ക്രിക്കറ്റ് അല്ലാത്തൊരു കായികവിനോദം ചർച്ചചെയ്യപെടാതിരുന്ന ഇന്ത്യയിൽ ചക് ദേ ഇന്ത്യ ഒരു ധീരമായ ശ്രമമായിരുന്നു

0
367

Sunil Waynz

“മനസ്സ് കൊണ്ട് ആ പെനാൽറ്റി എടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല..പക്ഷേ എന്റെ മുൻപിൽ മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല..ഞങ്ങളുടെ ക്യാപ്റ്റൻ റിഗോബെര്ട്ട്‌ സോംഗോ പോലും ആ പെനാൽറ്റി എടുക്കാൻ കൂട്ടാക്കിയില്ല..കാരണം ആ പെനാൽറ്റി ഒന്ന് പിഴച്ചാല് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഞങ്ങളുടെ ടീമിലുള്ളവർക്കെല്ലാം വ്യക്തമായ ധാരണ ഉണ്ടായിരുന്നു..പക്ഷേ എനിക്ക്‌ ഉറച്ച ധൈര്യമുണ്ടായിരുന്നു..അത് കൊണ്ടാണ് അതിന്റെ വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാതെ ഞാൻ നേരെ പെനാല്റ്റി ബോക്സിലേക്ക് നടന്നടുത്തത്‌”!!

2005 ഒക്ടോബര് എട്ടിന് നടന്ന ലോകകപ്പ്‌ ഫുട്ബോള് യോഗ്യതാ റൗണ്ട് മത്സരത്തില് ഈജിപ്തിനെതിരെ അവസാന മിനിറ്റില് ലഭിച്ച പെനാല്റ്റി നഷ്ടപ്പെടുത്തിയ കാമറൂണ് ഡിഫണ്ടര് പിയറെ ലെന്ഡ്‌ വോമെ ദിവസങ്ങള്ക്കു ശേഷം ആ നിമിഷത്തെക്കുറിച്ച്‌ വിവരിച്ചത്‌ ഇങ്ങനെയാണ്‌✌️✌️ക്രോസ്ബാറിന് മുകളിൽ കുതിച്ചു പാഞ്ഞ പന്തിനൊപ്പം കാമറൂണിന്റെ ലോകകപ്പ്‌ സ്വപ്നങ്ങളും കാറ്റില് പറന്ന് പോവുകയായിരുന്നു.ആ കളിക്ക് ശേഷം ഫോണിലൂടെ തുടർച്ചയായി വന്ന വധഭീഷണികൾ നവോമെക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു.പക്ഷേ,ആയുസ്സിന്റെ പുസ്തകത്തിൽ തുടർന്നും ജീവിക്കാൻ അവസരം ലഭിച്ച വോമെ രാജ്യാന്തര ഫുട്ബോളിലും ഒപ്പം ക്ലബ് ഫുട്‌ബോളിലും പിന്നീട് ദീർഘകാലം സുവർണശോഭയോടെ വിരാജിച്ചു.

കളിക്കളത്തിൽ ബോധപൂര്വമല്ലാതെ സംഭവിക്കുന്ന വീഴ്ചയുടെ പേരില് വഞ്ചകരാകാൻ വിധിക്കപ്പെടുകയെന്നത് കായികരംഗത്തുള്ളവരുടെ വിധിയാണ്.രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്താൻ നിയോഗിക്കപ്പെട്ടവർ ബോധപൂർവ്വമല്ലാത്ത തെറ്റിന്റെ പേരിൽ വലിയ രീതിയിൽ ക്രൂശിക്കപ്പെടുന്നത് തീർത്തും വിരോധാഭാസമായി മാത്രമേ കാണാനാകൂ.കളിക്കളത്തിൽ സംഭവിച്ച അബദ്ധങ്ങളുടെ പേരിൽ ജീവിതം നഷ്ടമായവരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് തീർച്ചയായും കൊളംബിയയുടെ ആന്ദ്രെ എസ്‌കോബാറിനെ തന്നെയാണ്.ഒറ്റ നിമിഷം കൊണ്ട് രാജ്യദ്രോഹിയായും,ഒറ്റുകാരനായും ഒപ്പം വെറുക്കപ്പെട്ടവനുമായി തീരുക,കൂടെ ജീവിതവും നഷ്ടമാവുക.എസ്കോബാറിന്റെ ദുരന്തം സത്യത്തിൽ സമാനതകളില്ലാത്തതാണ്.അമേരിക്കയില് നടന്ന 1994ൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ ആതിഥേയരായ അമേരിക്കയ്‌ക്കൊപ്പം ഗ്രൂപ്പ് A യിലായിരുന്നു കൊളംബിയ.ആ വര്ഷത്തെ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് കൊളംബിയ പുറത്തായത് എസ്‌കോബാർ നേടിയ ഒരൊറ്റ സെല്ഫ് ഗോളിന്റെ പേരിലായിരുന്നു.1994 ജൂണ് 22 ന് റോസ്ബൗളില് നടന്ന മത്സരമായിരുന്നു എസ്‌കോബാര് എന്ന കൊളംബിയന് താരത്തിന്റെ ജീവിതത്തിന്റെ വിധി നിര്ണയിച്ചത്.‘പാളിച്ചകളില്ലാത്ത പ്രതിരോധനിരയുടെ കാവലാള്’ എന്ന് വിശേഷണമുള്ള എസ്‌കോബാറിനെ വിധി തിരിഞ്ഞുകൊത്തിയ കാഴ്ച അത്യന്തം വേദനാജനകമായിരുന്നു.അമേരിക്കക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില് എസ്‌കോബാറിന്റെ കാലുകള് കൊളംബിയയുടെ പതനത്തിന് കാരണമായി.മത്സരത്തിന്റെ 35-ാം മിനിറ്റില് കൊളംബിയയുടെ ഏറ്റവും മികച്ച പ്രതിരോധഭടന് എന്ന് വിശേഷമുള്ള എസ്‌കോക്ക് വലിയ വീഴ്ച പറ്റി.ആരും പ്രതീക്ഷിക്കാത്ത സമയത്ത് കൊളംബിയയുടെ പോസ്റ്റില് ഒരു സെല്ഫ് ഗോള്!!

