ആരോ കൊണ്ട് വന്ന് വച്ച ഒരു പെർഫ്യൂം കുപ്പി, മുകേഷിന്റെ സിനിമയിലെ ജാതകം തന്നെ തിരുത്തിക്കുറിച്ചു

118

Sunil Waynz

നടൻ,മുകേഷ് തിരുവനന്തപുരം ലോ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുന്ന കാലം.ഒരു ദിവസം വൈകിട്ട് താമസസ്ഥലത്ത് എത്തിയപ്പോൾ അവിടെ മുൻവശത്തുള്ള മുറിയിൽ നാനയുൾപ്പടെയുള്ള മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായ കൃഷണസ്വാമി റെഡ്ഡ്യാരും മറ്റ് ചില പ്രധാനവ്യക്തികളും സന്ദർശകരായി എത്തിയിട്ടുണ്ട്.അപ്രതീക്ഷിതമായി മുകേഷിനെ കണ്ടതും റെഡ്ഡ്യാർ സ്വാമി ഉടൻ കൂടെയുള്ള ആളോട് ‘ഇതാരാണ്’ എന്ന് ചോദിച്ചു
അയാൾ ഉടൻ,സ്വാമിയോട് പറഞ്ഞു
“അയ്യോ..ഈ പുള്ളിയെ അറിയത്തില്ലേ..ഇതാണ് നമ്മടെ മാധവൻ ചേട്ടന്റെ മോൻ..പേര് മുകേഷ്..വല്യ മിമിക്രിക്കാരനും നാടകകാരനുമൊക്കെയല്ല്യോ”
തന്നെക്കുറിച്ച് അയാൾ പറഞ്ഞത് തെല്ല് അഭിമാനത്തോടെ തന്നെ മുകേഷും കേട്ടു നിന്നു
കേട്ട് കഴിഞ്ഞതും കൃഷണസ്വാമി റെഡ്ഡ്യാർക്ക് അത്ഭുതം..ഉടൻ സ്വാമി,മുകേഷിനോട് ചോദിച്ചു
“എന്നും ഈ നാടകവും മിമിക്രിയുമായിട്ടൊക്കെ നടന്നാൽ മത്യോ??തനിക്ക് സിനിമയിൽ ഒന്നും അഭിനയിക്കാൻ ആഗ്രഹം ഇല്ലേ”
ഉടനെ നിസ്സംഗനായി മുകേഷിന്റെ മറുപടി
“സിനിമയിൽ അഭിനയിക്കാൻ ആർക്കാണ് സാർ,ആഗ്രഹം ഇല്ലാത്തത്”
സ്വാമി ഒന്ന് ചിരിച്ചു
ഏതാണ്ട് നാല് മാസം കഴിഞ്ഞു കാണും.വളരെ അപ്രതീക്ഷിതമായി ഒരു ദിവസം മുകേഷിനെ തേടി ഒരു ഫോൺകോൾ വരുന്നു
മറുതലക്കൽ സ്വാമിയാണ്
“മുകേഷല്ലേ”
“അതേ”
“ഞാൻ സ്വാമിയാണ്”
“സാർ”
“മുകേഷ് എത്രയും പെട്ടെന്ന് നാനാ ഓഫീസ് വരെയൊന്ന് വരണം..എനിക്ക് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്”
ആകാംക്ഷ അടക്കവയ്യാതെ മുകേഷ് ചോദിച്ചു
“എന്താണ് സാർ”
റെഡ്ഡ്യാർ സ്വാമി വളരെ നാടകീയമായി പറഞ്ഞു
“ഞാൻ ബലൂൺ എന്നൊരു സിനിമയെടുക്കാൻ ആലോചിക്കുന്നു.രവിഗുപ്തൻ എന്നൊരു പുതിയ ആളാണ് സംവിധായകൻ.നാനയുടെ കഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച ടി.വി കൊച്ചുബാവയുടേതാണ് സിനിമയുടെ കഥ.നായികയാകുന്നത് പുതിയ കുട്ടിയാണ്.ശോഭയെന്നാണ് പേര്.പെട്ടെന്ന് പറഞ്ഞാൽ അറിയണം എന്നില്ല,നമ്മുടെ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളാണ്(ഇപ്പോഴത്തെ പ്രശസ്ത നടൻ വിനു മോഹന്റെ അമ്മ ശോഭ മോഹൻ തന്നെ)ഈ സിനിമയിൽ നായകനായി മുകേഷിനെ അഭിനയിപ്പിക്കാനാണ് എന്റെ ആലോചന..എന്ത് പറയുന്നു”??
