മൂക്കില്ലാ രാജ്യത്ത്, തിലകൻ എന്ന മഹാനടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത

297

Sunil Waynz

എനിക്കേറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് 1991-ല് പുറത്തിറങ്ങിയ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ.ഇഷ്ടക്കൂടുതലിനുള്ള പ്രധാനകാരണം തിലകൻ എന്ന നടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത തന്നെ.

ഒരു നടൻ എന്ന നിലയിൽ വൈകാരികമായി,ഇഴയടുപ്പമുള്ള മികച്ച വേഷങ്ങൾ കയ്യാളുന്ന കാലത്താണ് മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിൽ തിലകൻ അഭിനയിക്കുന്നത്.ആ സിനിമ അഭിനയിക്കാൻ വരുന്ന കാലഘട്ടത്തിൽ അദ്ദേഹം അഭിനയിച്ചു തീർത്ത സിനിമകൾ ഏതെന്ന് കൂടി നോക്കൂ..ചാണക്യൻ,സന്ദേശം,കാട്ടുകുതിര,കിരീടം,മൂന്നാംപക്കം,പെരുന്തച്ചൻ..etc

മുകേഷ്,ജഗതി,സിദ്ദിഖ്,എന്നിവരെല്ലാം തന്നെയും ഹാസ്യപ്രധാനവേഷങ്ങൾ ഈ സിനിമക്ക് മുൻപും കൈകാര്യം ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ശരിക്കും തിലകന്റെ വേഷപ്പകർച്ചയാണ് സത്യത്തിൽ പ്രാധാന്യമർഹിക്കുന്നത്.ആർക്കുമൊരു എതിരഭിപ്രായത്തിന് പോലും ഇട കൊടുക്കാതെ അദ്ദേഹം അത് മികച്ചതാക്കി എന്ന് വേണം പറയാൻ.എന്റെ പരിമിതമായ അറിവിൽ നാടുവാഴികൾ എന്ന സിനിമയിലും കൂടാതെ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലും മാത്രമേ ഒരു ഹാസ്യനടൻ എന്ന ലേബലിലുള്ള തിലകന്റെ അഭിനയമികവ് മൂക്കില്ലരാജ്യത്തിന് മുൻപ് കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടുള്ളൂ(ചക്കിക്കൊത്ത ചങ്കരൻ,നാടോടിക്കാറ്റ് എന്നിങ്ങനെ ചുരുക്കം ചില സിനിമകളിലും അദ്ദേഹം ഹാസ്യപ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ പോലും)

ഈ സിനിമയിൽ തന്നെ,ഒരു സീനിൽ ഒരു വലിയ വേദിയിൽ തന്നെ നോക്കി നിൽക്കുന്ന ആളുകൾക്ക് മുൻപ് തന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെറിയുന്നതിന് മുൻപ് തന്റെ മുൻപിലിരിക്കുന്ന ആളുകളെ നോക്കി ഒരു ശൃംഗാരപുഞ്ചിരി പാസ്സാക്കി തിലകന്റെ കേശു എന്ന കഥാപാത്രം പറയുന്നുണ്ട്

കുറച്ച് കാലമായി നിങ്ങളെയൊക്കെ അഭിസംബോധന ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ട്

ഇത്രയും പറഞ്ഞ് കഴിഞ്ഞ് ടിയാന്റെ ഒരു ടിപ്പിക്കൽ തലവെട്ടിക്കലും ഉണ്ട്,ഒരുപക്ഷേ തിലകൻ എന്ന നടനവിസ്മയത്തിന് മാത്രം സാധിച്ചേക്കാവുന്ന അഭൂതപൂർവമായ മാനറിസങ്ങളിൽ ഒന്നായിരുന്നു അത്.സിനിമയുലുടനീളം എല്ലാവരെക്കാളും മികവുറ്റ രീതിയിൽ ഹാസ്യം കൈകാര്യം ചെയ്ത തിലകന്‍ ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു സീനില്‍ ഏവരെയും കരയിപ്പിക്കുന്ന തലത്തിലേക്ക് അഭിനയവ്യതിയാനവും നടത്തുന്നുണ്ട്.കൊച്ചുമകളെ കണ്ട് നില്‍ക്കുന്ന അപ്പൂപ്പന്‍ എന്നവണ്ണം തിലകന്‍ കാണിച്ച ഭാവപ്രകടനവും തികച്ചും അസാധ്യമായിരുന്നു..താരതമ്യേനെ ഭീമാകാരമായ തന്റെ ശരീരത്തെ പാകപ്പെടുത്തി അസാധ്യ കൈമെയ് വഴക്കത്തോടെ ഈ സിനിമയിലെ ബ്രേക്ക് ബ്രേക്ക് ഡാൻസ് എന്ന ഒരു ഗാനരംഗത്തിൽ ചുവട് വയ്ക്കുന്ന അദ്ദേഹത്തെ ഓർത്ത്..അദ്ദേഹത്തിന്റെ അർപ്പണ മനോഭാവത്തെയോർത്ത് ഇപ്പോഴും അത്ഭുതം തോന്നാറുണ്ട്!!