മത്സരത്തിന്റെ 52-ാം മിനിറ്റില് സ്റ്റുവര്ട്ടിലൂടെ അമേരിക്കയുടെ രണ്ടാമത്തെ ഗോളും പിറന്നു.കൊളംബിയ ലോകകപ്പില് നിന്ന് പുറത്തുപോകുമെന്ന് ഏതാണ്ട് പൂർണ്ണമായും ഉറപ്പായി കഴിഞ്ഞു.ഒരു ഗോള് പോലും തിരിച്ചടിക്കാന് കഴിയാതെ കൊളംബിയ തലകുനിച്ചു നിന്നു.അമേരിക്ക രണ്ടാമത്തെ ഗോള് നേടി എന്ന ഒറ്റകാരണത്താല് എസ്‌കോബാറിന്റെ ഓണ് ഗോള് കാര്യമായ പ്രതിഷേധങ്ങള്ക്ക് വഴിയൊരുക്കില്ലെന്ന് ഫുട്‌ബോള് ലോകം ആ സമയം കൊണ്ട് തന്നെ വിലയിരുത്തിയിരുന്നു.എന്നാല്, മത്സരത്തിന്റെ 90-ാം മിനിറ്റില് വലെന്സിയയിലൂടെ അമേരിക്കയുടെ ഗോള് വല കൊളംബിയ കുലുക്കി (മത്സരം 2–1).കൊളംബിയയുടെ പോസ്റ്റിന് മുന്നില് നില്ക്കുന്ന എസ്‌കോബാറിന്റെ മുഖം മെല്ലെ വിളറിവെളുത്തു.അയാളുടെ മുഖപടലങ്ങളിൽ വിയർപ്പു കണികകൾ പൊടിയാൻ തുടങ്ങി..ഉരുക്കുബലമുള്ള അയാളുടെ വെളുത്ത കാലുകള് പതിവില്ലാതെ വിറക്കാന് തുടങ്ങി..മത്സരത്തിന്റെ അവസാന വിസില് മുഴങ്ങി അമേരിക്ക വിജയികളാകുന്നു..ഒപ്പം കൊളംബിയ പുറത്തേക്കും പോകുന്നു

എസ്‌കോബാറിന്റെ ഓണ് ഗോളാണ് കൊളംബിയയെ പുറത്താക്കിയതെന്ന്
ഫുട്‌ബോള് ലോകം മുഴുവന് വിധിയെഴുതി.വലിയ പൊട്ടിത്തെറികള് ഉണ്ടാകുമെന്ന് ലോകം കരുതിയെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട എസ്‌കോക്ക് ഒരു ദുർബലനിമിഷത്തിൽ സംഭവിച്ച അബദ്ധത്തിന് കൊളംബിയയിലെ കാല്പന്ത് ആരാധകര് കാര്യമായ പ്രതിഷേധമൊന്നും നടത്തിയില്ല.കാരണം മിതഭാഷിയും ശാന്തസ്വഭാവക്കാരനായ എസ്കോ അത്രമേൽ കൊളംബിയൻ ജനതക്ക് പ്രിയപ്പെട്ടവനായിരുന്നു.ലോകകപ്പില് നിന്ന് പുറത്താക്കിയതിന്റെ നിരാശ ആരും എസ്‌കോബാറിനോട് പരസ്യമായി പ്രകടിപ്പിച്ചതുമില്ല.എന്നാല്, എസ്‌കോബാറിന്റെ കാലുകള് കൊളംബിയക്ക് വേണ്ടി പിന്നീട് പന്തു തട്ടിയതേയില്ല.“നിങ്ങള് നല്ല പന്തുക്കളിക്കാരനായിരിക്കാം..പക്ഷേ, നിങ്ങളുടെ കാലില് നിന്ന് പിറന്ന ഒരേ ഒരു ഗോളിലാണ് നമ്മുടെ രാജ്യം തോറ്റിരിക്കുന്നത്..നിങ്ങള് ഇനിയും ജീവിക്കാന് പാടുള്ളതല്ല..ഗോൾ..ഗോൾ..ഗോൾ”..കൊളംബിയയിലെ മെഡിലിൻ ബാറിൽ സുഹൃത്തുകളോടൊപ്പം ചിലവഴിക്കാൻ വന്ന എസ്‌കോബാറിന്റെ മുഖത്ത് നോക്കി ഇത്രയും പറഞ്ഞു കൊണ്ടാണ് ഹാംബർട്ടോ കാസ്ട്രോ എന്ന് പേരുള്ള അക്രമി തുടര്ച്ചയായി 12 തവണ എസ്കോബാറിന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചത്!!

കായിക രംഗത്ത് ഇത്തരം നിരവധിയായി സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്.ഒത്തുകളിയുടെ പേരിലും മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിലും കളി തോൽക്കാൻ കാരണക്കാരായതിന്റെ പേരിലുമാണ് കായിക താരങ്ങൾ ഇന്ത്യയിൽ പ്രധാനമായും ക്രൂശിക്കപ്പെട്ടിട്ടുള്ളത്.അത്തരം ക്രൂശിതരായ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പ്രശസ്ത ഗോൾകീപ്പർ സുബ്രതോപോളിനെയാണ്.ബോധപൂർവ്വമല്ലാത്ത ഒരു മരണത്തിന്റെ പേരിൽ ഈ ചെറുപ്പക്കാരൻ അനുഭവിച്ച ദുരന്തത്തിന്റെ വേദന..സഹനം..അതിന്റെ വ്യാപ്തി സമാനതകൾ ഇല്ലാത്തതാണ്.

അങ്ങ് ദൂരെ ബ്രസീലിൽ നിന്ന് ക്രിസ്റ്റ്യാനോ ജൂനിയർ ഡി ലെമ എന്ന ഫുട്ബോൾ താരം ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനകാരണം കൊൽക്കത്തൻ ഫുട്‌ബോൾ ഭീമൻമാരായ ഈസ്റ്റ് ബംഗാൾ വച്ച് നീട്ടിയ 15 ലക്ഷം എന്ന താരതമ്യേന വലിയ തുകയായിരുന്നു.4000ത്തിലധികം രജിസ്ട്രേഡ് പ്രഫഷണൽ ഫുട്‌ബോൾതാരങ്ങൾ ഉള്ള ബ്രസീലിലെ സാവോപോളോയിൽ നിന്ന് അന്നത്തേക്കുള്ള തുക കിട്ടാൻ പോലും തീർത്തും കഷ്ടപ്പെടുന്ന കാലത്താണ് ഇങ്ങ് ദൂരെ ഇന്ത്യയിൽ നിന്ന് ഒരു ഫുട്‌ബോൾ ക്ലബ് മോഹിപ്പിക്കുന്ന തുക വച്ചുനീട്ടി ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ചെറുപ്പക്കാരനെ പ്രലോഭിപ്പിച്ചത്.വലിയ വാഗ്ദാനം തന്റെ മുൻപിൽ വന്ന് മാടി വിളിച്ചപ്പോൾ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല ക്രിസ്ത്യാനോയ്ക്ക്.കാരണം അമ്മയും ഭാര്യ ജൂലിയാനയും ഉൾപ്പെടുന്ന ദരിദ്രകുടുംബം..വീട്ടു വാടക..നിത്യവൃത്തി..എല്ലാം നടത്തിക്കൊണ്ടു പോകാൻ ഈ ഓഫർ കണ്ണുമടച്ച് സ്വീകരിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.അങ്ങനെ 2003 ഡിസംബറിൽ ബ്രസീലിൽ നിന്നുള്ള പുതിയ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ചെറുപ്പക്കാരൻ കൊൽക്കത്തൻ വിമാനത്താവളത്തിൽ കാലുകുത്തി.

