പഞ്ചാബിൽ വച്ച് ഒരു ധാബയിൽ നിന്നും താൻ ചിട്ടപ്പെടുത്തിയ ‘പ്രമദവനം’ കേട്ട് രവീന്ദ്രൻ മാഷ് ഞെട്ടി, കാര്യമറിഞ്ഞ സർദ്ദാർജി ആ കഥ പറഞ്ഞു

849

എഴുതിയത്  : Sunil Waynz

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്,കൃത്യമായി പറഞ്ഞാൽ 1990 കളുടെ അവസാനം. ഹിസ്സ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രം സാമ്പത്തികമായും കലാപരമായും കേരളത്തിൽ ഔന്നത്യങ്ങളിൽ എത്തി നിൽക്കുന്ന സമയം.ആയിടക്ക് രവീന്ദ്രൻ മാഷ് ഉത്തരേന്ത്യയിൽ ഒരു സംഗീത നിശയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു.യാത്രക്കിടെ ഒരു പഞ്ചാബി ധാബയിൽ ഭക്ഷണം കഴിക്കാൻ ചെന്ന, മാഷിനെ വരവേറ്റത് ചടുലമായ ഭാംഗ്രനൃത്തച്ചുവടുകളുടെ കാതടപ്പിക്കുന്ന സംഗീതമായിരുന്നു.ആ സമയത്താണ് മാഷ് പോലും നിനച്ചിരിക്കാതെ അദ്ദേഹം ചിട്ടപ്പെടുത്തിയ പ്രമദവനം എന്ന അതിമനോഹരമായ ചലച്ചിത്രഗാനം ധാബയിൽ നിന്നും ഒഴുകിവന്നത്.അതും,ഒരു തവണയല്ല, പല തവണ.. അപരിചിതമായൊരു നാട്ടിൽ താൻ ചിട്ടപ്പെടുത്തിയ ഒരു ഗാനം കേൾക്കാൻ സാധിച്ചത് മാഷിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൗണ്ടറിലിരുന്ന സർദാർജിയോട് കാശ് കൊടുത്ത് സംഗതി എന്തെന്ന് നേരിട്ട് ചോദിച്ചപ്പോഴാണ്,ആ പാട്ടിനോടുള്ള അയാളുടെ അഗാധമായ സ്നേഹം രവീന്ദ്രൻ മാഷിന് മനസ്സിലായത്. വിമുക്തഭടനായ അയാളുടെ ഏറ്റവുമടുത്ത സുഹൃത്ത് മലയാളിയായ ഒരു ജവാൻ ആയിരുന്നെത്രേ.തന്റെ പ്രിയസുഹൃത്തിന്റെ ഇഷ്ടഗാനമായിരുന്ന പ്രമദവനം അയാളോടൊപ്പമിരുന്ന് ആവർത്തിച്ച് കേട്ട് ഒടുക്കം സർദാർജിയും ആ പാട്ടിന്റെ കടുത്ത ആരാധകനായി മാറി.ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രിയ കൂട്ടുകാരന്റെ ഓർമയ്ക്കായി ദിവസവും അഞ്ചോ ആറോ തവണ സ്വന്തം ധാബയിൽ അയാൾ ഈ പാട്ട് വയ്ക്കുമായിരുന്നു.നിറഞ്ഞ കണ്ണുകളോടല്ലാതെ ആ ഗാനം മുഴുവനായും കേട്ടുതീർക്കാൻ കഴിയാറില്ലത്രേ സർദാർജിക്ക്..സർദാർജി കാര്യം പറഞ്ഞതും വളച്ചു കെട്ടലൊന്നുമില്ലാതെ മാഷ് സത്യം തുറന്ന് പറഞ്ഞു.മാഷിന്റെ മറുപടി കേട്ട് ശരിക്കും അന്തിച്ചു പോയത് സർദാർജിയാണ്.പ്രമദവനത്തിന്റെ ശിൽപിയാണ് മുന്നിൽ നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ ആ മനുഷ്യൻ ശരിക്കും ആഹ്ലാദം കൊണ്ട് മതിമറന്നുപോയി.അതിഥിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് പോവുക മാത്രമല്ല,രാത്രി വൈകുവോളം സൽക്കരിക്കുക കൂടി ചെയ്തു ടിയാൻ.!!

സമാനമായ മറ്റൊരു സംഭവം കൂടി ഈ ഗാനത്തോടനുബന്ധിച്ച് പ്രശസ്ത ഗാനനിരൂപകൻ രവി മേനോനും പങ്ക് വച്ചിട്ടുണ്ട്.ഹിസ്സ് ഹൈനസ്സ് അബ്ദുള്ള റിലീസായി കുറച്ചു കാലം കഴിഞ്ഞ് കോട്ടയം ട്രാൻസ്പോർട്ട് സ്റ്റാന്റിൽ എന്തോ ആവശ്യത്തിനായി നിൽക്കുകയായിരുന്നു രവീന്ദ്രൻ മാസ്റ്റർ.വൈകുന്നേരത്തിലെ ശബ്ദകോലാഹലമാണ് ബസ് സ്റ്റാൻഡ് നിറയെ.അടുത്ത് നിന്ന് ഒരാൾ ഉച്ചത്തിൽ സംസാരിച്ചാൽ പോലും കേൾക്കാനാവാത്തത്ര വലിയ ബഹളം.തിങ്ങി നിറഞ്ഞ ആ ശബ്ദബാഹുല്യത്തിലേക്കാണ് സമീപത്തുള്ള ഹോട്ടലിലെ ലൗഡ് സ്പീക്കറിൽ നിന്ന് പ്രമദവനം ഒഴുകി വന്നത്.യേശുദാസിന്റെ ഗാംഭീര്യമാർന്ന ശബ്ദത്താൽ പാട്ട് തുടങ്ങിയതും അത് വരെ ശബ്ദമുഖരിതമായ ബസ് സ്റ്റാൻഡ് പെട്ടെന്ന് നിശബ്ദത കൈവരിച്ചു.അത് വരെ കാതടപ്പിച്ച് നിലവിളിച്ചുകൊണ്ടിരുന്ന എയർ ഹോണുകളടക്കം സകലചരാചരങ്ങളും ഒറ്റ നിമിഷം കൊണ്ട് മൗനം പൂണ്ടു..അവിടെയുള്ള സകലരും ഗന്ധർവ നാദത്തിനായ് കാതോർത്തിരിക്കും പോലെ..ആനിമിഷം എനിക്ക്ഒരിക്കലും മറക്കാനാവില്ല എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. മലയാളിക്ക് യേശുദാസ്  എന്താണെന്നും ആരാണെന്നും വിസ്മയപൂർവം തിരിച്ചറിയുകയായിരുന്നു ഞാൻ.”മാഷ് ഒരിക്കൽ അത്ഭുതത്തോടെ പറഞ്ഞു.

