അധോവായു അഥവാ ഫർട്ട്: കുറച്ചു രസക്കഥകളും അൽപ്പം ശാസ്ത്രവും.
സുരേഷ് സി പിള്ള
1995 ലാണ്. അന്ന് ബാംഗ്ലൂർ IISc യിൽ ഒരു ശാസ്ത്ര പ്രോജക്ടിൽ ജോലി ചെയ്യുകയാണ്.
താമസം ജവഹർ ഗസ്റ്റ് ഹൗ സിൽ ആണ് (JNC) വൈകുന്നേരം ജോലി കഴിഞ്ഞു മലയാളികളായ നാലു സുഹൃത്തുക്കളുമായി, ജിംഘാനയുടെ അടുത്തുള്ള തട്ടുകടയിൽ നിന്ന് ഓരോ ഡബ്ബിൾ ഓംലറ്റും അടിച്ചു ഗസ്റ്റ്ഹൌസിൽ വന്നു. കളിയും, തമാശകളുമായി അങ്ങിനെ സംസാരിച്ചിരിക്കുമ്പോളാണ് ചീമുട്ട പൊട്ടിയ പോലെ ഒരു ദുർഗന്ധം. കാര്യം എല്ലാവർക്കും മനസ്സിലായി. കളിയും ചിരിയും മാറി റൂം ആകെ ശ്മശാനമൂകമായി. ആർക്കും ആ അവസരത്തിൽ എന്ത് പറയണം എന്നറിയില്ല.
അപ്പോൾ കൂടെയുണ്ടായിരുന്ന അവിടെ ഗവേഷണം ചെയ്യുന്ന പദ്മകുമാർ മൗനം ഭഞ്ജിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഒരു കഥപറയാം”
“ജഡ്ജിയുടെ മകളുടെ കല്യാണ ആലോചനയുടെ കഥ…”
“ഒരിക്കൽ, ജഡ്ജിയുടെ മകൾക്ക് കല്യാണം ആലോചനയുമായി ഒരു കൂട്ടർ വീട്ടിൽ വരുന്നു.”
പദ്മകുമാർ തുടർന്നു.
“ജഡ്ജിയുടെ ഭർത്താവിന് അധോവായുവിന്റെ അസുഖം ഉണ്ട്”
“എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, പെട്ടന്ന് റൂമിലാകെ ദുർഗന്ധം.”
“ജഡ്ജിക്കു കാര്യം മനസ്സിലായി, അവർ പറഞ്ഞു “ഇവിടെ ഒരു എലി ചത്തു, അതിന്റെ ഗന്ധമാണ്.”
“എല്ലാവരും സംസാരം തുടർന്നു. ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ വീണ്ടും അതേ ഗന്ധം…”
“അപ്പോൾ, വിരുന്നു വന്ന ചെറുക്കന്റെ അച്ഛൻ പറഞ്ഞു… “ഒരു എലി കൂടി ചത്തു…”
വളരെ പ്രക്ഷുബ്ധമായിരുന്ന ആ റൂമിൽ ചിരിപ്പടക്കങ്ങൾ പൊട്ടി.
******************************************
പത്തു 15 വർഷങ്ങൾക്ക് മുൻപാണ്, നാട്ടിൽ അവധിക്കു വന്ന സമയം. കറുകച്ചാലിലെ വീട്ടിൽ എല്ലാവരുമായി അകത്തെ മുറിയിൽ ഇരുന്നു സംസാരിക്കുന്നു. വിശേഷങ്ങളും, തമാശകളും ഒക്കെയായി ചർച്ച കൊഴുക്കുകയാണ്. അപ്പോൾ ദാ ഒരു ദുർഗന്ധം മുറി മുഴുവനും. എല്ലാവര്ക്കും സംഗതി പിടികിട്ടി.
എല്ലാവരും എന്ത് പറയും എന്ന് ഇങ്ങനെ ആലോചിച്ചിരിക്കുകയാണ്. മുറിയിൽ നിന്ന് ഇറങ്ങിയാലോ, എന്തെങ്കിലും പറഞ്ഞാലോ, അത് ചെയ്ത ആൾക്ക് അപമാനം ആകും എന്ന ചിന്തയിൽ എല്ലാവരും ഇരുന്നു.
ചിരിയെല്ലാം പോയി ആകെ മൂകമായി.