ക്രിസ്റ്റ്യാനോ വരുന്നതിന് മുൻപ് ആ വർഷത്തെ ദേശീയ ലീഗ് ഫുട്‌ബോളിൽ അയാളുടെ ക്ലബായ ഈസ്റ്റ് ബംഗാളിന്റെ തുടക്കം പരിതാപകരമായിരുന്നു.ആകെ കളിച്ച 3 കളികളിൽ ഒരു തോൽവിയും രണ്ട് സമനിലയും.ഈ നിലയിൽ ആടിയുലഞ്ഞ് നിൽക്കുന്ന ഒരു ടീമിലേക്ക് 26 ആം നമ്പർ ജേഴ്സിയിൽ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലേക്ക് കയറി വന്നത് തങ്ങളുടെ രക്ഷകനാണെന്ന് കടുത്ത ഈസ്റ്റ് ബംഗാൾ ഫാൻസ് പോലും അറിഞ്ഞിരുന്നില്ല.ആരും അങ്ങനെയൊരു താരോദയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.എന്നാൽ പിന്നീട് ദേശീയ ലീഗ് കണ്ടത് പുതിയൊരു സൂപ്പർ താരത്തെയാണ്.18 മൽസരങ്ങളിൽ 15 ഗോളുകൾ,സഹതാരം ബൈച്ചുങ് ബൂട്ടിയയുമൊത്ത് ദേശീയ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം(ബൂട്ടിയ ആ വർഷം 12 ഗോളുകൾ നേടി)ആ വർഷത്തെ ദേശീയ ലീഗ് ഈസ്റ്റ് ബംഗാളിന്റെ ഷെൽഫിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലിയൻ മാന്ത്രികന്റെ കാലുകളായിരുന്നു.വെറും 18 മൽസരങ്ങൾ കൊണ്ട് ഇന്ത്യയിലേ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയർ.തൊട്ടടുത്ത വർഷം ഗോവൻ വമ്പന്മാരായ ഡെംപോ ഗോവയിലേക്ക് കൂടുമാറിയത് ആ വർഷത്തെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസിലാണ്.ഏതാണ്ട് .22 ലക്ഷം രൂപ!!ബ്രസീലിൽ ജനിച്ചു വളർന്ന ക്രിസ്റ്റ്യാനോയ്ക്ക് കൊൽക്കത്തയേക്കാൾ ചേരുന്നത് ഗോവയായിരിക്കും എന്നതും കൂടി കണക്കിലെടുത്തായിരുന്നു ബംഗാൾ വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്.2004ലെ ഫെഡറേഷൻ കപ്പിന്റെ ഫൈനൽ.ഡെംപോയ്ക്ക് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മേജർ ഫൈനലിന് ബംഗലുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങ്ങിയപ്പോൾ ആരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോളിലെ വലിയ ദുരന്തത്തിനാണ് തങ്ങൾ സാക്ഷിയാകാൻ പോകുന്നതെന്ന്.മോഹൻ ബഗാനും ഡെംപോയും തമ്മിലുള്ള വാശിയേറിയ പോരാട്ടം..ഇന്ത്യയിലേ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം ഡെംപോയുടെ വെളുത്ത 10ആം നമ്പർ കുപ്പായത്തിൽ നിറചിരിയോടെ മൈതാനത്തേക്ക് നടന്നടുത്തു.ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെംപോ മൽസരത്തിൽ ലീഡെടുത്തു.താൻ എന്ത് കൊണ്ട് ഏറ്റവും മൂല്യമുള്ള താരമാണ് എന്ന് വിളിച്ചറിയിക്കുന്ന ക്ലിനിക്കൽ ഫിനിഷിംഗോടു കൂടിയ ഒന്നാന്തരം ഗോൾ ബഗാൻ വലയിൽ മൂളി പറന്നിറങ്ങുന്നത് നോക്കിനിൽക്കാനേ ബഗാൻ ഗോളി സുബ്രതോ പാലിന് സാധിച്ചുള്ളൂ.രണ്ടാം പകുതിയുടെ 78 ആം മിനുറ്റ്,ബഗാൻ ബോക്സിലേക്ക് കുതിച്ചു കയറുകയായിരിന്നു ക്രിസ്റ്റ്യാനോ.അപകടം മണത്ത സുബ്രതോപോൾ ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ട് കുതിച്ചു,പക്ഷേ ബോക്സിനു തൊട്ടു പുറത്ത് വെച്ച് ക്രിസ്റ്റ്യാനോ പന്ത് തന്റെ വലം കാലു കൊണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു.തന്റെ രണ്ടാം ഗോളും ഡെംമ്പോയുടെ വിജയവും പോക്കറ്റിലാക്കിയെങ്കിലും മരണമെന്ന അനിവാര്യമായ വിധിയെ തടുക്കാൻ അയാൾക്ക് സാധിച്ചില്ല.തന്നെ തടയാൻ വന്ന സുബ്രതോയുമായി കൂട്ടിയിടിച്ച ക്രിസ്റ്റ്യാനോ പിന്നീടൊരിക്കലും എഴുന്നേറ്റില്ല.ഡെംപോ താരങ്ങൾ കൂട്ടമായി മൈതാനത്തിന്റെ മൂലയിൽ വിജയമാഘോഷിക്കുമ്പോൾ കൂട്ടിയിടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട് സൈഡ് ലൈനിൽ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.സ്വാഭാവികമായും അയാൾ ഗോൾ ആഘോഷിക്കുകയായിരിക്കും എന്നാണ് കളിക്കാരും കാണികളും കരുതിയത്.എങ്കിലും ക്രിസ്റ്റ്യാനോയുടെ കിടപ്പിൽ അസ്വാഭാവികത മണത്ത അയാളുടെ സഹതാരങളായ റാന്റി മാർട്ടിൻസും ആർ.സി പ്രകാശും ഓടി വന്ന് അയാളെ നോക്കി.കാര്യം മനസ്സിലായ അവർ കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവൻ പിടിച്ചു നിർത്താനും ബോധം തിരിച്ചെടുക്കാനും പരിശ്രമിച്ചു.ഡെംപോയിലെ അയാളുടെ സഹതാരം ആർ.സി.പ്രകാശ് മെഡിക്കൽ സഹായത്തിനായി അലറി വിളിച്ചു കരഞ്ഞു.പക്ഷേ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ഇച്ഛാശക്തിയുടെയും സംഘടനാപാടവത്തിന്റെയും ഫലമായി ആവശ്യത്തിന് മെഡിക്കൽ സ്റ്റാഫുകളോ ആംബുലൻസോ അവിടെ സജ്ജീകരിച്ചിട്ടില്ലായിരുന്നു.ഏറെ വൈകി ബാംഗ്ലൂർ ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ക്രിസ്റ്റ്യാനോയുടെ വിലപ്പെട്ട ജീവൻ അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.പിന്നീട് നടന്നത് വെറും ചടങ്ങ് മാത്രം.മൽസരം 2-0ത്തിന് ഡെംപോ സ്വന്തമാക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിലും സ്റ്റേഡിയത്തിലും ഉയർന്ന് കേട്ടത് ആ ജീവൻ തിരിച്ചു കിട്ടാനുള്ള മൗനപ്രാർത്ഥനയായിരുന്നു.പക്ഷേ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി കൊണ്ട് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക അറിയിപ്പ് അവരെ തേടിയെത്തി. “CRISTIANO JUNIOR IS NO MORE “. ഡ്രസ്സിംഗ് റൂമിലിരുന്ന് പൊട്ടിക്കരയാനല്ലാതെ ക്രിസ്ത്യാനോയുടെ കോച്ച് അർമാണ്ടോ കൊളോസൊയ്ക്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.ജീവന്റെ ചുവപ്പ് കാർഡ് സ്വയമേറ്റുവാങ്ങി ക്രിസ്റ്റ്യാനോ അപ്പോഴേക്കും മരണത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു.ഫുട്ബോളിനെ മനസ്സാൽ വരിച്ച് ഗോളുകളിൽ സന്തോഷം തിരഞ്ഞവൻ ഒടുവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങ്ങി.ഒരുപക്ഷേ അല്പം നേരത്തെ അവശ്യചികിത്സ കിട്ടിയിരുന്നെങ്കിൽ നിലനിർത്താമായിരുന്ന ഒരു ജീവൻ,ഫുട്‌ബോൾ അധികൃതരുടെ അനാസ്ഥയുടെ അടയാളമായി ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു.ബോധപൂർവം സംഭവിച്ചതല്ലെങ്കിലും സംഭവത്തിൽ ബലിയാടായത് ഗോളി സുബ്രതോ പോളാണ്..നിരാശ..ഒറ്റപ്പെടൽ..കുത്തുവാക്കുകൾ..അവഗണന..അവഹേളനം..അയാളുടെ മാനസിക നില തന്നെ തീർത്തും തകരാറിലായി..കുറെ കാലം വിഷാദരോഗിയായി..ഒറ്റക്കുള്ള ജീവിതം നയിച്ചു…ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അയാൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അത് സ്പോർട്സിലെ പകരം വയ്ക്കാനില്ലാത്ത അതിജീവനത്തിന്റെ ഉദാത്തമായ മാതൃകയായി മാറി

