രാജ്യം കത്തുമ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ നാഗ്പൂരിൽ ബാറ്റ് ചെയ്യുന്നു

അഡ്വ ശ്രീജിത്ത് പെരുമന
രാജ്യം കത്തിയെരിയുമ്പോൾ നാഗ്പൂരിലെ ക്രിക്കറ്റ് കളി !!
40 ലധികം അധികം മനുഷ്യർ തെരുവിൽ മരിച്ചു വീണ വിഷയത്തിൽ ഫയൽ ചെയ്ത 60 ലധികം ഹര്ജികൾ ഭരണഘടനാ സംരക്ഷകരായ കോടതി നാളിതുവരെ കേട്ടിട്ടില്ല. പാതിരാത്രിക്ക് കോടതി തുറന്നു മനുഷ്യരെ തൂക്കികൊല്ലാൻ വിധിച്ച ചരിത്രവും, പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യയാക്കി രാജ്യത്ത് അടിയന്ത്രാവസ്ഥ വരുത്തിയ ചരിത്രവും, ഞായറാഴ്ച തുറന്ന് രാഷ്ട്രീയ കുതിരക്കകച്ചവട കേസിൽ വിധി പറഞ്ഞ ചരിത്രവുമൊക്കെയുള്ള കോടതിയിയാണ്.
തെരുവ് യുദ്ധങ്ങൾ തുടർന്നിട്ടും, സർവ്വകലാശാലകൾ യുദ്ധക്കളങ്ങളായിട്ടും, ലൈബ്രറികൾ ബോംബ് വെച്ച് തകർക്കപ്പെട്ടിട്ടും വിദ്യാർഥികൾ വെടിയേറ്റ് വീണിട്ടും ഭരണഘടനയുടെ ഹോൾസെയിൽ സംരക്ഷകർക്ക് യാതൊരു കുലുക്കവുമില്ല.
ഇത് ഇന്ന് നാഗ്പൂരിൽ നടന്ന ക്രിക്കറ്റ് കളിയുടെ ഒരു ദൃശ്യമാണ്. ബാറ്റ് ചെയ്യുന്നത് ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെയാണ് , കൂടെ കളിക്കുന്നത് നാഗ്പൂരിലെ ജഡ്ജിമാരും, വക്കീലന്മാരുമാണ്.
“ഏതോ സാമ്രാജ്യം കത്തിയെരിയുമ്പോൾ ഏതോ ചെങ്ങായി വീണ വായിക്കുകയായിരുന്നു” എന്നൊരു കഥ എവിടെയോ കേട്ടതായി ഓർക്കുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നിയോ ?
സുപ്രീംകോടതി എന്നത് ജനാധിപത്യത്തിലെ ഒരു സ്ഥാപനം മാത്രമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അധികാര സ്ഥാപനം ജനങ്ങളാണ് അഥവാ ഓരോ പൗരനുമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധത തെളിയിച്ച ശേഷവും, പ്രക്ഷോഭങ്ങൾ മനസിലാക്കിയ ശേഷവും സുപ്രീംകോടതി നിയമത്തിനു അംഗീകാരം നൽകിയാൽ പിന്നീട് ബഹുജന പ്രക്ഷോഭം നടത്തികൊണ്ട് നിയമത്തെ മറികടക്കേണ്ടി വരും.
ജനങ്ങളുടെ മുന്നേറ്റത്തിലൂടെ മറികടക്കാനാകാത്തതായി ഒന്നും ഈ ലോകത്തിലില്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഒരു സാങ്കേതിക ഇടപെടൽ മാത്രമായിരിക്കും അത് യുക്തിസഹമാകണമെന്നോ, സാമൂഹിക ധാർമികത ഉയർത്തിപിടിക്കുന്നത് ആകണമെന്നോ നിർബന്ധമില്ല. പ്രത്യേകിച്ച് ഈ വർത്തമാന കാലഘട്ടത്തിൽ. അതിനാൽ സമാധാനപരമായ സമരങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഏറ്റവും ഈ വർഗീയ-ഫാസിസ്റ്റ് പ്രതിസന്ധിയെ മറികടക്കാൻ പ്രായോഗികമായ വഴി.
video