എന്തിനും വില പേശി ശീലിച്ച നമ്മൾ സ്വന്തം ജീവനും ചില്ലറ കാശിനായി ബലികൊടുക്കും

42

റിസോർട്ട് ഓണർ Sunilvk Mohamed Ali എഴുതുന്നു

ഇന്ന് കേരളം ഞെട്ടലോടെ കേട്ടുന്നർന്ന ഒരു വാർത്തയാണ് “വയനാട്ടിൽ ഒരു ഫോറസ്റ്റ് റിസോർട്ടിൽ താമസിക്കാനെത്തിയ ഒരു യുവതി കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു” എന്നത്.കൂടെ സംഭവം നടന്ന പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഒരു പ്രസ്താവനയും ശ്രദ്ധിച്ചു. പ്രസ്തുത റിസോർട്ട് നിയമപ്രകാരം പ്രവർത്തനാനുമതി ഉള്ളതായിരുന്നില്ല എന്നത്.ഒരു ജീവൻ നഷ്ടമായപ്പോൾ മാത്രമാണ് റിസോർട്ടിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല എന്നത് പ്രസിഡന്റും മറ്റ് അധികാരികളും അറിയുന്നത്.വർഷങ്ങളോ മാസങ്ങളോ ആയി പ്രസ്തുത റിസോർട്ടിൽ ഗസ്റ്റുകൾ വന്നുപോകുമ്പോൾ ബന്ധപ്പെട്ട അധികാരികൾ കാശിയിൽ തീർത്ഥാടനത്തിൽ ആയിരുന്നു എന്ന് സമാധാനിക്കാം.

ലോക്‌ഡൗൺ ഇളവുകൾ നിലവിൽ വന്നശേഷം കേരളത്തിൽ ഡൊമസ്റ്റിക് സഞ്ചാരികളുടെ തിക്കും തിരക്കും ഏറ്റവും കൂടുതൽ അനുഭവപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വയനാടും മുന്നാറും.ഈ സ്ഥലങ്ങളിൽ ഈ ഇടെയായി കണ്ടുവരുന്ന സംഭവമാണ് ജംഗിൾ സ്റ്റേകളുടെ ആധിക്യം…. കാട്ടിനുള്ളിൽ ഇഷ്ടിക്കകൊണ്ടൊരു കെട്ടിടമുണ്ടാക്കി മണ്ണ് നിരപ്പാക്കി വാടകക്കെടുക്കുന്ന കേനോപ്പികളിൽ ടെന്റ് എന്നപേരിൽ ആളുകളെ താമസിപ്പിക്കുന്നു.ഇതിൽ ഭൂരിപക്ഷത്തിലും യാതൊരുവിധ സുരക്ഷിത മാനദണ്ഡങ്ങളും പാലിക്കപെടുന്നവയല്ല എന്നതാണ് സത്യം…. ഫോറസ്റ്റ് റോഡിലൂടെയാണ് ആളുകൾ വന്നു പോകുന്നത്…. ഈ ട്രാഫിക്കുകളൊന്നും ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയുന്നില്ല എന്നവാദം വൻ തമാശയാണ്.

