നീ ചവിട്ടി നിൽക്കുന്ന കനൽവഴികൾ പ്രതീക്ഷയുടെ നക്ഷത്രമാവുന്നു ആസാദ്

0
100
Sunitha Othera
മഴവിൽ നിറങ്ങളുടെ സങ്കലന ഗണിതങ്ങൾ വെള്ളയിൽ നിന്നും നീലിമയിലേക്ക് മാറ്റിയെഴുതിയതാണ് എന്റെ രാഷ്ട്രീയ സ്വപ്നങ്ങളിൽ നീ നിർണ്ണായകമാകാൻ ഒരു കാരണം. രാഷ്ട്രീയവും പ്രതിരോധവും പ്രണയവും വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു ജീവിതത്തിൽ, നീ നൽകിയ ധീരമായ പ്രതിരോധത്തിന്റെ പുതിയ വഴികൾ പ്രതീക്ഷ നൽകുന്ന ഒരു ജീവിതത്തെ തന്നെയാണ് സമ്മാനിച്ചത്. നിർഭയമായ നിന്റെ മനസ്സും ശരീരവും ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും പുനർനിർമ്മിക്കുന്നതിന് നീ സമർപ്പിക്കുകയാണല്ലോ ചെയ്തത്. അതു കൊണ്ടാണ് നീ ചവിട്ടി നിൽക്കുന്ന കനൽവഴികൾ എനിക്ക് പ്രതീക്ഷയുടെ നക്ഷത്രമാവുന്നത്.
പ്രിയ ആസാദ് ,
സ്വന്തം നെഞ്ച് തകർത്തു കൊണ്ടു മാത്രമേ ഈ രാഷ്ടത്തിന്റെ വൈവിധ്യത്തിന്റെ ഹൃദയത്തിലേക്ക് ആർക്കെങ്കിലും വെടിയുണ്ടകൾ പായിക്കാൻ കഴിയു എന്ന് നീ പ്രഖ്യാപിക്കുമ്പോൾ , വെറുപ്പിന്റെ രാഷ്ട്രീയത്തിന് കറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ഒരു ബദൽ പണിയുകയായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട വംശ യുദ്ധങ്ങളുടെ ഇങ്ങേയറ്റത്ത്, ബാബാസാഹേബിന്റെ തുടർച്ചയിൽ നീ ഇന്ത്യയിൽ നിർമ്മിച്ച നടപ്പു പാതകൾ കറുത്തവരുടെ ആത്മാഭിമാനത്തിന്റെ വലിയ പട്ടണങ്ങളായി മാറി. ഭരണകൂട ഭയങ്ങളെ ചാടിക്കടന്ന് അഭയത്തിന്റെ അടയാളമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഇന്ത്യയുടെ കറുത്ത കോട്ടയായി നീ നിന്നതും നിന്നോടുള്ള രാഷ്ട്രീയ പ്രണയത്തിന്റെ വലിയ ആകാശങ്ങൾ എന്നിൽ നിർമ്മിക്കാൻ കാരണമാക്കി. അത് ഭൂരേഖകൾ കടന്ന് തോടുകളും പുഴകളും കടന്ന് ആഴിയുടെ മാറിലേക്ക് പടർന്നിറങ്ങുന്നത് ഞാൻ സ്വപ്നം കണ്ടു. ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ എന്റെ വംശം നിർമ്മിച്ച സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും ദീർഘമായ പോരാട്ടങ്ങളിലേക്ക് കൈ കോർക്കുന്ന ചരിത്രത്തിന്റെ വലിയ ഓർമ്മകളാണ് എനിക്കത് നൽകിയത്. Amanzimtoti യെപ്പോലെ Parana യെപ്പോലെ , വംശവെറിക്കെതിയുള്ള ഒച്ചകൾ ഉറങ്ങുന്ന ആ മണ്ണുകളിൽ ദീർഘമായി ഒഴുകുന്ന പരന്ന നദികളായ് അപ്പോൾ ഞാൻ സ്വയം മാറുകയായിരുന്നു. രാജ്യാതിർത്തികൾ മായ്ച്ചു കളയുന്ന കറുത്ത സ്വാതന്ത്ര്യത്തിന്റെ നീലപ്പൂക്കൾ ലോകമെങ്ങും കു മിഞ്ഞുകൂടുന്നത് ഞാൻ കണ്ടു.
നീ ഒരു ഫുൾസ്റ്റോപ്പല്ല, തുടർച്ചയാണ് എന്നും.
ചന്ദ്രശേഖർ ആസാദ്
നിന്നിൽ കുറഞ്ഞ ഒരാൾക്ക് സ്വാതന്ത്ര്യപ്പൂക്കൾ നൽകാൻ ഇനി കഴിയില്ല. പ്രണയത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ പ്രണയവും നിന്നിൽ നിന്നും മുകളിലേക്ക് വികസിക്കുന്നതാണ് ഞാൻ വിഭാവനം ചെയ്യുന്നത്.