിനി,നാഗരാജനോട് മറ്റൊരു കാര്യം സൂചിപ്പിച്ചത്
“അണ്ണാ..സിനിമയിൽ അഭിനയിക്കാൻ അവൾക്ക് വലിയ ആഗ്രഹമുണ്ട്”
നാഗരാജൻ ശ്രീവിദ്യയെ കാണുന്നതിനും മുൻപേ സിനിമയിൽ അഭിനയിക്കാൻ ശ്രീവിദ്യക്ക് അവസരം കൈവന്നിരുന്നു.1962ൽ പുറത്തിറങ്ങിയ ‘നെഞ്ചിൽ ഒരു ആലയം’ എന്ന തമിഴ് സിനിമയിൽ അഭിനയിക്കാനാണ് ശ്രീവിദ്യക്ക് ആദ്യം അവസരം വന്നത്.എന്നാൽ ശ്രീവിദ്യ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമെന്ന ഒറ്റക്കാരണത്താൽ ആ സിനിമ ശ്രീവിദ്യയുടെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു
ഇതിന് ശേഷമാണ് നാഗരാജൻ ശ്രീവിദ്യയെ കാണുന്നതും അവളെക്കുറിച്ച് അന്വേഷിക്കുന്നതും
“10-17 വയസ്സുണ്ടാവില്ലേ ഇവൾക്ക്” എന്നാണ് ശ്രീവിദ്യയെ കണ്ടതും നാഗരാജൻ ചോദിച്ചത്.എന്നാൽ 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് വീണ്ടും അത്ഭുതം

അന്ന് വൈകുന്നേരം സ്‌കൂളിൽ നിന്ന് വന്ന ശ്രീവിദ്യയെ കയ്യോടെ പത്മിനി ‘തിരുവരുൾചെൽവർ’ എന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി.ശിവാജി ഗണേശൻ നായകനായ ആ സിനിമയിൽ,ഒരു ഗാനരംഗത്തിൽ അഭിനയിക്കാനായിരുന്നു ശ്രീവിദ്യയെ പത്മിനി കൊണ്ട് പോയത്. ശിവപാർവ്വതിമാരുടെ ഗാനരംഗം ശിവാജി ഗണേശൻ കാണുന്ന രംഗമായിരുന്നു അത്. ശിവന്റെ വേഷം ഒരു തെലുങ്ക് നടനും പാർവതിയുടെ വേഷം ശ്രീവിദ്യയുമാണ് അവതരിപ്പിച്ചത്. ആദ്യ സിനിമ തന്നെ മറക്കാൻ കഴിയാത്ത കുറേയേറെ അനുഭവങ്ങൾ ശ്രീവിദ്യക്ക് സമ്മാനിച്ചു.ആദ്യ ദിവസം സംവിധായകൻ സ്റ്റാർട്ട് പറഞ്ഞപ്പോൾ സെറ്റിലെ ഒരു ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.രണ്ടാമത്തെ ടേക്കിന് ശ്രീവിദ്യയുടെ ഫ്ലാസ്ക് നിലത്ത് വീണുടഞ്ഞു

“എല്ലാം തച്ചുടച്ച് കൊണ്ടാണല്ലോ നിന്റെ രംഗപ്രവേശം” എന്ന് ശിവാജി ഗണേശൻ കളിയാക്കി ചിരിച്ചതിന്റെ ഓർമകൾ ശ്രീവിദ്യക്ക് എന്നും ഉണ്ടായിരുന്നു
ആ സിനിമയിൽ അഭിനയിച്ച് ഏറെ താമസിയാതെ മലയാളത്തിൽ നിന്നും വിളി വന്നു.അന്ന് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന മെറിലാന്റ് സുബ്രഹ്മണ്യം മുതലാളിയോട് പത്മിനി,ശുപാർശ ചെയ്തതിന്റെ പുറത്താണ് ആദ്യമായി ഒരു മലയാള സിനിമയിൽ നായികയായി അഭിനയിക്കാൻ ശ്രീവിദ്യക്ക് അവസരം ലഭിച്ചത്
സിനിമയുടെ പേര് ‘ചട്ടമ്പിക്കവല’
സംവിധാനം എൻ.ശങ്കരൻ നായർ
നായകൻ സത്യൻ
അന്ന് മലയാളം പഠിച്ചു വരുന്നതേയുള്ളൂ ശ്രീവിദ്യ.’ര’ എന്ന അക്ഷരം ഷൂട്ടിങ്ങിനിടയിൽ അവർക്ക് എപ്പോഴും ബാലികേറാമലയായി. “എന്താ കാര്യം” എന്ന് ചോദിക്കേണ്ടതിന് പകരം “എന്താ കാറിയം” എന്നായിരുന്നു സെറ്റിൽ ശ്രീവിദ്യ സ്ഥിരമായി ഉച്ചരിച്ചിരുന്നത്.പിന്നീട് നടൻ തിക്കുറുശ്ശിയുടെ ശിക്ഷണത്തിലാണ് ശ്രീവിദ്യ മലയാളം സ്വായത്തമാക്കിയത്
ചട്ടമ്പിക്കവലയുടെ സെറ്റിൽ വച്ച് മറ്റൊരു സംഭവവും അരങ്ങേറി
ഷൂട്ടിനിടെ ഇടക്ക് സത്യൻ,ശ്രീവിദ്യയോട് ചോദിച്ചു
“നിനക്ക് ഈ രണ്ട് വലിയ കണ്ണുള്ളത് വേസ്റ്റ് ആണല്ലോ കൊച്ചേ”
അതെന്തേയെന്ന് ശ്രീവിദ്യ തിരിച്ചു ചോദിച്ചപ്പോൾ സത്യന്റെ മറുപടി ഇങ്ങനെ
????????
“നിന്റെ കണ്ണുകൾ നീ പ്രയോജനപ്പെടുത്തുന്നില്ല..ഒരാളെ കണ്ണ് കൊണ്ട് നോക്കുന്നതിനും മുഖം കൊണ്ട് നോക്കുന്നതിനും പ്രത്യേകതയുണ്ട്..നീ മുഖം കൊണ്ടാണ് നോക്കുന്നത്,അങ്ങനെ നോക്കരുത്.കണ്ണ് കൊണ്ട് ശ്രദ്ധിക്കൂ..അപ്പോഴേ ആളുകൾ നിന്റെ കണ്ണുകളിൽ കൂടുതൽ ശ്രദ്ധിക്കൂ”
????????
തന്റെ കണ്ണുകളുടെ സാധ്യത ആദ്യമായി ശ്രീവിദ്യ മനസ്സിലാക്കിയത് സത്യന്റെ ഈ വാക്കുകളിൽ നിന്നായിരുന്നു
ചട്ടമ്പിക്കവലക്ക് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്..ഒരുപിടി സിനിമകൾ…ഒരുപാട് വേഷങ്ങൾ
മലയാളത്തിലെന്ന പോൽ തമിഴിലും കുറേയേറെ സിനിമകൾ
സിനിമയിൽ അവസരങ്ങൾ ലഭിച്ചപ്പോഴും ശ്രീവിദ്യയുടെ വ്യക്തിജീവിതം തീർത്തും വേദനാജനകമായിരുന്നു

