ദിവസേന കോടി ക്കണക്കിന് വരുമാനം വാരിക്കൂട്ടുന്ന ഈ മേഖലയിലേക്ക് കാലെടുത്തു വെക്കാനുള്ള കോർപ്പറേറ്റ് കമ്പനികളുടെ കച്ചവടക്കണ്ണു തന്നെയായിരുന്നു VRSന് പിറകിൽ

0
180
78000 ൽ അധികം BSNL ജീവനക്കാർ ജനുവരി 31ന് കൂട്ട വിരമിക്കലിൽ പുറത്തായ കാര്യം അറിയാമല്ലോ. പല ഘട്ടങ്ങളിലായുള്ള ജീവനക്കാരുടെ പൊഴിഞ്ഞു പോകൽ പോലെയല്ല, വർഷങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവസമ്പത്തുമുള്ളവർ ഒറ്റയടിക്ക് പടിയിറങ്ങുമ്പോൾ ഉണ്ടാകുന്ന നഷ്ടം കനത്തതാണ്. ഒപ്പം, ഇപ്പോഴും രണ്ടു മാസത്തെ ശമ്പളം (ഡിസംബർ, ജനുവരി – കരാർ ജീവനക്കാർക്ക് കുറേയേറെ മാസങ്ങളായി) ലഭിച്ചിട്ടില്ല, ഞങ്ങൾ BSNL ജീവനക്കാർക്ക് എന്ന സന്തോഷവും പങ്കുവെക്കുന്നു.
Surendran Valiyaparambath എഴുതുന്നു.
2020 ജനുവരി 31ന് BSNL എന്ന മഹത്തായ പൊതു മേഖലാ സ്ഥാപനത്തിൽ നിന്നും ഞെട്ടറ്റു പൊഴിഞ്ഞ പതിനായിരങ്ങൾ പഴുത്തിലകളെല്ലന്നും ഇനിയും ഏറെ വർഷങ്ങൾ പരസ്പര സഹവർത്തത്തിലൂടെ ഈ മഹാവൃക്ഷത്തിൽ പച്ചപിടിച്ചു നിൽക്കേണ്ടവർ തന്നെയായിരുന്നുവെന്നും തിരിച്ചറിയാത്തവരല്ല ഞങ്ങൾ. എന്നിട്ടുമെന്താണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിവാക്കൽ പദ്ധതിയുമായി സമരസപ്പെടാൻ ഇവർ നിർബ്ബന്ധിതരായ തെന്നത് ഗൗരവമായ രാഷ്ട്രീയ വിശകലനം ആവശ്യപ്പെടുന്ന ഒന്നാണ്. സമകാലീന ഇന്ത്യൻ തൊഴിൽ മേഖലയെ ചരിത്രപരമായി വിലയിരുത്തുന്നവർക്ക് BSNL ഒരു പാഠപുസ്തകവും ഇപ്പോഴത്തെ പുനരുദ്ധാരണ പാക്കേജ് അതിലെ ഒരു അദ്ധ്വായവും മാത്രമായതിനാൽ സ്വല്പം ദീർഘമായി തന്നെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു .
ഏതൊരു തൊഴിൽ സ്ഥാപനത്തെയും ഗൂഢ ലക്ഷ്യത്തോടെ പ്ലാൻ ചെയ്ത് സ്വന്തക്കാർക്ക് കയറി നിരങ്ങാനും ആവുന്നത്ര കൈക്കലാക്കാനുമുള്ള വ്യഗ്രത പൂണ്ട സ്ഥാപിത തൽപര്യക്കാർ ഭരണകൂട ഒത്താശയോടെ ആവിഷ്കരിച്ച പദ്ധതികൾ പ്രായോഗികമാക്കാനുള്ള പ്രധാന തടസ്സം ഈ മേഖലയിലെ സംഘടിത ശക്തിയാണെന്ന തിരിച്ചറിവിന്റെ പരിണത ഫലമാണ് VRS എന്ന കാര്യത്തിൽ ഒരു സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ മനസ്സിലാക്കിയിട്ടും എന്തുകൊണ്ട് ഞാനും ഈ ഒഴുക്കിൽപ്പെട്ടു എന്ന് വിശദീകരിക്കാൻ ശ്രമിക്കട്ടെ .
