Sunil Waynz
ചെറുതായാലും വലുതായാലും,, അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടും അധികമാരും എടുത്ത് പറയാത്ത അത്യുഗ്രൻ കലാകാരി…അസാധ്യ അഭിനേത്രി…എന്നെ സംബന്ധിച്ചിടത്തോളം അതാണ് വത്സല മേനോൻ എന്ന ഈ നടി. ഇന്നും വത്സല മേനോന്റെ മുഖം കാണുമ്പോൾ എനിക്ക് സ്ഥിരമായി തോന്നാറുള്ളൊരു സംഗതി കൂടിയുണ്ട്. മുത്തശ്ശിക്കഥകളിലും മിത്തുകളിലും അപസർപ്പക കഥകളിലുമെല്ലാം കടന്നു വരാറുള്ള..അതിഗൂഢഭാവങ്ങൾ പേറുന്ന വൃദ്ധയുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഈ നടിയോളം അനുയോജ്യമായ മറ്റൊരു മുഖവും മലയാളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല.അക്കാര്യത്തിൽ ഒരു യൂണിവേഴ്സൽ അപ്പീൽ ഉള്ള മുഖമാണ് ഇവരുടേതെന്ന് പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്.നിർഭാഗ്യവശാൽ അതിന് തക്ക വേഷപ്പകർച്ചകളൊന്നും ഇക്കണ്ട കാലമത്രയും മലയാള സിനിമയിൽ സജീവമായിക്കഴിഞ്ഞിട്ടും അവരെ തേടി വന്നിട്ടില്ല എന്നതിൽ വലിയ നിരാശയുമുണ്ട്
മലയാളസിനിമയുടെ ചരിത്രമെന്നാൽ അത്, അക്ഷരാർത്ഥത്തിൽ വത്സല മേനോൻ എന്ന ഈ 77കാരിയുടേയും ചരിത്രമാണ്.

മലയാളസിനിമ അതിന്റെ വളർച്ചയുടെ ഘട്ടം താണ്ടുന്ന കാലത്താണ് ‘തിരമാല’ എന്ന സിനിമയിലൂടെയാണ് വത്സല മേനോൻ എന്ന നടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.1953ൽ പുറത്തിറങ്ങിയ ആ സിനിമയിൽ ‘ബേബി വത്സല’ എന്ന പേരിൽ അക്കാലത്തെ ഹാസ്യനടൻ മുത്തയ്യയുടെ മകളായി അരങ്ങേറുമ്പോൾ കേവലം 8 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം.തൃശൂർ ജില്ലയിലെ കാളത്തോട് എന്ന സ്ഥലത്ത് രാമൻ മേനോന്റെയും ദേവകി അമ്മയുടെയും നാല് മക്കളിൽ ഇളയവൾ ആയി ജനിച്ച വത്സല മേനോന് ചെറുപ്പം മുതൽക്കേ നൃത്തത്തോട് വല്ലാത്തൊരു അഭിനിവേശമുണ്ടായിരുന്നു. മാതാപിതാക്കളും മൂന്ന് മൂത്ത സഹോദരന്മാരും അവർക്ക് അക്കാര്യത്തിൽ അകമഴിഞ്ഞ പിന്തുണ നൽകി വന്നു. ഭരതനാട്യം,കഥകളി,നാടോടി നൃത്തം എന്നീ കലാരൂപങ്ങളെല്ലാം അവർ നന്നേ ചെറുപ്പത്തിൽ ശാസ്ത്രീയമായി അഭ്യസിച്ചിരുന്നു