കളിക്കളത്തിലെ നിര്ണായകമുഹൂര്ത്തങ്ങളില് സംഭവിക്കുന്ന ബോധപൂർവമല്ലാത്ത വീഴ്ച്ചയുടെ പേരില് വഞ്ചകരായി മുദ്ര ചാർത്തുന്ന താരങ്ങള് നിരവധിയാണ്‌.എസ്കോബാറിന്റെ വിധി നിർണയിച്ചത് കാസ്ട്രോയാണെങ്കിൽ ക്രിസ്ത്യാനോയുടെ ജീവനെടുത്ത സുബ്രതോ പോളിനും ക്രിക്കറ്റ് താരം ഫിൽ ഹ്യൂസിന്റെ ജീവനെടുത്ത സീൻ ആബട്ടിനുമെല്ലാം അറിയാതെ സംഭവിച്ചു പോയ തെറ്റിന്റെ പേരിൽ പാപഭാരം പേറി ശിഷ്ടകാലം മുഴുവൻ കണ്ണീരുപ്പോടെ ജീവിക്കാനാണ് വിധി.പക്ഷേ അപൂര്വം ചിലര്ക്ക്‌ മാത്രം തങ്ങളുടെ തെറ്റ് തിരുത്താനും സത്യസന്ധത തെളിയിക്കാനും പിന്നീട്‌ അവസരം ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ കായിക ചരിത്രത്തിൽ അത്തരത്തിൽ ഒരു അവസരം ലഭിച്ച വ്യക്‌തിയാണ് ഇന്ത്യന് ഹോക്കി ടീമിന്റെ മുന് ഗോള്കീപ്പറായ മീര് രഞ്ജന് നേഗി♥️♥️