70-കളുടെ അവസാനം ദേവരാജന്‍ മാസ്റ്ററും ബാബുക്കയും ദക്ഷിണാമൂര്‍ത്തി സ്വാമിയും രാഘവന്‍ മാസ്റ്ററുമെല്ലാം സംഗീതസംവിധായകരായി മലയാളത്തിൽ വിരാജിക്കുന്ന കാലത്താണ് ഒരു ഭിക്ഷാംദേഹിയെ പോലെ രവീന്ദ്രൻ മാസ്റ്ററുടെ വരവ്.ജീവിതത്തിലുടനീളം കഷ്ടപ്പാട് അനുഭവിച്ച വേളയിലും അദ്ദേഹം ഒരിക്കലും സംഗീതത്തെ കൈവിട്ട് കളഞ്ഞിരുന്നില്ല.അതികായന്മാർ അരങ്ങ് വാഴുന്ന
മലയാളസംഗീതശാഖയിൽ കടന്നു വന്ന് സ്വന്തമായി ഒരു Identityയും സംഗീതശാഖയും സൃഷ്ടിച്ചെടുക്കുക എന്നത് ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം നിസ്സാരകാര്യമല്ല.കാൽ നൂറ്റാണ്ടിലധികം രവീന്ദ്രൻ മാഷ് തുടർച്ചയായി ചെയ്ത് വന്നതും അത് തന്നെയാണ്.ദേവരാജൻ മാസ്റ്റർ,രാഘവൻ മാസ്റ്റർ,അർജുനൻ മാസ്റ്റർ എന്നീ ത്രിമൂർത്തികൾ അടക്കി വാണിരുന്ന ഒരു കാലഘട്ടത്തിൽ,തുടങ്ങിയ അദ്ദേഹം മലയാളി കേട്ട് പരിചയിച്ചിട്ടില്ലാത്ത നിരവധി ഈണങ്ങൾ നമുക്ക് നൽകി(ഓർക്കണം,മേൽപറഞ്ഞ മൂന്നു പേരും കൂടി സമ്മാനിച്ചത് ഏതാണ്ട് 3000ത്തിൽ പരം ഗാനങ്ങളാണ്.അതിനു മുൻപ് കളം വാണിരുന്ന ദക്ഷിണാമൂർത്തി സ്വാമികളെയും ബാബുരാജിനെയും ഒക്കെ കണക്കിലെടുത്താൽ ഈ സംഖ്യ അതിനേക്കൾ കവിയും)തനിക്ക് മുൻപേ വിരാജിച്ച മഹാനുഭാവരുടെ സംഗീതത്തോട് യാതൊരുവിധ താദാത്മ്യവും പ്രാപിക്കാതെ വേറിട്ട ഈണങ്ങളാണ് കാൽ നൂറ്റാണ്ട് നീണ്ട സംഗീത സപര്യയിൽ ഈ മനുഷ്യൻ സമ്മാനിച്ചത്.കാലഭേമില്ലാതെ ആസ്വാദകന്റെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹം ഈണമിട്ട ഓരോ ഗാനങ്ങളും.രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ തലത്തിൽ നയിച്ച് മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞൻ കൂടിയാണ് രവീന്ദ്രൻ മാസ്റ്റർ

ചലച്ചിത്രജീവിതത്തിൽ ആദ്യമായി അദ്ദേഹം ഒരു ഗാനം ആലപിച്ചതിലുമുണ്ട് വലിയ യാദൃച്ഛികത.ശങ്കരാഭരണത്തിലൂടെ തെന്നിന്ത്യയിലമ്പാടും പിൽക്കാലത്ത് പ്രശസ്തനായ സംഗീത സംവിധായകന്‍ കെ.വി.മഹാദേവനോടാണ് രവീന്ദ്രൻ മാഷ് ആദ്യമായി അവസരം ചോദിച്ചു ചെല്ലുന്നത്.അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്ന രവിയോട്,കെ.വി.മഹാദേവന്റെ അസിസ്റ്റന്റ്‌ ഒരു ഗാനമാലപിക്കാൻ ആവശ്യപ്പെടുകയും,ഉടനെ വീടിന്റെ ഉമ്മറത്ത്‌ നിന്നു കൊണ്ട് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു ഗാനം ആലപിക്കുകയും ചെയ്തു.ഇതിനിടയില്‍ കയറിവന്ന കെ.വി.മഹാദേവൻ ആദ്യം ഒന്ന് അമ്പരക്കുകയും രവിയുടെ ശബ്ദമാധുരിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ വീട്ടില്‍ കയറ്റി ഭക്ഷണം നല്‍കി മടക്കിവിടുകയുമാണ് ചെയ്തത്.അവിടെ നിന്നിറങ്ങിപ്പോയ രവിയെ തൊട്ടപ്പുറത്തെ വീട്ടുമുറ്റത്ത് ദേഹമാസകലം എണ്ണതേച്ച് കുളിക്കാൻ തയ്യാറായി നിന്ന ഒരു കറുത്ത കുറിയ മനുഷ്യൻ കൈ കൊട്ടി വിളിച്ചു.കുളിക്കാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിതമായി രവീന്ദ്രൻ പാടിയ ഗാനം കേൾക്കാൻ ഇടവന്നതായിരുന്നു ആ മനുഷ്യൻ.രവീന്ദ്രനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോളാണ് സിനിമയിൽ ഒരു ഗാനമാലപിക്കാൻ അവസരത്തിന് വേണ്ടി ഗതികെട്ടലഞ്ഞു തിരിയുന്ന കഥ ആ മനുഷ്യൻ അറിയുന്നത്.കാര്യമറിഞ്ഞതും വിഷണ്ണനായിപ്പോയ അയാൾ,തന്റെ സഹോദരന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രവീന്ദ്രന് പാടാൻ അവസരം നൽകാമെന്നും അതിന് വേണ്ടി താൻ ശുപാര്‍ശ ചെയ്യാമെന്നും ഉറപ്പുനല്‍കി.അതൊരു വെറും വാക്കായിരുന്നില്ല,സത്യത്തിൽ വലിയ ഉറപ്പ് തന്നെ ആയിരുന്നു അത്.അങ്ങനെ ഭാഗ്യദേവതയുടെ കരസ്പർശത്തോടെ 1969ല്‍ എം.എസ്.ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ വെള്ളിയാഴ്ച എന്ന ചിത്രത്തിൽ “പാര്‍വണരജനിതന്‍.” എന്ന ഗാനം ആലപിച്ചു രവീന്ദ്രൻ മാഷ് പിന്നണിഗായകനായി അരങ്ങേറി.അതൊരു തുടക്കം മാത്രമായിരുന്നു.അന്ന് രവീന്ദ്രന് വേണ്ടി ശുപാർശ ചെയ്‌ത ആ നന്മ നിറഞ്ഞ മനുഷ്യൻ മറ്റാരുമല്ലായിരുന്നു.അതുല്യ നടൻ സത്യനായിരുന്നു അത്!!!!!

സിനിമയിൽ ആദ്യ ഗാനം പാടിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.സംഗീതകോളേജിലെ പഠനത്തിന് ശേഷം അവിടെ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് കൊണ്ട് പല പ്രഗത്ഭരുടെയും വാതിലുകള്‍ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.കേരളത്തിന്റെ അതിര്‍ത്തിപ്രദേശത്തിടുത്താണ് വീട് എന്നതിനാല്‍ അദ്ദേഹത്തിനു തമിഴ് നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു.അങ്ങനെയിരിക്കെയാണ് മദിരാശിയിലെ സഹസ്രനാമം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു നാടകകമ്പനിയിൽ ജോലിക്കായി അദ്ദേഹം ചെല്ലുന്നത്.തന്റെ മുഴുവൻ കാര്യങ്ങളും പറഞ്ഞതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആ നാടകക്കമ്പനിയിൽ ഗായകനായി മാഷിന് നിയമനം ലഭിച്ചു.ഒരുപാട് നാടകങ്ങളുള്ള അവിടെ ഗായകനായി നിയമിതനായതോടെ മാഷിന് താൽക്കാലികമായെങ്കിലും ഒരു വരുമാനമായി.വരുമാനം ലഭിച്ചതും ഉടനെ അദ്ദേഹം താമസം സ്വാമീസ് ലോഡ്ജിലേക്ക് മാറ്റി.അന്ന് സ്വാമീസ് ലോഡ്ജിൽ തമ്പടിച്ചിരുന്നത് നടന്മാരായ ജയന്‍,ജനാര്‍ദ്ദനന്‍,ഭാവഗായകൻ പി.ജയചന്ദ്രന്‍ തുടങ്ങിയവരൊക്കെയായിരുന്നു.ജയചന്ദ്രനും രവീന്ദ്രനും അന്ന് ഒരു മുറിയില്‍ ആയിരുന്നു താമസം.!!