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയിൽ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന അക്കാലത്തെ ഭൂരിഭാഗം സിനിമാക്കാരിൽ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്..ആഗ്രഹിക്കുന്നതെന്തും നിമിഷനേരം കൊണ്ട് ലഭിച്ചിരുന്ന ബാല്യം..പണമാകട്ടെ,വസ്ത്രമാകട്ടെ..എന്തും യഥേഷ്ടം ലഭിച്ചിരുന്ന കാലം

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം.എൽ.വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ,അച്ഛൻ കൃഷ്ണമൂർത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും..ശ്രീവിദ്യ ജനിച്ച വർഷമായിരുന്നു മുഖപേശികൾക്കേറ്റ ക്ഷതത്തെ തുടർന്ന് അദ്ദേഹത്തിന് അഭിനയത്തിൽ നിന്ന് ഇടവേളയേടുക്കേണ്ടി വന്നത്.ശേഷം അമ്മയുടെ സംഗീതപരിപാടികൾക്ക് സ്ഥിരമായി അനുഗമിച്ചിരുന്നത് അച്ഛനായിരുന്നു
ശ്രീവിദ്യക്ക് മുലപ്പാൽ നൽകാൻ പോലും സമയമില്ലാത്ത വിധം തിരക്കേറിയ ദിനങ്ങൾ ആയിരുന്നു അമ്മയുടേത്.

രാവിലെ തുടങ്ങുന്ന റെക്കോഡിങ്..വൈകിട്ട് വരെ നീളുന്ന കച്ചേരി..ശ്രീവിദ്യക്കും ജ്യേഷ്ഠൻ ശങ്കരരാമനും അമ്മയെ കണി കാണാൻ പോലും ലഭിച്ചിരുന്നില്ല.
ചുരുക്കി പറഞ്ഞാൽ അമ്മയുണ്ടായിട്ടും അമ്മയുടെ വാത്സല്യം ലഭിക്കാത്ത…അച്ഛനുണ്ടായിട്ടും അച്ഛന്റെ ലാളന ലഭിക്കാത്ത നരച്ച//ശുഷ്കിച്ച ബാല്യമായിരുന്നു ശ്രീവിദ്യയുടേത്

അച്ഛന് ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായി..ഇതിനിടെയിലാണ് വസന്തകുമാരിക്ക് ഒരു വാഹനാപകടം സംഭവിക്കുന്നത്..അതോടെ കുടുംബത്തിലെ ചെലവുകളെ ചൊല്ലിയുള്ള കലഹം നാൾക്കുനാൾ വർധിച്ചു

സ്വന്തമായി ഒരു വീട് വയ്ക്കാൻ വിവിധ ആളുകളിൽ നിന്നായി അക്കാലത്ത് ഭീമമായ തുക ശ്രീവിദ്യയുടെ വീട്ടുകാർ കടം വാങ്ങിച്ചിട്ടുണ്ടായിരുന്നു.കടം വാങ്ങിച്ച ആളുകൾ വീട്ടിൽ വന്ന് നിരന്തരമായി വഴക്കുണ്ടാക്കാൻ തുടങ്ങി.ആളുകൾ വഴക്ക് പറയുന്നത് കേട്ട് ശ്രീവിദ്യയുടെ അച്ഛൻ നിസ്സംഗനായി നിൽക്കും,അമ്മക്കും പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.ഇങ്ങനെയൊരു സാഹചര്യത്തിലാണ് സിനിമ,കരിയറായി സ്വീകരിക്കാൻ ശ്രീവിദ്യ തീരുമാനിക്കുന്നത്

സിനിമയിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വന്നു. ‘ദിനമണി കതിർ’ എന്ന തമിഴ് വാരികയിൽ വന്ന ശ്രീവിദ്യയുടെ മുഖച്ചിത്രം കണ്ടിഷ്ടപ്പെട്ടിട്ടായിരുന്നു അമേരിക്കയിൽ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യക്ക് വിവാഹമാലോചിച്ചു വന്നത്.ആലോചനയിൽ ശ്രീവിദ്യക്ക് താൽപര്യം തോന്നിയെങ്കിലും അവരുടെ അമ്മ അതിനെ എതിർക്കുകയാണ് ചെയ്തത്

“വിദ്യാ..നമുക്കിപ്പോൾ തന്നെ വലിയ കടമുണ്ട്..കുടുബത്തിന്റെ മുഴുവൻ ബാധ്യതകളും ഇപ്പോൾ എന്റെ ചുമലിലാണ്..ഈ സാഹചര്യത്തിൽ ഞാൻ ഒറ്റക്ക് തുഴഞ്ഞാൽ നമ്മൾ കരക്കടുക്കില്ല..എന്റെ മോൾ അമ്മക്ക് വേണ്ടി ഒരു ത്യാഗത്തിന് തയ്യാറാകണം..മൂന്ന് വർഷം കാത്തിരിക്കാൻ അദ്ദേഹത്തോട് പറയൂ..അത് കഴിഞ്ഞ് നിങ്ങളുടെ വിവാഹം ഞാൻ നടത്തി തരാം”
???? ???? ഇതായിരുന്നു അമ്മയുടെ മറുപടി

ഉത്തരമറിയാൻ വന്ന ആ മനുഷ്യന് മുൻപിൽ വ്യസനസമേതം അമ്മ പറഞ്ഞ ഈ മറുപടി പറയേണ്ടി വന്നു വിദ്യക്ക്..മൂന്ന് വർഷം കാത്തിരിക്കുക പ്രയാസമാണെന്ന് അറിയിച്ച അദ്ദേഹം ആ ആലോചനയിൽ നിന്നൊഴിഞ്ഞുപോയി.പിന്നീട് 1976ൽ അമേരിക്കയില്‍ നൃത്ത-സംഗീതപരിപാടികൾക്കായി പോയപ്പോള്‍ അവിചാരിതമായി ഒരു പാര്‍ട്ടിയില്‍വെച്ച് ശ്രീവിദ്യ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി..

