തെലുങ്ക് സിനിമയിലെ അതികായകൻ സൂപ്പർ സ്റ്റാർ കൃഷ്ണക്ക് വിട

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) യുടിവിയോഗം തെലുങ്ക് സിനിമാലോകത്തെ ദുഖത്തിലാഴ്ത്തുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നവംബർ 14ന് പുലർച്ചെ രണ്ട് മണിയോടെയാണ് സൂപ്പർതാരം കൃഷ്ണയെ ഹൈദരാബാദിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്.

അദ്ദേഹത്തെകുറിച്ചു Roy VT യുടെ പോസ്റ്റ് വായിക്കാം .

തെലുങ്കു സിനിമയുടെ നിത്യഹരിത നായകനാണു സൂപ്പർസ്റ്റാർ കൃഷ്ണ. സൂപ്പർ സ്റ്റാർ എന്നാൽ ബോളിവുഡിന് രാജേഷ് ഖന്നയാണ്. കോളിവുഡിനാകട്ടെ രജനീകാന്തും. എന്നാൽ തെലുങ്ക് പ്രേക്ഷകർക്കാകട്ടെ സൂപ്പർ സ്റ്റാർ എന്ന പദത്തിന്റെ പര്യായം തന്നെയാണ് കൃഷണ.

1962 – ൽ ” തേനേ മനസ്സുലു ” എന്ന ചിത്രത്തിലൂടെ നായകനായി ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ച കൃഷ്ണ തുടർ വിജയങ്ങളിലൂടെ സൂപ്പർസ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കി. അന്നു മുതൽ ഇന്നു വരെയും തെലുങ്കു പ്രേക്ഷകർക്ക് സൂപ്പർസ്റ്റാർ എന്ന പദത്തിൻ്റെ അർത്ഥം തന്നെ കൃഷ്ണ എന്നാണ്. രാമറാവു, നാഗേശ്വര റാവു, കാന്താറാവു എന്നീ നായകൻമാരെ തുടർന്ന് തെലുങ്കു സിനിമയിൽ ആധിപത്യം സ്ഥാപിച്ച നായകൻമാർ ആയിരുന്നു കൃഷ്ണ, ശോഭൻ ബാബു, കൃഷ്ണം രാജു എന്നിവർ. 1970 – കളിലും 80 – കളിലും വമ്പൻ ഹിറ്റുകളുമായി ഇവർ നായക വേഷത്തിൽ നിറഞ്ഞു നിന്നു. ഇതിൽ കൃഷ്ണ നായകനായി 90 – കളുടെ മധ്യം വരെയും ഹിറ്റുകൾ വന്നിരുന്നു.

80 – കളുടെ മധ്യത്തോടെ ഡബ്ബിംഗ് ചിത്രങ്ങളിലൂടെ പിൻതലമുറയിലെ ചിരഞ്ജീവി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വാഴ്ത്തപ്പെട്ടെങ്കിലും ആന്ധ്രാ മാർക്കറ്റിൽ 1989 വരെയും കൃഷ്ണ തന്നെയായിരുന്നു വമ്പൻ. ആ കാലഘട്ടത്തിലെ കൃഷ്ണയുടെ പൽനാട്ടി സിംഹം, ദൊങ്കലോ ബബോയി ദൊങ്കലോ, അഗ്നിപർവ്വതം, വജ്രായുധം, സിംഹാസനം, കൈദി രുദ്രയ്യ, ബ്രഹ്മാസ്ത്രം, അശ്വത്ഥാമാ, കൊഡുകു ദിദ്ദിന കാപുരം തുടങ്ങിയ ചിത്രങ്ങൾ നേടിയ വമ്പൻ കളക്ഷൻ അദ്ദേഹത്തെ താരദൈവമാക്കി നിലനിർത്തി. തെന്നിന്ത്യയിലെ ഏറ്റവും പ്രമുഖമായ ഫിലിം സ്റ്റുഡിയോകളിലൊന്നായ പത്മാലയാ ഫിലിം സിറ്റിയുടെ സ്ഥാപകനായ ഇദ്ദേഹം തെലുങ്കിലും, തമിഴിലും, ഹിന്ദിയിലും നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും,തെലുങ്കിൽ പല ചിത്രങ്ങളും, ഹിന്ദിയിൽ ഒരു ചിത്രവും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തെലുങ്കിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടൻ എന്ന വിശേഷണവും ഈ പത്മഭൂഷൺ ജേതാവിനാണ്.