എന്നാൽ പിന്നീടും കാര്യമായ അവസരങ്ങൾ ഒന്നും തന്നെയും സിനിമയിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.ദേവരാജൻ മാഷിന് വേണ്ടിയടക്കം ചില ഗാനങ്ങൾ ആലപിച്ചെങ്കിലും സ്ഥിരവരുമാനമെന്നത് അന്നും സ്വപ്നം മാത്രമായിരുന്നു.നടൻ മധുവുമായുള്ള പരിചയമാണ് രവീന്ദ്രൻ മാഷിനെ ഡബ്ബിങ്ങിലേക്ക് നയിച്ചത്.മധുവിന്റെ ശുപാർശയിലാണ് അന്നത്തെ പ്രശസ്ത നടൻ രവികുമാറിന് വേണ്ടി ഡബ്ബ് ചെയ്യാൻ മാഷിന് അവസരം ലഭിച്ചത്.ആദ്യ സിനിമയിലെ ഡബ്ബിങ് ശ്രദ്ധിക്കപ്പെട്ടതോടെ രവികുമാർ അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും ഡബ്ബ് ചെയ്യാൻ പിന്നീട് മാഷിന് അവസരം ലഭിച്ചു.എന്നാൽ കാലക്രമേണേ രവികുമാറിന് അവസരങ്ങൾ കുറഞ്ഞതോടെ ആ വരുമാനവും നിലച്ചു.ഒരു അവസരത്തിനായി പോകാത്ത വഴികളില്ല,കാണാത്ത ആളുകളില്ല,അവസരങ്ങൾക്കായി കേഴുമ്പോഴും സഹപാഠിയും ഉറ്റ സുഹൃത്തുമായ ഗായകൻ യേശുദാസിന്റെ അകമഴിഞ്ഞ പ്രോത്സാഹനമായിരുന്നു ഏക ധൈര്യം.ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോൾ ടാക്സി ഓടിച്ച് നിത്യവൃത്തി കണ്ടെത്താനാണ് അന്ന് മാഷ് തീരുമാനിച്ചത്.മാഷിന്റെ ആ തീരുമാനത്തെ നഖശിഖാന്തം എതിർത്ത യേശുദാസ് അദ്ദേഹത്തോട് ആലാപനം വിട്ട് സംഗീതസംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു.തനിക്ക് ആര് അവസരം തരുമെന്നായിരുന്നു മാഷിന്റെ അടുത്ത ചോദ്യം.ഒടുവിൽ അവരുടെ സംഭാഷണമധ്യേ നടന്ന് വന്ന സംവിധായകൻ ശശികുമാറിനോട് അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ സംഗീതം ചെയ്യിപ്പിക്കാൻ രവീന്ദ്രനെ അനുവദിക്കണമെന്ന് യേശുദാസ് അപേക്ഷിച്ചു.പയ്യൻ താരതമ്യേനെ തുടക്കകാരനായത് കൊണ്ടോ എന്തോ ശശികുമാറിന് സമ്മതിക്കാൻ വലിയ തോതിൽ വൈക്ലബ്യം..ഒടുവിൽ രവീന്ദ്രൻ സംഗീതം ചെയ്ത് പടത്തിന് എന്തെങ്കിലും തരത്തിലുള്ള നഷ്ടം വന്നാൽ,അത് താൻ നികത്തിക്കൊള്ളാം എന്ന യേശുദാസിന്റെ വാക്കാലുള്ള ഉറപ്പിന്മേൽ ചൂള എന്ന ശശികുമാർ സിനിമയിൽ രവീന്ദ്രൻ മാഷിന് ആദ്യമായി അവസരം ലഭിച്ചു!!!യേശുദാസിന്റെ തന്നെ നിർദേശപ്രകാരമായിരുന്നു കുളത്തൂപ്പുഴ_രവി എന്ന പേര് മാറ്റി രവീന്ദ്രൻ എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്.ഇപ്പോഴത്തെ പ്രശസ്ത സംവിധായകൻ സത്യൻഅന്തിക്കാടും പൂവച്ചൽ ഖാദറുമായിരുന്നു ചൂളയിലെ ഗാനരചയിതാകൾ.ചിത്രത്തിലെ സിന്ദൂരസന്ധ്യക്ക് മൗനം എന്ന പൂവച്ചൽ ഖാദർ എഴുതിയ ഗാനവും സത്യൻ അന്തിക്കാട് എഴുതിയ താരകേ മിഴിയിതളിൽ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ചൂളയിൽ നിന്നാണ് തുടങ്ങിയതെങ്കിലും മാഷ് പ്രശസ്തി കൈ വരിച്ചതിനു ശേഷം മാത്രമാണ് ചൂളയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത് എന്നതാണ് ശരിക്കുമുള്ള യാഥാർത്ഥ്യം,ചൂള ഇറങ്ങിയ കാലത്ത് അതിലെ ഗാനങ്ങൾ അത്ര ഹിറ്റ്‌ ആയിരുന്നില്ല.രവീന്ദ്രന്‍,രവീന്ദ്രനായി അറിയപ്പെടാന്‍ തുടങ്ങിയത് ശരിക്കും തേനും വയമ്പും എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ്.ഒരു Hit Maker എന്ന ലേബല്‍ രവീന്ദ്രന് ആദ്യമായി ചാർത്തിക്കൊടുത്തതും ഈ ചിത്രം തന്നെ.ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും സൂപ്പർഹിറ്റുകളായി നിലകൊള്ളുന്നു. എങ്കിലും ഒറ്റക്കമ്പിനാദം” എന്ന ഗാനമാണ് ആസ്വാദകഹൃദയം കൂടുതൽ കീഴടക്കിയത്.ഈ ഗാനം ഇറങ്ങിയ കാലത്ത് അന്ന് ഒത്തിരി വിമര്‍ശനങ്ങൾക്കും വഴി വച്ചു.ഒറ്റക്കമ്പിയില്‍ നിന്ന് ഒരിക്കലും നാദം ഉതിര്‍ക്കാനാവില്ല എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ആരോപണം.എന്നാൽ ഹിന്ദുസ്ഥാനിസംഗീതത്തിൽ ഏക്താര എന്ന ഉപകരണം ഒറ്റക്കമ്പിയിൽ നിന്നാണ് നാദം ഉതിർക്കുന്നത് എന്ന് മാഷ് തിരിച്ചടിച്ചതോടെ ആ വാദത്തിന്റെ പ്രസക്തി ഇല്ലാതെയായി,ഒരുപക്ഷേ മാഷിന് മാത്രം നൽകാൻ കഴിയുന്ന ഒരു അത്യപൂർവ്വവിശദീകരണം!!!സൂപ്പർഹിറ്റായ ഈ ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും കൗതുകകരമായ ഒരു കഥ കേട്ടിട്ടുണ്ട്.രവീന്ദ്രന് മാഷ്‌ ഈണമിട്ടതതിന് ശേഷം ബിച്ചു തിരുമലക്ക് വരികൾ ലഭിക്കാൻ വല്ലാത്ത ക്ഷാമം അനുഭവപ്പെട്ടു.എന്ത് തന്നെ എഴുതിയിട്ടും പല്ലവിയുടെ രൂപത്തിൽ വരികൾ മനസ്സില് രൂപപ്പെടുന്നില്ല.അപ്പോഴാണ്‌ ഇരുവരുടെയും ഹോട്ടല് മുറിയില് സ്വന്തം ചോര കുടിക്കാന് വിരുന്നെത്തിയ കൊതുക്,തന്നെ ശല്യം ചെയ്യുന്നതായി ബിച്ചു തിരുമലക്ക് തോന്നിയത്.കൊതുക് മൂളുന്ന രാഗം കേട്ടാണ് “ഒറ്റക്കമ്പിനാദം” എന്ന പല്ലവി രൂപപ്പെട്ടത് എന്ന് പില്ക്കാലത്ത് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.തേനും വയമ്പിനും ശേഷം മാഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..നിരവധി സിനിമകൾ..നിരവധി ഈണങ്ങൾ💔💔

