ലേഡി സൂപ്പർ സ്റ്റാർ എന്ന് മലയാളത്തിൽ വിളിക്കാവുന്ന ഒരേയൊരു നടി ഉർവശി മാത്രമാണ്

61

Sunil Waynz

Born Actress എന്നോ Lady Superstar എന്നോ വിളിക്കാൻ തക്ക പ്രകടനമികവ് സമ്മാനിച്ച നായികനടി മലയാളത്തിലുണ്ടെങ്കിൽ അത് ഉർവ്വശിയാണെന്ന അഭിപ്രായം എനിക്കുണ്ട്.അതിന് ഒരുപാട് കാരണങ്ങളുണ്ട്.മലയാളത്തിലെ ലെജന്ററി സംവിധായകർ എന്ന് വിളിപ്പേരിന് അർഹരായ ഏതാണ്ട് എല്ലാ സംവിധായകർക്കൊപ്പവും വർക്ക് ചെയ്യാൻ അവസരം ലഭിച്ച നടി ഏതാണ്ട് എല്ലാ ശ്രേണിയിൽപ്പെട്ട കഥാപാത്രങ്ങളും ചെയ്ത് വിജയിപ്പിച്ച നടി..എല്ലാത്തരം വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി

സ്വന്തം ശബ്ദത്തിലും ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ശബ്ദത്തിലും ഒരുപോലെ കഥാപാത്രത്തിന്റെ ഭാവതലങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അനിതരസാധാരണമായ മികവ്,കഥാപാത്രത്തിന്റെ സ്‌ക്രീനിലെ ദൈർഘ്യം പരിഗണിക്കാതെ തന്റെ റോളിന്റെ പ്രാധാന്യം മാത്രം,മാനദണ്ഡമാക്കി സിനിമകൾ ഏറ്റെടുത്ത് ചെയ്യാനുള്ള അവരുടെ മനോഭാവം സൂപ്പർതാരചിത്രങ്ങളിലും,താരമ്യേന താരമൂല്യം കുറവുള്ള ജഗദീഷിനെ പോലുള്ള നടന്മാരുടെ ചിത്രങ്ങളിലും ഒരേസമയം നായികയായി അഭിനയിക്കാൻ അവർ പ്രകടിപ്പിച്ച സന്നദ്ധത കച്ചവട സിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരുപോലെ ചെയ്യാനുള്ള മനോഭാവം
എല്ലാ തെന്നിന്ത്യൻ ഭാഷകളും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്

Urvashi Photos [HD]: Latest Images, Pictures, Stills of Urvashi - FilmiBeatഇതിനെല്ലാം പുറമേ സിനിമയോട് എക്കാലവും പുലർത്തുന്ന അദമ്യമായ അഭിനിവേശം…ഇങ്ങനെ നിരവധിയായ കാരണങ്ങൾ കൊണ്ടാണ് അവരെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നത്..സത്യത്തിൽ അവർ അങ്ങനെ ഒരു വിളിപ്പേര് അർഹിക്കുന്നുണ്ട്
ഉർവ്വശിയുടെ അഭിനയമികവിൽ ഒരു കാലത്തും ഏറ്റക്കുറച്ചിലുകൾ വന്നിട്ടില്ല.ഇടക്കെപ്പോഴോ അപ്രതീക്ഷിതമായി ഇടവേളകൾ സംഭവിച്ചപ്പോഴും ആ നടനചാരുതക്ക് ഉടവൊന്നും സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്.ഏത് റോളും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള നടനമികവ് ഇപ്പോഴും ഉർവ്വശിയെ തെന്നിന്ത്യയിൽ വേറിട്ട് നിർത്തുന്നു.ഒടുവിൽ ഇറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ കഥാപാത്രം പോലും അതിന് ദൃഷ്ടാന്തമാണ്

നടി എന്ന നിലക്ക് മറ്റാർക്കും സ്വന്തമായിട്ടില്ലാത്ത ചില്ലറ നമ്പറുകളും പൊടിക്കൈകളും കയ്യാളുന്ന വ്യക്തിയാണ് ഉർവ്വശി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമെന്ന് വ്യക്തിപരമായി അനുഭവപ്പെട്ട ഒരു സംഗതിയെ പ്രത്യേകം എടുത്ത് പരാമർശിക്കാൻ ആഗ്രഹിക്കുന്നു

പണ്ട് ബ്ലാക്ക് & വൈറ്റ് സിനിമകളിൽ ഷീലയടക്കമുള്ള അഭിനേത്രിമാർ പ്രണയരംഗങ്ങൾ അഭിനയിക്കുമ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു കണ്ണുകളുടെ അസാധാരണമാം വിധമുള്ള ഉപയോഗം.പ്രത്യേകിച്ച് നായകൻ പ്രണയം വെളിപ്പെടുത്തുമ്പോൾ അത് കേട്ട് വ്രീളാവിവശയായി തീരുന്ന നായികക്ക് Sudden ആയി ഉടലെടുക്കുന്ന Reaction പ്രകടിപ്പിക്കുന്നത് മിക്കവാറും കണ്ണുകളുടെ അസാധാരണമാം വിധമുള്ള ചിമ്മലുകളും പതിവിൽ കവിഞ്ഞ വെട്ടിമിഴിക്കലുകളും വഴിയായിരുന്നു.കാലക്രമേണ സിനിമകൾക്കൊപ്പം നടീനടന്മാരുടെ ശരീരഭാഷയും മൊത്തത്തിൽ മാറി മറിഞ്ഞപ്പോൾ ഈ സംഭവം അപ്രസക്തമായി തീരുകയായിരുന്നു..

