സണ്ണി ലിയോണും പരിണാമവും.
Nazeer Hussain Kizhakkedathu ഫേസ്ബുക്കിൽ എഴുതിയത്
ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ എനിക്കൊരു വലിയ പരാതിയുണ്ട്. അത് നമ്മുടെ കണ്ണിന്റെ സ്ഥാനത്തെ കുറിച്ചാണ്. നമ്മൾ വല്ല മിയാ ഖലീഫയയോ, സണ്ണി ലിയോണിനെയോ പോലുള്ള ആളുകളുടെ സുവിശേഷങ്ങൾ വളരെ ശ്രദ്ധയോടെ ലാപ്ടോപ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പിറകിൽ നിന്ന് ഭാര്യയുടെ വരവ്. പിന്നെ വഴക്കായി വക്കാണമായി ആകെ ജഗപൊക. രണ്ടു കണ്ണുകളിൽ ഒരെണ്ണം ദൈവം തലയുടെ പിറകിൽ ഫിറ്റ് ചെയ്തിരുന്നു എങ്കിൽ ഈ പൊല്ലാപ് വല്ലതും ഉണ്ടാകുമായിരുന്നോ? ഇനി തലയുടെ പിറകിൽ കണ്ണ് ഉണ്ടാക്കാൻ ദൈവത്തിന് കഴിഞ്ഞില്ലെങ്കിൽ അത് ശാസ്ത്രത്തിനു ചെയ്യാൻ കഴിയുമോ? നമുക്ക് ശ്രമിച്ചു ഒന്ന് അന്വേഷിച്ചു നോക്കാം.
ഇനി ദൈവമല്ല , മറിച്ച് പരിണാമം വഴിയാണ് മനുഷ്യൻ ഉണ്ടായിവന്നതെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യനും വേറെ കുറെ ജീവികൾക്കും മുഖത്തിന്റെ മുന്നിൽ കണ്ണുകളുള്ളത്, ഓന്തിനെ പോലെ തലയ്ക്ക് മുകളിൽ കണ്ണ് വച്ചിട്ട് ഓരോ കണ്ണും ഓരോ ദിശയിലേക്ക് കറക്കാനുള്ള കഴിവ് പരിണാമപരമായി മനുഷ്യന് എന്തുകൊണ്ടുണ്ടായില്ല? ഉത്തരം തേടി പോകുമ്പോൾ, നമ്മൾ ചെന്നെത്തുന്നത് ചെറിയൊരു കാര്യത്തിലേക്കാണ്, മുഖത്തിന് മുൻവശത്ത് അടുത്തടുത്തു രണ്ടു കണ്ണുകൾ ഉണ്ടെങ്കിൽ നമുക്ക് സ്റ്റീരിയോസ്കോപിക് വിഷൻ അഥവാ ആഴവും ദൂരവും അളക്കാനുള്ള കഴിവ് കാഴ്ചയുടെ കൂടെ തന്നെ ലഭിക്കും. തൊട്ടടുത്തുള്ള ഇരയെ പിടിക്കാൻ മാത്രമല്ല ദൂരെ നിന്നുള്ള അപകടം പെട്ടെന്ന് കണ്ടെത്താനും ഇതുപകരിക്കും. അത് ആവശ്യമുള്ള ജീവികൾക്ക് മുഖത്തിന്റെ മുന്നിൽ അടുത്തടുത്തായിട്ടായിരിക്കും കണ്ണുകൾ.