തിരമാല എന്ന സിനിമയിൽ അഭിനയിച്ച ശേഷം പിന്നീട് വേറെ സിനിമകളിലൊന്നും അഭിനയിച്ചില്ല.16ആം വയസ്സിൽ എൻജിനീയറായ ഹരിദാസ് മേനോനുമായുള്ള വിവാഹത്തോടെ കലാജീവിതത്തോട് താൽക്കാലികമായി വിട പറഞ്ഞു.ജീവിതം,പിന്നീട് മുഴുവനായും പറിച്ചു നട്ടത് മുംബൈയിലേക്കായിരുന്നു.മൂന്ന് കുട്ടികളുടെ അമ്മയായ സമയത്ത് 1970ൽ മിസ് തൃശ്ശൂർ കിരീടം നേടി ഞെട്ടിച്ചപ്പോഴാണ് അവരുടെ മേൽ ആസ്വാദകശ്രദ്ധ വീണ്ടും പതിയുന്നത്.നടി ശാരദ ആയിരുന്നു അന്ന് വത്സലാമേനോനെ കിരീടം അണിയിച്ചത്.മത്സരത്തിൽ വിജയിയായതോടെ സിനിമകളിൽ അഭിനയിക്കാൻ വീണ്ടും അവസരങ്ങൾ വന്നെങ്കിലും കുട്ടികളുടെ ഭാവിയെ മുൻനിർത്തി,തേടി വന്ന അവസരങ്ങളെല്ലാം പാടേ നിരസിക്കുകയായിരുന്നു

ഭർത്താവിന്റെ ജോലിസംബന്ധമായി മുംബൈയിൽ ദീർഘകാലം താമസിക്കേണ്ടി വന്ന സമയത്തും അവസരങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല.എന്നാൽ ഭർത്താവിന്റെ ഔദ്യോഗികജീവിതത്തിനും ഒപ്പം കുട്ടികളുടെ പഠനത്തിനുമായിരുന്നു അവർ എന്നും പ്രഥമപരിഗണന നൽകിയിരുന്നത്
ഒരിക്കൽ സംവിധായകൻ രാമുകാര്യാട്ടും നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരും മുംബൈയിലെ താമസസ്ഥലത്തേക്ക് നേരിട്ട് വന്ന് ഭർത്താവ് ഹരിദാസുമായി സംസാരിച്ചു.സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് വത്സല മേനോനോട് ചോദിച്ചു..ഒരു മേക്കപ്പ് ടെസ്റ്റ് നടത്തിയ ശേഷം ഒരു നിർദ്ദിഷ്ടരംഗം അവതരിപ്പിച്ചു കാണിക്കാൻ ഇരുവരും വത്സല മേനോനോട് ആവശ്യപ്പെട്ടു.പ്രകടനം കണ്ട് മതിപ്പുളവായതോടെ ഒരാഴ്ചയ്ക്ക് ശേഷം,ശോഭന പരമേശ്വരൻ നായർ അദ്ദേഹം നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ സിനിമയിൽ ഒരു നല്ല റോൾ വാഗ്ദാനം ചെയ്തവർക്ക് കത്തയച്ചു.എങ്കിലും കുട്ടികളെ ഓർത്ത് ആ അവസരവും അവർ വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തത്..!!!