കേട്ടതും മുകേഷിന് ഒരു ഞെട്ടൽ

ഇങ്ങനെ വളരെ ആകസ്മികമായാണ് ‘ബലൂൺ’ എന്ന സിനിമയിലേക്കും അത് വഴി മലയാള സിനിമയിലേക്കുമുള്ള മുകേഷിന്റെ കടന്നുവരവ്.ശ്രീലക്ഷ്മിപ്രിയ ശ്രീവിദ്യ കമ്പയിൻസിന്റെ ബാനറിൽ കൃഷ്ണസ്വാമി റെഡ്ഡ്യാർ അദ്ദേഹത്തിന്റെ മകൻ രാജാകൃഷ്ണന്റെ പേരിൽ നിർമ്മിച്ച ബലൂൺ എന്ന സിനിമ 1982 ജനുവരി 8നാണ് പ്രദർശനത്തിന് എത്തിയത്.എഴുത്തുകാരൻ എന്ന നിലയിൽ മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയനായ യശ:ശരീരനായ ടി.വി. കൊച്ചുബാവ തന്നെയാണ് ബലൂൺ എന്ന
സിനിമക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത്.മലയാളസിനിമയിൽ അന്ന് സജീവമായിരുന്ന ഒരുപിടി പ്രമുഖതാരങ്ങൾ ബലൂണിൽ അണിനിരന്നു.അതിൽ ഏറ്റവും ശ്രദ്ധേയം നടൻ മമ്മൂട്ടിയുടെ സാന്നിദ്ധ്യമായിരുന്നു.മമ്മൂട്ടി അന്ന് പതുക്കെ താരപദവിയിലേക്ക് നടന്നടുക്കുന്ന സമയമായിരുന്നു.ഇവരെ കൂടാതെ തിക്കുറിശ്ശി സുകുമാരൻ നായർ,ജഗതി ശ്രീകുമാർ,ജലജ,കവിയൂർ പൊന്നമ്മ,ടി.ജി.രവി,കലാരഞ്ജിനി തുടങ്ങിയവരും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വലിയ പ്രതീക്ഷയോടെയാണ് സിനിമ,പ്രദർശനത്തിന് എത്തിയതെങ്കിലും ചിത്രം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല..അത് കൊണ്ട് തന്നെ അടുത്ത സിനിമ ലഭിക്കാൻ മുകേഷിന് അത്യാവശ്യം കാലതാമസം നേരിടുകയും ചെയ്തു
ബലൂണിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചതോടെ കൃഷ്ണസ്വാമി റെഡ്ഡ്യാരുടെ കുടുംബവുമായി നല്ല അടുപ്പത്തിലായി മുകേഷ്.അദ്ദേഹത്തിന്റെ സഹോദരൻ തിരുവെങ്കിടം റെഡ്ഡ്യാരുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കാൻ മുകേഷിന് സാധിച്ചു.അന്ന് മലയാളസിനിമയിലെ പല നിർമാതാക്കൾക്കും സാമ്പത്തികമായി സഹായം ചെയ്തിരുന്ന ആളായിരുന്നു സിനിമാക്കാർക്കിടയിൽ തിരുവെങ്കിടം മുതലാളി എന്ന വിശിഷ്ടനാമധേയത്തിൽ അറിയപ്പെട്ടിരുന്ന തിരുവെങ്കിടം റെഡ്ഡ്യാർ.സാമ്പത്തിക പ്രതിസന്ധി കാരണം സിനിമകൾ പെട്ടിയിലാകേണ്ട അവസ്‌ഥ വരുമ്പോഴും..