ടറൻ്റിനോയും പാദങ്ങളോടുള്ള ആസക്തിയും!
കുറ്റകൃത്യങ്ങളുടെ സൗന്ദര്യ ഭാഷ്യം ചമക്കുന്ന അമേരിക്കക്കാരനായ സംവിധായകനാണ് ക്വിന്റിൻ ടറന്റിനോ. തിരക്കഥാ രചന, നിർമ്മാണം, അഭിനയം എന്നീ നിലകളിലും സമാനതകളില്ലാത്ത പ്രതിഭയാണ് അദ്ദേഹം. എടുത്ത ചിത്രങ്ങളിൽ മിക്കവയും കലാപരമായും അതോടൊപ്പം സാമ്പത്തികപരമായും വിജയിച്ചവയാണ്. പൾപ് ഫിക്ഷൻ, ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്, കിൽ ബിൽ, ദി ജാങ്കോ അൺചെയിൻഡ്, ഹെയിറ്റ് ഫുൾ എയിറ്റ്, റിസർവയർ ഡോഗ്സ്, വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ സിനിമകൾ ടറൻ്റിനോയുടെ പ്രശസ്തമായ സിനിമകളാണ്. അക്രമണങ്ങളുടെ വന്യതയെ പ്രണയിക്കുന്ന സീനുകൾ അദ്ദേഹത്തിൻ്റെ സിനിമകളെ മറ്റു ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ആ വന്യതയെ രഹസ്യമായി ആളുകൾ ഇഷ്ടപ്പെടുന്നു എന്നാണ് ടറൻ്റിനോ അതിനു നൽകിയ വിശദീകരണം.
ടറൻ്റിനോ ചിത്രങ്ങളിലെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ്ട് ‘Foot Fetishism’. മലയാളത്തിൽ ഇതിനെ പാദങ്ങളോടുള്ള ലൈംഗിക ആസക്തി എന്നു പറയുന്നു. ഇതൊരു Paraphilia ഗണത്തിൽ പെടുന്ന അവസ്ഥയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് ഈ ഫൂട്ട് ഫെറ്റിഷിസം കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളുടെ പാദങ്ങളോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് Foot Fetishism. സ്ത്രീ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളോട് മാത്രം തോന്നുന്ന വിവിധ തരം Paraphilia-കളുണ്ട്. അത്തരത്തിൽപ്പെട്ട ഒന്നാണ് Foot Fetishism. ഇതൊരു ഗുരുതരമായ രോഗാവസ്ഥയൊന്നുമല്ല. എങ്കിലും അമിതമായാൽ പച്ച വെള്ളവും അപകടകാരിയാണല്ലോ.
Foot Fetishism പല രീതിയിൽ ആകർഷിക്കപ്പെടുന്നവരുണ്ട്. നീണ്ട കാലുകളോട്, സുന്ദരമായ പാദങ്ങളോട്, ചായം പുരട്ടിയ വിരലുകളോടും നഖങ്ങളോടും, ഹൈഹീൽഡ് ഷൂസ് ധരിച്ച പാദങ്ങളോട്, സോക്സ് ധരിച്ച പാദങ്ങളോട് അങ്ങിനെ അതിൻ്റെ വകഭേദങ്ങൾ ധാരാളം. പാദങ്ങളുടെ ഗന്ധം ശ്വസിക്കുക, പാദങ്ങളിൽ മസ്സാജ് ചെയ്യുക, വിരലുകൾ കുടിക്കുക, പാദങ്ങൾ കൊണ്ട് നെഞ്ചിൽ ചവുട്ടിക്കുക, ചെരുപ്പിൽ നക്കുക തുടങ്ങി ഒരു Foot Fetishist-ൻ്റെ സ്വഭാവ രീതികൾ വളരെ വിപുലമാണ്. Foot Fetishism ഉള്ളവർക്ക് ആ പ്രവൃത്തിയിലൂടെ പാദങ്ങളിൽ രതിമൂർഛ സംഭവിക്കുന്നതായി ലോക പ്രശസ്ത ന്യൂറോ സയൻ്റിസ്റ്റായ ‘V. S രാമചന്ദ്രൻ’ നിരീക്ഷിച്ചിട്ടുണ്ട്. പാദങ്ങളിലെ രതിയും രതിജന്യ ആകർഷണവും പരിണാമ പരമായി ഉരുത്തിരിഞ്ഞതിനേ കുറിച്ച് നരവംശ ശാസ്ത്രജ്ഞനായ ഡോ: ഡെസ്മണ്ട് മോറിസ് തൻ്റെ കൃതിയായ ‘നഗ്നനാരിയിൽ’ വിവരിക്കുന്നുണ്ട്.