ഇവിടെയാണ് പ്രത്യക്ഷമായ അഴിമതി. കിട്ടേണ്ടത് മസാമാസം കിട്ടിയാൽ ഫോറെസ്റ്റും പഞ്ചായത്തും പോലീയും മറ്റ് അധികാരികളും മൗനസമ്മതം നൽകും. സാമ്പത്തിക രാഷ്ട്രിയ സ്വാധീനത്തിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് മാഫിയാ പിൻബലം ഉറപ്പാണ്…. ഇവിടെ താസക്കാരന്റെ സുരക്ഷിതത്വത്തിന് പുല്ലു വില. ലക്ഷങ്ങളോ കോടികളോ മുടക്കി എല്ലാ സുരക്ഷിതമാനദണ്ഡങ്ങളും പാലിച്ചു നടത്തുന്ന ചുരുക്കം ചില സ്ഥാപങ്ങൾക്ക് വെല്ലു വിളിയാണ് ഇത്തരം മാഫിയ സ്ഥാപനങ്ങൾ….താമസക്കാരന്റെ സുരക്ഷിത ത്വത്തിന് മിനിമം ഗ്യാരന്റിപോലും നൽകാത്ത ഇത്തരം പ്രസ്ഥാനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും ഒരുപാട് ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷികളായേക്കാം….. ഷീ ക്യാമ്പും ഹീ ക്യാമ്പും നടത്തനായി ഒരു പേരുമിട്ട് സ്വന്തമായി ഒരു വിലാസം പോലുമില്ലാതെ ഒന്നോ രണ്ടോ മൊബൈൽ നമ്പറിന്റെ പിൻബലത്തിൽ യാതൊരുവിധ മുതൽമുടക്കുമില്ലാതെ ടൂർ ഓപ്പറേറ്റർ എന്ന് സ്വയം പറയുന്ന കുറച്ചു പോക്കറ്റ് ഓപ്പറേറ്റർമാർ കൂടി ഇറങ്ങിയിട്ടുണ്ട്….. ഗസ്റ്റിന്റെ സുരക്ഷിതത്വം ഇവരുടെ ബാധ്യതയല്ല എന്നറിയുക….. സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി ഏത് വഴിയും സ്വീകരിക്കുന്ന ഇത്തരക്കാരെയും നിയന്ത്രിക്കാൻ അധികാരികൾക്കാവണം… ഇല്ലെങ്കിൽ ഇവരിലൂടെ ഇനിയും ഒരുപാട് ജീവനുകൾ നഷ്ടപ്പെടും.

എന്തിനും വില പേശി ശീലിച്ച നമ്മൾ മലയാളികൾ സ്വന്തം ജീവനും ചില്ലറ കാശിനായി ബലികൊടുക്കും….. യാത്രികൻ കൊടിശ്വരൻ ആയിരിക്കണമെന്നില്ല…. എങ്കിലും ബാഡ്ജറ്റ് ലെവലിൽ യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് സ്വന്തം സുരക്ഷിതത്വവും ചിലവാക്കുന്ന കാശിനുള്ള മിനിമം സൗകര്യങ്ങളും.പ്രാധാനമായും ജംഗിൾ റിസോർട്ട്കളിൽ താമസിക്കാൻ ഒരുങ്ങുന്നവർ സ്റ്റേ ഏരിയ പ്രൊട്ടക്ടഡ് ആണോ എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്….. താമസിക്കുന്ന ചുറ്റളവിൽ ഇലക്ട്രിക് ഫെൻസിങ് പ്രൊട്ടക്ഷൻ ഉണ്ടെങ്കിൽ ഒരുപരിധിവരെ സുരക്ഷിതർ ആയിരിക്കും.ടെന്റ് ഏരിയ രാത്രിയിൽ വെളിച്ചമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം…. ജംഗിൾ സ്റ്റേ എന്നപേരിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പലതും പവർ സപ്ലൈ ഒരൊറ്റ ജനറേറ്ററിനെ മാത്രം ആശ്രയിക്കുന്നവയാണ്…. ആ ജനറേറ്റർ പ്രവർത്തനരഹിതമായാൽ ഇരുട്ടിൽ പരസ്പരം കൂട്ടിയിടിക്കുകയല്ലാതെ മറ്റൊരു മാർഗവും കാണില്ല….. പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാവും അധികാരിവർഗ്ഗം തൊള്ള തുറക്കുന്നത്….. ജീവൻ പോയിട്ട് സ്മാരകം പണിതിട്ടു പ്രതേയ്കിച്ചൊരു കാര്യവുമില്ല എന്ന് തിരിച്ചറിയുക.

ഒരുപാട് കാലമായി ടൂറിസവും ലീസിങ്ങും തുടങ്ങിയവ കഞ്ഞികുടിക്കാനുള്ള മാർഗ്ഗമായി സ്വീകരിച്ച ആൾ എന്ന നിലക്ക് പറയട്ടെ യാത്രക്കാർ യാത്ര ചെയുന്ന സ്ഥലത്തെകുറിച്ചും താമസിക്കുന്ന സ്ഥലത്തെകുറിച്ചും ഒരു ഏകദേശ ധാരണയുള്ളവർ ആയിരിക്കണം…. അംഗീകാരമുള്ള ടൂർ ഓപ്പറേറ്ററുടെസഹായം തേടാം.ക്‌ളാസിഫിക്കേഷനുള്ള പ്രോപ്പർട്ടികളിൽ താമസിക്കാം….. കാരണം സ്വന്തം തടി കേടാവാതെ നോക്കിയാൽ അധ്വാനിച്ചു തിന്നാം.