‌2000 ഒക്ടോബർ 1ന് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് BSNL എന്ന ഗവ. ഉടമസ്ഥയിലുള്ള കമ്പനിയായി ടെലികോം ഡിപ്പാർട്ട്മെന്റ് പരിവർത്തനപ്പെടുത്താൻ പറഞ്ഞ ന്യായം വിവരവിനിമയ വിസ്ഫോടനത്തിന് കളമൊരുക്കാൻ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തി കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യമുള്ള കമ്പനി ആവശ്യമാണെന്നതാണ്.‌ യഥാർത്ഥത്തിൽ ദിവസേന കോടി ക്കണക്കിന് വരുമാനം വാരിക്കൂട്ടുന്ന ഈ മേഖലയിലേക്ക് കാലെടുത്തു വെക്കാനുള്ള കോർപ്പറേറ്റ് കമ്പനികളുടെ കച്ചവടക്കണ്ണു തന്നെയായിരുന്നു ഇതിന്റെ പിറകിൽ.
അതിനനുസൃതമായി പുതിയ ടെലകോം നയം പാർലമെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.
സ്വകാര്യ ടെലകോം സർവ്വീസ് ദാദാക്കൾക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു കൊണ്ട് പിന്നീടുള്ളവർഷങ്ങളിൽ അരങ്ങേറിയത് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുംഭകോണങ്ങളാണ്.
മാറി മാറി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നവർക്കും വരാൻ വേണ്ടിയുള്ളവർക്കു മുള്ള കറവപ്പശുവായി ഈ മേഖല സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. തുടക്കത്തിൽ നാൽപ്പതിനായിരം കോടി രൂപ കരുതൽ മൂലധനവും, ഭൂമി, കെട്ടിടങ്ങൾ, ഉപകരണങ്ങൾ ,കേബിളുകൾ ,മികവാർന്ന മനുഷ്യ ശേഷി തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി ദശലക്ഷക്കണക്കിന് കോടി ആസ്തിയുമുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ എങ്ങിനെയൊക്കെ കൂച്ചുവിലങ്ങിട്ടു നിർത്താമോ അതിനുള്ള ഒത്താശക്കായി ഉന്നതങ്ങളിൽ മറിഞ്ഞത് നമ്മുടെ സങ്കൽപ്പങ്ങൾക്കും പുറത്തുള്ള കോടികൾ തന്നെയാണ്.
എല്ലാ സാങ്കേതിക സാഹചര്യങ്ങളുണ്ടായിട്ടും BSNL ന് മൊബൈൽ സർവ്വീസ് തുടങ്ങാൻ ആറു വർഷം വൈകിപ്പിച്ചതിൽ തുടങ്ങി ഏറ്റവും ഒടുവിൽ 4 ജി സ്പെക്ട്രം അനുവദിക്കുന്നതിലെ വിവേചനം വരെ അത് എത്തി നിൽക്കുന്നു. നാലര ലക്ഷത്തോളം ജീവനക്കാരും അവരുടെ സംഘടിതശക്തിയും മാനേജ്മെന്റിനും ഗവൺമെന്റിനും അവരുടെ അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴികളിൽ പലപ്പോഴും മാർഗ്ഗത തടസ്സമായിരുന്നു. റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്തതിലൂടെ ലക്ഷോപലക്ഷം അഭ്യസ്തവിദ്യരുടെ ആശ്രയമായിരുന്ന ഈ മേഖല അത്യന്തം സങ്കീർണ്ണമായ ഭൂപ്രകൃതിയും വിശാല വിസ്തൃതിയുമുള്ള നമ്മുടെ മഹത്തായ രാജ്യത്തിന്റെ കമ്യൂണിക്കേഷൻ നെറ്റ് വർക്ക് സ്ഥാപിച്ചെടുത്തത് ഏറെയൊന്നും ആകർഷകമല്ലാതിരുന്ന വേതനം കൈപ്പറ്റി ലക്ഷങ്ങളുടെ കായിക അദ്ധ്വാനത്തിലൂടെ തന്നെയായിരുന്നു.
