വിജയ് സേതുപതിയുടെ കഥ വായിച്ചില്ലെങ്കിലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, വായിച്ചാൽ നിങ്ങളിൽ എന്തെങ്കിലും സംഭവിച്ചേയ്ക്കാം

  140

  Sunil Waynz

  19 വർഷങ്ങൾക്ക് മുൻപ്..കൃത്യമായി പറഞ്ഞാൽ 2000 നവംബർ മൂന്നിനാണ് വിജയ് ഗുരുനാഥ സേതുപതി എന്ന വിജയ് സേതുപതി ജോലി തേടി രാജപാളയം എന്ന തന്റെ ജന്മസ്ഥലത്ത് നിന്ന് വിദേശത്തേക്ക് വിമാനം കയറുന്നത്. ദുബായിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു ചെറിയ ഡിഷ് വിതരണക്കമ്പനിയിൽ അക്കൗണ്ടന്റായിട്ടായിരുന്നു അയാൾ തന്റെ പ്രവാസജീവിതം ആരംഭിച്ചത്.കടം കയറി നടുവൊടിഞ്ഞ്,ചെന്നൈയിലേക്ക് പലായനം ചെയ്ത കുടുംബത്തെയും ഒപ്പം പറക്കമുറ്റാത്ത തന്റെ സഹോദരങ്ങളെയും കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തം പേറിയാണ് അയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നത്.ബർദുബായിലെ ബറോഡബാങ്കിനടുത്ത ഒരു ചെറിയ കെട്ടിടത്തിലായിരുന്നു നാട്ടുകാരായ ചില സുഹൃത്തുക്കളോടൊപ്പം അയാളുടെ താമസം.കൊച്ചുമുറിയിലെ അട്ടിക്കട്ടിലിൽ ചുരുണ്ടുകൂടി പുതച്ചുറങ്ങുമ്പോഴും അയാൾ കണ്ട സ്വപ്‌നം,വെള്ളിത്തിരയുടെ വർണപ്പൊലിമയുടേതായിരുന്നു.സിവിൽ എൻജിനീയറായ അച്ഛന്റെ മകനായിരുന്നു വിജയ് സേതുപതി.പഠിക്കാൻ ശരാശരിക്കാരനായ..സ്‌പോര്‍ട്‌സിലോ,മറ്റ് പാഠ്യേതരപ്രവര്‍ത്തനങ്ങളിലോ യാതൊരുവിധ താല്‍പര്യമില്ലാത്ത ആൺകുട്ടിയായിരുന്നു അവനും.എന്നാൽ ബാല്യം മുതൽക്കേ അവനെ ആകർഷിച്ച ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ.അത് സിനിമയായിരുന്നു!!

  ദുബായിലെ താമസസ്ഥലത്തെ ടെലിവിഷനില്‍ വരുന്ന പഴയ സിനിമകൾ,അക്കാലത്ത് ഒന്നുപോലും വിടാതെ കാണുമായിരുന്നു വിജയ്. മലയാളമടക്കമുള്ള ഭാഷകളിലെ മികച്ച സിനിമകൾ ഈ കാലയളവിനുള്ളിൽ അയാൾ കണ്ടുതീർത്തു. നായകനും ദളപതിയും കമലദളവും വരവേൽപ്പും വീണ്ടും ചില വീട്ടുകാര്യങ്ങളും അയാളുടെ സിനിമാ സ്വപ്നങ്ങളെ ആ കാലഘട്ടത്തിൽ നട്ടുനനച്ചു കൊണ്ടേയിരുന്നു.സിനിമയോട് ഇത്രമേൽ അഭിനിവേശം പുലർത്തിയ ഒരു മനുഷ്യൻ,അയാളുടെ സഹമുറിയന്മാർക്കും അത്ഭുതമായിരുന്നു.