മറ്റുള്ള ഗായകരുമായി കൈ കോർത്തിട്ടുണ്ടെങ്കിലും രവീന്ദ്രൻ -യേശുദാസ് കോംബിനേഷനാണ് മലയാളിയുടെ യഥാർത്ഥലഹരി.യേശുദാസിന്റെ ശബ്ദത്തെക്കുറിച്ച് വ്യക്തമായ ധാരണ മാഷിന് ഉണ്ടായിരുന്നു.ശ്രുതിക്കിണങ്ങുന്ന ഘനഗാംഭീര്യം..ആരോഹണ അവരോഹണങ്ങളിലൂടെയുള്ള ശബ്ദസഞ്ചാരം..തന്റെ ഗാനസങ്കൽപ്പങ്ങൾക്ക് പൂർണ്ണതയും ചാരുതയും കൈവരുന്നത് യേശുദാസിന്റെ ശബ്ദത്തിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അദ്ദേഹത്തിന്റെ വശ്യമായ മിക്കഗാനങ്ങളും ഉണ്ടായിട്ടുള്ളതും ഈ കൂട്ടുകെട്ടിലാണ്.ഒരു ശിൽപിയുടെ കരവിരുതോടെ യേശുദാസ് എന്ന മഹാപ്രതിഭയുടെ മുഴുവൻ കഴിവുകളും തന്റെ പാട്ടിലൂടെ മാഷ് പുറത്തെടുത്തു.സംഗീതവിഹായസ്സിൽ ഒരു പരുന്തിനെപ്പോലെ തന്നെ പറത്തിവിട്ട സംഗീത സംവിധായകനായിരുന്നു രവീന്ദ്രനെന്ന് യേശുദാസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.യേശുദാസിന്റെ ആലാപനത്തിന്റെ വിവിധ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രൻ മാഷ് തന്നെ.യേശുദാസിന് ദേശീയപുരസ്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥാഗാനലയ‘മുൾപ്പടെ 340ലധികം ചലച്ചിത്രഗാനങ്ങളാണ് രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് വേണ്ടി ഗാനഗന്ധർവൻ ആലപിച്ചത്.62 ചലച്ചിത്രേതര ഗാനങ്ങളും മാഷിന് വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്.ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി മാത്രമേ യേശുദാസ് ഇതില്‍കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളൂ.യേശുദാസിന്റെ പ്രഭാവലയത്തിൽ സഹമുറിയനും സുഹൃത്തുമായിരുന്ന ജയചന്ദ്രൻ ഉൾപ്പടെയുള്ള മറ്റ് ഗായകർക്ക് അധികം അവസരങ്ങൾ നൽകാൻ മാഷിന് സാധിച്ചില്ല എന്ന വിഷമം പലപ്പോഴും മാഷ് പങ്ക് വച്ചിട്ടുമുണ്ട്.  ദാസേട്ടൻ പാട്ട് പാടുന്നത് നിർത്തിയിരുന്നേൽ ഞാൻ എന്നേ വല്ല ആക്രിക്കച്ചവടത്തിനും പോകുമായിരുന്നു അദ്ദേഹം പണ്ട് പറഞ്ഞ വാക്കുകൾ!!

യേശുദാസിനെ പോലെ മാഷിന് പ്രിയങ്കരിയായിയുന്നു ചിത്രയും.രവീന്ദ്രന്‍ മാസ്റ്ററുടെ പെൺപാട്ടുകള്‍ ബഹുഭൂരിപക്ഷവും ആലപിച്ചത് ചിത്രയായിരുന്നു.ചിത്രയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരില്‍ ഒരാൾ രവീന്ദ്രന്‍ മാഷാണ്.ചിത്ര മലയാളത്തില്‍ പാടിയ മികച്ച ഗാനങ്ങളിൽ ഭൂരിപക്ഷവും രവീന്ദ്രന്‍ മാസ്റ്ററുടെതായിരുന്നു.അറിവിൻ_നിലാവും പത്തുവെളുപ്പിനും പുലർകാലസുന്ദരസ്വപ്നവും കാർമുകിൽവർണ്ണനും ഒക്കെയായി ആ പട്ടിക വലുതാണ്‌.മാഷിന് മകളെപ്പോലെയായിരുന്നു ചിത്ര.ആലാപനത്തില്‍ എല്ലാ സ്വാതന്ത്ര്യവും ചിത്രയ്ക്ക് അദ്ദേഹം നല്‍കിയിരുന്നു.ചിത്രയോട് വാത്സല്യം വച്ച് പുലർത്തുമ്പോൾ തന്നെ ലതികയുൾപ്പടെയുള്ള താരതമ്യേനെ പുതിയ ഗായികമാർക്കും അന്ന് അദ്ദേഹം അവസരം നൽകിയിരുന്നു

‍28 വർഷം..200ലധികം സിനിമകൾ..തമിഴിൽ 8ഓളം സിനിമകൾ..ലാൽസലാം ഭരതം ആറാംതമ്പുരാൻ തേനുംവയമ്പും യുവജനോത്സവം കമലദളം അഭിമന്യു വിഷ്ണുലോകം ധനം നന്ദനം അഹം എത്രയോ സിനിമകൾ..പ്രമദവനം,ഹരിമുരളീരവം,കാർമുകിൽ വർണന്റെ ചുണ്ടിൽ,ഗംഗേ,ദീനദയാലോ,വികാരനൗക രാമായണക്കാറ്റേ.എത്രയോ ഈണങ്ങൾ..’ആഹാ മനോരഞ്ജിനി’…’ശാരി മേരി രാജേശ്വരി’ എന്നീ രണ്ടു പാട്ടുകളുടെ വരികള് അദ്ദേഹം സ്വയം എഴുതിയതാണ്.വരികളെഴുതിയ ശേഷം ഈണമിടുന്നതും ഈണമിട്ട ശേഷം വരികള് എഴുതുന്ന രീതിയും മാസ്റ്റര്ക്ക് ഒരുപോലെ വഴങ്ങും.ബഹളങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ഈണങ്ങൾ മാത്രം മതി ഓർമകളുടെ തിരുമുറ്റത്തേക്ക് മനസിനെ പറിച്ചെടുത്ത് കൊണ്ടു പോകാന്.