കൂടെയുണ്ടായിരുന്ന അമ്മയുടെ എതിർപ്പ് പോലും വകവയ്ക്കാതെ “ഓര്‍മയുണ്ടോ” എന്ന് ചോദിച്ചതും അങ്ങോട്ട് ചെന്ന് പരിചയം പുതുക്കിയതും ശ്രീവിദ്യ തന്നെ..!!!
ഇടക്കെപ്പോഴോ അദ്ദേഹം ചോദിച്ചു
“മൂന്ന് വർഷം കൂടി കാത്തിരിക്കണം എന്ന് പറഞ്ഞ് ഇപ്പോൾ വർഷമെത്രയായി”
ശ്രീവിദ്യ തിരിച്ചു ചോദിച്ചുവെത്രേ
“അന്ന് എന്നെ കാത്തിരിക്കാഞ്ഞത് എത്ര നന്നായി..നല്ലൊരു ഭാര്യയേയും കുട്ടിയേയും കിട്ടിയില്ലേ”
അങ്ങനെയൊരുത്തരം പറഞ്ഞെങ്കിലും വല്ലാത്തൊരു നഷ്ടബോധത്തോടെ തന്നെയായിരുന്നു ശ്രീവിദ്യയുടെ ആ മറുപടി

ആ സമയത്താണ് കൂടെയഭിനയിച്ച ഒരു നടൻ ശ്രീവിദ്യയോട് പ്രേമാഭ്യാർത്ഥന നടത്തിയത്. മറ്റാരുമല്ലായിരുന്നു, നടൻ കമലഹാസനായിരുന്നു അത്. ആരംഭകാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ച കമലും ശ്രീവിദ്യയും പോകെപ്പോകെ പ്രണയബദ്ധരാവുകയായിരുന്നു. ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും ദൈവഹിതം അവർക്കെതിരായി. ഇരുവർക്കുമിടയിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കമൽ ബന്ധം ഒഴിയുകയും,ശേഷം നടിയും നർത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു..

ശ്രീവിദ്യക്ക് വലിയ ഷോക്ക് സമ്മാനിച്ച സംഭവമായിരുന്നു ഇത്
നടൻ മധു സംവിധാനം ചെയ്ത ‘തീക്കനൽ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് ജോർജ് തോമസ് എന്ന നിർമാതാവിനെ ശ്രീവിദ്യ പരിചയപ്പെടുന്നത് ആയിടെയാണ്. ‘തീക്കനൽ’ ബോക്‌സ് ഓഫീസിൽ തകർപ്പൻ വിജയം നേടി..സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ വിവിധ നിറമുള്ള ആഡംബരക്കാറുകളിൽ സ്ഥിരമായി സെറ്റിൽ വന്നിരുന്ന സുമുഖനായ ജോർജിൽ അതിനോടകം തന്നെ പലരും ആകൃഷ്ടരായി കഴിഞ്ഞിരുന്നു. ആംഗലേയഭാഷയിലുള്ള ജോർജിന്റെ നൈപുണ്യവും ഒപ്പം സൗമ്യമായ പെരുമാറ്റവും സഹപ്രവർത്തകരുടെയടക്കം ശ്രദ്ധ പിടിച്ചു പറ്റി. വിവാഹത്തിന് സമയമായി എന്ന് ചിന്തിച്ചിരുന്ന ശ്രീവിദ്യ, സ്വാഭാവികമായും ജോർജിൽ അനുരക്തനായി. അവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. എന്നാൽ V.G.നായർ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോർജ്ജെന്നറിയാൻ ശ്രീവിദ്യ വളരെയധികം വൈകിപ്പോയിരുന്നു.ജോർജ്ജുമായുള്ള ദാമ്പത്യം ശ്രീവിദ്യയെ കൊണ്ട് ചെന്നെത്തിച്ചത് വലിയൊരു ദുരന്തത്തിലേക്കാണ്

കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകൾക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാൻസ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ സ്ഥിരമായി ഉണ്ടായി. ശ്രീവിദ്യ ഗർഭിണിയായപ്പോൾ അബോർഷൻ നടത്താൻ പാടില്ലാത്ത സാഹചര്യത്തിൽ അവരെക്കൊണ്ട് നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി.. ഇങ്ങനെ ദാമ്പത്യജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്.

സ്വത്തും സമ്പാദ്യവും വരെ അവർക്ക് നഷ്ടപ്പെട്ടു.. അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ സ്വന്തം വീട്ടിൽ നിന്ന് വരെ അവർ പുറന്തള്ളപ്പെട്ടു.. ജീവിതത്തിൽ ഏറ്റവുമധികം വേദനിച്ചത് ഗർഭച്ഛിദ്രം ചെയ്യേണ്ടി വന്നപ്പോഴായിരുന്നു എന്ന് ശ്രീവിദ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നത് ജന്മസാഫല്യമായി കണ്ടിരുന്ന ശ്രീവിദ്യയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു ഈ സംഭവങ്ങളെല്ലാം.. ഏറെ കാലം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ശ്രീവിദ്യ തന്റെ സ്വത്തുക്കൾ മുഴുവൻ തിരിച്ചു പിടിച്ചത്

സംവിധായകൻ ഭരതനുമായുള്ള അവരുടെ ബന്ധവും അധികകാലം നീണ്ടില്ല. ഭരതൻ, KPAC ലളിതയെ വിവാഹം കഴിച്ചതോടെ ആ ബന്ധവും അവസാനിച്ചു
ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചവരോട് അവർ അന്ന് പറഞ്ഞു
“എന്റെ ഇന്നലെകളെ അറിഞ്ഞു കൊണ്ടായിരിക്കും ഒരാൾ എനിക്ക് വിവാഹം ആലോചിച്ചു വരിക..സ്വാഭാവികമായും ഒരു സന്ദർഭം വരുമ്പോൾ അയാൾ കുത്തു വാക്ക് പറയുമെന്നുറപ്പാണ്.. എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാൾ ചോദിക്കുമെന്നുറപ്പാണ്..എനിക്കത് കേൾക്കേണ്ട കാര്യമില്ല”….!!!!
ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് ശ്രീവിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറുന്നതും മലയാളസിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും


പ്രതാപകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക നായകനടന്മാരുടെയും നായികാവേഷം കയ്യാളിയിട്ടുണ്ട് ശ്രീവിദ്യ..സത്യൻ മുതൽ രാജൻ.പി.ദേവ്, ജനാർദ്ദനൻ വരെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ.. വിവിധ ഭാഷകളിലായി ഏതാണ്ട് 800ഓളം സിനിമകൾ ശ്രീവിദ്യയുടെ ക്രെഡിറ്റിലുണ്ട്
സത്യനോടൊപ്പമാണ് ആദ്യമഭിനയിച്ചതെങ്കിലും ശ്രീവിദ്യ എപ്പോഴും വാചാലയായിരുന്നത് പ്രേം നസീറിനെ കുറിച്ച് പറയുമ്പോഴായിരുന്നു. നസീർ എന്ന നടനേക്കാൾ നസീർ എന്ന മനുഷ്യന്റെ ആരാധികയായിരുന്നു ശ്രീവിദ്യ

പ്രേം നസീറിനെ ആദ്യമായി നേരിൽ കണ്ട അനുഭവവും ശ്രീവിദ്യ പങ്ക് വച്ചിട്ടുണ്ട് ????????
ആദ്യമായി നസീറിനെ കാണുമ്പോൾ കേവലം 10 വയസ്സ് മാത്രമായിരുന്നു ശ്രീവിദ്യക്ക് പ്രായം.ചിറയിൻകീഴ് ക്ഷേത്രത്തിൽ ഒരു ആനയെ നടയ്ക്കിരുത്തിയ ശേഷം ശ്രീവിദ്യയുടെ അമ്മയെ കാണാനും ഒപ്പം അവരുടെ ഒരു കച്ചേരി ബുക്ക് ചെയ്യാനും നസീർ, വിദ്യയുടെ വീട്ടിൽ നേരിട്ട് വന്നുവെത്രേ. അമ്മ വസന്തകുമാരിയോട് പ്രേം നസീർ സംസാരിച്ചു കൊണ്ടിരിക്കുന്നത് കർട്ടന്റെ പിറകിൽ നിന്ന് അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു അന്ന് കൊച്ചുകുട്ടിയായിരുന്ന ശ്രീവിദ്യ..’ഇങ്ങ് വരൂ’ എന്ന് പറഞ്ഞ് നസീർ കൈ കൊട്ടി വിളിച്ചെങ്കിലും നാണം കൊണ്ട് അകത്തേക്ക് ഓടിപ്പോവുകയാണ് ശ്രീവിദ്യ ചെയ്‍തത്.നസീറിനെ ആദ്യമായി കണ്ട നിമിഷം ഒരിക്കൽ ഇങ്ങനെയാണ് ശ്രീവിദ്യ ഓർത്തെടുത്ത്

നസീറിനൊപ്പം തന്നെ സൂപ്പർഹിറ്റായ മറ്റൊരു ജോഡിയായിരുന്നു മധു-ശ്രീവിദ്യ കൂട്ടുകെട്ട്.ഏറ്റവുമധികം സിനിമകളിൽ നായികയായി ശ്രീവിദ്യ അഭിനയിച്ചതും മധുവിനൊപ്പമാണ്.പുതിയ വെളിച്ചം,ശക്തി പോലുള്ള സിനിമകളിൽ ജയനൊപ്പവും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.കൂടാതെ സോമൻ,സുകുമാരൻ,ഭരത് ഗോപി,തിലകൻ തുടങ്ങിയ നായകർക്കൊപ്പവും വിവിധങ്ങളായ കാലഘട്ടത്തിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. പിൽക്കാലത്ത് താരപദവി കൈവരിച്ച മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി,ജയറാം,ദിലീപ് തുടങ്ങിവരുടെയെല്ലാം സിനിമകളിൽ ശ്രീവിദ്യ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
ഇതിൽ മമ്മൂട്ടിയുടെ കാര്യം എടുത്ത് തന്നെ പറയണം

മമ്മൂട്ടിയുടെ On Screen Chemistryയെ കുറിച്ച് പറയുമ്പോൾ പലരും മറന്ന് പോകുന്നൊരു പേരാണ് ശ്രീവിദ്യയുടേത്.മമ്മൂട്ടിയുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച ചുരുക്കം അഭിനേത്രിമാരിൽ ഒരാളാണ് ശ്രീവിദ്യ.ആദാമിന്റെ വാരിയെല്ലിൽ മമ്മൂട്ടിയുടെ കാമുകിയായി അഭിനയിച്ച ശ്രീവിദ്യ,’പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും സാമ്രാജ്യം,തമിഴ് സിനിമ ആനന്ദം എന്നിവയിൽ മമ്മൂട്ടിയുടെ അമ്മ വേഷത്തിലും അഭിനയിച്ചു.മമ്മൂട്ടി ആദ്യമായി ശ്രദ്ധേയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രീവിദ്യയായിരുന്നു.കൂടാതെ മമ്മൂട്ടിയുടെ
‘തിങ്കളാഴ്ച നല്ല ദിവസം’ പോലുള്ള സിനിമകളിലും ശ്രീവിദ്യ ഉണ്ടായിരുന്നു.ഇരുവരും ഒന്നിച്ചഭിനയിച്ച പല സിനിമകളും സാമ്പത്തികമായോ കലാപരമായോ ശ്രദ്ധിക്കപ്പെട്ടവയുമാണ് . സത്യൻ അന്തിക്കാട് ഒഴിച്ചു നിർത്തിയാൽ മൂന്നരപ്പതിറ്റാണ്ടിനിടെ ശ്രീവിദ്യ മലയാളത്തിൽ സഹകരിക്കാത്ത മുഖ്യധാരാ സംവിധായകർ കുറവാണ്.. ശശി കുമാർ,ശ്രീകുമാരൻ തമ്പി,I.V.ശശി,P.G..വിശ്വംഭരൻ,ജോഷി,ബാലചന്ദ്രമേനോൻ,K.G.ജോർജ്ജ്,ഭരതൻ,പത്മരാജൻ,മോഹൻ,തമ്പി കണ്ണന്താനം,ഹരികുമാർ,ലെനിൻ രാജേന്ദ്രൻ,ഫാസിൽ,പ്രിയദർശൻ,കമൽ,രാജസേനൻ,സിദ്ധിഖ് ലാൽ,ഷാജി കൈലാസ്,ജയരാജ്,ലാൽജോസ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടവർക്ക്..കലാഭവൻ മണി നായകനായ ‘മത്സരം’ എന്ന സിനിമയാണ് ഏറ്റവുമൊടുവിൽ അവർ അഭിനയിച്ച മലയാളചലച്ചിത്രം.