  Image result for vijay sethupathiആയിടെയാണ് കൊല്ലം സ്വദേശിനിയായ ജെസ്സി എന്ന പെൺകുട്ടി വിജയ് യുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.കൊല്ലംകാരി ആയിരുന്നെങ്കിലും ജെസ്സി വളർന്നത് മുഴുവൻ ചെന്നൈയിലായിരുന്നു.ഒരു സുഹൃത്ത് വഴിയാണ് വിജയ് സേതുപതി ജെസ്സിയെ പരിചയപ്പെടുന്നത്.പരസ്പരം കാണുന്നതിന് മുൻപാണ് അവർ പരിചയപ്പെടുന്നത്.വിജയ് ദുബായിൽ ജോലി ചെയ്യുമ്പോൾ ജെസ്സിയും അവിടെയുണ്ടായിരുന്നു.ഓൺലൈൻ ചാറ്റിങ്ങിലൂടെയാണ് അവർ പരസ്പരം സംസാരിക്കുകയും അടുക്കുകയും ചെയ്യുന്നത്.ജെസ്സിയെ സ്വന്തമാക്കുക എന്നത് ഒരു ലഹരി പോലെ വിജയ് യെ പിന്തുടർന്നു കൊണ്ടേയിരുന്നു.പരസ്പരം ഇഷ്ടമായപ്പോൾ പ്രണയം ഇരുവരും വീട്ടിൽ പറഞ്ഞു.ആദ്യം കുറച്ചു പ്രശ്നങ്ങളുണ്ടായെങ്കിലും രണ്ട് വീട്ടുകാരും ഒടുവിൽ വിവാഹത്തിന് പച്ചക്കൊടി നൽകി.വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസ്സിയെ താൻ ആദ്യമായി നേരിൽക്കാണുന്നതെന്ന് സേതുപതി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്!

  ഹ്രസ്വമായ കാലയളവിൽ ജോലി ചെയ്തുണ്ടാക്കിയ ചെറിയൊരു സമ്പാദ്യവും കൊണ്ട് മൂന്ന് വർഷം നീണ്ട പ്രവാസ ജീവിതത്തിന് പൂർണവിരാമമിട്ട് 2003 ഒക്ടോബർ 3ന് അയാൾ നാട്ടിലെത്തി,ശേഷം ജെസ്സിയെ തന്റെ ജീവിതസഖിയുമാക്കി. എന്നാൽ ഇനിയെന്ത് എന്ന ചോദ്യം മാത്രം അയാളുടെ മുൻപിൽ ഉത്തരം കിട്ടാതെ അവശേഷിച്ചു.സിനിമയിലെത്താനും കഥാപാത്രങ്ങൾ കിട്ടാതെ കഷ്ടപ്പെട്ട കാലത്തുമെല്ലാം എല്ലാ പിന്തുണയും നൽകി തനിക്കൊപ്പം നിന്നത് ജെസ്സിയാണെന്ന് വിജയ് സേതുപതി പലവട്ടം പറഞ്ഞിട്ടുണ്ട്.”ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവൾ ഒപ്പം നിന്നു..എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവൻ..ആ പിന്തുണയില്ലായിരുന്നുവെങ്കിൽ എനിക്കിവിടെയെത്താൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല”സേതുപതി പണ്ടൊരിക്കൽ പറഞ്ഞു.അടുത്തിടെ ഇറങ്ങിയ ഇറങ്ങിയ #ഇമൈക്ക_നൊടികൾ എന്ന ചിത്രത്തില്‍ 10 മിനുട്ട് പോലും ഇല്ലാത്ത ഒരു അതിഥിവേഷത്തില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജോലിയില്ലാത്ത നയന്‍താരയുടെ ഭര്‍ത്താവിന്‍റെ വേഷമായിരുന്നു ആ സിനിമയിലേത്.അപ്രധാനമെന്ന് തോന്നുന്ന ആ വേഷം തിരഞ്ഞെടുക്കാന്‍ വിജയ് സേതുപതിയെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ആ കഥാപാത്രത്തിന് തന്റെ ജീവിതവുമായുള്ള അത്യപൂർവസാമ്യമായിരിക്കാം!!