ചെറുപ്പത്തിലേ ഹോക്കിയോട് അതിയായ താല്പര്യം കാണിച്ചിരുന്ന നേഗിക്ക് അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിലേക്ക് വിളി വന്നു.പക്ഷേ അയാളുടെ ജീവിതം മാറി മറിയാൻ അധികം സമയം വേണ്ടി വന്നില്ല.1982ലെ ഡൽഹി ഏഷ്യൻ ഗെയിംസ്..ഏഷ്യൻ ഗെയിംസ് ഫൈനലില് ആദ്യമായിട്ടായിരിന്നു ഇന്ത്യയും പാകിസ്താനും നേര്ക്കുനേര് വരുന്നത്,അതും ഇന്ത്യയുടെ സ്വന്തം മണ്ണില്.ദൂരദര്ശന് ആദ്യമായി തത്സമയം സംപ്രേഷണം ചെയ്ത കായികമത്സരം കൂടിയായിരുന്നു ഇത്.പതിനായിരങ്ങള് ടിക്കറ്റ് കിട്ടാതെ മടങ്ങി.ലക്ഷങ്ങള് നിതാന്തമായ പ്രാര്ത്ഥനകളോടെ ജാഗരൂകരായി ദൂരദര്ശന് മുന്നില് കളി കാണാൻ കണ്ണും നട്ട് കാത്തിരുന്നു.കളി കാണാന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഗ്യാനി സെയില്സിങ്ങും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കൂടി എത്തിയതോടെ കേവലമൊരു കായികമത്സരം എന്നതിലുപരി മത്സരത്തിന് അക്ഷരാർത്ഥത്തിൽ
ഒരു രാഷ്ട്രീയമാനം കൈവരിച്ചിരുന്നു.കടുത്ത സമ്മര്ദ്ദം കാരണം മത്സരത്തിന്റെ തലേദിവസം തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ടീമംഗം മുഹമ്മദ് ഷഹീദ് പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.എന്നാല്, അഭിമാനമത്സരത്തില് ഇന്ത്യയെ കാത്തിരുന്നത് ദയനീയ പരാജയമായിരുന്നു,അതും ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ഇന്ത്യ തകർന്നടിഞ്ഞു.(1-7).ഹസ്സന് സര്ദാറും കലിമുള്ളയും ഹനീഫ് ഖാനും അടങ്ങുന്ന പാക് ആക്രണനിരയുടെ പോരാട്ടവീര്യത്തിന് മുന്നില് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ടീം നിഷ്പ്രഭരായിപ്പോയി.ഇന്ത്യന് ഹോക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്വികളിലൊന്നിന്റെ മുഴുവൻ ഉത്തരവാദിത്വവും പേറേണ്ടിവന്നത് ഒരാൾക്ക് മാത്രം..ഗോൾകീപ്പർ മിർ രഞ്ജൻ നേഗിക്ക്..പാകിസ്ഥാൻ അടിച്ചു കൂട്ടിയ ഏഴ് ഗോളുകളും ശരിക്കും നേഗിയുടെ മേൽ വന്ന് പതിച്ച വെടിയുണ്ടകളായിരുന്നു.പരിക്കേറ്റ രജീന്ദര്സിങ്ങിനെ കളിപ്പിച്ചതും ആക്രമണത്തിന്റെ മുനയൊടിഞ്ഞതും പ്രതിരോധനിര ഒറ്റയടിക്ക് ഛിന്നഭിന്നമായതുമെല്ലാം എല്ലാവരും ഒറ്റനിമിഷം കൊണ്ട് മറന്നു.രാജ്യം ഒറ്റക്കെട്ടായി നേഗിയെ വേട്ടയാടിക്കൊണ്ടേയിരുന്നു.പത്രങ്ങള് അയാളെ ഒത്തുകളിക്കാരനെന്നും വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും നിരന്തരം അഭിസംബോധന ചെയ്ത്കൊണ്ടിരുന്നു..ഒരു കായികമത്സരത്തിന്റെ അനന്തരഫലമെന്നവണ്ണം സ്വരാജ്യത്തോടുള്ള അയാളുടെ കൂറ് പോലും ചോദ്യം ചെയ്യപ്പെട്ടു.ജനങ്ങള് അയാളുടെ വീടിന് നേരെ കല്ലെറിഞ്ഞു.അയാളുടെ വീട്ടുകാർ പൊതുജനമധ്യത്തിൽ നിരന്തരം അപമാനിതരായി.ജനരോഷം ഭയന്ന നേഗി താടി വളർത്തിയാണ് ആളുകളുടെ കണ്ണിൽ നിന്ന് ഓടിയൊളിച്ചത്.പാകിസ്താനില് നിന്ന് പണം വാങ്ങിയാണ് നേഗി ഗോളുകള് വഴങ്ങിയതെന്ന് ആരോപണം ഉയര്ന്നു.മത്സരം തോറ്റ് കൊടുക്കാന് വേണ്ടി ഓരോ ഗോളിനും ഒരു ലക്ഷം രൂപ എന്ന കണക്കിൽ ഏഴ് ലക്ഷം രൂപ നേഗി കോഴ വാങ്ങിയെന്ന് ബ്ലിറ്റ്‌സ് സംശയലേശമന്യേ എഴുതിപിടിപ്പിച്ചു..മത്സരത്തിന്റെ തലേദിവസം പാക് ഹൈക്കമ്മീഷണറുടെ ഓഫീസില് നിന്ന് നേഗി ഇറങ്ങിവരുന്നത് കണ്ടവരുണ്ടെന്നും ഒപ്പം നേഗിയുടെ വീട്ടില് സി.ബി.ഐ. റെയ്ഡ് നടന്നുവെന്ന വാര്ത്തയും ഇതിന് സമാന്തരമായി പ്രചരിച്ചു.ആരോപണങ്ങൾ അതിന്റെ മൂർധാന്യവസ്ഥയിൽ എത്തിയതോടെ നേഗി ടീമിൽ നിന്നും പുറത്തായി.ഇതോടെ സഹപ്രവര്ത്തകരും ബന്ധുമിത്രാദികളും നേഗിയിൽ നിന്നകന്നു.പൊതുജനമധ്യത്തിൽ തുടർച്ചയായി അയാൾ അപമാനിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായതോടെ അപകർഷതാബോധത്താലും അപമാനഭീതിയിലും അയാൾ പിന്നീട് ജീവിതം തള്ളിനീക്കി.

നേഗിയെ മാത്രം പഴിക്കുന്നതില് അര്ഥമില്ലെന്ന് അന്നത്തെ ഇന്ത്യൻ നായകന് സഫര് ഇഖ്ബാല്,പിൽക്കാലത്ത് പറഞ്ഞിരുന്നു.തങ്ങളുടെ പ്രതിരോധത്തിൽ സംഭവിച്ച ഗുരുതരമായ പിഴവുകളാണ് പാക് മുന്നേറ്റനിരയ്ക്ക് കാര്യങ്ങള് എളുപ്പമാക്കിയതെന്നും ടീമിന്റെ ദയനീയതോല്വിക്ക് മുഴുവന് കളിക്കാരും ഉത്തരവാദികളാണെന്നും സഫർ പിന്നീട്‌ കുമ്പസാരിച്ചു.എന്നാല്,നേഗിയെ മാത്രം ബലിയാടാക്കി കൈ കഴുകുകയാണ് ഹോക്കി ഫെഡറേഷന് ചെയ്തത്.അവര് നേഗിക്ക് ഒരു പിന്തുണയും നല്കിയില്ല.വേദനയും അപമാനവും ഒറ്റപ്പെടലും സഹിക്കവയ്യാതായപ്പോള് നേഗി പൊതുജീവിതത്തില് നിന്ന് ഉള്വലിഞ്ഞു.ആത്മഹത്യയെക്കുറിച്ച് വരെ അയാൾ ചിന്തിച്ചു.വര്ഷങ്ങള്ക്കുശേഷം ആത്മസുഹൃത്തുക്കളുടെ പ്രേരണ മൂലം അയാൾ വീണ്ടും കളിക്കളത്തില് തിരിച്ചെത്തി.പക്ഷേ രണ്ടാംവരവില് കളിക്കാരനെന്ന നിലയിൽ വലിയ നേട്ടങ്ങള് ഉണ്ടാക്കാന് കഴിയാതായതോടെയാണ് നേഗി പരിശീനത്തിലേയ്ക്ക് തിരിയുന്നത്.നേഗിയെ സംബന്ധിച്ചിടത്തോളം പരിശീലകവേഷം അക്ഷരാർത്ഥത്തിൽ അയാളുടെ രണ്ടാം ജന്മമായിരുന്നു.തന്റെ ദുര്വിധിയോടും ഒപ്പം തന്നെ വേട്ടയാടിയവരോടും അതേ നാണയത്തില് മറുപടി പറയാനുള്ള സുവർണിവസരമാണ് നേഗിക്ക് വന്നു ചേർന്നത്.1998ല് ബാങ്കോക്കിൽ നടന്ന ഏഷ്യന് ഗെയിംസില് ഇന്ത്യൻ ടീമിന്റെ ഗോള്കീപ്പിങ് കോച്ചായിട്ടായിരുന്നു നേഗി പരിശീലകൻ എന്ന നിലയിൽ തന്റെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചത്.കാലം കാത്തു വച്ചത് പോലെ 32 വര്ഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് വീണ്ടുമൊരു ഏഷ്യന് ഗെയിംസ് സ്വര്ണം കൊത്തിയെടുത്തു.അതും നേഗിയുടെ നിർബന്ധപ്രകാരം ടീമിലെടുത്ത ഗോള്കീപ്പര് ആശിഷ് ബെല്ലാലിന്റെ മികവില്!!

