സ്പ്രിങ്ക്ലറിനു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമില്ലെന്ന് പറയുന്നത് ശുദ്ധവിവരക്കേട്

26

വലിയ വ്യവസായികളായ എം.എ.യൂസുഫലിയും രവി പിള്ളയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന നല്‍കുമ്പോള്‍ തന്നെക്കൊണ്ടാവുന്നത് രാജി തോമസ് എന്ന സംരംഭകനും ചെയ്യുന്നു. യൂസുഫലിയും രവിപിള്ളയും കാണിക്കുന്നത് സ്നേഹവും രാജിയുടേത് അഴിമതിയും എന്നു പറഞ്ഞാല്‍ എങ്ങനെ അതെങ്ങനെ ആണ് ശരിയാകുന്നത്?

Suresh Abhayam എഴുതുന്നു

വെറും 11 വര്‍ഷം പ്രായമുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് സ്പ്രിങ്ക്ളര്‍. പക്ഷേ, ലോകത്തെ ഏറ്റവും വലിയ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (സി.ആര്‍.എം.) കമ്പനികളിലൊന്ന്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേരളത്തിനായി എന്തു ചെയ്തുതരാനാവുമെന്ന് രാജിയോട് സര്‍ക്കാര്‍ ആരാഞ്ഞു. ക്രോഢീകരിക്കാത്ത അനേകം വിവരങ്ങള്‍ -കുവൈറ്റിലെ മലയാളിക്ക് കൊറോണ, യുക്രൈനില്‍ മലയാളി കുടുങ്ങിക്കിടക്കുന്നു തുടങ്ങിയ രൂപത്തിലുള്ളവ -സര്‍ക്കാരിന്റെ മുന്നിലെത്താറുണ്ട്. ഇത്തരം വിവരങ്ങള്‍ അനായാസം ക്രമീകരിക്കാനാവും എന്നതാണ് രാജിയും പ്ലാറ്റ്ഫോമിന്റെ ഗുണം. അതിനെ പ്രയോജനപ്പെടുത്താമെന്ന നിലയില്‍ അദ്ദേഹം നിര്‍ദ്ദേശം വെച്ചു. അതിനെക്കാള്‍ പ്രധാനം രോഗികളുടെ സുഗമമായ ഏകോപനം സാദ്ധ്യമാക്കാനുള്ള സങ്കേതമാണെന്നും അതു ചെയ്തുതരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും അവരാണ് കൂടുതല്‍ ഭീഷണിയിലാവുന്നതെന്നും ചൂണ്ടിക്കാട്ടി. താനടക്കമുള്ളവരുടെ അച്ഛനമ്മമാര്‍ക്കായി രാജി ആ ദൗത്യം ഏറ്റെടുത്തു, വികസിപ്പിച്ചു. അതാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിവാദമാക്കിയിരിക്കുന്ന സംവിധാനത്തിന് വഴിവെച്ചത്.

രാജിയോട് സര്‍ക്കാര്‍ ഈ പ്രത്യേക ആവശ്യമുന്നയിക്കാന്‍ കാരണമുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ നിര്‍ണ്ണായകമായൊരു ഘട്ടമാണ് റിവേഴ്സ് ഐസൊലേഷന്‍. ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 10-20 ലക്ഷം പ്രായമായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും വീട്ടില്‍ കിടത്തേണ്ടി വരും. അവര്‍ക്ക് എന്തൊക്കെ അസുഖമുണ്ട്, അര്‍ബുദം ബാധിച്ചവര്‍ എത്രയുണ്ട്, അവരുടെ സ്ഥിതി എന്താണ് തുടങ്ങിയവയെല്ലാം നോക്കി പറയുന്ന രീതിയില്‍ ഡാറ്റ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവരും. ഒരു മുന്‍ഗണാ ക്രമത്തില്‍ അവരെ ആശുപത്രിയിലാക്കണമെങ്കില്‍ അതു സംബന്ധിച്ച കൃത്യമായ വിവരം വേണം. ഈ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി എക്സല്‍ ഷീറ്റും ഗൂഗിള്‍ സ്പ്രെഡ് ഷീറ്റും വെള്ളക്കടലാസും പേനയും ലെഡ്ജറും വെച്ചെഴുതാന്‍ പറ്റില്ല. അതിന് വളരെ ശക്തമായ അനലിറ്റിക് ടൂള്‍ വേണം. അവിടെയാണ് സ്പ്രിങ്ക്ളറിന്റെ പ്രസക്തി.

