ആന്ധ്രയുടെ സുപ്രീം സ്റ്റാർ: തെലുങ്ക് സിനിമ അടക്കി വാണ സുരേഷ് ഗോപിയെക്കുറിച്ച് ഖാദർ ഹസ്സൻ !
മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയെക്കുറിച്ച് പുതിയ തലമുറയിലുള്ള അധികമാർക്കും അറിയാത്ത ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ഖാദർ ഹസ്സൻ. ഒരു കാലത്ത് ആന്ധ്ര സിനിമയിലെ മിന്നും താരമായിരുന്നു സുരേഷ് ഗോപി എന്നും അദ്ദേഹത്തിന്റെ റീമേക്ക് ചിത്രങ്ങൾ അന്നത്തെ കാലത്ത് അവിടെ വലിയ ഹിറ്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ അല്ലു അർജുനെ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപി എന്ന് ഒരുപാട് സിനിമകൾ മൊഴി മാറ്റി അവതരിപ്പിച്ച ഖാദർ ഹസ്സൻ വെളിപ്പെടുത്തി.അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വായിക്കാം:,
ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, ഹാപ്പി ഡേയ്‌സ്, ബദ്രിനാഥ്, ഗജപോക്കിരി, ബാഹുബലി തുടങ്ങിയ തെലുങ്ക് സിനിമകൾ മലയാളത്തിൽ വിജയം ആയതു പോലെ ഒരുകാലത്തു നമ്മുടെ മലയാള സിനിമകളും ആന്ധ്രയിൽ സ്ഥിരം വിജയം വരിച്ചിരുന്നു. കേരളത്തിൽ അല്ലു അർജുനെ പോലെ ആന്ധ്രയിൽ നമ്മുടെ സുരേഷേട്ടൻ തൊണ്ണൂറുകളിൽ വളരെ പോപ്പുലർ ആയിരുന്നു. മലയാള ആക്ഷൻ സിനിമകളുടെ മാർക്കറ്റ് കൂട്ടിയതും സുരേഷേട്ടന്റെ ഈ സ്റ്റാർഡം കാരണമാണ്. 1994 വിഷുക്കാലത്ത് റിലീസ് ആയ ഷാജി കൈലാസ് രഞ്ജിപണിക്കർ കൂട്ടുകെട്ടിന്റെ കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു.
തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കർണാടകയിലും തെലുങ്കു ഡബ്ബ് വേർഷൻ പ്രദർശന വിജയം ആയി. തുടർന്ന് കമ്മീഷണറിന് മുന്നേ കേരളത്തിൽ ഇറങ്ങിയ ഏകലവ്യൻ -CBI Officer എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയിൽ സുരേഷേട്ടന് ‘ ‘സുപ്രീം സ്റ്റാർ ‘എന്ന ടൈറ്റിൽ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിക്കുകയുണ്ടായി. ഇവിടെ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കിട്ടി. കന്നഡ – തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു, കമലിനും.