കൊച്ചിൻ ഹനീഫയ്ക്ക് മമ്മൂട്ടിയോട് ഉണ്ടായിരുന്ന ആ നീരസത്തിന്റെ കാരണം എന്തായിരുന്നു ?

149

Sunil Waynz

എറണാകുളം ജില്ലയിലെ വെളുത്തേടത്ത് തറവാട്ടിൽ,മുഹമ്മദിന്റേയും ഹാജിറയുടേയും എട്ടുമക്കളിൽ രണ്ടാമനായിരുന്നു സലിം അഹമ്മദ് ഘൗഷ്.സ്‌കൂൾ തലം മുതൽക്കേ പഠനത്തിൽ മുന്നിലായിരുന്നു ആ ചെറുപ്പക്കാരൻ.പഠനത്തിൽ മികവ് പുലർത്തിയ കാലത്ത് തന്നെ നല്ലൊരു കലാകാരൻ/നല്ലൊരു സഹൃദയൻ എന്ന ലേബലിൽ കൂടി അറിയപ്പെടാൻ അയാൾ അതിയായി ആഗ്രഹിച്ചിരുന്നു.തമിഴ് നടന്മാരോട് വല്ലാത്തൊരു ആരാധനയായിരുന്നു അയാൾക്ക്,പ്രത്യേകിച്ച് ശിവാജി ഗണേശനോട്..ശിവാജി ഗണേശന്റെ രസികൻ മൺട്രം ആദ്യമായി കൊച്ചിയിൽ ആരംഭിച്ചപ്പോൾ സലിം ആയിരുന്നു അതിന്റെ നേതൃനിരയിൽ പ്രധാനിയായി ഉണ്ടായിരുന്നത് 7ആം ക്ലാസ് മുതൽക്കേ സ്കൂളിലെ മികച്ച നടനായിരുന്നു സലിം..കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന വർഷം മുതൽക്ക് BSC രണ്ടാം വർഷം വരെയും മികച്ച നടൻ..അന്ന് കൊച്ചി സെന്റ് ആൽബർട്ട്സ് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയും മറ്റാരുമായിരുന്നില്ല.BSC ബോട്ടണിയായിരുന്നു കോളേജിൽ അയാളുടെ മെയിൻ സബ്ജെക്ട്.കോളേജിൽ പഠിക്കുന്ന കാലത്ത് ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ..ഏതാണ്ട് 80ൽ അധികം കോളേജുകൾ പങ്കെടുക്കുന്ന യൂണിവേഴ്‌സിറ്റി കലോത്സവവേദിയിൽ മത്സരിക്കണം,കലോത്സവത്തിൽ മോണോആക്ടിൽ പങ്കെടുത്ത് ഒന്നാം സമ്മാനം വാങ്ങിക്കണം..അത് മാത്രമായിരുന്നു ലക്ഷ്യം.

2.0' director had Cochin Haneefa in mind for Shajohn's role | Shankar | Kalabhavan Shahjohn | Cochin Haneefa | 2.0 | 3.0 | Tamil Cinema | Enthiran | Movie Interviewsഅതിനായി രാവുകൾ/പകലുകൾ നീണ്ട പരിശീലനം . ഒടുവിൽ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായപ്പോൾ അടുത്ത പ്രശ്‌നം വന്നു ഭവിച്ചു.ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കലശലായ പനി.നിസ്സാരമായൊരു പനിയെന്ന പേരിൽ അതിനെ തള്ളിക്കളഞ്ഞതിനുള്ള കഠിനമായ ശിക്ഷ തൊട്ടടുത്ത ദിവസങ്ങളിൽ ലഭിച്ചു. കോളേജിൽ കൂട്ടുകാർക്കൊപ്പം കലോത്സവത്തിന്റെ ഭാഗമായി നാടകപരിശീലനം നടത്താൻ ഒരുങ്ങുമ്പോഴാണ്,വലതുകയ്യിൽ ഏതാണ്ട് വാച്ച് കെട്ടുന്ന ഭാഗത്തായി വല്ലാത്തൊരു അസ്വസ്ഥത ശ്രദ്ധയിൽ പെട്ടത്
അസഹനീയമായ ചൊറിച്ചിൽ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു ചെറിയ കുരു എങ്കിലും മേക്കപ്പ് ചെയ്യാൻ ആരംഭിച്ചു
മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ് മുഖത്തേക്ക് ശ്രദ്ധിച്ചത്..മുഖത്ത് അങ്ങിങ്ങായി രണ്ട് മൂന്ന് കലകളും കുരുക്കളും.പരിശീലനം കഴിഞ്ഞയുടൻ സംശയം തോന്നി പ്രശസ്തമായ രാമാനന്ദസ്വാമിയുടെ സിദ്ധാശ്രമത്തിൽ പോയി..അവിടെ സുഹൃത്ത് രാജുവിന്റെ അച്ഛൻ വൈദ്യരായിട്ട് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു..സംഭവം അറിഞ്ഞപ്പോൾ വേറെ കാര്യപരിപാടികളൊന്നും ഉണ്ടായില്ല..അദ്ദേഹം മുഖത്ത് നോക്കി തന്നെ സംഗതി പറഞ്ഞു