കാലം അതിന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്‌തെങ്കിലും ഹോക്കി ഫെഡറേഷന് പിന്നെയും ക്രൂരത തുടര്ന്നു.നേഗിയെയും ബാങ്കോക്കിലെ ഹീറോ ആശിഷ് ബെല്ലാളിനെയും പുറത്താക്കിക്കൊണ്ടായിരുന്നു അവരുടെ നന്ദിപ്രകടനം.അവഗണനയുടെ കയ്പ്പ്നീർ ആവോളം കുടിച്ച ബെല്ലാലാകട്ടെ പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതുമില്ല.ചാരം വാറ്റിയവീര്യവുമായി നേഗി വീണ്ടും കാത്തിരുന്നു.അക്കാലയളവിൽ വേദനകള് ഏറെ തിന്ന നേഗി പക്ഷേ തളര്ന്നില്ല.നാലു വര്ഷത്തിനുശേഷം ഫെഡറേഷനന്റെ വിളി വീണ്ടും നേഗിയെ തേടിയെത്തി.ഇക്കുറി വനിതാ ടീമിന്റെ പരിശീലകനാവാനാവുക എന്നതായിരുന്നു നേഗിയുടെ നിയോഗം.നേഗിയുടെ പരിശീലനത്തില് 2002ല് ഇന്ത്യന് വനിതകള് ആദ്യമായി കോമണ്വെല്ത്ത് ഗെയിംസില് സ്വര്ണം നേടി ചരിത്രം സൃഷ്ടിച്ചു.രണ്ടു വര്ഷത്തിനുശേഷം വനിതാ ടീമിനെ ഏഷ്യാകപ്പ് ഹോക്കിയിലും ഒപ്പം 2003ൽ നടന്ന ആഫ്രോ ഏഷ്യന് ഗെയിംസിലും നേഗി സ്വർണം അണിയിച്ചു.നേഗിയെ കുറിച്ചുള്ള ഒരു ലേഖനം തിരക്കഥാകൃത്ത് ജയ്ദീപ് സാഹ്നി വായിച്ചതില് നിന്നായിരുന്നു ചക് ദേ ഇന്ത്യ എന്ന ചരിത്രം കുറിച്ച ഹിന്ദിസിനിമയുടെ തുടക്കം.വനിതാ ഹോക്കിയെ ആസ്പദമാക്കി ഒരു സിനിമ രചിച്ചാൽ അതിന് ഇവിടെ വിജയസാധ്യതയില്ലെന്ന്‌ സാഹ്നിയോട് പ്രവചിച്ചവരായിരുന്നു ഏറെയും.എന്നാല് ഇന്ത്യന് വനിതാ ഹോക്കി ടീം ഒരു രാജ്യാന്തര ടൂര്ണമെന്റില് നേടിയ വിജയത്തിന്‌ മാധ്യമങ്ങള് മതിയായ പ്രാധാന്യം നല്കാതിരുന്നതിനെ തുടര്ന്നാണ്‌ താന് ചിത്രത്തിന്റെ കഥയെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതെന്നാണ് തിരക്കഥാകൃത്ത്‌ ജെയ്ദീപ്‌ സാഹ്നി പറഞ്ഞത്.ചിത്രത്തിന്റെ തിരക്കഥ മുഴുവനായും എഴുതിക്കഴിഞ്ഞ സാഹ്നി അത് ആദ്യം പോയി വായിച്ച് കേൾപ്പിച്ചത് നേഗിയെ തന്നെയായിരുന്നു.തിരക്കഥ വായിച്ചു കഴിഞ്ഞ ഉടനെ നേഗി തന്റെ കൈ പിടിച്ച് പൊട്ടിക്കരയുകയായിരുന്നുവെന്ന സാഹിനി പറഞ്ഞിരുന്നു.ഷിമിത് അമീന്റെ സംവിധാനത്തിൽ 2007ല് പുറത്തിറങ്ങിയ ചിത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു നേഗി.ഏകമകനെ അകാലത്തിൽ വാഹനാപകടത്തില് നഷ്ടപ്പെട്ട ദു:ഖം ഉള്ളിലൊതുക്കിയാണ് നേഗി അക്കാലത്ത് ഷാരൂഖ് അടക്കമുള്ള സിനിമയിലെ അഭിനേതാക്കളെ ഹോക്കി കളിക്കാന് പഠിപ്പിച്ചത്.