കാലങ്ങൾക്ക് ശേഷം മുംബൈ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഒരു ഏകാംഗനാടകത്തിൽ വത്സല മേനോൻ അവതരിപ്പിച്ച കളക്ടറുടെ വേഷം കണ്ട് ഇഷ്ടപ്പെട്ടാണ് മലയാളസിനിമയിലെ പ്രമുഖനായ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അയാൾ ഭാഗമായ ഒരു സിനിമയിലെ വേഷത്തിനായി അവരെ പിന്നേയും സമീപിക്കുന്നത്.രണ്ടരമണിക്കൂർ നീണ്ടു നിന്നൊരു ഏകാംഗനാടകമായിരുന്നു അത്,!! ഇക്കുറി ഒന്ന് പരിശ്രമിച്ചു നോക്കാൻ മനസ്സാൽ ഒരുങ്ങി.മക്കളെല്ലാം സ്വയംപര്യാപ്തരായത് കൊണ്ടും ഭർത്താവിന്റെ അകമഴിഞ്ഞ പിന്തുണയുള്ളത് കൊണ്ടും വെള്ളിത്തിരയുടെ നക്ഷത്രശോഭയിലേക്ക് വീണ്ടുമവർ തിരിച്ചു വന്നു. സിനിമയുടെ ഷൂട്ടിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം നടന്നെങ്കിലും സാമ്പത്തിബുദ്ധിമുട്ട് കാരണം ആ ചിത്രം പാതിവഴിക്ക് നിലച്ചു.തന്റെ സിനിമാജീവിതത്തിന്റെ തിരശ്ശീല എന്നന്നേക്കുമായി അസ്തമിച്ചുവെന്ന ധാരണയിൽ അഭിനയത്തിന് താൽക്കാലിക വിരാമമിട്ട് മുംബൈയിലേക്ക് തന്നെ വീണ്ടുമവർ വണ്ടി കയറി..എന്നാൽ അതേ സിനിമയുടെ അണിയറപ്രവർത്തകർ മറ്റൊരു സിനിമയുമായി അടുത്ത ദിവസം വീണ്ടും സമീപിച്ചു.അങ്ങനെയാണ് കെ.എസ്.ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കിരാതം’ എന്ന സിനിമയിലെ അമ്മ വേഷം വഴി വീണ്ടും വത്സല മേനോന് വെള്ളിത്തിരയിലേക്കുള്ള വഴി തെളിയുന്നത്

തുടർന്ന് നിരവധിയായ സിനിമകൾ..മൂന്നാംമുറ, ധിം തരികിട തോം, സീസൺ, ഉത്തരം, തനിയാവർത്തനം, ഉണ്ണികളേ ഒരു കഥ പറയാം, മാലയോഗം, ഹിസ് ഹൈനസ്സ് അബ്ദുള്ള, വൈശാലി, അപരൻ, ഉത്സവപ്പിറ്റേന്ന്,ഇസബെല്ല,പ്രണാമം,നീയത്രെ ധന്യ..etc..കുറഞ്ഞ കാലം കൊണ്ട് തന്നെ സാമ്പത്തികമായും കലാപരമായും വിജയിച്ച നിരവധി സിനിമകളുടെ ഭാഗമായി മാറാൻ സാധിച്ചു. 1990ൽ ഭർത്താവ് ഹരിദാസ് ഇഹലോകവാസം വെടിയുന്നത് വരെ വിശ്രമമമില്ലാതെ ഓടി നടന്ന് അഭിനയിച്ചു,..വലിപ്പചെറുപ്പമില്ലാതെ ഒരുപാട് സിനിമകളിൽ!!
ഭർത്താവിന്റെ ആകസ്മികമരണത്തെ തുടർന്ന് ഒരിടവേളയെടുത്തുവെന്നത് ഒഴിച്ചു നിർത്തിയാൽ പിന്നീടങ്ങോട്ട് മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമാണ് വത്സല മേനോൻ എന്ന ഈ അനുഗ്രഹീതയായ അഭിനേത്രി..ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയിലെ അവിഭാജ്യഘടകമായി തീരാൻ അവർക്ക് സാധിച്ചു..സിനിമകളിൽ മാത്രമല്ല,സീരിയലുകളിലും അന്നും ഇന്നും ഒരു പോലെ സജീവം.