Download Plain Meme of Cochin Haneefa In Kireedam Movie With Tags gunda,  chattambi, shingidi, bheeshani, velluvili“ഒന്നും നോക്കാനില്ല..കുട്ടി,വേഗം വീട്ടിൽ പോയി വിശ്രമിച്ചോളൂ..ചിക്കൻ പോക്‌സാണ്
ഞെട്ടിപ്പോയി..ശരിക്കും തലകറങ്ങുന്ന അവസ്ഥ
ഞെട്ടിയത് രോഗവിവരം കേട്ടല്ല..കൃത്യം പതിനെട്ടാം ദിവസം യൂണിവേഴ്‌സിറ്റിയിൽ മോണോ ആക്ട് മത്സരമുണ്ട്,അതിന് വേണ്ടിയാണ് ഇത്രയും കാലം കഠിനപരിശീലനം നടത്തിയത്.അത് വെറുതെയാകുമല്ലോ എന്നോർത്തായിരുന്നു ഭയം.ചികിത്സിക്കാൻ വന്ന വനിതാ ഹോമിയോ ഡോക്ടറോട് പിറ്റേ ദിവസം ദയനീയമായി ചോദിച്ചു
“ഡോകടറേ..എനിക്ക് 18ആം ദിവസമാകുമ്പോഴേക്കും കുളിക്കാൻ പറ്റ്വോ”?
പറ്റുമെന്ന് ഡോകടർ ഉറപ്പ് നൽകിയപ്പോഴാണ് താൽക്കാലികമായി സമാധാനം വന്നത്
വീട്ടിൽ ആരുമില്ലാതെ ദിവസങ്ങൾ ഓരോന്നായി തള്ളിനീക്കിക്കൊണ്ടിരുന്നു.18ആം ദിവസത്തിനായി അക്ഷമനായി കാത്തിരുന്നു

അങ്ങനെ പതിനെട്ടാം ദിവസമായപ്പോൾ പോയി കുളിച്ചു.ചിക്കൻ പോക്സ് വന്നാൽ കുളിച്ചുകഴിഞ്ഞാലാണ് ഏറ്റവും സൂക്ഷിക്കേണ്ടത്,കുറഞ്ഞത് ഒരാഴ്ചയെങ്കിലും വിശ്രമിക്കണം..രാവിലെ കുളിച്ചയുടൻ നാലഞ്ച് ദിവസത്തേക്ക് പുറത്തേക്കിറങ്ങരുത്/വെയിൽ കൊള്ളരുത് എന്നെല്ലാം ചട്ടം കെട്ടിയാണ് പിതാവ് ജോലിക്ക് പോയത്..പിതാവ് പുറത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ആരും കാണാതെ വേഗം വീടിന് പുറത്തേക്കിറങ്ങി..പിന്നെ എറണാകുളം TDM ഹാളിൽ പറന്നെത്തി..അവിടെ എത്തിയപ്പോൾ അതാ 16ആം നമ്പറുകാരനെ ഉറക്കെ വിളിക്കുന്നു..സ്റ്റേജിൽ ചാടിക്കയറി..പ്രകടനം കഴിഞ്ഞയുടൻ ശരവേഗത്തിൽ വീട്ടിലേക്ക്,ശേഷം ഒന്നുമറിയാത്ത പോലെ കട്ടിലിൽ കയറിക്കിടന്നു.പ്രകടനം എന്തായിയെന്നോ,ഫലം എന്താണെന്നോ അറിയാൻ യാതൊരു നിർവ്വാഹവുമില്ല..റിസൽട്ട് എന്തായി എന്നറിയാഞ്ഞിട്ട് വല്ലാത്തൊരു വീർപ്പുമുട്ടൽ..പിറ്റേന്ന് രാവിലെ പത്രമെടുത്ത് വായിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്

ചിരിച്ചു നിൽക്കുന്ന സ്വന്തം ഫോട്ടോ..അതും ഒന്നാം സ്‌ഥാനത്തോടെ!!
മത്സരത്തിന്റെ സമ്മാനദാനത്തിന്റെയന്ന് അഴിമുഖം എന്ന മലയാളസിനിമയുടെ അണിയറപ്രവർത്തകർ എറണാകുളത്ത് തമ്പടിച്ചിട്ടുണ്ട്.കലാപ്രതിഭകളെ അന്വേഷിച്ച് കലോത്സവ വേദി വഴി വന്നപ്പോഴാണ് സിനിമയുടെ സംവിധായകൻ പി
വിജയൻ,മോണോആക്ട് വേദിയിലെ കാതടപ്പിക്കുന്ന ആരവം ശ്രദ്ധിക്കുന്നത്.സ്റ്റേജിൽ നിറസ്സാന്നിദ്ധ്യമായി തിളങ്ങി നിന്ന യുവാവിനെ സംവിധായകനും വല്ലാതങ്ങ് ബോധിച്ചു.

പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ വിജയൻ,എറണാകുളത്തെ പ്രശസ്തമായ ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് നേരിൽ വന്ന് കാണാൻ അയാളോട് ആവശ്യപ്പെട്ടു.ആ ചെറുപ്പക്കാരന്റെ പ്രകടനം അദ്ദേഹത്തെ അത്ര കണ്ട് രസിപ്പിച്ചിരുന്നു.നേരിട്ട് പരിചയപ്പെട്ടപ്പോഴും ആ ഇഷ്ടത്തിന് കുറവൊന്നും വന്നില്ല.അത് കൊണ്ട് തന്നെ തിരക്കഥയിൽ എഴുതിവച്ചിട്ടില്ലാത്ത പുതിയൊരു കഥാപാത്രം ആ ചെറുപ്പക്കാരന് വേണ്ടി സിനിമയിൽ എഴുതി നൽകാൻ അദ്ദേഹം തിരക്കഥാകൃത്തിനോട് നിർദ്ദേശിച്ചു.സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ നേരത്തെ തന്നെ മികവ് തെളിയിച്ച സംവിധായകൻ ജേസിയുടേതായിരുന്നു ആ സിനിമയുടെ തിരക്കഥ.അങ്ങനെ ഒരു മച്ചുവ തൊഴിലാളിയുടെ വേഷം അയാൾക്ക് വേണ്ടി സിനിമയിൽ ഉണ്ടാക്കി.മട്ടാഞ്ചേരിയിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് നടൻ കെ.പി.ഉമ്മറിനൊപ്പമായിരുന്നു .അയാളുടെ ആദ്യത്തെ ഷോട്ട്
ആദ്യ ഷോട്ടിന് റീടേക്കുകൾ ഒന്നും വേണ്ടി വന്നില്ല..ഇരുത്തം വന്ന നടനെ പോലെ അനായാസമായി തന്നെ അഭിനയിച്ചു..പഠിപ്പിച്ച ഡയലോഗ് ബാലാരിഷ്ടതകൾ ഒന്നുമില്ലാതെ പറഞ്ഞു ഫലിപ്പിച്ചു.മധുവും ജയഭാരതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച #അഴിമുഖം എന്ന അയാളുടെ ആദ്യസിനിമ 1972ലാണ് പുറത്തിറങ്ങിയത്
സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിൻ ഹനീഫയുടെ സിനിമാജീവിതം അവിടെ നിന്ന് ആരംഭിക്കുന്നു

😊😊😊❣️❣️❣️❣️
സെന്റ് ആൽബർട്ട്സ് കോളജില്‍ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയ ഹനീഫയെ സര്‍ക്കാര്‍ ജോലിക്കാരനാക്കാനായിരുന്നു വീട്ടുകാർക്ക് താല്പര്യം.എന്നാൽ സിനിമാസ്നേഹിയായ ആ ചെറുപ്പക്കാരൻ കലാഭവനിലേക്കും പിന്നെ മദ്രാസിലേക്കും അവിടെ നിന്ന് തെന്നിന്ത്യൻ സിനിമയുടെ വിശാലമായ വാതായനങ്ങളിലേക്കും ചെന്നെത്തുകയായിരുന്നു
300ലേറെ സിനിമകൾ
ഒരുപിടി മികച്ച കഥാപാത്രങ്ങൾ
പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ..പൊട്ടിച്ചിരിപ്പിച്ച..ഈറനണിയിച്ച..വിസ്മയിപ്പിച്ച..നിരവധിയായ വേഷപ്പകർച്ചകൾ
വില്ലൻ ടച്ചുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ തുടർച്ചയായി അഭിനയിച്ച് വന്നിരുന്ന കാലത്താണ് കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം കൊച്ചിൻ ഹനീഫയെ തടി വരുന്നത്..അന്നോളം ചെയ്‌ത കഥാപാത്രങ്ങളേക്കാൾ കൂടുതൽ പ്രശസ്തി,ഈ ഒരൊറ്റ കഥാപാത്രം അദ്ദേഹത്തിന് സമ്മാനിച്ചു
വലിയ ശരീരം
സദാസമയം ദേഹത്തിൽ ഇറുകി കിടക്കുന്ന ബനിയനും പിന്നൊരു ലുങ്കിയും
അരക്ക് താഴെ വീതിയേറിയ ഒരു ബെൽറ്റ്
ഇറച്ചി വെട്ടാണ് പ്രധാനതൊഴിൽ

ഗുണ്ടയെന്ന നാട്യമുണ്ടെങ്കിൽ തന്നെയും സേതുമാധവന്റെ തണലിൽ സഞ്ചരിക്കാനായിരുന്നു ഹൈദ്രോസിന് എന്നും താൽപര്യം.കിരീടത്തിലെ ഈ കഥാപാത്രം അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു..അനുകരണവേദികളിലടക്കം മിമിക്രികലാകാരന്മാരുടെ ഇഷ്ടവേഷം കൂടിയായി മാറി പിന്നീടിത്
കിരീടത്തിൽ അദ്ദേഹം എത്തപ്പെട്ട കഥയും ഏറെ കൗതുകകരമാണ്.സഹസംവിധായകൻ കലാധരന്റെ ശുപാർശപ്രകാരമാണ് കിരീടത്തിൽ വില്ലൻ വേഷം അവതരിപ്പിച്ച മോഹൻരാജ് അഥവാ കീരിക്കാടൻ ജോസ് സിനിമയിലേക്ക് വരുന്നത്..എന്നാൽ കൊച്ചിൻ ഹനീഫ ഈ സിനിമയുടെ ഭാഗമായതിന് കാരണക്കാരൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സാക്ഷാൽ ലോഹിതദാസ് വഴിയാണ്!!കൊച്ചിൻ ഹനീഫ പഠിച്ചിരുന്ന സെന്റ് ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ലോഹിതദാസും.കോളേജിൽ മികച്ച നടനായിരുന്ന ഹനീഫയെ അന്ന് തന്നെ ലോഹിതദാസ് പരിചയപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും സിനിമയിൽ വന്ന ശേഷമാണ് ഇരുവരുടെയും സുഹൃദ്ബന്ധം ഒന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെട്ടത്.കിരീടം സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കവേ താൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഗാനങ്ങളുടെ കമ്പോസിങിന്റെ ഭാഗമായി എറണാകുളത്ത് കൊച്ചിൻ ഹനീഫയുമുണ്ട്.അപ്പോഴാണ് ലോഹിതദാസിന്റെ ഫോൺകോൾ വരുന്നത്..എത്രയും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് വരിക..സിബി മലയിലിന്റെ പുതിയ സിനിമയിൽ ഒരു റോളുണ്ട്‌..മോഹൻലാലാണ് നായകൻ..മൂന്ന് ദിവസം മതിയാകും,പിന്നീട് സമയം പോലെ ബാക്കിയുള്ള സീനുകൾ അഭിനയിച്ച് തീർക്കാം.അങ്ങനെ തിരുവനന്തപുരത്ത് പോയി ലോഹിതദാസിനെ കണ്ടു..കഥ മുഴുവൻ കേട്ടറിഞ്ഞു..കഥാപാത്രത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.ലോഹിതദാസ് കഥ വിവരിച്ചപ്പോൾ തന്നെ ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണെന്ന് മനസ്സിലായി.ലോഹിതദാസ് ജനിച്ച ചാലക്കുടിയിലെ ഒരു ചന്തയിലുള്ള യഥാർത്ഥ വ്യക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ പാത്രസൃഷ്ടിയായിരുന്നു ഹൈദ്രോസിന്റേത്..അത് കൊണ്ട് തന്നെ യഥാർത്ഥ ഹൈദ്രോസിനെ നേരിൽ കണ്ട് പരിചയപ്പെട്ട ശേഷമായിരുന്നു കിരീടത്തിൽ അഭിനയിച്ചത്.അയാളുടെ ശരീരഭാഷയും മാനറിസങ്ങളും അപ്പാടെ സ്ക്രീനിലേക്ക് പകർത്തി വച്ചപ്പോൾ മുൻപൊരിക്കലും ലഭിക്കാത്ത പ്രേക്ഷകസ്വീകാര്യത ആ കഥാപാത്രത്തിലൂടെ കൊച്ചിൻ ഹനീഫക്ക് ലഭിച്ചു.എറണാകുളത്ത് വച്ചാണ് അദ്ദേഹം കിരീടം എന്ന സിനിമ നേരിട്ട് കാണുന്നത്..ആ കഥാപാത്രത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ച അഭൂതപൂർവമായ വരവേല്പ് നേരിട്ട് കാണാനുള്ള സൗഭാഗ്യവും അന്ന് അദ്ദേഹത്തിനുണ്ടായി

കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ഹൈദ്രോസിന്റെ വേഷത്തിൽ അദ്ദേഹം തിളങ്ങി.കിരീടത്തെ അപേക്ഷിച്ച് കുറച്ച് കൂടി അഭിനയസാധ്യത കൂടുതലുണ്ടായിരുന്നത് ചെങ്കോലിലെ വേഷത്തിനായിരുന്നു.ഒരു നടൻ എന്ന രീതിയിൽ കൂടുതൽ വ്യത്യസ്തമാർന്ന വേഷങ്ങളിലേക്ക് അദ്ദേഹത്തെ നയിക്കുന്നതും ഹൈദ്രോസ് എന്ന കഥാപാത്രമാണ്.കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ അദ്ദേഹത്തെ തേടിവന്നു.അതിൽ ഹാസ്യവേഷങ്ങളും വില്ലൻവേഷങ്ങളും.ഉണ്ടായിരുന്നു.തമിഴിലുൾപ്പടെ അഭിനയസാധ്യതയുള്ള വേഷങ്ങൾ ലഭിക്കാൻ നിമിത്തമായത് ഹൈദ്രോസിലൂടെയായിരുന്നു.

തെന്നിന്ത്യയിലെ എല്ലാ സൂപ്പർതാരങ്ങളുമായും ഹൃദയബന്ധം പുലർത്തിയിരുന്ന മലയാളസിനിമയിലെ അപൂർവം അഭിനേതാക്കളിൽ ഒരാൾ എന്ന പ്രത്യേകത കൂടി കൊച്ചിൻ ഹനീഫക്കുണ്ട്.സൂപ്പർ താരങ്ങൾ എന്ന പേരിൽ അഭിരമിച്ചിരുന്ന തെന്നിന്ത്യയിലെ എല്ലാ നടന്മാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും ഉത്തമബോധ്യമുള്ള ആളായിരുന്നു കൊച്ചിൻ ഹനീഫ
ഇതിൽ തന്നെ മോഹൻലാലുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ ഒരു സംഭവം ഒരിക്കൽ അദ്ദേഹം ഓർത്തെടുത്തിട്ടുണ്ട്. കിരീടം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം.സിനിമയിലെ പ്രതിനായകൻ കീരിക്കാടൻ ജോസുമായുള്ള സംഘട്ടനമാണ് ചിത്രീകരിക്കുന്നത്.ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ മോഹൻലാലിനോട് കുശലാന്വേഷണം നടത്താൻ കൊച്ചിൻ ഹനീഫ റൂമിൽ ചെന്നപ്പോൾ കണ്ട കാഴ്ച,മോഹൻലാൽ തല കുമ്പിട്ട് മിണ്ടാതിരിക്കുന്നതാണ്.കാര്യം മനസ്സിലാകാതെ കൊച്ചിൻ ഹനീഫ തെല്ല് നേരം അത്ഭുതപ്പെട്ടു

