ഇതുവരെ കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്നവരോട്

454

എഴുതിയത് : സുരേഷ് സി പിള്ള

അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം. ഇനി അമ്മയുടെ വാക്കുകളിൽ

“കുട്ടികൾ ഒന്നും ആയില്ലേ എന്ന് ആൾക്കാർ ചോദിയ്ക്കാൻ തുടങ്ങി”.

“വേറൊന്നും ഇല്ലെങ്കിലും, ഒരു കുഞ്ഞിക്കാൽ മാത്രം കണ്ടാൽ മതി, എന്ന് വിചാരിച്ചിരുന്ന കാലം”

സുരേഷ് സി പിള്ള
സുരേഷ് സി പിള്ള

“കരയാത്ത ദിവസങ്ങൾ ഇല്ല, ഒരിക്കൽ എന്റെ കരച്ചിൽ കണ്ട്, ഓമന ചേച്ചി (അമ്മയുടെ ചേച്ചി) മൂന്നാമതും ഗർഭിണി ആയപ്പോൾ പറഞ്ഞു, ഇത് പുത്രിക്ക് (അമ്മയെ അങ്ങിനെയാണ് എല്ലാവരും വിളിച്ചിരുന്നത്) കൊടുത്താൽ മതിയായിരുന്നു .” അമ്മ തുടർന്നു………

“അന്നൊക്കെ നാട്ടു വിശേഷങ്ങൾ ഒക്കെ അറിയുന്നത് നടമേൽ കുളത്തിൽ (കറുകച്ചാൽ, ചമ്പക്കര) ഉള്ള കുളിയുടെ ഇടയിലുള്ള, സംസാരത്തിൽ നിന്നാണ്”
“അങ്ങിനെ ഇരിക്കുമ്പോൾ, ഒരു ദിവസം നടമേൽ കുളത്തിൽ, കുളിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു അമ്മൂമ്മയുടെ മകൾക്ക്, വിശേഷം ഉണ്ട് എന്ന് ആരോ പറഞ്ഞു”.

“ഞാൻ ഒരിക്കൽ ആ അമ്മൂമ്മയെ കുളിക്കടവിൽ കണ്ടപ്പോൾ പറഞ്ഞു”

“മോൾക്ക്‌ വിശേഷം ഉണ്ടെന്ന് കേട്ടല്ലോ. എത്ര ആയി മാസം?”

“അവർ, എടുത്തടിച്ചപോലെ, പറഞ്ഞു”

“പെണ്ണുങ്ങൾ ആയാൽ വിശേഷം ഒക്കെ ഉണ്ടാവും, നിന്നെ പോലെ മച്ചി (പ്രസവിക്കാത്ത സ്ത്രീ), ആണെന്നു വിചാരിച്ചോ?”

“ഭൂമി താന്നു പോണപോലെ, തോന്നി”. “അന്നു മുഴുവൻ ഞാൻ കരഞ്ഞു”

“അവർ നല്ല സ്ത്രീ ഒക്കെ തന്നെ, പക്ഷെ അന്നത്തെ കാലത്തെ ആൾക്കാർക്ക്, പ്രത്യേകിച്ചും പ്രായം അയ സ്ത്രീകൾക്ക് അങ്ങിനയേ സംസാരിക്കാൻ അറിയൂ”.

“ഗ്രാമീണ നിഷ്കളങ്കത, എന്നായിരിക്കും അമ്മ പറയുന്നേ” ഞാൻ കളിയാക്കി ചോദിച്ചു.

“അങ്ങിനെ സംസാരിക്കാനെ പലർക്കും അറിയൂ. ആരുടേയും കുഴപ്പം അല്ല”

“എടാ നിനക്കറിയാമോ, കുട്ടികൾ ഇല്ലാത്ത ദുഃഖം ആണ്, ലോകത്തെ ഏറ്റവും വലിയ ദുഃഖം”

“മനസ്സൊക്കെ, എപ്പോളും നീറിപ്പുകയുന്ന അവസ്ഥ”.
“ജീവിതത്തിൽ എന്തൊക്കെ ഉണ്ടായിട്ടും ഒരു പ്രയോജനവും ഇല്ല എന്ന് തോന്നുന്ന കാലം”

“അങ്ങിനെയിരിക്കുമ്പോൾ ആറാം വർഷം വിശേഷം ആയി”.

“രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ ശ്രീജയും ഉണ്ടായി”

‘അമ്മ ഈ കഥ പലപ്പോളും ചെറുപ്പത്തിൽ പറയുമായിരുന്നു.

“കുട്ടികൾ ഇല്ലാത്ത ദുഃഖം ആണ്, ലോകത്തെ ഏറ്റവും വലിയ ദുഃഖം” എന്നും.

അമ്മ അന്നത്തെ കരച്ചിൽ കാലങ്ങളെ ഓർത്തു ചെറുപ്പത്തിൽ ഞങ്ങളെ രണ്ടുപേരെയും ചേർത്തു പിടിച്ചു വീണ്ടും പൊട്ടിക്കരയുമായിരുന്നു.

ആവശ്യമില്ലാതെ ഗ്ലോറിഫൈ ചെയ്ത പദങ്ങളാണ് മാതൃ ദിനവും, മാതൃത്വവും.

അമ്മയാകാൻ (ചോയ്സ് കൊണ്ടോ, ശാരീരിക കാരണങ്ങൾ കൊണ്ടോ) പറ്റാത്തവർക്കും സന്തോഷായി ജീവിക്കാൻ സമൂഹത്തിൽ അവസരം ഉണ്ടാകണം.

അമ്മയാകാൻ പറ്റാത്തത് ഒരു കുറവേ അല്ല.

ചോദിക്കുന്നവരോട് തല ഉയർത്തി പറയണം “ഇതാണ് എന്റെ ചോയ്സ്” എന്ന്. ഇനിയിപ്പോൾ ആരോഗ്യ പ്രശ്ങ്ങൾ കൊണ്ട് ആണെങ്കിൽ പോലും അങ്ങിനെ പറയാം.

കുട്ടികൾ ഉണ്ടാകാത്തവർക്ക് അഡോപ്റ്റ് ചെയ്യാം, കേട്ടിട്ടില്ലേ Parenthood requires love, not DNA എന്ന്, സ്നേഹിക്കാനുള്ള കഴിവു മാത്രം മതി കുട്ടികളെ വളർത്താൻ.

ഇതേപോലെ Oprah Winfrey ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ട് “Biology is the least of what makes someone a mother.” അതായത് ‘രക്‌ത ബന്ധം എന്നത് മാതൃത്വത്തിൽ ഒട്ടും പ്രധാന്യം ഉള്ളതല്ല, സ്നേഹിക്കാൻ കഴിവുണ്ടോ, അതുമതി കുട്ടികളെ അഡോപ്റ്റ് ചെയ്തു വളർത്താൻ.

കുട്ടികൾ വേണ്ടെങ്കിൽ രണ്ടു പട്ടിക്കുട്ടികളെ വാങ്ങിയാൽ തീരുന്ന വിഷമമേ ഉള്ളൂ. അത്രയ്ക്ക് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യങ്ങൾ ആണ് ഇതൊക്ക.