ചുറ്റുമുള്ളവരെ മുഴുവൻ സ്നേഹിക്കാൻ അറിയാവുന്നൊരു സാധു സ്ത്രീയായിരുന്നു വിദ്യാമ്മ..തന്നെ ദ്രോഹിച്ചവരോട് പോലും പുലർത്തിയിരുന്ന അദമ്യമായ മനുഷ്യത്വം അവരെ മറ്റ് അഭിനേത്രിമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു..മരിക്കുന്നതിന് ഏതാനും നാൾ മുൻപ് എ.സി.വിക്ക് നൽകിയ അഭിമുഖത്തിൽ തമിഴിലെ ഇതിഹാസ സംവിധായകനായ കെ.എസ്.ഗോപാലകൃഷ്ണനുമായുള്ള ഒരു അനുഭവം ശ്രീവിദ്യ ഓർത്തെടുക്കുന്നുണ്ട് അതിങ്ങനെയാണ്
????????????????????

കെ.എസ്.ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മില്‍ വളരെ പരസ്യമായി തന്നെ വഴക്ക് ഉണ്ടായിട്ടുണ്ട്.അങ്ങേരുടെ പടത്തില്‍ ഇനി ഞാൻ അഭിനയിക്കില്ലെന്ന് വരെ പറഞ്ഞു..കുറേനാളുകള്‍ ഞങ്ങള്‍ സംസാരിക്കാറില്ലായിരുന്നു..അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഞാൻ ഷൂട്ടിംഗിനായി പോവും,പക്ഷേ നേരിൽ കണ്ടാൽ മിണ്ടില്ല..അദ്ദേഹം സാമ്പത്തികമായി വളരെ കഷ്ടത്തിലായ സമയമായിരുന്നു അത്, ഞാനാകട്ടെ,അതിനോടകം അഭിവൃദ്ധി പ്രാപിച്ചിരുന്നു..ഒരിക്കൽ എന്റെ സിനിമയുടെ ലൊക്കേഷനിലേക്ക്‌ അദ്ദേഹം കയറി വന്നു.. എന്നിട്ട്, എന്റെ കൈയില്‍ പിടിച്ച് അദ്ദേഹം പറഞ്ഞു
“അമ്മാ..എന്നോട് ക്ഷമിക്കണം,ഞാന്‍ നിങ്ങളോട് ചെയ്തത് വലിയ തെറ്റാണ്”
എനിക്ക് വലിയ വിഷമം തോന്നി

തമിഴിലെ മഹാനായൊരു സംവിധായകനാണ് അദ്ദേഹം, ശരിക്കും ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന് തന്നെ പറയാം.. അദ്ദേഹം നേരത്തേ സംവിധാനം ചെയ്‌ത ഒരു സിനിമയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ എന്നെ കട്ട് ചെയ്തു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള വഴക്കിന്റെ മൂലകാരണം. എന്നെ സംബന്ധിച്ചിടത്തോളം ക്രൂരമായൊരു അനുഭവമായിരുന്നു അത്. 2 ദിവസത്തോളം തുടർച്ചായി എന്നെ കൊണ്ട് ഡാന്‍സ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് അവസാനം ഒരു ദയാദാക്ഷണ്യവുമില്ലാതെ എന്നെ അദ്ദേഹത്തിന്റെ സിനിമയുടെ സെറ്റിൽ നിന്നും ഇറക്കി വിട്ടു. അദ്ദേഹത്തെ പോലൊരു സംവിധായകന്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍,എന്തോ കാരണം ഉണ്ടാകുമെന്ന് കരുതി വേറെയും 1-2 സിനിമകള്‍ അക്കാലത്ത് എനിക്ക് നഷ്ടപ്പെട്ടു. ഗോപാലകൃഷ്ണന്‍ സാര്‍ മാപ്പ് പറഞ്ഞ്,എന്റെ പടത്തില്‍ നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി..ഉറപ്പായും ചെയ്യാമെന്ന് ഞാൻ അദ്ദേഹത്തിന് വാക്ക് നൽകി..അങ്ങനെ ചെയ്ത സിനിമയാണ് ‘റൗഡി റാക്കമ്മ”
????????????????????

ഇത് ഒരു കെ.എസ്.ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല..ശ്രീവിദ്യ എന്ന അഭിനേത്രിയുടെ ചുറ്റിലും നിലകൊണ്ട പലരുടെയും അനുഭവകഥകൾ ഏതാണ്ടിങ്ങനൊക്കെ തന്നെയാണ്.ജീവിതം അവസാനത്തോടടുത്ത നാളുകളിലും അവർക്ക് ചുറ്റും നിന്നവർക്ക് പറയാനുള്ളത്,ശ്രീവിദ്യ പകർന്ന് തന്ന അലിവിന്റെയും കാരുണ്യത്തിന്റെയും കഥകൾ മാത്രമാണ് . രോഗം വന്ന് പിടി മുറുക്കിയ അവസാനനാളുകളിലും ചില ചിട്ടകളും പിടിവാശികളും ഉണ്ടായിരുന്നു അവർക്ക്..

തനിക്ക് വേണ്ടി രണ്ടാമതൊരാൾ കഷ്ടപ്പെടരുതെന്ന് നിഷ്കർഷയുണ്ടായിരുന്നു അവർക്ക്.രോഗം മൂർച്ഛിച്ച വേളയിലും കടകളിൽ പോയി തനിച്ച് സാധനങ്ങൾ വാങ്ങിച്ചു. പച്ചക്കറിക്കടയിലും പലചരക്ക് കടകളിലും പരമാവധി ഒറ്റക്ക് തന്നെ പോയി കാറിൽ നിന്ന് പുറത്തേക്കിറങ്ങാൻ അവസാന കാലത്ത് വല്ലാതെ ബുദ്ധിമുട്ടിയപ്പോൾ കാറിനകത്ത് തന്നെയിരുന്ന് സാധനസാമഗ്രികളുടെ ലിസ്റ്റ് കടക്കാർക്ക് നൽകും..കടയിലുള്ളവർ ലിസ്റ്റ് വായിച്ച് സാധനങ്ങൾ കൊണ്ട് വന്നു വണ്ടിയിൽ എടുത്ത് വയ്ക്കും,ഇതായിരുന്നു ചിട്ട..മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെയുള്ള ആശുപത്രി ബിൽ പോലും,ശ്രീവിദ്യ ഒറ്റക്കാണ് കൊടുത്തത്…!!!!

