മലയാളസിനിമ സൗകര്യപൂർവ്വം തഴഞ്ഞുകളഞ്ഞ ചില നടന്മാരുണ്ട്

77

 

മലയാളസിനിമ സൗകര്യപൂർവ്വം തഴഞ്ഞുകളഞ്ഞ ചില നടന്മാരുണ്ട്

വർഷങ്ങളായി സിനിമയിൽ സജീവസാന്നിദ്ധ്യമായിരുന്നിട്ടും ഒരിക്കൽ പോലും ആഘോഷിക്കപ്പെടാതെ പോയ ചിലർ.പിറകിലേക്കകലുന്ന കാഴ്ചകൾ നോക്കി നെടുവീർപ്പിടുന്ന പ്രേക്ഷകന് ഇടക്കെങ്കിലും ഇവരെയും ഓർക്കാതിരിക്കാൻ തരമില്ലല്ലോ. അപൂർവ്വങ്ങളിൽ അപൂർവമായി മാത്രം,അവരിലെ നടനെ അടയാളപ്പെടുത്തിയ ചുരുക്കം ചില കഥാപാത്രങ്ങളും ഇവിടെ പിറവി കൊണ്ടിട്ടുണ്ട്. കുണ്ടറ ജോണി Kundara Johny - Wikipediaഎന്ന നടൻ,ഏതാണ്ട് 500ലധികം മലയാളസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1978 മുതൽ 2020വരെ നീളുന്ന സുദീർഘമായ കരിയറാണ് മലയാളസിനിമയിൽ അദ്ദേഹത്തിന്റേത്.അനശ്വര നടൻ ജയൻ മുതൽക്ക് ഉണ്ണി മുകുന്ദൻ വരെയുള്ള നായകന്മാർക്കൊപ്പം തലമുറഭേദമന്യേ അയാൾ അഭിനയിച്ചിട്ടുണ്ട്.മിക്ക സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളെ ശാരീരികമായി ഉപദ്രവിക്കുക/നായകന്മാരിൽ തല്ല് വാങ്ങിച്ചു കൂട്ടുക,ഏറി വന്നാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതിൽ കവിഞ്ഞ സാഹസമൊന്നും ടിയാൻ ഇത് വരെയും ഇവിടെ ചെയ്തു വന്നിട്ടില്ല. പക്ഷേ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ‘ചെങ്കോൽ’ എന്ന സിനിമയും ‘പരമേശ്വരൻ’ എന്ന ആ സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രവും.

നാല് പതിറ്റാണ്ട് നീണ്ട അഭിനയസപര്യയിൽ,ഈ നടന്റെ നടനമികവ് ഇത്രമേൽ ഉപയോഗിച്ച മറ്റൊരു സിനിമയില്ല.ഇതിലെ പ്രകടനം കണ്ട്,സാക്ഷാൽ തിലകൻ പോലും നേരിട്ട് അഭിനന്ദിച്ചിരുന്നുവെന്ന ഊറ്റം ഇപ്പോഴും ഈ സിനിമയുടെ പുറത്ത് തനിക്കുണ്ടെന്ന് ഇദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.വർഷങ്ങൾക്കിപ്പുറം പരമേശ്വരനെ കാണാൻ വേണ്ടി സേതു,അയാളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ സേതുവിനെ വരവേൽക്കുന്നത് പരമേശ്വരൻ,പണ്ട് നടത്തിയ ഗർജ്ജനവും വെല്ലുവിളിയുമാണ്