മകനും നടനുമായ മഹേഷ് ബാബുവിനൊപ്പം
മകനും നടനുമായ മഹേഷ് ബാബുവിനൊപ്പം

തെലുങ്കിലെ ആദ്യ ജയിംസ്ബോണ്ട് (സ്പൈ) ചിത്രത്തിലെ നായകൻ – ഗുഡാചാരി 116 (1966)
തെലുങ്കിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രത്തിലെ നായകൻ. അല്ലുരി സീതാരാമ രാജു (1974)
തെലുങ്കിലെ ആദ്യ ഈസ്റ്റ് മാൻ കളർ ചിത്രത്തിലെ നായകൻ – ഈ നാടു (1982)
തെലുങ്കിലെ ആദ്യ 70mm ചിത്രത്തിലെ നായകൻ. സിംഹാസനം (1986)
തെലുങ്കിലെ ആദ്യ DTS ചിത്രത്തിലെ നായകൻ. തെലുഗു വീര ലവേര (1995)
തെലുങ്കിലെ ആദ്യ കൗബോയ് ചിത്രത്തിലെ നായകൻ
തെലുങ്കിൽ നിന്നും ആദ്യമായി ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത ചിത്രത്തിലെ നായകൻ
തെലുങ്കിൽ നിന്നും ആദ്യമായി ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്ത ചിത്രത്തിലെ നായകൻ
തെലുങ്കിൽ ഏറ്റവും കൂടുതൽ ഡിറ്റക്ടീവ് ചിത്രങ്ങളിലെ നായകൻ
എന്നീ വിശേഷണങ്ങലെല്ലാം തന്നെ സൂപ്പർ സ്റ്റാർ കൃഷ്ണക്ക് സ്വന്തം.

കരിയറിന്റെ തുടക്കത്തിൽ തെലുങ്ക് സിനിമാ ലോകത്തെ അതികായകരായ എൻ ടി ആറിന്റെയും എ എൻ ആറിന്റെയും ചിത്രങ്ങളിൽ സഹനടന്റെ വേഷങ്ങൾ ചെയ്ത കൃഷ്ണ അധികം വൈകാതെ നായക നിരയിലേക്കുയർന്നു. 70 – കളുടെ മധ്യത്തോടെ എൻ ടി ആറിനൊപ്പം ഉത്സവ സീസണുകളിൽ സിനിമ റിലീസാക്കി മത്സരിച്ച് വിജയം വരിക്കുന്ന നിലയിലേക്കെത്താൻ കൃഷ്ണക്കായി.1982 – ൽ എൻ ടി ആറിന്റെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് തെലുങ്ക് സിനിമാ ലോകത്തെ താരസിംഹാസനത്തിന്റെ നേരവകാശിയായി മാറാൻ കൃഷ്ണക്ക് കഴിഞ്ഞു. എൻ ടി ആറിന്റെ സമകാലികനായ എ എൻ ആർ ; എൻ ടി ആറിനേ പോലെ ഒരു മാസ് ഹീറോ ആയിരുന്നില്ല. കലാമൂല്യമുള്ള ചിത്രങ്ങൾക്ക് പ്രാധാന്യം നൽകിയ അദ്ദേഹം മാസ് ഹീറോയാകാൻ ഒട്ടു ശ്രമിച്ചതുമില്ല. സ്വാഭാവികമായും തുടർന്നങ്ങോട്ട് കൃഷ്ണ തന്നെയായിരുന്നു ടോളിവുഡിന്റെ താര രാജാവ്.

താരസിംഹാസനത്തിലേക്കുള്ള കൃഷ്ണയുടെ അശ്വമേധത്തിന് തടയിടാൻ ശോഭൻ ബാബുവിനോ കൃഷ്ണം രാജുവിനോ കഴിഞ്ഞില്ല. അതേ സമയം 1983 – ൽ റിലീസായ കൈദിയിലൂടെ താരപദവി നേടിയെടുത്ത ചിരഞ്ജീവി ചടുലമായ നൃത്ത ചുവടുകളിലൂടെയും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെയും യുവാക്കളുടെ ഹരമായി മാറിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ ബാലകൃഷ്ണയും നായകനെന്ന നിലയിൽ വിജയകുതിപ്പ് തുടങ്ങിയിരുന്നു. മലയാള ചിത്രമായ പൂവിന് പുതിയ പൂന്തെന്നലിന്റെ തെലുങ്ക് പതിപ്പായ പസിവാഡി പ്രാണത്തിന്റെ ചരിത്ര വിജയം കൃഷ്ണയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിക്കുന്നതായിരുന്നു. തുടർന്നങ്ങോട്ട് ഓരോ വർഷവും തുടർച്ചയായ ഇൻഡസ്ട്രി ഹിറ്റുകളിലൂടെ താരസിംഹാസനത്തിലേക്ക് പടിപടിയായി ചിരഞ്ജീവി നടന്നടുക്കുകയായിരുന്നു. ബ്ലോക്ക് ബസ്റ്റർ വിജയങ്ങളിലൂടെ ബാലകൃഷ്ണയും തൊട്ടു പുറകിൽ തന്നെ ഉണ്ടായിരുന്നു.