എന്താണ് സംഭവം എന്ന് നോക്കിയപ്പോൾ അവിടെ കണ്ട ദൃശ്യം അദ്ദേഹത്തിന്റെ ഉള്ളുലക്കുന്നതായിരുന്നു. മോഹൻലാൽ തല കുമ്പിട്ട് വേദന അമർത്തിപ്പിടിച്ചിരിക്കുകയാണ്.ഹനീഫ ചെന്ന് നോക്കിയപ്പോൾ മോഹൻലാലിന്റെ കാലിൽ ഒരു വലിയ വ്രണം..അത് പൊട്ടി അതിന്റെ ഉള്ളിലെ സ്രവം മുഴുവൻ പുറത്തേക്ക് വമിക്കുന്നു. സംഘട്ടനത്തിനിടെ എപ്പോഴോ വ്രണം പൊട്ടിയതാകണം.എന്നാൽ സിനിമയുടെ റിലീസ് പെട്ടെന്നാകണം എന്ന് അണിയറപ്രവർത്തകർക്ക് നിർബന്ധമുള്ളത് കൊണ്ട് തന്നെ താൻ മൂലം ഷൂട്ടിങ്ങിന് തടസ്സം നേരിടേണ്ട എന്ന് കരുതി..ആരോടും ഒരക്ഷരം മിണ്ടാതെ സെറ്റിൽ നിന്ന് നേരെ റൂമിലേക്ക് വരികയായിരുന്നുവെത്രേ മോഹൻലാൽ!!മഹാനടന്റെ സിനിമയോടുള്ള ആത്മസമർപ്പണം കണ്ട് വാക്കുകൾ കിട്ടാതെ താൻ സ്തബ്ധനായി നിന്ന കാര്യം അദ്ദേഹം ഒരു അഭിമുഖത്തിൽ പിന്നീടൊരിക്കൽ സൂചിപ്പിട്ടുണ്ട്

മമ്മൂട്ടിയുമായി ഒരു താരം എന്നതിൽ കവിഞ്ഞ ആത്മബന്ധം കൊച്ചിൻ ഹനീഫക്ക് ഉണ്ടായിരുന്നു.താൻ എഴുതിയ/സംവിധാനം ചെയ്‌ത സിനിമകളിൽ കൂടുതൽ സഹകരിച്ച നടൻ മമ്മൂട്ടിയായത് കൊണ്ട് തന്നെ മമ്മൂട്ടിയോട് ഒരിഷ്ടക്കൂടുതൽ ഹനീഫക്ക് എപ്പോഴും ഉണ്ടായിരുന്നു..കുടുംബപ്രേക്ഷകർക്ക് സ്വീകാര്യമാകും വിധം വൈകാരികബന്ധങ്ങൾക്ക് പ്രാമുഖ്യം നൽകി രചിച്ച തിരക്കഥകൾ ആയിരുന്നു അദ്ദേഹത്തിന്റേത്.മമ്മൂട്ടിക്കായി സിനിമകൾ ഒരുക്കിയപ്പോഴും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല
മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ #വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്‌തതിൽ മാത്രം ഒതുങ്ങുന്നില്ല ആ ബന്ധം.ഒരു നടൻ എന്ന നിലക്ക് മമ്മൂട്ടിയുടെ കരിയറിന് മാറ്റ് കൂട്ടിയ നിരവധി ചിത്രങ്ങൾ പിറന്ന് വീണത് ഈ മനുഷ്യന്റെ തൂലികയിൽ നിന്നാണ്
സന്ദർഭം
ഒരു സന്ദേശം കൂടി ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമക്ക്
മൂന്ന് മാസങ്ങൾക്ക് മുൻപ്
ആൺകിളിയുടെ താരാട്ട് എന്നീ സിനിമകളെല്ലാം തന്നെയും കുടുംബനായകൻ എന്ന മമ്മൂട്ടിയുടെ ഇമേജിനെ അത്യാവശ്യം നന്നായി ഉപയോഗിച്ച സിനിമകളാണ്.

എന്നാൽ തന്റെ അവസാനകാലത്ത് മുരളിക്കും തിലകനും മമ്മൂട്ടിയോട് സംഭവിച്ചത് പോലൊരു നീരസം കൊച്ചിൻ ഹനീഫക്കും മമ്മൂട്ടിയോട് ഉണ്ടായിരുന്നു.വെറും ഇഷ്ടത്തിന്റെ പുറത്ത് സംഭവിച്ച അലോഹ്യമായിരുന്നു അത്.എങ്കിലും അവസാനകാലത്ത് അവർ തമ്മിലുള്ള സൗഹൃദത്തിൽ കാര്യമായ അകൽച്ച ഇത് മൂലം സംഭവിച്ചു.മമ്മൂട്ടി ഒന്ന് യെസ് പറഞ്ഞാൽ കിട്ടുന്ന പല സിനിമകളും തനിക്ക് നഷ്ടമാകുന്നു/മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിക്കുന്നില്ല/തന്നെ സിനിമകളിൽ നിന്ന് മാറ്റാനാണ് മമ്മൂട്ടി ശ്രമിക്കുന്നത് എന്നെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പരാതികൾ..സിനിമകൾ നഷ്ടമാകുന്നു എന്നതിനേക്കാൾ വർഷങ്ങൾ പഴക്കമുള്ള മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ സംഭവിച്ച വിള്ളലുകളായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതൽ മനോവിഷമമുണ്ടാക്കിയത്.എന്നാൽ അദ്ദേഹത്തിന്റെ പത്നി ഫാസിലയടക്കമുള്ളവർ അദ്ദേഹത്തെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത്..