തീർച്ചയായും മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ഹാസ്യചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. മൂക്കില്ലരാജ്യത്ത്.ഹാസ്യചിത്രം എന്ന വിശേഷണം കയ്യാളുമ്പോഴും ഒരു സൈക്കോകോമഡി ചിത്രം എന്ന വിശേഷണം കൂടി മൂക്കില്ലരാജ്യത്തിന് നൽകുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.കാരണം വളരെ പ്രത്യേകതകള് നിറഞ്ഞൊരു ഹാസ്യശൈലിയാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം.ജയിംസ് തര്ബര്,സ്റ്റീഫന് ലീകോക്ക് തുടങ്ങിയ ഹാസ്യ-കഥാകാരന്മാര് ഉപയോഗിച്ചിട്ടുള്ള തരത്തിലുള്ള ഒരുതരം ക്ലാസ് ടൈപ്പ് ഹാസ്യം.ഉദാഹരണങ്ങള് എടുത്തെഴുതി വിശദീകരിക്കുകയാണെങ്കില് അതിനേ നേരം കാണൂ.എങ്കിലും ചിലത് എടുത്ത് പറയാൻ തന്നെ ആഗ്രഹിക്കുന്നു.സിദ്ദിഖ് അവതരിപ്പിക്കുന്ന വേണു എന്ന ഗായകകഥാപാത്രത്ത ഓടിപ്പിന്തുടരുന്ന ജഗതിയുടെ കൃഷ്ണന് എന്ന കഥാപാത്രം ഓടുന്നതിനിടയില് ഒരു കലുങ്കിന്റെ മുകളിലേയ്ക്ക് ചാടിക്കയറുകയും പിന്നീട് അതിൽ ഒരു രസം തോന്നി വേണുവിനെ പിടിക്കുന്ന കാര്യം മറന്ന് ആ കലുങ്കില് ചാടിക്കയറിക്കൊണ്ടിരിക്കുന്നത് പോലെയുള്ള കാര്യങ്ങള് എല്ലാം അത്ര സൂക്ഷ്മമായ ഒരു സൈക്കിക്ക് അവസ്ഥയില് നിന്നുണ്ടാകുന്നതും എന്നാല് കാണുന്നവര്ക്ക് രസകരമെന്ന് തോന്നുന്നതുമായ രംഗങ്ങള് ആയിരുന്നു.അടി കിട്ടുമ്പോള് ഭ്രാന്ത് മാറി നോര്മല് ആകുന്ന മുകേഷിന്റെ ബെന്നി എന്ന കഥാപാത്രത്തെ,പഴയ കാര്യങ്ങള് ഓര്മ്മിപ്പിക്കാന് വേണ്ടി സിദ്ദിഖ് അവതരിപ്പിച്ച വേണു എന്ന കഥാപാത്രം നടത്തുന്ന ശ്രമവും ശരിക്കും രസകരമാണ്: അപ്പോള് വേണു(സിദ്ദിഖ്)പാട്ട് മുറിച്ച്‌ മുറിച്ച്‌ പാടുന്നത് ഒരു സീനാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്..ശ്രദ്ധിക്കുക:
“എടാ ബെന്നീ..നിനക്കെന്നെ ഓര്മ്മയില്ലേ” ഓര്മ്മിക്കാന് വേണ്ടി ഉടനെ ഒരു പഴയ സൂപ്പർഹിറ്റ് സിനിമാഗാനം പാടുന്നു..
‘കാട്ടിലെ പാഴ്മുളം തണ്ടില് നിന്നും – “നമ്മള് നാല് പേരും കൂടി ഒരുമിച്ച്‌”-പാട്ടിന്റെ പാലാഴി തീര്ത്ത് -“നിനക്കൊന്നും ഓര്മ്മയില്ലേ” -ത്തവളേ.😆😆

