മലയാള സിനിമയിലെ അന്ധവിശ്വാസങ്ങളും വിചിത്ര വിശ്വാസങ്ങളും…!

Moidu Pilakkandy

1. വെള്ളിമൂങ്ങയുടെ സാമീപ്യം.

റാംജിറാവു സ്പീക്കിങ്ങ് എന്ന 1989 ൽ പുറത്തിറങ്ങിയ അക്കാലത്തെ പുതിയ സംവിധായകരായ പിൽക്കാലത്ത് സൂപ്പർ ഡയറക്ടർമാരായ സിദ്ദീഖ്-ലാലിൻ്റെ ആദ്യസിനിമയുടെ ഫസ്റ്റ് ഷോട്ടിൽ ഒരു വെള്ളിമൂങ്ങ ലൊക്കേഷനിൽ പ്രത്യക്ഷപ്പെട്ടു. ഇത് അണിയറപ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. റിലീസിന് ശേഷം സിനിമ പ്രതീക്ഷകൾക്കും അപ്പുറത്ത് വിജയം നേടിയപ്പോൾ ആരൊക്കെയോ ഈ വെള്ളിമൂങ്ങ വന്ന കഥ പറഞ്ഞുനടന്നു. വെള്ളിമൂങ്ങ ഭാഗ്യം കൊണ്ടുവന്നതിനാലാണ് സിനിമ സൂപ്പർ ഹിറ്റായത് അല്ലാതെ തുടക്കക്കാരായ പുതുമുഖ സംവിധായകർ സൂപ്പർ താരങ്ങളില്ലാതെ എടുത്ത ഈ സിനിമ ഇത്രവിജയം നേടില്ല എന്നൊരു വിശ്വാസം മലയാളസിനിമയിൽ പ്രചരിച്ചു. തുടർന്ന് ഒരു സിനിമ തുടങ്ങുമ്പോൾ വെള്ളിമൂങ്ങയെ ലൊക്കേഷനിൽ വരുത്തി പറത്തി വിട്ട് ഫസ്റ്റ് ഷോട്ട് എടുക്കുന്ന ഒരു രീതി പല ഷൂട്ടിംഗ് സെറ്റുകളിലും പിൻതുടർന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം 1990 ൽ പുറത്തിറങ്ങിയ സിദ്ദിഖ്-ലാൽ ടീമിന്റെ തന്നെ “ഇൻ ഹരിഹർ നഗർ” എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോയ പ്രവർത്തകരുടെ വാഹനത്തിൽ ഒരു വെള്ളിമൂങ്ങ വന്നിടിച്ച് മരണപ്പെടുകയും തുടക്കം തന്നെ വെള്ളിമൂങ്ങയുടെ മരണം അവരെ ഭീതിയിലാഴ്ത്തുകയും ചെയ്തു. എന്നാൽ സിനിമ സൂപ്പർ ഹിറ്റടിക്കുകയും ഇതൊക്കെ അന്ധവിശ്വസങ്ങളാണെന്ന് അതിലെ സിനിപ്രവർത്തകർക്ക് മനസിലാകുകയും ചെയ്തു എന്നാണ് ഈ രണ്ട് സിനിമകളിലേയും നായകൻമാരിൽ ഒരാളായ മുകേഷണ്ണൻ പിന്നീട് പറഞ്ഞത്. രണ്ടാമത് പറഞ്ഞ സംഭവത്തിൽ വെള്ളിമൂങ്ങ കാറിൽ വന്ന് ഇടിച്ച് മരണപ്പെട്ടെങ്കിലും ഷൂട്ടിങ്ങിൽ തുടക്കത്തിൽ തന്നെ അതിന്റെ സാന്നിദ്ധ്യം ഉണ്ടായി എന്ന രീതിയിൽ ഈ വിശ്വാസത്തിന് അനുകൂലമായി സമർത്ഥിക്കാവുന്നതുമാണ്. എന്തായാലും തുടർന്ന് ഈ വെള്ളിമൂങ്ങ ഒരു ഭാഗ്യലക്ഷണമായി സിനിമയ്ക്ക് വെളിയിലും ആളുകൾ വിശ്വസിക്കുന്ന സംഭവങ്ങളും ഈ സ്പീഷീസിനെ വച്ചുള്ള കള്ളകടത്ത് / ഇല്ലീഗൽ ട്രെയ്ഡ് എന്നിവയും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വ്യാപകമായിരുന്നു.

