കഥാപാത്രമായ ജോർജുകുട്ടി അപ്രത്യക്ഷമായി, മോഹൻലാൽ എന്ന നടൻ സിനിമയെ വിഴുങ്ങി

156

സുരൻ നൂറനാട്ടുകര

നല്ല കല്ല് മുഖമടിച്ച് ചരട് കെട്ടി നിർമ്മിക്കുന്ന കൽക്കെട്ട് പോലെയാണ് നല്ലൊരു ക്രൈം ത്രില്ലർ നോവലോ, സിനിമയോ . ഓരോ കല്ലിന്റെയും വാല് മറ്റൊരു കല്ലിലേക്ക് കയറി കിടക്കും. ഇടവരുന്ന ഭാഗം ചീള് വച്ച് നിരത്തും. ദൃശ്യം ഒന്നാം ഭാഗം ആ രീതിയിൽ ഒരു പരിധി വരെ മികച്ച ഒരു കെട്ടായിരുന്നു. അതിനെ അഴിച്ചുകെട്ടുക എന്നത് അൽപം കടന്ന കൈയ്യാണ്. ബേസിക്ക് കെട്ടിൽ നിന്നും ചില കല്ലുകൾ ഊരിയെടുത്ത ശേഷം മറ്റു ചില കല്ലുകൾ തിരുകിയപ്പോൾ അവിടവിടെയായി ചില മുഴപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏറെകുറെ സ്വഭാവികത നിലനിർത്തിയ നിന്ന ഒന്നാം ഭാഗത്തിൽ നിന്നും രണ്ടാം ഭാഗം അതിനാടകീയതയിലേക്കും അസ്വാഭാവികതയിലേക്കും വഴുതി വീണു. ഇതര കഥാപാത്രങ്ങൾ നോക്കുകുത്തികളായി ഏകനായകന്റെ വാഴ്ത്തലുകളിലേക്ക് സിനിമ കൂപ്പുകുത്തി. കഥാപാത്രമായ ജോർജുകുട്ടി അപ്രത്യക്ഷമാകുകയും മോഹൻലാൽ എന്ന നടൻ സിനിമയെ വിഴുങ്ങുകയും ചെയ്തു.

സിനിമയിൽ കാഴ്ചയുടെ കല നഷ്ടപ്പെടുകയും പകരം സംഭാഷണങ്ങളുടെ ബാഹുല്യം സീനുകളിൽ നിറയുകയും , ക്യാമറ ആംഗിളുകളും വസ്ത്രാലങ്കരവും മേയ്ക്കപ്പും സീരിയലുകളെ അനുസ്മരിപ്പിക്കുകയായിരുന്നു. മുന്നിലെ ആൾക്കൂട്ടത്തിനു വേണ്ടി അഭിനയിക്കുന്ന നാടക നടീ നടൻമാരെ പോലെയായിരുന്നു തുടർന്നുള്ള പ്രകടനം. നാച്ചുറലായ ഭാവ പ്രകടനങ്ങൾക്കു പകരം അതിനാടകീയതയാണ് തുടർന്നങ്ങോട്ടു സംഭവിക്കുന്നത്.Basic Instinct,Gone girl തുടങ്ങിയ സിനിമകളുടെ മൂല ആശയങ്ങളെ ദൃശ്യം കൈക്കൊണ്ടിട്ടുണ്ട്. പുലിമുരുകനിലെ മൂപ്പനു പകരമായി സായികുമാറിന്റെ വിപിൻ ചന്ദ്രൻ ആണ് ഇവിടെ തള്ളാൻ നിയോഗിക്കപ്പെട്ടത്.

