ഇത്രമാത്രം സ്ത്രീ-ദളിത്-വർണ്ണ വിവേചനങ്ങൾ ഉള്ളൊരു പരിപാടിയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്

190

Suparna KR

സ്റ്റാർ മാജിക്‌, കോമഡി സ്റ്റാർസ് എന്നീ പരിപാടികളിൽ കണ്ടിട്ടുള്ള സ്ത്രീ വിരുദ്ധത, ദളിത്‌ വിരുദ്ധത എന്നിവ കാണുവാൻ കഴിഞ്ഞ മറ്റൊരു പരിപാടിയാണ് മലയാളം ബിഗ്‌ബോസ് സീസൺ 3. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള മത്സരാർഥികൾ .ഷോ സ്ക്രിപ്റ്റഡ് അല്ലെന്ന് ഔട്ട്‌ ആവുന്ന മത്സരാർഥികളെക്കൊണ്ട് പറയിപ്പിക്കുന്നതും കണ്ടുവരുന്നു. പക്ഷേ ഷോയിൽ ഉണ്ടാവുന്ന പല സംഭവങ്ങളും റേറ്റിംഗ് എന്ന മാനദണ്ഡത്തിൽ നിലവാരത്തകർച്ചയിൽ എത്തിച്ചിരിക്കുന്നു.

ടാസ്കിനിടയിൽ ഒരു മത്സരാർഥി കീഴാള സമൂഹത്തെ മോശമാക്കി സംസാരിക്കുകയും, റേറ്റിംഗ് എന്ന മാനദണ്ഡത്തിൽ ജാതി പറഞ്ഞത് ഒഴിവാക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ടാസ്ക് വന്നപ്പോൾ ജാതി പറഞ്ഞത് മറ്റൊരു മത്സരാർഥി ചൂണ്ടിക്കാണിച്ചു. വർമ എന്ന വാക്ക് പറഞ്ഞപ്പോൾ എല്ലാവരെയും കേൾപ്പിക്കുകയും, അതേസമയം കീഴാള വിഭാഗത്തെ (അല്ലെങ്കിൽ പിന്നോക്കസമുദായത്തെ ) പറഞ്ഞപ്പോൾ ചാനൽ നിശബ്ദമാക്കുകയും ചെയ്തു …ഈ നിശബ്ദമാക്കൽ അവർണ്ണന്റെമേൽ സവർണ്ണതയുടെ ആധിപത്യം തന്നെയാണ്. മറ്റുള്ളവർക്ക് കേൾക്കാൻ പാടില്ലാത്ത ജാതിയേതാണ്???

വർമയും നായരും നമ്പൂതിരിയും കേൾപ്പിക്കുവാനുള്ള ജാത്യബോധം, എന്തുകൊണ്ട് പറയനും പുലയനും ഈഴവനും നിശബ്ദമായി മാറുന്നു . ഒരു മത്സരാർഥി ജാതി പറഞ്ഞത് ഒഴിവാക്കി റേറ്റിംഗ് എന്ന മാനദണ്ഡത്തിൽ അയാളെ പരിപാടിയിൽ നിലനിർത്തുകയും ചെയ്തു
ടാസ്കുകളിൽ പോലും കീഴാള വിരുദ്ധത കൊണ്ടുവരാൻ പരിപാടി ശ്രമിച്ചിട്ടുണ്ട്, ദേവാസുര ടാസ്കിൽ, ദേവൻമാർക്ക് പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും നല്കിയപ്പോൾ അസുരന്മാർ കറുത്ത വേഷവും, മുഖത്ത് കറുപ്പ് നിറത്തിൽ ചായം പൂശുകയും ചെയ്തു… പ്രേക്ഷകരിലേക്ക് എന്ത് സന്ദേശമാണ് എത്തിക്കുന്നത്, സ്ത്രീ വിരുദ്ധത, ലൈഗികത കലർന്ന സംസാരം, കീഴാള വിരുദ്ധത, കൂടാതെ ഒരു സമൂഹത്തിന് തന്നെ വിപത്തായി മാറുന്ന പരിപാടി. യാതൊരു വിധ സന്ദേശമില്ലാതെ വിരുദ്ധതകൾകൊണ്ട് സമൂഹത്തെ വിപരീതമായി ബാധിക്കുന്ന ജാതി അധിഷേപം ഒളിപ്പിച്ചു വക്കൽ, ഇത്തരമൊരു പരിപാടി സമൂഹത്തിന്റെ വളർച്ചയെ തന്നെ മുരടിപ്പിച്ചേക്കാം.ജാതി പറഞ്ഞത് ഒഴിവാക്കി, സവർണ്ണന്റെ ജാത്യബോധത്തെ സംരക്ഷിക്കുവാൻ സ്ക്രിപ്റ്റ് ചെയ്യുന്ന പരിപാടി സാക്ഷരത കേരളം പിന്തുടർന്നാൽ, ഇനിയും മാറ്റമില്ലാത്ത ഒന്നുണ്ടെങ്കിൽ അത് മാറ്റമല്ല, ജാതി തന്നെയാണ്.