നിങ്ങൾ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ടോ ? പോടാ പുല്ലേന്ന് പറയൂ

486
സുരേഷ് സി പിള്ള എഴുതുന്നു

“എങ്ങിനെ ഉണ്ടെടാ പുതിയ ടീഷർട്ട്”

“വളരെ നന്നയിട്ടുണ്ട്, അച്ഛൻ ഉടുപ്പ് ഇട്ടിട്ടുണ്ട് എന്ന് തോന്നുകയേ ഇല്ല”.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു; അച്ഛൻ ഒഴികെ. അച്ഛന്റെ മുഖത്തെ സന്തോഷം മായുന്നതും, കണ്ണുകളിൽ ഒരു ദയനീയത വരുന്നതും, അത് ഉടനെ മാറ്റി ഒരു ചെറു പുഞ്ചിരി മുഖത്തു വരുത്താൻ ശ്രമിക്കുകയും ചെയ്തപ്പോൾ ആണ് പറഞ്ഞതിന്റെ ഗൗരവം മനസ്സിലായത്. അച്ഛൻ കറുത്ത നിറം ആയിരുന്നു. കുടുംബ സുഹൃത്ത് സമ്മാനിച്ച കടും ബ്രൗൺ നിറമുള്ള ടീ ഷർട്ട് “ഞാൻ ഇപ്പോൾ ഇട്ടു കാണിക്കാം” എന്ന് പറഞ്ഞു കുട്ടികളെപ്പോലെ അകത്തേയ്ക്ക് പോയി ഷർട്ട് ടീ ഇട്ട് തിരികെ വന്നത്. ഏകദേശം മുപ്പത്തി അഞ്ചു വർഷം നടന്ന സംഭവം ആണെങ്കിലും ഇത് ഞാൻ ഇടയ്ക്കൊക്കെ ആലോചിക്കും, കാരണം എന്റെ ആ ക്രൂരമായ തമാശ കാരണം അച്ഛന്റെ കണ്ണുകളിലെ ആ വേദന എന്നെ ഇപ്പോളും കുത്തി നോവിക്കാറുണ്ട്.

രംഗം രണ്ട്: അമ്മയ്ക്ക് അന്ന് മുപ്പതിൽ താഴെ പ്രായം. ബന്ധുവിന്റെ വിവാഹമാണ്. അമ്മ പുതിയ പട്ടു സാരി വാങ്ങുന്നു. കല്യാണത്തിന് രാവിലെ ബന്ധു വീട്ടിൽ കൂടിയ സുഹൃത്തുക്കളെ ക്കണ്ട് അമ്മ ചോദിച്ചു “എങ്ങിനെയുണ്ടെടീ എന്റെ സാരി?” ഇത് കേട്ട് അതിലെ വന്ന ബന്ധു “സാരിയൊക്കെ കൊള്ളാം, പുത്രീ (അടുപ്പം ഉള്ളവർ അമ്മയെ അങ്ങിനെയാണ് വിളിച്ചിരുന്നത്) പക്ഷെ അത് നീ അടുത്തപ്പോൾ കോലിൽ പട്ടു ചുറ്റിയ പോലെ ഉണ്ട്.” അറിയുന്നവരും, അറിയാത്തവരും ആയി കേട്ട് നിന്നവർ ഒക്കെ ചിരിച്ചു; അമ്മ ഒഴിച്ച്. വീട്ടിൽ വന്നു സാരി അഴിച്ചിട്ട് അമ്മ ഏങ്ങി ക്കരഞ്ഞു. അമ്മ അന്ന് നന്നേ മെലിഞ്ഞിട്ടായിരുന്നു. പിന്നെ അമ്മ ഭംഗിയുള്ള സാരികൾ വാങ്ങിയത് അമ്മയുടെ നാല്പതുകളുടെ മധ്യത്തിൽ ആണ്. അപ്പോളേയ്ക്കും അമ്മയ്ക്ക് നന്നായി തടി വച്ചു. മുപ്പതുകൾ മുഴുവൻ അമ്മ മങ്ങിയ സാരികൾ ഉടുക്കുവാൻ കാരണം ആ ക്രൂരമായ തമാശയാണ്.