ശാസ്ത്രീയ സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ച ഭരതത്തിന് 1992ൽ ദേശീയ അവാർഡും ഇതേ ചിത്രത്തിന് 1991ൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു.ഓർമകളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും മുൻപ് സംഗീതം നൽകിയ നന്ദനമെന്ന ചിത്രത്തിലെ പാട്ടുകൾക്ക് 2002ൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു.ഒപ്പം നാല് ഫിലിംഫെയർ പുരസ്കാരങ്ങളും ആ പ്രതിഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു.മലയാളികളെ മുഴുവൻ ഏതോ അതിഗൂഢനിദ്രയിലേക്ക് തഴുകി വിട്ട് രവീന്ദ്രൻ മാഷ് ഓർമ്മയായിട്ട് വർഷങ്ങളായിരിക്കുന്നു,എങ്കിലും മലയാളിമനസ്സിൽ രവീന്ദ്രസംഗീതത്തിന് ഒരിക്കലും മരണമില്ല💖💖

രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ 175 ജനപ്രിയഗാനങ്ങൾ..ഇതൊരു ശ്രമം മാത്രമാണ്.അദ്ദേഹത്തെ പോലൊരു അതികായന്റെ ഗാനങ്ങൾ തിരഞ്ഞെടുക്കുകയെന്നത് വലിയൊരു ഭഗീരഥ പ്രയത്നമായതിനാൽ,നല്ല കുറെയേറെ ഗാനങ്ങൾ വിട്ട് പോയിട്ടുണ്ടാകാം..മറ്റ് ഗാനങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി കാത്തിരിക്കുന്നു
👇👇

0️⃣1️⃣ഹരിമുരളീരവം(ചിത്രം-ആറാം തമ്പുരാൻ/രാഗം-സിന്ധുഭൈരവി)
0️⃣2️⃣ഏതോ നിദ്ര തൻ(ചിത്രം-അയാൾ കഥയെഴുതുകയാണ്/രാഗം-മോഹനം)
0️⃣3️⃣അഴകേ നിൻ മിഴിനീർമണിയിൽ(ചിത്രം-അമരം/രാഗം-ദർബാരി കാനഡ)
0️⃣4️⃣രാമായണക്കാറ്റേ(ചിത്രം-അഭിമന്യു/രാഗം-നടഭൈരവി)
0️⃣5️⃣പ്രമദവനം വീണ്ടും(ചിത്രം-ഹിസ്സ് ഹൈനസ്സ് അബ്ദുള്ള/രാഗം-ജോഗ്)
0️⃣6️⃣ഒറ്റക്കമ്പിനാദം മാത്രം(ചിത്രം-തേനും വയമ്പും/രാഗം-മദ്ധ്യമാവതി)
0️⃣7️⃣ഒളിക്കുന്നുവോ(ചിത്രം-ചമ്പക്കുളം തച്ചൻ/രാഗം-ആഭേരി)
0️⃣8️⃣വികാരനൗകയുമായ്(ചിത്രം-അമരം/രാഗം-മദ്ധ്യമാവതി)
0️⃣9️⃣കളഭം തരാം(ചിത്രം-വടക്കുംനാഥൻ/രാഗം-പുഷ്പലതിക)
1️⃣0️⃣ആത്മാവിൻ പുസ്തകത്താളിൽ(ചിത്രം-മഴയെത്തും മുൻപേ/രാഗം-ദർബാരി കാനഡ)
1️⃣1️⃣സായന്തനം(ചിത്രം-കമലദളം/രാഗം-മാണ്ഡ്)
1️⃣2️⃣ആലിലത്താലിയുമായ്(ചിത്രം-മിഴി രണ്ടിലും/രാഗം-ശുദ്ധസാവേരി)
1️⃣3️⃣സുഖമോ ദേവി(ചിത്രം-സുഖമോ ദേവി)
1️⃣4️⃣മൗലിയിൽ മയിൽപ്പീലി(ചിത്രം-നന്ദനം/രാഗം-മോഹനം)
1️⃣5️⃣ചീരപ്പൂവുകൾക്കുമ്മ(ചിത്രം-ധനം/രാഗം-യമുനകല്യാണി)
1️⃣6️⃣പത്തുവെളുപ്പിന്(ചിത്രം-വെങ്കലം/രാഗം-ആഭേരി)
1️⃣7️⃣ആരാദ്യം പറയും(ചിത്രം-മഴ/രാഗം-മോഹനം)
1️⃣8️⃣നാട്ടുപച്ചക്കിളി പെണ്ണേ(ചിത്രം-ആയിരപ്പറ)
1️⃣9️⃣നിറങ്ങളെ പാടൂ(അഹം)
2️⃣0️⃣മിണ്ടാത്തതെന്തേ(ചിത്രം-വിഷ്ണുലോകം/രാഗം-ആഭേരി)
2️⃣1️⃣തേനും വയമ്പും(ചിത്രം-തേനും വയമ്പും/രാഗം-ശിവരഞ്ജിനി)
2️⃣2️⃣എന്തിന് വേറൊരു സൂര്യോദയം(ചിത്രം-മഴയെത്തും മുൻപേ/രാഗം-ശുദ്ധധന്യാസി)
2️⃣3️⃣ഓമനേ നീയൊരോമൽ(ചിത്രം/ഗാനമേള/രാഗം-മോഹനം)
2️⃣4️⃣പാടീ തൊടിയിലേതോ(ചിത്രം-ആറാം തമ്പുരാൻ/രാഗം-ദർബാർ)
2️⃣5️⃣ആലിലമഞ്ചലിൽ(ചിത്രം-സൂര്യഗായത്രി/രാഗം-ആഭോഗി)
2️⃣6️⃣സൗപർണികാമൃതവീചികൾ(ചിത്രം-കിഴക്കുണരും പക്ഷി/രാഗം-ശുദ്ധധന്യാസി)
2️⃣7️⃣കണ്ടു ഞാൻ മിഴികളിൽ(ചിത്രം-അഭിമന്യു/രാഗം-രീതിഗൗള)
2️⃣8️⃣കളിപ്പാട്ടമായി കണ്മണീ(ചിത്രം-കളിപ്പാട്ടം/രാഗം-ഹരികംബോജി)
2️⃣9️⃣ഇന്നുമെന്റെ കണ്ണുനീരിൽ(ചിത്രം-യുവജനോത്സവം/രാഗം-ബാഗേശ്രി)
3️⃣0️⃣മൂവന്തിതാഴ്വരയിൽ(ചിത്രം-കന്മദം/രാഗം-ആഭേരി)
3️⃣1️⃣ഏകാകിയാം നിന്റെ(ചിത്രം-എന്റെ ഹൃദയത്തിന്റെ ഉടമ/രാഗം-വാസന്തി)
3️⃣2️⃣അറിവിൻ നിലാവേ(ചിത്രം-രാജശില്പി/രാഗം-മോഹനം)
3️⃣3️⃣ശരപ്പൊലി മാല ചാർത്തി(ചിത്രം-ഏപ്രിൽ 19/രാഗം-ശ്രീരാഗം)