മൗനം ഭഞ്ജിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു
“നിങ്ങൾക്കൊക്കെ മിണ്ടാതിരിക്കാം… ഞാനല്ല ഈ പണി ഒപ്പിച്ചത് എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കിൽ, നിങ്ങളെല്ലാം മനസ്സിൽ വിചാരിക്കും… ‘ഇത് വയസ്സന്റെ പണിയാണ്’… എന്ന്.”
എല്ലാവരും കൂടി ഒരു പൊട്ടിച്ചിരി ആയിരുന്നു.
ആ ചിരിയിൽ അപ്പോളത്തെ ടെൻഷൻ എല്ലാം പോയി.
*******************************
വിദേശത്തു വന്നപ്പോളാണ് ഇത് നമ്മൾ കാണിക്കുന്ന പോലെ മറച്ചു വയ്ക്കേണ്ട ഒരു കാര്യമല്ല എന്ന് മനസ്സിലായത്. 1999 ലാണ് അന്ന് ഡബ്ലിനിൽ റിസർച്ച് ചെയ്യുന്ന സമയം. അവധി ദിനങ്ങൾ ഒക്കെ ലീമെറിക്കിൽ ഉള്ള സുഹൃത്തായ സുനിലിന്റെ വീട്ടിൽ പോകും. രണ്ട് ഐറിഷ് കാർ, ഒരു ജർമ്മൻ, രണ്ടു ഫ്രഞ്ച് എന്നിവർക്കൊപ്പമാണ് സുനിലിന്റെ താമസം. വൈകുന്നേരം ശാപ്പാട് ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി കത്തി വച്ചിരിക്കുകയാണ്. പെട്ടെന്ന് റൂമിൽ രൂക്ഷമായ ദുർഗന്ധം. അപ്പോൾ ഐറിഷ് കാരനായ ജോൺ എണീറ്റ് നിന്ന് പറഞ്ഞു
“നിങ്ങൾ ദയവായി ക്ഷമിക്കണം, ഞാനാണ് ഇതിന്റെ ഉത്തരവാദി.”
ഞാൻ അന്തം വിട്ടു നിൽക്കുകയാണ്. ആദ്യമായാണ് ഒരാൾ ഇങ്ങനെ കുറ്റം ഏൽക്കുന്നത് കാണുന്നത്. കൊടും തണുപ്പാണ് വെളിയിൽ, ജന്നൽ ഒന്നും തുറക്കാൻ പറ്റില്ല.
ജോൺ പെട്ടെന്ന് അടുക്കളയി പോയി ഒരു തീ പ്പെട്ടി എടുത്തു കൊണ്ടുവന്നു. എന്നിട്ട് ഓരോ കൊള്ളികളായി എടുത്ത് ഉരച്ചു കത്തിച്ചു കുറെ നേരം റൂമിൽ ആകെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാ ദുർഗന്ധവും മാറി. ഫർട്ട്, inflammable (വേഗം തീ പിടിക്കുന്ന) ആണ്, അതാണ് ദുർഗന്ധം പെട്ടെന്ന് പോയത്. ജോൺ വീണ്ടും എല്ലാവരോടും സോറി പറഞ്ഞു കൊണ്ടിരുന്നു.
അതുപോലെ വേറൊരിക്കൽ ഞങ്ങൾ കുറേപ്പേർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ജർമ്മൻകാരനായ ഗവേഷണ വിദ്യാർത്ഥിയാണ് കാർ ഡ്രൈവ് ചെയ്യുന്നത്. വഴിൽവച്ചു ഡ്രൈവർ എല്ലാ വിൻഡോയും തുറന്നു. സുഹൃത്ത് ചോദിച്ചു “നീയെന്തു പണിയയാടാ കാണിക്കുന്നത്. തണുത്തു വിറയ്ക്കുന്നു, വിൻഡോ അടയ്ക്കൂ”
“അപ്പോൾ സുഹൃത്തു പറഞ്ഞു, ഉച്ചയ്ക്കത്തെ ലഞ്ച് പ്രശ്നമാക്കി, ഇത്തിരി ഗ്യാസ് റീലീസ് ചെയ്തതാണ്, ഇപ്പോൾ അടയ്ക്കാം.”
ഞാൻ വീണ്ടും അന്തം വിട്ടു. നമ്മളൊക്കെ ഒതുക്കത്തിൽ നടത്തിയിരുന്ന കാര്യം ഇയാൾ ഉറക്കെ വിളിച്ചു പറയുന്നു.
