അർദ്ധരാത്രി മുത്തങ്ങ ചെക്ക്പോസ്റ്റ് കഴിഞ്ഞു കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡിലൊരു സ്ത്രീരൂപം

223

Sunilvk Mohamed Ali യുടെ അനുഭവം

യാത്രകളിലെ ദുരൂഹതകൾ : പ്രേത ഭൂത പിശാശുക്കളിൽ വിശ്വാസമില്ലാത്ത “ചെകുത്താനാണ്” ഞാൻ…. ഇന്നുവരെ വിശ്വാസയോഗ്യമായ ഒരു അനുഭവങ്ങളും ഉണ്ടായിട്ടും ഇല്ല…. എങ്കിലും… പ്രകൃതിയിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന കുറെ അനുഭവങ്ങൾ പല യാത്രകളിലും ഉണ്ടായിട്ടും ഉണ്ട്…..

ഈ സംഭവം നടക്കുന്നത് വർഷങ്ങൾ പിറകോട്ടാണ്… കർണ്ണാടകയിൽ അല്ലറ ചില്ലറ ലീസ് പരിപാടികളുമായി വട്ടം ചുറ്റുന്ന കാലം … അതൊക്കെയും നൂലുപൊട്ടിയ പട്ടം പോലെ പറന്നു നടക്കുമ്പോൾ ഒരു പേരിന് മാത്രം… വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടി വിതറാനുള്ള ഒരു ബുദ്ധി… ആ സമയത്ത് രാത്രി യാത്ര നിരോധനം വന്നിട്ടില്ല… മുത്തങ്ങയും, ബന്ദിപ്പൂരും 24 മണിക്കൂറും ഓപ്പൺ…. മിക്കവാറും യാത്രകൾ രാത്രിയിൽ ആയിരിക്കും… രാത്രി യാത്രക്ക് ഒരു ഗുണമുള്ളത് പൊതുവെ ട്രാഫിക് കുറവായിരിക്കും, പിന്നെ നൈറ്റ്‌ ഡ്രൈവിന്റെ ഒരു വല്ലാത്ത ഫീലും….പ്രതേയ്കിച്ചും കാട്ടിലൂടെ ഉള്ള യാത്രകളിൽ…

രാത്രി ഏറെ വൈകിയാണ് മുത്തങ്ങ ചെക്പോസ്റ്റ് കടന്നത്… മുത്തങ്ങയിൽ നിന്നും ഗുണ്ടൽപേട്ടിലേക്ക് 45 കിലോമിറ്ററോളം ദൂരമുണ്ട്… അന്ന് മുത്തങ്ങ കഴിഞ്ഞാൽ പിന്നീട് വരുന്ന ജനവാസ മേഖല ഗുണ്ടൽപേട്ട് ആണ്…. ഗുണ്ടൽപേട്ട് തന്നെ ഇന്നത്തെ ഗുണ്ടൽപേട്ട് ആയിട്ടില്ല… ഒരു ചെറിയ അങ്ങാടി… ATM കൗണ്ടർ പോലും വന്നിട്ടില്ലാത്ത കാലം… സുൽത്താൻ ബത്തേരി കഴിഞ്ഞാൽ അടുത്ത ATM കിട്ടാൻ നഞ്ചൻഗുണ്ട് വരെ പോണം… ഗുണ്ടൽപേട്ടും മുത്തങ്ങയും ബത്തേരിയും രാത്രിയിൽ ലൈവ് ആയിരുന്നു… രാത്രി യാത്രാനിരോധനം ഇല്ലാത്തത് കൊണ്ട് ഏത് സമയവും ഒരു മിനിമം ട്രാഫിക് ഉണ്ട്… അത്കൊണ്ട് തന്നെ കടകളും തട്ടുകടകളും സജീവം….

അർദ്ധരാത്രി മുത്തങ്ങ കടക്കുമ്പോൾ ചെക്‌പോസ്റ്റിൽ നിന്നും പതിവ് മുന്നറിയിപ്പ് തന്നു…. “സൂക്ഷിച്ചു പോണം…. വഴിയിൽ നിർത്തരുത് വന്യമൃഗങ്ങൾ റോഡിൽ ഇറങ്ങുന്ന സമയമാണ്…. ആന കൂട്ടം റോഡിൽ ഉണ്ടെന്ന് ലോറിക്കാർ പറഞ്ഞിരുന്നു” ഇതൊക്കെ സ്ഥിരമായി കേൾക്കുന്നത് കൊണ്ടും ആനയെയും കാട്ടിയെയും സ്ഥിരമായി കാണാറുള്ളതുകൊണ്ടും, പലപ്പോളും ആനയും കാട്ടിയും മണിക്കുറുകൾ വഴി ബ്ലോക്കാക്കി ഭരണം നടത്തുന്നത് അനുഭവങ്ങൾ ഉള്ളതുകൊണ്ടും പുതുമയൊന്നും തോന്നിയില്ല…ഞാനടക്കം 4 പേരാണ് യാത്രികർ… സുഹൃത്തുക്കൾ… പങ്ക് കച്ചോടക്കാർ… ഒരേ വേവ് ലെങ്ങ്തിൽ ഉള്ളവർ…