3️⃣4️⃣പുലരേ പൂന്തോണിയിൽ(ചിത്രം-അമരം/രാഗം-വസന്ത,ശുദ്ധസാവേരി,ഹിന്ദോളം,ശുദ്ധ സാവേരി)
3️⃣5️⃣രാമകഥാഗാനലയം(ചിത്രം-ഭരതം/രാഗം-ശുഭപന്തുവരാളി)
3️⃣6️⃣പുഴയോരഴകുള്ള പെണ്ണ്(ചിത്രം-എന്റെ നന്ദിനിക്കുട്ടിക്ക്/രാഗം-വാസന്തി)
3️⃣7️⃣ഏഴ് സ്വരങ്ങളും(ചിത്രം-ചിരിയോ ചിരി/രാഗം-ശിവരഞ്ജിനി)
3️⃣8️⃣മകളെ പാതിമലരെ(ചിത്രം-ചമ്പക്കുളം തച്ചൻ/രാഗം-ആഭേരി)
3️⃣9️⃣മഴ പെയ്ത് മാനം തെളിഞ്ഞ നേരം(ചിത്രം-ഒരു അഭിഭാഷകന്റെ കേസ് ഡയറി/രാഗം-മദ്ധ്യമാവതി)
4️⃣0️⃣ആഹാ മനോരഞ്ജിനി(ചിത്രം-ബട്ടർഫ്ലൈസ്/രാഗം-കാനഡ)
4️⃣1️⃣ചന്ദനമണിവാതിൽ(ചിത്രം-മരിക്കുന്നില്ല ഞാൻ/രാഗം-ഹിന്ദോളം)
4️⃣2️⃣പേരറിയാം മകയിരം നാളറിയാം(ചിത്രം-സൂത്രധാരൻ/രാഗം-ശുദ്ധധന്യാസി)
4️⃣3️⃣കാർമുകിൽ വർണ്ണന്റെ(ചിത്രം-നന്ദനം/രാഗം-ഹരി കംബോജി)
4️⃣4️⃣കുപ്പിവള കിലു കിലെ(ചിത്രം-അയാൾ കഥയെഴുതുകയാണ്/രാഗം-മോഹനം)
4️⃣5️⃣പൊൻപുലരൊളി(ചിത്രം-ഇത്തിരി പൂവേ ചുവന്ന പൂവേ/രാഗം-നാട്ട)
4️⃣6️⃣ആനന്ദനടനം(ചിത്രം-കമലദളം/രാഗം-രാഗമാലിക[ബിലഹരി,ഹിന്ദോളം,ദേവഗാന്ധാരി,ദർബാരി,കാനഡ,ശങ്കരാഭരണം,])
4️⃣7️⃣മൊഴിയഴകും മിഴിയഴകും(ചിത്രം-കളിപ്പാട്ടം/രാഗം-ശുദ്ധ ധന്യാസി)
4️⃣8️⃣മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ(ചിത്രം-കന്മദം/രാഗം-ഖരഹരപ്രിയ)
4️⃣9️⃣എന്തേ മുല്ല പൂക്കാത്തൂ(ചിത്രം-പഞ്ചലോഹം/രാഗം-കാനഡ)
5️⃣0️⃣ദീന ദയാലോ രാമാ(ചിത്രം-അരയന്നങ്ങളുടെ വീട്/രാഗം-വൃന്ദാവനസാരംഗ്)
5️⃣1️⃣പുലർകാലസുന്ദരസ്വപ്നത്തിൽ(ചിത്രം-ഒരു മെയ്മാസപ്പുലരിയിൽ/രാഗം-മലയമാരുതം)
5️⃣2️⃣വെണ്ണക്കൽ കൊട്ടാരവാതിൽ(ചിത്രം-അമ്മക്കിളിക്കൂട്/രാഗം-ഹംസാനന്ദി)
5️⃣3️⃣ആനക്കെടുപ്പത് പൊന്നുണ്ടേ(ചിത്രം/ധനം/രാഗം-ഷൺമുഖപ്രിയ)
5️⃣4️⃣ഹൃദയരാഗ തന്ത്രി(ചിത്രം-അമരം/രാഗം-ഹമീർ കല്യാണി)
5️⃣5️⃣വാർത്തിങ്കളാൽ(ചിത്രം-പല്ലാവൂർ ദേവനാരായണൻ/രാഗം-ഹിന്ദോളം)
5️⃣6️⃣ആരും ആരും(ചിത്രം-നന്ദനം/രാഗം-ശുദ്ധധന്യാസി)
5️⃣7️⃣ഇത്രമേൽ മണമുള്ള(ചിത്രം-മഴ/രാഗം-മോഹനം)
5️⃣8️⃣ഗംഗേ തുടിയിൽ ഉണരും(ചിത്രം-വടക്കുംനാഥൻ/രാഗം-മധ്യമാദി സാരംഗ്)
5️⃣9️⃣രാജീവം വിടരും നിൻ മിഴികൾ(ചിത്രം-ബെൽറ്റ് മത്തായി/രാഗം-ശുദ്ധധന്യാസി)
6️⃣0️⃣സുന്ദരീ സുന്ദരീ(ചിത്രം-ഏയ് ഓട്ടോ/രാഗം-വസന്ത)
6️⃣1️⃣ഗോപികാവസന്തം(ചിത്രം-ഹിസ് ഹൈനസ് അബ്ദുള്ള/രാഗം-ഷൺമുഖപ്രിയ)
6️⃣2️⃣കസ്തൂരി എന്റെ കസ്തൂരി(ചിത്രം-വിഷ്ണുലോകം/രാഗം-സിന്ധുഭൈരവി)
6️⃣3️⃣ഇടയരാഗരമണദുഃഖം(ചിത്രം-അങ്കിൾബൺ/രാഗം-ദർബാരി കാനഡ)
6️⃣4️⃣കിഴക്കുണരും പക്ഷി(ചിത്രം-കിഴക്കുണരും പക്ഷി)
6️⃣5️⃣പാൽനിലാവിലെ(ചിത്രം-ബട്ടർഫ്ലൈസ്)
6️⃣6️⃣ആറാട്ടുകടവിങ്കൽ(ചിത്രം-വെങ്കലം/രാഗം-കാനഡ)
6️⃣7️⃣ഏഴഴകുമായ്(ചിത്രം-കാക്കക്കും പൂച്ചക്കും കല്യാണം/രാഗം-ആഭേരി)
6️⃣8️⃣തിരുവാതിര തിരനോക്കിയ(ചിത്രം-കന്മദം/രാഗം-ആരഭി)
6️⃣9️⃣ആകാശത്താമര പോലെ(ചിത്രം-അയാൾ കഥയെഴുതുകയാണ്/രാഗം-യമുനാകല്യാണി)
7️⃣0️⃣മലരും കിളിയും ഒരു കുടുംബം(ചിത്രം-ആട്ടക്കലാശം/രാഗം-സാവിത്രി)
7️⃣1️⃣നാദരൂപിണീ(ചിത്രം-ഹിസ്സ് ഹൈനസ്സ് അബ്ദുള്ള/രാഗം-കാനഡ)
7️⃣2️⃣കണ്ണോട് കണ്ണായ സ്വപ്നങ്ങൾ(ചിത്രം-കളിയിൽ അല്പം കാര്യം/രാഗം-മോഹനം)
7️⃣3️⃣കുടജാദ്രിയിൽ(ചിത്രം-നീലക്കടമ്പ്/രാഗം-രേവതി)
7️⃣4️⃣ലീലാതിലകം ചാർത്തി(ചിത്രം-പ്രശ്നം ഗുരുതരം/രാഗം-ഷണ്മുഖപ്രിയ)
7️⃣5️⃣പറയാത്ത മൊഴികൾ തൻ(ചിത്രം-എന്റെ ഹൃദയത്തിന്റെ ഉടമ/രാഗം-മോഹനം)
7️⃣6️⃣ഹേ കൃഷ്ണാ(ചിത്രം-കിഴക്കുണരും പക്ഷി/രാഗം-ചാരുകേശി)