രാജന് പി ദേവും കുതിരവട്ടം പപ്പുവും കൂടി ഈ സംഘത്തിനൊപ്പം ചേരുമ്പോൾ സിനിമയുടെ കഥാപശ്ചാത്തലം മൊത്തത്തിൽ മാറുകയാണ്.പക്കാവില്ലന്മാർ എന്ന് തോന്നിപ്പിക്കുമ്പോഴും പപ്പുവിന്റെയും രാജൻ.പി.ദേവിന്റേയുമൊക്കെ പ്രകടനത്തില് അസാധ്യ കോമഡികള് വളരെ സ്വാഭാവികമായി വന്നു നിറയുന്നത് കാണാൻ സാധിക്കും.സിദ്ദിഖിന്റെ സഹോദരൻ ആയി വന്ന എൻ.എൽ.ബാലകൃഷ്ണനും ഫിലോമിനയുടെ ഭ്രാന്തിക്കഥാപാത്രവും,ഹോസ്പിറ്റലിൽ ഡോക്ടര് ആയി വന്ന ഒടുവിലും,അറ്റൻഡർ ആയി വന്ന മാളയും,കിഡ്നാപ്പ് ചെയ്യാൻ വരുന്ന കൃഷ്ണൻകുട്ടി നായരും മാഫിയ ശശിയും,നായികയുടെ അച്ഛനായി വന്ന പറവൂർ ഭരതനും ക്ലൈമാക്സിൽ കയറി വന്ന ജഗദീഷുമെല്ലാം
സത്യത്തില് വിസ്മയപ്രകടനങ്ങള് തന്നെയാണ് കാഴ്ചവച്ചത്.ഒരു സിനിമയിൽ വന്നുപോയവരൊക്കെ(വില്ലന്മാരടക്കം) മുഴുനീളകോമഡി കാണിച്ച അപൂർവം സിനിമ ആയിരുന്നിരിക്കണം മൂക്കില്ലാരാജ്യത്ത്.ഒരു Out & Out Entertainer ആയ മൂക്കില്ലാരാജ്യത്ത് സത്യത്തിൽ എല്ലാ യുക്തികളെയും ബുദ്ധിജീവി ഗിമ്മിക്കുകളെയും അക്ഷരാർത്ഥത്തിൽ തോല്‍പ്പിച്ചു കളഞ്ഞുവെന്ന് തന്നെ വേണം ഇപ്പോഴും കരുതാൻ.സിദ്ദിഖ് ലാൽ-തുളസിദാസ്‌-രാജസേനൻ കോമഡി സിനിമകൾ കത്തി നിൽക്കുന്ന കാലത്തിറങ്ങി മൂന്ന് പതിറ്റാണ്ടിനിപ്പുറവും തലമുറഭേദമന്യേ ആളുകളെ ആകർഷിക്കാൻ ഒരു സിനിമക്ക് കഴിയുന്നുണ്ടെങ്കിൽ അതില്പരം ഒരു സിനിമ എന്ത് അർഹിക്കാനാണ്?ശരിക്കും ഹാസ്യം എന്ന മാധ്യമത്തിന്‍റെ ഏറ്റവും നല്ല പ്രകാശനങ്ങളിലൊന്നായാണ് ഈ ചിത്രത്തെ ഇന്നും കാണാൻ ആഗ്രഹിക്കുന്നത്.ഒരു മുഴുനീളഹാസ്യചിത്രം എടുക്കാന്‍ ഒരുങ്ങുന്ന സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനമായി കാണാവുന്നതും ഒപ്പം സ്വാഭാവിക ഹാസ്യം മലയാളത്തിൽ ഏറ്റവും മികച്ച രീതിയിൽ വര്‍ക്ക്‌ ഔട്ട്‌ ചെയ്തിരിക്കുന്നതുമായ സിനിമയാണ് മൂക്കില്ലാരാജ്യത്ത്.ഇന്ന് ഇങ്ങനെയുള്ള സിനിമകളൊക്കെ അന്യമായ തലത്തിലേക്ക് നമ്മുടെ ഇൻഡസ്ട്രി കടന്നുപോകുമ്പോൾ ഇത്തരം മികച്ച ഹാസ്യചലച്ചിത്രങ്ങളും ഇവിടെ ഒരിക്കൽ പിറന്നിട്ടുണ്ട് എന്ന് പുതുതലമുറ ഓര്‍ക്കുന്നത് നന്നായിരിക്കും.ലോജിക്കും കോമൺസെൻസും ഒരിത്തിരി നേരം മാറ്റി വച്ച് മറ്റെല്ലാം മറന്ന് കുടുകുടാ ചിരിപ്പിക്കുന്ന ഇത്തരം സിനിമകള്‍ വന്നിട്ട് കാലങ്ങളായി എന്നുണ്ടെങ്കിലും ഇന്നും മോഹിച്ച്‌ പോകുന്നു,ഇനിയും ഇതുപോലുള്ള സിനിമകള്‍ തിയറ്ററില്‍ പോയിരുന്ന് കാണാനുള്ള ഭാഗ്യം ഉണ്ടാവുമോ എന്ന്!!