മമ്മൂക്കയെ പോലൊരു വലിയ നടൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നും അബദ്ധവശാൽ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ അവസാനകാലത്തും അദ്ദേഹത്തോട് പറഞ്ഞിരുന്നത്..മൗനമായിരുന്നു,അപ്പോഴും ആ മുഖത്തെ മറുപടി
എന്നാൽ കരളിന്റെ അസുഖം മൂർച്ഛിച്ച് 2010ന്റെ തുടക്കത്തിൽ അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞ് കാണാൻ ആദ്യം ഓടിയെത്തിയവരിൽ ഒരാൾ മമ്മൂട്ടിയായിരുന്നു.ഒരുപാട് കാലമൊന്നും നീണ്ടുനിൽക്കാത്ത അവരുടെ ശീതസമരം ഒരൊറ്റ കൂടിക്കാഴ്ചയിൽ തന്നെ അലിഞ്ഞില്ലാതെയായി
ഇരുവരും ഏറെനേരം ഉള്ള് തുറന്ന് സംസാരിച്ചു..തെറ്റിദ്ധാരണകൾ പൂർണമായും നീക്കി..ഭയങ്കര സന്തോഷത്തിലായിരുന്നു അദ്ദേഹം.കുറെ കാലം തെറ്റിപ്പിരിഞ്ഞിരിക്കുന്ന സുഹൃത്തുക്കൾ എല്ലാം മറന്ന് പെട്ടെന്ന് സ്നേഹം പങ്ക് വയ്ക്കും പോൽ അവരിരുവരും കെട്ടിപ്പിടിച്ചു..ഉമ്മ വച്ചു..ഏറെ നേരം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടാണ് മമ്മൂട്ടി തിരികെ മടങ്ങിയത്..മമ്മൂട്ടി,പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എന്തായാലും എന്റെ മമ്മു എന്നെ കാണാൻ വന്നല്ലോ എന്നാണ്!!
തമിഴിൽ കമലഹാസനും രജനീകാന്തുമായും അടുത്ത ബന്ധമുണ്ടായിരുന്നു കൊച്ചിൻ ഹനീഫക്ക്
കമലഹാസൻ നായകനായ #മഹാനദി എന്ന സിനിമയിലെ വില്ലൻ വേഷം അദ്ദേഹത്തിന് തമിഴിൽ നടനെന്ന നിലയിൽ ഏറെ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ഒന്നാണ്.ഒരു നടൻ എന്ന നിലക്ക് ദക്ഷിണേന്ത്യയിലെമ്പാടും മികവ് തെളിയിക്കാൻ ഈ സിനിമയിലെ വില്ലൻ വേഷം വഴി അദ്ദേഹത്തിന് അവസരം ലഭിച്ചു.ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കാൻ കമൽ തന്നെയാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ചത്.തമിഴിൽ പിൽക്കാലത്ത് നിരവധി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ആ സിനിമ സമ്മാനിച്ച കഥാപാത്രത്തിന്റെ ലേബലിൽ ആയിരുന്നു.ആ സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ആനന്ദവികടനിൽ വന്ന പേപ്പർ കട്ടിങ് അദ്ദേഹത്തിന്റെ അഭിനയത്തിനുള്ള പൊൻതൂവലെന്ന കണക്ക് കമലഹാസൻ തന്നെയാണ് വെട്ടിയെടുത്ത് കൊച്ചിൻ ഹനീഫക്ക് അയച്ചുകൊടുത്തത്

രജനികാന്തുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്നു അദ്ദേഹം..രജനിയുടെ ശിവാജി,യന്തിരൻ എന്നീ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യൻ എന്ന രജനിയുടെ ക്വാളിറ്റിയെ കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹത്തിന് എപ്പോഴും താൽപ്പര്യം.സംവിധായകരായ പ്രിയദർശനുമായും ലോഹിതദാസുമായും വല്ലാത്തൊരു ഹൃദയബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.സമയം കിട്ടുമ്പോഴെല്ലാം ഒറ്റപ്പാലം ലക്കിടിയിലെ ലോഹിതദാസിന്റെ അമരാവതി എന്ന വീട്ടിലേക്ക് ഓടി വരുമായിരുന്നു കൊച്ചിൻ ഹനീഫ.ഇവരെക്കൂടാതെ ജോഷി,ഫാസിൽ,സത്യൻ അന്തിക്കാട്,സിബി മലയിൽ,രഞ്ജിത്ത്,കമൽ,ജയരാജ്,ഷാജികൈലാസ്,റാഫി മെക്കാർട്ടിൻ,വിജി തമ്പി,രാജസേനൻ,വിനയൻ,ഷാഫി,അൻവർ റഷീദ്,റോഷൻ ആൻഡ്രൂസ്,ജോണി ആന്റണി തുടങ്ങി അദ്ദേഹവുമായി സഹകരിക്കാത്ത മുഖ്യാധാരാ മലയാളസിനിമ സംവിധായകർ അക്കാലത്ത് തുലോം കുറവാണ്

സിനിമയിൽ ആദ്യ കാലങ്ങളിലെല്ലാം വില്ലൻ വേഷങ്ങൾ കയ്യാളിയ നടനായിരുന്നു കൊച്ചിൻ ഹനീഫ.നെഗറ്റീവ് ടച്ചുള്ള വേഷങ്ങൾ ആയിരുന്നു ഭൂരിഭാഗവും.അതിൽ തന്നെ #വയൽ എന്ന സിനിമയിലെ സിൽക്ക് സ്മിതയുമായുള്ള അതിക്രൂരമായ ബലാത്സംഗരംഗങ്ങളെല്ലാം സ്ത്രീ പ്രേക്ഷകരെയടക്കം ഏറെ പേടിപ്പെടുത്തിയവയാണ്.സ്‌ക്രീനിൽ ക്രൂരതയുടെ ആൾരൂപമായ നടൻ,എന്നാൽ തിരക്കഥ എഴുതിയ സിനിമകളെല്ലാം തന്നെയും കുടുബബന്ധങ്ങളുടെ കെട്ടുറപ്പ് വ്യക്തമാക്കുന്നവയായിരുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം.എഴുതിയ/സംവിധാനം ചെയ്‌ത മിക്ക സിനിമകളും കലാപരമായോ സാമ്പത്തികമായോ മികച്ചു നിന്നവയും!!