പക്ഷെ ഒരാഴ്ച്ച കൊണ്ട് ദൈവം ഉണ്ടാക്കിയാണോ, അതോ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് പരിണാമം വഴിയാണോ മനുഷ്യൻ ഉണ്ടായിവന്നത് എന്നൊരു ചോദ്യത്തിന് നമ്മൾ എങ്ങിനെ ഉത്തരം കണ്ടുപിടിക്കും? അതിനൊരു എളുപ്പവഴിയുണ്ട്. മനുഷ്യന്റെ കാഴ്ച എങ്ങിനെയാണോ പ്രവർത്തിക്കുന്നത് അത് കോടിക്കണക്കിന് മുൻപുണ്ടായിരുന്ന ജീവികളിൽ നിന്ന് പരിണമിച്ച് വന്നതാണെന്ന് തെളിയിച്ചാൽ പ്രശ്നം തീർന്നു. അത് സാധിക്കണമെങ്കിൽ നമ്മുടെ കാഴ്ച എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആദ്യം മനസിലാക്കിയിട്ട് കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന വല്ല ബാക്ടീരിയയിലോ, ഈച്ചയിലോ പുഴുവിന്റെ മറ്റോ കാഴ്ച ഇതുപോലെ തന്നെയാണോ എന്ന് കണ്ടുപിടിച്ചാൽ മതി.
നമ്മൾ കാഴ്ചകൾ കാണുന്നത് പ്രകാശം കണ്ണിലെ ലെൻസിലൂടെ കടന്ന് റെറ്റിനയിൽ വീഴുകയും അവിടെനിന്ന് ഒപ്റ്റിക് ഞരമ്പുകൾ വഴി ഈ സന്ദേശം തലച്ചോറിൽ എത്തുകയും ചെയ്യുമ്പോഴാണ്. തലച്ചോറാണ് യഥാര്ഥത്തില് കാഴ്‌ച കാണുന്നത്. റെറ്റിനയിൽ കറുപ്പും വെളുപ്പും തിരിച്ചറിയാനുള്ള കോശങ്ങളും നിറങ്ങൾ തിരിച്ചറിയാനുള്ള കോശങ്ങളുമുണ്ട്. മീൻ മുതൽ മനുഷ്യൻ വരെ അനേകം ജീവികളുടെ കണ്ണുകളുടെ ഘടന ഇങ്ങിനെയാണ്. ഈച്ചകളിൽ പക്ഷെ കണ്ണിന്റെ ഘടന വ്യത്യസ്തമാണ്. അവയ്ക്ക് അനേകം ലെൻസുകൾ കൂടിച്ചേർന്ന കോമ്പൗണ്ട് ഐ ആണുള്ളത്. ഈച്ചകളുടെ കണ്ണിന്റെ ക്ലോസപ്പ് ഫോട്ടോ കണ്ടവർക്ക് ഇത് ഓർമയുണ്ടാകും.പക്ഷെ കണ്ണിന്റെ ഘടന പല ജീവികളിലും ഇങ്ങിനെ വ്യത്യസ്തം ആണെങ്കിലും, മനുഷ്യന്റെ കണ്ണിലും ഈച്ചയുടെ കണ്ണിലും , കണ്ണുകളില്ലാത്ത, എന്നാൽ പ്രകശം തിരിച്ചറിയാൻ കഴിയുന്ന ത്വക്കുകൾ ഉള്ള വളരെ ചെറിയ പുഴുക്കളിലും എല്ലാം റെറ്റിനയിൽ പ്രകാശം തിരിച്ചറിയാൻ ഉപയോഗിക്കുന്ന തന്മാത്ര ഒന്ന് തന്നെയാണ്, ഓപ്സിൻ എന്നാണ് അതിന്റെ പേര്. വെളിച്ചം വീഴുമ്പോൾ വിഘടിക്കുന്ന ഒരു തന്മാത്രയാണിത്. ഈ തന്മാത്രയുടെ വിഘടനമാണ് ഒപ്റ്റിക് നെർവിലേക്ക് സന്ദേശം അയക്കുന്നത്. ഇരുട്ട് ആകുമ്പോൾ ഈ തൻമാത്ര തിരികെ പഴയ സ്ഥിതിയിൽ ആകും. അതിനു കുറച്ചു സമയം എടുക്കുന്നത് കൊണ്ടാണ് വെളിച്ചത്ത് നിന്ന് ഒരു സിനിമ തിയേറ്ററിന്റെ അകത്തേക്ക് നിങ്ങൾ കടന്നു കഴിയുമ്പോൾ ഇരുട്ടിലെ കാഴ്ച തിരികെ വരാൻ കുറച്ച് സമയം എടുക്കുന്നത്, ഓപ്സിൻ പഴയ രൂപത്തിലേക്ക് തിരികെ പോകാനുള്ള സമയമാണത്. നമ്മളും ഈച്ചകളും ചില പുഴുക്കളും ബാക്ടീരിയ വരേയ്ക്കും വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
ഇനി നമുക്ക് ഈ പരിണാമത്തെ വേറെയൊരു രീതിയിൽ സമീപിച്ച് നോക്കാം, അത് വഴി നമുക്ക് ശാസ്ത്രത്തിന്റെ സഹായത്തോടെ തലയുടെ പിറകിൽ കണ്ണുണ്ടാക്കാമോ എന്ന് കൂടി അന്വേഷിക്കാം.
