രണ്ടു മൂന്ന് സന്ദർഭങ്ങളിൽ ഒന്നാം റാങ്കുകാരനായിട്ടും ജോലി കിട്ടാതെ പോകാം

34

സുനുകുമാർ

PSC റാങ്ക് ലിസ്റ്റിൽ ഒന്നാമതായിട്ടും നിയമനം കിട്ടിയില്ലെന്ന ഒരു ഉദ്യാഗാർത്ഥിയുടെ പരാതി കേട്ട് കഷ്ടം തന്നെയെന്ന് കരുതാത്തവർ ഉണ്ടാവില്ല. പിന്നെന്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എന്ന് സ്വാഭാവികമായും തോന്നും.വളരെ വളരെ അപൂർവ്വമായി മാത്രമേ ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാറുള്ളൂ. അതും പരിമിതമായ ഒഴിവുകളുള്ള തസ്തികകളിൽ .എന്താണ് കാരണമെന്ന് നോക്കാം. രണ്ടു മൂന്ന് സന്ദർഭങ്ങളിൽ ഒന്നാം റാങ്കുകാരനായിട്ടും ജോലി കിട്ടാതെ പോകാം.

  1. ഒരു തസ്തികയ്ക്ക് ഒരേ സമയം 14 ജില്ലകളിലേക്കും വിജ്ഞാപനം ഇറക്കുന്നുവെന്ന് കരുതുക.ചില ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവും. ചില ജില്ലകളിൽ നിലവിൽ ഒഴിവുകളൊന്നുമില്ല.എന്നാൽ പ്രതീക്ഷിത ഒഴിവുകൾ എന്ന അറിയിപ്പോടെ ആ ജില്ലകളിലേക്കും വിജ്ഞാപനം ഇറക്കാറുണ്ട്.പൊതു പരീക്ഷ നടത്തുവാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. പരീക്ഷ നടത്തി 14 ജില്ലകളിലേക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ഒഴിവ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നിയമനം നടക്കും.എന്നാൽ വിജ്ഞാപന സമയത്തോ അതിനു ശേഷമോ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ നിയമനം നടക്കില്ല. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിൻ്റെ കാലാവധിക്കുള്ളിൽ ഒരൊഴിവു പോലും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കമ്മീഷൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കോ ഒരു ഒഴിവെങ്കിലും റിപ്പോർട്ട് ചെയ്യുന്നതു വരേയോ, ഏതാണോ ആദ്യം, അതുവരെ റാങ്ക് ലിസ്റ്റിൻ്റെ കാലാവധി നീട്ടും. ഇത്തരത്തിൽ കാലാവധി നീട്ടിയിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ (ആ കാലയളവിൽ റിപ്പോർട്ട് ചെയ്യാൻ ഒഴിവുകളില്ലാത്തതിനാൽ ) സ്വാഭാവികമായും ആ റാങ്ക് ലിസ്റ്റ് ഒരാളെ പോലും നിയമന ശിപാർശ ചെയ്യപ്പെടാതെ റദ്ദാകും.
  2. മറ്റൊരു സാഹചര്യമുണ്ട്. ഒരൊഴിവ് റിപ്പോർട്ട് ചെയ്തിട്ടും ഒന്നാം റാങ്കുകാരന് / കാരിക്ക് നിയമനം കിട്ടാതെ വരാം.കേന്ദ്ര സർക്കാരിൻ്റെ Person With Disability Act (PWD Act) ൻ്റെ അടിസ്ഥാനത്തിൽ പുതിയൊരു നടപടി ക്രമമുണ്ട്.ഒരു റാങ്ക് ലിസ്റ്റ് പുതുതായി നിലവിൽ വന്നാൽ റിപ്പോർട്ട് ചെയ്ത ഒരു ഒഴിവിൽ ആദ്യം ഭിന്നശേഷിക്കാരെ നിയമന ശിപാർശ ചെയ്യണം.ഭിന്ന ശേഷിക്കാർ ലഭ്യമല്ലെങ്കിൽ ആയത് ലഭ്യമാകുന്നതുവരെ ഒഴിവ് മാറ്റിവെക്കണം. ഇതോടൊപ്പം തന്നെ ആ ഒരു ഒഴിവിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ഒരു ഭിന്നശേഷിക്കാരനെ താൽക്കാലികമായി നിയമിക്കുവാൻ നിയമനാധികാരിക്ക് നിരാക്ഷേപ പത്രം (NAC) നൽകുകയും ചെയ്യും.

റാങ്ക് ലിസ്റ്റിൻ്റെ കാലാവധിക്കുള്ളിൽ മറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഒരാൾ പോലും നിയമന ശിപാർശ ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാകും.അങ്ങിനെ വരുമ്പോൾ നേരത്തെ സൂചിപ്പിച്ച പോലെ ഒരു ഒഴിവെങ്കിലും റിപ്പോർട്ട് ചെയ്യുവാൻ ഒരു വർഷം കൂടി കാലാവധി നീട്ടും.എന്നിട്ടും ഒഴിവു വന്നില്ലെങ്കിൽ റാങ്ക് ലിസ്റ്റ് റദ്ദാവും.ഒന്നാം റാങ്കുകാരന് പോലും നിയമനം കിട്ടില്ല.

  1. ചില അപൂർവ്വം അധ്യാപക തസ്തികയിലും ഈ പ്രശ്നമുണ്ടാകാം. അധ്യാപക തസ്തികകൾക്ക് സ്ഥിരം അളവില്ല. കുട്ടികളുടെ എണ്ണമനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യാം. ഡിവിഷനുകൾ കുറയുമ്പോൾ തസ്തികയും കുറയും. അതിനാൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് വന്നാൽ പോലും റിപ്പോർട്ട് ചെയ്യാൻ ഒഴിവുണ്ടാകണമെന്നില്ല. അഥവാ മുൻകൂട്ടി ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നിരിക്കട്ടെ. ആ ഒഴിവിൽ പി.എസ്.സി. നിയമന ശിപാർശ ചെയ്താലും നിയമനം കൊടുക്കുവാൻ തസ്തിക ഉണ്ടാവണമെന്നുമില്ല. റിപ്പോർട്ട് ചെയ്യുമ്പോൾ തസ്തിക ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഡിവിഷൻ കുറഞ്ഞതു കാരണം തസ്തിക ഇല്ലാതാവാം. അങ്ങിനെയും ഒന്നാം റാങ്ക്കാരന് നിയമനം കിട്ടാതെയാവാം.

ഇത്തരത്തിൽ PSC റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം കിട്ടാത്ത അത്യപൂർവ്വ ഘട്ടങ്ങൾ ഉണ്ടാവാറുണ്ട്.ഇത് PSC യുടെ പിടിപ്പുകേടോ വകുപ്പുകളുടെ പിടിപ്പുകേടോ അല്ല. നിയമപരമായ ചില നടപടിക്രമങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. ഇക്കാര്യമറിയാതെയാണ് പലരും ഇതെന്തൊരു PSC യാണ് എന്ന് കുറ്റപ്പെടുത്തുന്നത്. വസ്തുത അറിയിക്കാതെ മാധ്യമങ്ങൾ വിഷയം ആഘോഷിക്കുകയും ചെയ്യും.