പാലക്കാടൻ കുഗ്രാമങ്ങളിൽ പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്നതാണ് പോത്തുകാൽ തട്ടിപ്പ് എന്താണ് ?

243

Sunny Rajan

പോത്തുകാൽ തട്ടിപ്പ്

കേരളത്തിലെ ,വിശേഷിച്ച് പാലക്കാടൻ കുഗ്രാമങ്ങളിൽ അധികം വിദൂരമല്ലാത്ത പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്നതാണ് പോത്തുകാൽ തട്ടിപ്പ് .

സെക്കൻഡ് ഷോ സിനിമയോ ,മറ്റെന്തെങ്കിലും സംഗതികളോ കഴിഞ്ഞ് അസമയത്ത് വിജനമായ നാട്ടുവഴിയിലൂടെ തനിച്ചു വരുന്നവരാണ് ഈ തട്ടിപ്പിൽ വീഴുന്നത്. വഴിയിൽ ഒരാൾ നിൽക്കുന്നത് പെട്ടെന്ന് കാണുന്നു. അപരിചിതനാണ്. അതിനാൽ യാത്രികൻ സൂക്ഷിച്ചു നോക്കും -മുടി മുതൽ അടി വരെ. അടിയിലാണ് പ്രശ്നം. സാധാരണ മനുഷ്യ പാദങ്ങളല്ല.പകരം മടക്കിക്കുത്തിയ മുണ്ടിന് താഴെ രണ്ടു പോത്തിൻ കാലുകൾ .പേടിച്ചരണ്ട യാത്രക്കാരൻ ഓടി മുന്നോട്ട് കുറേ ദൂരം പോകുന്നു. പിന്നെ കിതപ്പടക്കി പതിയെ നടക്കുമ്പോൾ മുന്നിലതാ മറ്റൊരാൾ പുഞ്ചിരിച്ചു നിൽക്കുന്നു. അപരിചിതനാണ്. പക്ഷെ സഹാനുഭൂതിയോടെ എന്തുതു പറ്റിയെന്ന് ചോദിക്കുന്നു. ആശ്വാസമായി. അടുത്ത് ചെന്ന് മുൻപേ കണ്ട പോത്തിൻ കാൽ കഥ പറയുന്നു. “ഓഹോ. എന്നിട്ട് പോത്തിൻ കാലോ. ഇതു പോലെയാണോ ” എന്നു പറഞ്ഞ് രണ്ടാം അപരിചിതൻ താഴേക്ക് തളച്ചിട്ട മുണ്ട് മുകളിലേക്ക് പൊക്കുന്നു. അതാ ,അയാൾക്കും രണ്ടു പോത്തിൻ കാലുകൾ. ഒരു സെക്കൻഡിൽ വഴിയാത്രികൻ തളർന്നു ബോധംകെട്ടു വീഴുന്നു. ഉള്ള മുതൽ എടുത്ത് കൂട്ടാളികളായ രണ്ടു പോത്തിൻകാൽ തട്ടിപ്പുകാർ സ്ഥലം വിടുന്നു.

ഒടിയന്റെ പ്രചാരമോ,മിത്തോ ഇല്ല. വെളിച്ചക്കുറവ്, വിജനത, ഏകാന്ത രാത്രിയാത്ര എന്നിവ മുതലെടുത്ത് പ്രാദേശികർ ആസൂത്രണം ചെയ്യുന്ന നാടൻ തട്ടിപ്പ് . അക്രമമോ, കൊലപാതകങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലം പരിഷ്കരിച്ച്ചെന്നപ്പോൾ ഈ തട്ടിപ്പ് ഇല്ലാതായി. വായ്മൊഴി പ്രകാരം പ്രചാരത്തിലായി പുതിയ തലമുറയ്ക്ക് കൈമാറിക്കിട്ടിയ വിവരാധാരപ്രകാരമുള്ളത് മാത്രം.