മലയാളത്തിൽ ടെലിവിഷൻ സീരിയലുകളുടെ ആരംഭകാലം മുതൽക്കേ ഈ നടിയുണ്ട്.. സീരിയലുകളിൽ ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഏതാണ്ട് 200നടുത്ത് കഥാപാത്രങ്ങൾ മലയാളത്തിൽ അവർ ചെയ്തിട്ടുണ്ട്.80കളുടെ മധ്യപകുതി മുതൽക്ക് മലയാളത്തിൽ സജീവമായ മിക്ക സംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ അവസരം ലഭിച്ച അഭിനേത്രി കൂടിയാണ് വത്സല മേനോൻ.മോഹൻ,ഹരിഹരൻ പോലുള്ള സംവിധായകരുടെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഒരു കാലത്ത് വത്സല മേനോൻ..പത്മരാജൻ,ഭരതൻ,മോഹൻ,ജോഷി,ജേസി,സത്യൻ അന്തിക്കാട്,സിബി മലയിൽ, ഐ.വി ശശി, ബാലചന്ദ്രമേനോൻ, കമൽ,പ്രിയദർശൻ, പി.ജി.വിശ്വംഭരൻ, ഹരികുമാർ,ഭദ്രൻ,ഷാജി കൈലാസ്,രാജസേനൻ മുതൽക്ക് ലാൽ ജോസും ശ്യാമപ്രസാദും ജീത്തു ജോസഫും,എബ്രിഡ് ഷൈനും വരെ നീളുന്ന പ്രതിഭാധനരായ സംവിധായകർക്കൊപ്പം വിവിധങ്ങളായ കാലഘട്ടത്തിൽ പ്രവർത്തിക്കാൻ വത്സലാ മേനോന് സാധിച്ചിട്ടുണ്ട്
വേർസട്ടൈൽ ആയ നടിയാണ് എന്ന് ശരിക്കും തോന്നിയിട്ടുണ്ട് ഏൽപ്പിക്കുന്ന എല്ലാ റോളുകളും ഭദ്രം അതിപ്പോ..കുശുമ്പുള്ള അമ്മയാകട്ടെ..സ്നേഹനിധിയായ മുത്തശ്ശിയാകട്ടെ..ധാർഷ്ട്യമുള്ള കൊച്ചമ്മയാകട്ടെ..കർക്കശക്കാരിയായ ഹോസ്റ്റൽ വാർഡൻ/മേട്രൻ/പ്രിൻസിപ്പൽ/രണ്ടാനമ്മയാകട്ടെ..
പ്രാരാബ്ദകാരിയായ വീട്ടമ്മയാകട്ടെ..എല്ലാം ഒന്നിനൊന്ന് മെച്ചം.Versatile Roleകൾ കൈകാര്യം ചെയ്യുന്ന നടികളുടെ അമിതാധിക്യം മലയാളസിനിമയിൽ ഉണ്ടായിരുന്നതുകൊണ്ടാകാം ആരംഭകാലത്ത് വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കാതിരുന്നത്.എന്നിരുന്നാലും എന്ന് സ്വന്തം ജാനകിക്കുട്ടി,ഒളിമ്പ്യൻ അന്തോണി ആദം,ചാന്ത്പൊട്ട് പോലുള്ള ചുരുക്കം സിനിമകളിലെ വേഷങ്ങൾ അവരിലെ നടനമികവിന്റെ പരിപൂർണതയെ വെളിവാക്കുന്ന മികച്ച വേഷങ്ങളാണ്.ഹാസ്യപ്രധാനമായ റോളുകൾ ചെയ്ത് ഫലിപ്പിക്കുന്നതിൽ എന്നും ഒരു പ്രത്യേകമികവുള്ളതായും തോന്നിയിട്ടുണ്ട്..പ്രത്യേകിച്ച് ഒളിമ്പ്യൻ അന്തോണി ആദത്തിലെ വേഷമൊന്നും മറ്റൊരു നടിയെ ഓർമിക്കാൻ പോലും തോന്നാത്തത്രക്ക് മനോഹരമാക്കിയിട്ടുണ്ട് ഈ കലാകാരി.
_________
ഇന്നും..ഇപ്പോഴും അവരുടെ അഭിനയചാതുരിക്ക് യാതൊരു ഉടവും ഇടിവും സംഭവിച്ചിട്ടില്ല..ഗൗതമന്റെ രഥമുൾപ്പടെയുള്ള സമീപകാല സിനിമകളിലെ പ്രകടനം തന്നെ അതിന് മകുടോദാഹരണം മാറുന്ന മലയാളസിനിമക്കൊപ്പം ഈ അമ്മ ഇനിയും ഒരുപാട് അംഗീകരിക്കപ്പെടട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു…
പ്രാർത്ഥിക്കുന്നു…