ആർത്തി പണ്ടാരങ്ങളെ ശമ്പളമില്ലാതെ വീട്ടിലിരുത്തേണ്ടതാണ്

72

Sunukumar Kv

കണ്ണൂർ ആർ.ടി.ഒ ഓഫിസാണ്.അപേക്ഷകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നോട്ടുകളാണ് വിജിലൻസുകാർ തുറന്നു കാണിക്കുന്നത്. ഈ ഒരൊറ്റ തെളിവുകൊണ്ടുതന്നെ ആ ആർത്തി പണ്ടാരങ്ങളെ ശമ്പളമില്ലാതെ വീട്ടിലിരുത്തേണ്ടതാണ്. അഞ്ചു മണിക്കു ശേഷവും തിരിക്കൊഴിയാതെ ജീവനക്കാർ (സത്യസന്ധർ ഓഫിസ് വിട്ടതിന് ശേഷം ) ജോലി ചെയ്യുന്ന ഓഫിസാണ് ആർ.ടി.ഒ.. ജോലിയോടുള്ള ആത്മാർത്ഥതയാണോ?. അതോ പണ ഏജൻ്റുമാർക്ക് കാര്യങ്ങൾ നടത്താനുള്ള സൗകര്യപ്രദമായ സമയമാണോ അത്?. ഈ കുറ്റകൃത്യത്തിൽ ഏജൻ്റുമാരും പ്രധാന കക്ഷികളാണ്. ആർക്കും ശുദ്ധീകരിക്കാൻ പറ്റാത്ത ഒരിടമാണോ ഇത്.ഇടതു സർക്കാരിൻ്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കു് നാണക്കേടുണ്ടാക്കുന്ന ഇത്തരക്കാരെ നിലക്കുനിർത്തണ്ടേ ? സത്യസന്ധരായ ജീവനക്കാർ പോലും മൂകസാക്ഷികളാകേണ്ടി വരുന്ന പ്രത്യേക ലോകമാണത്രേ അത്. കൈക്കൂലി ചട്ടപ്പടി മാമൂലായി മാറുന്ന അപൂർവ്വ വകുപ്പുകൾ. ഇടനിലക്കാരുടെ വിളനിലം.സർക്കാർ ശമ്പളവും വാങ്ങി നിസ്വാർത്ഥ സേവനം ചെയ്യാൻ പറ്റാത്ത ഇത്തരം ജനുസ്സുകളെ നിയമം നിയന്ത്രിച്ചേ പറ്റൂ.

എല്ലാ ജീവനക്കാരും കണക്കു തന്നെ എന്ന സാമാന്യവൽക്കരണം ഉന്നയിച്ചു വിമർശിക്കുന്നതിൽ അർത്ഥമില്ല. അത്തരം വിമർശകർക്ക് സോദ്ദേശങ്ങളൊന്നുമില്ല. ഉദ്യോഗസ്ഥ വിരുദ്ധമായ മനോരോഗമാണ്. തനിക്കും തൻ്റെ മക്കൾക്കും സർക്കാർ ജോലി കിട്ടുന്നതു വരെ ആ രോഗം നിലനിൽക്കും.മറ്റൊരു കൂട്ടർ ഇത് ഈ സർക്കാരിൻ്റെ മാത്രം കഴിവ് കേടാണ് എന്ന് വാദിച്ചു. അത് രാഷ്ട്രീയ തിമിരത്തിൻ്റെ ലക്ഷണമാണ്. ശുദ്ധ ഭോഷ്കും. ചിലർ പറഞ്ഞത് അഴിമതിക്കാരായ ജീവനക്കാർ മാത്രമാണ് കുറ്റക്കാർ സമൂഹത്തിന് ഒരു പങ്കുമില്ലെന്നുമാണ്. അത് ഭാഗികമായ് ശരിയാണ്.

വിമർശനങ്ങൾ വസ്തുനിഷ്ഠവും സോദ്ദേശപരവുമാകുന്നതാണ് നല്ലത്. RTO ഓഫിസിലെ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പറയുകയുമില്ല. PSC വഴി നിയമിക്കപ്പെടുന്നവരാണവർ. ഒരു സ്വാധീനവും കൈകൂലിയും കൊടുത്ത് കയറുന്നവരല്ല. യാദൃശ്ചികമായി അവർ RTO ഓഫിസിലെത്തുന്നുവെന്ന് മാത്രം. പകരം കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു ഓഫിസിലാണ് നിയമിക്കപ്പെട്ടതെങ്കിൽ ഇത്തരം ക്രമവിരുദ്ധ പ്രവർത്തിക്ക് സാക്ഷിയാകേണ്ടി വരില്ല. RTO ഓഫിസിലെ ജോലിയുടെ സ്വഭാവം, സാഹചര്യം എന്നിവയാണ് ചില ജീവനക്കാരെങ്കിലും പ്രയോജനപ്പെടുത്തുന്നത്. എന്നു വെച്ച് RTOവിലെ എല്ലാ കാര്യങ്ങളും വഴിവിട്ടാണ് നടക്കുന്നത് എന്നു പറയുന്നതും വസ്തുതയാവില്ല.