2. ഞായറാഴ്ച ഷൂട്ട് തുടങ്ങിയാൽ നിർഭാഗ്യം.

ഞായറാഴ്ച ഷൂട്ടിംഗ് തുടങ്ങിയ ഒട്ടുമിക്ക പടങ്ങളും എൺപതുകളിൽ പരാജയമായതിനെ തുടർന്ന് ഇങ്ങനൊരു വിശ്വാസം മലയാള സിനിമയിൽ പ്രബലമായിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ഞായറാഴ്ച തന്നെ ഷൂട്ടിംഗ് തുടങ്ങേണ്ടി വന്ന സിദ്ദീഖ്-ലാലിന്റെ സിനിമ യായിരുന്നു “ഗോഡ് ഫാദർ”. മലയാള സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം റണ്ണിങ്ങ് കിട്ടിയ സിനിമ എന്ന് പിൽക്കാലത്ത് പ്രശസ്തി നേടി സൂപ്പർ ഹിറ്റടിച്ച ഈ സിനിമ ഈ വിശ്വാസത്തെ പൊളിച്ചെഴുതി.

3. പുതുവർഷത്തിൽ / ന്യൂ ഇയർ ദിവസം റിലീസ് വച്ചാൽ പരാജയം ഉറപ്പ്.

മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പുതുവൽസര ദിവസം അതായത് ജനുവരി ഒന്നാം തീയതി ഒരു സിനിമ റിലീസ് വച്ചാൽ നിർഭാഗ്യം വിളിച്ചുവരുത്തുമെന്നും സിനിമ പരാജയമാകുമെന്നും ഒരു വിശ്വാസം കാലങ്ങളായി മലയാളസിനിമയിൽ നിലനിൽക്കുന്നു. 2000 ൽ സംവിധായകൻ ജയരാജ് ഈ വിശ്വാസത്തിനെതിരായി പുതുവർഷ ദിവസം തന്നെ ഒരു സിനിമ റിലീസിന് വച്ചു. അതായിരുന്നു “മിലേനിയം സ്റ്റാർസ്”. ജയറാം-ബിജുമേനോൻ തുടങ്ങിയ അക്കാലത്തെ മിനിമം ഗ്യാരണ്ടി ഉള്ള താരനിരയെ വച്ച് സംഗീതത്തിന് നല്ല പ്രാധാന്യം നൽകി എടുത്ത സിനിമ. അപ്രതീക്ഷിത ഹിറ്റുകൾ ഉണ്ടാക്കിയെടുത്ത ഖ്യാതിയുള്ള ജയരാജ് ഈ വിശ്വാസത്തെ തൃണവൽക്കരിച്ച് 2000 ൽ സഹസ്രാബ്ധത്തിലെ ലോകസിനിമയിലെ ആദ്യ റിലീസ് എന്ന റെക്കോഡ് ഈ സിനിമയ്ക്ക് നേടിക്കൊടുക്കണം എന്ന പദ്ധതിയും മുന്നിൽ കണ്ടാണ് ഈ സാഹസത്തിന് തുനിഞ്ഞത്. എന്നാൽ ഈ വിശ്വാസത്തെ സാധൂകരിക്കുന്നതായിരുന്നു ഈ സിനിമയുടെ ബോക്സോഫീസ് പ്രകടനം. നിരവധി മികച്ച ഘടകങ്ങൾ ഉണ്ടായിട്ടും എട്ട് നിലയിൽ ബോക്സോഫീസിൽ ഈ സിനിമ തകർന്നടിഞ്ഞ് വൻ പരാജയമാവുകയാണുണ്ടായത്.

4. ഷൊർണ്ണൂർ-പാലക്കാട് ഏരിയയിലെ വരിക്കാശേരി മന തുടങ്ങിയ ചില മനകളിലെ ഭാഗ്യം.