നിർമാണം പാതിവഴിയിൽ നിർത്തേണ്ടി വരുമ്പോഴുമെല്ലാം പല നിർമാതാക്കളും ആലംബഹീനരായി അഭയം പ്രാപിച്ചത് തിരുവെങ്കിടം മുതലാളിയിലായിരുന്നു.അന്നത്തെ കാലത്തെ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം കൺകണ്ടദൈവം തന്നെയായിരുന്നു അദ്ദേഹം.മുകേഷ് എന്ന യുവാവ് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നല്ലൊരു നടനാകണമെന്ന് ഉള്ളാൽ ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം

ഇരുവരുടേയും കൂടിക്കാഴ്ച അരങ്ങേറിയ ഒരു ദിവസം തിരുവെങ്കിടം മുതലാളി മുകേഷിനോട് പറഞ്ഞു
“ഞാൻ പണം കൊടുത്ത് സഹായിച്ച ഒരുപാട് സംവിധായകരും നിർമാതാക്കളും ഇവിടെയുണ്ട്..അതിൽ ഒരു സംവിധായകനാണ് ശശികുമാർ..നമുക്ക് ഒരു ദിവസം അദ്ദേഹത്തെ നേരിൽ പോയി കാണാം”
അങ്ങനെ ഇരുവരും സംവിധായകൻ ശശികുമാറിനെ കാണാൻ ചെന്നു.60കളുടെ മധ്യപകുതി മുതൽ മലയാളസിനിമയിൽ കരിയർ ആരംഭിച്ച ശശികുമാർ അന്നും മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംവിധായകരിൽ ഒരാളാണ്.അക്കാലത്തെ എല്ലാ സൂപ്പർതാരങ്ങളും ദൈവതുല്യനായി ആരാധിച്ചിരുന്ന സംവിധായകരിൽ ഒരാൾ കൂടിയായിരുന്നു ശശികുമാർ.ചെയ്ത ബഹുഭൂരിപക്ഷം സിനിമകളും സാമ്പത്തികമായി വിജയിച്ചത് കൊണ്ട് തന്നെ മലയാളത്തിലെ പല പ്രമുഖനിർമാതാക്കളും അക്കാലത്ത് അദ്ദേഹത്തിന്റെ പിറകിൽ തന്നെയായിരുന്നു
പുതിയ സിനിമയിൽ നല്ലൊരു റോൾ കൊടുത്ത് മുകേഷിനെ സഹായിക്കണമെന്ന് തിരുവെങ്കിടം മുതലാളി,ശശികുമാറിനോട് പറഞ്ഞു..കേട്ടതും ശശികുമാർ,അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കാര്യം വെട്ടിത്തുറന്ന് പറഞ്ഞു
“ഞാൻ ഓരോ മാസത്തിലും ഓരോ പടം ചെയ്യുന്ന ആളാണ്..അതിനിടയിൽ പുതുമുഖങ്ങളെ വച്ച് ഒരു പടം ചെയ്യാനോ അവരെ അഭിനയം പഠിപ്പിക്കാനോ എനിക്ക് തീരെ സമയമില്ല”
പിന്നെ അദ്ദേഹം,മുകേഷിനോടായി പറഞ്ഞു
“പക്ഷേ ഞാൻ തനിക്ക് ഒരു വാക്ക് തരുന്നു..പോയി ഫേമസ് ആയിട്ട് വാ..അപ്പോ ഞാൻ എന്റെ പടത്തിൽ നല്ലൊരു റോൾ തനിക്ക് നൽകും”
ശശികുമാറിന്റെ ആ തുറന്നുപറച്ചിൽ തിരുവെങ്കിടം മുതലാളിക്ക് വലിയ ക്ഷീണമുണ്ടാക്കി.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി.