7️⃣7️⃣ശ്രീലവസന്തം പീലിയുഴിഞ്ഞു(ചിത്രം-നന്ദനം/രാഗം-യമുനകല്യാണി)
7️⃣8️⃣എന്തിനായ് നിൻ ഇടങ്കണ്ണിൻ(ചിത്രം-മിഴി രണ്ടിലും/)
7️⃣9️⃣കണിക്കൊന്നകൾ(ചിത്രം-ഒരു അഭിഭാഷകന്റെ കേസ് ഡയറി/രാഗം-ജയന്തശ്രീ)
8️⃣0️⃣മനസ്സിൻ മണിച്ചിമിഴിൽ(ചിത്രം-അരയന്നങ്ങളുടെ വീട്/രാഗം-ദർബാരി കാനഡ)
8️⃣1️⃣രാവിൽ ആരോ(ചിത്രം-സൂത്രധാരൻ/രാഗം-കാനഡ)
8️⃣2️⃣ചമ്പക്കുളം തച്ചൻ(ചിത്രം-ചമ്പക്കുളം തച്ചൻ)
8️⃣3️⃣ചാച്ചിക്കോ ചാച്ചിക്കോ(ചിത്രം-കളിപ്പാട്ടം)
8️⃣4️⃣വാനമ്പാടി ഏതോ(ചിത്രം-ദേശാടനക്കിളി കരയാറില്ല/രാഗം-മോഹനം)
8️⃣5️⃣ഗോപാംനേ ആത്മാവിലെ(ചിത്രം-ഭരതം/രാഗം-നാട്ട)
8️⃣6️⃣ഹൃദയം ഒരു വീണയായ്(ചിത്രം-തമ്മിൽ തമ്മിൽ/രാഗം-മദ്ധ്യമാവതി)
8️⃣7️⃣തൂ ബഡി മാഷ അള്ളാ(ചിത്രം-ഹിസ്സ് ഹൈനസ്സ് അബ്ദുള്ള/രാഗം-പട്ദീപ്)
8️⃣8️⃣ആരോ പോരുന്നെൻ കൂടെ(ചിത്രം-ലാൽസലാം/രാഗം-മദ്ധ്യമാവതി
8️⃣9️⃣പൊയ്കയിൽ കുളിർപൊയ്കയിൽ(ചിത്രം-രാജശില്പി/രാഗം-മദ്ധ്യമാവതി)
9️⃣0️⃣മായം ചൊല്ലും മൈനേ(ചിത്രം-പകൽപ്പൂരം/രാഗം-ഹിന്ദോളം)
9️⃣1️⃣വാർമുകിലേ വാനിൽ(ചിത്രം-മഴ/രാഗം-ജോഗ്)
9️⃣2️⃣മഴ പെയ്താൽ കുളിരാണെന്ന്(ചിത്രം-ഏപ്രിൽ 19/രാഗം-ദർബാരി കാനഡ)
9️⃣3️⃣കടലറിയില്ല(ചിത്രം-കണ്ണൂർ/രാഗം-ജോഗ്)
9️⃣4️⃣ശാരി മേരി രാജേശ്വരി(ചിത്രം-ഗാനമേള/രാഗം-രാഗമാലിക[ശിവരഞ്ജിനി,ഖരഹരപ്രിയ])
9️⃣5️⃣പുലരി നിലാവ്(ചിത്രം-പല്ലാവൂർ ദേവനാരായണൻ)
9️⃣6️⃣കള്ളൻ ചക്കേട്ടു(ചിത്രം-തച്ചിലേടത്ത് ചുണ്ടൻ/രാഗം-ആഭേരി)
9️⃣7️⃣മാനേ മലരമ്പൻ(ചിത്രം-അയാൾ കഥയെഴുതുകയാണ്/രാഗം-മോഹനം)
9️⃣8️⃣ഒരു കിളി പാട്ട് മൂളവേ(ചിത്രം-വടക്കുംനാഥൻ/രാഗം-ജോഗ്)
9️⃣9️⃣സ്നേഹിക്കാൻ ഒരു മനസ്സ്(ചിത്രം-കളഭം/രാഗം-ചാരുകേശി)
1️⃣0️⃣0️⃣പ്രേമോദാരനായ്(ചിത്രം-കമലദളം/രാഗം-കംബോജി)
1️⃣0️⃣1️⃣മനസ്സിൽ നിന്നും(ചിത്രം-കടിഞ്ഞൂൽ കല്യാണം)
1️⃣0️⃣2️⃣പാടാം നമുക്ക് പാടാം(ചിത്രം-യുവജനോത്സവം/രാഗം-സിന്ധുഭൈരവി)
1️⃣0️⃣3️⃣രാഗങ്ങളെ മോഹങ്ങളേ(ചിത്രം-താരാട്ട്/രാഗം-ഹംസധ്വനി)
1️⃣0️⃣4️⃣മനതാരിൽ എന്നും(ചിത്രം-കളിയിൽ അല്പം കാര്യം/രാഗം-ഹംസധ്വനി)
1️⃣0️⃣5️⃣ദീപം കയ്യിൽ സന്ധ്യാദീപം(ചിത്രം-നീലക്കടമ്പ്/രാഗം-ശുദ്ധസാവേരി)
1️⃣0️⃣6️⃣ശ്രീലതികകൾ(ചിത്രം-സുഖമോ ദേവി/രാഗം-രേവതി)
1️⃣0️⃣7️⃣ഇത്തിരി നാണം(ചിത്രം-തമ്മിൽ തമ്മിൽ/രാഗം-ആരഭി)
1️⃣0️⃣8️⃣കാക്കപ്പൂ കന്നിപ്പൂ(ചിത്രം-അരയന്നങ്ങളുടെ വീട്/രാഗം-സിന്ധുഭൈരവി)
1️⃣0️⃣9️⃣അമ്പിളിക്കല ചൂടും(ചിത്രം-രാജശില്പി/രാഗം-രാഗമാലിക【ധന്യാസി,കുന്തവരാളി,കല്യാണവസന്ത】
1️⃣1️⃣0️⃣കുരുക്കുത്തി(ചിത്രം-അങ്കിൾ ബൺ)
1️⃣1️⃣1️⃣ഗോപികേ(ചിത്രം-നന്ദനം/രാഗം-മേഘ്)
1️⃣1️⃣2️⃣വാർമഴവില്ലേ(ചിത്രം/മിഴി രണ്ടിലും/രാഗം-കാംബോജി)
1️⃣1️⃣3️⃣പനിനീരുമായ് പുഴകൾ(ചിത്രം-വിഷ്ണു/രാഗം-കാനഡ)
1️⃣1️⃣4️⃣ചിച്ച ചിച്ച(ചിത്രം-മഴയെത്തും മുൻപേ)
1️⃣1️⃣5️⃣കടലാടും(ചിത്രം-ആറാം തമ്പുരാൻ/രാഗം-മോഹനം)
1️⃣1️⃣6️⃣ദൂരെ കരളിലുരുകുമൊരു(ചിത്രം-കന്മദം)
1️⃣1️⃣7️⃣ആഷാഢം(ചിത്രം-മഴ/രാഗം-അമൃതവർഷിണി)
1️⃣1️⃣8️⃣ഇരുഹൃദയങ്ങളിലുമൊന്നായ് വീശി(ചിത്രം-ഒരു മെയ് മാസപ്പുലരിയിൽ/രാഗം-ജോഗ്)
1️⃣1️⃣9️⃣ആ മുഖം കണ്ടനാൾ(ചിത്രം-യുവജനോത്സവം/രാഗം-ജയന്തശ്രീ)
1️⃣2️⃣0️⃣മുഹൂർത്തം ശുഭമുഹൂർത്തം(ചിത്രം-അഹം)
1️⃣2️⃣1️⃣തംബുരു കുളിർ ചൂടിയോ(ചിത്രം-സൂര്യഗായത്രി/രാഗം-രേവഗുപ്തി)
1️⃣2️⃣2️⃣പാഹി പരം പൊരുളേ(ചിത്രം-വടക്കുംനാഥൻ/രാഗം-ഹംസധ്വനി)
1️⃣2️⃣3️⃣ദേവസന്ധ്യ(ചിത്രം-കളഭം/രാഗം-ആഭേരി)
1️⃣2️⃣4️⃣സിന്ദൂരസന്ധ്യക്ക് മൗനം(ചിത്രം-ചൂള/രാഗം-മോഹനം)