1993 ൽ ഐ.വി.ശശിസാർ-ലാലേട്ടൻ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ അന്നത്തെ എക്കാലത്തെയും വലിയ വിജയമായ ക്ലാസ് സിനിമയായ ദേവാസുരം ചിത്രീകരിച്ചത് വരിക്കാശേരി മനയിലായിരുന്നു. പടത്തിൻ്റെ അഭൂതപൂർവമായ വിജയം ഈ മനയെ വ്യാപകമായ പ്രശസ്തിയിലെത്തിച്ചു. തുടർന്ന് ആറാം തമ്പുരാൻ, നരസിംഹം, രാപ്പകൽ, മാടമ്പി, എന്ന് നിൻ്റെ മൊയ്തീൻ തുടങ്ങി ഈയിടെ പുറത്തിറങ്ങി സൂപ്പർ ഹിറ്റടിച്ച ഭ്രമയുഗം അടക്കമുള്ള നിരവധി സൂപ്പർ താര സൂപ്പർ ഹിറ്റുകൾ ഈ മനയിൽ ചിത്രീകരിക്കപ്പെടുകയും ഈ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അന്യഭാഷാ സൂപ്പർ താരങ്ങളും ഈ മനയിൽ വന്ന് അവരുടെ ചിത്രങ്ങളുടെ ലൊക്കേഷനാക്കി. തമിഴിൽ നിന്ന് വിജയകാന്തിൻ്റെ “രമണ” എന്ന സിനിമയും തെലുഗിൽ നാഗാർജ്ജുനയും അവരുടെ സിനിമകൾ ഈ മനയുടെ പ്രശസ്തിയെ പറ്റി അറിഞ്ഞ് ഈ മനയിൽ ചിത്രീകരിച്ച് ഹിറ്റടിച്ചു.

അതുപോലെ ഷൊർണൂർ ഏരിയയിൽ തന്നെ ഉള്ള “കുന്നത്ത് വീട്” എന്ന മനയും പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വാൽസല്ല്യം, മേലേപറമ്പിൽ ആൺ വീട് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് കാരണമായ ഭാഗ്യലൊക്കേഷനായി ഷൊർണ്ണൂർ-ഒറ്റപ്പാലം ഏരിയയ്ക്ക് കൂടുതൽ സിനിമാസൗഹൃദ പരിവേഷം നൽകി.

5. നിർഭാഗ്യ ലൊക്കേഷനുകൾ – തൃശൂർ, ചാലക്കുടി, മൂന്നാർ, വയനാട് എന്നീ മേഖലകൾ പ്രതികൂലം.

ഈ ഏരിയയിൽ ഷൂട്ടിംഗ് വച്ചാൽ പടം പരാജയമാവും എന്ന വിശ്വാസം. വയനാട്ടിൽ ഷൂട്ട് ചെയ്ത മട്ടുമിക്കപടങ്ങളും പരാജയമായിരുന്നു. ഒരിക്കൽ അബു സലീംക്കയുടെ കെയറോഫിൽ നമ്മുടെ ടീം വയനാട്ടിൽ ഷൂട്ടിംഗ് കണ്ട ജയറാമേട്ടൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീരാ ജാസ്മിൻ എന്നിവരുടെ “ഫോർ ഫ്രണ്ട്സ്” എന്ന പടം ഉലകനായകൻ കമലഹാസൻ അണ്ണൻ ഏറെകാലത്തിന് ശേഷം മലയാളത്തിൽ വന്നിട്ടും ബോക്സോഫീസിൽ അമ്പേ പരാജയമായതിൻ്റെ ദൃക്‌സാക്ഷി കൂടിയാണ് ഈ മൊയ്തുക്ക. അന്നൊന്നും വയനാട്ടിൽ ഷൂട്ട് ചെയ്താൽ ഇങ്ങനൊരു പരീക്ഷണം നേരിടേണ്ടിവരും എന്ന വിശ്വാസത്തെപറ്റിയൊന്നും നമുക്ക് അറിവില്ലായിരുന്നു. പിന്നീട് നമ്മുടെ ഹിഷാം ബ്രോ Hashim Hisham വഴിയാണ് ഇങ്ങനൊരു അന്ധവിശ്വാസത്തെപറ്റി കൂടുതൽ അറിയുന്നത്. അതുപോലെ ചാലക്കുടി, മൂന്നാർ മേഖലയും ഷൂട്ടിങ്ങിന് അനുകൂലമല്ല എന്നതാണ് പൊതുവേ ഉള്ള ഒരു വിശ്വാസം. എന്നാൽ 2012 ൽ ലാൽജോസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ മൂന്നാറിൽ ഷൂട്ട് ചെയ്ത് പുറത്തിറങ്ങിയ “അയാളുടെ ഞാനും തമ്മിൽ” എന്ന സിനിമ ഹിറ്റടിക്കുകയും ഈ വിശ്വാസത്തെ ഭേദിക്കുകയും ചെയ്തതോടേ ഈ മേഖലകളിൽ ധൈര്യത്തോടെ കൂടുതൽ ഷൂട്ടിങ് ക്രൂ വരാൻ പ്രചോദനമായിട്ടുണ്ട്.