  സിനിമയിൽ കയറിപ്പറ്റുന്നതെങ്ങനെ എന്ന ചിന്തയും കൊണ്ട് അയാൾ നാട്ടിലെത്തിയ നാൾ തൊട്ടേ അലഞ്ഞുനടക്കാൻ തുടങ്ങിയിരുന്നു.സുരക്ഷിതമായൊരു ജോലി ഇട്ടെറിഞ്ഞ് തൊഴിൽ രഹിതനായി നടക്കുന്നതിന് ഇക്കാലയളവിൽ അയാൾ കേൾക്കാത്ത പുച്ഛവും പരിഹാസവുമില്ലായിരുന്നു.എല്ലാ അർത്ഥത്തിലും സിനിമയായിരുന്നു അയാളെ അടക്കി ഭരിച്ച വികാരം.യാതൊരു സിനിമാപശ്ചാത്തലവുമില്ലാത്ത ഒരാൾക്ക് സിനിമയിൽ കയറിപ്പറ്റുകയെന്നത് അത്രയെളുപ്പമല്ലെന്ന തിരിച്ചറിവ് സ്വയമുണ്ടായതോടെ ചെന്നൈയിലെ കുത്തുപ്പട്ടറൈ എന്ന നാടകതീയേറ്ററിൽ അക്കൗണ്ടൻ്റായി അയാൾ വീണ്ടും ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു.പശുപതി അടക്കമുള്ള തമിഴിലെ പ്രഗത്ഭനടീനടന്മാരെ സൃഷ്ടിച്ച തമിഴ്നാട്ടിലെ അതിപ്രശസ്ത നാടകസംഘമാണ് കൂത്തുപട്ടറൈ.

  നാടകാവതരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ കൂത്തുപട്ടറൈക്കൊപ്പം സഞ്ചരിക്കുമ്പോഴും സിനിമയിൽ നല്ല വേഷങ്ങൾക്കായി അയാൾ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു.ഒപ്പം കൂത്തുപട്ടറയുടെ ചില നാടകങ്ങളിലും അയാൾ അഭിനയിച്ചു വന്നു.തമിഴിലെ സൂപ്പർതാരചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെയായിരുന്നു വിജയ് യുടെ ആദ്യകാല തുടക്കം.ജയം രവി നായകനായ എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലും ധനുഷ്-ശെൽവരാഘവൻ ടീമിന്റെ പുതുപേട്ടൈയിലും വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വിജയും ഉണ്ടായിരുന്നു.ഫോട്ടോജനിക് ആയ മുഖമാണ് വിജയ് സേതുപതിയുടേത് എന്ന് അക്കാലത്ത് പ്രശസ്ത സംവിധായകൻ ബാലുമഹേന്ദ്ര വിശേഷിപ്പിച്ചതോടെയാണ് സിനിമ തന്നെയാണ് തൻ്റെ വഴിയെന്ന് വിജയ് തിരിച്ചറിയുന്നത്.അക്കൗണ്ടിങ് ജീവിതത്തിന്റെ വിരസതയും മടുപ്പുമാണ് അക്കാലത്ത് സത്യത്തിൽ വിജയ് യെ സിനിമയോട് അടുപ്പിച്ചു കൊണ്ടേയിരുന്നത്.പ്രതീക്ഷിച്ച വേഷങ്ങൾ ലഭിക്കാതെ വന്നതോടെ അഭിനയമോഹത്തിന് തൽക്കാലം വിട നൽകി സിനിമയുടെ സാങ്കേതികഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇക്കാലത്ത് വിജയ് തീരുമാനിച്ചിരുന്നു.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോലും തന്നെയാരും പരിഗണിക്കാത്ത കാലത്ത്,തന്നെ പോലൊരാൾക്ക് അതാകും സുരക്ഷിതലവണം എന്ന സ്വയംതിരിച്ചറിവിന് വിധേയനാവുകയായിരുന്നു അയാൾ.ഭാവിജീവിതത്തെക്കുറിച്ച് നിരവധി മാനസിക സംഘര്‍ഷങ്ങള്‍ വേട്ടയാടുന്നതിനിടയിലും സിനിമയെന്ന സ്വപ്നം സാക്ഷത്കരിക്കാൻ വേണ്ടി അയാൾ പിടിച്ചു നിന്നു.