നിയമാനുസരണം നടക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പക്ഷെ പണ ഏജൻ്റുമാരുടെ നിഴൽ സാന്നിധ്യം ആ വകുപ്പിനെ വഴിതെറ്റിക്കുന്നുണ്ട്. ഈ ആക്ഷേപം ശരിവെക്കുന്ന ഒരു തെളിവാണ് വിജിലൻസ് അന്വേഷണത്തിലൂടെ പരസ്യമാക്കപ്പെട്ടത്. ആ പ്രവൃത്തിക്ക് കൂട്ടുനിന്ന ജീവനക്കാർ, ഏജൻ്റുമാർ എന്നിവർ നിയമ നടപടിക്ക് വിധേയമായേ പറ്റൂ.അത് കർക്കശമായിരിക്കണം.അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ കേവലം നിയമം കൊണ്ടു മാത്രം വിജയിപ്പിക്കാൻ കഴിയില്ല.സമൂഹത്തിൻ്റെ / വ്യക്തിയുടെ മൂല്യബോധം പ്രധാന ഘടകമാണ്. അത് രൂപപ്പെടുത്തുന്നത് വ്യവസ്ഥിതിയാണ്. നാമോരോരുത്തരും ആ വ്യവസ്ഥിതിയുടെ ഭാഗവുമാണ്.

എന്നാൽ സർക്കാർ ജീവനക്കാർ നിയമപ്രകാരമുള്ള കൃത്യമേ ചെയ്യാൻ പാടുള്ളൂ. നിയമങ്ങൾ എന്നാൽ എന്തൊക്കെ ചെയ്യാതിരിക്കാമെന്നു മാത്രമല്ല; എന്തൊക്കെ ചെയ്യാമെന്നതു കൂടിയാണ്. തൻ്റെ സേവനത്തെ നിസ്വാർത്ഥമായി ഉപയോഗിക്കുന്ന കഴിവുറ്റ എത്രയോ ജീവനക്കാരുണ്ട്. അവരുടെ ജാഗ്രത കൊണ്ടു കൂടിയാണ് നമ്മുക്ക് പല സേവനങ്ങളും അനുഭവവേദ്യമാകുന്നത്. നല്ലതിനെ അംഗീകരിക്കാൻ കഴിയുന്നവർക്കേ ചീത്തയെ വിമർശിക്കാൻ അവകാശമുള്ളൂ.അതു കൊണ്ട് സർക്കാർ ജീവനക്കാരെല്ലാം നമ്മുടെ അടിമയാണെന്നോ, അഴിമതിക്കാരാണെന്നോ ഉള്ള ചില അമിതാവേശക്കാരുടെ സമീപനം മാറേണ്ടതാണ്.തങ്ങൾ ദൈവങ്ങളാണെന്ന അഹംബോധം സമൂഹത്തിൻ്റെ സേവകരായ ജീവനക്കാർക്കുണ്ടാവാനും പാടില്ല.അഴിമതി സാഹചര്യമുണ്ടാക്കുന്ന സമീപനം എൻ്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്ന നിശ്ചയം സമൂഹവും ജീവനക്കാരും പ്രകടിപ്പിക്കണം.നിയമം കർക്കശമായി പാലിച്ച് സേവനം സമയബന്ധിതമായി ലഭ്യമാക്കാൻ മേലധികാരികൾ / ഭരണകൂടം ഇടപെടണം. വഴിവിട്ട പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നവരെ എത്മ് സമർദ്ദമുണ്ടായാലും കടുത്ത നിയമ നടപടിക്ക് വിധേയമാക്കണം.

സർവ്വീസ് സംഘടനകൾ എല്ലാ തെറ്റിനേയും സംരക്ഷിക്കുമെന്ന് ആക്ഷേപിക്കുന്നവർ അവർ ചെയ്യുന്ന നല്ല ഇടപെടലുകളെ കൂടി കാണാൻ ശ്രമിക്കണം. കാര്യക്ഷമമായ സിവിൽ സർവീസ് മുഖ്യ പ്രവർത്തന അജണ്ടയാക്കി സ്വന്തം ജീവനക്കാരെ ബോധവൽക്കുന്ന സംഘടനകൾ ഉണ്ട്. അതിൻ്റെ നേട്ടം പൂർണ്ണമായും ലഭിക്കുക സാധ്യമല്ലല്ലോ. പൊതു സമൂഹത്തിൻ്റെ ആക്ഷേപം ശരിയല്ലെന്ന് തെളിയിക്കാൻ സംഘടനകൾ നല്ല പ്രത്യക്ഷ അനുഭവങ്ങൾ ഇനിയുംസൃഷ്ടിക്കണം.അഴിമതി അനീതിയുടെ ഫാക്ടറിയാണെന്ന് നമ്മളെല്ലാം തിരിച്ചറിയണം.അത് കണ്ടെത്തുക. ശിക്ഷ ഉറപ്പാക്കുക. സംരക്ഷിക്കുന്നവരുണ്ടെങ്കിൽ (അത് സർക്കാരായാലും സംഘടനയായാലും) തുറന്നു കാണിക്കുക. വിമർശനങ്ങൾക്കു പോലും മാന്യതയുണ്ടാകണം. കാടടച്ചു വെടി വെക്കുന്നവർക്ക് അതില്ല.
അതല്ല എൻ്റെ നിലപാട്.

(RTO ഓഫിസിലെ സത്യസന്ധരായ ജീവനക്കാർ ക്ഷമിക്കുക)