6. ആഴക്കടലിലെ അപകടം.

ആഴക്കടിയിൽ ഷൂട്ട് ചെയ്താൽ അപകടം നിശ്ചയം, കടലമ്മ കോപിക്കും എന്നൊരു വിശ്വാസം “ചെമ്മീൻ” എന്ന പഴയ സൂപ്പർ ഹിറ്റ് പടത്തോടെ മലയാള സിനിമയിൽ ബലപ്പെട്ടു. അതിൽ ക്ലൈമാക്സ് ചിത്രീകരിക്കാനായി നാട്ടിക കടപ്പുറത്ത് ആഴക്കടലിൽ ഷൂട്ട് ചെയ്യാൻ പോയി ഒറിജിനൽ ചുഴിയിൽ അകപ്പെട്ട സത്യൻ മാഷിനെ കൂടെ ഉണ്ടായിരുന്ന മൽസ്യതൊഴിലാളികളും തുറയിലെ ആളുകളും ചേർന്നാണ് രക്ഷപ്പെടുത്തിയത് എന്നാണ് അറിയാനായത്. അമരത്തിലും ഇത്തരം ഒരു ഉൾക്കടൽ സീൻ ഉണ്ടെങ്കിലും അത് മമ്മുക്കയെ ബാധിച്ചില്ല. ചിലപ്പോൾ ഡ്യൂപ്പുകളേയോ മതിയായ സേഫ്റ്റി പ്രികോഷൻസ് വച്ചും കരുതൽ ഏർപ്പെടുത്തി ഷൂട്ട് ചെയ്തതിനാലാവും. എന്തായാലും ആഴക്കടലിലെ ഷൂട്ടിംഗ് ലോജിക്കലി/യുക്തിപരമായി തന്നെ ഹൈ-റിസ്ക് പരിപാടിയാണ് എന്നതിൽ തർക്കമില്ല.

7. ഊട്ടി-കൊടൈക്കനാൽ ഹിൽസ്റ്റേഷനുകളിലെ റെയിൽവേ സ്റ്റേഷനുകൾ ഷൂട്ടിൽ ഉൾപ്പെടുത്തിയാൽ ഭാഗ്യം.

ഊട്ടി റെയ്ൽവേ സ്റ്റേഷൻ തുടക്കത്തിൽ തന്നെ ചിത്രീകരിച്ച് പ്രിയദർശൻ – ലാലേട്ടൻ – രേവതി – ജഗതിയണ്ണൻ കോംബോയിൽ വന്ന് ബോക്സോഫീസിൽ കോടികളുടെ കിലുക്കം നേടിയ “കിലുക്കം” എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്നാണ് മലയാളസിനിമയിൽ ഇങ്ങനൊരു ഹിൽസ്റ്റേഷൻ റെയിൽവേ സീൻ ഉൾപ്പെടുത്തിയിൽ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസം ഉടലെടുക്കാൻ കാരണമായത്. പിന്നീട് ജയറാമേട്ടൻ-ബിജുമേനോൻ-മഞ്ജു വാര്യർ കോംബോയിൽ സംവിധായകൻ കമൽ ഒരുക്കിയ “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്” എന്ന ചിത്രവും ഇത്തരത്തിൽ ഒരു ഹിൽസ്റ്റേഷൻ – റെയിൽവേ സ്റ്റേഷൻ ഷൂട്ടിങ് നടത്തി ഹിറ്റടിച്ചിരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