ഇതറിയണമെങ്കിൽ നമ്മുടെ കോശങ്ങളിൽ ജീനുകൾ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന അടിസ്ഥാന അറിവ് ആവശ്യമാണ്. പുരുഷന്റെ ബീജവും, സ്ത്രീയുടെ അണ്ഡവും ചേർന്ന് അച്ഛന്റെയും അമ്മയുടെയും 23 കൊറോമസോമുകളും അമ്മയുടെ കയ്യിൽ നിന്ന് മൈറ്റോകോൺഡ്രിയൻ ഡിഎൻഎ യും ഒക്കെയായി മനുഷ്യൻ അമ്മയുടെ വയറ്റിൽ ഉരുവാകുമ്പോൾ നമ്മൾ വെറും ഒരു കോശം മാത്രമാണ്. ഈ ഒരു കോശത്തിൽ നിന്ന് നമ്മളെ പോലെ ഇത്ര സങ്കീർണമായ ഒരു ജീവി എങ്ങിനെയാണ് ഉണ്ടായിവരുന്നത്? ഓർത്തു നോക്കൂ, ഒരു കോശം അനേകം കോശങ്ങളായി വിഭജിച്ചത് കണ്ണിലെ കോശവും കാലിലെ വിരലിലെ കോശവും ഒരു പോലെ തന്നെയിരിക്കില്ലേ? കണ്ണും കാതും അതാത് സ്ഥാനങ്ങളിൽ വേറെ വേറെ അവയവങ്ങളാണ് മാറുന്ന പ്രക്രിയ എന്താണ്?
ഉത്തരം ലളിതമാണ്, എല്ലാ കോശങ്ങളിലും എല്ലാ ജീനുകളും ഉണ്ടെങ്കിലും ഓരോ കോശങ്ങളിലും അതാതിന്റെ സ്ഥാനം അനുസരിച്ച് ചില ജീനുകൾ മാത്രമാണ് ആക്റ്റീവ് ആകുന്നതും ആവശ്യമായ പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതും. ഒരു ലൈറ്റ് സ്വിച്ച് പോലെ ഓരോ കോശത്തിലും ആവശ്യമായ ജീനുകൾ ഓൺ ആവുകയും മറ്റുള്ളവ ഓഫ് ആയിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് റെറ്റിനയിൽ ഉള്ള ജീൻ ഓപ്സിൻ ഉല്പാദിപ്പിക്കുമ്പോൾ കയ്യിലും കാലിലും ഉള്ള ജീനുകൾ അത് ചെയ്യാത്തത്.