************************************
ഒരു മീറ്റിങ്ങിൽ ഇരിക്കുമ്പോൾ ഇതേപോലെ അത്യാവശ്യം വന്നാൽ എങ്ങിനെ ഡീൽ ചെയ്യും എന്ന് ഓർത്തിട്ടുണ്ടോ? ഈ കഥ കേട്ടു കൊള്ളൂ.വർഷങ്ങൾക്ക് മുൻപാണ്. വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ് നടക്കുകയാണ്. ഇൻഡ്യാക്കാരനായി ഞാൻ മാത്രമേ റൂമിൽ ഉള്ളൂ. ഏകദേശം ഇരുപതു പേരുണ്ട്. എന്റെ അടുത്തിരുന്ന ആൾ പെട്ടെന്ന് ടോയ്ലറ്റിൽ പോകട്ടെ എന്ന് പറഞ്ഞു പുറത്തു പോയി. രണ്ടു മിനിറ്റിനകം തിരികെ വന്നു.
ഞാൻ പറഞ്ഞു “ഓ, ദാറ്റ് വാസ് ക്വിക്ക്”
അപ്പോൾ അദ്ദേഹം പറഞ്ഞു “ഐ വെൻറ് ടു ഫർട്ട്” എന്ന്
*********************************
എങ്ങിനെയാണ് അധോവായു ഉണ്ടാവുന്നത്?
ദഹന പ്രക്രിയയുടെ ഭാഗമായി, ആമാശയത്തിൽ ഉള്ള ബാക്റ്റീരിയകൾ കാർബോ ഹൈഡ്രേറ്റുകളെ, ഫെർമെൻറ് (കിണ്വനം) ചെയ്യന്നതിന്റെ ഫലമായുണ്ടാകുന്ന ഏകദേശം 13 ലിറ്ററോളം വായുവാണ് അധോവായു ആയി പുറത്തു പോകുന്നത്. പലപ്പോളും നമ്മൾ അറിയാതെയും അധോവായു പുറത്തു പോകാം.
മലദ്വാരത്തിലുള്ള അവരോധിനി (sphincter) മാംസപേശികളിൽ കൂടി ഉന്നത സമ്മർദ്ദത്തിൽ വായു പുറത്തു പോകുമ്പോളാണ് നാം ശബ്ദമായി കേൾക്കുന്നത്.
എല്ലാ തവണയും ദുർഗന്ധം ഉണ്ടാവണം എന്നുമില്ല. ഇത് നന്നായി തീ പിടിക്കുന്നതാണ്. [യു ട്യൂബിൽ ധാരാളം തീ പിടിക്കുന്ന വിഡിയോകൾ ഉണ്ട്.] അധോവായുവും, വയറിൽ നിന്നും വരുന്ന ഗ്യാസുകളെയും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് flatology. ഇത് പഠിക്കുന്ന ശാസ്ത്രഞ്ജർക്ക് flatologists എന്ന് പറയും.
എന്താണ് അധോവായുവിന്റെ കെമിസ്ട്രി?

എങ്ങിനെയാണ് ദുർഗന്ധം ഉണ്ടാവുന്നത്?
ദഹനപ്രക്രിയ അനുസരിച്ചു അധോവായുവിന്റെ ഘടന മാറ്റം വരും. എന്നിരുന്നാലും 20-80% വരെ നൈട്രജൻ, 10-50% ശതമാനം വരെ ഹൈഡ്രോജൻ, 10-30% വരെ കാർബൺ ഡൈ ഓക്സൈഡ്; 0-10% ഓക്സിജൻ; 0-10% മീഥേൻ; വളരെ ചെറിയ അളവിൽ സൾഫർ ഡൈ ഓക്സൈഡ്, മറ്റു ഓർഗാനിക് സംയുക്തങ്ങൾ എന്നിങ്ങനെയാണ് അധോവായുവിന്റെ കെമിസ്ട്രി. ദുർഗന്ധം ഉണ്ടാവുന്നത്, മീഥേൻ, സൾഫർ ഡൈ ഓക്സൈഡ്, indole, skatole (രണ്ടും ഇറച്ചി ദാഹിക്കുമ്പോൾ ഉണ്ടാവുന്ന ഗ്യാസുകൾ), methanethiol, dimethyl sulfide (സൾഫർ സംയുക്തങ്ങൾ), അമീനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാണ്.
