സുരേഷ് സി പിള്ള

എൺപതുകളുടെ അവസാനമാണ്, കൃത്യമായി പറഞ്ഞാൽ 88-90. അന്ന് ചങ്ങനാശ്ശേരി NSS കോളേജിൽ പ്രീ-ഡിഗ്രിക്കു പഠിക്കുന്ന കാലം.

വ്യക്തി സൗഹൃദങ്ങൾ കലാലയ രാക്ഷ്ട്രീയത്തിലും ഒരു പിടി മുൻപിൽ നിർത്തിയിരുന്ന കാലം.

അന്നവിടെ കാര്യങ്ങൾ ഏറക്കുറെ നിയന്ത്രിച്ചിരുന്നത്, KABS എന്ന ചുരുക്കപ്പേരുള്ള നാലു ചങ്ങാതിമാരാണ്.

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

കണ്ണൻ, അബ്ബാസ് (വിനോദ് പണിക്കർ), ബാലശങ്കർ, ഷമീം. കൂടെ ഇവരുടെ കൂട്ടാളികൾ ആയ വേറെ കുറെ ആൾക്കാറുമുണ്ട്. പ്രശസ്ത സിനിമാ നടൻ കൃഷ്ണപ്രസാദ്‌ (കേന്ദ്ര ചലച്ചിത്ര അക്കാദമി മെമ്പർ) ഒക്കെ ഇവരുടെ ടീമിൽ ഉള്ള ആളുകൾ ആയിരുന്നു.

വിനോദ് SFI നേതാവും, കണ്ണനും, ബാലശങ്കറും എബിവിപി നേതാക്കളും, ഷമീം കെ എസ് യൂ നേതാവും എന്നാണ് ഓർമ്മ.

രാക്ഷ്ട്രീയം എന്താണെങ്കിലും ഇവരൊന്നിച്ചാണ് കാമ്പസിൽ നടക്കുക, ഏറക്കുറെ കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചിരുന്നതും ഇവരാണ്.

ഇലക്ഷൻ സമയം ഒഴികെ ഇവർ എപ്പോളും ഒരുമിച്ചു കാണും. കാമ്പസ്സിൽ സന്തോഷവും, സമാധാനവും നില നിന്നതിൽ ഈ വ്യക്തി ബന്ധങ്ങൾ ആണ് എന്ന് നിസ്സംശയം പറയാം.

ഇന്നത്തെ കാലത്ത് ആലോചിക്കാൻ പറ്റുന്ന കാര്യമാണോ?

ശക്തമായ ഒരു പ്രതിപക്ഷമാണ്, ഒരു ജനാധിപത്യ സംവിധാനത്തിലെ അടിത്തറ. ഇന്ത്യയിൽ നമ്മൾ ഇപ്പോൾ ഏറ്റവും ഭയക്കേണ്ടതും അതാണ്, പ്രതിപക്ഷം ഇല്ലാതായി കൊണ്ടിരിക്കുന്ന അവസ്ഥ.

ജനാധിപത്യത്തിന്റെ കാവലാളുകൾ ഭരണപക്ഷം അല്ല, പ്രതിപക്ഷമാണ് എന്ന് നമുക്ക് നിസ്സംശയം പറയാം. ഇനി പ്രതിപക്ഷം ഇല്ലെങ്കിലോ? ശത്രു നമ്മുടെ പാളയത്തിൽ തന്നെ ഉണ്ടാവും. ആ ശത്രു ആയിരിക്കും, കൂടുതൽ അപകടകാരി. അതാണ് ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അടുത്തു തന്നെയുള്ള എംജി കോളേജിലെയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

അമേരിക്കൻ എഴുത്തുകാരൻ Kilroy J. Oldster പറഞ്ഞപോലെ, “Without opposition, there could be no creation. All life would cease without resistance. Emotions also have their polar opposites: attraction – repulsion, love – hate, aggression – meekness, and mercy – callousness.”

സ്നേഹവും, സൗഹൃദവും ഉള്ള ഒരു കലാലയ ജീവിതം വേണമെങ്കിൽ അവിടെ നല്ലൊരു പ്രതിപക്ഷം ഉണ്ടാവണം. എല്ലാവര്ക്കും ഒരുമിച്ചു ഭരിക്കാവുന്ന ഒരു അന്തരീക്ഷം ഉണ്ടാവണം. കലാലയങ്ങളിൽ രാക്ഷ്ട്രീയത്തിനും അപ്പുറം സ്നേഹബന്ധങ്ങൾ, സൗഹൃദം ഇവ ആയിരിക്കണം മുൻപിൽ നിൽക്കേണ്ടത്. അതു കൊണ്ട് എന്റെ അഭിപ്രായത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ, ഉടൻ തന്നെ ഇപ്പോൾ ഉള്ള കോളേജ് ഭരണ കക്ഷി വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ഇടപെട്ട് അവിടെ മറ്റുള്ള എല്ലാ പ്രധാന വിദ്യാർത്ഥി സംഘടന കളുടെയും യൂണിറ്റ് ഉണ്ടാക്കുക എന്നതാണ് (എംജി കോളേജിലും ഇതു തന്നെ ചെയ്യാവുന്നതാണ്). അല്ലെങ്കിൽ പാളയത്തിലെ പട ആയിരിക്കും സംഘടനയെ നശിപ്പിക്കുക.

മുപ്പതു വർഷങ്ങൾക്കും അപ്പുറം ചങ്ങനാശ്ശേരി NSS ലെ കണ്ണനും, വിനോദും, ബാലശങ്കറും, ഷമീമും ഒക്കെ നയിച്ച പോലെ രാക്ഷ്ട്രീയത്തിനും അപ്പുറമുള്ള ഒരു സൗഹൃദ കൂട്ടായ്‌മ യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായാൽ, യൂണിവേഴ്സിറ്റി കോളേജിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ പറ്റുമെന്നാണ് എന്റെ അഭിപ്രായം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.