ശീലങ്ങൾ തീവണ്ടിപ്പാത പോലെയാണ് എന്ന് പറയാറുണ്ട്.

106
എഴുതിയത് സുരേഷ് സി. പിള്ള
ശീലങ്ങൾ തീവണ്ടിപ്പാത പോലെയാണ് എന്ന് പറയാറുണ്ട്.
കാരണം, ഒരു റെയിൽ റോഡ് ഉണ്ടാക്കിയെടുക്കാൻ വർഷങ്ങൾ വേണം.
പക്ഷെ ഒരിക്കൽ ഉണ്ടാക്കിയാൽ ട്രെയിൻ അതിൽക്കൂടി നൂറ്റാണ്ടുകൾ ഓടും. ഇടയ്ക്കൊക്കെ അറ്റകുറ്റ പണികൾ ചെയ്താൽ മതി.
ശീലങ്ങൾ പലതും നമ്മൾ അറിയാതെ തന്നെ നമ്മിൽ വന്നു ചേരാറുണ്ട്. അത് നിത്യാനുഷ്‌ഠാനം ആയി ജീവിതത്തിൽ ഇങ്ങനെ തുടരും.
ഉദാഹരണത്തിന് രാവിലെ ഉണർന്നാൽ എന്റെ കൈകൾ ആദ്യം പോകുന്നത് ‘കണ്ണട’ എടുക്കുവാനാണ്. ഇത് തനിയെ ഉണ്ടായതാണ്. ഇനി ഉണ്ടാക്കിയെടുത്ത ശീലങ്ങൾ ജീവിതത്തിൽ ധാരാളം ഉണ്ട്. ദിനചര്യകൾ മുതൽ രാവിലെ കൃത്യ സമയത്തിന് കുട്ടികളെ സ്കൂളിൽ വിട്ട് ഓഫീസിൽ എത്തുന്നതൊക്കെ ഉണ്ടാക്കിയെടുത്ത ശീലങ്ങൾ ആണ്.
അത് ഒരു സൈക്കിൾ പോലെ ഇങ്ങനെ പോകും. അതായത് ഒരു ‘ഓട്ടോ പൈലറ്റ്’ പോലെ. നമ്മൾ കൂടുതലായി ചിന്തിക്കാതെ തന്നെ ഓരോ ജോലികളും കൃത്യമായി ചെയ്യുന്നത് നമ്മൾ ഉണ്ടാക്കിയെടുത്ത ശീലങ്ങൾ കൊണ്ടാണ്.
Jim Rohn പറഞ്ഞ പോലെ “Motivation is what gets you started, habit is what keeps you going.”
ന്യൂ യോക്ക് ടൈംസ് റിപ്പോർട്ടർ ആയിരുന്ന Charles Duhigg തന്റെ ‘The Power of Habit: Why We Do What We Do in Life and Business’ എന്ന വളരെ ജനപ്രിയ കൃതിയിൽ ഓരോ ഹാബിറ്റുകളും രൂപം കൊള്ളുന്നത് മൂന്ന് ഭാഗങ്ങൾ ഉള്ള ഒരു ന്യൂറോളജിക്കൽ ലൂപ്പിൽ നിന്നാണ്
1) Cue- ഒരു പ്രേരിതമായ സൂചന
2) Routine- അത് നിത്യാനുഷ്‌ഠാനം ആകുക
3) Reward- നിത്യാനുഷ്‌ഠാനം കൊണ്ടുള്ള സല്ഫലം.
ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് നമ്മുടെ തലച്ചോർ ഇതൊരു മികച്ച രീതി എന്ന് തീരുമാനിക്കുകയും അത് സ്ഥിരമായി ചെയ്യാനായി പ്രേരിപ്പിക്കുകയും ചെയ്യും.
നല്ല ശീലങ്ങൾ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കും. എങ്ങിനെയാണ് നല്ല ശീലങ്ങൾ ഉണ്ടാക്കുക? ഉദാഹരണത്തിന് ദിവസേന വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന നടത്തം/ ഓട്ടം അല്ലെങ്കിൽ ‘വ്യായാമം’ എങ്ങിനെ ഒരു ശീലമായി ജീവിതത്തിൽ ആക്കാം എന്ന് നമുക്ക് പരിശോധിക്കാം.