ടറന്റിനോ തൻ്റെ സിനിമകളിൽ ബോധപൂർവ്വം തന്നെ Foot Fetishism എഴുതി ചേർക്കാറുണ്ട്. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ അത് സമ്മതിക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. ഡെത്ത് പ്രൂഫ് എന്ന സിനിമയിൽ തുടക്കം മുതൽ സ്ത്രീ പാദങ്ങളുടെ നഗ്നമായ Close up ഷോട്ടുകളുടെ ഒരു ചാകര തന്നെയുണ്ട്. സഞ്ചരിക്കുന്ന കാറിൻ്റെ മുന്നിൽ ഉയർന്ന് കാണുന്ന നഗ്നമായ സ്ത്രീപാദം, പാർക്ക് ചെയ്ത കാറിൽ ഉറങ്ങുന്ന നായികമാരിൽ ഒരാളുടെ പാദം പുറത്തേക്ക് നീണ്ടു നിൽക്കുമ്പോൾ സൈക്കോ വില്ലൻ ആദ്യം അതിൽ തഴുകുന്നു, പിന്നീട് വിരലുകളിൽ നാവു കൊണ്ട് ഉഴിയുന്നു, ടറൻ്റിനോയുടെ പാദങ്ങളോടുള്ള ആസക്തി ഓരോ ഷോട്ടിലും വ്യക്തമാണ്.
From Dusk Till Dawn എന്ന സിനിമയിൽ ഒരു പടി കടന്ന് പാമ്പിനെ തോളിലിട്ട് അർദ്ധ നഗ്നയായി നൃത്തം ചെയ്യുന്ന യുവതിയുടെ കാൽ വിരലുകൾ വായിലാക്കി നുണയുന്ന ടറൻ്റിനോ അവൾ തുടയിലൂടെ ഒഴിക്കുന്ന ഷാംപെയിൻ വിരലുകളിലൂടെ കുടിക്കുന്നുണ്ട്. ഈ ചിത്രത്തിൻ്റെ തിരക്കഥ ടറൻ്റിനോ ആയിരുന്നു. അഭിനയിച്ചതും അദ്ദേഹം തന്നെ.
