കരിയറിൽ അധികം ഹ്യൂമർ വേഷങ്ങളൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും അത്തരം കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുന്നതിൽ ഒരു പ്രത്യേകമികവുണ്ട് വിജയരാഘവന്

42

Sunil Waynz

മേലേപറമ്പിൽ ആൺവീട് എന്ന സിനിമ ഏറ്റവും പ്രിയപ്പെട്ടതാകുന്നത്,മലയാളസിനിമയെ കിടുകിടാ വിറപ്പിച്ച വില്ലൻമാരെല്ലാം നല്ല പച്ചമനുഷ്യരായി നാട്ടിൻപുറത്തേക്ക് ഇറങ്ങി വന്നത് കൊണ്ടുകൂടിയാണ്. നരേന്ദ്രപ്രസാദ്,ജനാർദ്ദനൻ,പറവൂർ ഭരതൻ,വിജയരാഘവൻ. കൂട്ടത്തിൽ വിജയരാഘവന്റെ പേര് എടുത്ത് പറയാൻ തന്നെ ആഗ്രഹിക്കുന്നു. ജയറാം,നരേന്ദ്രപ്രസാദ്,ജഗതി,ജനാർദ്ദനൻ,മീന എന്നിവരുടെ പ്രകടനങ്ങളെല്ലാം ഇപ്പോഴും ചർച്ചയാകുമ്പോൾ അത്ര കണ്ട് വാഴ്ത്തി പാടാത്ത വേഷപ്പകർച്ചയായിരുന്നു ഈ സിനിമയിൽ വിജയരാഘവന്റേത്!

എന്തൊരു പെർഫെക്ട് കാസ്റ്റിംഗ് ആണ് ഈ സിനിമയിൽ പുള്ളിയുടേത്..അതിനനുസരിച്ച കിടിലോൽക്കിടിലൻ പെർഫോമൻസും ഗോഡ് ഫാദർ എന്ന സിനിമയിൽ ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രത്തിന് തത്തുല്യമായൊരു വേഷപ്പകർച്ച തന്നെയാണ് മേലേപറമ്പിൽ ആൺവീടിലെ വിജയരാഘവന്റെ കഥാപാത്രത്തിന്റേതും..ശാരീരികമായി കരുത്തനാണെങ്കിൽ പോലും അച്ഛന്റെ നിഴൽവട്ടത്ത് ജീവിക്കുന്ന..അച്ഛനെ ഏറെ ഭയപ്പെട്ട് ജീവിക്കുന്ന കഥാപാത്രം.പുറംലോകത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ..യാതൊരു ലക്ഷ്യബോധവുമില്ലാതെ ഇന്നിന്റെ ജീവിതം നയിച്ചു ജീവിക്കുന്ന ഒരു സാധുമനുഷ്യൻ..പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അലസനായി ഒരു കാട് വെട്ടിത്തളിക്കുന്ന സീൻ കാണിച്ചാണ് ഈ സിനിമയിൽ ഇങ്ങേരുടെ ഇൻട്രോ തന്നെ..അതിൽ തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ പ്രത്യക്ഷത്തിൽ പ്രകടമാണ്..സിനിമയിൽ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം,വിജയരാഘവന്റെ ഗോപീകൃഷ്ണൻ എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് ഒരു കതിന പൊട്ടുന്ന പോലെയായിരുന്നെടോ അവന്റെ ജനനം എന്ന് പറഞ്ഞു കൊണ്ടാണ്!!

കരിയറിൽ അധികം ഹ്യൂമർ വേഷങ്ങളൊന്നും ചെയ്യാൻ വിജയരാഘവന് സാധിച്ചിട്ടില്ല..പക്ഷേ അത്തരം കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുന്നതിൽ ഒരു പ്രത്യേകമികവുണ്ട് താനും..ഈ സിനിമ..ശിപായി ലഹള..സോൾട്ട് & പെപ്പർ..എത്രയോ ഉദാഹരണങ്ങൾ..ഈ സിനിമയിൽ തന്നെ അച്ഛനെ പേടിച്ച് മരത്തിന്റെ മുകളിൽ ഓടിക്കയറി ഇരിക്കുന്ന സീനിലൊക്കെ എന്തൊരുഗ്രൻ പെർഫോമൻസ് ആണ് പുള്ളിയുടേത്..ശരിക്കും അക്കാലത്ത് അങ്ങേരുടെ ശരീരഭാഷയിൽ നിന്ന് ഇത്തരമൊരു ട്രാൻസ്ഫോർമേഷൻ ലെവൽ ആരും പ്രതീക്ഷിച്ചു കാണില്ല,അതും ഏകലവ്യൻ പോലൊരു ബ്ലോക്ക്ബസ്റ്ററിൽ ചേറാടി കറിയയായി അഭിനയിച്ചു തകർത്ത അതേ മനുഷ്യനാണ് കേവലം മാസങ്ങളുടെ ഇടവേളയിൽ ഇത് പോലൊരു പരമസാധുവായി സ്ക്രീനിൽ പ്രത്യക്ഷപെട്ടത് എന്ന് ആലോചിക്കുമ്പോൾ തന്നെ കൗതുകം..ശരിക്കും ആ കൗതുകം തന്നെയാണ് ആ കഥാപാത്രത്തിന്റെ ഭംഗി..ആ സിനിമയുടെയും!!

നല്ല നടനെന്ന പറച്ചിൽ എവിടെയും കേട്ടിട്ടില്ല,അങ്ങനെയാരും പറയാറുമില്ല..അത്തരമൊരു അവകാശവാദമില്ല,അതിന് വേണ്ടി മെനക്കെടാറുമില്ല..പക്ഷേ തേടി വരുന്ന വേഷങ്ങൾ എന്ത് തന്നെയായാലും,അത് അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ വിജയരാഘവൻ എന്ന നടന് മലയാളസിനിമയിൽ അന്നും ഇന്നും ഒരു പ്രത്യേകസ്ഥാനമുണ്ട്.

Advertisements