തിരുവനന്തപുരത്ത് ശ്രീവിദ്യ താമസിച്ചിരുന്ന വീടിന് അരികെ താമസിച്ചിരുന്ന സബീന എന്ന അയൽക്കാരിക്കും പറയാനുള്ളത് ശ്രീവിദ്യ എന്ന വലിയ മനസ്സിന്റെ ഉടമയെ കുറിച്ചാണ്..ശ്രീവിദ്യയെ പരിചയപ്പെടുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് അവരുടെ സിനിമകൾ കണ്ട് ആരാധന തോന്നിയ ഒരു സാധാരണ പ്രേക്ഷക തന്നെയായിരുന്നു സബീനയും..ശ്രീവിദ്യ,തിരുവനന്തപുരത്ത് താമസമുറപ്പിച്ച നാളുകളിലെപ്പോഴോ ഒരിക്കൽ സബീന നേരിൽ പോയി അയൽക്കാരിയെ കണ്ടു..പരിചയപ്പെട്ടു..സംസാരിച്ചു അതൊരു വലിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.  ഇടക്ക് രോഗം കലശലായപ്പോൾ സബീന തന്നെയായിരുന്നു ശ്രീവിദ്യയുടെ അരികിൽ മാറാതെ നിന്നിരുന്നത്..കാലിനും നടുവിനും വേദന കലശലാകുമ്പോൾ((കലശലാകുമ്പോൾ മാത്രം))ശ്രീവിദ്യ ഇടക്ക് ചോദിക്കുമായിരുന്നുത്രേ
“ഒന്ന് തിരുമ്മി തരാമോ സബീന” ?
തിരുമ്മി ഒന്നോ രണ്ടോ മിനുട്ട് ആകുമ്പോൾ മതിയെന്നും ഇപ്പോൾ വേദനക്ക് ശമനമുണ്ടെന്നും പറയുമായിരുന്നു ശ്രീവിദ്യ
‘ഇത്ര പെട്ടെന്ന് വേദന മാറിയോ’ എന്നൊരു ചോദ്യം സബീന ചോദിക്കുമ്പോൾ ‘നിങ്ങളുടെ കൈ വേദനിക്കുന്നില്ലേ’ എന്നൊരു മറുചോദ്യമായിരുന്നുവെത്രേ ശ്രീവിദ്യ സമ്മാനിക്കുക..!!!!
സ്വന്തം വേദനയേക്കാൾ അവരുടെ ഉത്ക്കണ്ഠ തനിക്ക് വേണ്ടി മറ്റുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോഴായിരുന്നു

ഇടക്കാലത്ത് ബിഗ് സ്‌ക്രീനിൽ നിന്നൊരു ഒരിടവേളയെടുത്ത് മിനി സ്‌ക്രീനിലും ശ്രീവിദ്യ സജീവമായി.ബിഗ് സ്ക്രീനിലെന്ന പോലെ മിനി സ്ക്രീനിലും ശ്രീവിദ്യ തിളങ്ങി..വസുന്ധര മെഡിക്കൽസ്,ഓമനത്തിങ്കൾ പക്ഷി തുടങ്ങി ശ്രീവിദ്യ അഭിനയിച്ച സീരിയലുകളെല്ലാം തന്നെയും ജനപ്രീതി കൈവരിച്ചു.
ശ്രീവിദ്യ സീരിയലിൽ സജീവമായതിന് പിറകിലും ഒരു കഥയുണ്ട്

ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്ത് വരുന്ന ‘പാടാത്ത പൈങ്കിളി’ ഉൾപ്പെടെയുള്ള സീരിയലുകൾ വഴി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് സുധീഷ് ശങ്കർ.വർഷങ്ങൾക്ക് മുൻപ് ‘ദുർഗ’ എന്നൊരു സീരിയൽ സുധീഷ് സംവിധാനം ചെയ്തിരുന്നു.റേറ്റിങ് താഴ്ന്ന് ആ സീരിയൽ സംപ്രേഷണം അവസാനിപ്പിക്കേണ്ട ഘട്ടം വരുമെന്നായപ്പോഴാണ് ആലംബഹീനനായി സുധീഷ്,ശ്രീവിദ്യയെ ഫോണിൽ ബന്ധപ്പെടുന്നത്.തന്റെ സീരിയലിൽ അഭിനയിക്കാമോ എന്ന് സുധീഷ് വിദ്യാമ്മയോട് ചോദിച്ചപ്പോൾ അവർ മറുത്തൊന്നും പറയാതെ സമ്മതിച്ചു..റേറ്റിങ് താഴ്ന്നിരുന്ന സീരിയൽ ശ്രീവിദ്യ അഭിനയിച്ചതോടെ പച്ച പിടിക്കുകയും ശേഷം 450ഓളം എപ്പിസോഡുകൾ വിജയകരമായി പിന്നിടുകയും ചെയ്തു. എന്ത് കൊണ്ടാണ് അന്ന് തന്റെ സീരിയലിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്ന് സുധീഷ് പിന്നീടൊരിക്കൽ ശ്രീവിദ്യയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയായിരുന്നു രസകരം..ജീവിതത്തിൽ എന്തെങ്കിലും ആശയക്കുഴപ്പം വരുമ്പോൾ വീട്ടിലുള്ള സായിബാബയുടെ ചിത്രത്തിന്റെ അരികിൽ നിന്ന് രണ്ട് കടലാസ് കഷ്ണമെടുത്ത് അതിൽ Yes or No എന്നെഴുതി നറുക്കെടുക്കുമായിരുന്നുവെത്രേ ശ്രീവിദ്യ.സുധീഷ് വിളിച്ച് സീരിയലിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെ നറുക്കിടുകയും Yes എന്ന ഉത്തരം വന്നതിനെ തുടർന്ന് സീരിയലിൽ അഭിനയിക്കാൻ അവർ സമ്മതം മൂളുകയുമായിരുന്നുവെത്രേ…!!!!


മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്.ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി ശ്രീവിദ്യക്ക് ലഭിക്കുന്നത്.പിന്നീട് രചന,ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്ക് വീണ്ടും ഈ പുരസ്‌കാരം ശ്രീവിദ്യയെ തേടിയെത്തി.1986-ൽ ഇരകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ തൊട്ടടുത്ത വർഷം ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ ആ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി.2004ൽ ‘അവിചാരിതം’ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ശ്രീവിദ്യക്ക് ലഭിച്ചിരുന്നു.
????????