പ്രതിപക്ഷ നേതാവ് പറയുമ്പോലെ സ്പ്രിങ്ക്ളര്‍ വെറുമൊരു മാര്‍ക്കറ്റിങ് കമ്പനിയല്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമില്ല എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ ശുദ്ധവിവരക്കേട് എന്നു തന്നെ പറയുകയേ നിവൃത്തിയുള്ളൂ. കാരണം ലോകാരോഗ്യ സംഘടനയുടെ ഡാറ്റ മുഴുവന്‍ ക്രോഢീകരിക്കുന്നത് രാജി തോമസ് എന്ന മലയാളിയുടെ -രമേശ് ചെന്നിത്തലയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കന്‍ -കമ്പനിയാണ്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ഡാഷ്ബോര്‍ഡ് ഇപ്പോള്‍ കേരളത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് അദ്ദേഹം ആരോപിച്ച അതേ സ്പ്രിങ്ക്ളര്‍ സെര്‍വറില്‍ തന്നെയാണ്!

ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ജോലി ചെയ്യാനുപയോഗിക്കുന്ന അതേ സങ്കേതമുപയോഗിച്ചാണ് കേരളത്തിനു വേണ്ടിയും രാജി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഡാറ്റ തന്നെ അവലോകനം നടത്തി ഓരോ ദിവസവും സ്പ്രിങ്ക്ളര്‍ കേരളത്തിന് റിപ്പോര്‍ട്ട് നല്‍കുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഹോം ഐസൊലേഷനിലുള്ളവരുടെയും പ്രായം ചെന്നവരുടെയും രോഗവ്യാപന സാദ്ധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രമേഹം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദിക്കുന്നത് രോഗികളുടെ മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനു തന്നെയാണ്. ഇത്തരം ശാരീരികാവസ്ഥയുള്ളവരെ കോവിഡ് 19 വേഗത്തില്‍ ബാധിക്കുമെന്ന് അറിയാത്തവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ വാദമുഖങ്ങള്‍ വ്യക്തമാക്കുന്നു.

ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങള്‍ക്കൊപ്പം ഓരോ ദിവസവും വീട്ടില്‍ പോകുമ്പോള്‍ ചുമച്ചോ, പനിയുണ്ടോ എന്നൊക്കെ കൂടി എടുത്തുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ കൃത്യമായ ആരോഗ്യനില കിട്ടും. അത് നമുക്ക് ആവശ്യമായ സംവിധാനമൊരുക്കാന്‍ വളരെ പ്രയോജനമാകും. അതായത് കേരളത്തിലെ ആരോഗ്യചികിത്സാ വിവരങ്ങള്‍ ക്രോഢീകരിക്കാന്‍ ഇന്ന് ഏറ്റവും യോഗ്യതയുള്ളത് ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇതേ ജോലികള്‍ ചെയ്യുന്ന രാജിയുടെ കമ്പനിക്കാണെന്നു സാരം. ഈ വിശകലനം രമേശ് ചെന്നിത്തല പറഞ്ഞ പോലെ സി-ഡിറ്റിനോ, ഐ.ടി. മിഷനോ ചെയ്യാനാവില്ല തന്നെ. കാരണം ഇതിനുള്ള സങ്കേതം നിലവില്‍ അവരുടെ പക്കലില്ല. വികസിപ്പിക്കാനൊട്ടു സമയവുമില്ല.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന സി.ആര്‍.എം. ടൂള്‍ ലഭ്യമാക്കുന്നതിന് രാജിയുടെ കമ്പനിയുമായി കേരള സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കോവിഡ് ഭീഷണി ഒഴിയും വരെ ഇത് സൗജന്യമാണ്. കേരള സർക്കാറിനുവേണ്ടി രാജി തോമസ് Citizen Centre സൃഷ്ടിച്ച. Citizen App തയ്യാറാക്കി നല്‍കി. കോവിഡ് 19നെ നേരിടുന്നതില്‍ കേരളം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.
ഡാറ്റയാണ് അവരുടെ കസ്റ്റമര്‍ റിസര്‍ച്ച് മാനേജ്മെന്റിലെ അസംസ്കൃത വസ്തു. അതുപയോഗിച്ച് രാജി പുറത്തുകൊണ്ടുവരുന്നത് നമുക്കാവശ്യമായ റിപ്പോര്‍ട്ടും അനലിറ്റിക്സുമാണ്. ഈ ഡാറ്റ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരനു കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ ഡാറ്റ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്കാരന്‍ എന്തു ചെയ്യും? വീടുതോറും നടന്ന് ഇന്‍ഷുറന്‍സ് പിരിക്കുമോ? സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് കരാറില്‍ കൂടുതല്‍ തുക വേണമെന്നാവശ്യപ്പെടുമോ? ഒറ്റപ്പാലത്തെ തങ്കപ്പന് ചുമയുണ്ടോ എന്നറിഞ്ഞിട്ട് അമേരിക്കക്കാരന്‍ എന്തു ചെയ്യാനാണ്? അമേരിക്കക്കാരന് ഇപ്പോള്‍ ഒരു ഡാറ്റയും വേണ്ട. അവന്റെ കൈയിലുള്ള ഡാറ്റ പോലും പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന് ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ഡാറ്റ വില്പന, ഡാറ്റ ചോര്‍ച്ച എന്നൊക്കെ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് സൗകര്യപൂര്‍വ്വം മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹം നിലവില്‍ ഉപയോഗിക്കുന്ന ഡാറ്റയെല്ലാം സൂക്ഷിച്ചിരിക്കുന്നത് കേരളത്തിലാണോ എന്നത്. ഉദാഹരണത്തിന് രമേശ് ചെന്നിത്തല ഉപയോഗിക്കുന്ന ഐഫോണിന്റെ കാര്യമെടുക്കാം. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കിട്ടിയിരുന്ന വിവരങ്ങളടക്കമുള്ളവര്‍ അദ്ദേഹം ബാക്കപ്പ് എടുത്ത് സൂക്ഷിക്കുന്നത് ഐ-ക്ലൗഡിലല്ലേ? കെ.പി.സി.സി. ഓഫീസിലാണോ? ആപ്പിള്‍ എന്നത് ഹരിപ്പാടുള്ള കമ്പനിയാണോ അമേരിക്കന്‍ കമ്പനിയാണോ? പ്രവാസികളെ ഫോണ്‍ വിളിച്ചപ്പോള്‍ വിവരങ്ങളെല്ലാം രമേശ് ചെന്നിത്തലയുടെ ജിമെയിലിലേക്ക് അയയ്ക്കണം എന്നാഹ്വാനം കണ്ടു. അതിന്റെ സെര്‍വര്‍ എ.ഐ.സി.സി. ഓഫീസിലാണോ? ഗൂഗിള്‍ അമേരിക്കന്‍ കമ്പനിയല്ലേ? ആ ഡാറ്റ ചോരില്ലേ?

പ്രവാസിസ്നേഹം പ്രകടിപ്പിക്കാന്‍ നടത്തിയ ഫോണ്‍വിളി നാടകം ചീറ്റിയതിനു പിന്നാലെ ജന്മനാടിനെ സഹായിക്കാനെത്തിയ ഒരു പ്രവാസിക്കെതിരെ കുത്സിതപ്രവര്‍ത്തനവുമായി ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല. വലിയ വ്യവസായികളായ എം.എ.യൂസുഫലിയും രവി പിള്ളയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന നല്‍കുമ്പോള്‍ തന്നെക്കൊണ്ടാവുന്നത് രാജി തോമസ് എന്ന സംരംഭകനും ചെയ്യുന്നു. യൂസുഫലിയും രവിപിള്ളയും കാണിക്കുന്നത് സ്നേഹവും രാജിയുടേത് അഴിമതിയും എന്നു പറഞ്ഞാല്‍ എങ്ങനെ അതെങ്ങനെ ആണ് ശരിയാകുന്നത്?