1990 – ൽ ” ജഗത്ത്ക്ക് വീരഡു അതിലോക സുന്ദരി ” ; 1991 – ൽ ” ഗ്യാംഗ് ലീഡർ ” എന്നീ ഇൻഡസ്ട്രിയൽ ഹിറ്റുകളിലൂടെ ചിരഞ്ജീവിയും ” ലോറി ഡ്രൈവർ ” ; ” റൗഡി ഇൻസ്പെക്ടർ ” എന്നീ ബ്ലോക്ക് ബസ്റ്ററുകളിലൂടെ ബാലകൃഷ്ണയും കൃഷ്ണയെ മറികടന്നു. 1992 – ൽ റിലീസായ ” ഖരാനാ മൊഗ്ഗാഡു ‘ നേടിയ അഭൂതപൂർവ്വമായ വിജയം ചിരഞ്ജീവിയെ തെലുങ്കിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം കൈപറ്റുന്ന താരമാക്കി മാറ്റി. അതേ സമയം 90 – കളുടെ തുടക്കം മുതൽ കൃഷ്ണയുടെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ കൂപ്പു കുത്തി. സൂപ്പർ സ്റ്റാർ കൃഷ്ണയെ മറികടന്ന 90 – കളുടെ തുടക്കത്തിലാണ് ” മെഗാ സ്റ്റാർ ” എന്ന ടാഗ് ലൈൻ ചിരഞ്ജീവിക്ക് ലഭിക്കുന്നത്. 1993 – ൽ മലയാള ചിത്രമായ പരമ്പരയുടെ തെലുങ്ക് റീമേക്കായ ‘ വരസുഡു ‘എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ കൃഷ്ണ വിജയപാതയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ പ്രഭാവം നിലനിർത്താനായില്ല. തെലുങ്ക് സിനിമാ ലോകം ഇതിനകം തലമുറ മാറ്റത്തിന് വിധേയമായി കഴിഞ്ഞിരുന്നു. ചിരഞ്ജീവിക്കും ബാലകൃഷ്ണക്കുമൊപ്പം വെങ്കിടേഷും നാഗാർജ്ജുനയും മോഹൻ ബാബുവും ഡോ.രാജശേഖറും ജഗതി ബാബുവുമെല്ലാം വിജയ നായകൻമാരായി മാറി. എങ്കിലും 90 – കളുടെ മധ്യം വരെ മിനിമം ഗാരന്റിയുള്ള നായകനായി തുടരാൻ കൃഷ്ണക്ക് സാധിച്ചു.

90 – കളുടെ തുടക്കത്തോടെ കൃഷ്ണയുടെ താരമൂല്യത്തിൽ വന്ന ഇടിവിന് കാരണം കേവലം തലമുറ മാറ്റമോ അദ്ദേഹത്തിന്റെ പ്രായാധിക്യമോ മാത്രമായിരുന്നില്ല. ഇതര നായക നടൻമാർ വർഷത്തിൽ മൂന്നോ നാലോ ചിത്രങ്ങളിൽ പരമാവധി അഭിനയിക്കുമ്പോൾ കൃഷ്ണ പത്തിലധികം ചിത്രങ്ങളിൽ വരെ ഒരേ വർഷം അഭിനയിക്കുമായിരുന്നു. ക്വാണ്ടിറ്റി കൂടുമ്പോൾ ക്വാളിറ്റി കുറയുമെന്ന സാമാന്യ തത്വം ഇവിടെ സംഭവിച്ചു. ഇതിലെല്ലാമുപരി രാഷ്ട്രീയ കാരണങ്ങളാൽ കൃഷ്ണ തന്റെ ചിത്രങ്ങളിലൂടെ എൻ ടി ആറിനെ നിരന്തരം വിമർശിക്കാനാരംഭിച്ചു.