കെട്ടിയുറപ്പിച്ച ഒന്നാം തിരക്കഥയിൽ നിന്ന് ഊരിയെടുത്ത സ്പേസിൽ തിരുകി കയറ്റിയ കഥാപാത്രമാണ് അളിയനെ കൊന്ന ശേഷം ഓടി വരുന്ന ജോസ്. കൊന്നതിന്റെ പിറകേ തന്നെ പോലീസ് ഓടിക്കുന്നു എന്ന വൈരുദ്ധ്യം നിലനിൽക്കുമ്പോൾ തന്നെ സ്വന്തം വീട്ടിലേക്ക് തന്നെ ഓടി പോകാനുള്ള ചേതോവികാരം പ്രശംസനീയമാണ്. നാട്ടിലെ സകല ഊടുവഴികളും അറിയാവുന്ന ജോസ് (പോലീസ് ഒരു വീട്ടു പേര് ചോദിക്കുമ്പോൾ കൃത്യമായി അയാൾ പറയുന്നുണ്ട് ) പഴയ പോലീസ് സ്റ്റേഷനടുത്തു പണിയുന്ന പുതിയ പോലീസ് സ്റ്റഷൻ പരിസരത്തേക്കു തന്നെയാണ് ഓടിക്കയറുന്നത്. ജോർജ്ജ് കുട്ടിയെ പോലെ തന്നെ തൊടുപുഴയിലെ എല്ലാവരും കൂർമ്മബുദ്ധിക്കാരാണെന്ന് തോന്നുന്നു. ഓട്ടോക്കാരു പോലും മദ്യപിക്കാൻ പോലീസ് സ്റ്റേഷന്റെ പിൻവശമാണ് തിരഞ്ഞെടുക്കുന്നത്. ആഗസ്റ്റ് 3 ന് രാത്രി നടന്ന ഒരു നാടകത്തെ കുറിച്ച് മുമ്പു നടന്ന ഒരന്വേക്ഷണത്തിലും പരാമർശമില്ല. പരിസരവാസികളായ 60 ഓളം ആളുകൾ പങ്കെടുത്ത ഒരു പ്രധാന സംഭവത്തെ വിട്ടു കളഞ്ഞത് മനപൂർവ്വമാണെങ്കിൽ വല്ലാത്ത ഭാഗ്യം എന്നാണ് അതിനെ വിളിക്കേണ്ടത്. നാലാം തീയ്യതി നടന്ന കൊലപാതകത്തെ കുറിച്ചും ഒന്നാം ഭാഗത്തിൽ പരാമർശമില്ല. അന്നു രാത്രി സ്റ്റേഷൻ പരിസരത്ത് നടന്ന കൊലപാതകവും ചേസിംങ്ങും അന്നേ വിട്ടു കളഞ്ഞത് ഡയറക്റ്റേഴ്സ് ബ്രില്യൻസ് പ്രശംസനീയമാണ്.

മുരളി ഗോപിയുടെ ഉന്നത ഉദ്യോഗസ്ഥനോട് കുറ്റസമ്മതം നടത്തുന്ന ജോർജ്ജ് കുട്ടിയുടെ ഒരു വീഡിയോ എടുക്കാൻ പോലും അയാൾ തയ്യാറാകാത്തത് അവസാനം ക്ലാസിക്ക് ക്രിമിനൽ എന്നു പുകഴ്ത്താനാണെന്നതിൽ സംശയം അൽപം പോലും ഇല്ല. ഇതൊക്കെ സിനിമയല്ലേ അതിനെ അങ്ങിനെ കണ്ടാൽ പോരേ എന്നു ചോദിച്ചാൽ – ഓരോ സിനിമയും കാണണ്ട ഒരു രീതിയുണ്ട്. പൂവള്ളി ഇന്ദുചൂഢൻ കളരിയിൽ കയറി അടിക്കുന്നതോ, നീലകണ്ഠൻ ശേഖരന്റെ കൈ വെട്ടുന്നതാ ആടു തോമ തുണി പറിച്ചടിക്കുന്നതുപോലെയോ അല്ല കാര്യങ്ങൾ – ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും ശാസ്ത്രീയ കുറ്റാന്വേക്ഷണത്തിനേയുമാണ് ഒരു നാലാം ക്ലാസ്സുകാരൻ സിനിമ കണ്ട പിൻബലത്തിൽ വെല്ലുവിളിക്കുന്നത്. അസാധാരണ കാര്യങ്ങൾക്ക് അസാധാരണമായ തെളിവുകൾ ആവശ്യമാണ്. ജോർജുകുട്ടി ഒറ്റക്കു നിന്നു പത്തുപേരെ തല്ലിവീഴ്ത്തിയാൽ നമുക്കതിൽ ചോദ്യം ചെയ്യാൻ ഒന്നും ഇല്ല. ഭാഗ്യം മാത്രം പിന്തുണക്കുന്നതിനും ഒരു പരിധിയുണ്ടേ .

ജിത്തു ജോസഫിന് അമിതമായ ഒരാത്മ വിശ്വാസം കേരളത്തിലെ പ്രേക്ഷകരെ കുറിച്ചുണ്ടായിരുന്നു. അതു ശരിയായി എന്നതിന്റെ തെളിവാണ് തുടക്കം മുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ വാഴ്ത്തൽ പോസ്റ്റുകൾ . ഒരു പക്ഷേ ദൃശ്യം മാത്രം ജീവിതത്തിൽ കണ്ടിട്ടുള്ള പ്രേക്ഷകനെ സംബന്ധിച്ച് അതൊരു മഹത്തായ ഇതിഹാസമായിരിക്കും. മറ്റുള്ളവരെ സംബന്ധിച്ച് അങ്ങിനെയല്ല. ട്വിസ്റ്റുകളെല്ലാം വഴുതി പോവുകയും അവസാനം ജോർജുകുട്ടിയെ വാഴ്ത്താനും പാപമോചനം നേടിക്കൊടുക്കാനും വ്യഗ്രത പൂണ്ട തിരക്കഥാകൃത്തിന്റെ കടും വെട്ടാണ് ദൃശ്യം -2.വാൽക്കഷ്ണം : ആന്റെണി പെരുമ്പാവൂരിന്റെ എസ്.ഐ വേഷം ഗംഭീരമായിരുന്നു. കൃത്യം അളവിനാണ് അതു തയ്പ്പിച്ചത്.