1970-കളിൽ പാം ഗ്രിയറിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തു വന്ന Jacky Brown-ൽ പാദങ്ങളെ കേന്ദ്രീകരിച്ച് നിരവധി ഷോട്ടുകൾ ഉണ്ട്. മദ്യ ഗ്ലാസിനടുത്ത് മിഞ്ചി പോലെ ആഭരണങ്ങൾ ധരിച്ച സ്ത്രീപാദം വളരെ ആകർഷകമായ രീതിയിൽ വച്ചിരിക്കുന്ന ക്ലോസപ്പ് ഷോട്ടുകൾ ധാരാളമുണ്ട്. റോബർട്ട് ഡീ നീറോയുടെ കഥാപാത്രത്തെ ആകർഷിക്കുന്നതിനായാണ് ഇത്തരം ഒരു ഷോട്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
1994-ൽ ഇറങ്ങിയ പൾപ് ഫിക്ഷനിൽ ചിത്രത്തിലെ തുടക്കത്തിലെ സംസാര വിഷയം തന്നെ പാദങ്ങളെ കുറിച്ചാണ്. പ്രധാന കഥാപാത്രങ്ങളായ വിൻസെൻ്റും ജൂൾസും തങ്ങളുടെ ബോസ്സായ മാർസലസ് വാലസിൻ്റെ ഭാര്യയെ foot massage ചെയ്തു കൊടുത്ത ഒരു ജോലിക്കാരൻ്റെ ദുരവസ്ഥയെ കുറിച്ച് സംസാരിക്കുന്നു. ആ ജോലിക്കാരനെ മർസലസ് ജനലിലൂടെ പുറത്തേക്കെറിഞ്ഞതായി ജൂൾസ് പറയുന്നു. ഫുട്ട് മസ്സാജിൽ വെറും തടവൽ മാത്രമല്ല സംഭവിക്കുന്നതെന്ന് വിൻസെൻ്റെ പറയുന്നു. ജൂൾസ് അതിനെ എതിർക്കുമ്പോൾ, നീ എങ്കിൽ എൻ്റെ പാദം ഒന്നു തിരുമ്മി തരാൻ വിൻസെൻ്റ് ആവശ്യപ്പെടുന്നു. അതിന് ജുൾസ് പറഞ്ഞ മറുപടി രണ്ട് ഇംഗ്ലീഷ് സിനിമയെങ്കിലും കണ്ടിട്ടുള്ള ആർക്കും ഊഹിക്കാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു.
വാലസിൻ്റ ഭാര്യയായ ഉമ തുർമൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണിക്കുമ്പോഴും പാദങ്ങളുടെ ഒരു എക്സ്ട്രീം ടൈറ്റ് ഷോട്ട് വരുന്നുണ്ട്. പിന്നീട് സൊറ്റോറൻ്റിൽ വിൻസെൻ്റും ഉമതുർമൻ്റ കഥാപാത്രവും നൃത്തം ചെയ്യുന്നതും പാദങ്ങൾ കൊണ്ടുള്ള ഒരു കസർത്താണ്.
2004-ൽ പുറത്തിറക്കിയ കിൽ ബിൽ എന്ന ചിത്രത്തിൽ സ്ത്രീ പാദ ഷോട്ടുകൾ തുലാമഴക്ക് മിന്നൽ പോലെ മിക്ക സീനുകളിലും കടന്നു വരുന്നുണ്ട്. ഉമ തുർമൻ്റ കഥാപാത്രത്തിൻ്റെ കാൽ പാദങ്ങൾ നിരവധി തവണ ക്ലോസപ്പിൽ ചിത്രീകരിക്കുന്നുണ്ട്.
2009-ൽ ടറൻ്റിനോ സംവിധാനം ചെയ്ത ഇൻ ഗ്ലോറിയസ് ബാസ്റ്റാർഡ്സിൽ ക്രിസ്റ്റോഫ് വാട്സ് ഒരു സിനിമ നടിയുടെ പാദം തൻ്റെ കാലിലേക്ക് വച്ച ശേഷം ഒരു ലേഡീസ് ചെരുപ്പിൻ്റെ അളവ് പരിശോധിക്കുന്ന സീൻ ഉണ്ട്. വളരെ കരുതലോടെ, ആദരവോടെയാണ് ആ സീൻ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിലിറക്കിയ Once upon a time in Hollywood-ലും നഗ്നപാദങ്ങളുടെ ഒരു പിടി ഷോട്ടുകളുണ്ട്.
നഗ്ന കാൽപാദങ്ങളുടെ മാത്രമല്ല, ബുട്ടുകളുടേയും ഹൈഹീൽഡ് ചെരുപ്പകളുടെയും എക്സ്ട്രീം ഷോട്ടുകളിൽ അഭിരമിക്കുന്ന ഉസ്താദാണ് ക്വിന്റിൻ ടറൻ്റിനോ. തൻ്റെ സിനിമകളിലെ വയലൻസ് പോലെ, സംഗീതം പോലെ നീണ്ട സംഭാഷണങ്ങൾ പോലെ Foot Fetishism അദ്ദേഹത്തിൻ്റെ സിനിമകളുടെ അഭിവാജ്യ ഘടകമാണ്.