മുത്തങ്ങ ചെക്പോസ്റ്റ് കഴിഞ്ഞു ഒരു 10 / 15 കിലോമീറ്റർ ദൂരം പിന്നിട്ടു…. ശെരിക്കും ഉൾക്കാട്… 4 പേരും ലൈവ്… നീണ്ടു കിടക്കുന്ന വിജനമായ പാത… കണ്ണെത്തും ദൂരത്തോളം വണ്ടിയുടെ ഹെഡ് ലൈറ്റിൽ വ്യക്തമായ കാഴ്ച….. സ്ട്രൈറ്റ് റോഡ് ആയത്കൊണ്ടും മറ്റു വണ്ടികൾ ഇല്ലാത്തത് കൊണ്ടും അത്യാവശ്യം സ്പീഡിൽ തന്നെയാണ് വണ്ടി…. പെട്ടെന്നൊരു കാഴ്ച… ഒരു 10/20 അടി ദൂരെ, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു കാടിനും റോഡിനും ഇടയിലുള്ള ഗ്യാപ്പിൽ ഒരു സ്ത്രീ രൂപം… ഒരാളല്ല 4 പേരും ഒരുപോലെ കണ്ടതാണ്… കണ്ണടച്ച് തുറക്കുന്ന മാത്രയിൽ ആ രൂപം ഞങ്ങളുടെ എതിർ ദിശയിലേക്ക് പാസ്സ് ചെയ്തു…. രംഗവുമായി പൊരുത്തപ്പെടാൻ ഒരു മിനിറ്റ് സമയം… ഡ്രൈവ് ചെയ്യുന്നവൻ അടക്കം 4 പേരും ഒരു സെക്കന്റിൽ തിരിഞ്ഞു നോക്കി… അങ്ങനെ ഒരു രൂപം അവിടെയെങ്ങും കാണാനേ ഇല്ല…. കാടിനുള്ളിലേക്ക് ഓടി കയറുകയാണെങ്കിൽ പോലും ഒരു നിഴൽ എങ്കിലും കാണാനുള്ള സമയമേ ആയിട്ടുള്ളു…. എന്നാലോ ഈ സ്പാർക് കിട്ടിയ സ്ഥലം വിജനമായിരുന്നു…. അപ്പോളേക്കും വണ്ടി ഒരു 60/70 മീറ്റർ മുന്നോട്ട് പോയിട്ടുണ്ടാവും… എല്ലാവരും ഒരേ സ്വരത്തിൽ വണ്ടി തിരിക്കാൻ പറയുന്നു… വണ്ടി റോഡിൽ ഇട്ടു തന്നെ തിരിക്കുന്നു… ബ്രൈറ്റ് ലൈറ്റിൽ വീണ്ടും വണ്ടി വന്ന ദിശയിലേക്ക്…. ഒരു കിലോമീറ്ററോളം തിരികെ പോയി നോക്കിയിട്ടും ആട് കിന്നിടത്ത് പൂട പോലും ഇല്ലാ എന്ന അവസ്ഥ… വല്ല മരത്തിന്റെയും നിഴൽ ആണോ അങ്ങനെ തോന്നിപ്പിച്ചത് എന്ന സംശയനിവാരണത്തിൽ അത്തരം ഒരു ചെറിയ മരം പോലും ആ ഗ്യാപ്പിൽ ഇല്ല… വെറും കുറ്റിക്കാടുകൾ മാത്രം…. ഒരു സെക്കൻഡ് കാഴ്ച… ഒരാൾക്കോ രണ്ടാൾക്കോ ആയിരുന്നു എങ്കിൽ വെറും തോന്നൽ എന്ന് തള്ളിക്കളയാമായിരുന്നു… ഇത് 4 പേരും ഒരു സെക്കന്റിൽ ഒരു പോലെ കണ്ടതാണ്…. തിരിഞ്ഞു നോക്കിയിട്ടും തിരഞ്ഞു പോയിട്ടും ശൂന്യത മാത്രം….

ഗുണ്ടൽപേട്ടിലെ സ്ഥിരം സങ്കേതമായ തട്ടുകടക്കാരനോട് ഈ അനുഭവം പങ്കുവച്ചപ്പോൾ പുള്ളി പറഞ്ഞത് ” കാടാണ്, വിജനമായ സ്ഥലമാണ് പല ദുരൂഹതകളും ഉണ്ട്, പലർക്കും പല അനുഭവങ്ങളും ഉണ്ടായിട്ടും ഉണ്ട് ” എന്നതാണ്… തിരഞ്ഞു പോയത് നിങ്ങളുടെ വിവരക്കേട് എന്നാണ്…. പിന്നീട് അത് വഴി പോകുമ്പോൾ എന്നും ഓർക്കാറുണ്ട് ഈ അനുഭവം… ഒരു ചോദ്യചിഹ്നമായി ഇന്നും മനസ്സിലുണ്ട്…. ഉത്തരം കിട്ടിയിട്ടില്ല ഇന്നുവരെ….ചിലരോടൊക്കെ അനുഭവം പങ്കുവെച്ചപ്പോൾ ഭ്രാന്ത് പറയുന്നു എന്ന് പുച്ഛിച്ചു തള്ളിയിട്ടും ഉണ്ട്…. എങ്കിലും…..എവിടെയോ എന്തൊക്കെയോ ദുരൂഹതകൾ ഈ പ്രകൃതി കാത്ത് സൂക്ഷിക്കുന്നില്ലേ…. !!!