രംഗം മൂന്ന്: ചങ്ങനാശ്ശേരി NSS കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കറുകച്ചാലി ൽ നിന്ന് ചങ്ങനാശേരിക്ക് ബസിൽ ഒരിക്കൽ പരിചയത്തിൽ ഉള്ള അൽപം തടിയുള്ള പെൺകുട്ടി സീറ്റ് കിട്ടാതെ നിൽക്കുന്നു. കണ്ടക്ടർ കുട്ടിയുടെ അടുത്തു വന്ന് എല്ലാവരും കേൾക്കെ ഉച്ചത്തിൽ “ഇതിനൊക്ക ലഗേജ് ചാർജ്ജും കൂടി എഴുതണം”. ഞാൻ ഉൾപ്പെടെ കേട്ടവർ എല്ലാം ചിരിച്ചു. ആ പതിനാറു കാരിയുടെ കണ്ണുനീർ ബസ് ചങ്ങനാശ്ശേരിയിൽ ബസ് എത്തിയിട്ടും തീർന്നില്ല.

രംഗം നാല്: ആദ്യമായി പാന്റ് ഇടുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ്. അന്ന് നന്നായി മെലിഞ്ഞിട്ടായിരുന്നു. വഴിയിൽ കണ്ട പരിചയക്കാരൻ “അകത്തൊന്നും ഇല്ലല്ലോ? തുണിക്കഷ്ണം നടന്നു പോകുന്ന പോലെ ഉണ്ട്” മെലിഞ്ഞിരുന്നതിന്റെ പേരിൽ പലേടത്തു നിന്നും പരിഹാസങ്ങൾ കേട്ടിട്ടുണ്ട്.

എഴുതിയാൽ തീരില്ല, അത്രയ്ക്ക് കണ്ടിട്ടും, കേട്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട് പരിഹാസങ്ങൾ.

ഇത് കൂടാതെ ഇതേപ്പറ്റി അറിവില്ലാതിരുന്ന കാലങ്ങളിൽ മറ്റുള്ളവരെ പരിഹസിച്ചിട്ടും, പരിഹാസങ്ങൾ കേട്ട് ഉറക്കെ ചിരിച്ചിട്ടും ഉണ്ട്. അപ്പോളൊക്കെ മറ്റുള്ളവരുടെ മനസ്സിൽ ഈ കളിയാക്കലുകൾ ഉണ്ടാക്കുന്ന വിഷമങ്ങൾ, അതിന്റെ തീഷ്ണത ഇതൊന്നും ആലോചിച്ചിട്ടില്ല. സ്വയം കളിയാക്കപ്പെടുമ്പോൾ വിഷമിക്കും, മറ്റുള്ളവരെ കളിയാക്കുമ്പോൾ പൊട്ടിച്ചിരിക്കും. ഇതൊരു തെറ്റായ കാര്യമാണ് എന്ന് മനസ്സിലാക്കാൻ കാലങ്ങൾ പലത് എടുത്തു.

ഇംഗ്ലീഷിൽ ഇതിന് “ബോഡി ഷേമിങ്” എന്ന് പറയും. ഡിക്ഷ്ണറിയിൽ ഇതിനെ “The action or practice of humiliating someone by making mocking or critical comments about their body shape or size.” എന്നാണ് നിർവ്വചിച്ചിരിക്കുന്നത്.

ഒരു തരത്തിൽ, അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബോഡി ഷേമിങ്ങിന് ഇര ആയിട്ടുള്ളവരിയായിരിക്കും നമ്മൾ എല്ലാവരും.

നമ്മൾ പറയുന്ന ഓരോ വാക്കും, അത് അവരെ വേദനിപ്പിക്കില്ല എന്ന് ഉറപ്പാക്കി വേണം പറയാൻ. പ്രത്യേകിച്ചും മറ്റുള്ളവരുടെ ആകാരത്തെ കുറിച്ചോ, അവരുടെ ഭാഷ, നിറം ഇവയെക്കുറിച്ചൊന്നും കഴിവതും സംസാരിക്കാതെ ഇരിക്കുക എന്നതാണ് മിനിമം ഒരാൾക്ക് ചെയ്യാൻ പറ്റുന്നത്. ഇപ്പോൾ ഇറങ്ങിയ ‘തമാശ’ എന്ന മൂവി ‘ബോഡി ഷേമിങ്’ നെ ആധാരമാക്കി എന്നറിഞ്ഞപ്പോൾ, സമൂഹം ഇപ്പോളെങ്കിലും ഇത് ചർച്ചയാക്കിയല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി.

ആകാരത്തെ ഒക്കെ ആരെങ്കിലും കളിയാക്കിയാൽ “പോടാ പുല്ലേ” എന്ന സമീപനം ആണ് വേണ്ടത്. കാരണം കുഴപ്പം നമുക്കല്ല, സമൂഹത്തിനാണ് Marilyn Monroe പറഞ്ഞപോലെ “To all the girls that think you’re fat because you’re not a size zero, you’re the beautiful one; it’s society who’s ugly.”