👇👇
“ടാ..രക്ഷപ്പെട്ടു പൊയ്ക്കോ..25 മണിക്കൂറിനകം നിന്റെ കയ്യും കാലും വെട്ടിയരിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തിമരിക്കും”
👆👆
ഈ സംഭാഷണശകലം ഒരുവേള ഓർത്തു നിൽക്കുന്ന നേരത്താണ് പരമേശ്വരൻ,സേതുവിനോട് അകത്തേക്ക് കയറി ഇരിക്കാൻ പറയുന്നത്
ഇരിക്കാൻ പറഞ്ഞ നേരത്തും സേതു അയാളോട് ചോദിച്ചത് ഒറ്റക്കാര്യമാണ്
“നിങ്ങൾക്ക് എന്നോട് ദേഷ്യമൊന്നും
തോന്നുന്നില്ലേ”???
വെറുമൊരു മന്ദഹാസത്തിൽ മാത്രമൊതുക്കിയ അയാളുടെ ആദ്യ മറുപടി
ഇതിന് ശേഷം വരുന്ന അടുത്ത രംഗം കൂടി ഒന്ന് ശ്രദ്ധിക്കൂ..സേതുമാധവൻ അക്ഷരാർത്ഥത്തിൽ,ഒന്നുമല്ലാതായി തീർന്ന നിമിഷം
👇👇
“എന്താ ഇനി സേതൂന്റെ പരിപാടി”??
“ഒന്നുമില്ല”
“വരുന്ന വഴി കീരിക്കാടന്മാരെ ആരെയെങ്കിലും കണ്ടോ”??
“ഇല്ല”
“സൂക്ഷിക്കണം..ചതിയന്മാരാ..ജോസേട്ടൻ ആണായിരുന്നു..പിന്നീന്ന് ഒരാളേം കുത്തില്ല..നേരെ വാ,നേരെ പോ..ഇവന്മാര് നേരെ തിരിച്ചാ..കണ്ണീ ചോരയില്ലാത്തോന്മാരാ..കാശിന് വേണ്ടി സ്വന്തം അപ്പനെ വരെ വിൽക്കുന്നവരാ”
“എനിക്കിപ്പോ അതൊന്നുമല്ല പ്രശ്നം..ഒരു പണി വേണം..അതിന്റെ ഒരു കറക്കത്തിലാ???ഒരു രക്ഷേം ഇല്ല്യാ”
“Hm..എന്ത് പണി വേണം”??
“എന്ത് പണീം ചെയ്യും”
“മീൻ വിൽക്കാവോ???
“എ”??
“മീൻ വിൽക്കാവോന്ന്.??നല്ല കടൽമീൻ”
“മീനോ”??(അമ്പരപ്പ്)
“ആ..അതേ,മീൻ..ചന്തയില് മീനിന്റെ ഹോൾസെയിൽ എനിക്ക് വേണ്ടപ്പെട്ട ഒരാളാ..മീൻ കടം തരീക്കാം..ഒരു കൊട്ട മാത്രം വാങ്ങിയാ മതി..സൈക്കിൾ ഒരെണ്ണം ഞാൻ തരാം..ന്താ പറ്റ്വോ?..പഠിപ്പുണ്ടെന്നൊന്നും വിചാരിക്കണ്ട..ഒരു ദിവസം പത്തിരുനൂറ് രൂപ കിട്ടും”
“ചെയ്യാം”
👆👆
കിരീടത്തിൽ ജോണി ചെയ്ത കഥാപാത്രത്തോട് തോന്നിച്ച സകലവിദ്വേഷവും,കഷ്ടിച്ച് 5 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ഈ ഡയലോഗ് കൊണ്ട് അയാൾ മായ്ച്ചുകളഞ്ഞിരിക്കുന്നു..എല്ലാ കൊണ്ടും വല്ലാത്തൊരു അനുകമ്പയും അലിവും തോന്നിപ്പിക്കുന്നുണ്ട് സിനിമയിൽ അയാൾ പറഞ്ഞ ഈ ഡയലോഗിനോട്.അത്ഭുതം തോന്നിച്ച പരിണാമമായിരുന്നു അത്!!ഈ രംഗത്തിനിടയിൽ തന്നെ,അയാളുടെ മകൾ ചായ കൊണ്ട് വന്ന് കൊടുക്കുന്ന അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു ദൃശ്യം കൂടി കാണിക്കുന്നുണ്ട്
ചായ കുടിക്കാൻ പോലും പരസഹായത്തിനായി കേഴുന്ന ശയ്യാവലംബിയായ അയാളുടെ ദയനീയാവസ്ഥ കണ്ട്..അത് കാണാൻ കെൽപ്പില്ലാതെ ഇടക്കെപ്പോഴോ സേതു തന്റെ മുഖം ചായക്കപ്പിലേക്ക് ആഴ്ത്തുമ്പോഴാണ് ആ ദൃശ്യത്തിന്റെ ആഴവും പരപ്പും ശരിക്കും മനസ്സിലാകുന്നത്.ജീവച്ഛവമായി തീർന്നിരിക്കുന്ന അയാളുടെ അവസ്‌ഥക്ക് താനാണല്ലോ കാരണക്കാരൻ എന്ന കുറ്റബോധം കൊണ്ടു കൂടിയാണ് സേതുവിന്റെ തല,അവിടെ അപ്പാടെ കുനിഞ്ഞു പോകുന്നത്.ഉള്ളുരുക്കം തീർക്കുന്ന കാഴ്ചയാണത്.നിസ്സഹായതയെന്നാൽ ദൈന്യത തന്നെയാണെന്ന് സേതുവിനൊപ്പം പ്രേക്ഷകരും ഒരുപോലെ തിരിച്ചറിഞ്ഞ നിമിഷം!!


മനസ്സ് കൊണ്ട് അടുക്കില്ലെന്നുറപ്പുണ്ടായിട്ടും പിന്നീടെപ്പോഴോ അറിയാതെ അടുത്തുപോയ ചിലരുണ്ട്. എന്തു പേരിട്ട് വിളിക്കണമെന്നറിയാത്ത അത്തരം ബന്ധങ്ങളിൽ ഏറ്റവും വലിയ സുരക്ഷിതത്വം കണ്ടെത്തുന്നവരുമുണ്ട്.ഏറ്റവും വലിയ ശത്രുക്കളെന്ന് ഇടക്കെപ്പോഴോ നാം തന്നെ,നമ്മുടെ മനസ്സിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഇത്തരം മനുഷ്യരാണ് അപൂർവ്വമായെങ്കിലും ഗസ്റ്റ് റോളിൽ വന്ന് ജീവിതത്തിന്റെ തിരക്കഥയിൽ ഏറ്റവും വലിയ ട്വിസ്റ്റ് ഉണ്ടാക്കുന്നത്.കണ്ണെത്താ ദൂരത്ത് നിന്ന് കയ്യെത്തും ദൂരത്തേക്ക് കടന്നു വന്നവർ.ഇത്തരം മനുഷ്യരാണ് വല്ലാത്തൊരു വൈകാരിക ഭാവം നിറച്ച് പിൽക്കാലത്ത് നമ്മെ,നിത്യവും വീർപ്പ് മുട്ടിക്കുന്നത്.ജീവിതം,ദേ ഇത്രയേയുള്ളൂവെന്ന് ഏറ്റവും നിസ്സാരമായി നമുക്ക് പഠിപ്പിച്ചു തരുന്നത്,ഇടക്കൊക്കെ ഇവരാണ്
കടൽ പോലെയാണ് അവർ.ഇറങ്ങിച്ചെന്നാൽ തെളിഞ്ഞു കാണാം ആഴത്തിൽ ചെന്നാല്‍ ആത്മാവും