പക്ഷെ ഇരുപത്തിഅയ്യായിരം ജീനുകൾ ഉള്ളതിൽ ഏതു ജീൻ ആണ് കാഴ്ച തരുന്നത് എന്ന് എങ്ങിനെ കണ്ടുപിടിക്കും? അതിനും ശാസ്ത്രജ്ഞൻ ഒരു വഴി കണ്ടെത്തി. പഴ ഈച്ചകളെ കൊണ്ടുളള പരീക്ഷണങ്ങളിൽ, ചില പഴ ഈച്ചകൾ കണ്ണുകൾ ഇല്ലാതെ ജനിക്കുന്നതായി കണ്ടെത്തിയ ശാസ്ത്രജ്ഞർ, അവയുടെ ജീനുകൾ ജീൻ മാപ്പിംഗ് വഴി ഏതു ജീനുകൾക്കാണ് പ്രശമുള്ളത് എന്ന് കണ്ടെത്തി. മനുഷ്യരിലും ഇതുപോലെ കണ്ണ് ഇല്ലാത്ത അവസ്ഥയുണ്ട്, aniridia എന്ന പേരിൽ. അദ്ഭുതകരമായ കാര്യം എന്താണെന്ന് വച്ചാൽ പഴ ഈച്ചയിലും മനുഷ്യരിലും ഇത്തരക്കാരിൽ പ്രശ്നമുള്ള ജീൻ ഒന്ന് തന്നെയായിരുന്നു, pax6 എന്ന ജീൻ.
1980 കളിൽ ഓരോ കോശത്തിലും നമുക്ക് ആവശ്യമുള്ള ജീനുകൾ സ്വിച്ച് ഓണാക്കാനും ഓഫാക്കാനുമുള്ള സാങ്കേതികവിദ്യ ഉണ്ടായപ്പോൾ, ശാസ്ത്രജ്ഞർ പഴ ഈച്ചകളിലെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ ഈ ജീൻ ഓൺ ആക്കി നോക്കി. പ്രതീക്ഷിച്ച പോലെ മറ്റു അവയവങ്ങളിൽ കണ്ണുകൾ ഉണ്ടായി വന്നു. പഴയീച്ചയുടെ കാലിലെ കോശത്തിൽ pax6 ജീൻ ഓൺ ആക്കിയാൽ അതിന്റെ കാലിൽ കണ്ണുണ്ടായി വരും. ഇത്രയും വായിച്ചിട്ട് തള്ളാണെന്നു തോന്നുന്നവർ ഇനിയുള്ളത് കൂടി കേൾക്കൂ.. ഒരു എലിയിൽ നിന്ന് pax6 ജീൻ എടുത്ത് ശാസ്ത്രജ്ഞർ പഴയീച്ചയിൽ പിടിപ്പിച്ചപ്പോൾ പഴയീച്ചയിൽ കണ്ണുണ്ടായി വന്നു, എലിയുടെ കണ്ണല്ല, മറിച്ച് ഒരു പഴയീച്ചയുടെ കണ്ണ്. പല മൃഗങ്ങളിലെ ജീനുകൾ ഒരേപോലെയാണ് മറ്റു ജീവികളിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാകുന്ന പരീക്ഷണം. ലോകത്തിലെ എല്ലാ ജീവികളും പരസ്പരം ബന്ധപെട്ടു കിടക്കുന്നു എന്ന് ഇതിനേക്കാൾ കൃത്യമായി എങ്ങിനെ തെളിയിക്കാനാണ്?
മനുഷ്യന്റെ തലയുടെ പിറകിൽ കണ്ണുണ്ടാക്കാൻ ശാസ്ത്രം വിചാരിച്ചാൽ അധികം നാൾ കാത്തിരുന്നത് കഴിയും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ, പക്ഷെ അതിനേക്കാൾ ഏറെ ചില അവയവങ്ങൾ ഇങ്ങിനെ പുനർനിർമിക്കാൻ കഴിഞ്ഞാൽ വൃക്ക മാറ്റിവയ്‌ക്കേണ്ട എത്ര പേർക്കാണ് ആശ്വാസമാവുക എന്നാലോചിച്ചു നോക്കൂ. മനുഷ്യന്റെ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള കാര്യങ്ങളാണിവ.