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും,അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമയേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമാണ് അവർ എക്കാലത്തും നൽകിയിരുന്നത്.വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ 1973ൽ പുറത്തിറങ്ങിയ ‘ചെണ്ട’ എന്ന സിനിമ.സാമ്പത്തികമായി പരാജമായിരുന്നുവെങ്കിലും അഭിനയിച്ച സിനിമകളിൽ ശ്രീവിദ്യക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഇതായിരുന്നു.ഒരു അഭിനേത്രിയെന്ന നിലക്ക് സ്വയം പരുവപ്പെട്ടതും ഒപ്പം അഭിനയം തനിക്ക് വഴങ്ങുന്ന ജോലിയാണെന്ന് തിരിച്ചറിഞ്ഞതും ‘ചെണ്ട’യിൽ അഭിനയിച്ചതിന് ശേഷമാണ് എന്നവർ അഭിമാനത്തോടെ പറഞ്ഞിരുന്ന സംഗതിയാണ്

‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപിന്നണി ഗാനരംഗത്ത് ശ്രീവിദ്യ സാന്നിദ്ധ്യമറിയിക്കുന്നത്.പിൽക്കാലത്ത് ഒരു പൈങ്കിളിക്കഥ പോലെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രീവിദ്യ പിന്നണി പാടിയിട്ടുണ്ട്..ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘അമ്മത്തമ്പുരാട്ടി’ എന്ന സീരിയലിലായിരുന്നു ശ്രീവിദ്യ അവസാനമായി അഭിനയിച്ചത്..ശ്രീവിദ്യയുടെ രോഗം കലാശലായതിനെ തുടർന്ന് ഈ പരമ്പര പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.

രക്തത്തിൽ പ്ലേറ്റ്‌ലറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് 2006 ഒക്ടോബർ 17ന് ശ്രീവിദ്യയെ തിരുവനന്തപുരം SUT ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുണ്ടായി..ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും എത്രയോ കാലം മുൻപേ അവരിൽ അർബുദത്തിന്റ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു..മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം ഒറ്റയടിക്ക് ബാക്കി വച്ച് 2006 ഒക്ടോബർ 19ന് രാത്രി 7.55ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നിത്യനിദ്രയിലേക്ക് വഴുതിവീണു.ഒക്ടോബർ 20ന് VJT ഹാളിൽ പൊതുദർശനത്തിന് വച്ച ശ്രീവിദ്യയുടെ ഭൗതിക ശരീരത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.സംസ്ഥാന സർക്കാർ പൂർണഔദ്യോഗികബഹുമതികൾ നൽകിയാണ് ആ കലാകാരിക്ക് യാത്രാമൊഴി നൽകിയത്
(നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ,നടൻ സത്യൻ രക്താർബുദത്തെ തുടർന്ന് ചോര ഛർദ്ദിച്ച് കുഴഞ്ഞു വീണതിന് ശ്രീവിദ്യ സാക്ഷിയായിരുന്നു..ശ്രീവിദ്യയുടെ അമ്മ വസന്തകുമാരിയും ക്യാൻസറിനോട് മല്ലിട്ടാണ് 1990ൽ മരണത്തിന് കീഴ്പ്പെട്ടത്,അതേ അനിവാര്യത,കാലം ശ്രീവിദ്യക്ക് വേണ്ടിയും കാത്തുവച്ചുവെന്നത് മറ്റൊരു യാദൃച്ഛികത )


മാതൃഭാഷ തമിഴായിരുന്നുവെങ്കിലും മലയാളത്തോടായിരുന്നു എക്കാലവും ശ്രീവിദ്യയുടെ മമതയും കൂറുമെല്ലാം..മലയാളം കഷ്ടപ്പെട്ട് പഠിച്ചെടുത്തതും ഒപ്പം ആദ്യ സിനിമ മുതൽക്ക് സ്വയം ഡബ്ബ് ചെയ്തതുമെല്ലാം ഈയൊരിഷ്ടം കൊണ്ട് കൂടിയാണ്..മലയാളത്തിൽ മാത്രമല്ല,അഭിനയിച്ച എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്ന അനുഗ്രഹീതയായ അഭിനേത്രിയായിരുന്നു അവർ..ഈ സിദ്ധി,അവരുടെ സമകാലികരായി അഭിനയിച്ച അധികം നായികനടിമാർക്കൊന്നും ഉണ്ടായിരുന്നില്ലയെന്നതും ശ്രദ്ധേയം
കൂടാതെ..

കരിയറിന്റെ തുടക്കത്തിൽ ശ്രീവിദ്യ അഭിനയിച്ച മലയാളം സിനിമകളിലെ ഡയലോഗ് ഡെലിവറിയിൽ തമിഴിന്റെ സ്വാധീനം പരോക്ഷമായി (പ്രത്യക്ഷമായും)അറിയാൻ സാധിക്കും..ഈ ന്യൂനത സ്വയം തിരിച്ചറിഞ്ഞ അവർ കഠിനപ്രയത്നത്താൽ അത് പരിഹരിച്ചുവെന്നത് ഏറെ ശ്ലാഘനീയവും ശ്രദ്ധേയവുമായ കാര്യമാണ്.സിനിമയോടുള്ള ഈ ആത്മസമർപ്പണം 15 വർഷത്തിനിപ്പുറവും അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നു. മരണശേഷം മലയാള സിനിമ ഏറ്റവും കൂടുതൽ ഉപയോഗിച്ച ചിത്രം വിദ്യാമ്മയുടേതാണ്. പുതുതലമുറ സിനിമകളിലെ നായകന്റെയോ നായികയുടെയോ അകാലത്തിൽ വേർപ്പെട്ടു പോയ അമ്മയുടെ ചിത്രം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ മിക്ക സംവിധായകരും ശ്രീവിദ്യയുടെ ചിത്രമാണ് കൂടുതലായും ഉപയോഗിച്ചു കണ്ടിട്ടുള്ളത്. 2008ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ‘തിരക്കഥ’ എന്ന സിനിമക്ക് പ്രചോദകമായതും ശ്രീവിദ്യയാണ്. രോഗബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ ശ്രീവിദ്യയെ കാണാൻ കമലഹാസൻ വന്നത് അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ വാർത്തയിൽ നിന്നാണ് ‘തിരക്കഥ’ എന്ന സിനിമയുടെ ജനനത്തിന് നിദാനമായ കഥാബീജം പിറക്കുന്നത് പോലും…!!!