ക്രിക്കറ്റൊഴികെയുള്ള കായിക വിനോദങ്ങളുടെയെല്ലാം കൂമ്പ് ഏതാണ്ട് കരിഞ്ഞുണങ്ങിയ ഒരു രാജ്യത്ത്..ആ രാജ്യത്തെ ദേശീയ കായിക വിനോദത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അല്പം അനുകമ്പ ഉണർത്താൻ പിറവിയെടുത്ത ഒരു സിനിമ..നേഗിയുടെ പ്രചോദനാത്മക ജീവിതവും ഒപ്പം ഷാരൂഖ് ഖാന്റെ പത്തരമാറ്റ് അഭിനയമികവും കൂടിയായപ്പോൾ ചക് ദേ ഇന്ത്യ എന്ന സിനിമ ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി മാറുകയായിരുന്നു.ചക് ദേ ഇന്ത്യയിൽ നായകൻ ഷാരൂഖ് ഖാൻ ചെയ്ത കബീർ ഖാൻ എന്ന വേഷം അക്ഷരാർത്ഥത്തിൽ നേഗി തന്നെയാണ്.ലോക ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പാകിസ്താനെതിരെ ലഭിച്ച നിർണായക പെനാൽറ്റി സ്ട്രോക് കബീർ ആണ് എടുക്കുന്നത്.എന്നാൽ ഷോട്ട് പുറത്തേക്ക് പോകുന്നു ഇന്ത്യ മത്സരം തോൽക്കുന്നു.ഒത്തുകളിയിലൂടെ രാജ്യത്തെ വഞ്ചിച്ചവൻ എന്ന ആരോപണം കബീർ ഖാന് മേൽ ചുമത്തപ്പെട്ടു.ഹോക്കിയോടും രാജ്യത്തോടുമുള്ള തന്റെ ആത്മാർത്ഥതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെട്ട ഖാൻ പ്രായമായ തന്റെ മാതാവിനെയും കൂട്ടി വീട് വിട്ടു പോകുന്നു.നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം കബീർ വീണ്ടും തിരിച്ചെത്തുകയാണ്.ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി.എന്നാൽ കബീറിന് നേരിടേണ്ടി വന്നത് ടീം സ്പിരിറ്റ് തൊട്ട് തീണ്ടിയിട്ടില്ലാത്ത 16 പെൺകുട്ടികളുടെ ഒരു സംഘത്തെയും,ഒപ്പം ആത്മാർത്ഥതയും സഹകരണവും ഇല്ലാത്ത ഒരു ഫെഡറേഷൻ അംഗങ്ങളേയുമാണ്.വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള പെണ്കുട്ടികള് പങ്കെടുത്ത പരിശീലനക്യാമ്പിന്റെ തുടക്കത്തില്തന്നെ താരങ്ങള്ക്കിടയിൽ അസൂയയും അഭിപ്രായവ്യത്യാസങ്ങളും ഭാഷയുടെയും ദേശത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭാഗീയതയുമൊക്കെ പ്രകടമാകുന്നു.അഹംഭാവവും സ്വാര്ത്ഥതയുമായിരുന്നു പലരുടെയും കൈമുതല്.തന്റെ വലിയ ലക്ഷ്യം നേടാനുള്ള ശ്രമം കബീർ ഖാൻ അവിടെ ആരംഭിക്കുന്നു.പരമ്പരാഗതമല്ലാത്ത പരിശീലനമാര്ഗങ്ങള് പ്രതിഷേധത്തിന്‌ ഇടയാക്കിയെങ്കിലും മൂന്നു മാസം കൊണ്ട്‌ ടീം സ്പിരിറ്റ്‌ വളര്ത്താനും ടീമിനെ ലോകകപ്പിന്‌ സജ്ജമാക്കാനും കബീറിനു കഴിഞ്ഞു.ഏഴു വര്ഷം മുമ്പ്‌ നേരിട്ട അപമാനത്തിന്‌ പ്രായശ്ചിത്തം ചെയ്യാനുള്ള മോഹവുമായി അവര്ക്കൊപ്പം ഓസ്ട്രേലിയയിലേക്ക്‌ തിരിക്കുമ്പോള് പഴയ വെള്ളി മെഡലും കബീര് കരുതിയിരുന്നു.നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട്‌ ദയനീയമായി തോറ്റ്‌ അരങ്ങേറ്റം കുറിച്ച ഇന്ത്യന് ടീം ശക്തമായ തിരിച്ചുവരവു നടത്തി ഫൈനലില് ഓസ്ട്രേലിയയെ തകര്ത്ത്‌ ലോകകപ്പ്‌ നേടുന്നു.വിഭിന്നസംസ്ഥാനക്കാരായ താരങ്ങളുടെ സ്വഭാവവ്യതിരക്തത അവശ്യഘട്ടങ്ങളില് കളിക്കളത്തില് പ്രയോജപ്പെടുത്താനും കബീറിനു കഴിയുന്നുണ്ട്..സിനിമയിൽ ഇടക്കിടക്ക് കബീർ തന്റെ ടീമംഗങ്ങളോട് പറയുന്നുണ്ട്..”അസംഭവ്യമായത് എന്താണോ അതാണ് നാം നേടാൻ പരിശ്രമിക്കേണ്ടത് എന്ന്”..അക്ഷരാർത്ഥത്തിൽ ഇന്ത്യൻ കായികരംഗത്തോടുള്ള ആഹ്വാനം തന്നെയാണത്!!♥️♥️

കടലാസിൽ ഒതുങ്ങുന്ന ഒരു വനിതാടീമിനെ ശാരീരിക-മാനസികതലങ്ങളിൽ ഉന്നതിയിൽ എത്തിച്ച് ലോക ചാമ്പ്യൻ പട്ടം നേടാൻ പ്രാപ്തമാക്കുന്നു എന്ന വെറും ക്ലീഷേ കഥക്കപ്പുറം ചക് ദേ ഇന്ത്യയെ വേറിട്ടു നിർത്തുന്ന പല സംഗതികളും ഉണ്ട്.ഇന്ത്യൻ കായിക വ്യവസ്ഥിതിയുടെ നേർപരിച്ഛേദം ഈ സിനിമ പലയിടങ്ങളിലും നൽകുന്നുണ്ട്.ഒപ്പം മുസ്ലിം ആയത് കൊണ്ട് മാത്രം ഒരു ഇന്ത്യൻ പൗരന്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനഇന്ത്യൻ സാമൂഹികവ്യവസ്ഥിതിയുടെ ദുരന്തചിത്രവും ഈ സിനിമ വരച്ചു കാട്ടുന്നു

യാഷ്‌രാജ്‌ ഫിലിംസിന് വേണ്ടി നിർമിച്ച ഈ ചിത്രം ഹോക്കിയുമായി ബന്ധപ്പെട്ട കഥയാണ്‌ പറയുന്നതെങ്കിലും പൊതുവില് ഇന്ത്യന് കായിക മേഖലയില് നിലനില്ക്കുന്ന കാതലായ പല പ്രശ്നങ്ങളിലേക്കും പ്രേക്ഷക ശ്രദ്ധ ആകര്ഷിക്കുന്നുണ്ട്‌.ക്രിക്കറ്റിനപ്പുറം ഇന്ത്യയിൽ മറ്റൊരു കായിക വിനോദവുമില്ല എന്ന ഇന്ത്യൻ ആസ്വാദകന്റെ കേവലമനോഭാവം ചക് ദേ ഇന്ത്യയിൽ വേണ്ടത്ര വിമർശനം ഏറ്റുവാങ്ങുന്നുണ്ട്..വനിതാ ഹോക്കി ടീമിലെ പ്രധാന കളിക്കാരിയും ഫോർവേഡുമായ പ്രീതി സബർവാലിന്റെ കാമുകൻ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്.ലോകകപ്പ് ടൂർണമെന്റ് ഒഴിവാക്കി എത്രയും പെട്ടെന്ന് വിവാഹിതരാകാം എന്നാണ് ആ ക്രിക്കറ്റ് താരം പ്രീതിയോട് പറയുന്നത്.ഹോക്കി കളി എത്രമാത്രം സാധ്യതയില്ലാത്തത് ആണെന്നും ബാലിശവുമാണെന്നും അയാൾ ഇടക്കിടെ പ്രീതിയെ ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ക്രിക്കറ്റ് ഇവിടെ കിടക്കുന്നു..വനിതാ ഹോക്കി എവിടെ കിടക്കുന്നു എന്നയാൾ പറയുന്നുമുണ്ട്.സിനിമയുടെ ഒടുവിൽ ലോകചാമ്പ്യൻഷിപ്പ് നേടി വരും വഴി ക്രിക്കറ്റ് താരത്തിന്റെ വിവാഹ അഭ്യർത്ഥന അവൾ തള്ളിക്കളയുന്നുമുണ്ട്