ഒന്ന്: പ്രയോജനങ്ങൾ മനസ്സിനെ പറഞ്ഞു മനസിലാക്കുക. ഉദാഹരണത്തിന് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാം, ജീവിത ശൈലി അസുഖങ്ങൾ കുറയ്ക്കാം, വ്യായാമത്തിൽ നിന്നും സന്തോഷം കണ്ടെത്താം, സ്ട്രെസ് കുറയ്ക്കാം തുടങ്ങിയവ ആലോചിച്ചാൽ വ്യായാമം ചെയ്യാനുള്ള ഒരു പ്രേരണ നമ്മളിൽ തനിയെ ഉണ്ടാവും. അതാണ് മുകളിൽ പറഞ്ഞ Cue-ഒരു പ്രേരിത സൂചന .
രണ്ട്: ഒരു target (ലക്ഷ്യം) കണ്ടെത്തുക.
ഉദാഹരണത്തിന് ദിവസവും 45 മിനിറ്റ് നടത്തമാണ് നമ്മൾ ആഗ്രഹിക്കുന്നത് എങ്കിൽ അതൊരു target ആയി വയ്ക്കാം.
മൂന്ന് : ചെറിയ ശീലങ്ങളിൽ തുടങ്ങുക. പതിയെ അത് കൂട്ടി കൊണ്ടുവരിക. ഉദാഹരണത്തിന് ദിവസേന 45 മിനിറ്റ് നടത്തമാണ് ലഷ്യം എങ്കിൽ ആദ്യത്തെ ദിവസം അഞ്ചു മിനിറ്റിൽ തുടങ്ങാം. രണ്ടാം ദിവസം അത് പത്തു മിനിറ്റ് ആക്കം. മറ്റന്നാൾ 15 മിനിറ്റ്. ഒരാഴ്ച്ച വേണമെങ്കിൽ ആ 15 മിനിട്ടിൽ തുടരാം. പിന്നീട് അത് സൗകര്യം പോലെ ഒരു മാസം എടുത്ത് അത് 30 മിനിട്ടാക്കാം. അത് രണ്ടു മാസത്തിനുള്ളിൽ 45 മിനിട്ടാക്കാം. പതിയെ അത് നിത്യാനുഷ്‌ഠാനം (Routine) ആകുക തന്നെ ചെയ്യാൻ ശ്രമിക്കുക.
നാല്: പുതിയ ശീലങ്ങൾ കൊണ്ടുള്ള സല്ഫലം എന്താണ് എന്ന് ഇടവേളകളിൽ വിലയിരുത്തുക. ഉദാഹരണത്തിന് രണ്ടു മാസം കൊണ്ട് എത്ര ഭാരം കുറഞ്ഞു എന്നത് വീണ്ടും നടക്കാനുള്ള പ്രേരണ ആകും. അത് കൂടാതെ നടപ്പിന്റെ കൂടെ ഉണ്ടായ പുതിയ സൗഹൃദങ്ങൾ, പുതിയ ജീവിത അനുഭവങ്ങൾ ഇവയൊക്കെ ഇടയ്ക്ക് ആലോചിക്കുന്നത്, നമ്മൾ ചെയ്ത പ്രവർത്തിക്കുള്ള ഒരു Reward ആയി കണക്കാക്കാം. ഇത് ഈ ശീലങ്ങൾ തുടർന്നു പോകാനുള്ള ഒരു ഊർജ്ജം തരും.
വ്യായാമം ഒരു ഉദാഹരമായി പറഞ്ഞെന്നെ ഉള്ളൂ. ജീവിതത്തിൽ എന്ത് നല്ല ശീലങ്ങൾ ഉണ്ടാക്കി എടുക്കുവാനും ഏകദേശം ഇതേ രീതി പിൻ തുടരാം.
ശീലങ്ങൾ ആണ് ഒരു നല്ല വ്യക്തിയെ ഉണ്ടാക്കുന്നത്.
അമേരിക്കൻ എഴുത്തുകാരൻ ആയ Stephen Covey പറഞ്ഞ പോലെ
“Our character is basically a composite of our habits. Because they are consistent, often unconscious patterns, they constantly, daily, express our character.”
ശീലങ്ങൾ ഉണ്ടാക്കി എടുക്കുവാനാണ് പാട്. ഒരിക്കൽ അത് ജീവിതത്തിന്റെ ഭാഗം ആയാൽ പിന്നെ നമ്മളെ ശീലങ്ങൾ നയിച്ചു കൊള്ളും.
അതാണ് ആദ്യം പറഞ്ഞത് ശീലങ്ങൾ തീവണ്ടിപ്പാത പോലെയാണ് എന്ന്. റെയിൽ പാത ഉണ്ടാക്കിയെടുക്കാൻ വർഷങ്ങൾ വേണം. പക്ഷെ ഒരിക്കൽ റെയിൽ പാത ഉണ്ടാക്കിയാൽ ട്രെയിൻ അതിൽക്കൂടി നൂറ്റാണ്ടുകൾ ഓടും.
Advertisements