ദുർഗന്ധം ഉള്ള ഘടകങ്ങൾ അധോ വായുവിൽ ഒരു ശതമാനത്തിൽ താഴയേ ഉള്ളൂ. സൾഫർ സംയുക്തങ്ങൾ ആണ് കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നത്. ദുർഗന്ധത്തിന്റെ തോത് നമ്മുടെ ആരോഗ്യത്തെയും, കഴിച്ച ആഹാരത്തെയും ആശ്രയിച്ചിരിക്കും.
അപ്പോൾ ഒരു ദിവസം ഏകദേശം എത്ര പ്രാവശ്യം?
നല്ല ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 14 മുതൽ 18 തവണ അധോവായൂ പുറത്തു വിടും. അറിഞ്ഞു കൊണ്ടും ചിലപ്പോൾ അറിയാതെയും. പുരുഷന്മാരും, സ്ത്രീകളും ഒരേ അളവിലാണ് അധോവായൂ പുറത്തു വിടുന്നത് എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബീൻസ്, പയർ, പാൽ ഉൽപ്പന്നങ്ങൾ, സൾഫർ അടങ്ങിയ പച്ചക്കറികൾ (കാബേജ്, ബ്രോക്കൊളി, എന്നിവ ദുർഗന്ധം കൂടുതൽ ഉണ്ടാക്കും എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.അവസാനമായി ഒന്നു രണ്ടു കാര്യങ്ങൾ കൂടി പറയട്ടെ
1) ഇത് വളരെ സ്വാഭാവികമായ ഒരു ശാരീരിക അവസ്ഥയാണ് എന്ന് മനസ്സിലായല്ലോ? എല്ലാവരും ചെയ്യുന്നതാണ്.
2) കുട്ടികൾ എപ്പോളെങ്കിലും അധോവായൂ വിട്ടാൽ അവരെ വഴക്കു പറയുകയോ കുറ്റപ്പെടുത്താതെ ഇരിക്കുകയോ ചെയ്യണം. രാവിലെ ടോയ്ലറ്റിൽ പോയാലും ചിലപ്പോൾ അധോവായു വരാം.
3) ഒരു ഗ്രൂപ്പിൽ/ മീറ്റിങ്ങിൽ/ ക്ലാസ്സിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് അധോവായു റിലീസ് ചെയ്യണം എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ടോയ്ലറ്റിൽ പോയി ചെയ്യാം. മാതാപിതാക്കളും, ടീച്ചർ മാരും കുട്ടികളോടും ഈ കാര്യം പറഞ്ഞു കൊടുക്കണം.
4) ഇനി നിങ്ങളുടെ സത്യ സന്ധത തെളിയിക്കാനും ഒരവസരമാണ്. നിങ്ങൾക്കാണ് അറിയാതെ അധോവായൂ പോയി അവിടെ ദുർഗന്ധം ഉണ്ടായാൽ, സത്യ സന്ധമായി പറയാം. “അബദ്ധം എന്റേതാണ്.” നിങ്ങളുടെ സത്യ സന്ധത അവർ എന്നും ഓർക്കും. പതിനെട്ടു വർഷം കഴിഞ്ഞിട്ടും ജോണിനെ ഞാൻ ഓർക്കുന്നത് അദ്ദേഹത്തിന്റെ ആ സത്യസന്ധതയും, തുറന്നു പറച്ചിലും ആണ്. അടച്ച മുറി ആണെങ്കിൽ ജനലുകൾ തുറന്നിടാം. ജോൺ ചെയ്തപോലെ ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു കത്തിച്ചു ദുർഗന്ധം അകറ്റാം.
5) സുഹൃത്തുക്കൾ കൂടി ഇരിക്കുമ്പോൾ ആർക്കെങ്കിലും അറിയാതെ അധോവായൂ പോയാൽ, ദുർഗന്ധം ഉണ്ടായാൽ, അവരെ കളിയാക്കാതെ, മുകളിൽ പദ്മകുമാറും, അച്ഛനും പറഞ്ഞപോലെ ഒരു തമാശ ക്കഥ പറയാം. സുഹൃത്തിനെ ആ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കാം.
ഗുണപാഠം: ഒരു ഗ്രൂപ്പിൽ/ മീറ്റിങ്ങിൽ/ ക്ലാസ്സിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് അധോവായു റിലീസ് ചെയ്യണം എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ടോയ്ലറ്റിൽ പോയി ചെയ്യണം.