ഇതേ സംഭവം തന്നെയാണ് പിന്നീട് ഉർവ്വശി ഉപയോഗിച്ചത്,അതും ഹാസ്യരംഗങ്ങളിൽ.ഹാസ്യരംഗങ്ങളിൽ അഭിനയിക്കുമ്പോൾ കണ്ണുകളുടെ ചലനം വഴി മൊത്തത്തിൽ ആ രംഗത്തെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചു വിടാൻ കഴിവുള്ള അസാധ്യഅഭിനേത്രിയാണ് ഉർവശി.യോദ്ധയിൽ ജഗതിയോട് പറയുന്ന ഉർവശിയുടെ ഒരു ഡയലോഗ് തന്നെയാണ് ഇതിനോട് അനുബന്ധമായി എടുത്ത് പറയാൻ ആഗ്രഹിക്കുന്നത്

“തോൽക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും അപ്പുവേട്ടന്റെ മുഖം കാണാൻ നല്ല ചേലാ അമ്മായി” യോദ്ധ സിനിമയിൽ കഷ്ടി 4 സെക്കൻഡ് മാത്രം വരുന്ന സംഭാഷണ ശകലമാണിത്..പക്ഷേ നിമിഷനേരം കൊണ്ട്,കണ്ണുകൾ വെട്ടിമിഴിച്ചുള്ള ഉർവശിയുടെ ടൈമിംഗ് ഈ ഈ രംഗത്തെ വേറിട്ട് നിർത്തുന്നു.പതിവിലധികം നേരം ഉർവശി ഈ രംഗത്ത് കണ്ണ് ചിമ്മുന്നുണ്ട്.ഇത് ഉർവശി സ്പോട്ട് Improvise ചെയ്തതാണോ എന്നറിയില്ല..പക്ഷേ ഇന്നും ഈ രംഗത്തിന്റെ Rewatchblityക്ക് പിന്നിൽ ജഗതിക്കൊപ്പമോ അതിനപ്പുറമോ ഉർവശിയുടെ ഈ പ്രകടനത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.

കൗതുകകരമായ മറ്റൊരു സംഗതി കൂടിയുണ്ട്, യോദ്ധ പുറത്തിറങ്ങുന്നതിനും ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ‘കടിഞ്ഞൂൽ കല്യാണം’ എന്ന ജയറാം സിനിമയിലും ഇതേ ഐറ്റം ഉർവശി ഉപയോഗിച്ചിട്ടുണ്ട്
“ഞങ്ങളുടെ തറവാട്ട് പറമ്പിന്റെ അതിരിൽ തേൻ കിനിയുന്ന ഒരു മാവ് ഉണ്ടായിരുന്നുവെന്ന് ഞാൻ സുധാകരേട്ടനോട് പറഞ്ഞിട്ടില്ലേ” എന്ന് ജയറാമിനോട് പറയുന്നതിനിടെ യോദ്ധയിൽ ഉപയോഗിച്ച കണ്ണുകളുടെ അതേ മാനറിസം ഉർവ്വശി ഉപയോഗിച്ചിരിക്കുന്നതായി കാണാം.ഉർവശി ചെയ്ത് വച്ച ഇതേ സംഭവം പിൽക്കാലത്ത് പല അഭിനേത്രികളും അനുകരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.എങ്കിലും അതെല്ലാം കേവലം വികലമായ അനുകരണങ്ങൾ മാത്രമായാണ് വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.(ഗാന്ധർവം എന്ന സിനിമയിൽ ഉർവശിയുടെ സഹോദരി കല്പനയും ഏതാണ്ട് ഇത് പോലെ ഒരെണ്ണം ചെയത് വച്ചിട്ടുണ്ട്..മോഹൻലാൽ അവതരിപ്പിക്കുന്ന സാം എന്ന കഥാപാത്രം താതകണ്വൻ തപോവനത്തിൽ നിന്നും ഇനിയും മടങ്ങിയെത്തിയില്ലേ ശകുന്തളേ എന്ന ഡയലോഗ് പറയുമ്പോൾ കല്പനയുടെ മറുപടി കണ്ണുകൾ കൊണ്ടാണ്..ശരിക്കും ഉർവ്വശി ചെയ്‌തതിന് സമാനമായ ഒന്ന്) നൈമിഷികം എന്ന് ലളിതമായി വിശേഷിപ്പിക്കാവുന്ന ഇത്തരം സന്ദർഭങ്ങളാകും ഇടക്കെങ്കിലും ഒരു നടന്റെ/ഒരു നടിയുടെ Spark വെളിപ്പെടുന്ന അപൂർവം നിമിഷങ്ങളിൽ ഒന്ന്.