വെടിപ്പായി ജോലി ചെയ്യുന്ന തൂപ്പുകാരനെ അല്ലേ ഉഴപ്പനായ അദ്ധ്യാപകനേക്കാളും ബഹുമാനിക്കേണ്ടത്?

285

എഴുതിയത് : സുരേഷ് സി പിള്ള

വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ, വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ് ‘കസ്റ്റമർ കെയർ’.

ഉപഭോക്താവാണ് ‘രാജാവ്’- എല്ലാത്തരത്തിലും.

വിദ്യാലയങ്ങളുടെ കാര്യത്തിൽ ആയാലും ഇങ്ങിനെ തന്നെ.

അദ്ധ്യാപകൻ എന്നാൽ ‘വേതനം പറ്റി തൊഴിൽ ചെയ്യുന്ന ജീവനക്കാരനും’ വിദ്യാർത്ഥി എന്നാൽ ‘ഉപഭോക്താവും’ എന്ന രീതിയിൽ ആണ് കാര്യങ്ങൾ.

മിക്കവാറും യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകരെ കുട്ടികൾ വിലയിരുത്തി കോഴ്സിന്റെ അവസാനം മാർക്കിടും.

തുടർച്ചയായി അദ്ധ്യാപകന്റെ റേറ്റിംഗ് കുറഞ്ഞാൽ ജോലി വരെ തെറിക്കും.

നല്ല ‘കസ്റ്റമർ സർവീസ്’ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ലഭിച്ചില്ലെങ്കിൽ കുട്ടികൾ പരാതി കൊടുക്കും. അദ്ധ്യാപകനെതിരെ നടപടി ഉറപ്പ്.

വിദേശ സർവ്വകലാ ശാലകൾ ഒക്കെ നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കാനുള്ള ഒരു കാരണം ഇതാണ്.

ഈയൊരു കാഴ്ചപ്പാടിൽ നോക്കിയാൽ നമ്മുടെ ഇപ്പോളുള്ള കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗവും ഇതേ രീതിയിൽ മികവുറ്റതാകും.

ഗുരുകുല വിദ്യാഭ്യാസത്തിന്റെ ആലസ്യത്തിൽ ജീവിക്കുന്ന ചെറിയ ഒരു ശതമാനം അധ്യാപകർ ഇപ്പോളും ഉണ്ട്. വിദ്യ ‘ഭിക്ഷ’ ആയി കൊടുക്കുന്നത് എന്നാണ് ഇവരിൽ പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്.

അദ്ധ്യാപനത്തിൽ പൂർണ്ണമായും ആത്മാര്‍പ്പണം നടത്തുന്നവർ ധാരാളം ഉണ്ട് താനും. ചില ഉഴപ്പൻമാരായ അദ്ധ്യാപകരേക്കാൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന തൂപ്പുകാരെ കണ്ടിട്ടില്ലേ?

രണ്ടുപേരും വേതനം പറ്റി അവരവരുടെ ജോലി ചെയ്യുന്നു.

തൂപ്പുകാരനാണ്, അദ്ധ്യാപകനേക്കാൾ നന്നായി അയാളുടെ ജോലി കൃത്യമായി ചെയ്യുന്നതെങ്കിൽ, അവരെയാണ് അദ്ധ്യാപകനെക്കാളും ബഹുമാനിക്കേണ്ടത്. തിരിച്ചെങ്കിൽ അങ്ങിനെയും.

പറഞ്ഞു വന്നത് ചെയ്യുന്ന ജോലി എന്തയാലും അത് പൂർണ്ണമായും ആത്മാർത്ഥതയോടെ ചെയ്യണം. അതിപ്പം അദ്ധ്യാപകൻ ആയാലും, വക്കീൽ ആയാലും തൂപ്പുകാരൻ ആയാലും.

മാർട്ടിൻ ലൂഥർ കിംഗ് ഒരിക്കൽ പറഞ്ഞത് “നിങ്ങളുടെ നിയോഗം ഒരു തൂപ്പുകാരൻ ആകുകയാണെങ്കിൽ, തൂപ്പ് എന്ന ജോലി മൈക്കൽ ആഞ്ചലോ ചിത്രം വരയ്ക്കുന്ന പോലെ, അല്ലെങ്കിൽ ബീഥോവൻ പാട്ടുകൾ സ്വരവിന്യാസം ചെയ്യുന്ന പോലെ, അല്ലെങ്കിൽ ഷേക്ക്സ്പിയർ കവിത എഴുതുന്ന അതേ ആത്മ സമർപ്പണത്തിൽ ആവണം ചെയ്യേണ്ടത്. നിങ്ങൾ ഇങ്ങനെ ചെയ്താൽ, ലോകം മുഴുവൻ നിങ്ങളെപ്പറ്റി പറയാൻ പോകുന്നത് ഇങ്ങനെ ആയിരിക്കും: ഒരിക്കൽ ഇവിടെ ഈ തെരുവീഥികളിൽ ഒരു തൂപ്പുകാരൻ ഉണ്ടായിരുന്നു, അദ്ദേഹം അങ്ങേയറ്റം വെടിപ്പായി തൻ്റെ ജോലി ചെയ്തിരുന്നു.എന്നായിരിക്കും”

ഇനി തൂപ്പുകാരന്റെ സ്ഥാനത്ത് ‘അദ്ധ്യാപകൻ’ എന്നോ എൻജിനീയർ എന്നോ, ഓട്ടോ റിക്ഷാ ഡ്രൈവർ എന്നോ, ശാസ്ത്രജ്ഞൻ എന്നോ ഡോക്ടർ എന്നോ എന്തും ആയിക്കൊള്ളട്ടെ, ചെയ്യുന്ന ജോലി വെടിപ്പായി ചെയ്യുക. എല്ലാ ജോലിക്കും മാന്യത ഉണ്ട്.

ഒരു ജോലിയും ഒന്നിന്റെ മുകളിൽ അല്ല.

വെടിപ്പായി ജോലി ചെയ്യുന്ന തൂപ്പുകാരനെ അല്ലേ ഉഴപ്പനായ അദ്ധ്യാപകനേക്കാളും ബഹുമാനിക്കേണ്ടത്?

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതും കൂടി പറഞ്ഞു നിർത്താം ““I speak to everyone in the same way, whether he is the garbage man or the president of the university.”
എഴുതിയത് സുരേഷ് സി. പിള്ള