  എം.കുമരനും പുതുപ്പേട്ടക്കും ശേഷം സിബിരാജ് നായകനായ ലീ..വിഷ്ണു വിശാൽ നായകനായ വെണ്ണിലാ കബഡി കുഴു,ബലേ പാണ്ഡ്യ,നാൻ മഹാൻ അല്ല തുടങ്ങിയ സിനിമകളിലും അയാൾ അഭിനയിച്ചു.എന്നാൽ ഒരു നടൻ എന്ന നിലയിൽ ആ സിനിമകളൊന്നും യാതൊരു വിധ പ്രയോജനവും സേതുപതിക്ക് ചെയ്തില്ല.കലൈജ്ഞർ ടി.വിയുടെ നാളൈയ ഇയക്കുണർ എന്ന റിയാലിറ്റി ഷോയിലാണ് പിന്നീട് അയാളെ കാണുന്നത്.അൽഫോൺസ് പുത്രൻ,കാർത്തിക് സുബ്ബരാജ് എന്നീ പ്രതിഭകൾക്കൊപ്പം വിജയ് യും ആ പരിപാടിയിലൂടെ ശ്രദ്ധേയനായി.ആ പരിപാടിയിൽ വന്ന ഷോർട്ട്ഫിലിമുകളിലെ വിജയ് യുടെ പ്രകടനം സീനു രാമസ്വാമി ഒരുക്കിയ തേൻമേർക്ക് പരുവകാട്ര് എന്ന സിനിമയിലെ നായകവേഷത്തിലേക്ക് വഴി തുറന്നു.ഈ സിനിമ വലിയ തോതിൽ നിരൂപകപ്രശംസ പിടിച്ചു പറ്റി. ഈ സിനിമയെക്കുറിച്ചും ഒപ്പം ഇതിലെ വിജയ് യെടെ പ്രകടനത്തെക്കുറിച്ചും വിജയ് യുടെ സുഹൃത്തും സംവിധായകനുമായ കാര്‍ത്തിക് സുബ്ബരാജ് അന്ന് ഒരു ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടഴുതിയ ആ പോസ്റ്റിന് താഴെ ‘ആരാണ് ഈ വിജയ് സേതുപതി’ എന്നൊരു കമന്റ് അന്ന് വന്നിരുന്നു..#You_Will_Know_Him_Soon എന്ന കാര്‍ത്തിക് സുബ്ബരാജ് നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ കാലം കാത്തു വച്ച മറുപടി തന്നെയായിരുന്നു..ശരിക്കുമൊരു കാവ്യനീതി.!!

  2012 കാര്‍ത്തിക് തന്നെ ഒരുക്കിയ പിസ്സ എന്ന ഹൊറർ ചിത്രം ഹിറ്റായതോടെ വിജയ് ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.വെറും 1000 രൂപക്കാണ് പിസയിൽ താൻ അഭിനയിച്ചത് എന്ന് വിജയ് പിൽക്കാലത്ത് പറഞ്ഞപ്പോൾ ഞെട്ടിയത് പ്രേക്ഷകരായിരുന്നു.പിന്നീട് ചെറിയ കാലയളവിൽ ഒാറഞ്ച് മിഠായി, സേതുപതി,ധർമദുരൈ, സൂദു കവ്വും, ആണ്ടവൻ കട്ടളൈ, നാനും റൗഡി താൻ, പന്നിയാറും പത്മിനിയും, വിക്രം വേദ, ഇതർക്ക് താനേ ആസപ്പെട്ടേൻ ബാലകുമാരാ, നടുവിലെ കൊഞ്ചം പക്കത്തെ കാണോം തുടങ്ങി നിരവധിയായ ഹിറ്റുകൾ വിജയ്‌ യുടേതായി വന്നുകൊണ്ടേയിരുന്നു. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം കവൻ എന്ന കെ.വി.ആനന്ദ് സിനിമയുടെ പ്രീമിയറിനായി വിജയ് ദുബായിൽ വീണ്ടും തിരിച്ചെത്തി. അന്ന് പക്ഷേ,തിരക്ക് കാരണം തന്റെ പഴയ താമസസ്ഥലവും മറ്റും സന്ദർശിക്കാൻ അയാൾക്ക് സാധിച്ചില്ല.എന്നാൽ പണ്ട് തന്നോടൊപ്പം കഴിഞ്ഞ സുഹൃത്തുക്കെളെല്ലാവരും താരത്തെ കാണാൻ അന്ന് ഹോട്ടലിലെത്തിയിരുന്നു. അന്ന് തന്റെ റൂം മേറ്റായിരുന്ന മുരളി എന്ന സുഹൃത്തിനൊപ്പം ബർദുബായി അടക്കമുള്ള സ്ഥലങ്ങൾ വിജയ് സേതുപതി പോയി സന്ദർശിച്ചു. ആത്മാർത്ഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് ഒരിക്കൽ നാം എത്തുക തന്നെ ചെയ്യുമെന്നാണ് തന്റെ തുറന്നുവച്ച ജീവിതം മുൻനിർത്തി ഈ മനുഷ്യൻ ഇന്ന് നമ്മോട് പറയുന്നത്.