1985ൽ മമ്മൂട്ടി,ശങ്കർ,ജഗതി,രോഹിണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു സന്ദേശം കൂടി എന്ന സിനിമയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ആദ്യ സിനിമ..തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ്(1986)ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമക്ക്(1987)ആൺകിളിയുടെ താരാട്ട്(1987)വീണ മീട്ടിയ വിലങ്ങുകൾ(1990)വാത്സല്യം(1993)ഭീഷ്മാചാര്യ(1994)എന്നീ സിനിമകളും അദ്ദേഹം മലയാളത്തിൽ സംവിധാനം ചെയ്തു.ഇത് കൂടാതെ മറ്റ് സംവിധായകർക്ക് വേണ്ടി പുതിയ കരുക്കൾ,ലാൽ അമേരിക്കയിൽ ഉൾപ്പെടെ ചില സിനിമകളുടെ തിരക്കഥയും ചില സിനിമകൾക്ക് വേണ്ടി കഥയുംഅദ്ദേഹം എഴുതി.മൂന്ന് മാസങ്ങൾക്ക് മുൻപ് എന്ന സിനിമ വഴിയാണ് കലൈഞ്ജർ കരുണാനിധിയിലേക്കും തമിഴ് സിനിമാലോകത്തേക്കും അദ്ദേഹം കൂടുതൽ അടുക്കുന്നത്
മറ്റൊരു മലയാള നടനും സ്വപ്നം പോലും കാണാൻ സാധിക്കാത്ത ബന്ധമായിരുന്നു കരുണാനിധിയും കൊച്ചിൻ ഹനീഫയും തമ്മിൽ.മമ്മൂട്ടി,നെടുമുടി വേണു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്ന സിനിമ കണ്ടിഷ്ടപ്പെട്ടാണ് കരുണാനിധി കൊച്ചിൻ ഹനീഫയെ വിളിക്കുന്നത്.സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും ആ സിനിമ,തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു..അങ്ങനെയാണ് #പാസപ്പറവകൾ എന്ന പേരിൽ തമിഴിൽ ആ സിനിമക്ക് റീമേക്ക് ഉണ്ടാകുന്നത്.കൊച്ചിൻ ഹനീഫ തന്നെ തമിഴ് റീമേക്കും സംവിധാനം ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹം മുന്നോട്ടുവച്ചു.ചെന്നൈയിൽ കുറേകാലം താമസിച്ചിട്ടുള്ളത് കൊണ്ട് തന്നെ തമിഴ്,ഒരിക്കലും അദ്ദേഹത്തിന് അപരിചിതമായ ഭാഷ ആയിരുന്നില്ല

സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് ഒറ്റ കാര്യമേ കലൈഞ്ജര്‍ നിർദേശിച്ചുള്ളൂ..കൊച്ചിൻ ഹനീഫ എന്ന പേര് മാറ്റണം..തമിഴ്‌നാട്ടിൽ ഒരു സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം ഇനീഷ്യലിന്‌ വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.അങ്ങനെയാണ് വി.എം.ഹനീഫ എന്ന പേരിനൊപ്പം കൊച്ചിന്‍ എന്നതിലെ സി കൂട്ടിച്ചേര്‍ത്ത്‌ വി.എം.സി ഹനീഫ എന്ന പേര് തമിഴിലെ ആദ്യസിനിമയുടെ ടൈറ്റിലിൽ അദ്ദേഹം ചേർക്കുന്നത്..പിന്നീടങ്ങോട്ടുള്ള എല്ലാ തമിഴ് സിനിമകളിലും അദ്ദേഹം ആ പേര് തന്നെയാണ് ഉപയോഗിച്ചത്.ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമല്ല,നിർമാതാവും കരുണാനിധിയായിരുന്നു എന്നൊരു പ്രത്യേകതയുണ്ട്.1988ല്‍ പുറത്തിറങ്ങിയ സിനിമ വൻഹിറ്റായിരുന്നു.ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാര്‍ഡും ഈ സിനിമക്ക് ലഭിച്ചു.സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ ആയിരുന്നു ഈ സിനിമയിലെ നായകൻ.മോഹൻ,ലക്ഷ്മി എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിച്ചു.സിനിമ,തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായി.ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങൾ ആയിരുന്നു ഈ സിനിമയുടെ മറ്റൊരു വലിയ സവിശേഷത.യേശുദാസും ചിത്രയുമുൾപ്പടെയുള്ള ഗായകർ,ഈ സിനിമയിൽ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.നാല് ഗാനങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.നാലും അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു.