ഒരു പരിധി വരെ വ്യക്തിഹത്യയോളം തരം താഴുന്ന തരത്തിലായിരുന്നു വിമർശനങ്ങളിലേറെയും. ഒരു അർദ്ധദൈവത്തിന്റെ പദവിയിൽ വിരാചിക്കുന്ന എൻ ടി ആറിനോടുള്ള കൃഷ്ണയുടെ വിർശനത്തെ സാമാന്യ ജനത്തിന് ഉൾക്കൊള്ളാനായില്ല. അവരതിനെ രാഷ്ട്രീയ വിമർശനമെന്നതിലുപരി വ്യക്തിപരമായ ആക്ഷേപമായിട്ടാണ് മനസിലാക്കിയത്. ഇതും കൃഷ്ണയുടെ ജനപ്രീതിയിൽ ഇടിവ് വരാൻ ഇടയാക്കി. രാഷ്ട്രീയ ചാണക്യനായ എൻ ടി ആറാകട്ടെ കൃഷ്ണയുടെ നിരന്തര ആക്ഷേപ ശരങ്ങൾക്ക് പ്രത്യക്ഷമോ പരോക്ഷമോ യാതൊരു മറുപടിയും നൽകാതെ പുത്തൻ താരോദയങ്ങളായ ചിരഞ്ജീവിയേയും ബാലകൃഷ്ണയേയും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ആദ്യ ഭാര്യയായ ഇന്ദിരാദേവിയെ കൂടാതെ നടിയും സംവിധായികയുമായ വിജയനിർമ്മലയേയും കൃഷ്ണ വിവാഹം കഴിച്ചു. ഭാര്യയുമൊത്ത് അൻപതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലോകത്തേറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച താരദമ്പതികൾ എന്ന റിക്കാർഡും ഇവർക്കാണ്. ഇന്ത്യൻ സിനിമയിലെ സ്വപ്നസുന്ദരികളായ ജയപ്രദ, ശ്രീദേവി എന്നിവരുടെയൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായതും കൃഷ്ണയാണ്. ഇദ്ദേഹത്തിൻ്റെ മകനാണ് ഇപ്പോൾ തെലുങ്കു സിനിമയിൽ ചിരഞ്ജീവിക്കും പവൻ കല്യാണിനുമൊപ്പം താരമൂല്യമുള്ള പ്രിൻസ് എന്നു ആദ്യ കാലങ്ങളിൽ വിളിക്കപ്പെട്ട സൂപ്പർ സ്റ്റാർ മഹേഷ്ബാബു. കൃഷ്ണയുടെ കഴിഞ്ഞ പിറന്നാളാഘോഷ വേളയിൽ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിർത്തി ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്ക്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡിന് എന്ത് കൊണ്ടും അർഹനാണ് കൃഷ്ണയെന്നും അദ്ദേഹത്തിന്റെ പുരസ്ക്കാര ലബ്ധി വൈകരുതെന്നും മെഗാ സ്റ്റാർ ചിരഞ്ജീവി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ അർഹതപ്പെട്ട അംഗീകാരങ്ങൾ ഏറ്റുവാങ്ങാതെയാണ് അദ്ദേഹത്തിന്റെ വിടപറയൽ.

Leave a Reply
You May Also Like

റോക്ക് ആൻഡ് റോളിന്റെ രാജ്ഞി, ടിന ടർണർ അന്തരിച്ചു

റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ടിന ടർണർ (നവംബർ 26, 1939 – മേയ്…

മഹാവില്ലൻ സലിം അഹമ്മദ് ഘൗസ് വിടവാങ്ങി, ആരാഞ്ജലികൾ

Muhammed Sageer Pandarathil മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്ന താഴ്‌വാരത്തിലെ രാഘവൻ…

സൗന്ദര്യ ശസ്ത്രക്രിയക്കിടെ പ്രശസ്ത ദക്ഷിണേന്ത്യൻ താരം മരണപ്പെട്ടു

പ്ലാസ്റ്റിക് സർജറിക്കിടെ പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) മരണപ്പെട്ടു. ബംഗളൂരുവിലെ ഒരു…

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബീയാര്‍ പ്രസാദ് (62)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.…