  ഒരു തരത്തിലുമുള്ള സിനിമാ പാരമ്പര്യങ്ങള്‍ അവകാശപ്പെടാനില്ലാതെ…ജൂനിയർ ആർസ്റ്റിൽ നിന്ന് ചെറിയ റോളുകള്‍ കൈകാര്യം ചെയ്ത് പതുക്കെ ഉയര്‍ന്നു വന്ന ഒരു നടന്‍,പ്രേക്ഷകമനസ്സില്‍ സ്വീകാര്യത നേടുമ്പോള്‍,അത് തമിഴ് സിനിമയിലെ സാമ്പ്രദായിക സങ്കല്പങ്ങളിൽ നിന്നുളള വിച്ഛേദനം തന്നെയാണ്.നിരവധി തമിഴ് സിനിമകളിലെ ആൾക്കൂട്ടആരവങ്ങൾക്കിടയിൽ ഈ ചെറുപ്പക്കാരനും ഉണ്ടായിരുന്നു.പക്ഷേ നമ്മള്‍ ആ ആള്‍ക്കൂട്ടങ്ങളിലേക്കൊന്നും ശ്രദ്ധിക്കാതെ..അതിൽ പലരും ജീവിതത്തോളം സിനിമയെ സ്വപ്നം കാണുന്നവരാണ് എന്നു പോലും ഓര്‍ക്കാതെ..ആ സിനിമകളെല്ലാം വെറുതെ ഓടിച്ചു കണ്ടുതീര്‍ത്തു!!

  “നമ്മുടെ തിരിച്ചറിവുകൾ തന്നെയാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.എനിക്ക് പ്ലാനിംഗ് എന്നൊരു സംഗതി ഇഷ്ടമല്ല.അത് കൊണ്ട് തന്നെയാണ് ഞാൻ വലിയ ചിത്രങ്ങൾ ചെയ്യാൻ മുതിരാത്തത്.ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന ഒരാളാണ്,അത് കൊണ്ട് തന്നെ പ്ലാനിംഗ് എന്നെ ബോറടിപ്പിക്കും.സിനിമയിൽ എന്തെങ്കിലും റോൾ തരൂ എന്ന പറഞ്ഞ് ഞാൻ ഒരുപാട് അസോസിയേറ്റ്സിന്റെ കാലുപിടിച്ചിട്ടുണ്ട്,അതും ഒന്നും രണ്ടുമല്ല,ദീർഘമായ ആറു വർഷം.പലരും എന്നെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.സാമ്പത്തിക സുരക്ഷയുള്ള നല്ലൊരു ജോലി വേണ്ടെന്ന് വച്ച് സിനിമക്ക് പുറകെ നടന്നപ്പോൾ നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം സഹിച്ചിട്ടുണ്ട്.സിനിമ നിനക്കും നിന്റെ രൂപത്തിനും ചേരുന്ന ഒന്നല്ല എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്.പട്ടിയെ പോലെ എന്നെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചവരുമുണ്ട്.ഞാൻ ഒറ്റയ്ക്ക് പഠിച്ച പാഠങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്.ഇന്നും എന്റെ ലൊക്കേഷനിലെ ലൈറ്റ്ബോയിയോടും സ്റ്റണ്ട്മാനോടുമൊക്കെ ഞാൻ അവരുടെ ജീവിതത്തെ പറ്റി ചോദിക്കാറുണ്ട് ഞാൻ.കാരണം എന്റെ അറിവിനുമപ്പുറമാണ് അവരുടെ ജീവിതങ്ങൾ.എനിക്ക് അവരിലൂടെ എന്നെ കാണാൻ കഴിയും..