ഒരു ദിവസം മുകേഷിന് ഒരു ഫോൺകോൾ വരുന്നു.തിരുവെങ്കിടം മുതലാളിയാണ് ഫോണിന്റെ മറുതലക്കൽ
“മുകേഷേ..ഞാൻ ഫൈനാൻസ് ചെയ്യുന്ന പുതിയൊരു പടമുണ്ട്.#കിളിക്കൊഞ്ചൽ എന്നാണ് പടത്തിന്റെ പേര്.അശോക് കുമാറാണ് പടത്തിന്റെ സംവിധായകൻ.മോഹൻലാലാണ് നായകൻ.അതിൽ മോഹൻലാലിന്റെ കൂടെ ഒരു റോളുണ്ട്..അത് മുകേഷിന് ഉള്ളതാണ്”
വാർത്ത കേട്ടപ്പോൾ മുകേഷിന് വലിയ സന്തോഷം

മമ്മൂട്ടിയെ പോലെ തന്നെ മോഹൻലാലും ആ കാലഘട്ടത്തിൽ നായകനിരയിൽ ശോഭിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.മോഹൻലാലിനൊപ്പമാണ് താൻ സ്‌ക്രീൻ പങ്കിടേണ്ടത് എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ മുകേഷിന് വലിയ ആവേശം.എല്ലാം കൊണ്ടും ശരിക്കും ത്രില്ലടിച്ചു പോയ നിമിഷം..!!!
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുതലാളി മുകേഷിനെ വീണ്ടും ഫോൺ വിളിച്ചു
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ മുതലാളി ഇങ്ങനെ പറഞ്ഞു.
“മുകേഷേ..എന്റെ കൂടെ സിനിമയുടെ സംവിധായകൻ അശോക് കുമാറുണ്ട്..ഞാൻ ഫോൺ അദ്ദേഹത്തിന് കൊടുക്കാം”
ഇത്രയും പറഞ്ഞ് തിരുവെങ്കിടം മുതലാളി ഫോൺ,സിനിമയുടെ സംവിധായകൻ അശോക് കുമാറിന് കൈമാറി
ഫോൺ ഏറ്റുവാങ്ങിയ സംവിധായകൻ അശോക് കുമാർ മുകേഷിനോട് ഇങ്ങനെപറഞ്ഞു
👇👇
“മുകേഷേ..ഒരു ചെറിയ പ്രോബ്ലം ഉണ്ട്..മുകേഷിന് നമ്മൾ പറഞ്ഞു വച്ച മോഹൻലാലിന്റെ കൂടെയുള്ള ആ റോളില്ലേ..അതിൽ മോഹൻലാലിന്റെ സഹോദരൻ പ്യാരേലാൽ അഭിനയിച്ചാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം ചർച്ചക്കിടെ ഞങ്ങളെല്ലാവർക്കുമിടയിൽ വന്നു..കേട്ടപ്പോൾ,അത് നല്ലതായി തോന്നി.അങ്ങനെ വന്നാൽ അത് ഒരു വലിയ വാർത്തയാകും..രണ്ട് സഹോദരന്മാർ മലയാളത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുവെന്ന സംഗതി തന്നെ മലയാളസിനിമയിൽ വലിയ കാര്യമാണ്..ഈ വാർത്ത തീർച്ചയായും സിനിമക്ക് എല്ലാം കൊണ്ടും ഗുണം ചെയ്യും..മുകേഷിന് തീർച്ചയായും എന്റെ അടുത്ത സിനിമയിൽ നല്ലൊരു റോൾ ഞാൻ തരാം”
മുകേഷിന്റെ കണ്ണ് നിറഞ്ഞു പോയി