ആളുകൾ റിട്ടയർ ചെയ്യുന്നതിനനുസരിച്ച് ഒഴിവുകൾ നികത്താതെയും ,ടെലഗ്രാഫ് അടക്കമുള്ള നിരവധി സേവനങ്ങൾ നിർത്തലാക്കിയും, കരാർ-ദിവസക്കൂലി സംമ്പ്രദായം വ്യാപിപ്പിച്ചും ഒന്നര ലക്ഷത്തിലെത്തി നിൽക്കുന്ന ജീവനക്കാരെയും അവരുടെ സ്വകാര്യവൽക്കരണ വിരുദ്ധ ചെറുത്തുനിൽപ്പുകളും അതിജീവിക്കാൻ കഴിഞ്ഞ ഒരു കൊല്ലമായി നടത്തിയ സമർത്ഥമായ കരുനീക്കങ്ങൾ “BSNL പുനരുജ്ജീവന”ത്തിന്റെ മേലങ്കിയണിയിച്ച് അവതരിപ്പിക്കുകയായിരുന്നു ഇപ്പോൾ .
ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള ആകൂല്യങ്ങളുടെ നിഷേധം, ക്ഷാമബത്ത നൂറ്റി അമ്പതു ശതമാനം പിന്നിട്ടിട്ടും കാലഹരണപ്പെട്ട വേതന ഘടന പരിഷ്കരിക്കാതെ അതൊരു അടഞ്ഞ അദ്ധ്യായമായി പ്രഖ്യാപിക്കൽ, അറ്റകുറ്റപ്പണികൾക്കും, പുതിയ കണക്ഷനുകൾക്കും ആവശ്യമായ സാമഗ്രികളുടെ ദൗർലഭ്യത, ദൈനംദിന ഓഫീസ് / എക്സ്ചേഞ്ച് / മൊബൈൽ ടവറുകൾ സംബന്ധമായ ചിലവുകൾ ബന്ധപ്പെട്ട ഓഫീസറുടെ ബാദ്ധ്യതയായി മാറ്റൽ, കേടാകുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ ഫണ്ട് അനുവദിക്കാതിരിക്കൽ, വിലപ്പെട്ട എക്സ്ചേഞ്ച് സാമഗ്രികൾ സംരക്ഷിക്കേണ്ട എ.സി പോലും കട്ട് ചെയ്യൽ, ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ അടക്കാനുള്ള ഫണ്ട് സമയത്ത് ലഭ്യമാക്കാതിരിക്കൽ, മർമ്മ പ്രധാനമായ കേന്ദ്രങ്ങളിൽ നിന്നു പോലും സുരക്ഷാ ജീവനക്കാരെ ഒഴിവാക്കൽ, കരാർ -ദിവസക്കൂലി തൊഴിലാളികളുടെ എണ്ണം വെട്ടികുറച്ചും, മാസങ്ങളായി വേതനം നൽകാതെ ഒരേ സമയം തൊഴിലാളികളേയും ഉപഭോക്താക്കളേയും കൈയൊഴിയൽ, സ്ഥിരം ജീവനക്കാരുടെ ജി.പി.എഫ്, ബാങ്ക്, സൊസൈറ്റി, ഇൻഷൂറൻസ്, ഭവന വായ്പ എന്നിവയിലേക്ക് പിടിച്ചെടുക്കുന്ന തുക അടക്കാതെ പിഴപ്പലിശക്കും, പോളിസി ലാപ്സാകൽ, റിക്കവറി നടപടികൾക്കും വിധേയമാക്കൽ, ശമ്പളം ആദ്യം ആഴ്ചകളോളവും പിന്നീട് എന്ന് ലഭിക്കുമെന്ന നിശ്ചയവുമില്ലാതെ അനിശ്ചിതപ്പെടുത്തൽ തുടങ്ങി ഈ കാലയളവിലെ സംഭവ വികാസങ്ങൾ യഥാർത്ഥത്തിൽ VRS ഉം, റിവൈവൽ പാക്കേജും അംഗീകരിക്കാൻ യൂണിയനുകളെ പോലും നിർബ്ബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.