8. ജൂലൈ നാലും ( July 4) ദിലീപേട്ടനും.

ഒരുകാലത്ത് മമ്മുക്ക-ലാലേട്ടൻ-ഗോപിയേട്ടൻ തുടങ്ങിയ സൂപ്പർ താരസിനിമകൾ തുടരെ പരാജയപ്പെട്ടപ്പോൾ മലയാള സിനിമയെ അമ്പരപ്പിച്ച് ടോപ്പ് താരങ്ങളുടെ പടങ്ങളെ മലർത്തിയടിച്ച് ബോക്സോഫീസിൽ വിജയം നേടി “ജനപ്രിയ നായകൻ” എന്ന പദവി നേടി ഉയർന്ന താരമൂല്ല്യമുള്ള നായക നടനാണ് ദിലീപേട്ടൻ. 2000 ന് ശേഷം വന്ന പറക്കും തളിക, മീശമാധവൻ ഉൾപ്പെടെ ഉള്ള അദ്ദേഹത്തിന്റെ നിരവധി സൂപ്പർ ഹിറ്റടിച്ച പടങ്ങൾ ജൂലൈ 4 ന് ആയിരുന്നു റിലീസായത്. ജൂലൈ നാലിന് ചരിത്രപരമായി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകചരിത്രത്തിൽ ആദ്യമായി ഒരു വൻ സാമ്രാജ്യശക്തിയെ പരാജയപ്പെടുത്തി ഒരു രാഷ്ട്രം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ ചരിത്രപ്രധാനമായ ദിവസം കൂടിയാണ് ജൂലൈ നാല്. വി.എസ്. സഖാവിൻ്റെ ഭാഷയിൽ പറഞ്ഞാൽ വളരേ വ്യക്തവും ശക്തവുമായി ബ്രിട്ടൺ എന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യശക്തിക്കെതിരെ മഹാനായ ജോർജ് വാഷിംഗ്ടൺ അണ്ണൻ്റെ നേതൃത്വത്തിൽ അമേരിക്കൻ ഐക്യനാടുകൾ സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ഐതിഹാസികമായ ദിവസം. ലളിതമായി പറഞ്ഞാൽ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം. അതാണ് നമ്മുടെ ദിലീപേട്ടൻ നെഞ്ചിലേറ്റി തൻ്റെ ലക്കി ഡേ ആയി കരുതിയ ദിവസം. തുടരേ ഉള്ള വിജയങ്ങൾ ഇത് ദിലീപേട്ടൻ്റെ അസ്ഥിക്ക് പിടിച്ചു. തുടർന്ന് മലയാള സിനിമയിലെ ഓൾടൈം ഹിറ്റ് മേക്കറായ ജോഷിസാറിനെ സംവിധായകനാക്കി 2007 “ജൂലൈ 4” എന്ന പേരിൽ തന്നെ ഒരു പടം ദിലീപേട്ടൻ പുറത്തിറങ്ങി. സംവിധായകൻ മലയാളത്തിൻ്റെ എക്കാലത്തെയും വലിയ ഹിറ്റ് മേക്കർ തൻ്റെ ഭാഗ്യദിവസത്തിൻ്റെ പേരിൽ ഇറങ്ങുന്ന സിനിമ. ഇതിൽ പരം കോൺഫിഡൻസ് ദിലീപേട്ടന് വേറെന്തുവേണം? എന്നാൽ ഈ ഓവർകോൺഫിഡൻസ് ദിലീപേട്ടന് വിനയായി, ഹിറ്റ് മേക്കർ ജോഷി സാറിന്റെ പടമായിട്ടും “ജൂലൈ 4” ബോക്സോഫീസിൽ തകർന്നടിഞ്ഞ് ദിലീപേട്ടന് തിരിച്ചടി നൽകി എന്നതാണ് യാഥാർത്ഥ്യം.