കൊല്ലത്തെ തന്റെ എല്ലാ സുഹൃത്തുക്കളോടും മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കുന്നുവെന്ന് ഇതിനോടകം പറഞ്ഞു കഴിഞ്ഞിരുന്നു.ഇനി,അവരുടെയെല്ലാം മുഖത്ത് എങ്ങനെ നോക്കും എന്നോർത്തായിരുന്നു വലിയ വിഷമം
ഈ സംഭവം തിരുവെങ്കിടം മുതലാളിക്കും വിഷമം ഉണ്ടാക്കി
ആയിടെയാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് വേണ്ടി പണം ആവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കളായ സനൽ കുമാറും സുരേഷ് കുമാറും തിരുവെങ്കിടം മുതലാളിയുടെ അരികിൽ ചെന്നത്
കാര്യം കേട്ടതും മുതലാളി അവരോട് പറഞ്ഞു
“ശരി..പണം ഞാൻ തരാം..പക്ഷേ എനിക്ക് ഒരു ചെറിയ കണ്ടീഷനുണ്ട്”
“എന്താണ്”
“മുകേഷിന് ഈ സിനിമയിൽ ഒരു റോൾ നിങ്ങൾ കൊടുക്കണം.
ആ വ്യവസ്‌ഥ അവർക്കും സമ്മതമായിരുന്നു
തിരുവെങ്കിടം മുതലാളി ഉടൻ മുകേഷിനെ വിളിച്ച് പുതിയൊരു സിനിമയിൽ നല്ലൊരു റോളുണ്ടെന്ന് പറഞ്ഞു..മുതലാളി വിളിച്ചു പറഞ്ഞിട്ടും മുകേഷിന് വിശ്വാസം വന്നില്ല..ഏതായാലും അധികം വൈകാതെ തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു
സിനിമയുടെ സെറ്റിൽ എത്തിയപ്പോഴാണ് അടുത്ത പ്രശ്‌നം ആരംഭിച്ചത്
സിനിമയുടെ സംവിധായകൻ പ്രിയദർശന് മുകേഷിനെ തീരെ ഇഷ്ടമായില്ല.
അക്കാലത്ത് പ്രിയന്റെ മിക്ക സിനിമകളുടെയും തിരക്കഥ എഴുതുന്നത് ശ്രീനിവാസനാണ്.തിരക്കഥ എഴുതുന്ന ശ്രീനിവാസനോട്,പ്രിയദർശൻ പോയി പറഞ്ഞു.
“അവൻ,ആ തിരുവെങ്കിടം സ്വാമിയുടെ റെക്കമെന്റേഷനിൽ വന്നവനാണ്..അവന് റോളും ഡയലോഗും നല്ലോം കുറച്ചു കൊടുത്താൽ മതി”
പ്രിയന്റെ വാദം കേട്ടയുടൻ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
“അങ്ങനെയല്ല..അവൻ നല്ല കഴിവുള്ള പയ്യനാണ്”
പക്ഷേ പ്രിയദർശന്,മുകേഷിനെ തീരെ പിടിക്കുന്നില്ല..സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു
മൂന്ന് കൂട്ടുകാർ പലവിധ കള്ളങ്ങൾ പറഞ്ഞ് ഒരു പെൺകുട്ടിയെ കാണാൻ പോകുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്
പെൺകുട്ടിയെ കാണാൻ പോകുമ്പോൾ മുകേഷ് കള്ളം പറയുന്ന ഒരു രംഗമാണ് ചിത്രീകരിക്കുന്നത്.അയാൾ കള്ളം പറഞ്ഞാണ് ആ പെൺകുട്ടിയെ കാണാൻ പോകുന്നത് എന്ന് കാണുന്ന പ്രേക്ഷകർക്ക് മുഴുവനും അറിയാം.
