ഈ രണ്ടു സംഭവം കൊണ്ട് ഒന്നു മനസ്സിലായി, മലയാളികൾ ഇല്ലാത്ത സ്ഥലം ലോകത്തിലൊരിടത്തും കാണില്ല

79

സുരേഷ് സി പിള്ള

മലയാളി എന്നു തോന്നിയാൽ അങ്ങോട്ടു പോയി സംസാരിക്കുന്ന ഒരു ശീലമുണ്ട് പണ്ടു മുതലേ. ട്രെയിനിലും, ബസിലും, മെട്രോയിലും, കാൽനടയായും ഒക്കെ പലസ്ഥലങ്ങളിലായി മലയാളികളെ പലപ്പോളും കണ്ടു മുട്ടാം.
എന്റെ യാത്രാനുഭവത്തിൽ മലയാളികൾ ഇല്ലാത്ത ഒരു പ്രധാന നഗരങ്ങൾ പോലും ഇല്ല.
യൂറോപ്യൻ തലസ്ഥാനങ്ങളിൽ തീർച്ചയായും ഒരു കിലോമീറ്റർ നടന്നാൽ രണ്ടു മലയാളിയെ എങ്കിലും വഴിയിൽ കാണാം.
എന്നാൽ കേട്ടിട്ടു പോലുമില്ലാത്ത ചെറു നഗരങ്ങളിലോ? അവിടെയും ചിലപ്പോൾ മലയാളി കാണും.
ഇതാ ഒരു കഥ. കേട്ടുകൊള്ളു.