9.ഗന്ധർവ്വശാപം – പപ്പേട്ടൻ്റെ അകാലമൃത്യു.

മലയാളസിനിമയുടെ പ്രതിഭാധനനായ തിരക്കഥാകൃത്തും സംവിധായകനുമായ നമ്മൾ പപ്പേട്ടൻ എന്ന് വിളിക്കുന്ന പി.പത്മരാജൻ സാറിന്റെ അപമത്യു. 1991 ജനുവരി 11 ന് ആണ് പപ്പേട്ടൻ സംവിധാനം ചെയ്ത് സുപർണ്ണ-നിതീഷ് ഭരദ്വാജ് എന്നിവരെ നായികാനായകൻമാരാക്കി എടുത്ത “ഞാൻ ഗന്ധർവ്വൻ” എന്ന പടം റിലീസ് ചെയ്യുന്നത്. പപ്പേട്ടൻ ഇങ്ങനൊരു പടം എടുക്കുന്നു എന്ന വിവരം അറിഞ്ഞമുതൽ പപ്പേട്ടൻ അടുത്ത സുഹൃത്തുക്കളും ബന്ധുമിത്രാദികളും വാണിങ്ങ് / ഉപദേശങ്ങൾ നൽകിയിരുന്നു. “ഇത് തീക്കളിയാണ്. ഗന്ധർവനെ തൊട്ട് കളിക്കാൻ നിൽക്കണ്ട. സ്വയം അപകടം വിളിച്ചുവരുത്തലാവും അത്. ഇത് നമുക്ക് വേണ്ട” എന്നൊക്കെയാണ് പപ്പേട്ടനോട് സ്നേഹമുള്ളവർ നൽകിയ ഉപദേശങ്ങൾ. എന്നാൽ അതിനെ ഒക്കെ തൃണവൽക്കരിച്ച് പപ്പേട്ടൻ പടം പൂർത്തിയാക്കി റിലീസ് ചെയ്തു. എന്നാൽ നോക്കണേ സഹോദരങ്ങളേ വിധിയുടെ വിളയാട്ടം. പടം റിലീസ് ചെയ്ത് കൃത്യം പതിമൂന്നാം ദിനം പപ്പേട്ടന് അകാലമൃത്യു സംഭവിച്ചു. അതും വെറും 45 വയസ് മാത്രം പൂർത്തിയായ കാലഘട്ടത്തിൽ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഗന്ധർവ്വശാപം വിശ്വസിച്ചാലും ഇല്ലെങ്കിലും കാരണം എന്തായാലും മലയാള സിനിമയ്ക്ക് ഏറേ സംഭാവന ചെയ്യേണ്ടിയിരുന്ന ലോകോത്തരപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്.

10. ആഹരി രാഗം എന്ന അപകടം. – എം.ജി.രാധാകൃഷ്ണൻ.