  വിജയ് സേതുപതി ഒരിക്കൽ പറഞ്ഞു
  നടനരംഗത്തു സജീവമായ കാലത്തും മുഖ്യധാരസങ്കല്‍പ്പങ്ങളില്‍ നിന്നുള്ള മാറിനടക്കലിന്റെ പേരായിരുന്നു വിജയ് സേതുപതി.നൂറു പേരെ ഒറ്റക്ക് ഇടിച്ചു വീഴ്ത്തുന്ന താരത്തെയല്ല,ഇടി കൊണ്ട് വീഴുന്ന സാധാരണമനുഷ്യനെയാണ് അയാളുടെ ഭൂരിഭാഗം സിനിമകളും പ്രതിനിധാനം ചെയ്തത്.നിസ്സഹായനായ അയാളുടെ നായകരൂപം നൈരാശ്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്..അവിടെയാണ് അയാള്‍ നമ്മോട് ചേര്‍ന്നു നില്‍ക്കുന്ന നടനായത്.
  കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പുകളിൽ ആദ്യകാലസിനിമകളിലേത് പോലുള്ള വലിയ വൈവിധ്യമൊന്നും ഇപ്പോൾ അവകാശപ്പെടാനില്ലെങ്കിലും വലിയൊരു തിരിച്ചുവരവിനുള്ള കഴിവ് ഇപ്പോഴും ഈ നടനിലുണ്ട്.ആണ്ടവൻ കട്ടാളയിലെ ഗാന്ധിയേയും ഓറഞ്ചുമിഠായിയിലെ കൈലാസത്തേയും,ഇരൈവിയിലെ മൈക്കിളിനേയും,വിക്രം വേദയിലെ വേദയേയും അങ്ങനെ മറക്കാൻ നമുക്കാർക്കും കഴിയില്ലല്ലോ.അനുഭവിച്ചറിഞ്ഞ ജീവിതയാഥാർഥ്യങ്ങൾക്കുമപ്പുറം ഈ നടൻ നൽകുന്ന വലിയൊരു പാഠമുണ്ട്. സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്താൽ ദൈവത്തിന് പോലും നമ്മെ കൈവിടാൻ തോന്നില്ല എന്ന വലിയ പാഠം

  മാർക്കോണി മത്തായി എന്ന സിനിമയുടെ പ്രമോഷനിടെ കേരളത്തിൽ വന്നപ്പോൾ തന്നോടൊപ്പം,സെൽഫിയെടുക്കാൻ വരുന്നവരെ ചേർത്ത് നിർത്തി ചുംബിക്കുന്നതിനെ കുറിച്ച്
  നടൻ ജയറാം ചോദിച്ചപ്പോൾ വിജയ് സേതുപതിയുടെ മറുപടി ഇതായിരുന്നു
  “മനുഷ്യനെ വെവ്വേറെ തലങ്ങളിൽ കാണാൻ എനിക്കിഷ്ടമല്ല.ഇവിടെ എല്ലാ മനുഷ്യരും ഒരു പോലെയാണ്.സ്നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്നേഹിക്കുമ്പോഴുമാണ് ഒരു മനുഷ്യൻ,യഥാർത്ഥമനുഷ്യനാകുന്നത്..കുറേ കാലം മുമ്പ് എന്റെ രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് വന്ന് എന്നോട് ചുംബനം ആവശ്യപ്പെട്ടത്.അന്നവർ,അതിന്റെ ചിത്രമെടുത്ത് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു.അങ്ങനെ അത് വൈറലായി.പിന്നീട് എല്ലാവരും കാണുമ്പോൾ എന്നോട് ചുംബനം ചോദിച്ചു തുടങ്ങി.പങ്കു വയ്ക്കപ്പെടുന്തോറും സ്നേഹം കൂടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്”
  സിനിമയെന്ന രണ്ടര മണിക്കൂർ ദൈർഘ്യത്തിനുമപ്പുറം ഹൃദയത്തോട് അത്രമേൽ ആഴ്ന്നിറങ്ങിയ പേരാണ് ഈ മനുഷ്യന്റേത്

  HBD #Makkal #Selvan