പല യൂറോപ്യൻ കോൺഫറൻസുകളിലും മീറ്റിങ്ങുകളിലും ഒക്കെ കണ്ടു പരിചയപ്പെട്ട രണ്ടു പ്രൊഫസർ മാരാണ് അലാനയും, ഫ്രാന്സിസെക്കും.
രണ്ടു പേരും ലിബറക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ മാർ.
യൂണിവേഴ്സിറ്റിയിൽ വന്ന് കുട്ടികൾക്കായും , അവിടുത്തെ ഗവേഷകർക്കായും Photocatalysis നെ ക്കുറിച്ചും നാനോ മെറ്റീരിയസിനെ ക്കുറിച്ചും ഒരു പ്രഭാഷണം നടത്തണം എന്നു പറഞ്ഞതനുസരിച്ച്, 2013 ജൂൺ 25 നാണ് ലിബറക്കിൽ പോകുന്നത്.
ലിബറക്ക് എന്നാൽ ചെക്ക് റിപ്പബ്ലിക്കിന്റെ വടക്കു ഭാഗത്തായി പോളണ്ടിനും, ജർമ്മനിക്കും ഇടയിലായി വരും. ബോർഡർ എന്നു വേണമെങ്കിൽ പറയാം.
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നിന്നും 115 കിലോ മീറ്റർ ഉണ്ട് ലിബറക്കിലേക്ക്.
ഫ്രാന്സിസെക്കിന്റെ കാറിലാണ് പ്രാഗിൽ നിന്നും ലിബറക്കിലേക്ക് പോയത്. കൂടുതലും ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ കൂടിയാണ് യാത്ര. ഏകദേശം ഒന്നര മണിക്കൂറെടുത്തു ലിബറക്കിൽ (യാത്രയിൽ പറഞ്ഞു ഫ്രാന്സിസെക്ക് പറഞ്ഞു “എഴുതുന്നത് ലിബറക്ക് (Liberec) എന്നാണെങ്കിലും ചെക്ക് ഭാഷയിൽ പറയുന്നത് ലിബററ്റ് സ് എന്നാണ്”. അതുപോലെ തലസ്ഥാനമായ പ്രാഗ് (Prague), ചെക്ക് ഭാഷയിൽ ‘പ്രാഹ’ എന്നാണ് അവർ പറയുന്നത്.).
കാടിന്റെയും മലയുടെയും ഒക്കെ ഇടയിലുള്ള ഈ സ്ഥലത്ത് ഒരിക്കലും മലയാളികൾ കാണില്ല, ഒരു പക്ഷെ ഞാനായിരിക്കും ഇവിടെ വരുന്ന ആദ്യ മലയാളി എന്നൊക്കെ വിചാരിച്ചാണ് അവിടെ എത്തിയത്.
12 മണിക്കായിരുന്നു talk. മീറ്റിങ് ഒക്കെ കഴിഞ്ഞു ഒന്നരയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ പുറകിൽ നിന്നൊരു വിളി.
“സാർ…..”
ഒന്നു ഞെട്ടി……….. കാരണം യൂറോപ്പിലൊന്നും ആരും ആരെയും ‘സാർ’ എന്നു വിളിക്കില്ല. എല്ലാവരും എല്ലാവരെയും പേരാണ് വിളിക്കുന്നത് (എന്തു തരം ജോലി ആണെങ്കിലും).
ആകാക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഇന്ത്യക്കാരൻ.
“ഹലോ, ഗുഡ് റ്റു മീറ്റ് യൂ, ഡൂ യൂ വർക്ക് ഹിയർ” എന്ന് ഞാൻ ചോദിച്ചപ്പോളേക്കും തിരിച്ച്
“സാർ, മലയാളി അല്ലെ, നോട്ടീസ് ബോർഡിൽ പേരു കണ്ടപ്പോൾ മലയാളീന്ന് ഉറപ്പിച്ചു”.
അപ്രതീക്ഷിതമായി മലയാളം കേട്ടപ്പോൾ ശരിക്കും ഞെട്ടി.
“എന്റെ പേര് വിനോദ്, നാട് കണ്ണൂർ.ഇവിടെ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറ്ററൽ റിസർച്ച് ചെയ്യുന്നു”
” വിനോദ്, സാറെന്നൊന്നും വിളിക്കണ്ട, എല്ലാവരും എന്നെ പേരാണ് വിളിക്കുന്നത്” ഞാൻ പറഞ്ഞു.
“ഇവിടെയും മലയാളികളോ?”
“ഇവിടെ ഒരു മലയാളി കൂടിയുണ്ട്”
വിനോദിനോട് ഇനിയും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.
വലിയ അത്ഭുതം ആയി, പ്രതീക്ഷിക്കാതെ ഒരിടത്തു മലയാളിയെ കണ്ടതിൽ.
അതുപോലെ 2013 ൽ തന്നെ സ്ലോവേനിയയിലെ ‘പോർട്ടോറോഷ്’ എന്ന സ്ഥലത്ത് ഒരു ഔദ്യോഗിക ആവശ്യത്തിനു പോകേണ്ടി വന്നു.
ലുബ്ജാന (Ljubljana- സ്ലോവേനിയയുടെ തലസ്ഥാനം) യിൽ നിന്നും 120 km അകലെയാണ് പോർട്ടോറോഷ്.
ക്രൊയേഷ്യ യുടെയും, ഇറ്റലിയുടെയും അടുത്തായി വരും. പോർട്ടോറോഷിൽ നിന്നു നോക്കിയാൽ ഉൾക്കടലിനക്കരെ ക്രൊയേഷ്യ കാണാം, അത്ര അടുത്താണ് ക്രൊയേഷ്യ .
ലുബ്ജാന യിൽ എന്റെ സുഹൃത്ത് ഹരീഷിന്റെ ബ്രദർ-ഇൻ-ലോ നന്ദു താമസമുണ്ട് (കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത പ്രശസ്ത അദ്ധ്യാപിക പ്രൊഫ. രാധ ടീച്ചറിന്റെ മകൻ ).
നന്ദു എന്നെ കാണാനായി എയർ പോർട്ടിൽ വന്നിരുന്നു. സംഭാഷണത്തിന്റെ ഇടയിൽ ഞാൻ ചോദിച്ചു,
“പോർട്ടോറോഷിൽ ഒന്നും മലയാളികൾ കാണില്ലല്ലോ അല്ലെ, നന്ദൂ?
“അവിടെ അഞ്ചു മലയാളികൾ താമസം ഉണ്ട്”. നന്ദു പറഞ്ഞു
ഈ രണ്ടു സംഭവം കൊണ്ട് ഒന്നു മനസ്സിലായി, മലയാളികൾ ഇല്ലാത്ത സ്ഥലം ലോകത്തിലൊരിടത്തും കാണില്ല എന്ന്. (നാലു വർഷം മുൻപ് പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ മെമ്മറിയിൽ വന്നപ്പോൾ ഷെയർ ചെയ്തതാണ്).