VRS – പാക്കേജ് വിശദീകരിച്ചു കൊണ്ട് ദൽഹി കോർപ്പറേറ്റ് ഓഫീസ് ജീവനക്കാരെ അഭിസംബോധന ചെയ്ത CMD യുടെ പ്രസംഗം 50 നും 60 നും ഇടയിൽ പ്രായമുള്ളവരുടെ ഈയൊരു ഒഴിവാക്കൽ കമ്പനിയെ രക്ഷപ്പെടുത്താനാണെന്നും അതിനോട് സഹകരിക്കാത്തവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു മുള്ള മുന്നറിയിപ്പും കുറിക്കു തന്നെ കൊണ്ടു. ഓപ്ഷൻ കൊടുക്കാൻ ഒരു മാസം സമയം കൊടുത്തെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ മാനേജ്മെന്റ് ലക്ഷ്യം കൈവരിച്ചു. പത്തു വർഷം വരെ സർവ്വീസ് ബാക്കിയുള്ളവർ ഇങ്ങിനെയൊരു തീരുമാനത്തിലേക്ക് മാനസികമായി പരുവപ്പെടുമ്പോൾ തീർച്ചയായും പ്രതീക്ഷിക്കുന്നത് ഈയൊരു സ്ഥാപനത്തിന്റെ നിലനിൽപ്പും ശേഷിക്കുന്നവരുടെ സർവ്വീസ് ഭാവിയും തന്നെയാണ്. ഗവണ്മെന്റും മാനേജ്മെന്റും എതത്തോളം ആത്മാർത്ഥമായാണ് Post VRS BSNL അവസ്ഥയെ മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പ്രധാനം. 4G സ്പെക്ട്രം അടിയന്തിരമായി ലഭ്യമാക്കി മൊബൈൽ സർവ്വീസ് മെച്ചപ്പെടുത്തിയും , മിച്ചമുള്ള ഭൂമിയും, കെട്ടിടങ്ങളും വരുമാനവർദ്ധനക്കായി പ്ലാൻ ചെയ്തും, താറുമാറായ ലാൻഡ് ലൈൻ – ബ്രോഡ്ബാൻഡ് – ഫൈബർ രംഗം കാര്യക്ഷമമാക്കാൻ തൊഴിലാളികളെ സജ്ജമാക്കാനും യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ ഉണ്ടായാൽ ഭാരതത്തിന്റെ ഈ അഭിമാന സ്ഥാപനം നിലവിലെ പ്രതിസന്ധിയെ അതിജീവിച്ച്, ബഹുമാനപ്പെട്ട കമ്യൂണിക്കേഷൻ മന്ത്രിയുടെ പ്രഖ്യാപനം പോലെ സമീപ ഭാവിയിൽ തന്നെ രാജ്യത്തെ ഒന്നാംകിട ടെലകോം സർവ്വീസ് ദാദാതാവുമെന്ന് ആശിക്കട്ടെ.
ജീവനക്കാരുടെ എണ്ണ കൂടുതലാണ് BSNL നഷ്ടത്തിലേക്ക് കൂപ്പുകുത്താനുണ്ടായ കാരണമെന്ന കേന്ദ്ര ഗവ. വാദം ഇനി നിലനിൽക്കുന്നില്ല. അവർ നിശ്ചയിച്ച അത്രയും പേരെ ഒഴിവാക്കാനായതും, ഇനിയൊരു ആറു മാസത്തിനുള്ളിൽ ആയിരങ്ങൾ സ്വാഭാവിക വിരമിക്കലും യാഥാർത്ഥ്യമാവുമ്പോൾ ആ തടസ്സം നീങ്ങുകയാണ്. ഇനി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. രാജ്യവ്യാപകമായി നഷ്ടത്തിന്റെ ബാലൻസ് ഷീറ്റ് അവതരിപ്പിച്ച ബിസിനസ്സ് ഏരിയയിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ വർഷവും അഞ്ചു കോടി ലാഭമുണ്ടാക്കുകയും സാമ്പത്തിക വർഷത്തിന് രണ്ടു മാസം ബാക്കി നിൽക്കേ ഈ വർഷം റവന്യൂ ടാർഗെറ്റിന്റെ എൺപതു ശതമാനത്തോളം സ്വരൂപിക്കാൻ കഴിഞ്ഞ കണ്ണൂർ – ബി.എ.യിലെ കരുത്തുറ്റ ടീമിലെ ഒരംഗമെന്ന നിലയിൽ അഭിമാനത്തോടെ തന്നെ വിട വാങ്ങുന്നു .