ആഹരിരാഗത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്തിയാൽ ചിട്ടപ്പെടുത്തിയ ആൾക്ക് ദോഷം സംഭവിക്കും എന്നൊരു അന്ധവിശ്വാസം നിലനിന്നിരുന്നു. എന്നാൽ ഇതിനെ തൃണവൽക്കരിച്ച് എം.ജി . ശ്രീകുമാർ അണ്ണൻ്റെ ജ്യേഷ്ഠൻ എം.ജി.രാധാകൃഷ്ണൻ ചേട്ടൻ എന്ന പ്രതിഭാധനനായ സംഗീത സംവിധായകനും ഗായകനും ആയ ഈ പ്രതിഭ പാച്ചിക്ക-ലാലേട്ടൻ-ഗോപിയേട്ടൻ-ശോഭന ചേച്ചി കോംബോയിൽ വന്ന മലയാളത്തിലെ എന്തിന് ലോക സിനിമയിൽ വരെ കിടപിടിക്കാവുന്ന സൈക്കോളജിക്കൽ ത്രില്ലർ ക്ലാസിക് പടമായ “മണിചിത്രത്താഴ്” ന് വേണ്ടി ആഹരി രാഗത്തിൽ ലാലേട്ടൻ സ്ക്രീനിൽ അഭിനയിച്ച് ദാസേട്ടൻ പാടിയ “പഴം തമിഴ് പാട്ടിയഴും”, എന്ന പടവും ശോഭനചേച്ചിക്കായി ചിത്രചേച്ചി പാടിയ “ഒറു മുറൈ വന്ത് പാർത്തായാ” എന്നീ ക്ലാസിക് ഗാനവും ചിട്ടപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന് ഒരു വാഹനാപകടം ഉണ്ടാകുകയും ആരോഗ്യപരമായ ചില പ്രശ്നങ്ങൾ വരികയും ഇളയ സഹോദരനായ എം.ജി.ശ്രീകുമാർ അണ്ണനുമായുള്ള ബന്ധം വഷളാകുകയും 17 വർഷത്തിനുള്ളിൽ 2010 ൽ ആ മഹാ സംഗീത പ്രതിഭയായ എം.ജി.രാധാകൃഷ്ണൻ ചേട്ടൻ വിടപറയുകയും ചെയ്തു. കാര്യമായി ദുശ്ശീലങ്ങളൊന്നും ഇല്ലാതെ സാത്വികനായി ജീവിച്ച, ഇനിയും ഒരുപാട് കാലം മലയാള സിനിമാ ഗാനങ്ങൾക്ക്/സംഗീത വിഭാഗത്തിൽ സംഭാവന ചെയ്യാൻ അർഹനായ എം.ജി.രാധാകൃഷ്ണൻ സാറിനെ സംബന്ധിച്ച് ഇത് ഒരു താരതമ്യേന അകാല വിടവാങ്ങൽ തന്നെയാണ്.

NB: പൊന്നാര മാണിക്യകല്ലാളേ പുകിലാളേ സിനിമാമേഖലയിലെ വെറും 10 അന്ധവിശ്വാസങ്ങളെ പറ്റിമാത്രമാണ് ഇവിടെ പറഞ്ഞത്. ആഴത്തിൽ പരിശോധിച്ചാൽ ഇനിയും കൂടുതൽ അന്ധവിശ്വാസങ്ങൾ ഉള്ള മേഖലയാണ് സിനിഫീൽഡ് എന്ന് മൊയ്തുക്ക പറയേണ്ടതില്ലല്ലോ? ഈ സീരീസ് ഇവിടെ തീരുന്നില്ല. ഇതേപ്പറ്റി കൂടുതൽ മറ്റൊരവസരത്തിൽ ഇനിയും പ്രതിപാദിക്കാം

You May Also Like

ഒരുപാട് സാധ്യതയുള്ള പ്ലോട്ട് ഉഴപ്പി കളഞ്ഞു

കുറ്റവും ശിക്ഷയും Vipin David സഫാരിയിൽ സിബി തോമസ് ഈ കേസിനെ കുറിച്ച് പറയുന്ന എപ്പിസോഡ്…

മഹേഷ് ബാബുവിനെ കണ്ട സന്തോഷത്തിൽ ബിൽ ഗേറ്റ്സ്, അതിലേറെ സന്തോഷത്തിൽ മഹേഷ്ബാബു

തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു തന്റെ ഒടുവിലിറങ്ങിയ ചിത്രമായ സർക്കാരു വാരിപാട്ടയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്. എന്നാൽ…

അനന്തഭദ്രം തുടങ്ങിയ മൂവികൾക്കു പിൽക്കാലത്തു സംഭവിച്ചത്

അനന്തഭദ്രം സിനിമയിലൂടെ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. Akshay Js അനന്തഭദ്രം…

മുല്ലപ്പൂ ചൂടി നാടൻ ലുക്കിൽ എസ്തർ

ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ. ജിത്തു ജോസഫ്…