ഈ സിനിമ വിജയമായതോടെ കരുണാനിധിയുടെ തിരക്കഥയിൽ രണ്ട് സിനിമകളുൾപ്പടെ മൊത്തം 6 സിനിമകൾ അദ്ദേഹം തമിഴിൽ സംവിധാനം ചെയ്തു.കലൈഞ്ജറുടെ കഥാചര്‍ച്ചകളില്‍ കൊച്ചിൻ ഹനീഫയും പിൽക്കാലത്ത് സ്ഥിരം പങ്കാളിയായി.ബന്ധം വളര്‍ന്നപ്പോള്‍ ഡി.എം.കെയുടെ തമിഴ്നാട് പൊതുയോഗങ്ങളില്‍ കൊച്ചിൻ ഹനീഫ പ്രാസംഗികനായി.തമിഴ്നാട്ടിലെ ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം,കൊച്ചിൻ ഹനീഫയെ തന്‍റെ വീട്ടിലേക്ക് സ്വകാര്യമുറിയിലേക്ക് കലൈഞ്ജര്‍ ക്ഷണിച്ചു.ഹനീഫയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് ശുദ്ധമായ തമിഴിൽ അദ്ദേഹം പറഞ്ഞുവെത്രേ “ഈ മുറിയില്‍ ഇത് വരെ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളൂ, ഒന്ന് എം.ജി.ആറാണ്,ഇപ്പോൾ നിങ്ങളും!!!തമിഴിൽ ശങ്കർ,എ.എൽ.വിജയ് സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു കൊച്ചിൻ ഹനീഫ..ശങ്കറിന്റെ മുതൽവൻ,അന്യൻ,ശിവാജി,എന്തിരൻ എന്നീ സൂപ്പർഹിറ്റ് സിനിമകളിലെല്ലാം അദ്ദേഹം അഭിനയിച്ചു
ഹാസ്യ കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനവൈഭവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.എങ്കിലും 2000ത്തിന് ശേഷം അദ്ദേഹം ഹാസ്യ-സ്വഭാവവേഷങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പക്ഷേ ജോഷിയുടെ ദുബായ് പോലുള്ള സിനിമകളിലെ നെഗറ്റീവ് വേഷങ്ങൾ അക്കാലത്തും ശ്രദ്ധേയമായിരുന്നു.എല്ലാ തരം വേഷങ്ങളും അനായാസതയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള വേർസറ്റൈൽ ആക്ടർ തന്നെയായിരുന്നു അദ്ദേഹം.

1994ൽ ആയിരുന്നു കൊച്ചിൻ ഹനീഫയുടെ വിവാഹം.തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കൽ തറവാട്ടംഗമായ ഫാസില അദ്ദേഹത്തിന്റെ ജീവിതസഖിയായത് ഏറെ താമസിച്ചാണ്.തന്റെ 45ആം വയസ്സിലാണ് അദ്ദേഹം വിവാഹിതനാകുന്നത്.കുട്ടികളില്ലാതെ ഏറെക്കാലം വിഷമിച്ച ഈ ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി 2 മാലാഖമാർ വന്ന് ചേർന്നത് 2006ലാണ്.അത്രമേൽ കാത്തിരുന്ന കിട്ടിയ കുരുന്നുകൾ ആയത് കൊണ്ട് തന്നെ മക്കയിലെ വിശുദ്ധമായ രണ്ട് പർവതങ്ങളുടെ പേരാണ് അദ്ദേഹം തന്റെ പൊന്നുമക്കൾക്കിട്ടത്..സഫയും മർവയും😊

കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ 2010 ജനുവരിയിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഫെബ്രുവരി 2ന്‌ വൈകീട്ട് 3.45 ഓടെ അദ്ദേഹം അന്തരിച്ചു.ജന്മനാട്ടിലെത്തിച്ച മൃതദേഹം എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധികളും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്
മരണം മാടിവിളിക്കുന്ന നേരത്തും ഒരു സിനിമ കഥയെഴുതി സംവിധാനം സംവിധാനം ചെയ്യാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു..മോഹൻലാൽ നായകനായ ഒരു സിനിമയും കാവ്യ മാധവനും മീര ജാസ്മിനും നായികമാരായ മറ്റൊരു സിനിമയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.സിനിമയുടെ പ്രാരംഭപ്രവർത്തങ്ങൾ ആരംഭിക്കുന്നതിന് മുൻപേ അദ്ദേഹം രോഗശയ്യയിലാവുകയും ഇഹലോകവാസം വെടിയുകയും ചെയ്തു
സൂത്രധാരനിലെ വേഷത്തിന് ലഭിച്ച സഹനടനുള്ള പുരസ്‌കാരം മാത്രമാണ് അഭിനയത്തിന് ലഭിച്ച പ്രധാനപുരസ്കാരമെങ്കിലും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നിരവധിയായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ച/ലഭിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് പറയാം

ഭാസ്കരാ എന്ന് പത്മനാഭൻ മാഷ് വിളിക്കുമ്പോൾ പ്രസന്റ് സാർ എന്ന് പറഞ്ഞ്‌ സലാം വച്ച തിളക്കത്തിലെ ഗുണ്ടാഭാസ്കരനെ ഏത് സിനിമാസ്നേഹിക്കാണ് മറക്കാൻ സാധിക്കുക❣️❣️പഞ്ചാബി ഹൗസിലെ ഗംഗാധരൻ,പത്രത്തിലെ ഡേവിഡ് സഭാപതി,മീശമാധവനിലെ ത്രിവിക്രമൻ,ഈ പറക്കും തളികയിലെ വീരപ്പൻ കുറുപ്പ്,സി.ഐ.ഡി.മൂസയിലെ വിക്രമൻ,മാന്നാർ മത്തായി സ്പീക്കിങ്ങിലെ എൽദോ,പുലിവാൽ കല്യാണത്തിലെ ധർമേന്ദ്ര,സൂത്രധാരനിലെ മണിയേട്ടൻ,മഴത്തുള്ളിക്കിലുക്കത്തിലെ മാത്തുക്കുട്ടി,രാജമാണിക്യത്തിലെ വർഗീസ്,പാണ്ടിപ്പടയിലെ ഉമ്മച്ചൻ..എത്രയോ പ്രിയപ്പെട്ട കഥാപാത്രങ്ങൾ
ഓർക്കാൻ പാകത്തിന് ഒരുപാട് വേഷങ്ങളും ഓർത്താൽ തീരാത്തത്ര ഭാവപ്പകർച്ചകളും
❣️പ്രണാമം പ്രിയപ്പെട്ട ഹനീഫ്ക്ക