1️⃣2️⃣5️⃣സന്തതം(ചിത്രം-ആറാം തമ്പുരാൻ/രാഗം-രീതിഗൗള,വസന്ത,ശ്രീരാഗം)
1️⃣2️⃣6️⃣വാനിൽ പായും(ചിത്രം-തേനും വയമ്പും/രാഗം-മോഹനം)
1️⃣2️⃣7️⃣നാണമാകുന്നു(ചിത്രം-ആട്ടക്കലാശം/രാഗം-മദ്ധ്യമാവതി)
1️⃣2️⃣8️⃣ആദ്യവസന്തമേ(ചിത്രം-വിഷ്ണുലോകം/രാഗം-ദേശ്)
1️⃣2️⃣9️⃣മനസ്സിൽ മിഥുനമഴ(ചിത്രം-നന്ദനം/രാഗം-നാട്ട)
1️⃣3️⃣0️⃣എ.ഇ.ഐ.ഒ.യു(ചിത്രം-ഏയ് ഓട്ടോ/രാഗം-മദ്ധ്യമാവതി)
1️⃣3️⃣1️⃣ഇല്ലിക്കാടും ചെല്ലക്കാറ്റും(ചിത്രം-അടുത്തടുത്ത്/രാഗം-ജോഗ്)
1️⃣3️⃣2️⃣ദേവസഭാതലം(ചിത്രം-ഹിസ്സ് ഹൈനസ്സ് അബ്ദുള്ള/രാഗം-രാഗമാലിക[ഹിന്ദോളം])
1️⃣3️⃣3️⃣ചെല്ലം ചെല്ലം(ചിത്രം-ചമ്പക്കുളം തച്ചൻ)
1️⃣3️⃣4️⃣നന്ദിയാരോട് ഞാൻ(ചിത്രം-അ
1️⃣3️⃣5️⃣തെച്ചിമലർക്കാടുകളിൽ(ചിത്രം-കല്യാണപ്പിറ്റേന്ന്)
1️⃣3️⃣6️⃣ഒത്തിരി ഒത്തിരി(ചിത്രം-വെങ്കലം/രാഗം-വലചി)
1️⃣3️⃣7️⃣കൂട്ടിനിളംകിളി(ചിത്രം-ബട്ടർഫ്ലൈസ്)
1️⃣3️⃣8️⃣മുറ്റത്തെ മുല്ലത്തൈ(ചിത്രം-സായ് വർ തിരുമേനി)
1️⃣3️⃣9️⃣ഗേയം ഹരിനാമ(ചിത്രം-മഴ/രാഗം-ചാരുകേശി)
1️⃣4️⃣0️⃣അമ്മക്കിളിക്കൂടിതിൽ(ചിത്രം-അമ്മക്കിളക്കൂട്)
1️⃣4️⃣1️⃣തത്തക തത്തക(ചിത്രം-വടക്കുംനാഥൻ/രാഗം-കാപ്പി)
1️⃣4️⃣2️⃣കാ കാക്കേ കൂടെ(ചിത്രം-ഗ്രീറ്റിംഗ്‌സ്)
1️⃣4️⃣3️⃣ഓമനേ തങ്കമേ(ചിത്രം-മിഴി രണ്ടിലും/രാഗം-കല്യാണി)
1️⃣4️⃣4️⃣യേശുനായകാ(ചിത്രം-സായവർ തിരുമേനി)
1️⃣4️⃣5️⃣എന്തിനായ് നിൻ(ചിത്രം-മിഴി രണ്ടിലും/രാഗം-സുമനേശരഞ്ജിനി)
1️⃣4️⃣6️⃣കടുവായെ കിടുവ(ചിത്രം-തച്ചിലേടത്ത് ചുണ്ടൻ)
1️⃣4️⃣7️⃣മരതകരാവിൻ(അയാൾ കഥയെഴുതുകയാണ്)
1️⃣4️⃣8️⃣മിന്നാമിന്നി(ചിത്രം-ബട്ടർഫ്ലൈസ്)
1️⃣4️⃣9️⃣പൂ വേണോ(ചിത്രം-ദേശാടനക്കിളി കരയാറില്ല)
1️⃣5️⃣0️⃣ഓട്ടോ ഓട്ടോ(ചിത്രം-ഏയ് ഓട്ടോ)
1️⃣5️⃣1️⃣ആടിദ്രുതപദതാളം(ചിത്രം-ലാൽ സലാം/രാഗം-രുഗ്മാംബരി)
1️⃣5️⃣2️⃣സാന്ദ്രമാം മൗനത്തിൻ(ചിത്രം-ലാൽ സലാം/രാഗം-ശിവരഞ്ജിനി)
1️⃣5️⃣3️⃣ആവാരാഹൂം(ചിത്രം-വിഷ്ണുലോകം/രാഗം-സിന്ധുഭൈരവി)
1️⃣5️⃣4️⃣ഏതോ കിളി നാദമെൻ(ചിത്രം-മഹസ്സർ/രാഗം-ശുദ്ധധന്യാസി)
1️⃣5️⃣5️⃣ചെറുകുളിരലയുടെ(ചിത്രം-ഗാനമേള)
1️⃣5️⃣6️⃣ഗണപതി ബപ്പ(ചിത്രം-അഭിമന്യു/രാഗം-മദ്ധ്യമാവതി)
1️⃣5️⃣7️⃣അരുണകിരണ(ചിത്രം-കിഴക്കുണരും പക്ഷി /രാഗം-ലവംഗി)
1️⃣5️⃣8️⃣പുലരി വിരിയും മുൻപേ(ചിത്രം-കടിഞ്ഞൂൽ കല്യാണം)
1️⃣5️⃣9️⃣സുമുഹൂർത്തമായ്(രാഗമാലിക[ഹംസധ്വനി,ആഭോഗി,സാരമതി,ഹംസാനന്ദി,മദ്ധ്യാമാവതി])
1️⃣6️⃣0️⃣ഉറങ്ങുന്ന പഴമാളോരേ(ചിത്രം-അഹം)
1️⃣6️⃣1️⃣അരുവികളുടെ(ചിത്രം-സായ്വർ തിരുമേനി/രാഗം-മദ്ധ്യമാവതി)
1️⃣6️⃣2️⃣മദനപതാകയിൽ(ചിത്രം-ഞാൻ സൽപ്പേര് രാമൻകുട്ടി/രാഗം-കാനഡ)
1️⃣6️⃣3️⃣പറന്ന് പാറും(ചിത്രം-ചക്രം)
1️⃣6️⃣4️⃣ശോകമൂകമായ്(ചിത്രം-തച്ചിലേടത്ത് ചുണ്ടൻ/രാഗം-ദേശ്)
1️⃣6️⃣5️⃣നിഴലായ് ഓർമകൾ(ചിത്രം-വിഷ്ണു/രാഗം-ഭാട്ടിയാർ)
1️⃣6️⃣6️⃣തുളസീമാലയിതാ(ചിത്രം-ആകാശക്കോട്ടയിലെ സുൽത്താൻ/രാഗം-പന്തുവരാളി)
1️⃣6️⃣7️⃣നിശയുടെ ചിറകിൽ(ചിത്രം-തമ്മിൽ തമ്മിൽ/രാഗം-ആഭേരി)
1️⃣6️⃣8️⃣ആലോലം ചാഞ്ചാടും(ചിത്രം-അടുത്തടുത്ത്/രാഗം-ഹംസനാദം)
1️⃣6️⃣9️⃣മകരസംക്രമസൂര്യൻ(ചിത്രം-താരാട്ട്/രാഗം-രേവതി)
1️⃣7️⃣0️⃣പൂവിനുള്ളിൽ(ചിത്രം-താരാട്ട്)
1️⃣7️⃣1️⃣ഉത്രാടപ്പൂനിലാവേ(ആൽബം-ഉത്സവഗീതങ്ങൾ-Volume 1/രാഗം-ഹംസധ്വനി)
1️⃣7️⃣2️⃣മാമാങ്കം പലകുറി(ആൽബം-വസന്തഗീതങ്ങൾ/രാഗം-ആഭോഗി)
1️⃣7️⃣3️⃣വലംപിരിശംഖിൽ(ആൽബം-വസന്തഗീതങ്ങൾ/രാഗം-കല്യാണവസന്തം)
1️⃣7️⃣4️⃣പാതിരാമയക്കത്തിൽ(ആൽബംപൊന്നോണതരംഗിണി)
1️⃣7️⃣5️⃣കൈവല്യരൂപൻ(ആൽബം-ഉത്സവഗാനങ്ങൾ)