ഇന്ത്യൻ കായികരംഗത്തിന്റെ മാറാത്ത ചില ചിത്രങ്ങൾ ചക് ദേ ഇന്ത്യ അവതരിപ്പിക്കുന്നു ടീമിനെക്കുറിച്ച് പ്രധാന ചർച്ച നടക്കുമ്പോൾ ബിസ്കറ്റ് ചായയിൽ മുക്കിത്തിന്നുന്നതിൽ ശ്രദ്ധപതിപ്പിക്കുന്ന ബോർഡ് അംഗങ്ങൾ മുതൽ എല്ലാ വർഷവും ഒരു ചടങ്ങിനെന്ന പോലെ ടീമിലെത്തുന്ന താരങ്ങൾ വരെ അതിൽപ്പെടുന്നു.കളിക്കാരുടെ പരസ്പരമുള്ള പോര്,പ്രാദേശികവാദം,ഉച്ചനീചത്വങ്ങൾ,സീനിയർ കളിക്കാരുടെ ഹുങ്കും താൻപോരിമയും തൊട്ട് ഇന്ത്യൻ കായികമേഖലയുമായി ബന്ധപ്പെട്ട സകലപ്രശ്നങ്ങളും ഈ ചിത്രം ഉയർത്തി കാണിക്കുന്നുണ്ട്.കായിക സംഘടനകളുടെ കെടുകാര്യസ്ഥതയും നീതീകരണമില്ലാത്ത മാധ്യമ വിധികളും ആരാധകരുടെ നെറികേടുകളുമൊക്കെ തുറന്നു കാട്ടുന്നതില് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് പൂർണ്ണമായും വിജയിച്ചിട്ടുണ്ട്

വനിതാ കായികരംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രകടമായി നിൽക്കുന്ന രണ്ട് കാഴ്ചപ്പാടുകളെ ചക് ദേ ഇന്ത്യ കണക്കിന് പരിഹസിക്കുന്നു.ഒന്ന് യൂറോപ്പിലെ സ്‌കൂൾ ടീമുകളോട് പോലും നമ്മുടെ വനിതാടീമുകൾ കിട പിടിക്കില്ല എന്ന അധികൃതരുടെ വാദം..രണ്ടാമതായി എങ്ങനെയെങ്കിലും ദേശീയടീമിൽ കടന്ന് പറ്റിയാൽ മികച്ച ജോലി നേടി സർക്കാർ ക്വാർട്ടേഴ്സിൽ ശിഷ്ടജീവിതം തള്ളി നീക്കാമെന്ന വനിതാകായികതാരങ്ങളുടെ മൃദുസമീപനവും.ഒപ്പം കായിക പരിശീലനം ബഹുദൂരം മുന്നേറിയിട്ടും ഇപ്പോഴും അമ്പതുകളിൽ തന്നെ തുടരുന്ന ഇന്ത്യയുടെ അവസ്‌ഥ ചിത്രത്തിൽ നിന്ന് മനസ്സിലാകും.മറ്റ് രാജ്യങ്ങളുടെ പരിശീലകർക്ക് മത്സരത്തിന്റെ ഇടവേളകളിൽ മത്സരത്തിന്റെ ഗതിയും മാറ്റങ്ങളും നിർദേശിക്കുന്ന ചാർട്ടുകൾ ലഭിക്കുമ്പോൾ ഇന്ത്യൻ പരിശീലകർ ഇതൊന്നും ലഭിക്കാതെ മൈതാനത്തിന് പുറത്ത് കയ്യും കെട്ടി നിൽപ്പാണ്.ഈ അവസ്‌ഥ സിനിമ ഇറങ്ങി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായി മാറിയിട്ടില്ല എന്നത് വലിയ വിരോധാഭാസമാണ്!!

ചക് ദേ ഇന്ത്യ ഇന്ത്യൻ സിനിമാരംഗത്തെ ഒരു ധീരമായ ശ്രമമായിരുന്നു.ക്രിക്കറ്റ്‌ അല്ലാത്ത ഒരു കായിക വിനോദത്തെ കേന്ദ്രീകരിച്ച് ഒരു ചിത്രം ചെയ്യാൻ ബോളിവുഡ് തയ്യാറായി എന്നത് തന്നെ എടുത്ത് പറയേണ്ട ഒന്നാണ്.ലഗാനും ഇക്ബാലിനും ശേഷം രാജ്യത്ത് വീണ്ടും സ്പോർട്സിനെ സജീവ ചർച്ചാവിഷയമാക്കിയ സിനിമ കൂടിയാണ് ചക് ദേ ഇന്ത്യ.മാത്രമല്ല ഹോക്കിക്കും ക്രിക്കറ്റിനുമൊഴിച്ചുള്ള മറ്റ്‌ കായികവിനോദങ്ങൾക്ക് ശരിയായ ഉണർവ് നൽകാനും യഥാനുഗതമായ ദിശ സമ്മാനിക്കാനും ഒരു പരിധി വരെ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.നാമമാത്രമായ ഒരു ടീം,മൂന്ന് മാസം കൊണ്ട് പരിശീലനം നടത്തി ലോക വിജയികളാവെന്ന തീർത്തും അതിഭാവുകത്വം നിറഞ്ഞ കഥാതന്തുവിന്റെ ന്യൂനത നമുക്ക് മറക്കാം..എന്നിട്ട് ഒരു വ്യാഴവട്ടത്തിനിപ്പുറവും ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ദേശത്തിന്റെയും ഭാഷയുടെയും അതിര്വരമ്പുകള് അപ്രസക്തമാക്കുന്ന ടീം സ്പിരിറ്റിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെ ഉദാത്തമായ മാതൃകയെ കുറിച്ച് ചർച്ച ചെയ്യാം