തമിഴ്നാട്,ശ്രീവിദ്യക്ക് പെറ്റമ്മയായിരുന്നുവെങ്കിൽ കേരളം എല്ലാ അർത്ഥത്തിലും അവർക്ക് പോറ്റമ്മയായിരുന്നു
കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ..
വിവാഹം കഴിച്ചത് മലയാളിയെ..
ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് കേരളത്തിൽ..
ഒടുക്കം അന്ത്യവിശ്രമവും കൊള്ളുന്നതും കേരളത്തിൽ..
❤️
സിനിമയെന്ന വികാരം എന്നിൽ വേരുറച്ച നാൾ മുതൽക്കേ ഞാൻ ശ്രീവിദ്യയെന്ന നടിയുടെ/അവരുടെ സൗന്ദര്യത്തിന്റെ വലിയ ആരാധകനാണ്..അറിഞ്ഞും വായിച്ചും കൂടുതൽ അറിഞ്ഞപ്പോൾ ആ സൗന്ദര്യത്തോട് തോന്നിയ അതേ ആരാധന,അവരുടെ മനസ്സിനോടും തോന്നിപ്പോയി
????
വിദ്യാമ്മ ഓർമ്മയായിട്ട് വരുന്ന ഒക്ടോബർ 19ന് ഒന്നരപ്പതിറ്റാണ്ട് താണ്ടുകയാണ്..15 വർഷത്തിനിപ്പുറവും ഒരു നേർത്ത വിങ്ങലോടെയല്ലാതെ അവരെയോർമിക്കാൻ ആർക്കും സാധ്യമല്ല. വിദ്യാമ്മയെ അനുസ്മരിച്ച് മുൻപൊരിക്കൽ ബാലചന്ദ്രമേനോൻ എഴുതിയ വരികൾ തന്നെയാണ് ഇന്നും അവരർഹിക്കുന്ന ഏറ്റവും വലിയ സമരണാഞ്ജലി
????????????????
“ദേവിയുടെ സാന്നിദ്ധ്യമുള്ള ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ മനസ്സിലേക്ക് ആദ്യം ഓർമയിൽ വരുന്ന മുഖം ശ്രീവിദ്യയുടേതാണ്..ദേവിയുടെ സാന്നിദ്ധ്യമുള്ള മറ്റൊരു മുഖവും മലയാളത്തിൽ എന്റെ അറിവിൽ വേറെയില്ല”
❤️
ദീപ്തമായ ആ ഓർമകൾക്ക് മുൻപിൽ എന്റെ കണ്ണീർപ്രണാമം..ബാഷ്പാഞ്ജലി
????
Gone Soon…But Never Forgotten ????
????
നിത്യസൗന്ദര്യം
????
(NB : വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് എഴുതിയതാണ്..വലിയ ലേഖനമാണ്..വായിച്ച എല്ലാവരോടും സ്നേഹം ????)

You May Also Like

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ ഇവര്‍ തന്നെയായിരിക്കും – വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍ ആരെന്ന ചോദ്യത്തിന് ഒരു കോടി കാരുണ്യ ലോട്ടറി അടിച്ച ആളെയാണ് നിങ്ങള്‍ കാണിച്ചു തരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം അതാസ്വദിക്കുവാന്‍ അയാളുടെ ഉടലില്‍ ജീവന്‍ ഉണ്ടെങ്കില്‍ അല്ലെ കാര്യമുള്ളൂ. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ നിമിഷനേരം കൊണ്ട് മരണത്തോട് വിട പറഞ്ഞു ജീവിതത്തിലേക്ക് തിരികെ വന്നവര്‍ ആയിരിക്കും.

പ്രതീക്ഷ…

ഈ ഇരുട്ടില്‍ ഞാല്‍ ആരെയെങ്കിലും തിരയുന്നുണ്ടെങ്കില്‍ അതു നിന്നെയയാണ്. നിന്നെ മാത്രമാണ്. ജീവിതത്തില്‍ എപ്പോഴൊക്കെയോ കയറേണ്ടിവന്ന പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ നീ ഉണ്ടായിരിക്കും എന്നെ ആശ്വസിപ്പിക്കാന്‍, സ്വാന്തനിപ്പിക്കുവാന്‍. ഉളളിലുളള മനോവേദന തിങ്ങി നിറയുമ്പോള്‍ പറന്നു പാറിയ എന്റെ മുടിയിഴകളെ അമര്‍ത്തിപ്പിടിച്ച് നിന്റെ മാറോട് ചേര്‍ക്കുമായിരുന്നു എന്നെ. ഇതെല്ലാം ഒരു പക്ഷെ സാങ്കല്‍പ്പികമാണെങ്കില്‍പ്പോലും ആ സാങ്കല്‍പ്പിക ലോകത്തിനപ്പുറം അതിനുമപ്പുറം ഒരു ലോകമുണ്ട്. നീയും ഞാനും എന്ന ലോകം. എനിക്ക് നീയും നിനക്ക് ഞാനും എന്ന് പല പ്രാവിശ്യം സത്യം വിളിച്ചു കൂവുന്ന ലോകം. പക്ഷെ, ആ ലോകത്തില്‍ ഇന്നു ചിതലു കയറിയിരിക്കുന്നു. ഒരിക്കലും ആ ലോകത്തിന് ചിന്തേരിടുവനയി കഴിയില്ല; എന്ന പ്രതീക്ഷയെ നീ വേണം തല്ലിക്കെടുത്താന്‍. നീ വേണം മറ്റൊരു നല്ല പ്രതീക്ഷ വളര്‍ത്തിയെടുക്കുവാന്‍.

എല്ലാരും തഴയുന്നു എന്ന ഭയത്തോടെ ഈ നടനു കരയേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ…!

ആശംസകൾ കൊണ്ട് വീർപ്പുമുട്ടിച്ചു മമ്മൂട്ടിയെ കൊല്ലുന്ന സാദാ ആരാധകരും ഉന്നതരുമൊക്കെ മമ്മൂട്ടിയുടെ 1990

സാമ്പത്തിക മാനസിക ശാസ്ത്രം

2013 തുടക്കത്തില്‍ ഡീസലിന് അഞ്ച് രൂപ കുറയാന്‍ പോകുന്നു ….അറിഞ്ഞോ ..? തെറി വിളിക്കുന്നോ ….. ശ്ശെടാ …ഇത് കൊള്ളാമല്ലോ …! വില കുറയുന്നു എന്ന് പറഞ്ഞാലും തെറി വിളി …! “സാമ്പത്തിക മാനസിക ശാസ്ത്രം” അറിയാഞ്ഞിട്ടാ ഇങ്ങനെ തെറി വിളിക്കുന്നത്. സംഭവം എന്താച്ചാ …