ഈ വർഷമാദ്യം ഒരു അവാർഡ് നിശയിൽ താൻ നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടി ജ്യോതിക നേരിട്ട സൈബര്‍ ആക്രമണങ്ങൾ കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെടുന്നത്.JWF അവാർഡ് നിശക്കിടെ രാക്ഷസി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങാൻ വന്നപ്പോഴാണ് ക്ഷേത്രങ്ങള്‍ പരിപാലിക്കാൻ ചെലുത്തുന്ന ശ്രദ്ധ തമിഴ്നാട്ടിലെ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും കൂടി നല്കാന് സര്‍ക്കാരും ജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് ജ്യോതിക അഭിപ്രായപ്പെട്ടത്.നമ്മുടെ കുഞ്ഞുങ്ങൾ വളരെ മോശം നിലയിലേക്കാണ് പിറന്നു വീഴുന്നതെന്നും,ക്ഷേത്രങ്ങളിലേക്ക് നൽകുന്ന ഭീമമായ സംഭാവന ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കുമാണ് നൽകേണ്ടതെന്നുമുള്ള അവരുടെ അഭിപ്രായപ്രകടനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെയും സമൂഹമാധ്യമങ്ങളില്‍ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.ബൃഹദീശ്വരക്ഷേത്രത്തിൽ ഷൂട്ടിംഗിന് വേണ്ടി പോയപ്പോൾ അവിടത്തെ വൃത്തി കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്നും അടുത്ത ദിവസം ഷൂട്ടിങ്ങിന് പോയ ഒരു ഹോസ്പിറ്റലിലെ വൃത്തിഹീനമായ അന്തരീഷം തന്നെയേറെ വേദനിപ്പിച്ചുവെന്നുമായിരുന്നു ജ്യോതിക പറഞ്ഞത്.പെയിന്റടിച്ചും സംഭാവന നൽകിയും ക്ഷേത്രങ്ങൾ പരിപാലിക്കുന്ന നാം എന്ത് കൊണ്ട് ആശുപത്രികളും വിദ്യാലയങ്ങളും ഇങ്ങനെ സൂക്ഷിക്കുന്നില്ല എന്നൊരു മറുചോദ്യം കൂടി ജ്യോതിക ഉന്നയിച്ചിരുന്നു.എന്നാൽ മറ്റ് മതങ്ങളിലെ ആരാധനാലയങ്ങളെ കുറിച്ച് ജ്യോതിക ഒന്നും പറയാത്തതാണ് അവർക്കെതിരെ തിരിയാൻ,പലരേയും പ്രത്യക്ഷത്തിൽ പ്രേരിപ്പിച്ച പ്രധാനഘടകം
വിഷയത്തിൽ ജ്യോതികക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് നടനും ഭർത്താവുമായ സൂര്യ ഇന്നലെ പുറത്ത് വിട്ട പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു👇👇
ഒറ്റയ്ക്കു നില്ക്കാന് ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല.കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്.ഈ അഭിപ്രായപ്രകടനത്തെ പോലും ഒരു കുറ്റകൃത്യമായാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആദ്ധ്യാത്മിക നേതാക്കള്‍ മുന്‍പേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് ജനത്തെ സേവിക്കുകയെന്നത് ദൈവത്തെ സേവിക്കുകയാണെന്നത്.നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്.തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു.ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്ന് തന്നെ കാണില്ല..ആ പ്രസംഗത്തില്‍ അവള് എന്താണോ പറഞ്ഞത് അതിനോട് എന്റെ കുടുംബം പൂര്‍ണ്ണമായും ഐക്യദാര്‍ഢ്യപ്പെടുന്നു.മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്.ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ.ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി.മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്.അവർക്കും നന്ദി.സ്വഭാവഹത്യ നടത്താന്‍ അനേകം പേര് ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും പറഞ്ഞാണ് തന്റെ കുറിപ്പ് സൂര്യ ചുരുക്കുന്നത്. ജ്യോതിക പറഞ്ഞ വിഷയത്തിന്റെ പ്രസക്തിയും കാതലും മനസ്സിലാക്കാതെ സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം ആളുകൾ അവർക്ക് നേരെ നിശിതവിമര്‍ശനം അഴിച്ചു വിടുകയാണുണ്ടായത്.സൂര്യ ഈ കുറിപ്പ് പുറത്ത് വിട്ടതിന് ശേഷമുള്ള പോസ്റ്റിലെ കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാകും.”തേവിടി** നിനക്ക് നിന്റെ വീടും കുടുംബവും ഭർത്താവിനെയും നോക്കിയിരുന്നാൽ പോരേ”എന്ന് തമിഴിൽ ഒരാൾ ഇന്നലെ കമന്റ് ചെയ്തത് കണ്ടിരുന്നു.
വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് മനസ്സിൽ തങ്ങി നിൽക്കുന്നത് 2005ൽ ആറു എന്ന തമിഴ് സിനിമ പുറത്തിറങ്ങിയ വേളയിൽ ഒരു ചാനൽ സൂര്യയുമായി നടത്തിയ ഒരു അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങളാണ്.അന്ന് സൂര്യ നേരിട്ട ഒരു പ്രധാനചോദ്യം ഇതായിരുന്നു.”താങ്കളുടെ ഗജിനി എന്ന സിനിമ ഒരു വലിയ വിജയമായിരിക്കുന്നു.ഒരു അഭിനേതാവ് എന്ന നിലയിൽ തമിഴിൽ,സൂര്യയുടെ താരമൂല്യം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു..എന്ത് തോന്നുന്നു”??
ഉത്തരം : “ഞാനൊരു വലിയ താരമായിയെന്ന് എനിക്ക് തോന്നുന്നില്ല..എന്റെ അച്ഛൻ എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്,നീ എത്ര വളർന്നാലും ശരി..പാവങ്ങളുടെ പണം കൊണ്ടാണ് നീ രാജാവായാതെന്ന് ഒരിക്കലും മറക്കാതിരിക്കുക എന്ന്..ഞാനതെന്നും ഓർമിക്കാറുണ്ട്.കഴിഞ്ഞ ദിവസം ഞാൻ കാറിൽ പോകുമ്പോൾ ട്രാഫിക് ബ്ലോക്കിൽ ഒരു പയ്യൻ വന്ന് എന്റെ കാറിൽ മുട്ടിവിളിച്ചു.ഞാൻ ഗ്ലാസ് ഓപ്പൺ ചെയ്തു.എന്നെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അവന്റെ മുഖത്ത് വലിയ സന്തോഷം..അവൻ എന്നോട് പറഞ്ഞു..’ഞാൻ കഴിഞ്ഞ ദിവസം സാറിന്റെ ആറു കണ്ടു..ബ്ലാക്കിൽ ടിക്കറ്റ് വാങ്ങിയാണ് കണ്ടത്’..പൊരിവെയിലിൽ മുറുക്കും മറ്റ് ചെറുപലഹാരങ്ങളും വിൽക്കുന്ന ജോലിയായിരുന്നു അവന്..ഒരു ദിവസം അവന് പരമാവധി 50 രൂപ കിട്ടുന്നുണ്ടാവും..എന്നിട്ടും എനിക്ക് വേണ്ടി അവൻ!!!മുറിഞ്ഞു പോയ വാക്കുകൾ പാതിയിൽ വീണ്ടെടുക്കാൻ ശ്രമിക്കുന്ന സൂര്യയെ ഇപ്പോഴും ഓർക്കുന്നുണ്ട്!!
ഒന്നാലോചിച്ചാൽ നമ്മുടെ അഭിനേതാക്കളെല്ലാം രണ്ടു വിധമാണെന്ന് തോന്നിയിട്ടുണ്ട്.ഒന്നിലും താല്പ്പര്യമില്ലാതെ, പ്രതികരിക്കാതെ, പ്രശ്നങ്ങൾക്കെല്ലാം കാര്യമായി മുഖം കൊടുക്കാത്ത അന്തര്‍മുഖരായ(Passive) ചിലര്‍,അല്ലെങ്കില്‍ വിഷയത്തിന്റെ പ്രസക്തി വേണ്ടതിലധികം മനസിലാക്കി ആവശ്യത്തിലധികം പ്രതികരിച്ചുകൊണ്ടിരിക്കുന്ന കൂട്ടര്(Aggressive)എന്നാല്‍ ഇതിനു രണ്ടും മദ്ധ്യേ,യുക്തിസഹമായി ചിന്തിക്കുകയും കാര്യകാരണങ്ങളോടെയും,സമചിത്തതയോടെ പ്രതികരിക്കുകയും ചെയ്യുന്ന Assertive ആയ ഒരാൾക്ക് മാത്രമേ വിഷയത്തിൽ ശരിയായ റിസള്‍ട്ടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയൂവെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു.സൂര്യ ശരിക്കും ആ കാറ്റഗറിയിൽ പെടുന്ന ആളാണ്.തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കാൻ കഴിയുന്ന..Core Identityക്ക് കേട് സംഭവിക്കാത്ത രീതിയിൽ നയതന്ത്രജ്ഞതയോടെ ഒരു വിഷയത്തെ നന്നായി പഠിച്ച് എങ്ങനെ പെരുമാറണം എന്ന് നമ്മെ കാണിച്ചു തരുന്ന ഒരു മനുഷ്യൻ ഒരു അഭിനേതാവ് എന്ന എന്ന നിലയില്‍ Self Centric ആയൊരു ലോകം ഇവിടെ സൃഷ്ടിച്ചെടുക്കുകയും അത് വഴി ഏതൊരു സാമൂഹ്യ-ആവാസവ്യവസ്ഥയേയും തകിടം മറിക്കാൻ തക്ക കാലിബർ ഉള്ളവർ തന്നെയാണ് ഇവിടത്തെ പ്രമുഖരായ എല്ലാ നടീ-നടന്മാരും.ഒരു രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിൽ പങ്കു ചേരാൻ താല്പര്യമില്ലാത്ത/അത്തരം കാര്യങ്ങളോട് വിമുഖതത കാണിക്കുന്ന പൗരന്മാർ ഏത് മേഖലയിൽപെട്ടവരായാലും ശരി,അത് അവരവരുടെ രാജ്യത്തോട് അവർ ചെയ്യുന്ന അനീതി തന്നെയാണത്.ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒളിച്ചോടുന്ന പൗരൻ എന്നാൽ ഏതൊരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഭാരമാണ്.അങ്ങനെയിരിക്കെ രാജ്യത്തെ ഏറ്റവും വലിയ വിഭവസമ്പത്ത് എന്ന് നാമോരുത്തരും കരുതുന്ന മനുഷ്യവിഭവശേഷിയെ ഉപയോഗശൂന്യനായി തുരുമ്പു പിടിച്ചു പോകാതെ അതിനെ എങ്ങനെ വിനിയോഗിക്കാമെന്നും അതുപയോഗിച്ച് നല്ല നാളെകളെ കുറിച്ച് എങ്ങനെ സ്വപ്നം കാണാമെന്നും പ്രേക്ഷകരെ പഠിപ്പിച്ചരാണ് സൂര്യയും ജ്യോതികയും.വായ് കൊണ്ട് ഡയലോഗടിച്ചു കയ്യടി വാങ്ങിച്ചു എന്നതിനേക്കാൾ തങ്ങളുടെ പ്രവർത്തി കൊണ്ട് തന്നെയാണ് അവരിരുവരും തെളിയിച്ച് കാണിച്ചതും.
രാജ്യത്തിന്റെ യുവാക്കളുടെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയുള്ള..നാളെയെക്കുറിച്ച് വ്യഥാ ചിന്തയുള്ള..നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചു സദാ ബോധവാനാകുന്ന…സമകാലിക സംഭവങ്ങളില്‍ സർവഥാ പ്രതികരിക്കുകയും തങ്ങളാൽ കഴിയും വിധം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്കാൻ തയ്യാറാകുകയും ചെയ്യുന്ന സൂര്യ എന്ന മനുഷ്യനെ മാത്രമേ കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടിട്ടുള്ളൂ..അഭിനേതാവ് എന്ന നിലയിൽ സാമൂഹികമായി എറെ പരിമിതികൾ ഉണ്ടെങ്കിൽ പോലും ബൗദ്ധികമായിട്ടെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നിടത്താണ് സൂര്യയും ജ്യോതികയും അവരെ തന്നെത്താൻ അടയാളപ്പെടുത്തുന്നത്.
