മോഹൻലാൽ ആട്ടുതൊട്ടിലിൽ എന്ന പാട്ടിൽ അഭിനയിച്ചാൽ….ആഹാ അടിപൊളി, വീഡിയോ കണ്ടുനോക്കൂ

53

Sunil Waynz

കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള പാട്ട്, മോശം സിനിമകളിലൊന്നിൽ വന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?ഏറ്റവും പ്രിയപ്പെട്ട നടന്,ആ ഗാനരംഗത്തിൽ അഭിനയിക്കാൻ സാധിക്കാതെ പോയതോർത്ത് സങ്കടം വന്നിട്ടുണ്ടോ? മേൽപറഞ്ഞ രണ്ട് കാര്യങ്ങളും എനിക്ക് തോന്നിയിട്ടുള്ളത് ഒരൊറ്റ പാട്ടിന്റെ കാര്യത്തിൽ മാത്രമാണ്.

ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപളുങ്കുകവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
കേൾക്കുംതോറും,ഇഷ്ടം കൂടി വരുന്ന പാട്ട്❣️❣️

ഈ പാട്ട് കേൾക്കുമ്പോഴെല്ലാം തോന്നാറുണ്ട്, മോഹൻലാൽ ആയിരുന്നു ഈ ഗാനരംഗത്തിൽ അഭിനയിച്ചിരുന്നതെങ്കിൽ എന്ന്..മോഹൻലാൽ എന്ന നടന്റെ പ്രണയഭാവങ്ങളിലെ അനായാസത ഒപ്പിയെടുക്കാൻ തക്ക ചന്തം,ഈ പാട്ടിനുണ്ടെന്ന് ഓരോ തവണ കേൾക്കുമ്പോഴും തോന്നിയിട്ടുണ്ട്.അതിന് ഊടും പാവും നൽകി കൂടുതൽ മിഴിവ്‌ പകർന്ന് എം.ജിയുടേയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനചാതുരിയും.കൗതുകം എന്തെന്നാൽ ഒറിജിനൽ പാട്ട് ഉൾപ്പെട്ട സിനിമ,ഇപ്പോഴും പലർക്കും അത്ര പരിചിതമല്ലാത്തത് കൊണ്ട് ഒരുപാട് പേർ ഇന്നും വിചാരിച്ചിരിക്കുന്നത് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ ആണെന്നാണ്.അവരെ തെറ്റ് പറയാനും സാധിക്കില്ല..പല മ്യൂസിക് സൈറ്റുകളിലും ‘മോഹൻലാൽ ഹിറ്റ്‌സ്’ എന്ന കാറ്റഗറിയിലാണ് ഈ പാട്ടിനെ കൂട്ടികെട്ടിയിരിക്കുന്നത്. എം.ജി.ശ്രീകുമാറിന്റെ ആലാപനം അത്രമേൽ മോഹൻലാലിന്റെ ശരീരഭാഷയുമായി ഇഴചേർന്ന് നിൽക്കുന്നത് കൊണ്ട് കൂടിയാകണം,ഈ ഗാനരംഗത്തിൽ പലരും അറിയാതെ അദ്ദേഹത്തെ സങ്കല്പിച്ചു പോകുന്നത്(1997ൽ സുനിൽ സംവിധാനം ചെയ്ത് വൈശാലി Fame സഞ്ജയ് മിത്രയും ശ്രദ്ധ നിഗവും നായികാനായകന്മാരായി അഭിനയിച്ച ‘പൂനിലാമഴ’ എന്ന സിനിമയിലെ പാട്ടാണ് ഇത്)

മൊഴിമാറ്റസിനിമകൾ വഴി ആദ്യ കാലത്ത് മലയാളത്തിൽ ശ്രദ്ധേയരായിരുന്ന ലക്ഷ്മികാന്ത് പ്യാരേലാലുമാർ സംഗീതസംവിധാനം നിർവഹിച്ച മലയാള സിനിമ കൂടിയാണിത്.ബോളിവുഡിൽ എത്രയോ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ചുക്കാൻ പിടിച്ച അവരുടെ ആദ്യ മുഴുനീള മലയാളസിനിമ കൂടിയാണ് ഇത്..അത് കൊണ്ട് തന്നെ ഈ പാട്ടിന് പലയിടത്തും മൊത്തത്തിൽ ഒരു ഹിന്ദി ടച്ച് ഫീൽ ചെയ്യുന്നുണ്ട്.ബീറ്റുകളുടെ വിന്യാസവും സംഗതികളുമെല്ലാം അതിനെ നന്നായി സാധൂകരിക്കുന്നു

ഈ പാട്ടിന്റെ മറ്റൊരു വേർഷൻ കൂടി യൂട്യൂബിൽ കിടപ്പുണ്ട്..വന്ദനം സിനിമയിലെ ഗാനരംഗങ്ങൾ ചേർത്തൊരുക്കിയ ആ ഗാനരംഗത്തിന് ഏതാണ്ട് 5 മില്ല്യണിലധികം വ്യൂസ് ഇതിനോടകം ലഭിച്ചിട്ടുണ്ട്..മോഹൻലാൽ എന്ത് കൊണ്ട് ഈ പാട്ടിന് കൂടുതൽ അനുയോജ്യനാകുന്നുവെന്ന് ആ വീഡിയോ കൂടി കാണുമ്പോൾ ഒന്ന് കൂടി മനസ്സിലാകും🙂(പോസ്റ്റിനൊപ്പമുള്ള ഈ ചിത്രം,അതിൽ നിന്ന് കടം കൊണ്ടതാണ്)കൂടാതെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ വഴി വൈറലായ ജാസിം കൊട്ടോടി പാടിയ പാട്ടിന്റെ വേർഷനും വലിയ കാഴ്ചക്കാരുണ്ട്.മലയാളത്തിൽ പുറത്തിറങ്ങിയ മറ്റൊരു ഗാനരംഗത്തിലും മോഹൻലാൽ എന്ന നടൻ ഇത്രമേൽ അനിവാര്യനായിരുന്നുവെന്ന് വ്യക്തിപരമായി എനിക്ക് തോന്നിയിട്ടില്ല


Vintage പ്രിയദർശൻ സിനിമയിൽ മോഹൻലാലും ശോഭനയും ചേർന്നൊരു പ്രണയരംഗം..അതിന് അകമ്പടി സേവിക്കാൻ ഈ ഗാനവും..അതായിരുന്നു ഞാൻ കണ്ട/കാണുന്ന സ്വപ്നം 😌😌
❤️ആഹാ❤️