തലയുടെ പിറകിൽ രണ്ടു കണ്ണുകൾ കിട്ടിയിട്ട് വേണം കുറെ കൂടി നല്ല ഭക്തി സിനിമകൾ കാണാൻ 🙂
നോട്ട് 1 : റെറ്റിനയിൽ ഒപ്റ്റിക് നെർവ് തുടങ്ങുന്ന സ്ഥലത്തു പ്രകാശം തിരിച്ചറിയുന്ന കോശങ്ങൾ ഇല്ല. അതൊരു ബ്ലൈൻഡ് സ്പോട് ആണ്. രണ്ടുകണ്ണുകൾ ഉള്ളത്കൊണ്ട് സാധാരണ തിരിച്ചറിയാത്ത ഈ പോയിന്റ് കണ്ടെത്താൻ how to find blind spot in your eyes എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി.
നോട്ട് 2 : ഡിഎൻഎ വേർതിരിച്ചെടുക്കുന്നതും , ജീൻ എഡിറ്റിംഗും ഒക്കെ വലിയ ലാബുകളിൽ ശാസ്ത്രജ്ഞന്മാർക്ക് മാത്രം കഴിയുന്ന കാര്യങ്ങളാണ് എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. പക്ഷെ വെള്ളവും ഉപ്പും ഡിറ്റര്ജന്റ് സോപ്പും ഉണ്ടെകിൽ ഡിഎൻഎ നമുക്ക് തന്നെ വേർതിരിച്ചെടുക്കാൻ കഴിയും. diy crispr kit എന്ന് ഗൂഗിൾ ചെയ്താൽ ജീൻ എഡിറ്റ് ചെയ്യാനുള്ള കിറ്റ് വീട്ടിൽ കിട്ടാനുള്ള വഴി കാണാം. സീരിയസ് ഗവേഷണങ്ങൾക്ക് സമാന്തരമായി പല ഗവേഷണങ്ങളും വീട്ടിൽ തന്നെ നടത്തുന്ന ആളുകൾ ഇപ്പോൾ അമേരിക്കയിലും മറ്റുമുണ്ട്, ഇത് നിയമനിര്മാണത്തിലൂടെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.
നോട്ട് 3 : ഉയർന്ന പ്രത്യുല്പാദന നിരക്കാണ് പഴ ഈച്ചയെ ഇത്തരം പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ കാരണം.
നോട്ട് 4 : സണ്ണി ലിയോൺ ഒഴികെയുള്ള മേല്പറഞ്ഞ എല്ലാ വിവരങ്ങൾക്കും “Your Inner Fish ” എന്ന പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായത്തിനോട് കടപ്പാട്.
നോട്ട് 5 : എന്തുകൊണ്ടാണ് ചില ജീവികൾക്ക് നിറം തിരിച്ചറിയാനുള്ള കഴിവുള്ള കണ്ണുകൾ ഉള്ളപ്പോൾ മറ്റുചില ജീവികൾക്ക് അതില്ലാത്തത് അല്ലെങ്കിൽ എല്ലാ നിറങ്ങളും തിരിച്ചറിയാനുള്ള കഴിവ് ഇല്ലാത്തത്? ഉത്തരം എളുപ്പമാണ്, ഈ ജീവികൾ പരിണമിച്ച് വന്നപ്പോൾ ഭൂമിയിലെ കാലാവസ്ഥയും സ്ഥിതിയും ആലോചിച്ച നോക്കിയാൽ മതി.
നോട്ട് 6 : പരിണാമം വളരെ സങ്കീർണമായ വിഷയമാണ്. സ്കൂൾ കുട്ടികൾ മനസിലാകുന്ന പോലെയാകില്ല ഇതിനെകുറിച്ച് ഗവേഷണം നടത്തുന്നവർക്ക് മനസിലാകുന്നത്. Dunning-Kruger effect ആണ് അധികം അറിവില്ലാത്തവർ കൂടുതൽ സംസാരിക്കുന്ന അവസ്ഥായിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത് എന്ന് തോന്നുന്നു.