തിരക്കഥ പ്രകാരം,സിനിമയിലെ മുകേഷിന്റെ ഡയലോഗ് ഇപ്രകാരം ആയിരുന്നു
👇👇
“കൊല്ലത്തുള്ള എന്റെ ചിറ്റപ്പന്റെ മകളുടെ ഭർത്താവ് ഇന്നലെ രാവിലെ ചത്തു..കമ്പി വന്നിരുന്നു”
👆👆
Odaruthammava Aalariyam - WikiVisuallyഇത്രയും പറഞ്ഞ് ഭയങ്കര വിഷമത്തോടെ ടിയാൻ ഇറങ്ങി പോകുന്നതാണ് തിരക്കഥയിൽ എഴുതി വച്ചിരിക്കുന്ന സീൻ
റിഹേഴ്സൽ എടുത്തു
ശേഷം ടേക്ക് എടുത്തു
ടേക്ക് എടുക്കുന്ന നേരത്താണ് അവിടെ മേശപ്പുറത്ത് ഇരിക്കുന്ന ഒരു ചെറിയ പെർഫ്യൂം കുപ്പി മുകേഷിന്റെ ശ്രദ്ധയിൽപ്പെടുന്നത്
മരണവാർത്ത സുഹൃത്തുക്കൾക്കിടയിൽ അവതരിപ്പിച്ച് ദുഃഖിതനെന്ന വ്യാജേനെ അവർക്കിടയിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ പെട്ടെന്ന് ഓടിച്ചെന്ന് മുകേഷ് ആ പെർഫ്യൂം എടുത്ത് ശരീരത്തിലും കക്ഷത്തിലും ഉടനീളം അടിച്ചു..ഇത് തിരക്കഥയിൽ ഇല്ലായിരുന്നു..റിഹേഴ്സൽ സമയത്തും ഉണ്ടായിരുന്നില്ല..മുകേഷിന് പെട്ടെന്ന് തോന്നിയ ബുദ്ധിയാണ്
സീൻ എടുത്ത് കഴിഞ്ഞ് ഓക്കേ ആണോ എന്നറിയാൻ പ്രിയദർശനെ നോക്കിയതായിരുന്നു മുകേഷ്
നോക്കുമ്പോൾ പ്രിയദർശൻ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയാണ്..!!
നിർത്താതെ…
❤️❤️
ആരുടെയും ഒരു റെക്കമെന്റേഷനും ഇല്ലാതെ പിൽക്കാലത്ത് പ്രിയൻ ചിത്രങ്ങളിലെ ചിരിസാന്നിദ്ധ്യമായും നിറസാന്നിദ്ധ്യമായും മുകേഷ് മാറിയത് ചരിത്രം
❤️❤️
പിന്നീടെപ്പോഴോ ഒരു സൗഹൃദനിമിഷത്തിൽ അന്നങ്ങനെ ചിരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് പ്രിയദർശനോട് തിരക്കിയ മുകേഷിനോട്,പ്രിയൻ പറഞ്ഞ മറുപടി ഇതായിരുന്നുവെത്രേ..!!
👇👇
“വലിയ സീനിയർ നടന്മാർ പോലും ഇത്തരത്തിൽ ഒരു സീൻ എടുക്കുമ്പോൾ യാതൊരു മുൻകരുതലും ഇല്ലാതെ ഇംപ്രൊവൈസ് ചെയ്യില്ല..പക്ഷേ നീ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു..നിന്നെ അന്ന് ഞാൻ വെറുതേ തെറ്റിദ്ധരിച്ചു”
❤️❤️
ആരോ കൊണ്ട് വന്ന് വച്ച ഒരു പെർഫ്യൂം കുപ്പി,അക്ഷരാർത്ഥത്തിൽ മുകേഷ് എന്ന നടന്റെ മലയാളസിനിമയിലെ ജാതകം തന്നെ തിരുത്തിക്കുറിച്ചു
❤️