ഒരു അഭിനേതാവ് എന്നാൽ സര്‍വ്വോപരി മനുഷ്യസ്നേഹിയാവുക എന്നത് തന്നെയാണ് ഏറ്റവും പരമപ്രധാനം.യാന്ത്രികമായ ഈ ജീവിതത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്നും,അവിടെ പഠിക്കാൻ പണമില്ലാതെ അഴുക്കുചാലുകളില്‍ വീണു കിടക്കുന്നവരും,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അലയുന്നവരും വിദ്യാഭ്യാസത്തിന് വേണ്ട സാമ്പത്തികമില്ലാതെ മറ്റ് ജോലികളിൽ വ്യാപൃതരായവരും കൂടി ഉൾപ്പെടുന്നുവെന്ന തിരിച്ചറിവ്..സഹതാപമോ അലിവോ കൂടാതെ പ്രായോഗികമായ പരിഹാരങ്ങള്‍ ഉപയോഗിച്ച് ഇത്തരം ആളുകളെ മുന്നോട്ടു നടത്താൻ കഴിയുമെങ്കില്‍ അതായിരിക്കും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാൾ പുലർത്തുന്ന ഏറ്റവും വലിയ സാമൂഹ്യപ്രതിബദ്ധത.രാജ്യത്തിന്റെ വികസനത്തേയും പുരോഗതിയേയും ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയോടും കൃത്യതയോടും കൂടി കാര്യങ്ങൾ കയ്യാളുക,അവ സൂക്ഷ്മതയോടെ നടപ്പിലാക്കുക..അഗരം പോലൊരു സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം സ്വന്തമായി നടത്തിക്കൊണ്ട് പോകുക വഴി മേൽപറഞ്ഞ കാര്യങ്ങളിൽ ഈ ദമ്പതികൾ പുലർത്തുന്ന നിതാന്തജാഗ്രത നമുക്ക് തിരിച്ചറിയാൻ സാധിക്കും ജ്യോതികയുടെ വിയോജിപ്പ് ശരിക്കും ബഹുമാനിക്കപ്പെടേണ്ട ഒന്നാണ്,അവർക്ക് നേരിടേണ്ടി വരുന്ന എതിർസ്വരങ്ങൾ വിലക്കപ്പെടേണ്ടേതും.അതിന് സാധിക്കാത്തിടത്തോളം കാലം ഇത്തരം കാര്യങ്ങളിൽ അസഹിഷ്ണുത പുലർത്തുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ആയാസരഹിതമായ കർമമെന്നത് ‘ഫാസിസം’ ‘ജനാധിപത്യവിരുദ്ധം’ എന്നൊക്കെയുള്ള വലിയ അർത്ഥതലങ്ങളുള്ള വാക്കുകൾ ഇങ്ങനെ പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ പൊടിതട്ടി വിടുകയെന്നത് മാത്രമാണ്.അതേറ്റുപാടി പൊതുജനമധ്യത്തിൽ സ്വീകാര്യമാക്കുന്നതിനു വേണ്ടി അവർ തയ്യാറാക്കിയ ‘പരസ്പരസഹകരണ ‘ പ്രസ്ഥാനങ്ങൾ എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടാകുകയും ചെയ്യും(Mutual Admiration Club).ഇതുപയോഗിച്ച് ഇവരെല്ലാരും കൂടി സാധാരണ ജനങ്ങളെ ഭംഗിയായി ബ്രെയിൻ വാഷ് ചെയ്യുന്നതും നമുക്ക് കാണാൻ സാധിക്കും.ആഴങ്ങളിലേക്കിറങ്ങാതെ..വസ്തുതകൾ മനസ്സിലാക്കാതെ..പരസ്പരം ചെളിവാരിയെറിയുന്നതിനുള്ള ഇടങ്ങളായി പൊതുസംവാദവേദികളെ ഇത്തരക്കാർ ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നത് മാത്രമാണ് ഇതിലെ ഏറ്റവും വേദനാജനകമായ സംഗതി മതത്തിനപ്പുറം,മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് നാമോരോരുത്തരുടേയും യഥാർത്ഥ മാനവികത.തന്നെപ്പോലെ മറ്റുള്ളവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മാനവികതയുടെ അര്‍ത്ഥം പരിപൂര്ണമാകുന്നുള്ളൂ.സ്നേഹിച്ചും സഹകരിച്ചും മനസ്സിലാക്കിയും മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്ന ഒരു സമൂഹമാണ് മാനവികതയുടെ ഉന്നതമൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഒന്ന്..അവനവൻ തീര്‍ത്ത വൃത്തങ്ങളില്‍ നിന്നും പുറത്തുവന്ന് വിശാലമായി ചിന്തിക്കുകയെന്നത് അസഹിഷ്ണുതയുടെ തീണ്ടാപ്പാടുകൾ ചുറ്റിവരിഞ്ഞ ഇക്കാലത്ത് സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നിരിക്കേ തങ്ങളുടെ ക്രിയാത്മകാശയങ്ങളെ വ്യത്യസ്തകോണുകളിലൂടെ കാണാന്‍ ശ്രമിക്കുകയും,തങ്ങളുടെ നിലപാടുകളെ ആത്മവിശ്വാസത്തോടെ പൊതുവേദികളിൽ സംവേദനം ചെയ്യാൻ ശ്രമിക്കുന്നിടത്തോളം കാലം സൂര്യ..ജ്യോതിക നിങ്ങൾ ഇവിടെ ആരേയും ഭയക്കേണ്ടതില്ല.
ഐക്യം❤️സൂര്യ❤️ജ്യോതിക❤️